മലമ്പാതകളിലെ മരണവണ്ടികള്‍
- ടി. സുരേഷ് ബാബു
2016 ലെ തിരുവനന്തപുരം ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ' ദ ഫെയ്‌സ് ഓഫ് ദ ആഷ് '. യുദ്ധം ഒരു ജനതയെ നിസ്സഹായരും നിരാലംബരുമാക്കുന്ന കാഴ്ചയാണ് ഈ കുര്‍ദിഷ് സിനിമയിലുള്ളത്
2016 ലെ തിരുവനന്തപുരം ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ' ദ ഫെയ്‌സ് ഓഫ് ദ ആഷ് '. യുദ്ധം ഒരു ജനതയെ നിസ്സഹായരും നിരാലംബരുമാക്കുന്ന കാഴ്ചയാണ് ഈ കുര്‍ദിഷ് സിനിമയിലുള്ളത്
തുര്‍ക്കി , ഇറാന്‍ , ഇറാഖ് , സിറിയ തുടങ്ങിയ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ജനസമൂഹമാണ് കുര്‍ദുകള്‍. ഏതാണ്ട് നാലു കോടി വരും മൊത്തം ജനസംഖ്യ. സാംസ്‌കാരികമായും ഭാഷാപരമായും ഇവര്‍ക്ക് കൂടുതല്‍ ബന്ധം ഇറാനോടാണ്. സുന്നിവിഭാഗക്കാരായ ഇവര്‍ സംസാരിക്കുന്നത് പേര്‍ഷ്യനുമായി ബന്ധമുള്ള കുര്‍ദ് ഭാഷയാണ്. ഇറാഖിലെ സ്വയംഭരണ മേഖലയായ കുര്‍ദിസ്ഥാനിലാണ് കുര്‍ദുകളില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ ജീവിക്കുന്നത്. മറ്റിടങ്ങളില്‍ കുര്‍ദുകള്‍ ന്യൂനപക്ഷ സമുദായമാണ്. 1980 - 88 കാലത്തു നടന്ന ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ കുര്‍ദുകളുടെ പിന്തുണ ഇറാനായിരുന്നു. അന്നത്തെ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെ ഇത് രോഷം കൊള്ളിച്ചു. 1988 ല്‍ ഇറാഖ് സൈന്യം കുര്‍ദ് നഗരമായ ഹലാബ്ജാ ആക്രമിച്ചു. വിഷവാതകം പ്രയോഗിച്ച് അയ്യായിരത്തോളം കുര്‍ദുകളെ കൊന്നു. അന്നു മുതല്‍ കുര്‍ദ് ജനത സദ്ദാമിന്റെ കടുത്ത ശത്രുക്കളായി മാറി. നിരന്തരമായ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിച്ച വേദനകളും ദുരിതവും പുറംലോകത്തെ അറിയിക്കാന്‍ കുര്‍ദുകള്‍ സിനിമയെ മികച്ചൊരു മാധ്യമമായി കാണുന്നു.
കുര്‍ദുകളുടെ ജീവിതം ആധാരമാക്കിയുള്ള ആദ്യത്തെ സിനിമ ' സെറെ ' യാണ്. 1926 ല്‍ അര്‍മേനിയയിലാണ് ഈ നിശ്ശബ്ദ സിനിമ ഷൂട്ട് ചെയ്തത്. ഹാമോ ബെക്‌നെസാറിയന്‍ എന്ന അര്‍മേനിയക്കാരനാണ് ഇതിന്റെ സംവിധായകന്‍. അര്‍മേനിയയിലെ ഒരു കുര്‍ദു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സെറെ എന്ന യുവതിയും ഒരു ആട്ടിടയനും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. 1970 ല്‍ ചില മാറ്റങ്ങളൊക്കെ വരുത്തി ഇത് ശബ്ദസിനിമയാക്കി. രണ്ടാമത്തെ കുര്‍ദു സിനിമയും അര്‍മേനിയയില്‍ നിന്നു തന്നെയായിരുന്നു.
