Son of Saul




ഓഷ്‌വിറ്റ്‌സിന്റെ ഭീകരമുഖം

ടി. സുരേഷ് ബാബു


2015 ലെ മികച്ച വിദേശസിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ' സണ്‍ ഓഫ് ഷോള്‍ ' എന്ന ഹംഗേറിയന്‍ ചിത്രം. ഓഷ്‌വിറ്റ്‌സിലെ കൊലയറകളുടെ ഭീദിതമായ ചരിത്രത്തിലേക്കുള്ള നോട്ടമാണ്  

ഓഷ്‌വിറ്റ്‌സിലെ  മരണഫാക്ടറികളില്‍ നിന്നുള്ള വിലാപങ്ങള്‍ ഏഴു പതിറ്റാണ്ടിനിപ്പുറവും നമ്മുടെ കാതില്‍ മുഴങ്ങുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നാസിപ്പട പോളണ്ടില്‍ തുറന്ന കൊലയറകള്‍ ഇപ്പോഴും ലോകജനതയുടെ ഓര്‍മകളില്‍ ഭീതിയായി കത്തിപ്പടരുന്നു. ഇവിടെയുള്ള വിഷവാതക മുറികള്‍ പതിനൊന്നു ലക്ഷം പേരെയാണ്്് മരണത്തിലേക്ക് അയച്ചത്. ഇവരില്‍ പത്തു ലക്ഷവും ജൂതരായിരുന്നു. യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ നിന്നായി തടവുകാരായി ഓഷ്‌വിറ്റ്‌സില്‍ എത്തിപ്പെട്ട മനുഷ്യര്‍ കൊടുംയാതനകള്‍ അനുഭവിച്ചാണ് മരണത്തിലേക്ക് കടന്നുപോയത്.  പലരും നാസി ഡോക്ടര്‍മാര്‍ നടത്തിയ ക്രൂര പരീക്ഷണങ്ങളുടെ ഗിനിപ്പന്നികളുമായിരുന്നു. നാസികള്‍ സ്ഥാപിച്ച മരണത്തടവറകള്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ ' സണ്‍ ഓഫ് ഷോള്‍ ' ( Son of Saul ) ആണ്  2015 ലെ മികച്ച വിദേശസിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയത്. ലസ്‌ലോ നെമസ് ആണ് ഈ ഹംഗേറിയന്‍ സിനിമ സംവിധാനം ചെയ്തത്. 

    2015 ലെ മികച്ച വിദേശസിനിമക്കുള്ള ( ഇംഗ്ലീഷ് അല്ലാത്ത സിനിമ ) ഓസ്‌കറിന് 81 ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ ' സണ്‍ ഓഫ് ഷോള്‍ ' ഉള്‍പ്പെടെ അഞ്ചെണ്ണം അവസാനപ്പട്ടികയിലെത്തി. മുസ്താങ് ( ഫ്രാന്‍സ് ) , തീബ് ( ജോര്‍ഡാന്‍ ) , ക്രീഗന്‍ ( ഡന്മാര്‍ക്ക് ) , എംബ്രെയ്‌സ് ഓഫ് സര്‍പ്പന്റ് ( കൊളംബിയ ) എന്നിവയാണ് മറ്റ് നാലു സിനിമകള്‍. ഇന്ത്യയുടെ എന്‍ട്രിയായ ചൈതന്യ തമാനെയുടെ ' കോര്‍ട്ട് ' നോമിനേഷന്‍ കിട്ടാതെ ആദ്യറൗണ്ടില്‍ത്തന്നെ തള്ളപ്പെട്ടിരുന്നു. 

    കോണ്‍സന്‍ട്രേഷന്‍ / എക്‌സ്റ്റെര്‍മിനേഷന്‍ ക്യാമ്പുകള്‍ ആധാരമാക്കി വന്നിട്ടുള്ള സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ' സണ്‍ ഓഫ് ഷോള്‍ '. വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും ഈ സിനിമ വേറിട്ടു നില്‍ക്കുന്നു. 2014 ലെ മികച്ച വിദേശചിത്രവും  ഓഷ്‌വിറ്റ്‌സ് തടവറയുടെ പശ്ചാത്തലത്തിലുള്ളതായിരുന്നു. പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത ' ഇഡ ' എന്ന പോളിഷ് സിനിമയാണ് അക്കൊല്ലം ഓസ്‌കറിനര്‍ഹമായത്. 

