Ship of Theseus

 


സ്വത്വാന്വേഷണം

 - ടി. സുരേഷ് ബാബു

 2013 ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 'ഷിപ്പ് ഓഫ് തീസിയുസി' നെപ്പറ്റി 

കുട്ടിക്കാലത്തു മാന്ത്രികനാകാനായിരുന്നു ആനന്ദ് ഗാന്ധിക്കു മോഹം. പിന്നീട് ഭൗതികശാസ്ത്രജ്ഞനാകണമെന്നായി. അവിടെയും നിന്നില്ല. തത്വചിന്തയോടായി പിന്നത്തെ ഭ്രമം. കോളേജ് വിദ്യാഭ്യാസം അപൂര്‍ണമായി അവസാനിപ്പിച്ച ആനന്ദ് ഒടുവില്‍ എത്തിപ്പെട്ടതു സിനിമയില്‍. ഇതിന് അദ്ദേഹത്തിനു പറയാന്‍ ന്യായമുണ്ട്. ഒരേസമയം മാന്ത്രികനും തത്വചിന്തകനും എഴുത്തുകാരനും നടനുമെല്ലാം ആകാന്‍ പറ്റുന്നതു ചലച്ചിത്രകാരനാണ് എന്നാണ് ആനന്ദിന്റെ വാദം. തന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രത്തിലൂടെത്തന്നെ സിനിമാലോകത്തിന്റെ പ്രതീക്ഷയായി മാറി ആനന്ദ് ഗാന്ധി. ഷിപ്പ് ഓഫ് തീസിയുസ്  ( Ship of Thesues )  എന്ന ഹിന്ദിസിനിമയില്‍ ഇരുത്തം വന്ന ഒരെഴുത്തുകാരനുണ്ട്. ജീവിതത്തെക്കുറിച്ച്, അതിന്റെ മൂല്യത്തെയും നിരര്‍ഥകതയെയും കുറിച്ച് ആലോചിക്കുന്ന ഒരു തത്വചിന്തകനുണ്ട്. എല്ലാറ്റിനുമുപരി, സിനിമയെന്ന മാധ്യമത്തെ തന്റെ ചിന്താധാരകളിലൂടെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ഒരു മാന്ത്രികന്റെ സാന്നിധ്യവുമുണ്ട് ഈ സിനിമയില്‍.


പ്ലൂട്ടാര്‍ക്കിന്റെ ചിന്ത

സ്വത്വ ( Identity ) ത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിപരീതത്വമാണ് തീസിയുസിന്റെ കപ്പല്‍. തീസിയുസിന്റെ പാരഡോക്സ് എന്നും ഇതറിയപ്പെടുന്നു. ( ഒരു ഗ്രീക്ക് ഇതിഹാസ കഥാപാത്രമാണു തീസിയുസ് ) . ഗ്രീക്ക് ചിന്തകനായ പ്ലൂട്ടാര്‍ക്കാണ് ഈ വിപരീതപ്രസ്താവം ആദ്യം രേഖപ്പെടുത്തിയത്. ഒരു കപ്പലിന്റെ ദ്രവിച്ച പലകകളെല്ലാം മാറ്റി പുതിയവ വെച്ചാല്‍ ആ കപ്പല്‍ പഴയ കപ്പല്‍ തന്നെയാകുമോ അതോ പുതിയ കപ്പലാകുമോ എന്ന ദാര്‍ശനിക സമസ്യയാണു പ്ലൂട്ടാര്‍ക്ക് ഉയര്‍ത്തി വിട്ടത്. ഈ ആശയത്തിന്റെ പിന്‍ബലത്തിലാണ് ആനന്ദ് ഗാന്ധി ഷിപ്പ് ഓഫ് തീസിയുസ് രൂപപ്പെടുത്തിയത്. അവയവങ്ങള്‍ മാറ്റിവെക്കേണ്ടിവരുന്ന മൂന്നു കഥാപാത്രങ്ങള്‍ നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധിയാണു സിനിമ രേഖപ്പെടുത്തുന്നത് എന്നു പറയാം. മറ്റൊരാളുടെ അവയവം സ്വീകരിക്കുന്നയാള്‍ക്കു പഴയ അതേ വ്യക്തിയായി തുടരാനാവുമോ അതോ അയാള്‍ പുതിയ ആളായി മാറുമോ എന്ന സന്ദേഹമാണു സിനിമ ഉയര്‍ത്തുന്നത്. പലതരം ആശയ , വ്യാഖ്യാന തലങ്ങളിലേക്കു പ്രേക്ഷകനെ ആനയിക്കുന്ന ഒരു പ്രമേയമാണ് ആനന്ദ് ഗാന്ധി ഈ സിനിമയില്‍ അവലംബിച്ചിരിക്കുന്നത്.

