Theeb



ഒരു യാത്രയുടെ അന്ത്യം

 ടി. സുരേഷ് ബാബു

2015 ലെ മികച്ച ലോകസിനിമകളിലൊന്നായ ' തീബ് 'ജോര്‍ദാന്‍ സിനിമയുടെ വളര്‍ച്ചയുടെ സൂചനയാണ്.

2016 ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന്പ രിഗണിക്കാനായി തയാറാക്കിയ അന്തിമപ്പട്ടികയിലെ അഞ്ചു സിനിമകളിലൊന്നാണ് ' തീബ് '

2003 വരെ വിദേശ സംവിധായകരുടെടെ പ്രിയ ലൊക്കേഷനായിരുന്നു ജോര്‍ദാന്‍.മനോഹരമായ ഭൂപ്രകൃതിയായിരുന്നു പ്രധാന കാരണം. ലോറന്‍സ് ഓഫ് അറേബ്യ , ദ ഹാര്‍ട്ട് ലോക്കര്‍ , ഇന്ത്യാനാ ജോണ്‍സ് , റെഡ് പ്ലാനറ്റ് , പാഷന്‍ ഇന്‍ ദ ഡെസര്‍ട്ട് , പ്രോമിത്യൂസ്, മെയ് ഇന്‍ ദ സമ്മര്‍ , ദ ലാസ്റ്റ് ഡെയ്‌സ് ഓണ്‍ മാര്‍സ് തുടങ്ങിയവയാണ് ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകള്‍. ചിത്രീകരണച്ചെലവും പൊതുവെ കുറവായിരുന്നു. ഇവിടത്തെ മരുഭൂമിയും മലയിടുക്കുകളും കടല്‍ത്തീരവുമാണ് വിദേശികളെ ആകര്‍ഷിച്ചത്. ജോര്‍ദാന്‍ സിനിമ ഈ ഘട്ടത്തില്‍ ശൈശവദശയിലായിരുന്നു. 2003 ല്‍ റോയല്‍ ഫിലിം കമ്മീഷന്റെ രൂപവത്കരണത്തോടെ ജോര്‍ദാന്‍ സിനിമ സജീവമാകാന്‍ തുടങ്ങി. ജോര്‍ദാന്‍കാരെ ഫിലിം കമ്മീഷന്‍ സിനിമാനിര്‍മാണം പരിശീലിപ്പിക്കാന്‍ തുടങ്ങി.


2007 ല്‍ പത്തു സിനിമകളാണ് ജോര്‍ദാനില്‍ ചിത്രീകരിച്ചത്. അവയില്‍ മൂന്നെണ്ണം സ്വദേശിയായിരുന്നു. ജോര്‍ദാന്‍ ചിത്രങ്ങളില്‍ മികച്ചുനിന്നത് ' ക്യാപ്റ്റന്‍ അബു റയീദാ ' ണ്. സംവിധാനം അമില്‍ മദല്‍ഖ. പെന്‍ഷന്‍ പ്രായമെത്തിയ ഒരു വിമാനത്താവളത്തൊഴിലാളിയും അയാളെ വൈമാനികനായി തെറ്റിദ്ധരിച്ച് ആരാധിക്കുന്ന കുറെ കുട്ടികളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ക്യാപ്റ്റന്‍ അബു റയീദ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2008 ല്‍ ഈ ചിത്രം മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡിനയച്ചു. നോമിനേഷന്‍ ലഭിച്ചില്ലെങ്കിലും ഓസ്‌കര്‍ അവാര്‍ഡിന് അയക്കുന്ന ആദ്യത്തെ ജോര്‍ദാന്‍ സിനിമ എന്ന പദവി ക്യാപ്റ്റന്‍ അബു റയീദ് സ്വന്തമാക്കി. 2016 ആയപ്പോഴേക്കും കഥ മാറി. മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന്റെ അവസാനപ്പട്ടികയില്‍ ഒരു ജോര്‍ദാന്‍ സിനിമയെത്തി. ബ്രിട്ടീഷ് , ജോര്‍ദാനിയന്‍ സംവിധായകനായ നജി അബു നൊവാര്‍ എന്ന മുപ്പത്തിയഞ്ചുകാരന്‍ സംവിധാനം ചെയ്ത ' തീബ് ' എന്ന സിനിമയാണ് ഈ ബഹുമതി നേടിയെടുത്തത്. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ( സണ്‍ ഓഫ് ഷോള്‍ എന്ന ഹംഗേറിയന്‍ സിനിമക്കാണ് അവാര്‍ഡ് കിട്ടിയത് ) അവസാനത്തെ മികച്ച അഞ്ചു ചിത്രങ്ങളുടെ പട്ടികയില്‍ ' തീബ് ' ഉള്‍പ്പെട്ടു. വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ' തീബി ' ലൂടെ നജി അബു നൊവാര്‍ നേടി. ബെല്‍ഗ്രേഡ് മേളയില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡും കിട്ടി. ലണ്ടന്‍, കെയ്‌റോ , അബുദാബി മേളകളിലും ഈ സിനിമ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 


