ഇരുട്ടിന്റെ തടവറ തള്ളിത്തുറക്കുമ്പോള്‍
- ടി. സുരേഷ് ബാബു
വീട്ടുതടങ്കലും സിനിമ സംവിധാനം ചെയ്യുന്നതിനുള്ള വിലക്കും നിലനില്‍ക്കുമ്പോഴും നാലു സിനിമകളുടെ സാക്ഷാത്കാരം നിര്‍വഹിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച ഇറാനിയന്‍ ചലച്ചിത്രകാരനാണ് ജാഫര്‍ പനാഹി
സ്വതന്ത്രമായി സിനിമയെടുക്കാന്‍ വിലക്കുള്ള രാജ്യമാണ് ഇറാന്‍. ഷായുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പാശ്ചാത്യവത്കരണത്തിനും ആധുനികീകരണത്തിനും 1979 ല്‍ ഇസ്ലാമിക റിപ്പബ്ലിക്ക് നിലവില്‍ വന്നതോടെ വിലങ്ങു വീണു. ഇറാനിലെ നവസിനിമയുടെ വക്താക്കളും ലോകപ്രശസ്തരുമായ മഖ്മല്‍ ബഫ്, അബ്ബാസ് കിരയോസ്തമി , ബാമന്‍ ഗൊബാദി എന്നീ സംവിധായകര്‍ രാജ്യം വിട്ടു. ജാഫര്‍ പനാഹി പക്ഷേ, ഒളിച്ചോടാന്‍ തയാറായില്ല. തന്റെ സിനിമകളിലൂടെയും രാഷ്ട്രീയാഭിപ്രായങ്ങളിലൂടെയും അദ്ദേഹം ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒടുവില്‍, 2010 ല്‍ അധികാരികള്‍ പനാഹിയെ വീട്ടുതടങ്കലിലാക്കി തളച്ചു. വ്യവസ്ഥിതിക്കെതിരെ പ്രചാരണം നടത്തി എന്നതായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. 20 വര്‍ഷത്തേക്ക് സിനിമകള്‍ എടുക്കുന്നതില്‍ നിന്ന് പനാഹിയെ ഭരണകൂടം വിലക്കി. ഈ കാലത്ത് തിരക്കഥയും രചിക്കരുത്. രാജ്യം വിടാനോ ആര്‍ക്കെങ്കിലും അഭിമുഖം നല്‍കാനോ പാടില്ല. ഈ ശിക്ഷാവ്യവസ്ഥകള്‍ക്കുള്ളില്‍ ജീവിക്കവേ 2011 ല്‍ ' ദിസ് ഈസ് നോട്ട് എ ഫിലിം ' എന്ന ഡോക്യുമെന്ററിയെടുത്ത് പനാഹി ഭരണകൂടത്തെയും ലോകത്തെങ്ങുമുള്ള സിനിമാപ്രേമികളെയും ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. സ്വന്തം വീട്ടിനകത്ത് ചിത്രീകരിച്ച ഈ ചിത്രം പെന്‍ഡ്രൈവിലാക്കി ഒരു പിറന്നാള്‍ കെയ്ക്കിനകത്ത് ഒളിച്ചുകടത്തിയാണ് അദ്ദേഹം പുറംലോകത്തെത്തിച്ചത്. 2013 ല്‍ ' ക്‌ളോസ്ഡ് കര്‍ട്ടന്‍ ' , 2015 ല്‍ ' ടാക്‌സി ' എന്നീ കഥാചിത്രങ്ങളെടുത്ത് രാജ്യത്തിന് പുറത്തേക്കയച്ച് അദ്ദേഹം വീണ്ടും തന്റെ വീട്ടുതടങ്കലിനെ അപ്രസക്തമാക്കി. ഈ അദ്ഭുതങ്ങള്‍ ഇനിയും തുടരുമെന്ന നിലപാടില്‍ ഉറച്ചു നിന്ന പനാഹി 2018 ലും ഒരു സിനിമ ( ത്രീ ഫെയ്‌സസ് ) സംവിധാനം ചെയ്ത് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കയച്ചു.
ഇത് സിനിമയല്ല
സിനിമയാണ് തനിക്ക് ജീവിതം എന്ന് ജാഫര്‍ പനാഹി ലോകത്തോട് വിളിച്ചുപറയുന്നു. ഏതു നരകത്തില്‍ കൊണ്ടിട്ടാലും താന്‍ സിനിമയെടുക്കും. സമൂഹത്തോട് തനിക്ക് കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ സമൂഹത്തിലുണ്ടാകുന്ന ഓരോ ചലനവും ശ്രദ്ധിച്ചേ മതിയാവൂ. അതിനോട് പ്രതികരിക്കുകയെന്നത് തന്റെ കടമയാണ്. അത് നിറവേറ്റാനുള്ള തന്റെ മാധ്യമമാണ് സിനിമ. കൃത്യമായ ആസൂത്രണത്തോടെയാണ് നാലു സിനിമകളും പനാഹി തയാറാക്കിയത് എന്നതിന് സൂചനകളുണ്ട്. കര്‍ശന നിയന്ത്രണത്തില്‍ കഴിയുമ്പോഴും അദ്ദേഹം സിനിമകളെടുത്ത് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. വിലക്കിനെ മറികടക്കുന്നില്ല എന്നു വരുത്താന്‍ ' ഇത്് സിനിമയല്ല ' എന്ന് ആദ്യചിത്രത്തിന്റെ ശീര്‍ഷകത്തിലൂടെ പനാഹി വിളംബരപ്പെടുത്തുന്നുണ്ടെങ്കിലും അതൊരു ടെസ്റ്റ് ഡോസായിരുന്നു എന്നുവേണം കരുതാന്‍. തന്റെ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും തന്റെ സിനിമയെ ഇരുട്ടിലേക്കാഴ്ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള കൃത്യമായ സന്ദേശം ആദ്യചിത്രത്തിലുണ്ട്. താനിനിയും സിനിമയെടുക്കും എന്ന് ആദ്യചിത്രത്തില്‍ പനാഹി പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. ' സിനിമ നിര്‍മിക്കുന്നതിനല്ലേ പ്രശ്‌നമുള്ളൂ , സിനിമ വായിക്കുന്നതിന് വിലക്കില്ലല്ലോ ' എന്ന് ' ദിസ് ഈസ് നോട്ട് എ ഫിലി ' മില്‍ അദ്ദേഹം പരിഹാസസ്വരത്തില്‍ പറയുന്നുണ്ട്. തന്റെ ക്യാമറാമാന് തിരക്കഥ വായിച്ചുകൊടുക്കുകയാണ് പനാഹി. കഥാപാത്രങ്ങളെയൊന്നും രംഗത്തുകൊണ്ടുവരുന്നില്ല. കഥാപാത്രങ്ങള്‍ എവിടെ നില്‍ക്കണം , എങ്ങനെ പെരുമാറണം , വെളിച്ചത്തിന്റെ നിയന്ത്രണം എങ്ങനെവേണം എന്നൊക്കെ ക്യാമറാമാന് വിശദീകരിച്ചുകൊടുക്കുകയാണ് അദ്ദേഹം. അതിനിടക്ക് ചിത്രത്തിന്റെ ഇതിവൃത്തം എന്തെന്നും വെളിപ്പെടുത്തുന്നു. ഐഫോണും ഡിജിറ്റല്‍ വിഡിയോ ക്യാമറയും ഉപയോഗിച്ചാണ് ഈ സിനിമയെടുത്തത്.