പരീക്ഷണ നാടകങ്ങളിലാണ് ആനന്ദിന്റെ കലാപ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നെ, ഹ്രസ്വചിത്ര സംവിധായകനായി. സോപ്പ് ഓപ്പറകളുടെ തിരക്കഥാകൃത്തായി. ആദ്യത്തെ ഹ്രസ്വചിത്രമായ റൈറ്റ് ഹിയര്‍ റൈറ്റ് നൗ' ( Right here right now ) അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട് ഈ ചിത്രം. 2013 ല്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഷിപ്പ് ഓഫ് തീസിയുസ് ആണു നേടിയത്. ആം ആദ്മി പാര്‍ട്ടിയുടെ ഉദയം ആധാരമാക്കിയെടുത്ത ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍ ( An Insignificant Man ) എന്ന സാമൂഹിക, രാഷ്ട്രീയ ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖുഷ്ബൂ രംഗ, വിനയ് ശുക്ല എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിയുടെ നിര്‍മാണത്തില്‍ ആനന്ദും പങ്കാളിയായി. സംവിധായകര്‍ തന്നെയാണു മറ്റു രണ്ടു നിര്‍മാതാക്കള്‍. ഹെലികോപ്റ്റര്‍ ഈള ( 2018 ) എന്ന കഥാചിത്രത്തിന്റെ സഹ എഴുത്തുകാരനായ ആനന്ദ് അക്കൊല്ലം തന്നെ തംബാഡ് എന്ന മറ്റൊരു കഥാചിത്രത്തിന്റെ തിരക്കഥാകൃത്തും ക്രിയേറ്റീവ് ഡയരക്ടറുമായിരുന്നു.

മുംബൈ നഗരത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ടാണ് ആനന്ദ് ഗാന്ധി ഷിപ്പ് ഓഫ് തീസിയുസ് രൂപപ്പെടുത്തിയത്. മുംബൈ പശ്ചാത്തലമാകുമ്പോഴും ഇത് ആ നഗരജീവിതത്തിന്റെ കഥയായി മാറുന്നില്ല. കഥാപാത്രങ്ങള്‍ക്കു നിലയുറപ്പിച്ചു നില്‍ക്കാനുള്ള തറയായി മാത്രമേ നഗരത്തെ കാണാനാവൂ. മൂന്നു കഥാഖണ്ഡങ്ങളായാണു സിനിമയുടെ ഘടന. മൂന്നു കഥകള്‍. മൂന്നു വ്യത്യസ്ത അന്തരീക്ഷം. ഇവയില്‍ മൂന്നു പ്രധാന കഥാപാത്രങ്ങള്‍. പരസ്പരം പരിചയമോ അടുപ്പമോ ഇല്ലെങ്കിലും ആശയതലത്തില്‍ അവര്‍ക്കു അടുപ്പമുണ്ട്. ഒടുവില്‍, മൂന്നു കഥാപാത്രങ്ങളും പരസ്പരമറിയാതെ ഒരുമിച്ച്, ഒരിടത്ത് ഒത്തുചേരുന്നു.