തീര്‍ഥാടക സഹായികളുടെ കഥ

ഒന്നാം ലോകയുദ്ധകാലത്ത് ഓട്ടോമാന്‍ സാമ്രാജ്യത്തിനെതിരെ നടന്ന അറബ് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീബി ന്റെ കഥ രൂപപ്പെടുത്തിയത്. ( 1916 ജൂണില്‍ ആരംഭിച്ച കലാപം 1918 ഒക്ടോബറില്‍ അറബ് ജനതയുടെ വിജയത്തില്‍ പര്യവസാനിച്ചു ) . ' ചന്ദ്രന്റെ താഴ്‌വര ' എന്നര്‍ഥം വരുന്ന വാദി റം മരുഭൂമിയിലാണ് സിനിമയിലെ സംഭവങ്ങള്‍ മുഴുവന്‍ നടക്കുന്നത്. തെക്കന്‍ ജോര്‍ദാനിലാണ് വാദി റം. 720 കി. മീ. ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന വാദി റം മരുഭൂമി യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മരൂഭൂമിയിലൂടെ തീര്‍ഥാടകരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ബദൂയിന്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ടവരുടെ സാഹസികമായ ജീവിതകഥയാണ് തീബ് . മരുഭൂമിയിലെ സംഘര്‍ഷം നിറഞ്ഞ ജീവിതവും ഏതു നിമിഷവും കടന്നുവരാവുന്ന മരണവും നമുക്കീ സിനിമയില്‍ കാണാം. അനിശ്ചിതത്വം നിറഞ്ഞ ജീവിതമാണ് ഓരോരുത്തരുടേതും. ദിവസങ്ങളോളം ഒട്ടകപ്പുറത്ത് സഹായിയായി സഞ്ചരിച്ചാണ് ബദൂയിനുകള്‍ തീര്‍ഥാടകരെ മക്കയിലും മദീനയിലും എത്തിച്ചിരുന്നത്. മരുഭൂമിയില്‍ റെയില്‍പ്പാത വന്നതോടെ പുണ്യഭൂമിയിലേക്കുള്ള യാത്രാദിനങ്ങള്‍ ഗണ്യമായി കുറഞ്ഞു. ഒട്ടകപ്പുറത്ത് ഒരു മാസമെടുത്തിരുന്ന യാത്രക്ക് തീവണ്ടിയില്‍ ഒരാഴ്ചയേ വേണ്ടിവരുന്നുള്ളു. അതോടെ, തീര്‍ഥാടകസഹായികളുടെ അന്നം മുട്ടി. ഓട്ടോമാന്‍ പടയാളികള്‍ക്ക് കലാപസ്ഥലങ്ങളില്‍ പെട്ടെന്ന് ചെന്നെത്തിപ്പെടാനാണ് പ്രധാനമായും അന്ന് റെയില്‍പ്പാത നിര്‍മിച്ചത്. അറബ് കലാപദിനങ്ങള്‍ സിനിമയുടെ ഇതിവൃത്തത്തിലേക്ക് ഇടയ്ക്ക് കടന്നുവരുന്നുണ്ട്. എങ്കിലും , അത് ചില സൂചനകളില്‍ ഒതുങ്ങുന്നതേയുള്ളു. ദുരയ്ക്കും പകയ്ക്കും സാക്ഷിയാകേണ്ടിവന്ന തീബ് എന്ന നിഷ്‌കളങ്കനായ ബദൂയിന്‍ ബാലന്റെ ഒറ്റപ്പെടലും അതിജീവനവുമാണ് തീബ് പ്രധാനമായും വിഷയമാക്കുന്നത്. ആട്ടിന്‍കുട്ടിയെപ്പോലെ ശാന്തനായിരുന്ന തീബ് ശൗര്യമുള്ള ചെന്നായയായി വളരുന്നത് വിശ്വസനീയമായി അവതരിപ്പിക്കുന്നു ഈ സിനിമ.

