Paan Singh Tomar




2013 ല്‍ ഇര്‍ഫാന്‍ ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഹിന്ദി സിനിമയാണ് 'പാന്‍സിങ് തോമര്‍'.

അക്കൊല്ലം മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡും ഈ ബയോപിക്കിനായിരുന്നു.

പാന്‍സിങ്ങിന്റെ രൂപാന്തരം
- ടി. സുരേഷ് ബാബു

ചമ്പല്‍ താഴ്‌വരയിലെ ഓരോ കൊള്ളക്കാരനും സാമൂഹിക അനീതിയുടെ കയ്പ്പുള്ള ജീവിത പശ്ചാത്തലമുണ്ട്. ആരും സ്വമേധയാ കൊള്ളക്കൂട്ടത്തില്‍ ചെന്നുചേരുന്നതല്ല. അവിടേക്ക് എത്തിപ്പെടുകയാണ്. ദുരനുഭവങ്ങളുടെ ചൂടില്‍ ആദ്യം അവര്‍ നിയമനിഷേധികളാവുന്നു. പ്രതികാരദാഹികളാവുന്നു. പിന്നെ, നിലനില്‍പ്പിനായി സംഘം ചേര്‍ന്ന് കൊള്ളയിലേക്കും കൊലയിലേക്കും നീങ്ങുന്നു. താഴെത്തട്ടിലുള്ളവര്‍ക്ക് നീതി നിഷേധിക്കുന്നതിന്റെ ക്രൂരമായ സാഹചര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി സമൂഹത്തെ ചോദ്യം ചെയ്യുന്നു എന്നതാണ് ' പാന്‍സിങ് തോമര്‍ ' എന്ന ഹിന്ദി സിനിമയുടെ സവിശേഷത. കൊള്ളക്കൂട്ടങ്ങളുടെ കഥ പറഞ്ഞ ' ഷോലെ ' പോലുള്ള മുന്‍ മാതൃകകളെ ഇതിവൃത്ത പരിചരണത്തിലും ആഖ്യാന രീതിയിലും പാടെ നിരാകരിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
സൈന്യത്തില്‍ സുബേദാറായിരുന്ന ഒരു കായികതാരം ചമ്പല്‍ താഴ്‌വരയിലെ പേടിസ്വപ്‌നമായിത്തീര്‍ന്ന യഥാര്‍ഥ സംഭവമാണ് പാന്‍സിങ് തോമര്‍ എന്ന സിനിമക്കാധാരം. ദരിദ്ര കര്‍ഷകനില്‍ നിന്ന്, കുറഞ്ഞ റാങ്കിലുള്ള സൈനികനില്‍ നിന്ന്, വേഗങ്ങളെ കീഴടക്കിയ കായികതാരത്തില്‍ നിന്ന് നിഷേധിയും നിയമലംഘകനുമായി മാറിയ ആളായിരുന്നു പാന്‍സിങ് തോമര്‍ . ചമ്പല്‍ നദിക്കരയിലെ തോമര്‍ രജപുത്ര കുടുംബത്തില്‍ പിറന്നവന്‍. 1950-60 കളില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഏഴുവര്‍ഷം തുടര്‍ച്ചയായി ദേശീയ ചാമ്പ്യനായിരുന്നു പാന്‍ സിങ്. 28 തടസ്സങ്ങളും ഏഴു വെള്ളക്കുഴികളും മറികടന്നുവേണം സ്റ്റീപ്പിള്‍ ചെയ്‌സില്‍ മുന്നിലെത്താന്‍. ഈ 3000 മീറ്റര്‍ ഒമ്പതു മിനിറ്റും രണ്ടു സെക്കന്റും കൊണ്ടാണ് പാന്‍സിങ് ഓടിക്കീഴടക്കിയിരുന്നത്. പത്തു കൊല്ലം ആരുമുണ്ടായില്ല ഈ റെക്കോഡ് തിരുത്തിയെഴുതാന്‍. പ്രശസ്തിയുടെ വെളിച്ചത്തിലും അയാളുടെ ജീവിതം ചിലര്‍ ഇരുട്ടിലേക്ക് വലിച്ചിട്ടു. രക്ഷിക്കാനാരുമുണ്ടായില്ല. പിന്നെപ്പിന്നെ, അയാള്‍ ആ ഇരുട്ടില്‍ത്തന്നെ ജീവിതമൊടുക്കി.