ഒറ്റയ്ക്കു നില്‍ക്കുന്ന കഥകള്‍

വ്യത്യസ്തത പുലര്‍ത്തുന്ന മൂന്നു കഥകളാണു സംവിധായകന്‍ പറയുന്നത്. മൂന്നിനും ഒറ്റയ്ക്കു നില്‍ക്കാനുള്ള ശേഷിയുണ്ട്. എങ്കിലും, ഇതിവൃത്തത്തിന്റെ ഒഴുക്ക് ഒരേ ദിശയിലേക്കാണ്. ഒരേ ആശയത്തിലേക്കാണ്. തത്വചിന്താപരമായ യാത്രയാണു തന്റേതെന്ന് സംവിധായകന്‍ പറയുന്നു. സത്യം, ശിവം, സുന്ദരം എന്ന ദാര്‍ശനികതലത്തിലാണ് ആനന്ദ് ഗാന്ധിയുടെ ഊന്നല്‍. സത്യവും  ധര്‍മനീതിയും സൗന്ദര്യവും അന്വേഷിച്ചുള്ള യാത്രയാണത്. കഥാപാത്രങ്ങളിലൂടെ അതു സാക്ഷാത്കരിക്കാനാണു ശ്രമം. മൂന്നു കഥാപാത്രങ്ങളിലും വെച്ച് അദ്ദേഹത്തിനു കൂടുതല്‍ ചായ്വ് രണ്ടാമത്തെ ഖണ്ഡത്തിലെ ജൈനസന്യാസിയോടാണ്. സംവിധായകന്റെ ആരാധ്യപുരുഷന്മാരുടെ സങ്കലനമാണു മൈത്രേയന്‍ എന്ന സന്യാസി. മഹാത്മാ ഗാന്ധിയും ജൈനചിന്തകന്‍ ശ്രീമദ് രാജചന്ദ്രയും ആക്ടിവിസ്റ്റ് അഭയ് മേത്തയും പരിസ്ഥിതിവാദി സതീഷ്‌കുമാറും പിന്നെ തന്റെ ഒരു ഭാഗവും ചേര്‍ന്നതാണു മൈത്രേയന്‍ എന്നു ആനന്ദ് ഗാന്ധി സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തേക്കു തുറന്നുനോക്കുന്ന ഒരു കണ്ണിന്റെ സമീപദൃശ്യത്തിലാണു സിനിമയുടെ തുടക്കം. അലിയ എന്ന അന്ധയായ ഫോട്ടോഗ്രാഫറെയും സുഹൃത്തിനെയുമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. നേത്രപടലത്തില്‍ പഴുപ്പു വന്നു കാഴ്ചശക്തി നഷ്ടമായപ്പോഴാണ് അലിയ എന്ന ഇറാനിയന്‍ യുവതി ചിത്രമെടുപ്പിലേക്കു തിരിഞ്ഞത്. വര്‍ണങ്ങളെ അവള്‍ അകറ്റി നിര്‍ത്തുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളേ അവള്‍ എടുക്കുന്നുള്ളു. ശബ്ദമാണവളെ പിടിച്ചുനിര്‍ത്തുന്നത്. ആ ശബ്ദത്തില്‍ നിന്നാണ് അവള്‍ ഒരു ദൃശ്യം പിടിച്ചെടുക്കുന്നത്. അതില്‍ നഗരത്തിലെയും ചേരികളിലെയും ജീവിതസ്പന്ദനങ്ങളുണ്ട്. ചിത്രങ്ങളില്‍ തൊട്ടുനോക്കി അവള്‍ അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. രേഖപ്പെടുത്തി, സൂക്ഷിച്ചുവെച്ച്, പിന്നെ ഓര്‍മകളാക്കി മാറ്റാനാണ് അവള്‍ ഫോട്ടോഗ്രഫിയില്‍ അഭയം തേടിയത്. അവളെ പ്രോത്സാഹിപ്പിക്കാന്‍ എപ്പോഴും കൂട്ടുകാരന്‍ വിനയ് അടുത്തുണ്ട്. എങ്കിലും, അവന്‍ രക്ഷാകര്‍ത്താവായി ചമയുന്നത് അവള്‍ക്കിഷ്ടമല്ല. തന്റെ ചിത്രങ്ങളെ ആരും പുകഴ്ത്തുന്നതും അലിയ ഇഷ്ടപ്പെടുന്നില്ല. വങ്കത്തരം നിറഞ്ഞ ഓപ്പറകള്‍ കണ്ട് സമയം പോക്കുന്ന ജനങ്ങള്‍ മതത്തിന്റെയും ആശയങ്ങളുടെയും പേരില്‍ പോരടിക്കുകയാണെന്നു അലിയ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവര്‍ തന്റെ ചിത്രങ്ങളെ വിലയിരുത്തേണ്ടെന്ന് അവള്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെ വീണ്ടും കാഴ്ച കിട്ടുമ്പോള്‍ അവള്‍ മറ്റൊരാളായി മാറുന്നു. ശബ്ദവും കാഴ്ചയും അവളെ അമ്പരപ്പിക്കുന്നു. അവളുടെ ജീവിതത്തിലും ചിത്രങ്ങളിലും വര്‍ണങ്ങള്‍ തിരിച്ചെത്തുന്നു. എന്നിട്ടും അവള്‍ തൃപ്തയാണോ? അല്ലെന്നാണു സംവിധായകന്‍ നമ്മളോട് പറയുന്നത്. കണ്ണു മാറ്റിവെച്ചതിലൂടെ കിട്ടിയ കാഴ്ചയുടെ അനുഗ്രഹം അപൂര്‍ണമാണെന്ന് അവള്‍ വിശ്വസിക്കുന്നു. പലപ്പോഴും കറുത്ത തുണി കണ്ണില്‍ക്കെട്ടി അവള്‍ സ്വയം ഇരുട്ടുണ്ടാക്കുന്നു. പ്രചോദനം കിട്ടാന്‍ മറ്റെവിടെയെങ്കിലും പോകണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. മഞ്ഞുവീഴുന്ന താഴ്വരയില്‍, ക്യാമറയുമായി ആഹ്ലാദവതിയായി ഇരിക്കുന്ന അലിയയെയാണ് അവസാനദൃശ്യത്തില്‍ നമ്മള്‍ കാണുന്നത്. ഒരു മരപ്പാലത്തില്‍ കാലുകള്‍ തൂക്കിയിട്ടിരുന്നു പ്രകൃതിദൃശ്യം ആസ്വദിക്കുകയാണവള്‍. നീലാകാശവും മലയും മഞ്ഞും അരുവിയും അവള്‍ക്കു ചുറ്റും പുതുലോകം തുറന്നിടുന്നു. ജീവിതം പകര്‍ത്തിയ തന്റെ ക്യാമറയുടെ ലെന്‍സ് മൂടുന്ന അടപ്പ് കുത്തിയൊഴുകുന്ന വെള്ളത്തില്‍ വീഴുന്നിടത്തു അലിയയുടെ കഥ അവസാനിക്കുന്നു.