വീട്ടുതടങ്കലിലെത്തുംമുമ്പ് പനാഹി സംവിധാനം ചെയ്തത് അഞ്ചു സിനിമകളാണ്. ' വൈറ്റ് ബലൂണ്‍ ' ( 1995 ) ആണ് ആദ്യസിനിമ. തുടര്‍ന്ന് ' മിറര്‍ ' ( 1997 ) , ദ സര്‍ക്കിള്‍ ( 2000 ) , ക്രിംസന്‍ ഗോള്‍ഡ് ( 2003 ) , ഓഫ്‌സൈഡ് ( 2006 ) എന്നിവ ചെയ്തു. ഇതില്‍ സര്‍ക്കിള്‍ , ഓഫ്‌സൈഡ് എന്നീ സിനിമകള്‍ ഇറാനില്‍ നിരോധിച്ചതാണ്. തടങ്കലിലിരുന്ന് തയാറാക്കിയ നാലു ചിത്രങ്ങളും നാട്ടുകാര്‍ക്ക് കാണാന്‍ ഭാഗ്യമില്ല. അങ്ങനെ നോക്കുമ്പോള്‍ പനാഹിയുടെ ഒമ്പതു സിനിമകളില്‍ ആറും ഇറാന്‍ ജനതയുടെ മുന്നിലെത്തിയിട്ടില്ല. 2015 ല്‍ ബര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച സിനിമക്കുള്ള ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം ' ടാക്‌സി ' ക്കായിരുന്നു. വിവരമറിഞ്ഞപ്പോള്‍ പനാഹി ഇറാന്‍ ഭരണകൂടത്തോട് ഒരഭ്യര്‍ഥന നടത്തി. തന്റെ ചിത്രങ്ങളെ സെന്‍സര്‍ ചെയ്യുന്നത് ഇനിയെങ്കിലും നിര്‍ത്തൂ എന്ന്. നാട്ടുകാര്‍ കാണാത്ത സിനിമക്ക് പുറത്ത് എത്ര അവാര്‍ഡ് കിട്ടിയാലും താന്‍ സന്തുഷ്ടനാവില്ലെന്ന് അദ്ദേഹം പറയുന്നു.
തെരുവും വീടും
പനാഹിയുടെ ആദ്യത്തെ അഞ്ചു സിനിമകളിലും കഥ നടക്കുന്നത് തെരുവുകളിലാണ്. ആറാമത്തെയും ഏഴാമത്തെയും ചിത്രങ്ങളിലാകട്ടെ പനാഹിയുടെ വീടാണ് പശ്ചാത്തലം. എട്ടാമത്തേതിലും ഒമ്പതാമത്തേതിലും സിനിമ വീണ്ടും തെരുവിലേക്കെത്തുന്നു. അവസാനത്തെ നാലു സിനിമകളിലും പനാഹി ഒരു കഥാപാത്രമാണ്. ആത്മകഥാംശമുള്ള ഈ ചിത്രങ്ങളില്‍ തന്ത്രപരമായ സിനിമാസാക്ഷാത്കാരത്തിലൂടെ , തന്നെ തളച്ചിട്ട ഇരുട്ടിന്റെ തടവറ പതുക്കെപ്പതുക്കെ തള്ളിത്തുറക്കുകയാണ് പനാഹി ചെയ്യുന്നത്. ആദ്യം വീട്ടിനകത്ത് പ്രത്യക്ഷപ്പെടുന്ന പനാഹിയെ അടുത്ത സിനിമയില്‍ നമ്മള്‍ കടല്‍ത്തീരത്ത് കാണുന്നു. മൂന്നാമത്തെ സിനിമയില്‍ ടെഹ്‌റാന്റെ വീഥികളിലൂടെ കാറോടിച്ചും നിരത്തിലിറങ്ങി നടന്നും അദ്ദേഹം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നു. നാലാമത്തേതില്‍ സ്വാതന്ത്ര്യദാഹിയായ ഒരു ചെറുപ്പക്കാരിയുടെ തിരോധാനത്തിന്റെ രഹസ്യമന്വേഷിച്ച് കിഴക്കന്‍ അസര്‍ബൈജാനിലെ മലമ്പാതകളിലൂടെ സഞ്ചരിക്കുന്നു. സിനിമയെന്ന സാംസ്‌കാരികരൂപത്തെ രാഷ്ട്രീയായുധമാക്കുകയാണ് പനാഹി. ഇറാനിലെ ചലച്ചിത്രകാരന്മാര്‍ക്കാണ് ' ദിസ് ഈസ് നോട്ട് എ ഫിലിം ' അദ്ദേഹം സമര്‍പ്പിക്കുന്നത്. താന്‍ സംവിധാനം ചെയ്തു എന്നല്ല , തന്റെയും ഡോക്യുമെന്ററി സംവിധായകനായ മജ്താബയുടെയും ശ്രമഫലമായി ഈ ചിത്രം രൂപം കൊണ്ടു എന്നാണ് ചിത്രാവസാനത്തില്‍ പനാഹി എഴുതിക്കാട്ടുന്നത്. മറ്റാരുടെയും പേര്‍ കൊടുത്തിട്ടില്ല. ചിത്രവുമായി സഹകരിച്ചവരുടെ സുരക്ഷ പരിഗണിച്ചാണ് അവരുടെ പേര്‍ പനാഹി ഒഴിവാക്കിയതെന്നു വ്യക്തം. ഇത് ഷൂട്ട് ചെയ്ത മജ്താബയെ ഈ ചിത്രത്തിന്റെ പേരിലാണെന്നു പറയാതെ പിന്നീട് ഭരണകൂടം അറസ്റ്റ് ചെയ്യുകയുണ്ടായി. അപകടത്തെപ്പറ്റി ബോധ്യമുള്ളതുകൊണ്ടാവണം ഷൂട്ടിങ്‌വേളയില്‍ തന്റെ ഒരു ചിത്രമെടുക്കാന്‍ മജ്താബ പനാഹിയെ നിര്‍ബന്ധിക്കുന്നുണ്ട്. ' എന്നെ അഥവാ അറസ്റ്റുചെയ്താല്‍ ഒരു ഫോട്ടോയെങ്കിലും കാണിക്കാമല്ലോ ' എന്ന് മജ്താബ പറയുന്നുമുണ്ട്.
