ഈയിടെ, എഴുപത്തിയെട്ടാം വയസ്സില്‍ അന്തരിച്ച സുമിത്ര ഭാവെ എന്ന മറാത്തി സംവിധായിക സുനില്‍ സുഖ്ധങ്കറുമൊത്തു ചേര്‍ന്നു സംവിധാനം ചെയ്തത് 17 ഫീച്ചര്‍ സിനിമകളാണ്. 2016 ല്‍ മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ' കാസവ് ' എന്ന മറാത്തി സിനിമ ഈ സംവിധായകരുടെ കൂട്ടുകെട്ടില്‍ പിറന്നതാണ്.
മാനവികതയുടെ ചലച്ചിത്രകാരി
മൂന്നു വ്യത്യസ്ത സിനിമാ പ്രോജക്ടുകള്‍ മനസ്സില്‍ കരുതിവെച്ചാണു സുമിത്ര ഭാവെ എഴുപത്തിയെട്ടാം വയസ്സില്‍ 2021 ഏപ്രിലില്‍ വിട പറഞ്ഞത്. 30 വര്‍ഷം സുമിത്രയുമൊരുമിച്ചു സിനിമകള്‍ സംവിധാനം ചെയ്ത സുനില്‍ സുഖ്ധങ്കറിനു ഇക്കാര്യമറിയാം. ഈ മൂന്നു സിനിമകളുടെയും തിരക്കഥകള്‍ തയാറാക്കിവെച്ചിട്ടാണു സുമിത്ര ജീവിതത്തില്‍ നിന്നു മടങ്ങിയത്. എഴുത്തുകാരിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായിരുന്ന സുമിത്ര ഭാവെയ്ക്കു കലയോടും സിനിമയോടുമുള്ള പ്രതിബദ്ധതയും പ്രണയവും അനന്യമായിരുന്നു എന്നു സുഖ്ധങ്കര്‍ വേദനയോടെ ഓര്‍ക്കുന്നു.
സാമൂഹിക പ്രാധാന്യമുള്ള , നല്ല കാമ്പുള്ള സിനിമകളാണു സുമിത്ര എടുത്തിരുന്നത്. മറ്റു പല സിനിമക്കാരെയും പോലെ സ്വപ്‌നലോകത്തായിരുന്നില്ല അവരുടെ വാസം. തന്റെ ചുറ്റിലും എന്താണു നടക്കുന്നതെന്നു അവര്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നു. പ്രശ്‌നങ്ങളില്‍ ഏതു പക്ഷത്തു നില്‍ക്കണമെന്നും അവര്‍ക്കറിയാമായിരുന്നു. തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അവര്‍ ഒരുകാലത്തും തയാറായിരുന്നില്ല. സുമിത്രയുടെ സിനിമകള്‍ സാമൂഹിക മാറ്റത്തിനു ഉള്‍പ്രേരണ നല്‍കുന്നവയായിരുന്നു. സിനിമ മാനവികതയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നവയായിരിക്കണമെന്നു അവരാഗ്രഹിച്ചു. അവര്‍ അതിനുവേണ്ടി നിലകൊള്ളുകയും അതു തന്റെ സിനിമകളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തനവും സിനിമയും
സാമൂഹിക പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത കരുത്താണു സുമിത്രയുടെ സിനിമാവഴിയില്‍ വെളിച്ചമായിത്തീര്‍ന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നില്ല അവരുടെ ജനനം. 1943 ല്‍ പുണെയില്‍ ജനിച്ച സുമിത്ര ഫര്‍ഗൂസന്‍ കോളേജില്‍ നിന്നു ബിരുദവും മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നു സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും നേടി. ഡല്‍ഹി ആകാശവാണിയില്‍ മറാത്തി വാര്‍ത്താ വായനക്കാരിയായിരുന്നു. ഒട്ടേറെ സോഷ്യല്‍ റിസര്‍ച്ച് പ്രോജക്ടുകളില്‍ സുമിത്ര ഭാവെ പങ്കാളിയായി. 1985 ലാണു അവര്‍ സിനിമയെ തന്റെ ആശയ പ്രചരണ മാധ്യമമായി തിരഞ്ഞെടുത്തത്. നാടക സംവിധായകനും ഗാനരചയിതാവുമായ സുനില്‍ സുഖ്ധങ്കറെയും ഒപ്പം കൂട്ടി. ഇരുവരും ചേര്‍ന്നു മറാത്തിയിലും ഹിന്ദിയിലുമായി 17 ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്തു. അമ്പതോളം ഹ്രസ്വ ചിത്രങ്ങളും നാലു ടി.വി. പരമ്പരകളും ചെയ്തു. എല്ലാറ്റിന്റെയും കഥയും തിരക്കഥയും സുമിത്ര തയാറാക്കി. ചില ചിത്രങ്ങള്‍ക്കു പാട്ടെഴുതിയത് സുഖ്ധങ്കറായിരുന്നു.
