Mrinal Sen




ആറു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിനിടയില്‍ മൃണാള്‍ സെന്‍ മറക്കാനാഗ്രഹിച്ചിരുന്ന ഒന്നുണ്ട് - രാത്ത്്‌ഭോര്‍ എന്ന ആദ്യസിനിമ. തനിക്ക് സംവിധായകന്‍ എന്ന മേല്‍വിലാസമുണ്ടാക്കിത്തന്ന ' നീല്‍ ആകാഷേര്‍ നീച്ചെ ' എന്ന രണ്ടാമത്തെ ചിത്രത്തെയാണ് തന്റെ ആദ്യസിനിമയായി സെന്‍ പരിഗണിച്ചിരുന്നത്. 
ആദ്യസിനിമയെ മറവിയിലേക്ക് തള്ളിയ മൃണാള്‍ സെന്‍

- ടി. സുരേഷ് ബാബു
സ്വയം തിരുത്തിക്കൊണ്ടിരുന്ന, ആ തിരുത്തലുകളിലൂടെ സ്വയം പാകപ്പെട്ടുകൊണ്ടിരുന്ന ഒരാളായിരുന്നു ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍. ചലച്ചിത്രത്തെക്കുറിച്ചുള്ള നിലപാടുകളില്‍ മാത്രമല്ല, തന്റെ വിശ്വാസങ്ങളിലും അദ്ദേഹം ചിലപ്പോഴൊക്കെ തിരുത്തലുകള്‍ വരുത്തിക്കൊണ്ടേയിരുന്നു. ആറു പതിറ്റാണ്ടു നീണ്ട സിനിമാജീവിതത്തിനിടയില്‍ ( 2002 ലാണ് സെന്നിന്റെ അവസാനചിത്രമായ ' ആമാര്‍ ഭുവന്‍ ' ഇറങ്ങിയത് ) സെന്‍ സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രങ്ങള്‍ 27. നേടിയ ദേശീയ അവാര്‍ഡുകള്‍ 18. അന്താരാഷ്ട്ര അവാര്‍ഡുകള്‍ 12. ഈ നേട്ടങ്ങള്‍ക്കെല്ലാമിടയില്‍ അദ്ദേഹം മറക്കാനും മറയ്ക്കാനും ശ്രമിച്ചിരുന്ന ഒന്നുണ്ട്. തന്റെ കന്നി സിനിമ. 1955 ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യസിനിമയായ ' രാത്ത്‌ഭോറി ' നെ ഓര്‍മിക്കാനോ ആരോടെങ്കിലും ആ സിനിമയെപ്പറ്റി സംസാരിക്കാനോ സെന്‍ മടിച്ചിരുന്നു. രണ്ടാമത്തെ സിനിമയായ ' നീല്‍ ആകാഷേര്‍ നീച്ചെ ' യാണ് സെന്നിന്റെ കണ്ണില്‍ അദ്ദേഹത്തിന്റെ ആദ്യചിത്രം. 'രാത്ത്‌ഭോര്‍ ' തനിക്കു പറ്റിയ കൈപ്പിഴയായാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. ആദ്യസിനിമയെ ഓര്‍ക്കാനും അതേപ്പറ്റി അഭിമാനിക്കാനും ശ്രമിക്കുന്ന ചലച്ചിത്രകാരന്മാര്‍ക്കിടയില്‍ സെന്‍ വേറിട്ടു നിന്നിരുന്നു. ആ സിനിമയുടെ പരാജയം സെന്നിനെ ഹതാശനാക്കി. തനിക്ക് നല്ലൊരു സിനിമക്കാരനാവാന്‍ കഴിയുമോ എന്നദ്ദേഹം സന്ദേഹിച്ചു. എങ്കിലും, പൂര്‍ണമായും സിനിമയില്‍ നിന്ന് സെന്‍ അകന്നു നിന്നില്ല. സിനിമയെപ്പറ്റി , ജീവിതത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍് അദ്ദേഹം തയാറായി. അതിനു ഫലപ്രാപ്തിയുണ്ടായെന്നു കാലം പിന്നീട് തെളിയിച്ചു.