ഇറാനിലെ പുതുവത്സരത്തലേന്നാണ് ' ദിസ് ഈസ് നോട്ട് എ ഫിലി ' മിലെ സംഭവങ്ങള്‍ നടക്കുന്നത്. അന്നു രാവിലെ മുതല്‍ രാത്രിവരെയുള്ള സംഭവങ്ങള്‍. പനാഹിയുടെ ഭാര്യയും മകനും പനാഹിയുടെ അമ്മക്ക് പുതുവത്സര സമ്മാനം നല്‍കാന്‍ പോയിരിക്കുകയാണ്. പനാഹിയും അദ്ദേഹത്തിന്റെ കുടുംബം ഓമനിച്ചു വളര്‍ത്തുന്ന , ഓന്തിനെപ്പോലെ തോന്നിക്കുന്ന ഇഗ്വാന എന്ന ജീവിയും മാത്രമേ വീട്ടിലുള്ളു. കറുത്ത ടീഷര്‍ട്ടും ജീന്‍സുമാണ് പനാഹിയുടെ വേഷം. തന്നെ ഫോക്കസ് ചെയ്ത് ക്യാമറ അദ്ദേഹം ഓണ്‍ ചെയ്തുവെച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകും. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് അദ്ദേഹം തന്റെ അഭിഭാഷകയെ വിളിച്ച് അപ്പീലിന്റെ കാര്യം അന്വേഷിക്കുന്നു. അവരുടെ മറുപടിയില്‍ ശുഭകരമായി ഒന്നുമില്ല. ജയില്‍ശിക്ഷ മാറ്റാനിടയില്ല ( പനാഹിക്ക് ആറു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. പക്ഷേ, അന്ന് നടപ്പാക്കിയിട്ടില്ല ) എന്നാണവരുടെ അഭിപ്രായം. ഭരണകൂടത്തിന്റെ നടപടിയില്‍ നീതി ഒട്ടുമില്ലെന്ന് അഭിഭാഷക പറയുന്നു. തികച്ചും രാഷ്ട്രീയമായി എടുത്ത തീരുമാനമാണിത്. ഇറാനിലെ ഇപ്പോഴത്തെ സാമൂഹികാവസ്ഥയെ ആശ്രയിച്ചുള്ള വിധിയാണിത്. അതുകൊണ്ട് നിയമത്തിന്റെ ഇഴകീറി വാദിച്ചു ജയിക്കാനാവില്ല. സിനിമാലോകത്തുനിന്നും അന്താരാഷ്ട്രതലത്തിലും സമ്മര്‍ദമുണ്ടായാലേ വല്ലതും നടക്കൂ എന്നവര്‍ ഓര്‍മപ്പെടുത്തുന്നു. തുടര്‍ന്ന് പനാഹി ക്യാമറയിലേക്കു നോക്കി താനിപ്പോള്‍ ' മിറര്‍ ' എന്ന സിനിമയിലെ മിന എന്ന പെണ്‍കുട്ടിയുടെ അവസ്ഥയിലാണെന്നു പറയുന്നു. സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുപോകാന്‍ അമ്മ വരാതിരുന്നതിനെത്തുടര്‍ന്ന് സ്വയം വീടന്വേഷിച്ചു യാത്രയാകുന്ന കൊച്ചുപെണ്‍കുട്ടി മിന. ഒരു ഘട്ടത്തില്‍ അവള്‍ സംവിധായകനോട് പിണങ്ങി ഞാനിനി അഭിനയിക്കുന്നില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയാണ്. വേഷമഴിച്ചുവെച്ച് താന്‍ യാഥാര്‍ഥ്യത്തിലേക്ക് കടക്കാന്‍ പോവുകയാണെന്നാണ് പനാഹി സൂചിപ്പിക്കുന്നത്. പിന്നീട് അദ്ദേഹം ക്യാമറാമാനെ വിളിച്ച് വേഗം വീട്ടിലെത്താന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് നമ്മള്‍ കാണുന്നതെല്ലാം മറ്റൊരാള്‍ പകര്‍ത്തിയ രംഗങ്ങളാണ്. പനാഹി സിനിമ സംവിധാനം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ കുറ്റമാണെന്ന് ക്യാമറാമാന്‍ ഓര്‍മിപ്പിക്കുന്നു. പക്ഷേ, തിരക്കഥ വായിക്കാം. അതിലുള്ളതുപോലെ താന്‍ ചിത്രീകരിക്കാം. ഈയൊരു ധാരണയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. തിരക്കഥ വായിക്കുന്നതും അഭിനയിക്കുന്നതും കുറ്റമാവില്ലല്ലോ എന്നു പറഞ്ഞ് അധികാരികളെ ഒന്നു കുത്താന്‍ പനാഹി ശ്രമിക്കുന്നുണ്ടിവിടെ.
നടക്കാതെ പോയ സിനിമകള്‍
' ഓഫ് സൈഡി ' നു ശേഷം താന്‍ സമര്‍പ്പിച്ച മൂന്നു തിരക്കഥകള്‍ക്ക് ഭരണകൂടം അനുമതി നിഷേധിച്ചതായി പനാഹി ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നു. കലാരംഗത്ത് ഗവേഷണം നടത്താനാഗ്രഹിച്ച ഒരു പെണ്‍കുട്ടി നായികയായുള്ള സിനിമയാണ് അവയിലൊന്ന്. മറ്റൊന്നിന്റെ ശീര്‍ഷകം ' റിട്ടേണ്‍ ' എന്നായിരുന്നു. ഇറാക്കുമായുള്ള യുദ്ധം കഴിഞ്ഞ് മുന്നണിയില്‍ നിന്നെത്തുന്ന ഇറാന്‍ പട്ടാളക്കാര്‍ വീട്ടിലേക്കു പോകാന്‍ വാഹനങ്ങളില്ലാതെ കഷ്ടപ്പെടുന്നു. തുടര്‍ന്ന് ചില പട്ടാളക്കാര്‍ റെയില്‍പ്പാളത്തില്‍ കിടന്ന് ഒരു ട്രെയിന്‍ നിര്‍ത്തിക്കുന്നു. എന്നിട്ട് അതില്‍ക്കയറി വീട്ടിലേക്ക് പോകുന്നു. ഇവിടുന്നങ്ങോട്ടാണ് യുദ്ധത്തിന്റെ പ്രശ്‌നങ്ങള്‍ വിവരിക്കുന്നത്. ആ സിനിമയ്ക്കും അനുമതി കിട്ടിയില്ല. അടുത്തത് ' സീ ' ( കടല്‍ ) എന്ന തിരക്കഥയായിരുന്നു. കടല്‍ക്കരയിലെ ഒരു ഹോളിഡേ ഹോം പശ്ചാത്തലമാക്കി നാല് കഥാപാത്രങ്ങളുള്ള സിനിമ. അതും അനുവദിച്ചില്ല. അതിനുശേഷമുള്ള സിനിമ ഏതാണ്ട് 30 ശതമാനം ചിത്രീകരിച്ചതാണ്. ഒരു ദിവസം അധികൃതര്‍ കടന്നുവന്ന് എല്ലാം പിടിച്ചെടുത്തോണ്ടു പോയി. ' ദിസ് ഈസ് നോട്ട് എ ഫിലിമി ' ല്‍ തിരക്കഥ വായിച്ചുകൊടുത്ത്, ക്യാമറാമാന്‍ അത് ചിത്രീകരിക്കുമ്പോള്‍ ജാഫര്‍ പനാഹി സ്വയം ചോദിക്കുന്നു : ഒരു സിനിമ വായിച്ചുകൊടുത്ത് ചിത്രീകരിക്കാന്‍ പറ്റുമെങ്കില്‍ പിന്നെന്തിന് നമ്മള്‍ സിനിമ നിര്‍മിക്കണം ?. താന്‍ ചെയ്യുന്നതിലെ അസംബന്ധമോര്‍ത്ത് അദ്ദേഹം കൈയിലുള്ള തിരക്കഥ വലിച്ചെറിയുന്നു.
പുതുവര്‍ഷത്തെ വരവേറ്റ് രാത്രി തെരുവില്‍ നടക്കുന്ന ആഘോഷങ്ങള്‍ കാണിച്ചാണ് ' ദിസ് ഈസ് നോട്ട് എ ഫിലിം ' അവസാനിക്കുന്നത്. ക്യാമറാമാന്‍ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. ഫഌറ്റുകളിലെ മാലിന്യങ്ങള്‍ എടുക്കാന്‍ വരുന്ന ഒരു യുവാവാണ് ഇപ്പോള്‍ പനാഹിക്കൊപ്പമുള്ളത്. അവന്‍ സര്‍വകലാശാലയില്‍ കലാഗവേഷണ വിദ്യാര്‍ഥിയാണ്. പനാഹിയെ അറസ്റ്റു ചെയ്തതിന് സാക്ഷിയാണവന്‍. ചില കമേഴ്‌സ്യല്‍ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. പനാഹിയോട് അവന് ആദരവാണ്. അതുകൊണ്ടുതന്നെ പുറത്തേക്ക് ക്യാമറയുമായി വരുന്നത് അപകടമാണെന്ന് അവന്‍ സൂചിപ്പിക്കുന്നു. 74 മിനിറ്റുള്ള ഈ ഡോക്യുമെന്ററി 2011 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സിനിമയെഴുത്തുകാരന്‍ ജിയോഫ് ആന്‍ഡ്രൂ ഇങ്ങനെ അഭിപ്രായപ്പെടുന്നു : ' ദിസ് ഈസ് നോട്ട് എ ഫിലിം ' തടവിനെക്കുറിച്ചുള്ള സിനിമയാണ്. എന്നാല്‍, ഇതുണ്ടാക്കിയ സാഹചര്യം പരിഗണിച്ചാല്‍ വിമോചനത്തെക്കുറിച്ചുള്ള സിനിമയാണ് '.