അനുഭവമെന്ന ഇന്ധനം
ലോകമെങ്ങും അറിയപ്പെട്ട ആദ്യത്തെ കുര്‍ദു ചലച്ചിത്രകാരന്‍ യില്‍മസ് ഗുനെയാണ്. സൂരു ( 1979 ) , യോള്‍ ( 1982 ) , ദുവാര്‍ ( 1983 ) എന്നീ ചിത്രങ്ങളിലൂടെ ഗുനെ കുര്‍ദു സിനിമയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തി. 1982 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച സിനിമക്കുള്ള പാം ഡി ഓര്‍ പുരസ്‌കാരം ' യോളി ' നായിരുന്നു. പിന്നീട് വന്ന ബഹ്മന്‍ ഗൊബാദി കുര്‍ദു സിനിമയെ ഒന്നുകൂടി ഉയരങ്ങളിലെത്തിച്ചു. ഗൊബാദിക്ക് ചലച്ചിത്രജീവിതം പോരാട്ടം തന്നെയാണ്. യഥാര്‍ഥ ലൊക്കേഷനുകളില്‍ , പ്രൊഫഷണലുകളല്ലാത്ത അഭിനേതാക്കളെ വെച്ചാണ് അദ്ദേഹം സിനിമകള്‍ പിടിച്ചത്. ഗൊബാദിക്ക് സിനിമ രസിപ്പിക്കുന്ന കലയല്ല. അത് പോരാടാനുള്ള മാധ്യമമാണ്. 2000 - ല്‍ ' എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്‌സസ് ' എന്ന ചിത്രവുമായാണ് ഗൊബാദി സിനിമാജീവിതം തുടങ്ങിയത്. എട്ടു വര്‍ഷം നീണ്ട ഇറാന്‍ - ഇറാഖ് യുദ്ധത്തിലും അമേരിക്കയുടെ ഇറാഖ് ആക്രമണത്തിലും തന്റെ ജനത നേരിട്ട യാതനകള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് അനുഭവത്തിന്റെ ഇന്ധനം പകര്‍ന്നു. വിഷയം തേടി അദ്ദേഹത്തിനും മറ്റു കുര്‍ദു സംവിധായകര്‍ക്കും ഭാവനാലോകത്ത് വിഹരിക്കേണ്ടിവന്നില്ല. ജീവിതം അതിന്റെ എല്ലാ ദൈന്യതയോടെയും ഭീകരതയോടെയും അവര്‍ക്കു മുന്നില്‍ തുറന്നുകിടക്കുകയായിരുന്നു. നാട്ടുകാരുടെ യാതനകളില്‍ നിന്നവര്‍ നിറം ചേര്‍ക്കാത്ത സിനിമകളുണ്ടാക്കി ലോകത്തെ കാണിച്ച് ഞെട്ടിച്ചു. യുദ്ധങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികളും സ്ത്രീകളുമാണ്് ഗൊബാദിയുടെ സിനിമകളിലെ വിഷാദക്കാഴ്ചകള്‍. യാഥാര്‍ഥ്യ ബോധത്തിലും കലാമൂല്യത്തിലും മികച്ചുനില്‍ക്കുന്നവയാണ് ഈ സിനിമകള്‍. മറൂണ്‍ഡ് ഇന്‍ ഇറാഖ് ( 2002 ) , ടര്‍ട്ട്ല്‍സ് കാന്‍ ഫ്‌ളൈ ( 2004 ) , ഹാഫ് മൂണ്‍ ( 2006 ) തുടങ്ങിയ ഗൊബാദിസിനിമകള്‍ കലയോടൊപ്പം രാഷ്ട്രീയസന്ദേശങ്ങളും ലോകജനതക്ക് നല്‍കി.