  ഓഷ്‌വിറ്റ്‌സില്‍ ക്രൂരമരണത്തിനിരയായവരില്‍ മധ്യ യൂറോപ്പിലെ ഹംഗറിയില്‍ നിന്നുള്ള ലക്ഷക്കണക്കിനു ജൂതരും ഉള്‍പ്പെടും. 1944 മാര്‍ച്ചിലാണ് ഹിറ്റ്‌ലര്‍ ഹംഗറി കൈയടക്കിയത്. അക്കൊല്ലം ഏപ്രിലിനും ജൂലായിക്കുമിടയില്‍ 4,40,000 ഹംഗേറിയന്‍ ജൂതരെ ഓഷ്‌വിറ്റ്‌സിലേക്ക് നാടു കടത്തിയിട്ടുണ്ട്. ഇതില്‍ 3,20,000 പേരെ ഗ്യാസ് ചേംബറുകളിലിട്ടാണ് കൊന്നത്. അക്കൊല്ലം നവംബര്‍ വരെ ഗ്യാസ് ചേംബറുകള്‍ മനുഷ്യരക്തം കുടിച്ചിരുന്നു. യുദ്ധത്തിന്റെ അന്ത്യഘട്ടത്തില്‍ സോവിയറ്റ്് സേന പോളണ്ടിലേക്ക് മുന്നേറിയപ്പോഴാണ് ഇവ നിശ്ചലമായത്. അതുവരെ ഓഷ്‌വിറ്റ്‌സിന്റെ നിയന്ത്രണം കൈയാളിയിരുന്ന ഏഴായിരത്തോളം  ട.ട. കള്‍ ( ഹിറ്റ്‌ലറുടെ കീഴിലുണ്ടായിരുന്ന അര്‍ധ സൈനികവിഭാഗമായ ഷൂറ്റ്‌സ് സ്റ്റഫേല്‍ എന്ന സംഘടനയില്‍പ്പെട്ടവര്‍ ) ഗ്യാസ് ചേംബറുകള്‍ നശിപ്പിച്ച് സ്ഥലം വിട്ടു.  അപ്പോഴവിടെ പാതി ജീവനോടെ അവശേഷിച്ചിരുന്നത് ഏഴായിരം തടവുകാരായിരുന്നു. അവരില്‍ മിക്കവരും കടുത്ത രോഗങ്ങള്‍ കാരണം മരണത്തോടടുത്തിരുന്നു. ഓഷ്‌വിറ്റ്‌സില്‍ വിഷവാതകമേറ്റു മരിച്ച തന്റെ മകന് മാന്യമായ ശവസംസ്‌കാരം ഒരുക്കാന്‍ വഴികള്‍ തേടുന്ന ഒരച്ഛന്റെ ധര്‍മസങ്കടങ്ങളാണ്  ' സണ്‍ ഓഫ് ഷോള്‍ ' വേദനയോടെ വരച്ചുകാട്ടുന്നത്. ഒപ്പം, ഓഷ്‌വിറ്റ്‌സിന്റെ ക്രൂരമുഖവും നമുക്കു മുന്നില്‍ തെളിയുന്നു.