ജീവിതം - ഓര്‍മകളുടെ സമാഹാരം
രണ്ടാമത്തെ തടവറച്ചിത്രമായ ' ക്‌ളോസ്ഡ് കര്‍ട്ടനി ' ല്‍ പനാഹിയുടെ അയല്‍ക്കാരന്‍ ജീവിതത്തെ നിര്‍വചിക്കുന്നത് ഇങ്ങനെ : ' ആത്യന്തികമായി നോക്കുമ്പോള്‍ ജീവിതം കുറെ ഓര്‍മകളുടെ സമാഹാരമാണ്. കടുത്തതും മധുരമുള്ളതുമായ ഓര്‍മകളുടെ.' സ്വന്തം ജീവിതത്തിന്റെ അവസ്ഥകളിലേക്ക് നോക്കി പനാഹി തന്നെയാണ് ഇങ്ങനെ സ്വയം സമാധാനിക്കുന്നത്. യാഥാര്‍ഥ്യവും മിഥ്യയും കലര്‍ന്ന രീതിയിലാണ് ക്‌ളോസ്ഡ് കര്‍ട്ടന്റെ ആവിഷ്‌കാരം. കാസ്പിയന്‍ കടല്‍ത്തീരത്തെ പനാഹിയുടെ മൂന്നുനില വില്ലയിലാണ് ഈ സിനിമ ചിത്രീകരിച്ചത്. ഒരു പ്രഭാതത്തില്‍ അവിടേക്ക് ഒരു തിരക്കഥാകൃത്ത് വരികയാണ്. കൂടെ അരുമയായ പട്ടിയുമുണ്ട്. അതിനെ ബാഗില്‍ ഒളിപ്പിച്ചാണ് അയാള്‍ കൊണ്ടുവരുന്നത്. ( ഇറാനില്‍ പട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുനടക്കാന്‍ പാടില്ല. ശിക്ഷ കിട്ടും.). ക്യാമറ നിശ്ചലമാക്കി നിര്‍ത്തി ഒരു വിദൂരദൃശ്യത്തിലാണ് പനാഹി ഈ രംഗം ചിത്രീകരിക്കുന്നത്. ഒരാഴ്ച മുമ്പ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു തിരക്കഥ. പക്ഷേ, കഴിഞ്ഞില്ല. തിരക്കഥാകൃത്തിന്റെ കാര്യങ്ങളെല്ലാം നിഗൂഢമാണ്. വന്നയുടനെ വെളിച്ചത്തെ ആട്ടിയോടിക്കാനാണ് അയാളുടെ ശ്രമം. വെളിച്ചം തടയാനായി അയാള്‍ എല്ലാ കര്‍ട്ടനുകള്‍ക്കും കറുത്ത കര്‍ട്ടന്‍ കൂടി ഇടുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ തല മുണ്ഡനം ചെയ്യുന്നു അയാള്‍ . എഴുതാനിരിക്കവെ അയാളെ ഓര്‍ക്കാപ്പുറത്ത് പ്രശ്‌നങ്ങള്‍ വന്നു പൊതിയുന്നു. ചെറുപ്പക്കാരായ ഒരു സഹോദരനും സഹോദരിയും അവിടെയെത്തുന്നു. അടച്ചിട്ട വാതിലിലൂടെ എങ്ങനെ ഇവരെത്തി എന്നതായിരുന്നു അയാളുടെ അദ്ഭുതം. വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു എന്നാണ് അവര്‍ മറുപടിയായി പറയുന്നത്. രണ്ടുപേരോടും സ്ഥലംവിടാന്‍ പറയുന്നു അയാള്‍. സുഹൃത്തിന്റെ കാറുമായി വരുന്നതുവരെ സഹോദരി ഇവിടെ നില്‍ക്കട്ടെ എന്നു പറഞ്ഞ് ചെറുപ്പക്കാരന്‍ പോകുന്നു. അവള്‍ ആത്മഹത്യാപ്രവണതയുള്ളവളാണ് എന്നു പറയുന്നതോടെ തിരക്കഥാകൃത്തിന് ഭയമായി. അവള്‍ പത്രറിപ്പോര്‍ട്ടറാണോ അതോ പോലീസിന്റെ ചാരയാണോ എന്നതായി അയാളുടെ സംശയം. ആ വില്ലയെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതയുടെ ചരട് അവള്‍ പൊട്ടിച്ചെറിയുന്നു. എല്ലാ കര്‍ട്ടനുകളുടെയും കറുത്ത ആവരണം നീക്കി അവള്‍ വെളിച്ചത്തെ സ്വാഗതം ചെയ്യുന്നു. ആരാണ് നീ എന്ന് തിരക്കഥാകൃത്ത് ചോദിക്കുമ്പോള്‍ സാക്ഷാല്‍ ജാഫര്‍ പനാഹി രംഗത്തേക്കു വരുന്നു.
തിരശ്ശീല മാറ്റുമ്പോള്‍
യുവതി കര്‍ട്ടന്‍ പൊട്ടിച്ചെറിയുമ്പോള്‍ ചുമരില്‍ പനാഹിയുടെ ' ദ സര്‍ക്കിള്‍ ' , ' മിറര്‍ ' എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ നമുക്ക് കാണാം. ഇറാനിലെ സ്ത്രീകളുടെ ദുരന്തം ശക്തമായി ആവിഷ്‌കരിച്ച സിനിമയാണ് ' സര്‍ക്കിള്‍ '. വിവിധ തലങ്ങളിലുള്ള ആറ് സ്ത്രീകളുടെ അവസ്ഥയാണിതില്‍ പ്രതിപാദിക്കുന്നത്. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചു എന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ശേഷം പുറത്തുവരുന്ന മൂന്നു യുവതികള്‍ , പെണ്‍കുട്ടിയെ തെരുവിലുപേക്ഷിക്കുന്ന ഒരമ്മ, തെരുവിലെ അഭിസാരിക , ജയിലില്‍ തൂക്കിലേറ്റപ്പെട്ട കാമുകനില്‍ നിന്നു കിട്ടിയ ഗര്‍ഭം അലസിപ്പിക്കാന്‍ വഴി തേടുന്ന യുവതി എന്നിവരാണ് സര്‍ക്കിളിലെ പ്രധാന കഥാപാത്രങ്ങള്‍. ജയിലില്‍ നിന്നു പുറത്തുവരുന്ന യുവതികളെ വീണ്ടും പോലീസ് പിന്തുടരുന്നുണ്ട്. ഇതിനു സമാനമാണ് ' ക്‌ളോസ്ഡ് കര്‍ട്ടനി ' ലെയും അന്തരീക്ഷം. പോലീസിനെ പേടിച്ചാണ് സഹോദരങ്ങള്‍ പനാഹിയുടെ വില്ലയില്‍ അഭയം തേടുന്നത്. ആടിയും പാടിയും രസിക്കുന്ന യുവത്വത്തെ പോലീസ് വേട്ടയാടുകയാണെന്ന് ' ക്‌ളോസ്ഡ് കര്‍ട്ടനി ' ലെ യുവതി സൂചിപ്പിക്കുന്നുണ്ട്. ഇറാനിലെ അവസ്ഥക്ക് മാറ്റമൊന്നുമില്ലെന്നാവാം പനാഹി വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ' ഒരാള്‍, ഒരു