പിറക്കാതെ പോയ ആദ്യസിനിമ

സത്യജിത്‌റായിക്കും മുമ്പേ ഋത്വിക് ഘട്ടക്കും ഒപ്പം മൃണാള്‍ സെന്നും സിനിമാ ലോകത്ത് എത്തിപ്പെടേണ്ടതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഇരുവരുടെയും ആദ്യ സിനിമ 1949 ല്‍ ഉണ്ടാകേണ്ടതായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനകീയ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ കാലമായിരുന്നു അത്. ഇൗ പോരാട്ടം പാരമ്യത്തിലെത്തിയത് 1949 ല്‍ തെലങ്കാനയിലും ബംഗാളിലെ കാക്ദ്വീപിലുമായിരുന്നു. അന്നൊന്നും മൃണാള്‍ സെന്‍ ചലച്ചിത്രകാരനായിരുന്നില്ല. കൊല്‍ക്കത്തയില്‍ ബുദ്ധിജീവികള്‍ ഒത്തുകൂടുന്ന പാരഡൈസ് കഫേയിലിരുന്ന് സിനിമ സ്വപ്‌നം കാണുന്ന വെറുമൊരു പാര്‍ട്ടി അനുഭാവി മാത്രമായിരുന്നു. പാര്‍ട്ടിയുടെ മൗനാനുവാദത്തോടെ , കാക്ദ്വീപിലെ സ്ഥിതിഗതികളെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ സെന്നും കൂട്ടുകാരും തീരുമാനിക്കുന്നു. തിരക്കഥ സെന്നാണ് എഴുതിയത്. സിനിമയുടെ പേര് ' ജാമിര്‍ ലരായി ' . അതായത്, ഭൂമിക്കായുള്ള പോരാട്ടം എന്നര്‍ഥം. പില്‍ക്കാലത്ത് ഫിലിം എഡിറ്ററായി പ്രശസ്തനായ ഹൃഷികേശ് മുഖര്‍ജി ഛായാഗ്രഹണത്തിന്റെ ചുമതലയേറ്റു. പഴയൊരു 16 എം.എം. മൂവി ക്യാമറ എവിടന്നോ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. ഘട്ടക്കിനെയാണ് സംവിധാനം ഏല്‍പ്പിച്ചിരുന്നത്. ഈ സിനിമ രൂപം കൊണ്ടിരുന്നെങ്കില്‍ അതൊരു പക്ഷേ, ഒരു ചരിത്രരേഖയാവുമായിരുന്നു. എന്തു കൊണ്ടോ ആ സിനിമാ പ്രൊജക്ടുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു പോയില്ല. അതോടെ, മൂവരുടെയും സിനിമാ സ്വപ്‌നങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് മറ വീണു. കൈയിലുണ്ടായിരുന്ന തിരക്കഥ പോലും അധികാരികളുടെ ഭീഷണിക്കു മുന്നില്‍ ഉപേക്ഷിക്കേണ്ടി വന്നു സെന്നിന്. പെട്ടെന്നൊരു ദിവസം സെന്നിന് ഒരു സുഹൃത്തില്‍ നിന്ന്് വിവരം കിട്ടുന്നു. തന്റെ താമസസ്ഥലം പോലീസ് പരിശോധിക്കാന്‍ പോകുന്നു. ഭരണകൂടത്തിന്റെ ക്രോധത്തിനിട വരുത്താവുന്ന വല്ല രേഖകളുമുണ്ടെങ്കില്‍ മാറ്റാനായിരുന്നു ഉപദേശം. അത് കേട്ടതോടെ സെന്‍ തന്റെ കന്നി തിരക്കഥ കത്തിച്ചു ചാമ്പലാക്കി.