അച്ഛനും മകനും 

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനമാസങ്ങളാണ് സിനിമയുടെ പശ്ചാത്തലമായി വരുന്നത്. സഖ്യസേനയുടെ മുന്നേറ്റം ഹിറ്റ്‌ലറുടെ ഉറക്കം കെടുത്തിയ കാലം. ബര്‍ലിനിലെ ഭൂഗര്‍ഭ അറയില്‍ ഒളിവില്‍ കഴിയുകയാണ് ഹിറ്റ്‌ലര്‍. ബര്‍ലിന്‍ വിട്ടുപോകാനോ കീഴടങ്ങാനോ അയാള്‍ തയാറാവുന്നില്ല. തടങ്കല്‍ പാളയങ്ങളിലുള്ള ജൂതരെ എത്രയും പെട്ടെന്ന് കൊന്നൊടുക്കാനാണ് നാസികളുടെ തീരുമാനം. മൃതദേഹങ്ങള്‍ ചൂളയിലും കുഴികളിലുമിട്ട് കത്തിച്ചശേഷം ചിതാഭസ്മം പുഴയില്‍ ഒഴുക്കുന്നു. വിഷവാതകം കടത്തിവിടുന്നതൊഴികെയുള്ള ജോലികളെല്ലാം തടവുകാരെക്കൊണ്ടാണ് ചെയ്യിക്കുന്നത്. ' സോണ്ടര്‍ക്കമാന്‍ഡോ ' എന്നാണ് ഇത്തരം തടവുകാര്‍ അറിയപ്പെട്ടിരുന്നത്. ഇൗ സേവനത്തിന് പ്രത്യേകം ഇളവൊന്നുമില്ല. പക്ഷേ, ഇവരുടെ മരണം പെട്ടെന്നുണ്ടാവില്ലെന്നു മാത്രം. ആയുസ്സ് കുറച്ചുകാലം കൂടി നീട്ടിക്കൊണ്ടുപോകാം. അതു കഴിഞ്ഞാല്‍ ഇവരും വിഷവാതകമുറിയിലോ തോക്കിനു മുന്നിലോ ഒടുങ്ങും. ഇത്തരത്തില്‍പ്പെട്ട ഏതാനും ഹംഗേറിയന്‍ തടവുകാരാണ് ' സണ്‍ ഓഫ് ഷോളി ' ലെ  പ്രധാന കഥാപാത്രങ്ങള്‍. ഇതില്‍ നായകനായി വരുന്നത് ഓസ്‌ലാന്‍ഡര്‍ ഷോള്‍ എന്ന മധ്യവയസ്‌കനാണ്. നിര്‍വികാരതയാണ് അയാളുടെ മുഖത്തെപ്പോഴും. മരണത്തെ ഏതു നിമിഷവും മുഖാമുഖം കാണാവുന്ന അന്തരീക്ഷത്തില്‍ , മോചനത്തിന്റെ നേരിയൊരു പ്രതീക്ഷ പോലുമില്ലാത്ത സാഹചര്യത്തില്‍ മരണത്തിനുവേണ്ടി ഒരുങ്ങുന്ന മനുഷ്യന് എന്തു ജീവിതം ? യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്ന നേരിയൊരു ശുഭപ്രതീക്ഷയില്‍ ഹംഗറിക്കാരുടെ ചെറുസംഘം ഇതിനിടയില്‍ ഒരു കലാപം ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഓസ്‌ലാന്‍ഡര്‍ ഷോള്‍ അതിലൊന്നും വലിയ താത്പര്യം കാട്ടുന്നില്ല. നാസികള്‍ തന്നെ ഏല്‍പ്പിക്കുന്ന ജോലി ചെയ്യാന്‍ അയാള്‍ക്ക് മടിയൊന്നുമില്ല. ഗ്യാസ് ചേംബറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു കഴിഞ്ഞാല്‍ അവിടെയുള്ള ചോരച്ചാലുകള്‍ കഴുകി വൃത്തിയാക്കണം. മൃതദേഹങ്ങള്‍ കത്തിച്ചാമ്പലാക്കിയശേഷമുള്ള ചാരം പുഴയിലേക്ക് തള്ളണം. പിന്നെ , മരിച്ചവരുടെ വസ്ത്രങ്ങള്‍ പരിശോധിച്ച് അതില്‍ നിന്നു കിട്ടുന്ന സാധനങ്ങളെല്ലാം നാസി സൈനികര്‍ക്ക്  കൈമാറണം. ഇതൊക്കെയാണ് ഷോളിന്റെ പ്രധാനജോലി. അതിനിടയ്ക്കാണ് ഗ്യാസ് ചേംബറില്‍ നിന്ന് പുറത്തെടുത്ത ഒരു ബാലന്റെ ദേഹം ഷോളിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അവന് ജീവനുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി. അവന്‍ ഷോളിന്്  വേണ്ടപ്പെട്ടവനാണെന്ന് അയാളുടെ പെരുമാറ്റത്തിലൂടെ നമുക്ക് തിരിച്ചറിയാം. പരിശോധനാമുറിയില്‍ ഒരു ഡോക്ടര്‍ ആ ബാലനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. ഷോള്‍ ഇത് കാണുന്നുണ്ട്. പക്ഷേ, പ്രതിഷേധത്തിനൊന്നും ആ കൊലയറയില്‍ അവസരമില്ല. ഒന്നേ അയാള്‍ ആവശ്യപ്പെടുന്നുള്ളു. അവനെ തനിക്ക് വിട്ടുതരണം. പ്രേതപരിശോധനക്കായി അവനെ കീറി മുറിക്കരുത്. പക്ഷേ, ഡോക്ടര്‍ക്കത്  അനുവദിക്കാനാവുമായിരുന്നില്ല. അയാളും ഷോളിനെപ്പോലെ അവിടത്തെ തടവുകാരന്‍ തന്നെ. നാസി സൈനികോദ്യോഗസ്ഥരുടെ കഴുകന്‍ കണ്ണുകള്‍ക്കു കീഴിലാണ് ഡോക്ടറും. ഒരു റാബി ( യഹൂദഗുരു ) യെ കണ്ടെത്തി പയ്യന് മാന്യമായൊരു ശവസംസ്‌കാരം കൊടുക്കാന്‍ ഷോള്‍ ആഗ്രഹിക്കുന്നു. രാത്രി അഞ്ചു മിനിറ്റ് നേരം പയ്യനെ വിട്ടുതരാമെന്ന്  ഡോക്ടര്‍ പറയുന്നു. അതുകഴിഞ്ഞാല്‍ മറ്റെല്ലാവരെയുംപോലെ അവനെയും തീ വിഴുങ്ങും.  അവസാനം ചാരമായി പുഴയില്‍ അലിഞ്ഞുചേരും. ഷോള്‍ അവന്റെ മൃതദേഹം കണ്ടെടുത്ത് തന്റെ ബാരക്കില്‍ ഒളിപ്പിച്ചുവെക്കുന്നു. പയ്യന്‍ തന്റെ മകനാണെന്ന് അയാള്‍ ഒരു ഘട്ടത്തില്‍ വെളിപ്പെടുത്തുന്നു. വൈതരണികള്‍ കടന്ന് തടവുകാരില്‍നിന്ന് ഒരു യഹൂദഗുരുവിനെ ഒടുവില്‍ ഷോള്‍ കണ്ടെത്തുന്നു. മകനുവേണ്ടിയുള്ള പ്രാര്‍ഥന മുഴുവനാക്കി മൃതദേഹം സംസ്‌കരിക്കാന്‍ അയാള്‍ക്കു കഴിയുന്നില്ല. അപ്പോഴേക്കും കലാപം തുടങ്ങിയിരുന്നു. വേണ്ടത്ര ആയുധമില്ലാതെ പോരാടി പിന്തിരിഞ്ഞോടിയ കലാപകാരികള്‍ക്കൊപ്പം മകന്റെ മൃതദേഹവും തോളിലേറ്റി ഷോളും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. പുഴ മുറിച്ചുകടക്കവെ ശക്തമായ ഒഴുക്കില്‍ അയാള്‍ക്ക് പിടിച്ചുനില്‍ക്കാനാവുന്നില്ല. മകനെ അയാള്‍ക്ക്  കൈവിട്ടുപോകുന്നു. 