പട്ടി , ഒരു വില്ല. നിങ്ങളെഴുതുന്നു, അദ്ദേഹം ചിത്രീകരിക്കുന്നു. എന്നിട്ടെന്തുണ്ടാവാന്‍ ? യാഥാര്‍ഥ്യം പിടിച്ചെടുക്കാന്‍ നിങ്ങള്‍ക്കാവുമോ ' എന്ന് യുവതി തിരക്കഥാകൃത്തിനോട് ചോദിക്കുന്നുണ്ട്. സാമൂഹിക വിമര്‍ശനത്തിനുള്ള പനാഹിയുടെ ശ്രമങ്ങള്‍ വ്യര്‍ഥമായിപ്പോകുന്നു എന്നാവണം അവള്‍ സൂചിപ്പിക്കുന്നത്. യുവതി കടലിലേക്ക് നടന്നുപോയി ഒരു പൊട്ടുപോലെ മുങ്ങുന്നത് ഒരു വിദൂരദൃശ്യത്തില്‍ സംവിധായകന്‍ കാണിച്ചുതരുന്നു. എന്നിട്ട്, വീണ്ടുമവളെ വില്ലക്കകത്ത് കാണിക്കുന്നു. അവള്‍ തിരക്കഥാകൃത്തിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അയാള്‍ എഴുതിയ തിരക്കഥ അവള്‍ വലിച്ചെറിയുന്നു. ' അദ്ദേഹം ( പനാഹി ) എന്നെക്കണ്ടു. ആ ചിന്തകളിലേക്ക് ഞാന്‍ വീണ്ടുമെത്തിക്കഴിഞ്ഞു. എന്തിനാണിതൊക്കെ എഴുതുന്നത്? ആരാണിത് സിനിമയാക്കുക ? പട്ടിയെയുമെടുത്ത് സ്ഥലം വിട്ടോളൂ ' എന്നൊക്കെപ്പറഞ്ഞാണവള്‍ അയാളെ ശല്യപ്പെടുത്തുന്നത്. വിചാരിച്ച രീതിയില്‍ തനിക്ക് സിനിമയെടുക്കാന്‍ പറ്റുന്നില്ല എന്ന പനാഹിയുടെ ഖേദപ്രകടനമാണിവിടെ. വില്ലയുടെ പൊട്ടിയ ജനാലച്ചില്ലുകള്‍ നന്നാക്കിയ രണ്ട് ചെറുപ്പക്കാര്‍ പനാഹിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്‌തോട്ടെ എന്നു ചോദിക്കുന്നു. അദ്ദേഹം സമ്മതിച്ചെങ്കിലും അതിലൊരാള്‍ ഫോട്ടോയ്ക്ക് നില്‍ക്കാതെ പിന്മാറുന്നു. ഫോട്ടോ കാരണം തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാലോ എന്നതാണ് അയാളെ അലട്ടിയ ഭയം. ഈ യാഥാര്‍ഥ്യവും പനാഹി വേദനയോടെ ഉള്‍ക്കൊള്ളുന്നുണ്ട്. ആദ്യരംഗത്തിന്റെ തിരിച്ചുപോക്കോടെയാണ് സിനിമ അവസാനിക്കുന്നത്. പനാഹി വില്ല പൂട്ടി കാറില്‍ മടങ്ങുന്നു. വില്ലയില്‍ നിന്നുള്ള വിദൂരദൃശ്യത്തിലാണ് മടങ്ങിപ്പോക്കും കാണിക്കുന്നത്. തിരക്കഥാകൃത്തും പട്ടിയും കടല്‍ത്തീരത്ത് നില്‍ക്കുന്നത് നമുക്ക് കാണാം. അവരെ കൂട്ടാതെയാണ് പനാഹി ആദ്യം പോകുന്നത്. പിന്നെ കാര്‍ തിരിച്ചുവരുന്നു. തിരക്കഥാകൃത്തിനെയും പട്ടിയെയും കയറ്റി വീണ്ടും സ്ഥലം വിടുന്നു.
സിനിമയിലുള്ള വിശ്വാസത്തില്‍ സന്ദേഹിയാകുന്ന പനാഹിയെയാണ് ' ക്‌ളോസ്ഡ് കര്‍ട്ടന്‍ ' കാണിച്ചുതരുന്നത് എന്നുവേണമെങ്കില്‍ വ്യാഖ്യാനിക്കാം. തന്റെ മനസ്സിനെ കൃത്യമായി പ്രതിഫലിപ്പിക്കാനാവണം പനാഹി ഒരു സംവിധായകനെത്തന്നെയാണ് നായകനായി അഭിനയിപ്പിച്ചത്. ' ദ സര്‍ക്കിളി ' ന്റെ തിരക്കഥയൊരുക്കിയ കമ്പൂസിയ പര്‍ത്തോവിയാണ് തിരക്കഥാകൃത്തായി വേഷമിട്ടത്. ' ക്‌ളോസ്ഡ് കര്‍ട്ടന്‍ ' പനാഹിയും കമ്പൂസിയയും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരുടെയെല്ലാം പേരുകള്‍ പനാഹി വെളിപ്പെടുത്തുന്നുണ്ട്. ഒളിച്ചുകടത്തിയ ഈ സിനിമ 2013 ലെ ബര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച തിരക്കഥക്കുള്ള ബഹുമതി നേടുകയുണ്ടായി.
വീട്ടില്‍ നിന്ന് തെരുവിലേക്ക്
മൂന്നാമത്തെ തടവറച്ചിത്രത്തിലെത്തുമ്പോള്‍ ജാഫര്‍ പനാഹി കുറച്ചു സ്വാതന്ത്ര്യം അനുഭവിക്കുന്ന ആളായാണ് പ്രത്യക്ഷപ്പെടുന്നത്. അടച്ചിട്ട വീട്ടില്‍ നിന്ന് പുറത്തു കടന്ന് അദ്ദേഹം വെളിച്ചം നിറഞ്ഞ തെരുവിലെത്തുകയാണ്. മഞ്ഞച്ചായമടിച്ച ടാക്‌സി ഓടിച്ച് അദ്ദേഹം പകല്‍ ടെഹ്‌റാന്‍ നഗരവീഥിയിലൂടെ കടന്നുപോകുന്നു. പരിചിതരും അപരിചിതരും ആ ടാക്‌സിയില്‍ കയറുന്നു. അവരുടെ സംഭാഷണങ്ങളില്‍ ഇടപെട്ടും ചിലപ്പോള്‍ നിശ്ശബ്ദനായും പനാഹി വണ്ടിയോടിക്കുന്നു. മൂന്നു ചിത്രങ്ങളില്‍ വെച്ചേറ്റവും കൂടുതല്‍ സാമൂഹിക വിമര്‍ശം പനാഹി നടത്തുന്നത് ' ടാക്‌സി ' യിലാണ്. ഭരണകൂടത്തെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങളാണ് ചില കഥാപാത്രങ്ങള്‍ നടത്തുന്നത്. ഇറാനിലെ നീതിന്യായ വ്യവസ്ഥ, പിന്തുടര്‍ച്ചാവകാശ നിയമം, സ്ത്രീവിരുദ്ധ നിലപാടുകള്‍ , വിശ്വാസങ്ങള്‍ , സിനിമാ വിലക്കുകള്‍ എന്നിവയൊക്കെ തുറന്നു ചര്‍ച്ച ചെയ്യാന്‍ പനാഹി ധൈര്യം കാട്ടുന്നുണ്ട് ' ടാക്‌സി ' യില്‍.