ഹൈനര്‍ സലീം, ഹലീല്‍ യാസല്‍ , മദെ ഒമദ്, ജലീല്‍ സന്‍കാന എന്നിവരാണ് ഗൊബാദിക്കൊപ്പം നില്‍ക്കുന്ന പ്രധാനപ്പെട്ട കുര്‍ദു സംവിധായകര്‍. ആ കൂട്ടത്തിലേക്കിതാ പുതിയൊരാള്‍. ഷഖ്‌വാന്‍ ഇദ്രീസ്. കുര്‍ദു ഭാഷയിലെടുത്ത അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ഫിലിം ( ദ ഫെയ്‌സ് ഓഫ് ദ ആഷ് ) പ്രേക്ഷകരില്‍ ചലനമുണ്ടാക്കിക്കഴിഞ്ഞു. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കുര്‍ദുഗ്രാമങ്ങള്‍ നേരിടേണ്ടിവന്ന ദുരിതങ്ങളാണ് ഈ സിനിമ രേഖപ്പെടുത്തുന്നത്. ഗൊബാദിയെപ്പോലെ ആക്ഷേപഹാസ്യത്തിന്റെ വഴിയിലൂടെയാണ് ഇദ്രീസും സഞ്ചരിക്കുന്നത്. അനുഭവിച്ചുകഴിഞ്ഞ ദുരിതങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അതിലിത്തിരി നര്‍മം കലര്‍ത്തുക ഗൊബാദിയുടെ ശൈലിയാണ്. നര്‍മത്തിലൂടെ പ്രേക്ഷകന്റെ പിരിമുറുക്കം കുറയ്ക്കുമ്പോള്‍ത്തന്നെ തനിക്കു നല്‍കാനുള്ള സന്ദേശം വളരെ കൃത്യമായി , വെള്ളം ഒട്ടും ചേര്‍ക്കാതെ , തീവ്രവികാരമായി പ്രേക്ഷകരിലെത്തിക്കുകയാണ് ഗൊബാദി സ്വീകരിച്ചുപോരുന്ന ശൈലി. അതേ മാതൃകയാണ് ഇദ്രീസും പിന്തുടരുന്നത്. വിവിധ സാംസ്‌കാരിക തലങ്ങളില്‍ കഴിയുന്ന ജനങ്ങളെ ഒരുമിപ്പിക്കുന്നതില്‍ സിനിമക്ക് പ്രധാന പങ്കു വഹിക്കാനുണ്ടെന്ന്്്് ഇദ്രീസ് വിശ്വസിക്കുന്നു. സ്വന്തം മതത്തിനകത്തുനിന്നുതന്നെ നേരിടുന്ന അസഹിഷ്ണുതയാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാനപ്രശ്‌നമെന്ന് അദ്ദേഹം പറയുന്നു. സമാധാനജീവിതം ആഗ്രഹിക്കുന്ന കുര്‍ദ് വനിതകളൊന്നും സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാവുന്നില്ല. തീവ്ര ഇസ്ലാമികരാജ്യം സ്ഥാപിക്കുകയാണ് ഐ.എസ്സിന്റെ ലക്ഷ്യം. തങ്ങളിതിനെതിരാണ് - ഇദ്രീസ് പറയുന്നു.
ഒട്ടേറെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഷഖ്‌വാന്‍ ഇദ്രീസ് സംവിധാനം ചെയ്തിട്ടുണ്ട്. ഈ പരിചയമാണ് മുഴുനീള കഥാചിത്രമൊരുക്കാന്‍ ഇദ്രീസിന് കരുത്ത് പകര്‍ന്നത്. തിരുവനന്തപുരം, ടോക്കിയോ, ബുസാന്‍, എര്‍ബില്‍, ഗള്‍ഫ് എന്നീ അന്താരാഷ്ട്രചലച്ചിത്രമേളകളില്‍ പങ്കെടുത്ത സിനിമയാണ് ' ദ ഫെയ്‌സ് ഓഫ് ദ ആഷ് '. തിരുവനന്തപുരത്ത് 2016 ഡിസംബര്‍ അഞ്ചിന് സംവിധായകന്‍ ഇദ്രീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. ശ്രീ തിയേറ്ററില്‍ സീറ്റു കിട്ടാതെ നിലത്തിരുന്നും നിന്നുമാണ് പലരും ഈ സിനിമ കണ്ടത്. തൊണ്ണൂറു മിനിറ്റുള്ള സിനിമ തീര്‍ന്നപ്പോള്‍ നിലയ്ക്കാത്ത കൈയടിയായിരുന്നു.