ബദൂയിനുകളായ ഹുസൈന്‍ , തീബ് എന്നീ സഹോദരന്മാരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍. തീര്‍ഥാടകരുടെ സഹായി എന്ന നിലയില്‍ പേരും പെരുമയുമുണ്ടായിരുന്ന ഷെയ്ഖ് അബു മെഹമൂദിന്റെ മക്കളാണിവര്‍. ഷെയ്ഖ് മരിച്ചുപോയി. ഹുസൈനാണിപ്പോള്‍ തീര്‍ഥാടകസഹായിയായി പോകുന്നത്. അനുജന്‍ തീബിനെ ഹുസൈന്‍ കൂടെ കൂട്ടാറില്ല. റെയില്‍വേലൈന്‍ വന്നതും കൊള്ളക്കാരുടെ ശല്യവും കാരണം ഇപ്പോള്‍ ഒട്ടകപ്പുറത്ത് പോകുന്ന തീര്‍ഥാടകര്‍ നന്നേ കുറഞ്ഞു. അതിനിടയ്ക്കാണ് ഒരു ദിവസം ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനുമൊത്ത് ഹുസൈന്റെ മൂത്ത സഹോദരന്‍ എത്തുന്നത്. ഇംഗ്ലീഷുകാരന് റെയില്‍പ്പാതയ്ക്കു സമീപമുള്ള റോമന്‍ കിണറിനടുത്തേക്ക് പോകണം. കൂടെ വന്ന മര്‍ജ എന്ന അറബിയും ഇംഗ്ലീഷുകാരനും ഹുസൈനോടൊപ്പം കിണര്‍ തേടി യാത്ര തിരിക്കുന്നു. മരുഭൂമിയിലെ കൊള്ളക്കാരെ ഭയന്ന് തോക്കുകളുമായാണ് മൂവരുടെയും യാത്ര. തന്നെ വിളിക്കാതെ സഹോദരന്‍ പോയതില്‍ തീബിനു സങ്കടമായി. സഹോദരന്‍ കാണാതെ അവന്‍ കഴുതപ്പുറത്ത് സംഘത്തെ പിന്തുടരുന്നു. ഒട്ടകങ്ങളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് തീബും അവര്‍ക്കൊപ്പമെത്തി. ' കിണര്‍ കണ്ടിട്ട് സായിപ്പിനെന്തു കാര്യം ' എന്ന് തീബ് സംശയിക്കുന്നു. അതൊന്നും ഹുസൈന് അറിഞ്ഞുകൂടാ. സായിപ്പിനെ ലക്ഷ്യത്തിലെത്തിച്ച് മടങ്ങും. അത്രമാത്രം. അയാളുടെ മരപ്പെട്ടിയില്‍ എന്തോ രഹസ്യമുണ്ട് എന്ന് അവര്‍ സംശയിക്കുന്നു. അതില്‍ തൊട്ടപ്പോഴൊക്കെ സായിപ്പ് തീബിനെ ശകാരിക്കുന്നു. പെട്ടിയില്‍ സ്വര്‍ണമായിരിക്കാം എന്നാണ് ഹുസൈന്‍ അനുമാനിക്കുന്നത്. കിണറിനടുത്തെത്തിയ സായിപ്പ് മേല്‍പ്പലക മാറ്റി വെള്ളം കോരി മുഖം കഴുകാനൊരുങ്ങുമ്പോഴാണ് അതില്‍ രക്തം കലര്‍ന്നതായി അറിയുന്നത്. കിണറ്റില്‍ ഒരു മനുഷ്യന്റെ മൃതദേഹം. തങ്ങള്‍ ആരുടെയോ നിരീക്ഷണത്തിലാണെന്ന് സംഘത്തിന് മനസ്സിലാവുന്നു. വീണ്ടും മറ്റൊരു കിണറിനടുത്തെത്തുമ്പോഴാണ് കഥയില്‍ ആദ്യത്തെ വഴിത്തിരിവുണ്ടാകുന്നത്. ദാഹാര്‍ത്തിയില്‍ വെള്ളം കുടിക്കവെ എവിടെനിന്നോ ചീറിവന്ന വെടിയുണ്ടകള്‍ സായിപ്പിന്റെയും മര്‍ജിയുടെയും ജീവനെടുക്കുന്നു. പിന്നെ അതിജീവനത്തിനുള്ള ശ്രമത്തിലായി ഹുസൈനും തീബും. പ്രതിസന്ധിഘട്ടത്തില്‍ ഹുസൈന് കരുത്തു പകരുന്നത് ' ശക്തന്‍ ദുര്‍ബലനെ തിന്നും ' എന്ന പിതാവിന്റെ വാക്കുകളാണ്. നമ്മള്‍ ശത്രുക്കളേക്കാള്‍ ശക്തരാണെന്ന് അയാള്‍ തീബിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. തീബിനാകട്ടെ മരൂഭൂമിയിലെ നീണ്ടയാത്ര പുതുമയുള്ള അനുഭവമാണ്. വരുംവരായ്കകളെക്കുറിച്ച് അവന്‍ തികച്ചും അജ്ഞനാണ്. അതുകൊണ്ട്, അവനു തീരെ ഭയമില്ല. അതിവിദഗ്ദമായി തോക്ക് കൈകാര്യം ചെയ്യുന്ന സഹോദരന്റെ സാമീപ്യം അവനൊരു രക്ഷാകവചമാണ്. പക്ഷേ, ആ പ്രതീക്ഷയും അസ്തമിക്കുന്നു. ഇരുട്ടില്‍ നിന്ന് പാഞ്ഞുവന്ന വെടിയുണ്ട ഹുസൈന്റെ ജീവനെടുത്തു. തീബ് അബദ്ധത്തില്‍ കിണറ്റിലും വീണു. എങ്കിലും, പൊരുതിനിന്ന് തീബ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇപ്പോള്‍ അവന്‍ ഒറ്റക്കാണ്. സഹായത്തിന് ഒട്ടകമില്ല. രക്ഷക്ക് തോക്കില്ല. ഭക്ഷണവുമില്ല. ഹതാശനായ അവനടുത്തേക്ക് ദൂരെനിന്ന് ഒരു ഒട്ടകം നടന്നടുക്കുന്നു. കൊള്ളക്കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ പരിക്കേറ്റ് ഒട്ടകപ്പുറത്ത് കിടപ്പുണ്ട്. അയാള്‍ക്ക് തുടയില്‍ വെടിയേറ്റിട്ടുണ്ട്. വെടിയുണ്ട പുറത്തെടുക്കാതെ ഒരടി നടക്കാനാവില്ല. ജീവന്‍ നിലനിര്‍ത്താന്‍ അയാള്‍ക്ക് തീബിന്റെ സഹായം വേണം. തീബിനും അയാളെ ആവശ്യമുണ്ട്. ദിക്കറിയാതെ ഉഴലുന്ന മരുഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ അയാളുടെ കൂടെ നില്‍ക്കണം. രക്ഷകനായി അവതരിച്ച അയാളുടെ തനിരൂപം തീബിനെ ഞെട്ടിച്ചു. തന്റെ സഹോദരനെ കൊന്നവന്റെ സഹായമാണ് താന്‍ അനുഭവിക്കുന്നതെന്ന് അവനു ബോധ്യമായി. ഒരു നിര്‍ണായക ഘട്ടത്തില്‍ അവന്‍ പ്രതികാരം നിര്‍വഹിച്ച് ഏകനായി ഒട്ടകപ്പുറത്ത് മടങ്ങുന്നു.

