നാസികളുടെ കലാവസ്തു
വേട്ടയും വീണ്ടെടുപ്പും
- ടി. സുരേഷ് ബാബു
- ടി. സുരേഷ് ബാബു
യാഥാര്‍ഥ്യമാകാതെ പോയ ഫ്യൂറര്‍ മ്യൂസിയത്തിനുവേണ്ടി
രണ്ടാം ലോകയുദ്ധകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നാസികള്‍
കവര്‍ച്ച ചെയ്ത കലാവസ്തുക്കള്‍ വീണ്ടെടുത്ത
വിഷയം കൈകാര്യം ചെയ്യുന്ന മൂന്നു വിദേശ സിനിമകളെക്കുറിച്ച്
ചെറുപ്പത്തില്‍ പ്രൊഫഷണല്‍ ചിത്രകാരനാവാനാണ്
അഡോള്‍ഫ് ഹിറ്റ്‌ലര്‍ മോഹിച്ചിരുന്നത്. പക്ഷേ, ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ
ഫൈനാര്‍ട്‌സ് അക്കാദമി ആ മോഹംനുള്ളിക്കളഞ്ഞു. അക്കാദമിയില്‍ പ്രവേശനത്തിനു ശ്രമിച്ച
ഹിറ്റ്‌ലര്‍ക്ക് രണ്ടു തവണയും - 1907 ലും
1908 ലും - നിശ്ചിത യോഗ്യതാപരീക്ഷ ജയിക്കാനായില്ല. പില്‍ക്കാലത്ത് ജര്‍മനിയില്‍ അധികാരത്തിലെത്തിയപ്പോള്‍
മികച്ച കലാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ ഗാലറികളും മ്യൂസിയവും സ്ഥാപിക്കാന്‍ ഹിറ്റ്‌ലര്‍ പദ്ധതിയിട്ടു.
ഓസ്ട്രിയയില്‍ തന്റെ ജന്മനഗരമായ ലിന്‍സിനെ സാംസ്‌കാരിക നഗരമാക്കാനായിരുന്നു ആലോചന.
ഗാലറികളും മ്യൂസിയവും ഉള്‍ക്കൊള്ളുന്ന സാംസ്‌കാരികനഗരം. മ്യൂസിയത്തിന് ' ഫ്യൂറര്‍ മ്യൂസിയം ' എന്ന പേര്
അയാള്‍ കണ്ടുവെച്ചിരുന്നു. സ്വയം സ്‌കെച്ച് ചെയ്ത് അതിന്റെ മാതൃകയും ഹിറ്റ്‌ലര്‍ ഉണ്ടാക്കിവെച്ചിരുന്നു.
( ജീവിക്കാനായി ചിത്രങ്ങള്‍ വരച്ച് വിറ്റിട്ടുണ്ട് ഹിറ്റ്‌ലര്‍. സൈന്യത്തില്‍ ചേര്‍ന്നതോടെയാണ്
ചിത്രരചനയോട് വിട പറഞ്ഞത് ). പക്ഷേ, യുദ്ധത്തിലെ തോല്‍വി എല്ലാം തകിടം മറിച്ചു. സ്വപ്‌നം
സാക്ഷാത്കരിക്കാനാവാതെ ഹിറ്റ്്‌ലര്‍ക്ക് ജീവിതം ഒരു വെടിയുണ്ടയില്‍ സ്വയം അവസാനിപ്പിക്കേണ്ടി
വന്നു.
താന്‍ സ്വപ്‌നം കണ്ട മ്യൂസിയത്തിലേക്കായി പുതുതായി
ഒരു കലാവസ്തുവും ഹിറ്റ്‌ലര്‍ സൃഷ്ടിച്ചില്ല. പകരം, യൂറോപ്പിലെങ്ങുമുള്ള പ്രശസ്തമായ
കലാവസ്തുക്കള്‍ കവര്‍ന്നെടുത്ത് മ്യൂസിയം ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി
, ജര്‍മന്‍ സൈന്യം കീഴടക്കിയ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ നിന്ന് പ്രധാന കലാസൃഷ്ടികളെല്ലാം
അയാള്‍ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോന്നു. ഏതാണ്ട് 5,16,000 പെയിന്റിങ്ങുകളും ശില്‍പ്പങ്ങളുമാണ്
ഹിറ്റ്‌ലറുടെ സൈന്യം കവര്‍ന്നെടുത്തത് എന്നാണ് കരുതപ്പെടുന്നത്. രണ്ടാം ലോകയുദ്ധാനന്തരം
ഇതില്‍ നാലു ലക്ഷം കലാവസ്തുക്കളെങ്കിലും അതത് രാജ്യങ്ങള്‍ക്ക് തിരിച്ചുപിടിക്കാനായി.
ബാക്കിയുള്ള ഒരു ലക്ഷത്തിലധികം പെയിന്റിങ്ങുകളും ശില്‍പ്പങ്ങളും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
ചിലതൊക്കെ നാസി സൈനികോദ്യോഗസ്ഥര്‍ സ്വന്തം നിലയിലും കവര്‍ന്ന് കൊണ്ടുപോയിട്ടുണ്ട്.
രണ്ടാം ലോകയുദ്ധം ആരംഭിച്ച 1939 മുതല്‍ യുദ്ധം അവസാനിച്ച 1945 വരെ നാസികള്‍ കലാവസ്തുക്കളുടെ കൊള്ള തുടര്‍ന്നിരുന്നു. ബ്രിട്ടന്‍, സോവിയറ്റ് യൂനിയന്‍, അമേരിക്ക എന്നിവയുടെ നിയന്ത്രണത്തിലുള്ള സഖ്യരാജ്യങ്ങളുടെ ബോംബാക്രമണം പേടിച്ച് ഉപ്പുഖനികള്‍, തുരങ്കങ്ങള്‍, ഗുഹകള്‍ , ഒറ്റപ്പെട്ടു കിടന്നിരുന്ന കൊട്ടാരങ്ങള്‍ എന്നിവിടങ്ങളിലാണ് കൊള്ളയടിച്ച കലാവസ്തുക്കള്‍ നാസികള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. ഈയടുത്ത കാലത്തിറങ്ങിയ ചില സിനിമകള്‍ നാസികളുടെ കലാവസ്തു കൊള്ളയെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്. ' വുമണ്‍ ഇന്‍ ഗോള്‍ഡ് ' ( 2015 ) , ' ദ മോണ്യുമെന്റ്‌സ് മെന്‍ ' ( 2014 ) , ' ഫ്രാങ്കോഫോണിയ ' ( 2015 ) എന്നീ സിനിമകളില്‍ ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
ചരിത്ര വസ്തുതകളുടെ ആവിഷ്‌കാരം
യഥാര്‍ഥ സംഭവങ്ങളുടെ ആവിഷ്‌കാരമാണ് ഈ മൂന്നു
സിനിമകളും. അതുകൊണ്ടുതന്നെ ഇവ ചരിത്രത്തിലും സത്യത്തിലും ചാരിനില്‍ക്കുന്നു. സംവിധായകരുടെ
ഭാവനയില്‍ വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമേ പ്രേക്ഷകനു നോക്കേണ്ടതുള്ളു.