ഇതു ചെറു ജീവജാലങ്ങളുടെയും ലോകം

മഴയും ഇടിയുമുള്ള ഒരു രാത്രിയിലാണു രണ്ടാമത്തെ ഖണ്ഡത്തിനു തുടക്കം. ഇതിലെ നായകന്‍ ലോകനന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ജൈനസന്യാസി മൈത്രേയനാണ്. ഈ ലോകം മനുഷ്യര്‍ക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചെറിയ ജീവജാലങ്ങള്‍ക്കുപോലും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. മൃഗങ്ങളില്‍ മരുന്നുപരീക്ഷണം നടത്തുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുന്നത് അഹിംസാവാദിയായ ഈ സന്യാസിയാണ്. പരീക്ഷണശാലകളില്‍ വൃത്തിഹീനമായ കൂടുകളിലിട്ട് മൃഗങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതില്‍ അദ്ദേഹം വേദനിക്കുന്നു. അവയ്ക്കുമുണ്ട് മനുഷ്യന്റേതുപോലെ ജീവിക്കാനുള്ള അവകാശം. ഇവിടെ സ്രഷ്ടാവോ സംഹാരകനോ ഇല്ല, ആത്യന്തിക വിധികര്‍ത്താവുമില്ല എന്നാണു മൈത്രേയന്‍ വിശ്വസിക്കുന്നത്. ഓരോരുത്തന്റെയും കര്‍മങ്ങളുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം അവനവനു മാത്രമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു. 