 വിമോചനം എന്ന മിഥ്യ   

വിമോചനപ്രതീക്ഷയില്ലാത്ത ഇരുണ്ട അന്തരീക്ഷത്തില്‍ മരണമെന്ന യാഥാര്‍ഥ്യമാണ് താന്‍ ഈ സിനിമയില്‍ എടുത്തുകാട്ടുന്നതെന്ന് സംവിധായകന്‍ നമെസ് വ്യക്തമാക്കുന്നു. ഉന്മൂലന സിദ്ധാന്തം നടപ്പാക്കിയിരുന്ന നാസി കൊലയറകളില്‍ നിന്ന് രക്ഷപ്പെടുകയെന്നത് വിദൂരസ്വപ്‌നമായിരുന്നു. ചെറുത്തുനില്‍പ്പിന്റെ ഒരു വിരലനക്കംപോലും സാധ്യമല്ലാത്ത നിഷ്ഠുരലോകം. അധികാരസ്വരങ്ങളേ അവിടെ ഉയര്‍ന്നു കേള്‍ക്കുന്നുള്ളു. അതില്‍ ശാസനയും ഭീഷണിയും ആക്രോശവും പരിഹാസവും കലര്‍ന്നിരിക്കും. വേട്ടപ്പട്ടികളുടെ, വിസിലടികളുടെ, മര്‍ദനത്തിന്റെ, വെടിയുടെ, നിലവിളികളുടെ ശബ്ദങ്ങള്‍ അവിടെ നിറയുന്നു. ആര്‍ക്കുമവിടെ അതിജീവനമില്ല. സമ്പൂര്‍ണമായ കീഴടങ്ങലേയുള്ളു. അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് തടവുകാര്‍ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. രോഗവും പട്ടിണിയും ഭാവിയെക്കുറിച്ചുള്ള ഭീതിയും ഓരോ മനുഷ്യനെയും അനുനിമിഷം മരണത്തിലേക്കടുപ്പിച്ചു. നായകനുള്‍പ്പെടെ ഒരു കഥാപാത്രത്തിന്റെയും പശ്ചാത്തലം സംവിധായകന്‍ വിവരിക്കുന്നില്ല. ഏതോ ചരക്കുവണ്ടിയില്‍ മാടുകളെപ്പോലെ കൊണ്ടുവന്നു തള്ളിയ മുഖമില്ലാത്ത കുറെ മനുഷ്യര്‍. അന്ത്യവിധി കാത്തു കഴിയുന്ന ഇരകളായിരുന്നു അവരെല്ലാം. അവരുടെ പൂര്‍വകഥകള്‍ക്കിവിടെ പ്രസക്തിയില്ല. 