രാത്ത്‌ഭോറിന്റെ പിറവി

1955 ലാണ് വീണ്ടും ഒരു സിനിമ മൃണാള്‍ സെന്നിനെ തേടിയെത്തിയത്. അക്കാലത്തെ പ്രമുഖ നടിയായിരുന്ന സുനന്ദ ബാനര്‍ജിയായിരുന്നു നിര്‍മാതാവ്. ഒരു യുവ സംവിധായകനെക്കൊണ്ട് സിനിമ ചെയ്യിക്കാനായിരുന്നു അവര്‍ക്ക് താല്‍പര്യം. സിനിമക്കുള്ള കഥ കണ്ടെത്തിയ നിര്‍മാതാവു തന്നെയാണ് സംവിധായകനെയും തിരഞ്ഞെടുത്തത്. സ്വരാജ് ബന്ദോപാധ്യായയുടേതായിരുന്നു കഥ. പേര് ' രാത്ത്‌ഭോര്‍ ( ഉദയം ) '. അതിനു തിരക്കഥയെഴുതി സെന്‍ സംവിധാനം ചെയ്തു. സിനിമയുടെ പേര് പോലെ ഈ ചിത്രത്തിലൂടെ ചലച്ചിത്രലോകം ഒരു സംവിധായകന്റെ ഉദയം കാണേണ്ടതായിരുന്നു. പക്ഷേ, സിനിമ നിലംതൊട്ടില്ല. വേഗം തിയേറ്ററുകളില്‍ നിന്ന് ചുരുട്ടിക്കെട്ടി. ചിത്രത്തിന്റെ കഥയോട് സെന്നിന് വലിയ ആഭിമുഖ്യമൊന്നും തോന്നിയിരുന്നില്ല. ഒരുതരം സെന്റിമെന്റല്‍ ഇതിവൃത്തമായിരുന്നു. ലോതന്‍ എന്നൊരു അനാഥ ബാലനെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങിയിരുന്നത്. നിഷ്‌കളങ്കനായ അവന്‍ ഗ്രാമത്തില്‍ നിന്ന് കൊല്‍ക്കൊത്തയില്‍ ദയാലുവായ ഒരു പ്രൊഫസറുടെ വീട്ടില്‍ എത്തിപ്പെടുന്നു. പക്ഷേ, പ്രൊഫസറുടെ ഭാര്യക്ക് അവനെയത്ര പിടിച്ചില്ല. പിന്നെ ക്രൂരമായ പീഡനം, അവന്റെ മരണം. കലാപരമായും സാമ്പത്തികമായും സിനിമ പൊളിഞ്ഞു പാളീസായി. ദുര്‍ബലമായ കഥയ്ക്കു പുറമേ വേറെയും ചില ഘടകങ്ങള്‍ പരാജയ കാരണമായുണ്ടായിരുന്നു. വലിയൊരു താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. അക്കാലത്തെ സിനിമയിലെ അതികായരായിരുന്ന ഛബി വിശ്വാസ്, ഉത്തം കുമാര്‍, സാവിത്രി ചാറ്റര്‍ജി, ഛായാ ദേവി , കാളി ബാനര്‍ജി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ സെന്നിനെപ്പോലൊരു തുടക്കക്കാരന് കഴിയുമായിരുന്നില്ല. ചിത്രത്തിന്റെ റിലീസിങ് സമയവും ശരിയായില്ല. ഒക്ടോബറില്‍ രാത്ത്‌ഭോര്‍ റിലീസ് ചെയ്യുമ്പോള്‍ സത്യജിത് റായിയുടെ ' പഥേര്‍ പാഞ്ചാലി ' യും രാജ് കപൂറിന്റെ ' ശ്രീ 420 ' യും വി. ശാന്താറാമിന്റെ ' ജനക് ജനക് പായല്‍ ബജേ ' യുമൊക്കെ തിയേറ്ററുകളില്‍ തകര്‍ത്തോടുകയായിരുന്നു. ഇവയോടൊന്നും മത്സരിക്കാനുള്ള ശേഷി രാത്ത്‌ഭോറിനില്ലായിരുന്നു.
ആദ്യ സിനിമയുടെ പരാജയം സെന്നിന്റെ ആത്മവിശ്വാസം കെടുത്തി. തനിക്ക് നല്ലൊരു സിനിമക്കാരനാകാന്‍ കഴിയുമോ എന്നദ്ദേഹം സംശയാലുവായി. തന്റെ സമകാലികരായ സത്യജിത് റായിയും ഋത്വിക് ഘട്ടക്കും ശക്തമായ സിനിമകളോടെ രംഗപ്രവേശം ചെയ്തതും സെന്നിനെ നിരാശനാക്കി. പഥേര്‍ പാഞ്ചാലിക്കു പിന്നാലെ റായ് ' അപരാജിതോ' യിലും വിജയക്കൊടി പാറിച്ചു. ഘട്ടക്കിനും കിട്ടി നല്ലൊരു നിര്‍മാതാവിനെ. അങ്ങനെ ഘട്ടക് ' അജാന്ത്രിക്ക് ' സംവിധാനം ചെയ്ത് പേരെടുത്തു. പ്രതീക്ഷയുടെ വെള്ളിരേഖ കാണാതെ സെന്‍ മാത്രം ഒറ്റപ്പെട്ടു. 