ഹൈക്കോടതിയിലെ തന്റെ കേസിന്റെ വാദം കേള്‍ക്കാന്‍ നഗരത്തിലൂടെ മഴയത്തു നഗ്നപാദനായി സഞ്ചരിക്കുന്ന മൈത്രേയനെയാണു നമ്മളാദ്യം കാണുന്നത്. ജീവിതത്തില്‍ നിന്നും മരണത്തില്‍ നിന്നും യഥാര്‍ഥമോചനം നേടി മോക്ഷം പ്രാപിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കരള്‍വീക്കം വന്നിട്ടും രോഗശാന്തിക്കായി മരുന്നു കഴിക്കാന്‍ വിസമ്മതിക്കുന്നു അദ്ദേഹം. ഈ ചിന്താഗതിയില്‍ നിന്നു ഭിന്നനായ യുവസുഹൃത്ത്  ചാര്‍വാകന്‍ എന്ന വക്കീലിനെയാണു പിന്നെ നമ്മള്‍ പരിചയപ്പെടുന്നത്. മരുന്നു കഴിക്കാതെ സ്വന്തം ശരീരത്തെ എന്തിനു സ്വയം പീഡിപ്പിക്കണം എന്നതാണു മൈത്രേയനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ ചാര്‍വാകന്റെ ചോദ്യം. ചികിത്സ വേണ്ടെന്നുവെച്ച് ഉപവാസത്തിലൂടെ നിര്‍വാണം പൂകാനുള്ള മൈത്രേയന്റെ ശ്രമം പരാജയപ്പെടുകയാണ്. മൃതപ്രായനായി കിടക്കുമ്പോള്‍ ഒരു വയോധികന്‍ വന്ന്  '  യഥാര്‍ഥത്തില്‍ നമുക്ക് ആത്മാവുണ്ടോ ' എന്നു ചോദിക്കുമ്പോള്‍ ' എനിക്കറിഞ്ഞൂടാ ' എന്നാണ് മൈത്രേയന്‍ നല്‍കുന്ന മറുപടി. മോക്ഷം നേടാന്‍ താന്‍ പ്രാപ്തനായിട്ടില്ലെന്ന് അദ്ദേഹത്തിനു സ്വയം ബോധ്യപ്പെടുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു കീഴടങ്ങാനാണ് അദ്ദേഹം ഒടുവില്‍ തീരുമാനിക്കുന്നത്.