മരണം കടന്നുവരുന്ന ഗ്രാമങ്ങള്‍
ഏതു സമയത്തും മരണം കടന്നുവരാവുന്ന ഒരു കുര്‍ദ് ഗ്രാമമാണ് കഥാപശ്ചാത്തലം. ഇറാന്‍ - ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊണ്ട കാലം. ഗ്രാമത്തിലെ കാരണവരായ അബ്ദുറഹിമാന്റെ വീട്ടില്‍ ഇളയ മകന്റെ വിവാഹച്ചടങ്ങുകള്‍ നടക്കുകയാണ്. ഗ്രാമവാസികളെല്ലാമുണ്ട് അവിടെ. ആ ആഹ്ലാദത്തിനിടയിലേക്ക് ഒരു സൈനികവാഹനം കടന്നുവരുന്നു. അതിനു മുകളില്‍ ഒരു ശവപ്പെട്ടിയുണ്ട്. ആ വീട്ടിലെ സിര്‍വാന്‍ എന്ന യുവാവിന്റെ മൃതദേഹമാണ് കൊണ്ടുവന്നിരിക്കുന്നത്. യുദ്ധമുന്നണിയിലാണവന്‍ മരിച്ചത്. മുഖമാകെ കത്തിക്കരിഞ്ഞുപോയിരിക്കുന്നു. കൂട്ടുകാര്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സുന്നത്തു കര്‍മം നടത്താത്ത ഒരാളുടേതാണ് ആ ശരീരം. വീട്ടിലും നാട്ടിലും അങ്കലാപ്പായി. അബ്ദുറഹിമാന്റെ പേരക്കുട്ടിയാണ് സിര്‍വാന്‍. അവന്‍ കുട്ടിക്കാലത്ത് പിതാവിന്റെ വീട്ടിലായിരുന്നു. അതുകൊണ്ട് സുന്നത്തുകര്‍മം നടന്നിട്ടുണ്ടോ എന്ന് മുത്തശ്ശന് ഉറപ്പില്ല. സിര്‍വാന്റെ പിതാവിന് സുന്നത്തു കര്‍മം നടത്തിയത് താനാണെന്ന് ഗ്രാമത്തിലെ ഒസാന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, സിര്‍വാന്റെ കാര്യം അറിയില്ല. ഗ്രാമത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബമുണ്ട്. അവിടത്തെ പയ്യനും സൈന്യത്തിലാണ്. വിവരം കേട്ടതും അവന്റെ പിതാവ് ഏലിയാസും ഭാര്യയും പാഞ്ഞെത്തി. മൃതദേഹം ചിലപ്പോള്‍ തങ്ങളുടെ മകന്റെതാവാം എന്നായി അവര്‍. രണ്ടു കുടുംബങ്ങളും ഗ്രാമവാസികളും ആശയക്കുഴപ്പത്തിലായി. കൃത്യവിവരം അറിയാനായി അവര്‍ സൈനികക്യാമ്പിലെത്തി. അവിടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസര്‍ക്ക് നിന്നുതിരിയാന്‍പോലും സമയമില്ല. യുദ്ധമുന്നണിയില്‍ നിന്ന് ഇടതടവില്ലാതെ മൃതദേഹങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതിനുവേണ്ട ശവപ്പെട്ടികളൊരുക്കണം. എന്നിട്ട് അതതിടത്ത് എത്തിക്കണം. സൈനിക മേധാവികള്‍ നല്‍കുന്ന വിവരമനുസരിച്ച് ബന്ധപ്പെട്ട വീടുകളിലേക്ക് മൃതദേഹമെത്തിക്കുന്ന ചുമതല മാത്രമേ തനിക്കുള്ളു എന്നാണ് ക്യാമ്പ് ഓഫീസര്‍ പറയുന്നത്. സുന്നത്ത് ചെയ്തിട്ടില്ല എന്നതാണ് പരാതിയെങ്കില്‍ താനത് ചെയ്തുതരാം എന്ന ക്രൂരമായ തമാശയും അയാളില്‍ നിന്നുണ്ടായി. അവിടെ അധികം നില്‍ക്കുന്നതില്‍ കാര്യമില്ലെന്നു മനസ്സിലാക്കി എല്ലാവരും സ്ഥലം വിടുന്നു. ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി. രണ്ടു മതാചാരപ്രകാരവും ശവസംസ്‌കാരം നടത്തുക. അടുത്തടുത്തായി രണ്ട് ശവക്കല്ലറകള്‍ തീര്‍ത്തു. പുരോഹിതരും ചടങ്ങിനെത്തി. ഒന്നില്‍ കല്ലും മറ്റൊന്നില്‍ കുരിശും നാട്ടി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് സൈനികര്‍ വരുന്നത്. ആളുമാറിയതാണ് എന്നുപറഞ്ഞ് അവര്‍ മൃതദേഹം തിരിച്ചുകൊണ്ടുപോകുന്നു.