മരുഭൂമിയിലെ ജീവിതം

നമുക്ക് പരിചിതമല്ലാത്ത മരുഭൂമിയിലെ മനുഷ്യരെയാണ് ഈ സിനിമ പരിചയപ്പെടുത്തുന്നത്. അവരുടെ ലളിത ജീവിതം , ആതിഥ്യ മര്യാദ , ഏത് ആപത്തിലും പിന്തുണച്ച് കൂടെ നില്‍ക്കാനുള്ള ത്യാഗസന്നദ്ധത , പ്രതിസന്ധികളെ നേരിടുന്ന രീതി എന്നിവ നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നു. ആകാംക്ഷ നിറഞ്ഞ സന്ദര്‍ഭങ്ങളിലൂടെ ഒരു ത്രില്ലറിന്റെ മാതൃകയിലാണ് ഇതിവൃത്തം സഞ്ചരിക്കുന്നത്. തുടക്കം തൊട്ടേ നമ്മള്‍ മരൂഭൂമിയുടെ അദ്ഭുത ലോകത്തിലാണ്. ഹുസൈനും തീബും കൂട്ടരും യാത്ര തുടരുമ്പോള്‍ മരൂഭൂമിയുടെ ഓരോ മുഖമാണ് നമ്മുടെ മുന്നില്‍ അനാവൃതമാകുന്നത്. ' ചെങ്കടലില്‍ നീന്തുന്നവന്‍ ഒരിക്കലും അതിന്റെ യഥാര്‍ഥ ആഴം അറിയുന്നില്ല ' എന്ന് എഴുതിക്കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. മരൂഭൂമിയിലെ ജീവിതത്തിലേക്കുള്ള സൂചനകൂടിയുണ്ട് ഈ വാക്കുകളില്‍. നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന മരുഭൂമിയില്‍ പ്രകൃതിയും മനുഷ്യരും ഒരുക്കുന്ന പ്രതിസന്ധികള്‍ ആര്‍ക്കാണ് ഭാവന ചെയ്യാന്‍ കഴിയുക ? തീര്‍ഥാടനത്തിനല്ല ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ വന്നതെന്ന് ഹുസൈനറിയാം. അയാള്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ട്. തീര്‍ഥാടകരെ കിട്ടാതെ വിഷമിച്ചിരിക്കുന്ന അവസരത്തില്‍ ആരു വന്നാലും കൂടെപ്പോകാന്‍ ഹുസൈന്‍ തയാറാണ്. തന്നോട് കലഹിച്ച് ഇംഗ്ലീഷുകാരന്‍ പിരിഞ്ഞുപോകുമ്പോഴും അയാളെ മരുഭൂമിയിലെ കഠിനജീവിതത്തിന് വിട്ടുകൊടുക്കാന്‍ ഹുസൈന് കഴിയുന്നില്ല. വഴികാട്ടിയില്ലാതെ സഞ്ചരിച്ചാല്‍ ഇംഗ്ലീഷുകാരനും മര്‍ജി എന്ന അറബിയും വെള്ളം കിട്ടാതെ തൊണ്ട പൊട്ടി ചാകുമെന്നു ഹുസൈനറിയാം. അവരെ ഉപേക്ഷിക്കാന്‍ അയാളുടെ സംസ്‌കാരം അനുവദിക്കുന്നില്ല. നേരും നെറിയുമുള്ളതാണ് തങ്ങളുടെ കുലത്തൊഴില്‍ എന്ന് ഹുസൈന്‍ സായിപ്പിനെ ബോധ്യപ്പെടുത്തുന്നു. അറബ് കലാപകാരികളുമായി സായിപ്പിന് ബന്ധമുണ്ടെന്ന രഹസ്യം അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. റെയില്‍വേലൈന്‍ തകര്‍ക്കാനുള്ള സ്‌ഫോടകവസ്തുക്കളുമായാണ് അയാളുടെ യാത്ര. പക്ഷേ, കലാപകാരികളുമായി ബന്ധപ്പെടുംമുമ്പേ അയാളുടെ യാത്രക്ക് തിരശ്ശീല വീഴുന്നു.