ഇരുപത് വര്‍ഷം മനസ്സിലിട്ട സിനിമ

സംവിധായകന്‍ തിമാന്‍ശു ധൂലിയയുടെ മനസ്സില്‍ പാന്‍സിങ് തോമറിന്റെ ജീവിതകഥ പതിഞ്ഞത് 1991 ലാണ്. ചമ്പലിനെ ഒരുകാലത്ത് വിറപ്പിച്ചിരുന്ന ഫൂലന്‍ദേവിയുടെ ജീവിതകഥ പറഞ്ഞ ' ബാന്‍ഡിറ്റ് ക്വീന്‍ ' എന്ന സിനിമയുടെ കാസ്റ്റിങ് ഡയരക്ടറായിരുന്നു തിമാന്‍ശു. ബോളിവുഡ്ഡില്‍ തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ സിനിമ പാന്‍സിങ്ങിന്റെ ജീവിത കഥയാവണമെന്ന് തിമാന്‍ശു ആഗ്രഹിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും പക്ഷേ, സിനിമയായില്ല. ആറേഴു വര്‍ഷം അന്വേഷണങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവന്നു. ഒടുവില്‍, ധൂലിയയുടെ അഞ്ചാമത്തെ സിനിമയായാണ് ' പാന്‍സിങ് തോമര്‍ ' പുറത്തുവന്നത്. ചമ്പല്‍ താഴ്്‌വരയില്‍ത്തന്നെയായിരുന്നു ഷൂട്ടിങ്. ഏതാണ്ട് ഒന്നര വര്‍ഷമെടുത്തു ഷൂട്ടിങ് പൂര്‍ത്തിയാവാന്‍. നാലരക്കോടി രൂപയാണ് ചെലവു വന്നത്. അതിന്റെ എത്രയോ ഇരട്ടി വരുമാനമുണ്ടാക്കിയ സിനിമ വന്‍ഹിറ്റായി. 2012 ല്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്, അബുദാബി ചലച്ചിത്ര മേളകളില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ശേഷമാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. 2013 ല്‍ മികച്ച സിനിമ, നടന്‍ ( ഇര്‍ഫാന്‍ഖാന്‍ ) എന്നിവക്കുള്ള ദേശീയ അവാര്‍ഡ് ' പാന്‍സിങ് തോമര്‍ '  കരസ്ഥമാക്കി.

പാന്‍സിങ് തോമര്‍ എന്ന സൈനികന്‍ ലീവില്‍ നാട്ടിലേക്കു വരുന്നിടത്താണ് സിനിമയുടെ തുടക്കം. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ബിധോസയാണ് ജന്മദേശം. തനി ഗ്രാമീണന്‍. നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. പുസ്തകങ്ങളില്‍ നിന്നല്ല, ജീവിതത്തില്‍ നിന്നാണ് അയാള്‍ എല്ലാം പഠിച്ചിട്ടുള്ളത്. സൈന്യത്തില്‍ സുബേദാറാണ്. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗം. നല്ല കായികശേഷിയുണ്ടയാള്‍ക്ക്. എത്ര ഓടിയാലും തളരില്ല. ഇനിയും ഓടണോ എന്ന മട്ടില്‍ ട്രാക്കില്‍ത്തന്നെ നില്‍ക്കും. പാന്‍സിങ്ങിന് കഠിന വിശപ്പാണ്. സൈന്യത്തിലെ റേഷന്‍ ഭക്ഷണം തികയില്ല. സ്‌പോര്‍ട്‌സില്‍ ചേര്‍ന്നാല്‍ ഇഷ്ടംപോലെ ഭക്ഷണം കിട്ടുമെന്നയാള്‍ മനസ്സിലാക്കി. ആദ്യം 5000 മീറ്റര്‍ ഓട്ടത്തിനാണ് ഇറങ്ങിയത്. കായികതാരങ്ങളെ തെറിവിളിച്ച് പ്രോത്‌സാഹിപ്പിക്കുന്ന ഒരു സര്‍ദാര്‍ജിയാണ് കോച്ച്്. പാന്‍സിങ്ങിന്റെ കഴിവു കണ്ട് സര്‍ദാര്‍ജി അമ്പരന്നു. ഇവന്‍ ഓടിയാല്‍ കുഴപ്പമാണല്ലോ എന്നായി അദ്ദേഹത്തിന്റെ ശങ്ക. കാരണം, തന്റെ മകളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന്റെ സഹോദരനും 5000 മീറ്ററിലാണ് മത്സരിക്കുന്നത്. അവന്റെ ചാന്‍സ് പാന്‍സിങ് കയറിവരുന്നതോടെ ഇല്ലാതാകും. കോച്ചിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പാന്‍സിങ് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലേക്ക് മാറുന്നു. ഈയിനത്തില്‍ ദേശീയ ചാമ്പ്യനായിരുന്ന പാന്‍സിങ് 1958 ല്‍ ടോക്കിയോവില്‍ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തു.
കളിക്കളത്തില്‍ പ്രശസ്തി നേടുമ്പോഴും തന്റെ ഗ്രാമത്തില്‍ പാന്‍സിങ്ങിന്റെ കുടുംബം സുരക്ഷിതരായിരുന്നില്ല. ധനികനായിട്ടും ഭൂമിയോട് ആര്‍ത്തിയുണ്ടായിരുന്ന ഭര്‍വിന്ദര്‍ അവരെ നിരന്തരം ദ്രോഹിച്ചു. 