ഡ്രൈവിങ് സീറ്റില്‍ പനാഹിയാണെന്ന് നമ്മള്‍ അറിയുന്നത്് ചിത്രം തുടങ്ങി ഒമ്പതാമത്തെ മിനിറ്റിലാണ്. അതുവരെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ, കാറോടിക്കുന്നയാളെ കാട്ടുന്നില്ല. ഒരു യുവാവും അധ്യാപികയുമാണ് ആദ്യം നമ്മള്‍ കാണുന്ന യാത്രക്കാര്‍. രാജ്യത്തിന്റെ അവസ്ഥയാണവര്‍ ചര്‍ച്ച ചെയ്യുന്നത്. കാറിന്റെ ടയറുകള്‍ മോഷ്ടിച്ചാല്‍പ്പോലും വധശിക്ഷ വേണമെന്നാണ് യുവാവിന്റെ അഭിപ്രായം. അധ്യാപിക ഇതിനെ ഖണ്ഡിക്കുന്നു. വധശിക്ഷ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണോ എന്ന പ്രസക്തമായ ചോദ്യമാണ് അവരുന്നയിക്കുന്നത്. പ്രശ്‌നത്തിന്റെ അടിവേര് കണ്ടെത്തുകയാണ് വേണ്ടത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നത് ഇറാനിലാണ്. എന്നിട്ടെന്താ ഇവിടെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞോ - അവര്‍ ചോദിക്കുന്നു. ശരീയത്തിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷ നടപ്പാക്കിയാല്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുമോ എന്ന ചോദ്യം അധ്യാപികയിലൂടെ ഉന്നയിക്കുന്നത് പനാഹി തന്നെ. ഇറങ്ങിപ്പോകുമ്പോള്‍ യുവാവ് ടാക്‌സിക്കൂലി എത്രയെന്ന് ചോദിക്കുന്നുണ്ടെങ്കിലും പനാഹി വാങ്ങുന്നില്ല. അപ്പോള്‍ അവന്‍ പറയുന്നത് ' നിങ്ങള്‍ ടാക്‌സി ഡ്രൈവറല്ല ' എന്നാണ്. പനാഹി താനാരെന്ന് വെളിപ്പെടുത്തുന്നില്ല. കാറില്‍ കയറുന്ന മൂന്നാമത്തെയാള്‍ പനാഹിയെ പെട്ടെന്ന് തിരിച്ചറിയുന്നു. അനധികൃത ഡി.വി.ഡി. വില്‍പ്പനക്കാരനായ ഒമീദ് ആണിയാള്‍. പനാഹിക്കും മകനും കള്ളക്കടത്തായി എത്തിയ വിദേശ സിനിമകള്‍ അയാള്‍ മുമ്പ് കൊടുത്തിട്ടുണ്ട്. ഇതിനിടയ്ക്ക്്്് ബൈക്കപകടത്തില്‍ പരിക്കേറ്റ ഒരാളെ നാട്ടുകാര്‍ പനാഹിയുടെ ടാക്‌സിയില്‍ കയറ്റുന്നു. ഒപ്പം അയാളുടെ ഭാര്യയും കയറുന്നു. താന്‍ മരിച്ചുപോകുമെന്ന് പേടിച്ച് ആ മനുഷ്യന്‍ പനാഹിയോട് തന്റെ വില്‍പ്പത്രം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യാന്‍ പറയുന്നു. ദൈവം സാക്ഷിയായി അയാള്‍ തന്റെ വീടും സ്വത്തുമെല്ലാം ഭാര്യക്ക് നല്‍കണമെന്ന് മൊഴി കൊടുക്കുന്നു. ഇക്കാര്യം തന്റെ സഹോദരന്മാര്‍ അറിയരുതെന്നും അയാള്‍ പറയുന്നു. അയാളെ ആസ്പത്രിയിലാക്കിയശേഷം ഭാര്യ പനാഹിയെ ഇടയ്ക്കിടെ വിളിക്കുന്നുണ്ട്. വില്‍പ്പത്രത്തിന്റെ ഒരു കോപ്പി സ്വന്തമാക്കാനായിരുന്നു ഈ വിളികള്‍.
എന്താണ് സിനിമ ?
എന്താണ് സിനിമ, എങ്ങനെയാവണം സിനിമ എന്ന് പനാഹി ' ടാക്‌സി ' യില്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമക്കാരനാവാന്‍ മോഹിക്കുന്ന ഒരു ചെറുപ്പക്കാരനെ പനാഹി പരിചയപ്പെടുന്നു. സിനിമക്ക് നല്ലൊരു വിഷയം നോക്കി നടക്കുകയാണവന്‍. കുറെ സിനിമ കണ്ടു. കുറെ പുസ്തകങ്ങള്‍ വായിച്ചു. എന്നിട്ടും നല്ലൊരു വിഷയം കണ്ടെത്താനാവുന്നില്ല. പനാഹി അല്‍പ്പം പരിഹാസത്തോടെയാണ് അതിന് മറുപടി കൊടുക്കുന്നത്: ' ' ചുറ്റും നോക്കിയാല്‍ നിങ്ങള്‍ക്കു വിഷയം കിട്ടും. അത് സ്വയം കണ്ടെത്തേണ്ടതാണ്. ആര്‍ക്കും പറഞ്ഞുതരാനാവില്ല. ' ഒരു ജാറില്‍ രണ്ട് സുവര്‍ണമത്സ്യങ്ങളുമായി വരുന്ന രണ്ട് സ്ത്രീകളാണ് പിന്നീട് കാറില്‍ കയറുന്നത്. ഒരു പുണ്യസ്ഥലത്തേക്ക് പോവുകയാണവര്‍. ഒരു കൊല്ലം വീട്ടില്‍ സൂക്ഷിച്ച ഈ ഭാഗ്യമത്സ്യങ്ങളെ അവിടെ ഒഴുക്കി പുതിയതിനെ കൊണ്ടുപോരണം. അങ്ങോട്ട് വരാന്‍ തനിക്ക് പറ്റില്ലെന്നു പറഞ്ഞ് പനാഹി അവരെ വഴിയില്‍ ഇറക്കുന്നു. അപ്പോഴാണ് പനാഹിയുടെ യാത്രോദ്ദേശ്യം നമുക്ക് മനസ്സിലാവുന്നത്. സ്‌കൂളില്‍ നിന്ന് അനന്തരവളെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണദ്ദേഹം. ഇപ്പോള്‍ത്തന്നെ വൈകി. കൊച്ചുമിടുക്കിയായ അനന്തരവള്‍ ഹന നമ്മളെ ' മിറര്‍ ' എന്ന സിനിമയിലെ മിനയെ ഓര്‍മിപ്പിക്കും. ആരും വിളിക്കാന്‍ വന്നില്ലെങ്കില്‍ ' മിററി ' ലെ പെണ്‍കുട്ടിയെപ്പോലെ താന്‍ വീട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചോളും എന്ന് അവള്‍ അമ്മാവനോട് പറയുന്നു. ഹനക്ക് സ്വന്തമായൊരു മൂവി ക്യാമറയുണ്ട്. അതുമായി ഒരു ഹ്രസ്വചിത്രം പിടിക്കാന്‍ പോവുകയാണ്. അമ്മാവനുണ്ടാക്കുന്ന പോലെ കുഴപ്പമുണ്ടാക്കുന്ന സിനിമയല്ല അവള്‍ പിടിക്കുന്നത്. അധ്യാപിക പ്രത്യേകം പറഞ്ഞിട്ടുണ്ട് പൊതുസദസ്സില്‍ കാണിക്കാന്‍ പറ്റുന്ന സിനിമയേ എടുക്കാവൂ എന്ന്. അതിന് കുറെ നിബന്ധനകളുമുണ്ട്. നല്ലവരായ കഥാപാത്രങ്ങള്‍ക്ക് ഇറാനിയന്‍ പേരിടരുത്. പകരം, പുണ്യവാള•ാരുടെ പേരിട്ടോളണം. ആണുങ്ങള്‍ ടൈ കെട്ടരുത്. ചെറുതായെങ്കിലും താടി വേണം. സിനിമയില്‍ രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത് - ഇങ്ങനെ പോകുന്നു നിബന്ധനകള്‍. കാണുന്ന എല്ലാ യാഥാര്‍ഥ്യങ്ങളും പച്ചയായി ചിത്രീകരിക്കരുത് എന്നാണ് ടീച്ചറുടെ / ഭരണകൂടത്തിന്റെ ശാസന. ഹന്നയ്ക്ക് ഇക്കാര്യം പിടികിട്ടുന്നില്ല. ഒരിക്കലും പുറത്തു കാണിക്കരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. അതാണ് ടീച്ചര്‍ ഉദ്ദേശിച്ചത് എന്ന് പനാഹി ഹന്നയ്ക്ക് വിശദീകരിച്ചുകൊടുക്കുന്നു.