സിനിമയിലെത്തുംമുമ്പു സുമിത്ര ഭാവെ സാമൂഹിക പ്രവര്‍ത്തകയായിരുന്നു. ' സ്ത്രീവാണി ' എന്ന ഗവേഷണ ഏജന്‍സിയുടെ മേധാവിയുമായിരുന്നു. 1985 ലാണു അവര്‍ സംവിധാനത്തിലേക്കു കടന്നത്. ആദ്യകാലത്തെ ചില ഹ്രസ്വ ചിത്രങ്ങള്‍ തനിച്ചാണു സംവിധാനം ചെയ്തത്. ( 1992 നു ശേഷമാണു സുനില്‍ സുഖ്ധങ്കര്‍ കൂടെച്ചേര്‍ന്നത് ). അവയില്‍ ബായ് ( 1985 ), പാനി ( 1987 ) എന്നിവ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ചേരിപ്രദേശത്തെ ജീവിതത്തില്‍ ഒഴുക്കിനെതിരെ നീന്തി കരുത്തു തെളിയിച്ച ഒരു വനിതയുടെ കഥ പറഞ്ഞ ' ബായി ' ക്കു കുടുംബക്ഷേമം വിഷയമാക്കിയ മികച്ച കഥേതരചിത്രത്തിനുള്ള ദേശീയ ബഹുമതിയാണു ലഭിച്ചത്.
നിരക്ഷരരുടെ മാധ്യമം
ഗവേഷണ പദ്ധതികളുടെ ഭാഗമായാണു സുമിത്ര ഭാവെ ആദ്യകാലത്തു സിനിമയെടുത്തിരുന്നത്. നിരക്ഷരരായ സ്ത്രീകളെ സിനിമയെന്ന മാധ്യമത്തിലൂടെ മാത്രമേ ബോധവത്കരിക്കാനാവൂ എന്ന തിരിച്ചറിവില്‍ നിന്നാണു അവര്‍ സംവിധാനത്തിലേക്കു തിരിഞ്ഞത്. ' പാനി ' യുടെ ചിത്രീകരണത്തിനായി അവര്‍ രണ്ടു മാസം ചേരികളിലാണു കഴിഞ്ഞത്. ' പാനി ' തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചില്ല. ചേരികളില്‍ മാത്രം പ്രദര്‍ശിപ്പിച്ചു. ഇതിനു സന്നദ്ധ സംഘടനകള്‍ സഹായിച്ചു.
സുമിത്ര ഭാവെ - സുനില്‍ സുഖ്ധങ്കര്‍ കൂട്ടുകെട്ടിനു സിനിമ വിനോദോപാധിയായിരുന്നില്ല. സമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ ഈ മാധ്യമത്തിനാവും എന്നവര്‍ വിശ്വസിച്ചിരുന്നു. സമൂഹം ചര്‍ച്ച ചെയ്യുന്നതും ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയങ്ങള്‍ അവര്‍ ഇതിവൃത്തമാക്കി. തങ്ങളുടേതു മുഖ്യധാരാ സിനിമയാണെന്നു പറയുമ്പോഴും കമേഴ്യസ്യല്‍ വിജയത്തിനാധാരമായ ചേരുവകളെ അവര്‍ തിരസ്‌കരിച്ചിരുന്നു. തങ്ങളുടെ സിനിമകള്‍ക്കെല്ലാം സാമൂഹികവും സാംസ്‌കാരികവുമായ അടിത്തറയുണ്ടെന്നു അവര്‍ അഭിമാനം കൊണ്ടു. ബോളിവുഡ്ഡിന്റെ സ്വപ്‌നലോക ചിന്തകളില്‍ നിന്നു അവര്‍ അകലം പാലിച്ചു. മണ്ണിലുറച്ചു നില്‍ക്കുന്ന മനുഷ്യരിലേക്കും അവരുടെ ജീവിതങ്ങളിലേക്കുമാണു ഇരുവരും ക്യാമറക്കണ്ണുകള്‍ തിരിച്ചുവെച്ചത്. അത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു അവര്‍. രാജ്യത്തിനകത്തും പുറത്തും വലിയൊരു പ്രേക്ഷക സമൂഹത്തെ നേടിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
സിനിമകള്‍, അവാര്‍ഡുകള്‍