സ്വന്തം കുടുംബത്തില്‍പ്പെട്ടവനായിട്ടുപോലും പാന്‍സിങ്ങിന്റെ ഇത്തിരി ഭൂമിപോലും വ്യാജപ്പേരില്‍ തട്ടാന്‍ ഭര്‍വിന്ദര്‍ ശ്രമിച്ചു. ധാരാളം അംഗങ്ങളുള്ള തന്റെ കുടുംബത്തിന്റെ ശക്തിയിലും മഹിമയിലും അയാള്‍ ഊറ്റം കൊണ്ടിരുന്നു. ' ഞങ്ങളുടെ മൂത്രത്തില്‍ ഒലിച്ചുപോവാനേയുള്ളു നിങ്ങളൊക്കെ ' എന്നാണയാള്‍ അഹങ്കാരത്തോടെ പാന്‍സിങ്ങിനോട് പറയുന്നത്. പണത്തിനും ധാര്‍ഷ്ട്യത്തിനും അധികാര ഹുങ്കിനും മുന്നില്‍ സൈനികനായ തനിക്ക് നീതി അകലെയാണെന്ന സത്യം പാന്‍സിങ് ഓരോ ദിവസവും ഉള്‍ക്കൊണ്ടു. മകന്‍ സൈന്യത്തിലെത്തിയ സന്തോഷത്തില്‍ നേരത്തേ റിട്ടയര്‍മെന്റ് വാങ്ങി പാന്‍സിങ് ഗ്രാമത്തിലേക്ക് മടങ്ങുന്നു. പക്ഷേ, സ്വസ്ഥമായ ഒരു ജീവിതം അയാള്‍ക്ക് കിട്ടുന്നില്ല. ഭര്‍വീന്ദറിന്റെ അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നു. പോലീസില്‍ നിന്നു നീതി കിട്ടാതെയായപ്പോള്‍ തന്റെ ആരാധ്യ പുരുഷനായിരുന്ന അമ്മാവന്റെ പാതയിലേക്ക് നീങ്ങി പാന്‍സിങ് . ചമ്പല്‍ അയാള്‍ക്കും അഭയകേന്ദ്രമായി. സാമാന്യം വലിയൊരു കൊള്ളക്കൂട്ടത്തിന്റെ നായകനായി മാറുന്ന പാന്‍സിങ് ഭര്‍വിന്ദറിനെത്തന്നെ ആദ്യം ഇരയാക്കുന്നു. ഒടുവില്‍, കണ്ണിനു കണ്ണ് സിദ്ധാന്തത്തില്‍ അഭിരമിക്കുന്ന ഏതൊരാള്‍ക്കും കിട്ടാവുന്ന അന്ത്യവിധി പാന്‍സിങ്ങും ഏറ്റുവാങ്ങുന്നു.