ലഭ്യമായ രേഖകളുടെ പിന്‍ബലത്തില്‍ നോക്കുമ്പോള്‍ സത്യസന്ധമായ ആവിഷ്‌കാരം തന്നെയാണ് മൂന്നു
സംവിധായകരും നിര്‍വഹിച്ചിട്ടുള്ളത് എന്നു കാണാം. വുമണ്‍ ഇന്‍ ഗോള്‍ഡിലും ദ മോണ്യുമെന്റ്‌സ്
മെന്നിലും കൊള്ളയടിച്ച കലാവസ്തുക്കള്‍ തിരിച്ചുപിടിക്കാനുള്ള വ്യക്തികളുടെയും രാജ്യങ്ങളുടെയും
കഠിനശ്രമങ്ങളെ വൈകാരികത കലര്‍ത്തിയാണ് അവതരിപ്പിക്കുന്നത്. ഈ ശ്രമങ്ങള്‍ വിജയപ്രാപ്തിയിലെത്തുന്നതും
നമ്മള്‍ കാണുന്നു. എന്നാല്‍,
ഫ്രാങ്കോഫോണിയയില്‍ റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍
സൊഖുറോവ് ഡോക്യുമെന്ററിയോടടുപ്പിച്ചാണ് ഇതിവൃത്തം കൊണ്ടുപോകുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക
പൈതൃകം സംരക്ഷിക്കാന്‍ ഫ്രാന്‍സ് നടത്തിയ ശ്രമങ്ങളെ ശ്ലാഘിക്കുകയാണ് സൊഖുറോവ്. പാരീസിലെ
ലൂവ്‌റ് മ്യൂസിയത്തിലെ കലാവസ്തുക്കളെ ഹിറ്റ്‌ലറുടെ കഴുകന്‍കണ്ണുകളില്‍ നിന്നു മറച്ചുപിടിച്ച
രണ്ടു വ്യക്തികളുടെ ഇച്ഛാശക്തിയും ധീരതയുമാണ് ഫ്രാങ്കോഫോണിയയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.
വസ്തുതകളെ മാത്രം ചേര്‍ത്തുപിടിച്ച് വൈകാരിക തലത്തെ വിട്ടുകളയുന്നു സൊഖുറോവ്.
മൂന്നു സിനിമ, മൂന്നു രാജ്യങ്ങള്‍
മൂന്നു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നാണ് ഈ
മൂന്നു സിനിമകള്‍ വരുന്നത്. മൂന്നും ഒരേ പ്രമേയമാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും
ഫ്രാങ്കോഫോണിയയില്‍ മാത്രം ആഖ്യാനരീതിയും സംവിധായകന്റെ കാഴ്ചപ്പാടും വ്യത്യസ്തമാണ്.
ഒരു രാഷ്ട്രീയസിനിമയുടെ സ്വഭാവമാണ് ഫ്രാങ്കോഫോണിയക്ക്.
രണ്ടാം ലോകയുദ്ധകാലത്ത് തന്റെ അമ്മാവന്റെ വീട്ടില്‍
നിന്ന് നാസികള്‍ കവര്‍ന്നെടുത്ത പെയ്ന്റിങ് വീണ്ടെടുക്കാന്‍ പ്രായത്തിന്റെ അവശത മറന്നും
നിയമവഴിയില്‍ പോരാടുന്ന ഊര്‍ജസ്വലയായ മരിയ ആള്‍ട്ട്മാന്‍ എന്ന വയോധികയാണ്്് ' വുമണ്‍
ഇന്‍ ഗോള്‍ഡി ' ലെ നായിക. ജര്‍മന്‍ അധിനിവേശ കാലത്ത് വിയന്നയില്‍ നിന്ന് അമേരിക്കയിലേക്ക്
പലായനം ചെയ്ത ഈ യഹൂദ വനിതയുടെ ജീവിതകഥയും അധിനിവേശ കാലത്തെ ഓസ്ട്രിയയുടെ കഠിനവ്യഥകളുമാണ്
ഈ ബ്രിട്ടീഷ് - യു. എസ്. ചിത്രം രേഖപ്പെടുത്തുന്നത്. തന്റെ , അതിസുന്ദരിയായിരുന്ന അമ്മായി
അഡലെ ബ്ലോഗ് ബോയറുടെ ഛായാചിത്രം വീണ്ടെടുക്കാനാണ് മരിയ മാതൃരാജ്യത്തെ നിയമവ്യവസ്ഥകളെ
വെല്ലുവിളിച്ചത്. കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന വന്‍വ്യവസായിയായിരുന്നു അഡലെയുടെ
ഭര്‍ത്താവ് ഫെര്‍ഡിനാന്‍ഡ് ബ്ലോഗ് ബോയര്‍. അക്കാലത്ത് ഓസ്ട്രിയന്‍ ബൂര്‍ഷ്വാ അഭിരുചികളെ
തള്ളിപ്പറഞ്ഞ വിഖ്യാതനായ ചിത്രകാരനായിരുന്നു ഗുസ്താവ് ക്ലിംത്. അഡലെയുടെ സുഹൃത്തായിരുന്ന
ക്ലിംത് എണ്ണച്ചായവും സ്വര്‍ണവും കൊണ്ട് തീര്‍ത്ത പെയ്ന്റിങ്ങാണ് ' വുമണ്‍ ഇന്‍ ഗോള്‍ഡ്്്
' . അഡലെയുടെ ഛായാചിത്രമാണിത്. മൂന്നു വര്‍ഷമെടുത്താണ് സുവര്‍ണ വനിതയെ ക്ലിംത് കാന്‍വാസിലാക്കിയത്.