ശബ്ദങ്ങള്‍ക്ക് ഈ സിനിമയില്‍ നല്ല പ്രാധാന്യം കൊടുത്തിട്ടുണ്ട്. നാസി സൈനികരുടെയും സോണ്ടര്‍ക്കമാന്‍ഡോകളായ തടവുകാരുടെയും മുഖങ്ങള്‍ മാത്രമേ നമ്മള്‍ വ്യക്തമായി കാണുന്നുള്ളു. നൂറുകണക്കിനു തടവുകാരുടെ നഗ്നദേഹങ്ങള്‍ മങ്ങിയ രൂപത്തിലാണ് സംവിധായകന്‍ ചിത്രീകരിക്കുന്നത്. ക്യാമറയുടെ ഫോക്കസിനപ്പുറത്താണ് അവരെല്ലാം നില്‍ക്കുന്നത്. അവര്‍ നേരിടുന്ന യാതനകളുടെ ചിത്രവും ഈ മങ്ങിയ കാഴ്ചയിലേ നമുക്ക് കാണാനാവൂ.  പക്ഷേ, ശബ്ദങ്ങളിലൂടെ അതിന്റെ ഭയാനകത നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. സിനിമയുടെ തുടക്കം തന്നെ അങ്ങനെയാണ്. തടവുകാരെ നിയന്ത്രിച്ചുകൊണ്ട് ഇടയ്ക്കിടെ മുഴങ്ങുന്ന വിസിലടി. വേട്ടപ്പട്ടികളുടെ കുര. കൂട്ടബഹളം. കുഞ്ഞുങ്ങളുടെ കരച്ചില്‍.  വാഹനങ്ങളുടെ ഇരമ്പല്‍. ഈ ശബ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് ഓസ്‌ലാന്‍ഡര്‍ ഷോളിനെ നമ്മള്‍ കാണുന്നത്.  ആള്‍ക്കൂട്ടത്തെ നയിച്ചുകൊണ്ട് അയാള്‍ മുന്നില്‍ നടക്കുകയാണ്. പുറത്തെ വെളിച്ചത്തില്‍ നിന്ന് തുടങ്ങുന്ന ദൃശ്യം കെട്ടിടത്തിനകത്തെത്തുമ്പോള്‍ ക്രമേണ ഇരുട്ടിനു വഴിമാറുന്നു. ആ മനുഷ്യരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവരികയാണ് ഷോള്‍. സൈനികരുടെ നിര്‍ദേശമനുസരിച്ച് എല്ലാവരും വസ്ത്രമഴിച്ച്  അയയില്‍ തൂക്കുന്നു. ഇപ്പോള്‍ ഷോളിനു മുന്നിലൂടെ ഇരുട്ടറയിലേക്ക് പോകുന്നത് നഗ്നരായ മനുഷ്യരാണ്. എന്താണ് നടക്കാന്‍ പോകുന്നതെന്ന് അവര്‍ക്കറിയില്ല. പക്ഷേ, ഷോളിനറിയാം. കരച്ചിലിനും ബഹളത്തിനുമിടയില്‍ ഇരുമ്പുവാതില്‍ അടയുന്നു. തുടര്‍ന്നു കേള്‍ക്കുന്നത് ഇരുമ്പുവാതിലിനിട്ട് തുരുതുരാ ഇടിക്കുന്ന ശബ്ദമാണ്. ജീവനുവേണ്ടിയുള്ള ആര്‍ത്ത നാദങ്ങള്‍ ഉച്ചത്തിലാവുന്നു. ഇരുമ്പുവാതിലിനിട്ടുള്ള ഇടികള്‍ക്കും ശക്തി കൂടുന്നു. എല്ലാം കേട്ട് നിശ്ശബ്ദനായി , വിറങ്ങലിച്ചു നില്‍ക്കുന്ന ഷോളിന്റെ മുഖത്തേക്ക് ക്യാമറ നീങ്ങുന്നു. അയാളീ രംഗങ്ങള്‍ എത്രയോ കണ്ടിരിക്കുന്നു. വിലാപങ്ങള്‍ എത്രയോ കേട്ടിരിക്കുന്നു. തുടര്‍ന്ന് , തിരശ്ശീലയില്‍ ഇരുട്ട് വീഴുന്നു. 