സന്തോഷവും സഹാനുഭൂതിയും

വൃക്ക മാറ്റിവെക്കലിനു വിധേയനായ നവീന്‍ എന്ന ഓഹരി ദല്ലാളാണ് അവസാന ഖണ്ഡത്തിലെ പ്രധാന കഥാപാത്രം. പണത്തില്‍ മാത്രമേ അയാള്‍ക്കു താല്‍പ്പര്യമുള്ളൂ. എന്നാല്‍, അയാളുടെ മുത്തശ്ശി അങ്ങനെയല്ല. ആക്ടിവിസ്റ്റായ അവര്‍ പേരക്കുട്ടിയുടെ പണക്കൊതിയെ കണക്കിനു വിമര്‍ശിക്കുന്നു. ജീവിതത്തില്‍ ആകെ വേണ്ടതു സന്തോഷവും സഹാനുഭൂതിയുമാണെന്നാണ് അവരുടെ വാദം. നമ്മുടെ ജീവിതം കൊണ്ട് സമൂഹത്തിന് എന്തെങ്കിലുമൊരു പ്രയോജനം വേണം. എങ്കിലേ അതു ജീവിതമാകുന്നുള്ളൂ. അടിമത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടിയ മൂന്നു തലമുറയുടെ പ്രതിനിധിയാണു താനെന്ന് ആ വയോധിക അഭിമാനം കൊള്ളുന്നു. ഈ പോരാട്ടങ്ങളൊക്കെ നടത്തിയത് തന്റെ പേരക്കുട്ടി അമേരിക്കക്കാരന്റെ അടിമയായി മാറുന്നതു കാണാനായിരുന്നോ എന്ന് അവര്‍ സങ്കടപ്പെടുന്നു. മുത്തശ്ശിയുടെ വാദഗതികളെ അസഹിഷ്ണുതയോടെ തള്ളുകയാണു നവീന്‍. എങ്കിലും, അയാളിലും സഹാനുഭൂതിയുടെ അംശമുണ്ടെന്നു പിന്നീടുള്ള കഥാഗതിയില്‍ വ്യക്തമാകുന്നു. മാറുന്ന സാഹചര്യത്തില്‍ താനറിയാതെ സ്വയം അയാള്‍ ആക്ടിവിസ്റ്റായി മാറുകയാണ്. വൃക്കദാനത്തിലൂടെ വഞ്ചിക്കപ്പെട്ട ശങ്കറെന്ന തൊഴിലാളിയുടെ പ്രശ്നം നവീന്‍ പരപ്രേരണയൊന്നുമില്ലാതെ ഏറ്റെടുക്കുന്നു. വൃക്ക സ്വീകരിച്ച വിദേശിയെ നിയമനടപടികളിലൂടെ മുട്ടുകുത്തിക്കാമെന്നു നവീന്‍ പറയുമ്പോള്‍ പക്ഷേ, ശങ്കര്‍ എതിര്‍ക്കുന്നു. നീണ്ടുനീണ്ടുപോകുന്ന നിയമപ്പോരാട്ടത്തിലൂടെ നീതി തേടി ജീവിതം തുലയ്ക്കാന്‍ താനില്ലെന്ന് അയാള്‍ പറയുമ്പോള്‍ ആനന്ദ് ഗാന്ധി വിരല്‍ ചൂണ്ടുന്നതു നമ്മുടെ നിയമവ്യവസ്ഥയുടെ പോരായ്മയിലേക്കുകൂടിയാണ്.

പ്രത്യാശയുടെ വെളിച്ചം

പ്രത്യാശയുടെ ലോകത്തേക്കു വെളിച്ചം തുറന്നിട്ടുകൊണ്ടാണ് ആനന്ദ് ഗാന്ധി സിനിമ അവസാനിപ്പിക്കുന്നത്. തെളിഞ്ഞ, വിശാലമായ നീലാകാശവും വെളിച്ചത്തിന്റെ സമൃദ്ധിയും മുമ്പുള്ള പല രംഗങ്ങളിലും ആവര്‍ത്തിക്കുന്നതു കാണാം. അവയവദാനത്തിന്റെ മഹത്വം പ്രഘോഷിക്കാന്‍ സംവിധായകന്‍ മടിക്കുന്നില്ല. ഒരാളുടെ എട്ട് അവയവങ്ങള്‍ സ്വീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ ഒരു ഹാളില്‍ ഒരുമിച്ചുകൂടി വിഡിയോ കാണുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എല്ലാവരുടെയും അവയവങ്ങള്‍ ദാനം ചെയ്തത് ഒരു ചെറുപ്പക്കാരനാണ്. ഒരപകടത്തില്‍ തലയ്‌ക്കേറ്റ പരിക്കാണ് അവനെ മരണത്തിലെത്തിച്ചത്. ഗുഹാ പര്യവേഷണമായിരുന്നു അവന്റെ ഹോബി. ഗുഹകളില്‍ അന്വേഷകനായെത്തി അവനെടുത്ത ഒരു വിഡിയോയാണ് ഒരു സന്നദ്ധ സംഘടന അന്നവിടെ പ്രദര്‍ശിപ്പിക്കുന്നത്. ചെറുപ്പക്കാരന്റെ ഹൃദയം സ്വീകരിച്ചയാള്‍ മാത്രം വന്നിട്ടില്ല. അണുബാധ ബുദ്ധിമുട്ടിക്കുന്നതിനാലാണ് അയാള്‍ വരാതിരുന്നത്. മൈത്രേയന്‍, ഒരു പെണ്‍കുട്ടി, ഒരു യുവതി, പ്രായം തോന്നിക്കുന്ന ഒരാള്‍, ഒരു കറുത്ത വര്‍ഗക്കാരന്‍, നവീന്‍, ആദ്യഖണ്ഡത്തിലെ വനിതാ ഫോട്ടോഗ്രാഫര്‍ - അവയവം മാറ്റിവെക്കപ്പെട്ട ബാക്കിയെല്ലാവരും എത്തിയിട്ടുണ്ട്. ഒരാളുടെതന്നെ പല ഭാഗങ്ങളാണ് അവരിലുള്ളത്. എങ്കിലും, അവരെല്ലാം ചേര്‍ന്നാലും അവയവം നല്‍കിയ അയാളാകുമോ ? ഇവിടെയാണ് ഉത്തരം കിട്ടാത്ത ചോദ്യമുയരുന്നത്. അലിയയെയും മൈത്രേയനെയും നവീനെയും നമ്മള്‍ ഒരുമിച്ചു കാണുന്നതു സിനിമയിലെ ഈ അവസാനദൃശ്യങ്ങളിലാണ്.