1.38 മീറ്റര്‍ നീളവും വീതിയുമുള്ള പോര്‍ട്രെയ്റ്റ്. 1907 ല്‍ ക്ലിംത് ഈ ചിത്രം അഡലെക്ക്
സമ്മാനിച്ചു. മക്കളില്ലാതിരുന്ന അഡലെ 1925 ല്‍ 42 ാം വയസ്സില്‍ മസ്തിഷ്‌കജ്വരം മൂലം
മരിച്ചു. മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് അവര്‍ എഴുതിവെച്ച കത്തില്‍ തന്റെ ഭര്‍ത്താവിന്റെ
മരണശേഷം ഈ ഛായാചിത്രം വിയന്നയിലെ ഗാലറിയില്‍ വെക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഭര്‍ത്താവ് ഫെര്‍ഡിനാന്‍ഡാവട്ടെ തന്റെ വില്‍പ്പത്രത്തില്‍ വീടും സ്വത്തുക്കളും സുവര്‍ണ
വനിതയുള്‍പ്പെടെയുള്ള പെയിന്റിങ്ങുകളുമെല്ലാം മരിയക്കും അനിയത്തി ലൂയിസിനുമാണ് എഴുതിവെച്ചിരുന്നത്.
ഓസ്ട്രിയയെ 1938 ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയോട്
ചേര്‍ത്തപ്പോള്‍ കിട്ടാവുന്ന കലാവസ്തുക്കളെല്ലാം നാസികള്‍ കൊള്ളയടിച്ചു. സുവര്‍ണ വനിതയടക്കം
ക്ലിംതിന്റെ ആറ് പെയിന്റിങ്ങുകളാണ് നാസികള്‍ കൊണ്ടുപോയത്. ' അഡലെ ബ്ലോഗ് ബോയര്‍ ' എന്നാണ്
ക്ലിംത് തന്റെ മാസ്റ്റര്‍പീസിന് പേരിട്ടിരുന്നത്. എന്നാല്‍, നാസികള്‍ ഈ പേരു മാറ്റി
' സുവര്‍ണ വനിത ' എന്നാക്കി . അങ്ങനെ , അഡലെയുടെ ജൂത അസ്തിത്വം അവര്‍ മായ്ച്ചുകളഞ്ഞു.
യുദ്ധം അവസാനിച്ചപ്പോള്‍ തിരിച്ചുകിട്ടിയ എല്ലാ പെയിന്റിങ്ങുകളും രാജ്യത്തിന്റെ പൊതുസ്വത്ത്
എന്നു പ്രഖ്യാപിച്ച് ഓസ്ട്രിയ സ്വന്തമാക്കി. തന്നോട് ഏറ്റവും അടുപ്പവും സ്‌നേഹവും കാട്ടിയിരുന്ന
അമ്മായിയുടെ ഛായാചിത്രം വിയന്നയിലെ ഗാലറിയില്‍ കാഴ്ചവസ്തുവായി നില്‍ക്കുന്നത് മരിയക്ക്
സഹിക്കാനാവുമായിരുന്നില്ല. കനത്ത നീറ്റലായി അത് മരിയയുടെ ഉള്ളില്‍ കിടന്നു. തന്റെ വികാരം
തൊട്ടറിഞ്ഞ ഒരു യുവ അഭിഭാഷകനെ കിട്ടിയപ്പോള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം മരിയ നിയമ പോരാട്ടത്തിനിറങ്ങി.
ആദ്യറൗണ്ടില്‍ സ്വന്തം മാതൃരാജ്യത്ത് തോറ്റെങ്കിലും മരിയ വിട്ടുകൊടുത്തില്ല. അമേരിക്കയിലും
തുടര്‍ന്ന് വീണ്ടും വിയന്നയിലും അവര്‍ പൊരുതി. കൊള്ളയടിക്കപ്പെട്ട കലാവസ്തുക്കള്‍ അതിന്റെ
നേരവകാശികളെ തിരിച്ചേല്‍പ്പിക്കാനുള്ള ഓസ്ട്രിയന്‍ നിയമം അവസാനം മരിയയുടെ രക്ഷക്കെത്തി.
ഓര്‍മകളുടെ ഇരമ്പല്‍
വെറുമൊരു നിയമയുദ്ധത്തിന്റെ കഥയല്ല ' വുമണ്‍
ഇന്‍ ഗോള്‍ഡ് '. മരിയ ആള്‍ട്ട്മാന്റെ ഓര്‍മകളാല്‍ സമൃദ്ധമാണീ സിനിമ. ഹിറ്റ്‌ലര്‍ കടന്നുവരുന്നതിനു
മുമ്പും പിമ്പുമുള്ള മരിയയുടെ വിയന്ന ജീവിതമാണ് ഇടയ്ക്കിടെ ഓര്‍മകളിലേക്ക് കടന്നുവരുന്നത്.
ഈ ഓര്‍മകള്‍ ഓസ്ട്രിയ എന്ന രാജ്യത്തിന്റെ അന്നത്തെ അവസ്ഥയിലേക്കുകൂടിയാണ് വാതില്‍ തുറന്നിടുന്നത്.
ഹിറ്റ്‌ലറെ പൂവിട്ട് സ്വീകരിച്ചവരായിരുന്നു അന്നത്തെ ഓസ്ട്രിയന്‍ ജനതയില്‍ ബഹുഭൂരിപക്ഷവും.
നഷ്ടം പറ്റിയത് അവിടത്തെ യഹൂദര്‍ക്കായിരുന്നു. മരിയയും ഭര്‍ത്താവുമടക്കം ഒരു ലക്ഷം
ജൂതരാണ് എല്ലാം ഉപേക്ഷിച്ച് അക്കാലത്ത് വിയന്നയില്‍ നിന്നു പലായനം ചെയ്തത്. 65,000
ജൂതരെ നാസികള്‍ പിടികൂടി ഗ്യാസ് ചേംബര്‍ എന്ന മരണമുറിയില്‍ എത്തിച്ചു.