 കറുത്ത അധ്യായത്തിന്റെ പുനരാവിഷ്‌കാരം 

ഒന്നര ദിവസത്തെ സംഭവങ്ങളാണ്  ' സണ്‍ ഓഫ് ഷോളി ' ല്‍ ചിത്രീകരിക്കുന്നത്. ഒരച്ഛന്റെയും മകന്റെയും കഥയെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് ലോകചരിത്രത്തിലെ ഒരു കറുത്ത അധ്യായം പുനരാവിഷ്‌കരിക്കുകയാണ് സംവിധായകന്‍. പതിവു വിട്ടുള്ള പരിചരണരീതി ഈ സിനിമയെ തീവ്രാനുഭവമാക്കി മാറ്റുന്നു. ഒറ്റ ബിന്ദുവിലേക്കാണ്്്്്്്്് സിനിമയുടെ സഞ്ചാരം. ഉപകഥകളാക്കി ശ്രദ്ധയെ പലവഴിക്ക് തിരിച്ചുവിടുന്നില്ല. ഒരു കഥ പറയവെ, അതിന്റെ പശ്ചാത്തലത്തില്‍ ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവുമായ ദൃശ്യങ്ങള്‍ നമുക്കു മുന്നിലൂടെ കടന്നുപോകുന്നു. ഓഷ്്‌വിറ്റ്‌സിന്റെ അതിക്രൂര മുഖങ്ങളാണ് ഈ ദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നത്. അടഞ്ഞുകിടക്കുന്ന ഇരുമ്പുവാതിലിനെ ഭേദിച്ച് പുറത്തുവരുന്ന നിസ്സഹായമായ നിലവിളികളില്‍ നമ്മുടെ ഉള്ളു പിടയ്ക്കും.  ഷോളും മരിച്ച പയ്യനും തമ്മിലുള്ള ബന്ധത്തില്‍ ചെറിയൊരു സംശയം അവശേഷിപ്പിക്കുന്നുണ്ട് സംവിധായകന്‍.  ഷോളിന് ഇങ്ങനെയൊരു മകനുള്ളതായി കൂട്ടുകാര്‍ അംഗീകരിക്കുന്നില്ല. അവിഹിതബന്ധത്തിലുണ്ടായവനാണെന്നാണ് ഷോള്‍ ഏറ്റവുമൊടുവില്‍ പറയുന്നത്. ഒരുപക്ഷേ, അയാളുടെ മകന്‍ ആ തടവറയിലുണ്ടാകാം. മകനോടുള്ള വാത്സല്യമാകാം ആ പയ്യനിലേക്ക് അയാളെ അടുപ്പിച്ചിട്ടുണ്ടാവുക. അധാര്‍മികതക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്ന ഒരു മനുഷ്യന്റെ കുറ്റബോധം ഷോളിനെ വിടാതെ പിന്തുടരുന്നുണ്ട്. പയ്യന്റെ ശവസംസ്‌കാരം എന്ന ഒറ്റച്ചിന്തയിലേക്ക് മാറിപ്പോകുന്ന ഷോളിനെ കൂട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ' മരിച്ചവര്‍ക്കുവേണ്ടി നീ ജീവിച്ചിരിക്കുന്നവരെ കൈവെടിയുകയാണോ ' എന്നവര്‍ ചോദിക്കുന്നു. അവസാനരംഗത്ത് ഒരു ബാലന്‍ കാട്ടില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കലാപത്തില്‍ പരാജയപ്പെട്ട് ഓടിപ്പോകുന്ന കൂട്ടുകാരും ഷോളും അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുംമുമ്പ് കാട്ടില്‍ വിശ്രമിക്കുമ്പോഴാണ് ഈ പയ്യന്‍ പ്രത്യക്ഷപ്പെടുന്നത്. അവനെ സ്‌നേഹപൂര്‍വം നോക്കി ഷോള്‍ പുഞ്ചിരിക്കുന്നു. ഷോളിന്റെ മുഖമൊന്ന് തെളിഞ്ഞുകാണുന്നത് ഈ രംഗത്തു മാത്രമാണ്. ഒരു പക്ഷേ, അയാളുടെ മനസ്സിലൂടെ ഒരുനിമിഷം കടന്നുപോയ സ്വാതന്ത്ര്യസ്വപ്‌നങ്ങളാവാം ഈ പുഞ്ചിരിക്കു കാരണം. അല്ലെങ്കില്‍ , സ്വന്തം മകനെയാവാം അയാള്‍ അവനില്‍ കണ്ടത്.  കാട്ടിലേക്കു തന്നെ പയ്യന്‍ അപ്രത്യക്ഷനാകുമ്പോള്‍ പിന്നെ നമ്മള്‍ കേള്‍ക്കുന്നത് പട്ടാളക്കാരുടെ വെടിവെപ്പിന്റെ ശബ്ദമാണ്. നിരായുധരായ ഹംഗേറിയന്‍ തടവുകാരുടെ വിമോചനമോഹം പൊലിഞ്ഞുപോയതിന്റെ സൂചനയാണ് ആ വെടിശബ്ദം. 