ആദ്യം തിരക്കഥ, പിന്നെ സംവിധാനവും
രണ്ടു വര്‍ഷം മൃണാള്‍ സെന്നിനു കാത്തിരിക്കേണ്ടിവന്നു. 1957 ല്‍ ഹേമന്തകുമാര്‍ മുഖര്‍ജിയുടെ രൂപത്തില്‍ സെന്നിന്റെ രക്ഷകന്‍ അവതരിച്ചു. അക്കാലത്ത് ബംഗാളി സിനിമയിലെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്നു ഹേമന്തകുമാര്‍. അദ്ദേഹം സിനിമാ നിര്‍മാണത്തിലേക്കു കടക്കാനാഗ്രഹിച്ചു. തിരക്കഥയെഴുതാന്‍ സെന്നിനെയാണദ്ദേഹം ചുമതലപ്പെടുത്തിയത്. പ്രശസ്ത ഹിന്ദി എഴുത്തുകാരി മഹാദേവി വര്‍മയുടെ ' സ്മൃതി കി രേഖായേം ' എന്ന പുസ്തകത്തില്‍ നിന്നുള്ള കഥയാണ് സിനിമയ്ക്കുവേണ്ടി എടുത്തത്. ആവേശത്തോടെ സെന്‍ തിരക്കഥ പൂര്‍ത്തിയാക്കി. പിന്നീട് കുറെക്കാലത്തേക്ക് ഹേമന്തകുമാറില്‍ നിന്ന് വിളിയൊന്നും വന്നില്ല. ഹേമന്തിന്റെ ഉപദേശികളില്‍ ചിലര്‍ക്ക് തിരക്കഥ പിടിച്ചില്ല. അതായിരുന്നു മൗനത്തിനു കാരണം. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സെന്നിന് ഒരു വിളി. തിരക്കഥ മാറ്റിയെഴുതാന്‍ ഉടന്‍ ബോംബെക്ക് പുറപ്പെടുക. സെന്നിന്റെ പഴയ രണ്ടു സുഹൃത്തുക്കള്‍ അന്ന് ബോംബെയിലുണ്ട്- ഹൃഷികേശ് മുഖര്‍ജിയും സംഗീത സംവിധായകന്‍ സലില്‍ ചൗധരിയും. സലില്‍ ചൗധരിയുടെ വീട്ടിലിരുന്ന് സെന്‍ തിരക്കഥ അടിമുടി മാറ്റിയെഴുതി. ഇത്തവണ എല്ലാര്‍ക്കും തിരക്കഥ പിടിച്ചു. സന്തുഷ്ടനായ ഹേമന്ത കുമാര്‍ മൃണാള്‍ സെന്നിന് കൊല്‍ക്കത്തക്ക് വിമാന ടിക്കറ്റെടുത്തു കൊടുത്തു. സെന്നിന്റെ ആദ്യ വിമാനയാത്രയായിരുന്നു അത്.
ഹേമന്ത കുമാര്‍ തിരക്കഥ മാത്രമേ സെന്നിനെ ഏല്‍പ്പിച്ചിരുന്നുള്ളു. സംവിധാനത്തിന് മറ്റൊരു ഗായകനെയാണ് കണ്ടുവെച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്കുശേഷം ഹേമന്തിന്റെ സഹായികളിലൊരാള്‍ സെന്നിന്റെയടുത്തെത്തി. എന്തോ കാരണത്തിന് നിര്‍മാതാവ് സംവിധായകനുമായി തെറ്റിയിരുന്നു. സംവിധാനം സെന്നിനു നല്‍കാന്‍ ഹേമന്ത് ആഗ്രഹിക്കുന്നു. ആദ്യം സെന്‍ ഒന്നു മടിച്ചു. ഒരാളുടെ പകരക്കാരനാകുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹേമന്ത് സെന്നിനെ നിര്‍ബന്ധിച്ചു. ചിത്രം സംവിധാനം ചെയ്യാനിരുന്ന ഗായകനും സെന്‍ ഈ സിനിമ ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെ അപ്രതീക്ഷിതമായി രണ്ടാമത്തെ സിനിമ സെന്നിന്റെ കൈകളിലെത്തി. അതാണ് ' നീല്‍ ആകാഷേര്‍ നീച്ചെ ' ( നീലാകാശത്തിനു കീഴെ ).