ഒറ്റ ഫ്്ഌഷ് ബാക്കിലൂടെ ഭൂതകാലം ഒരുമിച്ച് അവതരിപ്പിക്കുകയല്ല സംവിധായകന്‍.
പ്രസക്തമായ സന്ദര്‍ഭങ്ങളില്‍ മരിയ തന്റെ ഓര്‍മകളിലേക്ക് തിരിച്ചുപോവുകയാണ്. അവയെല്ലാം
ചേര്‍ത്തുവെക്കുമ്പോള്‍ നമുക്ക് കിട്ടുന്നത് രണ്ടാം ലോകയുദ്ധകാലത്തെ വിയന്നയുടെ ദുരിതാവസ്ഥയാണ്.
ഭയത്തിനടിമയായിരുന്നു കുട്ടിക്കാലത്ത് മരിയ. അവളുടെ അമ്മായി അഡലെ ഇക്കാര്യം അവളോട്
തുറന്നു പറയാറുണ്ടായിരുന്നു. ഇത്തരമൊരു ദുര്‍ബലാവസ്ഥയില്‍ നിന്ന് നീതിക്കുവേണ്ടി പോരാടാനുള്ള
കരുത്ത് മരിയ അനുഭവങ്ങളിലൂടെ നേടിയതെങ്ങനെയെന്നും സംവിധായകന്‍ സിമോണ്‍ കുര്‍ട്ടിസ്
കാണിച്ചുതരുന്നു. തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കൊന്നൊടുക്കുകയും പ്രിയമുള്ളതെല്ലാം
കവര്‍ന്നെടുക്കുകയും ചെയ്തതിന്റെ ഓര്‍മകള്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സ്വന്തം രാജ്യത്തേക്ക്
ഒരിക്കല്‍പോലും തിരിച്ചുപോകാന്‍ മരിയ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, സാഹചര്യം അവരെ വീണ്ടും
അവിടെയെത്തിച്ചു. തന്റെ അഭിഭാഷകനായ റാന്‍ഡി ഷോന്‍ബര്‍ഗിനൊപ്പം വിയന്നയില്‍ വിമാനമിറങ്ങുമ്പോള്‍
ഓര്‍മകളും മരിയയിലേക്ക് ഇരച്ചെത്തുന്നു. ഓപ്പറ ഗായകനായിരുന്നു മരിയയുടെ ഭര്‍ത്താവ്.
തങ്ങളുടെ വിവാഹത്തിന് വിയന്നയിലെ പകുതി ജനങ്ങളും എത്തിയിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു.
അത്രക്ക് സ്വാധീനവും നാട്ടുകാരോട് അടുപ്പവുമുള്ള കുടുംബമായിരുന്നു മരിയയുടേത്.
ഓസ്ട്രിയയിലെ പ്രശസ്തനായ കലാകാരന്‍ ഗുസ്താവ്
ക്ലിംതിന്റെ മാസ്റ്റര്‍ പീസായിട്ടാണ് അവിടത്തെ ജനങ്ങള്‍ ' അഡലെ ബ്ലോഗ് ബോയര്‍' ( സുവര്‍ണ വനിത ) എന്ന പോര്‍ട്രെയിറ്റിനെ കണ്ടത്.
' ഓസ്ട്രിയയുടെ മൊണാലിസ ' എന്നാണവര്‍ ഈ ഛായാചിത്രത്തെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ
അത് ഏതെങ്കിലും വ്യക്തിക്ക് വിട്ടുകൊടുക്കാന്‍ അവര്‍ മടിച്ചു. പക്ഷേ, മരിയയുടെ കാഴ്ചപ്പാട്
മറ്റൊന്നായിരുന്നു. അത് തന്റെ അമ്മായിയുടെ പടമാണ്. ജീവിതത്തെക്കുറിച്ച് തന്നോട് നിരന്തരം
സംസാരിച്ചിരുന്ന , തന്നെ സ്‌നേഹിച്ചിരുന്ന അമ്മായിയുടെ. ആര്‍ക്കും ആ വൈകാരിക ബന്ധം
തകര്‍ക്കാനാവില്ല. അവരുടെ ഓര്‍മ നിലനിര്‍ത്താനാണ് ആ പെയിന്റിങ് തിരിച്ചുകിട്ടണമെന്ന്
മരിയ വാശി പിടിക്കുന്നത്. വിയന്ന എന്ന മനോഹര നഗരത്തില്‍ മരണംവരെ ജീവിക്കാനാഗ്രഹിച്ച
തങ്ങളുടെ തലമുറക്ക് ആ അവസരം നിഷേധിച്ചവരോട് തനിക്കൊരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും
മരിയ തറപ്പിച്ചു പറയുന്നു. തന്റെ പരാതി പരിഗണിച്ചവരൊന്നും ജീവിതത്തിന്റെ കാഠിന്യം അനുഭവിച്ചവരല്ലെന്നും
മരിയ കുറ്റപ്പെടുത്തുന്നുണ്ട്. മരിയയുടെ മനസ് വായിച്ചെടുത്ത അഭിഭാഷകന്‍ റാന്‍ഡിയാണ്
അവര്‍ക്ക് പോരാടാനുള്ള കരുത്ത് പകര്‍ന്നു കൊടുക്കുന്നത്. ഇണങ്ങിയും പിണങ്ങിയുമുള്ള
ഇവരുടെ ബന്ധത്തിലെ ആര്‍ദ്രതയും ദൃഢതയും നമ്മളെ വല്ലാതെ സ്്പര്‍ശിക്കും.