   നാല്‍പ്പതുകാരനായ ലസ്‌ലോ നെമസിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് ' സണ്‍ ഓഫ് ഷോള്‍ ' . 2015 ല്‍ കാന്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമക്കുള്ള ഗ്രാന്റ് പ്രി അവാര്‍ഡും ഈ ചിത്രത്തിനായിരുന്നു. ടൊറോന്റോ ഫെസ്റ്റിവലിലും ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സോണ്ടര്‍ക്കമാന്‍ഡോ അംഗങ്ങളായി മാറിയ ജൂതത്തടവുകാരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ' ദ സ്്‌ക്രോള്‍സ് ഓഫ് ഓഷ്‌വിറ്റ്‌സ് ' എന്ന പുസ്തകമാണ് ഈ സിനിമക്കാധാരം. സംവിധായകന്‍ നെമസും ക്ലാര ലോയറും ചേര്‍ന്നു തിരക്കഥയൊരുക്കി.  


പ്രതിരോധത്തിനുള്ള ഊര്‍ജം 

1946 മുതല്‍ത്തന്നെ ഓഷ്‌വിറ്റ്‌സും മറ്റു നാസി തടവറകളും കൊലയറകളും സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. സ്വേച്ഛാധിപത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പ്രതിരോധിക്കാനുള്ള ഊര്‍ജമാണ് ഈ സിനിമകള്‍ ലോകജനതക്ക് നല്‍കുന്നത്.  ' ദ സ്‌ട്രേഞ്ചര്‍ ' ആണ്  ഈ ഗണത്തില്‍പ്പെട്ട ആദ്യസിനിമ. പക്ഷേ, ശ്രദ്ധിക്കപ്പെട്ടത് രണ്ടാമത്തെ സിനിമയായ ' ദ ലാസ്റ്റ് സ്റ്റേജ് ' ആണ്. വാന്‍ഡ ജകുബോസ്‌ക എന്ന വനിത സംവിധാനം നിര്‍വഹിച്ച ഈ സിനിമയെ  ' ജൂതരുടെ കൂട്ടക്കൊല ഇതിവൃത്തമാക്കിയ സിനിമകളുടെ അമ്മ ' എന്നാണ്  നിരൂപകലോകം വാഴ്ത്തുന്നത്. സാംസണ്‍ , ആന്‍ഡ് ദ വയലിന്‍ സ്റ്റോപ്പ്ഡ് പ്ലെയിങ് , ജസ്റ്റ് ബിയോണ്ട് ദാറ്റ് ഫോറസ്റ്റ് , ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ ്, ദ ഗ്രേ സോണ്‍ , ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ , ദ ലാസ്റ്റ് ട്രെയിന്‍ ടു ഓഷ്‌വിറ്റ്‌സ് , ഗ്ലൂമി സണ്‍ഡെ , ദ കൗണ്ടര്‍ഫീറ്റേഴ്‌സ് , ദ പിയാനിസ്റ്റ് , ദ ബോയ് ഇന്‍ ദ സ്‌ട്രൈപ്പ്ഡ് പൈജാമാസ് , ദ റീഡര്‍ , ഇന്‍ ദ ഡാര്‍ക്ക്‌നസ് , ഓള്‍ഗ തുടങ്ങിയവയും കോണ്‍സന്‍ട്രേഷന്‍ / എക്‌സ്റ്റെര്‍മിനേഷന്‍ ക്യാമ്പുകള്‍ ഇതിവൃത്തമായി പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകളാണ്. 

2015 ല്‍ പുറത്തിറങ്ങിയ കനേഡിയന്‍ , ജര്‍മന്‍ ചിത്രമായ ' റിമംബറും ' ഓഷ്‌വിറ്റ്‌സ് ഭീകരതയാണ് ഇതിവൃത്തമാക്കിയത്. കാനഡക്കാരനായ ആറ്റം ഇയോഗനാണ് സംവിധായകന്‍. ഓഷ്്‌വിറ്റ്‌സില്‍ തന്റെ കുടുബത്തെ കൂട്ടക്കൊല ചെയ്തവരോട് വിചിത്രരീതിയില്‍ പകരം ചോദിക്കുന്ന മാക്‌സ് എന്ന വയോധികന്റെ കഥയാണിത്.  