സര്‍വതന്ത്ര സ്വതന്ത്രന്‍
ഇത്തവണ സെന്‍ പൊതുവെ സംതൃപ്തനായിരുന്നു. താരങ്ങളെ തിരഞ്ഞടുക്കുന്നതുള്‍പ്പെടെ സംവിധായകന് എല്ലാ സ്വാതന്ത്ര്യവും ഹേമന്ത് മുഖര്‍ജി നല്‍കി. നായികാ നായകന്മാരുടെ കാര്യത്തില്‍ മാത്രം നിര്‍മാതാവ് ഇടപെട്ടു. ഉത്തംകുമാറും അരുന്ധതി മുഖര്‍ജിയുമായിരുന്നു ഹേമന്തിന്റെ മനസ്സില്‍. രാത്ത്‌ഭോറിന്റെ അനുഭവം വിട്ടുമാറാത്തതിനാല്‍ ഉത്തംകുമാര്‍ സെന്നിന്റെ സിനിമയില്‍ സഹകരിക്കാന്‍ വിസമ്മതിച്ചു. ഇതറിഞ്ഞ അരുന്ധതിയും നായികാ പദവി ഏറ്റെടുക്കാന്‍ തയാറായില്ല. പകരം, കാളി മുഖര്‍ജിയെയും മഞ്ജു ഡെയെയും സെന്‍ തന്നെ നിര്‍ദേശിച്ചു. ഹേമന്ത് സമ്മതം മൂളി. 1930 കളിലെ കഥയാണ് ചിത്രം പറയുന്നത്. ലൊട്ടുലൊടുക്കു സാധനങ്ങള്‍ വിറ്റു നടക്കുന്ന ചൈനീസ് അഭയാര്‍ഥിയായ വാങ് ലുവും സ്വാതന്ത്ര്യ സമരസേനാനിയായ ബാസന്തി എന്ന വീട്ടമ്മയും തമ്മിലുള്ള അപൂര്‍വ സാഹോദര്യമാണ് സിനിമയുടെ ഇതിവൃത്തം. സെന്റിമെന്റ്‌സെല്ലാമുള്ള ഇതിവൃത്തം സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ കൈവിട്ടുപോകുമെന്നു സെന്നിന് അറിയാമായിരുന്നു. അക്കാലത്തെ സിനിമാശൈലിയില്‍ നിന്നു വേറിട്ടു നടക്കാന്‍ സെന്‍ കഠിനമായി പരിശ്രമിച്ചു. ഷൂട്ടിങ്ങില്‍ ചില നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ അദ്ദേഹം സൗണ്ട്ട്രാക്ക് ഓഫാക്കി. പകരം, അവിടെ നിശ്ശബ്ദതക്ക് പ്രാധാന്യം നല്‍കി. 1959 ഫെബ്രുവരിയില്‍ റിലീസായ ചിത്രം ഹിറ്റായി. പത്രങ്ങള്‍ പ്രശംസ ചൊരിഞ്ഞു. ബോംബെയിലെ ഒരു പത്രം ' ബൈസിക്കിള്‍ തീവ്‌സി ' നോടും ' പഥേര്‍ പാഞ്ചാലി ' യോടുമാണ് സെന്നിന്റെ സിനിമയെ താരതമ്യം ചെയ്തത്.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും കണ്ട സിനിമ