നാസി വിരുദ്ധരുടെ ഐക്യപ്പെടല്‍
മരിയ ആള്‍ട്ട്മാന്‍ , റാന്‍ഡി ഷോന്‍ബര്‍ഗ്,
വിയന്നയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ഹ്യൂബര്‍ട്ട് സെര്‍നീല്‍ എന്നിവരാണ് ഈ
സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. മൂന്നു പേരും നാസി വിരുദ്ധരാണ്. മരിയയെയും ഭര്‍ത്താവിനെയും
ഓസ്ട്രിയ വിടാന്‍ പ്രേരിപ്പിച്ച മരിയയുടെ മാതാപിതാക്കള്‍ നാസികളുടെ രോഷത്തിനിരയായി
ഗ്യാസ് ചേംബറില്‍ ഒടുങ്ങിയവരാണ്. മരിയയുടെ അഭിഭാഷകന്‍ റാന്‍ഡിയുടെ മുത്തശ്ശനും മുത്തശ്ശിയും
നാസികളാല്‍ കൊലചെയ്യപ്പെട്ടവരാണ്. വിയന്നയിലേക്ക് വരുമ്പോള്‍ റാന്‍ഡിയുടെ മനസ്സില്‍
അവരുടെ ചിത്രമുണ്ടായിരുന്നു. കൂട്ടക്കൊലയുടെ ഓര്‍മക്കായി വിയന്നയില്‍ പണിത സ്മാരകത്തില്‍
അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അയാള്‍ വിങ്ങിക്കരയുന്നു.
പത്രപ്രവര്‍ത്തകന്‍ ഹ്യൂബര്‍ട്ടിന്റെ സഹായമാണ്
റാന്‍ഡിക്ക് വിയന്നയില്‍ വലിയ തുണയായത്. ഹ്യൂബര്‍ട്ട് തന്റെ അച്ഛന്റെ പാപം കഴുകിക്കളയാനാണ്
നാസിവിരുദ്ധ ചിന്താഗതിക്കാര്‍ക്കൊപ്പം നില്‍ക്കുന്നത്. കുട്ടിക്കാലത്ത് ഹ്യൂബര്‍ട്ടിന്റെ
ആരാധ്യപുരുഷനായിരുന്നു പിതാവ്. പക്ഷേ, പതിനഞ്ചാം വയസ്സില്‍ അയാള്‍ പിതാവിന്റെ തനിനിറം
കണ്ട് ഞെട്ടിപ്പോയി. പിതാവ് നാസിഭീകരനായിരുന്നു.
1938 ല്‍ നാസികള്‍ കവര്‍ന്ന ക്ലിംതിന്റെ പെയിന്റിങ്
68 വര്‍ഷത്തിനുശേഷമാണ്് മരിയക്ക് തിരിച്ചു കിട്ടിയത്. അവസാനകാലത്ത് അഡലെയുടെ ഛായാചിത്രം
ഓസ്ട്രിയക്ക് വിട്ടുകൊടുക്കാന്‍ മരിയ തയാറായി. 13.5 കോടി ഡോളറിന് റൊണാള്‍ഡ് ലോഡര്‍
എന്നൊരാളാണ് ' സുവര്‍ണ വനിത ' യെ സ്വന്തമാക്കിയത്. ഇപ്പോള്‍ വിയന്നയിലെ ന്യൂയി ഗാലറിയിലാണ്
ഈ പെയിന്റിങ്ങുള്ളത്. 2011 ല്‍ 94 ാം വയസ്സില്‍ മരിയ ആള്‍ട്ട്മാന്‍ അന്തരിച്ചു.
സ്മാരക സംരക്ഷകരായ ഏഴംഗസംഘം
യുദ്ധത്തില്‍ താന്‍ മരിക്കുകയോ ജര്‍മനി തോല്‍ക്കുകയോ
ചെയ്താല്‍ സകലതും നശിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടിരുന്നു. പാലങ്ങള്‍, റെയില്‍
പ്പാളങ്ങള്‍, പുരാവസ്തുശേഖരം, കലാവസ്തുക്കള്‍ തുടങ്ങി എല്ലാം. ഹിറ്റ്‌ലറുടെ ഭ്രാന്തമായ
ഈ ഉത്തരവ് നടപ്പാക്കുംമുമ്പ് കഴിയുന്നത്ര കലാവസ്തുക്കളും സ്മാരകങ്ങളും കണ്ടെടുത്ത്
സംരക്ഷിക്കാന്‍ സഖ്യസേന തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദഗ്ധരടങ്ങിയ ഏഴംഗ
സംഘം യൂറോപ്പിലെ യുദ്ധമുന്നണിയിലേക്ക് പുറപ്പെട്ടത്. ഇവരാണ് ' ദ മോണ്യുമെന്റ്‌സ് മെന്‍
' എന്നറിയപ്പെടുന്നത്. ഫ്രാങ്ക് സ്റ്റോക്ക്‌സിന്റെ നേതൃത്തിലുള്ള ഈ സൈനിക സംഘത്തില്‍
മ്യൂസിയം ഡയരക്ടര്‍, ആര്‍ട്ട് ക്യുറേറ്റര്‍, കലാചരിത്രകാരന്മാര്‍, വാസ്തുശില്‍പി എന്നിവരാണുള്‍പ്പെട്ടിരുന്നത്.
ഇവരുടെ അസാധാരണമായ ദൗത്യത്തിന്റെ നാള്‍വഴികളിലൂടെയാണ് ' ദ മോണ്യുമെന്റ്‌സ് മെന്‍ '
എന്ന സിനിമ സഞ്ചരിക്കുന്നത്.
അമേരിക്കന്‍ നടനും നിര്‍മാതാവുമായ ജോര്‍ജ്
ക്ലൂണി സംവിധാനം ചെയ്ത സിനിമ പ്രേക്ഷകനില്‍ വലിയ ആകാംക്ഷയൊന്നുമുണര്‍ത്തുന്നില്ല. എങ്കിലും,
ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു മഹാദൗത്യത്തിന്റെ അടയാളപ്പെടുത്തലുണ്ടിതില്‍.
കലാവസ്തുക്കള്‍ മാത്രമല്ല സംഘം കണ്ടെടുക്കുന്നത്. ഒരു ഉപ്പു ഖനിയില്‍ 1200 അടി താഴ്ചയില്‍
നാസികള്‍ ഒളിച്ചുവെച്ചിരുന്ന 100 ടണ്‍ സ്വര്‍ണം, 5000 പള്ളിമണികള്‍, 30 ലക്ഷം പുസ്തകം,
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പിഴുതെടുത്ത
പല്ലുകളുടെ കൂമ്പാരം തുടങ്ങിയവയും അന്വേഷണ സംഘം കണ്ടെടുക്കുകയുണ്ടായി.