2014 ലെ മികച്ച വിദേശസിനിമയായി തിരഞ്ഞെടുക്കപ്പെട്ട ' ഇഡ ' പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ്. ഉന്മേഷദായകമായ പുതിയൊരു സിനിമാവ്യാകരണത്തിലൂടെ പവല്‍ പൗലികോവ്‌സ്‌കി കറുപ്പിലും വെളുപ്പിലുമാണ് ഈ ചലച്ചിത്രകാവ്യം തീര്‍ത്തത്. ചരിത്രപരമെന്നു തോന്നിപ്പിക്കാതെ ഒരു ചരിത്രസിനിമ എങ്ങനെയെടുക്കാം എന്നു കാട്ടിത്തരികയായിരുന്നു അദ്ദേഹം. രണ്ടാം ലോകയുദ്ധകാലത്തെയും യുദ്ധാനന്തര കാലത്തെയും പോളണ്ടാണ് ' ഇഡ ' യുടെ പശ്ചാത്തലം. രണ്ടു വനിതകളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിലൂടെ യുദ്ധത്തിലെ കൊടുംപാതകങ്ങളെയാണ് സംവിധായകന്‍ ഓര്‍മയിലേക്ക് വീണ്ടും കൊണ്ടുവന്നത്. പുതുമയുള്ള ക്യാമറക്കോണുകളാണ് ഇതിലുപയോഗിച്ചത്. ദൃശ്യങ്ങളില്‍ കഥാപാത്രങ്ങളെ മധ്യഭാഗത്തുനിന്നു മാറ്റി ഫ്രെയിമിന്റെ ഇടത്തും വലത്തും താഴെയും മുകളിലുമായാണ് സംവിധായകന്‍ പ്രതിഷ്ഠിക്കുന്നത്. ഹതാശമായ മനുഷ്യജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ച ഈ സിനിമ 60 അന്താരാഷ്ട്ര അവാര്‍ഡുകള്‍  നേടിക്കഴിഞ്ഞു. 

 ഓഷ്‌വിറ്റ്‌സില്‍ ഒരു ദിനം

ഓഷ്‌വിറ്റ്‌സില്‍ നിന്ന് കൂട്ടക്കൊലക്ക് ഇരയാവാതെ രക്ഷപ്പെട്ട കിറ്റി ഹര്‍ട്ട് മോക്‌സന്‍ എന്ന തൊണ്ണൂറുകാരിയെക്കുറിച്ച് 2015 ലിറങ്ങിയ ഡോക്യൂമെന്ററിയാണ് ' വണ്‍ ഡെ ഇന്‍ ഓഷ്‌വിറ്റ്‌സ്.'  പതിനാറാം വയസ്സില്‍ കുടുംബത്തോടൊപ്പം തടവറയിലെത്തിയതാണ് കിറ്റി. രണ്ടു വര്‍ഷം അവിടെ  നരകിച്ചു. 1945 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ അമ്മയോടൊപ്പം വിമോചിതയായി. പക്ഷേ, അവരുടെ അച്ഛനും മുത്തച്ഛനുമുള്‍പ്പെടെ കുടുംബത്തിലെ 30 പേര്‍ കൊല ചെയ്യപ്പെട്ടു. ബ്രിട്ടനില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളുമൊത്ത് കിറ്റി വീണ്ടും ഓഷ്‌വിറ്റ്‌സ് സന്ദര്‍ശിക്കുന്നതാണ് ഡോക്യുമെന്ററിയുടെ വിഷയം. അയാം എലൈവ്, റിട്ടേണ്‍ ടു ഓഷ്‌വിറ്റ്‌സ് എന്നീ ആത്മകഥകളും കിറ്റി രചിച്ചിട്ടുണ്ട്. 

ഇങ്ങനെയൊരു നരകം ഇവിടെ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാത്ത ചിലരുണ്ടിപ്പൊഴും. പക്ഷേ, ഒന്നോര്‍ക്കുക. ഒരിക്കലിത് സംഭവിച്ചിട്ടുണ്ടെങ്കില്‍ വീണ്ടുമത് ആവര്‍ത്തിക്കില്ലെന്നതിന് എന്താണുറപ്പ് ? '  - കിറ്റി ഹര്‍ട്ട് ലോകത്തോട് ചോദിക്കുന്നു. 

(  സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്  )

Image courtesy:

Post a Comment

0 Comments