1981 ഒക്ടോബര്‍ ഒന്നിന് ചമ്പലില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച പാന്‍സിങ് തോമര്‍ എന്ന മുന്‍ അത്‌ലറ്റിന്റെ ജീവിതകഥ സത്യസന്ധമായി പറയാനാണ് തിമാന്‍ശു ശ്രമിച്ചിരിക്കുന്നത്. സിനിമയിലെ സംഭവങ്ങള്‍ 85 ശതമാനവും വാസ്തവമാണെന്ന് പാന്‍സിങ്ങിന്റെ മകന്‍ റിട്ട. സുബേദാര്‍ സൗരം സിങ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യരക്ഷയ്ക്കായി സൈന്യത്തില്‍ ചേര്‍ന്ന പാന്‍സിങ്ങിന്റെ കുടുംബം നാട്ടില്‍ എത്ര അരക്ഷിതരായിരുന്നു എന്ന വൈരുധ്യമാണ് സംവിധായകന്‍ എടുത്തുകാട്ടുന്നത്. ശത്രുവിനെ അതിര്‍ത്തിയില്‍ നേരിടുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ രക്ഷ ഉറപ്പാക്കാനാവാത്ത നിസ്സഹായാവസ്ഥ. അത് ലറ്റായിരുന്നപ്പോള്‍ കിട്ടാതിരുന്ന പബ്ലിസിറ്റി കൊള്ളക്കാരനായപ്പോള്‍ കൈവരുന്നതിലെ പരിഹാസ്യമായ അവസ്ഥയും സംവിധായകന്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.

ഒരു പ്രാദേശിക പത്രത്തിലെ റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്ന അഭിമുഖത്തിലൂടെയാണ് പാന്‍സിങ് തന്റെ ജീവിതകഥ പറയുന്നത്. ഒരര്‍ഥത്തില്‍ ആ അഭിമുഖത്തിലൂടെ പാന്‍സിങ് തന്റെ അന്ത്യത്തിന് ആക്കം കൂട്ടുകയായിരുന്നു. മരണം തൊട്ടടുത്തുണ്ടെന്ന് ഓരോ നിമിഷത്തിലും അയാള്‍ക്ക് ബോധ്യമുണ്ട്. പരുക്കന്‍ മുഖഭാവമണിയുമ്പോഴും ആര്‍ദ്രത ഉള്ളില്‍ സൂക്ഷിച്ചിരുന്നു ആ ഗ്രാമീണന്‍. കൂടെവന്ന കൊച്ചുസഹോദരിക്ക് മിഠായി വാങ്ങിക്കൊടുക്കാനുള്ള കാശ് നല്‍കിയാണ് പാന്‍സിങ് പത്രലേഖകനെ യാത്രയാക്കുന്നത്.