ഒരു മൃതദേഹം, രണ്ട് അവകാശികള്‍
ഒറ്റ സംഭവത്തെ നടുക്കു നിര്‍ത്തിയാണ് സംവിധായകന്‍ ഇതിവൃത്തം വികസിപ്പിച്ചെടുക്കുന്നത്. പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് ആ സംഭവം എത്തിച്ചേരുന്നു. ഒരു മൃതദേഹത്തിന് രണ്ടവകാശികളുണ്ടാകുന്നു. ഇവിടെ യുക്തിയല്ല, വൈകാരികതയാണ് രണ്ട് കുടുബങ്ങളെയും നയിക്കുന്നത്. സ്വന്തം മക്കളോടുള്ള കടമ നിറവേറ്റുന്നതില്‍ തങ്ങള്‍ പരാജയപ്പെടരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. യുദ്ധമുന്നണിയിലേക്ക് ക്യാമറ കൊണ്ടുപോകാതെ ശക്തമായൊരു യുദ്ധവിരുദ്ധചിത്രമാണ് സംവിധായകന്‍ ഒരുക്കുന്നത്. ഒരു ഗ്രാമചിത്രത്തിലൂടെ ഒരു ജനതയുടെ അതിജീവനമാണ് അദ്ദേഹം എടുത്തുകാണിക്കുന്നത്. അതും ലളിതമായ ശൈലിയില്‍. സിനിമയുടെ അവസാനവും മരണവണ്ടിയുടെ ദൃശ്യം കടന്നുവരുന്നു. മലമ്പാതയിലൂടെ പൊടി പറത്തി അപ്രത്യക്ഷമാവുകയാണ് ആ സൈനിക വാഹനം. ഏതോ ഗ്രാമത്തില്‍ , ഏതോ വീട്ടിലെ ഒരു ചെറുപ്പക്കാരന്റെ സ്വപ്‌നമാണ് ആ ശവപ്പെട്ടിയില്‍ നിശ്ചലമായിക്കിടക്കുന്നത്. ഒരു പക്ഷേ, മുഖം കരിഞ്ഞ്് , വികൃതരൂപമായി കിടക്കുകയാവാം ആ ചെറുപ്പക്കാരന്‍.
പോര്‍വിമാനങ്ങളുടെ ഇരമ്പലും നിലയ്ക്കാത്ത വെടിയൊച്ചയും ബോബ് സ്‌ഫോടനങ്ങളും മാത്രമല്ല കുര്‍ദു ജനത നേരിടേണ്ടിവരുന്നത്. ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും ദയയില്ലായ്മയും അവരെ നിസ്സഹായരും നിരാലംബരുമാക്കുന്നു. യുദ്ധം തകര്‍ക്കുന്ന യുവതികളുടെ ജീവിതങ്ങള്‍ പൂര്‍ണതയിലെത്താതെ അസ്തമിച്ചുപോകുന്നു. കുന്നുകള്‍ക്കിടയിലെ മലമ്പാതകളില്‍ സഞ്ചരിക്കാനും അവശ്യവസ്തുക്കള്‍ കൊണ്ടുവരാനും അവര്‍ക്കിപ്പോഴും കോവര്‍ക്കഴുതകള്‍ തന്നെ കൂട്ട്.
ഒറ്റപ്പെടുന്ന സ്ത്രീകള്‍
ഗ്രാമത്തിലെ യുവാക്കളെല്ലാം യുദ്ധമുന്നണിയിലാണെന്ന് സിനിമ സൂചിപ്പിക്കുന്നു. വൃദ്ധരും കുട്ടികളും സ്്ത്രീകളും മാത്രമേ അവിടെ ബാക്കിയുള്ളു. പിന്നെ , സൈന്യത്തില്‍ ചേര്‍ക്കാന്‍ പറ്റാത്ത ചില പുരുഷന്മാരും. ഭാരം കൊണ്ട് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഒരു യുവാവാണ് കൂട്ടത്തിലൊരാള്‍. . അയാള്‍ യുദ്ധത്തിനിരയാണ്. കുടുംബാംഗങ്ങളെല്ലാം യുദ്ധത്തില്‍ മരിച്ചു. പിന്നീട്്്്്്്്്് അബ്ദുറഹിമാന്റെ വീട്ടില്‍ സഹായിയായി കൂടുകയാണ്. നന്മയുള്ള ഒരു മനസ്സുണ്ട് ഈ ചെറുപ്പക്കാരന്. യുദ്ധത്തില്‍ ഭര്‍ത്താവ് മരിച്ച്്, ഏകയായി കഴിയുന്ന യുവതിക്ക് ഒരു ജീവിതം നല്‍കാന്‍ ഈ തടിയന്‍ തയാറാവുന്നു. യുദ്ധം വിധവകളാക്കി മാറ്റുന്ന ചെറുപ്പക്കാരികളെ ഭരണകൂടം കൈയൊഴിയുകയാണെന്നാണ് സിനിമ നല്‍കുന്ന സൂചന. സമൂഹത്തില്‍ നിന്നും ഇത്തരം സ്്ത്രീകള്‍ ഒറ്റപ്പെട്ടുപോകുന്നു.