നമ്മുടെ ജീവിത, നിയമ, സാമൂഹികാവസ്ഥകളെ നിശിതമായി ചോദ്യംചെയ്യുന്നുണ്ട് സംവിധായകന്‍. കോടതിയിലെ വിതണ്ഡവാദങ്ങളും മൈത്രേയനും ചാര്‍വാകനും തമ്മിലുള്ള ചര്‍ച്ചയുമൊക്കെ അദ്ദേഹം അതിരുവിടാതെ, സൂക്ഷ്മതയോടെയാണു അവതരിപ്പിക്കുന്നത്. തന്റെ കാഴ്ചപ്പാടുകളെ കഥാപാത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നതില്‍ അസാധാരണ വിജയമാണ് ആനന്ദ് ഗാന്ധി നേടിയിരിക്കുന്നത്. ഏതു സമയത്തും ബോറടിയിലേക്കു വീഴാവുന്നതാണു സിനിമയിലെ മിക്ക കഥാസന്ദര്‍ഭങ്ങളും. അവിടെയൊക്കെ അതിരുകടക്കാതെ, തിരക്കഥയെ കൃത്യമായി നിയന്ത്രിക്കുന്നുണ്ട് ആനന്ദ്. താത്വിക ചര്‍ച്ചകളൊക്കെ കഥയുടെ സ്വാഭാവികമായ ഒഴുക്കിന്റെ ഭാഗമായി വന്നുചേരുകയാണ്. കഥാപാത്രങ്ങള്‍ക്കു മൈത്രേയന്‍, ചാര്‍വാകന്‍, നവീന്‍ എന്നീ പേരുകളിട്ടതില്‍പ്പോലും ഔചിത്യവും സൂക്ഷ്മശ്രദ്ധയും പ്രകടമാണ്.

തന്റെ കഥാപാത്രങ്ങളെ മുംബൈ നഗരപശ്ചാത്തലത്തില്‍ കൊണ്ടുവന്നതിന് ആനന്ദിന് മറുപടിയുണ്ട്. ജൈനഭിക്ഷുവും അന്ധയായ ഫോട്ടോഗ്രാഫറും ഓഹരി ദല്ലാളുമൊന്നും ഈ ലോകത്തിനു പുറത്തുനില്‍ക്കുന്നവരല്ല. മുംബൈ പോലുള്ള നഗരത്തില്‍ അവരെക്കാണാം. അവരെല്ലാം ഇവിടെയെവിടെയോ നമുക്കു ചുറ്റുമുണ്ട് - സംവിധായകന്‍ പറയുന്നു.

    Image courtesy:

 

 

Post a Comment

1 Comments