ജീവിതത്തില്‍ മറക്കാനാവാത്ത ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ' നീല്‍ ആകാഷേര്‍ നീച്ചെ ' സെന്നിനു സമ്മാനിച്ചു. നിര്‍മാതാവ് തന്റെ സ്വാധീനമുപയോഗിച്ച് റിലീസിനു മുമ്പേ ചിത്രം രാഷ്ട്രപതിഭവനില്‍ പ്രദര്‍ശിപ്പിച്ചു. രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ മന്ത്രിസഭാംഗങ്ങളുമൊത്ത് സിനിമ കാണാനെത്തി. പ്രധാനമന്ത്രിയുടെ സഹായിയായിരിക്കെ വിവാദ പുരുഷനായി മാറിയിരുന്ന എം.ഒ. മത്തായി ചില ആരോപണങ്ങളുടെ പേരില്‍ രാജിവെച്ച ജനുവരി പതിനാറിനായിരുന്നു പ്രിവ്യൂ. നെഹ്‌റു സിനിമക്കെത്തുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പക്ഷേ, ഒന്നും സംഭവിക്കാത്ത മട്ടില്‍ നെഹ്‌റു സിനിമ കാണാന്‍ വന്നു. ഏറെക്കാലം ബംഗാളിലുണ്ടായിരുന്നതിനാല്‍ ഇന്ദിരാഗാന്ധിയുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് ബംഗാളിയിലുള്ള സംഭാഷണം ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയില്ല. എന്നാല്‍, പ്രധാനമന്ത്രിക്ക് അത്രയെളുപ്പം അതൊന്നും മനസ്സിലായില്ല. സുചേതാ കൃപലാനിയാണ് നെഹ്‌റുവിന് സംഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തിക്കൊടുത്തത്. സാധാരണ സംവിധായകനാണ് ഈ റോള്‍ ഏറ്റെടുക്കാറ്. പെട്ടെന്നു ചൂടാവുന്ന നെഹ്‌റുവിന്റെ സ്വഭാവവും അന്നത്തെ ദിവസത്തിന്റെ പിരിമുറുക്കവുമെല്ലാം ഓര്‍ത്ത് സെന്‍ അതിനു മുതിര്‍ന്നില്ല. സിനിമ തുടങ്ങിയപ്പോള്‍ സെന്‍ പതുക്കെ നെഹ്‌റുവിന്റെ പിന്നിലെ സീറ്റിലേക്കു മാറിയിരുന്നു. ചിത്രത്തിലെ ഓരോ സൂക്ഷ്മാംശത്തിലും നെഹ്‌റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു രംഗത്തിലെ കീറിയ പോസ്റ്ററില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്നുവരെ നെഹ്‌റു സുചേതാ കൃപലാനിയോട് ചോദിച്ചറിഞ്ഞതായി മൃണാള്‍ സെന്‍ ഓര്‍മിക്കുന്നുണ്ട്. ( ആന്‍ഡമാന്‍ ജയിലിലെ തടവുകാര്‍ നിരാഹാര സമരം നടത്തുന്നതിനെക്കുറിച്ചാണ് പോസ്റ്ററില്‍ എഴുതിയിരുന്നത് ).