1943 ലാണ് കഥ തുടങ്ങുന്നത്. പാരീസില്‍ നാസികള്‍
പെയ്ന്റിങ്ങുകളുടെ വലിയൊരു ശേഖരം കവര്‍ന്നെടുത്തിരിക്കുന്നു. ഈ ചിത്രങ്ങളെല്ലാം ഫ്യൂറര്‍ക്കുള്ളതാണെന്ന്
നാസി സൈനിക മേധാവി പ്രഖ്യാപിക്കുന്നു. ആദ്യം നാസികള്‍ തങ്ങള്‍ മോഷ്ടിക്കുന്ന കലാവസ്തുക്കളുടെ
ഫോട്ടോയെടുക്കും. എന്നിട്ട് ഇവ ആല്‍ബമാക്കി ഹിറ്റ്‌ലര്‍ക്കയ്‌യക്കും. തന്റെ മ്യൂസിയത്തിലേക്കുള്ള
കലാവസ്തുക്കളുടെ വന്‍ശേഖരം ഉണ്ടെന്ന അറിവാണ് പാരീസിനെ ബോംബാക്രമണത്തില്‍ നിന്ന് ഒഴിവാക്കാന്‍
ഹിറ്റ്‌ലറെ പ്രേരിപ്പിച്ചിരുന്നത്. സംരക്ഷിക്കപ്പെടേണ്ട പെയിന്റിങ്ങുകളും ശില്‍പ്പങ്ങളും
ഫ്രാന്‍സുകാര്‍ എവിടെയെങ്കിലും ഒളിച്ചുവെക്കുന്നു. ജര്‍മന്‍കാര്‍ അവ കണ്ടെടുത്ത് നാട്ടിലേക്ക്
കൊണ്ടുപോകുന്നു. ഇതായിരുന്നു അന്നത്തെ അവസ്ഥ. കുറെയേറെ ചിത്രങ്ങള്‍ നാസികള്‍ ചുട്ടെരിക്കുകയും
ചെയ്തു.
തോറ്റുപോയേക്കാവുന്ന ദൗത്യം
കലാവസ്തുക്കള്‍ വീണ്ടെടുക്കാനുള്ള സംഘത്തെ
നിയോഗിച്ച മേധാവിക്ക്് ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. തോറ്റുപോയേക്കാമെങ്കിലും
ഒരു ശ്രമം നടത്താനാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ഈ പരിശ്രമം യൂറോപ്യന്‍ സംസ്‌കാരത്തിന്റെയും
ജീവിതരീതിയുടെയും നിലനില്‍പ്പിന് അത്യാവശ്യമായിരുന്നു. യുദ്ധത്തില്‍ ഒരു തലമുറയെ തുടച്ചുനീക്കാം.
അവരുടെ പാര്‍പ്പിടങ്ങള്‍ ചാമ്പലാക്കാം. എന്നാലും, മനുഷ്യര്‍ തിരിച്ചുവരും. പക്ഷേ, ഒരു
ജനതയുടെ നേട്ടങ്ങളും ചരിത്രവും കലാപൈതൃകവും നശിപ്പിച്ചാല്‍ അത് അവരുടെ അസ്തിത്വം തന്നെ
ഇല്ലാതാക്കും. പിന്നെ അവര്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വെറും ചാരമായി മാറും.
ഈ കുത്സിത മോഹമാണ് യൂറോപ്പില്‍ ഹിറ്റ്‌ലര്‍
നടപ്പാക്കാന്‍ തുനിഞ്ഞത്. പ്രത്യേകിച്ചും ജൂതരുടെ കാര്യത്തില്‍. ഹിറ്റ്‌ലറുടെ മോഹം
പരാജയപ്പെടുത്തി സംരക്ഷകസംഘം തിരിച്ചുവരുന്നതാണ് ചിത്രാവസാനത്തില്‍ നമ്മള്‍ കാണുന്നത്.
അതിനവര്‍ക്ക് പക്ഷേ , വലിയ വില കൊടുക്കേണ്ടി വന്നു. രണ്ട് സംഘാംഗങ്ങളാണ് യുദ്ധമുന്നണിയില്‍
വെടിയേറ്റു മരിച്ചത്. മൈക്കലാഞ്ജലോവിന്റെ
' മഡോണയും കുഞ്ഞും ' എന്ന പ്രശസ്ത മാര്‍ബിള്‍ ശില്‍പം രക്ഷപ്പെടുത്തിയെടുക്കാനുള്ള
ശ്രമത്തിലാണ് സംഘത്തിലെ ഡൊണാള്‍ഡ് ജഫ്രിസിന് വെടിയേറ്റത്.
മനുഷ്യനേക്കാള്‍ വിലപിടിച്ചതല്ല ഒരു കലാവസ്തുവും
എന്ന് സംഘാംഗങ്ങളെ സ്റ്റോക്ക്‌സ് ഓര്‍മപ്പെടുത്തിയിരുന്നു. പക്ഷേ, വളരെ കരുതലോടെ നീങ്ങിയിട്ടും
രണ്ടുപേരെ കുരുതി കൊടുക്കേണ്ടി വന്നു. 30 വര്‍ഷങ്ങള്‍ക്കുശേഷം പേരക്കുട്ടിയുടെ കൈപിടിച്ച്
' മഡോണയും കുഞ്ഞും ' എന്ന ശില്‍പ്പം കണ്ട് മടങ്ങുന്ന സ്റ്റോക്ക്‌സിനെ കാണിച്ചാണ് സിനിമ
അവസാനിക്കുന്നത്. കലാസൃഷ്ടികള്‍ വീണ്ടെടുക്കുന്നതിനിടയിലുണ്ടായ രണ്ടു പേരുടെ ജീവാര്‍പ്പണം
വില മതിക്കാനാവാത്തതാണെന്ന് സ്റ്റോക്ക്‌സിന്റെ മനസ് വിളിച്ചുപറയുന്നു. അവര്‍ ചരിത്രത്തിലേക്ക്
മുതല്‍ക്കൂട്ടിവെച്ച സംഭാവനകള്‍ ചെറുതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ഏഴംഗ സംഘത്തിന് രഹസ്യപിന്തുണ നല്‍കിയ ക്ലെയര്‍
എന്ന ജൂത വനിതയും ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. ഫ്രാന്‍സില്‍ നാസികളുടെ ഓഫീസിലാണ്
ക്ലെയറിന് ജോലി. നാസികള്‍ക്കെതിരെ പോരാടുന്നവരുടെ സംഘത്തില്‍ അംഗമാണ് ക്ലെയറിന്റെ സഹോദരന്‍.