ഓട്ടോമാന്‍ സാമ്രാജ്യവുമായുള്ള പോരാട്ടം ബദൂയിനുകളുടെ ജീവിതം മാറ്റിമറിച്ചതെങ്ങനെയെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. അവശനായി ഒട്ടകപ്പുറത്ത് കിടക്കുന്ന കൊള്ളക്കാരന് മറ്റൊരു മുഖമുണ്ട്. അയാളും ഹുസൈനെപ്പോലെ തീര്‍ഥാടക സഹായിയായിരുന്നു. അയാളുടെ പിതാമഹന്മാരും ഇതേ പുണ്യപ്രവൃത്തിയാണ് ചെയ്തിരുന്നത്. റെയില്‍വേ ലൈനിനെ തങ്ങളുടെ തൊഴിലിന്റെ അന്തകനായാണ് അയാള്‍ വിശേഷിപ്പിക്കുന്നത്. തീവണ്ടി എന്ന ' ഇരുമ്പ് കഴുത ' യുടെ വരവോടെ അയാള്‍ക്ക് പണിയില്ലാതായി. തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് നയിച്ചിരുന്ന അയാള്‍ ഇപ്പോള്‍ യാത്രികരെ കൊള്ളയടിക്കുന്നു. എന്നിട്ട് , കവര്‍ച്ചവസ്തുക്കള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്നു. ഹതാശനായ അയാള്‍ ഒരു ഘട്ടത്തില്‍ താത്വികനെപ്പോലെ സംസാരിക്കുന്നുണ്ട്. തന്റെ യാത്രയില്‍ എല്ലാ തരക്കാരെയും കണ്ടിട്ടുണ്ടെന്ന് അയാള്‍ തീബിനോട് പറയുന്നു. ജ്ഞാനികള്‍ മുതല്‍ കച്ചവടക്കാരെ വരെ താന്‍ പുണ്യകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. എല്ലായിടത്തും സഞ്ചരിച്ചു. ജറുസലേമും അല്‍ ഷാമും കണ്ടു. ബാഗ്ദാദ് മുതല്‍ അല്‍ മദീന അല്‍ മുനവറ വരെ കണ്ടു. രണ്ടു കടലുകള്‍ , ചെങ്കടലും പലസ്തീന്‍ കടലും , കണ്ടു. ഇപ്പോള്‍ , നന്മയില്‍ നിന്ന് തിന്മയിലേക്കാണ് തന്റെ യാത്രയെന്ന് അയാള്‍ വിലപിക്കുന്നു. ഇതുവരെ കടല്‍ കാണാത്ത തീബ് അദ്ഭുതത്തോടെയാണ് അയാളുടെ വാക്കുകള്‍ കേള്‍ക്കുന്നത്.