മൂന്നു പതിറ്റാണ്ട്, നാലു ഘട്ടങ്ങള്‍

സ്വാതന്ത്യാനന്തര ഇന്ത്യയുടെ മൂന്നു പതിറ്റാണ്ടുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പാന്‍സിങ് സൈന്യത്തില്‍ ചേര്‍ന്ന 1950 മുതല്‍ 1981 വരെ നീളുന്ന കാലം. ഗ്രാമീണ കര്‍ഷകന്‍, സൈനികന്‍, കായികതാരം, കൊള്ളത്തലവന്‍ - ഈ നാലു ജീവിത ഘട്ടങ്ങളിലൂടെയാണ് പാന്‍സിങ്ങിനൊപ്പം പ്രേക്ഷകന്‍ യാത്ര ചെയ്യുന്നത്. ഈ നാലു ഘട്ടങ്ങളിലും ഒരവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്ക് അനായാസം രൂപാന്തരപ്പെടുന്ന ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭയെ നമ്മള്‍ നമിച്ചുപോകും. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുയര്‍ന്നുവന്ന് രാജ്യത്തിന് പ്രശസ്തിയുണ്ടാക്കിക്കൊടുത്ത സാധാരണക്കാരായ ചില കായികതാരങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് പാന്‍സിങ്. ( പില്‍ക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ ദാരിദ്യത്തിലും അവഗണനയിലും ഞെരിഞ്ഞമര്‍ന്ന് വിസ്മൃതിയിലേക്കു ആണ്ടുപോയ പ്രശസ്തരായ ചില കായികതാരങ്ങള്‍ക്കാണ് സംവിധായകന്‍ ഈ സിനിമ സമര്‍പ്പിച്ചിരിക്കുന്നത് ) . നമ്മുടെ നീതിബോധം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ പാന്‍സിങ് എന്ന നിഷേധി ജന്മം കൊള്ളില്ലായിരുന്നു എന്നാണ് തിമാന്‍ശു ഈ ചിത്രത്തിലൂടെ പറയുന്നത്. പാന്‍സിങ്ങിന്റെ യഥാര്‍ഥ ജീവിതത്തില്‍ നിന്ന് ആവശ്യമുള്ളതു മാത്രം വീണ്ടെടുത്ത് അത് പ്രേക്ഷകനു ബോധ്യപ്പെടുന്നവിധം കഥാപാത്രസൃഷ്ടി നടത്താന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ആ കഥാപാത്രത്തെ ശരീരഭാഷയിലൂടെയും പെരുമാറ്റരീതികളിലൂടെയും പൂര്‍ണതയിലെത്തിക്കാന്‍ ഇര്‍ഫാന്‍ഖാനും കഴിഞ്ഞിട്ടുണ്ട്. അത്‌ലറ്റില്‍ നിന്ന് കൊള്ളക്കാരനിലേക്ക് രൂപാന്തരപ്പെടുന്ന വളരെ വ്യത്യസ്തമായ ഒരു റോള്‍ ഫലപ്രദമായി ആവിഷ്‌കരിക്കുന്നതില്‍ ഇര്‍ഫാന്‍ഖാന്‍ വിജയിച്ചു എന്നാണ് അവാര്‍ഡ് നിര്‍ണയ സമിതി വാഴ്ത്തിയത്. തനിക്ക് ശാരീരികമായും മാനസികമായും കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന സിനിമയാണ് പാന്‍സിങ് തോമര്‍ എന്ന് ഇര്‍ഫാന്‍ഖാന്‍ പറഞ്ഞിട്ടുണ്ട്. സ്റ്റീപ്പിള്‍ ചെയ്‌സിന്റെ കോച്ചുമാരെ വെച്ച് പരിശീലനം നേടിയാണ് ഇതിലെ അത്‌ലറ്റിനെ ഇര്‍ഫാന്‍ഖാന്‍ രൂപപ്പെടുത്തിയത്. ചിത്രീകരണ വേളയില്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ കണങ്കാലിന് പൊട്ടലുമേറ്റു.

ഓട്ടം ഈ സിനിമയുടെ ഒരവിഭാജ്യ ഘടകമാണ്. ജീവിതം മുഴുവന്‍ താന്‍ ഓടുകയായിരുന്നു എന്ന്് പാന്‍സിങ് ഒരിക്കല്‍ സങ്കടപ്പെടുന്നുണ്ട്. രാജ്യത്തിനു വേണ്ടിയും കുടുംബത്തിനുവേണ്ടിയുമായിരുന്നു ഈ ഓട്ടമത്രയും. തന്റെ ജീവിതത്തെ വെല്ലുവിളി നിറഞ്ഞ ഓട്ടമത്സരമായാണ് അയാള്‍ കണ്ടിരുന്നത്. വഴിയില്‍ ഒരുപാട് തടസ്സങ്ങള്‍ ഉയര്‍ത്തിക്കെട്ടിയ മത്സരം. പക്ഷേ, അവസാനത്തെ ഹര്‍ഡില്‍ പാന്‍സിങ്ങിനു ചാടിക്കടക്കാനായില്ല. ചക്രവാളത്തില്‍ തന്റെ ജീവിതത്തിന്റെ ഫിനിഷിങ് പോയിന്റ് അയാള്‍ കാണുന്നു. ഏതൊരു അത്‌ലറ്റിനെയുംപോലെ, തുടങ്ങിയ മത്സരം അയാള്‍ക്ക് പൂര്‍ത്തിയാക്കിയേ മതിയാവൂ. അവസാനത്തെ തുള്ളി ആവേശവും കാലുകളിലേക്ക് ആവാഹിച്ചാണ് അയാള്‍ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നത്. പക്ഷേ, അയാളിലെ ഭ്രാന്തമായ വേഗത്തെ വെടിയുണ്ടകള്‍ കീഴ്‌പ്പെടുത്തുന്നു . സിനിമയുടെ തുടക്കത്തില്‍ കളിക്കളത്തിലെ സ്റ്റാര്‍ട്ടിങ് പോയിന്റിലാണ് ആദ്യത്തെ വെടിയൊച്ച മുഴങ്ങുന്നത്. അവസാനം ചമ്പലില്‍ നിന്നും അതേ വെടിമുഴക്കം നമ്മള്‍ കേള്‍ക്കുന്നു. കാണികളുടെ ആരവങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന ഒരു അത്‌ലറ്റിന്റെ ജീവിത പരിണാമത്തെയാണ് സംവിധായകന്‍ ഈ വെടിയൊച്ചകളിലൂടെ കൃത്യമായി ആവിഷ്‌കരിക്കുന്നത്.