കഥ നടക്കുന്ന കാലഘട്ടം സൂചിപ്പിക്കാന്‍ രണ്ട് സന്ദര്‍ഭങ്ങളില്‍ സദ്ദാം ഹുസൈന്റെ ഫോട്ടോ കാണിക്കുന്നുണ്ട് സംവിധായകന്‍. കുര്‍്ദുകളുടെ മനസ്സറിയുന്നവര്‍ക്ക് ഇതൊരു അദ്ഭുതമാണ്. കാരണം, കുര്‍ദുകള്‍ സദ്ദാമിനെ അത്രക്ക് വെറുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സാധാരണ കുര്‍ദ് സിനിമകളില്‍ കാണിക്കാറില്ല. ഗൊബാദിയുടെ മിക്ക സിനിമകളിലും സദ്ദാമിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും ദൃശ്യങ്ങളും കാണാം. യുദ്ധത്തിലെ തോല്‍വിക്കുശേഷം സദ്ദാമിന്റെ പ്രതിമ ജനം വലിച്ച് താഴെയിടുന്ന ദൃശ്യങ്ങള്‍ ഗൊബാദി തന്റെ സിനിമകളില്‍ കാട്ടിയിട്ടുണ്ട്. ' ദ ഫെയ്‌സ് ഓഫ് ആഷി 'ല്‍ സദ്ദാമിന്റെ കാലത്തെ ജീവിതാവസ്ഥ പ്രേക്ഷകരെ ബോധ്യപ്പെടുത്താനാകണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സംവിധായകന്‍ ചേര്‍ത്തുവെച്ചത്. സദ്ദാമിന്റെ ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ കാട്ടുന്ന ധാര്‍ഷ്ട്യം ഗ്രാമത്തിലെ മേയറുടെയും സൈനിക ഓഫീസറുടെയും പെരുമാറ്റത്തിലൂടെ നമുക്ക് കാണിച്ചുതരുന്നുണ്ട്. വീട്ടിലിരുന്ന് വൈന്‍ വാറ്റി സ്വയം കുടിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന ഒരു വൃദ്ധനെ മേയര്‍ കൈകാര്യം ചെയ്യുന്ന രീതിയെന്തെന്ന് നമ്മള്‍ അറിയുന്നു. വാറ്റുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മേയര്‍ വൃദ്ധനോട് പറയുന്നു. ഇനിയിത് തുടര്‍ന്നാല്‍ പിടിച്ച് അകത്തിടും എന്നും പറയുന്നു. അയാള്‍ പോയതും മേയര്‍ മേശയില്‍ നിന്നും മദ്യക്കുപ്പിയെടുത്ത് മോന്തുന്നതാണ് നമ്മള്‍ പിന്നീട് കാണുന്നത്.
മൈനുകള്‍ പാകിയ മരണപ്പാടങ്ങളിലൂടെ സഞ്ചരിച്ച് സിനിമയെടുത്ത ബഹ്മാന്‍ ഗൊബാദിയും നിലയ്ക്കാത്ത മരണവണ്ടികളുടെ ഇരമ്പല്‍ കേള്‍പ്പിച്ചുതരുന്ന ഷഖ്‌വാന്‍ ഇദ്രിസ്സും ഈ ലോകത്തോട് വിളിച്ചുപറയുന്നത് ഒരേ കാര്യമാണ്: നമുക്കിനിയൊരു യുദ്ധം വേണ്ട.
( സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത് )
Image
courtesy:
- [Movie poster for 2014 The face of the ash]. Retrieved from https://www.imdb.com/title/tt4108926/mediaviewer/rm468797952
- [Movie poster for 2014 The face of the ash]. Retrieved from https://www.imdb.com/title/tt4108926/mediaviewer/rm1676757504
- [Shakhwan Idrees at International Film Festival of Kerala 2015]. Retrieved from https://www.imdb.com/title/tt4108926/mediaviewer/rm49367552
0 Comments