കവര്‍ന്നെടുത്ത കലാവസ്തുക്കള്‍ ജര്‍മനിക്ക് ഒളിച്ചുകടത്തുകയായിരുന്ന ട്രക്ക് തട്ടിക്കൊണ്ടുപോയതിന്
ഇയാളെ നാസികള്‍ വെടിവെച്ചു കൊല്ലുന്നു. സഹോദരന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്നത്
ക്ലെയറാണെന്ന് നാസികള്‍ക്കറിയാം. ഏതു സമയത്തും മരണം കടന്നുവന്നേക്കാം എന്നറിഞ്ഞിട്ടും
ഏഴംഗ സംഘത്തിലെ ക്യൂറേറ്ററായ ജെയിംസിന് ഒളിപ്പിച്ചുവെച്ച കലാവസ്തുക്കളുടെ പട്ടിക രഹസ്യമായി
കൈമാറാന്‍ ക്ലെയര്‍ തയാറാവുന്നു. അവരുടെ ത്യാഗം കൂടിയുണ്ട് ഏഴംഗ സംഘത്തിന്റെ വിജയത്തിനു
പിന്നില്‍.
ഫ്രാന്‍സിന്റെ കലാപൈതൃകം സംരക്ഷിച്ചവര്‍
ഏകാധിപത്യത്തിനും അധിനിവേശത്തിനും യുദ്ധത്തിനുമെതിരെ
തന്റെ സിനിമകളിലൂടെ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്ന അലക്‌സാണ്ടര്‍ സൊഖുറോവ് സംവിധാനം
ചെയ്ത ഫ്രഞ്ച് - ജര്‍മന്‍ ചിത്രമാണ് ' ഫ്രാങ്കോഫോണിയ '. ഫ്രാന്‍സിന്റെ സമ്പന്നമായ കലാപൈതൃകത്തെ അധികാരത്തിന്റെ
ദുഷിച്ച കൈകളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് കലാസ്‌നേഹികളുടെ ചരിത്രമാണ് സൊഖുറോവ്
രേഖപ്പെടുത്തുന്നത്. ഫ്രാന്‍സില്‍ കലയുടെ കേദാരമായി വാഴ്ത്തപ്പെടുന്ന, പാരീസിലെ ലൂവ്‌റ്് മ്യൂസിയത്തില്‍ ഹിറ്റ്‌ലര്‍ക്ക് കണ്ണുണ്ടായിരുന്നു.
ഡാവിഞ്ചിയുടെ മൊണാലിസ ഉള്‍പ്പെടെയുള്ള പെയിന്റിങ്ങുകളും ശില്‍പ്പങ്ങളും കൊണ്ട് സമ്പന്നമായിരുന്നു
ലൂവ്‌റ് . ഈ മ്യൂസിയത്തെ നാസികളുടെ കവര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് മ്യൂസിയം ഡയരക്ടറായിരുന്ന
ഫ്രഞ്ചുകാരന്‍ ഷാക്ക് ഷൊഷാറാണ്. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് പത്തു ദിവസം
മുമ്പ്് ഒരു രഹസ്യ നീക്കത്തിലൂടെ മ്യൂസിയത്തിലെ മൊണാലിസ ഉള്‍പ്പെടെയുള്ള വന്‍ കലാശേഖരം
ഷൊഷാര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റി. മൂന്നു ദിവസം ഇതിനായി മ്യൂസിയം അടച്ചിട്ടു.
1862 മരപ്പെട്ടികളിലാക്കി 203 വാഹനങ്ങളിലാണ് കലാവസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്.
1940 ജൂണ്‍ 14 ന് ജര്‍മന്‍ സേന പാരീസിലെത്തിയപ്പോള്‍ ആദ്യം പോയത് ലൂവ്‌റിലേക്കാണ്.
കലാവസ്തുക്കളും സന്ദര്‍ശകരുമില്ലാതെ ശൂന്യമായ ലൂവ്‌റാണ് അവരെ എതിരേറ്റത്. പാരീസിലൂടെ
തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന ഹിറ്റ്‌ലര്‍ ആദ്യം ചോദിക്കുന്നത് എവിടെയാണ് ലൂവ്‌റ്
എന്നാണ്. തന്നെ പണ്ടുതൊട്ടേ മോഹിപ്പിച്ച പേരാണതെന്ന് അയാള്‍ പറയുന്നു. ( കലാസംരക്ഷണത്തിനായി
ഫ്രാന്‍സ് കൈക്കൊണ്ട മുന്‍കരുതലെല്ലാം പിന്നീട് പാഴായി എന്നുവേണം കരുതാന്‍. ഫ്രാന്‍സില്‍
പലയിടത്തായി ഒളിപ്പിച്ച ധാരാളം പെയിന്റിങ്ങുകളും ശില്‍പ്പങ്ങളും നാസികള്‍ പില്‍ക്കാലത്ത്്
കവര്‍ച്ച ചെയ്യുകയുണ്ടായി ) .
ഫ്രാന്‍സിന്റെ കലാപൈതൃക സംരക്ഷണത്തില്‍ ഷൊഷാറിനൊപ്പം സജീവ പങ്ക് വഹിച്ച ജര്‍മന്‍കാരനായ
സൈനിക ഓഫീസര്‍ ഫ്രാന്‍സ് വോണ്‍ വൂള്‍ഫ് മെറ്റേണിക്കിനെയും സംവിധായകന്‍ സൊഖുറോവ് ഈ സിനിമയില്‍
പ്രകീര്‍ത്തിക്കുന്നു.