ചെന്നായയായി മാറിയ ആട്ടിന്‍കുട്ടി

തീബ് എന്ന ബാലന്റെ കഠിനയാത്രയാണ് ഈ സിനിമ. അനുഭവങ്ങളില്‍ നിന്ന് അവന്‍ പുതുരൂപം കൈക്കൊള്ളുന്നു. ശാന്തനായ ഒരാട്ടിന്‍കുട്ടിയില്‍ നിന്ന് അവന്‍ തന്റെ പേര് അന്വര്‍ഥമാക്കി ( തീബിന് ചെന്നായ എന്നാണര്‍ഥം ) ചെന്നായയുടെ ശൗര്യം കൈവരിക്കുന്നു. തന്റെ വഴികാട്ടിയായ സഹോദരനെ കൊന്ന കൊള്ളക്കാരനോട് പ്രതികാരം ചെയ്താണ് അവന്‍ മടങ്ങുന്നത്.

ജ്യേഷ്ഠന്‍ ഹുസൈന്റെ ലാളനയേറ്റ് വളരുന്ന തീബിനെയാണ് തുടക്കത്തില്‍ ചിത്രം കാണിച്ചുതരുന്നത്. മരുഭൂമിയുടെ കാഠിന്യം നേരിടാന്‍ ഹുസൈന്‍ അവനെ ഒരുക്കിയെടുക്കുകയാണ്. ഉന്നം തെറ്റാതെ വെടിവെക്കാനും ആടിനെ കൊല്ലാനും ഒട്ടകത്തെ പരിപാലിക്കാനും നിയന്ത്രിക്കാനും അവനെ പരിശീലിപ്പിക്കുന്നു. പേടിയില്‍ നിന്ന് അവനെ മോചിപ്പിക്കുകയായിരുന്നു ആ സഹോദരന്‍. ' ശക്തവാനേ അതിജീവിക്കൂ ' എന്ന മന്ത്രം അവന് ഓതിക്കൊടുക്കുന്നു അയാള്‍. ഓരോ പ്രതിസന്ധിയും മറികടക്കാന്‍ തീബിന് സഹായകമാകുന്നത് ജ്യേഷ്ഠന്റെ ഓര്‍മയും വാക്കുകളുമാണ്. മരുഭൂമിയുടെ കാണാരഹസ്യങ്ങളിലേക്ക് കടന്നുചെല്ലുന്ന തീബ് അനുഭവസമ്പന്നനായി , ആത്മവിശ്വാസത്തോടെയാണ് തിരിച്ചുവരുന്നത്.

ഭൗതിക പുരോഗതിയെ തടഞ്ഞുനിര്‍ത്താന്‍ മനുഷ്യനാവില്ല എന്നു സൂചിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ജ്യേഷ്ഠന്റെ കൊലയാളിയെ വകവരുത്തി തീബ് ഒട്ടകപ്പുറത്ത് മടങ്ങുമ്പോള്‍ അകലെക്കൂടി ഇരച്ചുനീങ്ങുന്ന തീവണ്ടിയെ കാണാം. ഒട്ടകത്തില്‍ നിന്ന് തീവണ്ടിയിലേക്കുള്ള പ്രയാണം ആര്‍ക്കു തടയാനാവും എന്ന നിശ്ശബ്ദ ചോദ്യമാണ് സംവിധായകന്‍ ഇവിടെ ഉയര്‍ത്തുന്നത്. അവസാനദൃശ്യങ്ങളിലൊന്നില്‍ ഒട്ടകം തീവണ്ടിപ്പാളം മുറിച്ചുകടക്കുന്നുണ്ട്. ഇവിടെ ഒരു ക്ലോസപ്പ് ഷോട്ടാണ് നമ്മള്‍ കാണുന്നത്. തീവണ്ടിപ്പാളവും ഒട്ടകത്തിന്റെ കാലുകളും മാത്രം.


(മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്)



Image courtesy:





Post a Comment

1 Comments