ഓട്ടത്തോടും കായികക്ഷമതയോടുമുള്ള അഭിനിവേശം പാന്‍സിങ്ങില്‍ ഊര്‍ജദായിനിയായി വര്‍ത്തിച്ചിരുന്നു. എതിരാളിയെ വേട്ടയാടുമ്പോഴും ഓടാന്‍ കിട്ടുന്ന അപൂര്‍വാവസരം അയാള്‍ ആസ്വദിക്കുന്നതു കാണാം. ജീവനുവേണ്ടി യാചിച്ച് ഭര്‍വിന്ദര്‍ ഗ്രാമത്തിലൂടെ മരണപ്പാച്ചില്‍ നടത്തുമ്പോള്‍ ഒരു അത്‌ലറ്റിന്റെ വാശിയോടെ അയാളെ ഓടിത്തോല്‍പ്പിക്കുന്നു പാന്‍സിങ്. സൈന്യത്തില്‍ കോച്ചാവാനുള്ള അവസരമെങ്കിലും പാന്‍സിങ് കൊതിച്ചതാണ്. അതിനും പക്ഷേ, വഴി തെളിഞ്ഞില്ല. രണ്ടാം പകുതിയില്‍ സിനിമയുടെ പശ്ചാത്തലം സൈനിക ബാരക്കില്‍ നിന്ന് ചമ്പല്‍ താഴ്‌വരയിലേക്ക് പറിച്ചു നടപ്പെടുന്നു. അപ്പോഴും, പാന്‍സിങ്ങിലെ കായികപ്രതിഭയെ ഉയര്‍ത്തിക്കാണിക്കാന്‍ സംവിധായകന്‍ ഉത്സുകനാണ്. കിട്ടുന്ന അവസരങ്ങളിലൊക്കെ പാന്‍സിങ്ങിന്റെ സുവര്‍ണകാലം ഓര്‍മയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഒരു കൊള്ളക്കാരന്റെയല്ല, തിളക്കമുള്ള ഭാവിയുണ്ടായിരുന്ന അത്‌ലറ്റിന്റെ അന്ത്യമാണ് പാന്‍സിങ്ങിന്റെ മരണത്തിലൂടെ സംഭവിക്കുന്നതെന്ന് രേഖപ്പെടുത്താനാണ് തിമാന്‍ശു ആഗ്രഹിക്കുന്നത്. പഴയ ദൃശ്യങ്ങളും ആരവങ്ങളും ചേര്‍ത്തുവെച്ച് അദ്ദേഹം ഇടയ്ക്കിടെ പാന്‍സിങ്ങിന്റെ കായികജീവിതത്തെ ഓര്‍ത്തെടുക്കുന്നു. 

അധികാരിവര്‍ഗത്തിനു കീഴടങ്ങാതെ അവസാന നിമിഷങ്ങളിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാത്തുസൂക്ഷിച്ച പാന്‍സിങ്ങാണ് പ്രേക്ഷകരുടെ മനസ്സിലും കുടിയിറങ്ങാതെ നില്‍ക്കുന്നത്.

( മാതൃഭൂമി കണ്ണൂര്‍ എഡിഷനിലെ ' കാഴ്ച ' ഫീച്ചര്‍ പേജില്‍ 2013 ല്‍ പ്രസിദ്ധീകരിച്ചത് )

Image courtesy:

Post a Comment

0 Comments