ഭരണകൂടത്തിന്റെ കണ്ണുകള്‍
ഏറ്റവുമൊടുവില്‍ കാറില്‍ കയറുന്നത് റോസാപ്പൂക്കളുമായി വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ അഭിഭാഷക നസ്രീനാണ്. വോളിബോള്‍ മത്സരം കാണാന്‍ പോയതിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന യുവതിയെ സന്ദര്‍ശിക്കാന്‍ പോവുകയാണവര്‍. പത്തു ദിവസമായി യുവതി ഉപവാസത്തിലാണ്. അഭിഭാഷകയ്്ക്കും ഭരണകൂടത്തിന്റെ വിലക്കുണ്ട്. മൂന്നു വര്‍ഷത്തേക്ക് അവര്‍ പ്രാക്ടീസ് ചെയ്യാന്‍ പാടില്ല. ഭരണകൂടത്തിന്റെ കണ്ണുകള്‍ എപ്പോഴും നമ്മളുടെ മേലുണ്ടാകുമെന്ന് നസ്രീന്‍ പനാഹിയോട് പറയുന്നു. ആദ്യം അവര്‍ നമ്മെ മൊസാദിന്റെയോ സി.ഐ.എ.യുടെയോ ഏജന്റാക്കും. പിന്നെ സദാചാരലംഘനക്കുറ്റം ചുമത്തും. അങ്ങനെ നമ്മുടെ ജീവിതം നരകമാക്കും. അവസാനം, ജയില്‍മോചിതരാകുമ്പോള്‍ പുറത്തെ ലോകം നമുക്ക് വലിയൊരു തടവറയായിത്തോന്നും. അടുത്ത സുഹൃത്തുക്കളെ അവര്‍ കടുത്ത ശത്രുക്കളാക്കി മാറ്റും. ഒന്നുകില്‍ രാജ്യം വിടുക, അല്ലെങ്കില്‍ ജയിലിലേക്ക് മടങ്ങുന്ന നാളെണ്ണിത്തുടങ്ങുക. ഇതേ പോംവഴിയുണ്ടാകൂ - അവര്‍ ഇറാനിലെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ കൃത്യമായ ചിത്രം വരച്ചിടുന്നതിങ്ങനെയാണ്. കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറക്കു മുന്നില്‍ ചുവന്ന റോസാപ്പൂ വെച്ച് അവര്‍ പറയുന്നു: ' ഈ പൂവ് ചലച്ചിത്രകാരന്മാര്‍ക്കുള്ളതാണ്. കാരണം, താങ്കളെപ്പോലുള്ള ചലച്ചിത്രകാരന്മാരെ വിശ്വസിക്കാം.' താനീ പറഞ്ഞതെല്ലാം സിനിമയില്‍ നിന്നു നീക്കുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ ' അനഭിലഷണീയമായ യാഥാര്‍ഥ്യം ' തുറന്നു പറഞ്ഞതിന് / കാണിച്ചതിന് പനാഹിക്കെതിരെ കുറ്റം ചുമത്തുമെന്നും ഇറങ്ങിപ്പോകുന്നതിനുമുമ്പ് അഭിഭാഷക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, പനാഹി അതിനു തയാറായില്ലെന്ന് ഈ വിമര്‍ശം അതേപടി സിനിമയില്‍ നിലനിര്‍ത്തിയതില്‍ നിന്ന് നമുക്ക് മനസ്സിലാകും. അഭിഭാഷകയുടെ മുന്നറിയിപ്പ് സത്യമാണെന്ന് സ്വയം ബോധ്യപ്പെട്ട രീതിയിലാണ് പനാഹി ' ടാക്‌സി ' അവസാനിപ്പിക്കുന്നത്. മീനുമായി കയറിയ യാത്രക്കാരികള്‍ മറന്നുവെച്ചുപോയ പഴ്‌സ് കൊടുക്കാന്‍ പനാഹി പുറത്തേക്കുപോകുമ്പോള്‍ ചില്ലു തകര്‍ത്ത് കാറിലേക്ക് ഒരാള്‍ ഓടിക്കയറുന്നു. ഡാഷ്‌ബോര്‍ഡില്‍ വെച്ച ക്യാമറ നശിപ്പിക്കപ്പെട്ടു എന്നു സൂചിപ്പിച്ച്്്്്്്് അവസാനം സ്‌ക്രീനില്‍ ഇരുട്ട് പരക്കുകയാണ്. ' ദിസ് ഈസ് നോട്ട് എ ഫിലി ' മിലേതുപോലെ ' ടാക്‌സി ' യിലും സിനിമക്കു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റാരുടേയും പേരുകള്‍ പനാഹി വെളിപ്പെടുത്തുന്നില്ല.
സ്വാതന്ത്ര്യത്തിന്റെ മുഖങ്ങള്‍
യാഥാസ്ഥിതിക ഇറാനിയന്‍ സമൂഹത്തിന്റെ വിലക്കുകള്‍ അതിലംഘിക്കുന്ന മൂന്നു സ്ത്രീകളുടെ പൊരുതലിന്റെ കഥയാണ് പനാഹി ' ത്രീ ഫെയ്‌സസി ' ല്‍ പറയുന്നത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്വയം സന്നദ്ധരായ മൂന്നു സ്ത്രീകള്‍. ഒറ്റപ്പെടുമെന്നുറപ്പുണ്ടായിട്ടും സിനിമയുടെ ലോകത്ത് ഉറച്ചു നില്‍ക്കുന്നവര്‍. അവര്‍ വിജയം കണ്ടെത്തുമെന്നു തന്നെയാണ് പനാഹി ആശ്വസിക്കുന്നത്, വിശ്വസിക്കുന്നത്.