കലാചരിത്രകാരന്‍ കൂടിയായിരുന്നു മെറ്റേണിക്ക്
എന്ന നാസി സൈനികന്‍. കലയുടെ സൗന്ദര്യവും ശക്തിയും പ്രസക്തിയും തിരിച്ചറിഞ്ഞ ആളായിരുന്നു
മെറ്റേണിക്ക്. ലൂവ്‌റിലുണ്ടായിരുന്ന കലാശേഖരം എവിടെയെല്ലാമാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്
എന്നറിയാന്‍ അയാള്‍ വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല. ലോകത്തിന്റെ പൊതുസ്വത്തായ
ഈ കലാശേഖരം സുരക്ഷിത സ്ഥലങ്ങളില്‍ എത്തിപ്പെട്ടതില്‍ മെറ്റേണിക്ക് നിഗൂഢമായി ആനന്ദിച്ചിരുന്നു.
മെറ്റേണിക്കിന്റെ അലസമനോഭാവത്തില്‍ ഹിറ്റ്‌ലര്‍ക്ക് നീരസമുണ്ടായിരുന്നു. അധികകാലം ഫ്രാന്‍സില്‍
നിര്‍ത്താതെ ഹിറ്റ്‌ലര്‍ മെറ്റേണിക്കിനെ നാട്ടിലേക്ക് തിരിച്ചുവിളിച്ചു.
സിനിമ എന്ന രാഷ്ട്രീയ പ്രവര്‍ത്തനം
സങ്കീര്‍ണമായ ആഖ്യാനരീതിയാണ് സൊഖുറോവ് ' ഫ്രാങ്കോഫോണിയ
' യില്‍ അവലംബിക്കുന്നത്. കലയുടെ സംരക്ഷണവും പരിപോഷണവും മാത്രമല്ല ചരിത്രവും അധികാരവുമെല്ലാം
ഈ സിനിമ ചര്‍ച്ച ചെയ്യുന്നു. റഷ്യന്‍ ജനത ഒരിക്കലും മറക്കാത്ത ലെനിന്‍ഗ്രാഡ് ഉപരോധത്തിന്റെ
കയ്പ്പുള്ള ഓര്‍മകളും സൊഖുറോവ് സാന്ദര്‍ഭികമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. (
872 ദിവസത്തെ ഉപരോധത്തിലൂടെ ലെനിന്‍ഗ്രാഡ് നഗരത്തിലെ ഏഴു ലക്ഷം പേരെയാണ് നാസികള്‍ പട്ടിണിക്കിട്ട്
കൊന്നത് ). ഫ്രാങ്കോഫോണിയയില്‍ നിരവധി സ്റ്റോക്ക് ഷോട്ടുകളും നിശ്ചല ദൃശ്യങ്ങളും പെയിന്റിങ്ങുകളും
സൊഖുറോവ് ഉപയോഗിക്കുന്നുണ്ട്. ' മൊളോഖ് ' എന്ന തന്റെ ആദ്യകാല സിനിമയിലൂടെ ഹിറ്റ്‌ലറുടെ
മനുഷ്യത്വ വിരുദ്ധ നിലപാടുകളെയും പ്രണയ ചാപല്യങ്ങളെയും കണക്കറ്റ് പരിഹസിച്ച ചലച്ചിത്രകാരനാണ്്
സൊഖുറോവ്.
ഫ്രാങ്കോഫോണിയയില്‍ കലാസംരക്ഷകനെന്ന ഏകാധിപതിയുടെ
നാട്യങ്ങളെയും അദ്ദേഹം നിശിത വിമര്‍ശനത്തിനു വിധേയമാക്കുന്നു. കാഴ്ച്ചക്കുള്ള വെറുമൊരു
കെട്ടിടമല്ല, ലോക പൈതൃകത്തിന്റെ സംരക്ഷണക്കോട്ടയാണ് ലൂവ്‌റ് എന്നദ്ദേഹം വിശ്യസിക്കുന്നു.
' ഹെര്‍മിറ്റേജ് മ്യൂസിയമില്ലാത്ത റഷ്യയെപ്പോലെ ലൂവ്‌റില്ലാത്ത ഫ്രാന്‍സിനെ ആര്‍ക്കു
വേണം ' എന്നാണ് സൊഖുറോവ് ലോകത്തോട് ചോദിക്കുന്നത്.
സൊഖുറോവിന് സിനിമ സാംസ്‌കാരിക പ്രവര്‍ത്തനം
മാത്രമല്ല. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. ഭാവിയിലുണ്ടായേക്കാവുന്ന അപകടങ്ങള്‍
നേരിടാന്‍ നമ്മള്‍ പ്രാപ്തരാകുന്നത് ഭൂതകാല ചരിത്രത്തിലേക്കും ചെറുത്തുനില്‍പ്പിലേക്കും
തിരിഞ്ഞുനോക്കുമ്പോഴാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എഡിറ്റിങ്ങില്ലാതെ, ഒറ്റ ഷോട്ടില്‍
ചിത്രീകരിച്ച ' റഷ്യന്‍ ആര്‍ക്ക് ' എന്ന തൊണ്ണൂറു മിനിറ്റ് ചിത്രത്തില്‍ യൂറോപ്യന്‍
എന്ന കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട് : ' എല്ലാവര്‍ക്കും ഭാവിയെ ദര്‍ശിക്കാനാവും. പക്ഷേ,
ആരും ഭൂതകാലം ഓര്‍ക്കാറില്ല '. സൊഖുറോവിന്റെ സാമൂഹിക , രാഷ്ട്രീയ വീക്ഷണത്തിന് അടിവരയിടുന്നുണ്ട്
ഈ വാക്കുകള്‍.
( 2017 ല്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
)
- [Movie still from 2015 American movie Women in Gold]. Retrieved from https://www.imdb.com/title/tt2404425/mediaviewer/rm1809117440
- [Movie poster from 2014 American movie The Monuments Men]. Retrieved from https://www.imdb.com/title/tt2177771/mediaviewer/rm1660815872
- [Movie poster from 2015 French movie Francofonia]. Retrieved from https://www.imdb.com/title/tt3451720/mediaviewer/rm3016127488
0 Comments