1995 ലാണു ഇരുവരും ചേര്‍ന്നു ആദ്യത്തെ ഫീച്ചര്‍ സിനിമ സംവിധാനം ചെയ്തത്. പേര് ' ദോഖി ( രണ്ടു സഹോദരിമാര്‍ ) . പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു സിനിമയുടെ പ്രമേയം. സാമൂഹിക ക്ഷേമം വിഷയമാക്കി എടുത്ത മികച്ച ചിത്രം എന്നതടക്കം മൂന്നു ദേശീയ അവാര്‍ഡുകള്‍ ഈ മറാത്തി ചിത്രം നേടി. മഹാരാഷ്ട്രയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഈ സിനിമ ഗൗരി എന്ന യുവതിയുടെ നിറമില്ലാത്ത ജീവിതമാണു കാണിച്ചുതരുന്നത്. വിവാഹത്തിനു തൊട്ടുമുമ്പു വരനും ബന്ധുക്കളും വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നു ഗ്രാമത്തിന്റെ ദുശ്ശകുനമായി മാറിയ ഗൗരി കുടുംബത്തിന്റെ കടം വീട്ടാന്‍ മുംബൈയിലെ ചുവന്ന തെരുവിലെത്തുകയും സഹോദരിയുടെ വിവാഹദിവസം അവിചാരിതമായി ഒരു പുതുജീവിതത്തിലേക്കു കടക്കുകയും ചെയ്യുന്നതാണു ' ദോഖി ' യുടെ ഇതിവൃത്തം. ഒരു സാമൂഹിക പ്രവര്‍ത്തകന്റെ കരുത്തുള്ള കൈകളിലാണു സുമിത്ര ഭാവെ ഗൗരിയെ ഏല്‍പ്പിക്കുന്നത്. വിവരാവകാശ നിയമത്തെക്കുറിച്ച് ബോധവാനാകുന്ന ആത്മാഭിമാനിയായ ഒരു ബസ് കണ്ടക്ടറുടെ വിജയകരമായ പോരാട്ടത്തിന്റെ കഥയാണു ' ഏക് കപ്പ് ചായ്് '. വഴിതെറ്റിപ്പോകുന്ന ഒരു സംഘം വിദ്യാര്‍ഥികളെ സ്‌നേഹശാസനകളിലൂടെ നല്ല പാതയിലേക്കു നയിക്കുന്ന ഒരധ്യാപകനാണു ' ദഹവി ഫാ ' ( പത്താംതരം എഫ് ) എന്ന സിനിമയിലെ പ്രധാന കഥാപാത്രം. 2002 ലെ മികച്ച മറാത്തി സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിനായിരുന്നു. തൊട്ടടുത്ത വര്‍ഷം മികച്ച മറാത്തി സിനിമക്കള്ള ദേശീയ അവാര്‍ഡ് സുമിത്ര - സുനില്‍ കൂട്ടുകെട്ടിന്റെ ' വാസ്തുപുരുഷ് ' എന്ന സിനിമ നേടി. പാവങ്ങളെ സേവിക്കാനിറങ്ങിയ ഒരു ഡോക്ടറുടെ കഥയാണിതില്‍ ആവിഷ്‌കരിച്ചത്. 2005 ല്‍ മികച്ച പരിസ്ഥിതി സംരക്ഷണ സിനിമക്കുള്ള ദേശീയ അവാര്‍ഡ് ' ദേവ്‌റായ് ' കരസ്ഥമാക്കി. മറവിരോഗം ബാധിച്ച ഒരു വയോധികനെ കേന്ദ്രീകരിച്ച് സംവിധാനം ചെയ്ത ' അസ്തു ' 2014 ല്‍ മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡിനും അര്‍ഹമായി. ബദ്ധ, ഹ ഭാരത് മസാ, സംഹിത, 2016 ല്‍ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ' കാസവ് ' തുടങ്ങിയവയാണു സുമിത്ര - സുനില്‍ കൂട്ടുകെട്ടിന്റെ മറ്റു പ്രധാന സിനിമകള്‍. കടലാമയുടെ സ്വഭാവ വിശേഷങ്ങളെ മനുഷ്യജീവിതവുമായി കോര്‍ത്തിണക്കിയെടുത്ത, കവിതപോലെ ഹൃദ്യമായ കാസവ് ( കടലാമ ) എന്ന മറാത്തി സിനിമ തിരുവനന്തപുരം ഐ.എഫ്.എഫ്.കെ.യിലും കോഴിക്കോട്ടടക്കം നടന്ന ചലച്ചിത്ര മേളകളിലും കാണികളുടെ ഹൃദയത്തില്‍ തൊട്ട സിനിമയാണ്.
ഇന്ത്യന്‍ സിനിമയിലെ സഫലവും സക്രിയവുമായ അപൂര്‍വ സംവിധായക കൂട്ടുകെട്ടിനു അന്ത്യമായിരിക്കുന്നു. സുമിത്ര ഭാവെ കാട്ടിക്കൊടുത്ത പ്രതിബദ്ധതയുടെ സിനിമാ പാരമ്പര്യം അമ്പത്തഞ്ചുകാരനായ സുനില്‍ സുഖ്ധങ്കര്‍ തുടര്‍ന്നും നിലനിര്‍ത്തുമെന്നു നമുക്കു പ്രത്യാശിക്കാം.
- [Sumitra Bhave]. Retrieved from https://www.deccanherald.com/metrolife/metrolife-cityscape/sumitra-bhave-gives-voice-to-the-voiceless-810530.html
- https://www.tribuneindia.com/news/lifestyle/sumitra-bhave-passes-away-241602
0 Comments