2018 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയായി തിരഞ്ഞെടുക്കപ്പെട്ട ' ത്രീ ഫെയ്‌സസി ' ന് ആശയപരമായി ' ദ സര്‍ക്കിളി ' നോടാണ് സാമ്യം. രൂപഘടനയില്‍ സാദൃശ്യം ' ടാക്‌സി ' യോടും. ദ സര്‍ക്കിളിലെ കഥാപാത്രങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവരാണ് ത്രീ ഫെയ്‌സസിലെ സ്ത്രീ കഥാപാത്രങ്ങള്‍. ' ടാക്‌സി ' യെപ്പോലെ ' ത്രീ ഫെയ്‌സസി ' നെയും റോഡ് മൂവിയായി വിശേഷിപ്പിക്കാം. ടാക്‌സിയിലേപ്പോലെ സ്വയം കാറോടിച്ച് എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി മാറുന്ന പനാഹി തന്നെയാണ് ത്രീ ഫെയ്‌സസിലെയും നായകന്‍. പനാഹി ബാല്യകാലം ചെലവിട്ട കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഒരു മടക്കയാത്രകൂടിയാണ് ഈ സിനിമ. നാഗരികതയുടെ സൗകര്യങ്ങളൊന്നും കടന്നുചെല്ലാത്ത തന്റെ ജന്മനാടിനെ അമ്പതു കൊല്ലങ്ങള്‍ക്കുശേഷം പനാഹി വീണ്ടും ഒരു നോക്കു കാണുകയാണ്. വൈദ്യുതിക്കും വെള്ളത്തിനും പാചകവാതകത്തിനും ബുദ്ധിമുട്ടുന്ന ഗ്രാമീണരുടെ രോദനങ്ങളില്‍ സാന്ത്വനിപ്പിക്കാനാവാതെ നിസ്സഹായനായി നില്‍ക്കുന്നു അദ്ദേഹം. തങ്ങളുടെ ക്ഷേമമന്വേഷിക്കാനെത്തിയ ഏതോ ഉദ്യോഗസ്ഥര്‍ എന്ന നിലയ്ക്കാണ് ചില ഗ്രാമീണര്‍ പനാഹിയെയും നടി ജഫാരിയെയും കണ്ടത്. എന്നാല്‍, കുട്ടികള്‍ക്കറിയാം ജഫാരി ടെലിവിഷനിലെ താരമാണെന്ന്.
ഒരു മൊബൈല്‍ ഫോണിലേക്കു വന്ന ഒരു വിഡിയോ ചിത്രീകരണം കാണിച്ചുകൊണ്ടാണ് ' ത്രീ ഫെയ്‌സസ് ' തുടങ്ങുന്നത്. ഒരു ഗുഹയ്ക്കകത്ത് കയറില്‍ കുരുക്കിട്ട് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന ഒരു യുവതിയാണ് ആ വിഡിയോയില്‍. പനാഹിക്കാണ് ഈ ആത്മഹത്യാ സന്ദേശം വരുന്നത്. പനാഹിയുടെയും യുവതിയുടെയും സുഹൃത്തായ നടി ബഹനാസ് ജഫാരിക്ക് എത്തിച്ചുകൊടുക്കണം എന്ന് അഭ്യര്‍ഥിച്ചുകൊണ്ടാണ് വിഡിയോ ഇട്ടിരിക്കുന്നത്. സിനിമാഭിനയം പഠിക്കാന്‍ പോയ മെര്‍സിയ റസിയ എന്ന വിവാഹിതയാണ് വിഡിയോയിലുള്ളത്. ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയാനുള്ള അന്വേഷണത്തിലാണ് പനാഹിയും ജഫാരിയും. അവര്‍ ഒരു കാറില്‍ മെര്‍സിയയുടെ ഗ്രാമമായ സരണിലേക്കു പോവുകയാണ്. അത് പനാഹിയുടെ ജന്മനാട് കൂടിയാണ്.
സിനിമാ നടിയാവാന്‍ ഏറെ കൊതിച്ചതും ശ്രമിച്ചതുമാണ് മെര്‍സിയ. നാട്ടിലും വീട്ടിലും ഒരുപോലെ എതിര്‍പ്പായിരുന്നു. ഇസ്ലാമിക വിപ്ലവത്തിനു മുമ്പുള്ള കാലത്ത് പ്രശസ്തയായിരുന്ന നടിയും കവിയും ഗായികയുമായ ഷെഹര്‍സാദയാണ് അവളുടെ റോള്‍ മോഡല്‍. പിന്നെയടുപ്പം ജഫാരിയോടായിരുന്നു. ഷെഹര്‍സാദയെപ്പോലെ ആട്ടക്കാരിയാവാനാണ് മെര്‍സിയ ശ്രമിക്കുന്നത് എന്നതായിരുന്നു വീട്ടുകാരുടെ , പ്രത്യേകിച്ച് ഇളയ സഹോദരന്റെ , കുറ്റപ്പെടുത്തല്‍. വിവാഹം കഴിച്ചാല്‍ നീയാഗ്രഹിച്ചതെല്ലാം നേടാന്‍ കഴിയും എന്ന് അമ്മ പറഞ്ഞപ്പോള്‍ മെര്‍സിയ വഴങ്ങി. പക്ഷേ, അത് കെണിയായിരുന്നു എന്നവള്‍ക്ക് മനസ്സിലായി. ഭര്‍ത്താവിനെ എങ്ങനെയെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താമെന്ന വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, അയാളുടെ വീട്ടുകാരെ അവള്‍ ഭയന്നു. തന്റെ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം കാണാന്‍ ജഫാരി ഓടിയെത്തും എന്ന പ്രതീക്ഷയിലാണവള്‍ ആത്മഹത്യാ നാടകം നടത്തിയതെന്ന് നമുക്ക് മനസ്സിലാവുന്നു. അവിടുന്നങ്ങോട്ട് നമ്മള്‍ മെര്‍സിസയെ അറിയുന്നു, ഷെഹര്‍സാദയുടെ ഒറ്റപ്പെട്ട ജീവിതമറിയുന്നു, പിന്നിലേക്കു നടക്കുന്ന ഒരു സമൂഹത്തെ അറിയുന്നു. ചിത്രാവസാനത്തില്‍, പനാഹിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിദൂരദൃശ്യത്തില്‍, കാറില്‍ നിന്നിറങ്ങി മലമ്പാതയിലൂടെ നടന്നു നീങ്ങുന്ന ജഫാരിയുടെ പിറകെ ഓടിയെത്തി അവരോടൊപ്പം സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്ന മെര്‍സിയയെ നമുക്കു കാണാം.
പഴയ വിപ്ലവ നായിക ഷെഹര്‍സാദയെ പനാഹി രംഗത്തു കൊണ്ടുവരുന്നില്ല. അവരുടെ ചരിത്രം നമ്മള്‍ കേള്‍ക്കുന്നു. അവരുടെ കവിത കേള്‍ക്കുന്നു. ഒരിക്കല്‍ മാത്രം അവരുടെ വീട്ടിലെ കര്‍ട്ടനു പിറകില്‍ ഒരു നിഴല്‍ച്ചിത്രമായി ഷെഹര്‍സാദ പ്രത്യക്ഷപ്പെടുന്നു. ഒറ്റ വിഷയത്തില്‍ / പ്രശ്‌നത്തില്‍ മാത്രം ഊന്നിയതിനാല്‍ ' ദ സര്‍ക്കിളി ' ലേതുപോലുള്ള തീവ്രാനുഭവം ' ത്രീ ഫെയ്‌സസി ' ല്‍ പകര്‍ന്നു തരുന്നതില്‍ പനാഹി പരാജയപ്പെടുന്നു.
എല്ലായിടത്തുമുള്ള മനുഷ്യര്‍ അനുഭവിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ലോകമാണ് തനിക്കു വേണ്ടതെന്ന പ്രഖ്യാപനമാണ് ജാഫര്‍ പനാഹി ' തടവറച്ചിത്രങ്ങളി ' ലൂടെ നടത്തുന്നത്. തടവറയിലിട്ടാലും വിലക്കില്‍ കുടുക്കിയിട്ടാലും തനിക്ക് സിനിമയെടുക്കാതിരിക്കാനാവില്ല എന്ന് അദ്ദേഹം ഉറക്കെ ലോകത്തോട് വിളിച്ചുപറയുന്നു.
( സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത് )
Image courtesy:
- [Jafar Panahi]. Retrieved from https://www.imdb.com/name/nm0070159/mediaviewer/rm2441525504
0 Comments