പ്രദര്‍ശനത്തിനുശേഷം നെഹ്‌റു മൃണാള്‍ സെന്നിനെ അഭിനന്ദിച്ചു. ' താങ്കള്‍ രാജ്യത്തിനു ചെയ്തത് വലിയൊരു സേവനമാണ് ' എന്നുകൂടി പറഞ്ഞാണ് നെഹ്‌റു ഹാള്‍ വിട്ടത്. ( ഇന്ത്യാ- ചൈനാ ബന്ധം മോശമായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. അതിര്‍ത്തിയില്‍ ചില ഏറ്റുമുട്ടലുകളൊക്കെ നടക്കുന്നുണ്ടായിരുന്നു ). ഒരാഴ്ചക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും സെന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ സിനിമയെ വാനോളം പുകഴ്ത്താന്‍ നെഹ്‌റു മടിച്ചില്ല. മുസഫര്‍ അഹമ്മദ്, ജ്യോതി ബസു എന്നിവരെപ്പോലെ മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാക്കളും സെന്നിന്റെ സിനിമയെ പ്രകീര്‍ത്തിച്ചു. സിനിമയുടെ പ്രചരണത്തിനായി എന്തു സഹായവും ജ്യോതി ബസു വാഗ്ദാനം ചെയ്യുകയുണ്ടായി.

സിനിമ നിരോധിക്കുന്നു

ഇന്ത്യാ- ചൈന ബന്ധത്തിലുണ്ടായ അകല്‍ച്ച ' നീല്‍ ആകാഷേര്‍ നീച്ചേ ' യെയും ബാധിച്ചു. 1962 ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍്ന്ന് ഈ സിനിമ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രണ്ടോ മൂന്നോ മാസത്തിനുശേഷം നിരോധനം നീക്കിയെങ്കിലും ചിത്രത്തിന്റെ വാണിജ്യവിജയത്തെ അത് ബാധിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആദ്യ സിനിമ എന്ന ' ദുഷ്‌പ്പേരും ' സെന്നിന്റെ ഈ ചിത്രത്തിനു കൈവന്നു. ഈ സിനിമയിലെ രാഷ്ട്രീയാംശത്തിനൊപ്പം എന്നും നില്‍ക്കുന്നയാളാണ് താനെന്ന് സെന്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരം ഫാസിസത്തിനെതിരായ ജനാധിപത്യ ലോകത്തിന്റെ പോരാട്ടം കൂടിയായിരുന്നു എന്നാണ് സെന്നിന്റെ പക്ഷം.

' നീല്‍ ആകാഷേര്‍ നീച്ചെ ' സിനിമാലോകത്തോട് വിളിച്ചു പറഞ്ഞു : ഇതാ കരുത്തുള്ള ഒരു സംവിധായകന്‍ ഉദയം കൊണ്ടിരിക്കുന്നു. ദുരന്തമായിത്തീര്‍ന്ന ആദ്യസിനിമ കണ്ടവരാരും സെന്‍ സംവിധായകന്റെ കസേരയില്‍ വീണ്ടുമെത്തുമെന്നു കരുതിയിരുന്നില്ല. പക്ഷേ, അവരുടെ ധാരണകളെല്ലാം പൊളിഞ്ഞടങ്ങി. ബംഗാള്‍ സിനിമയിലെ ശക്തരായ ത്രിമൂര്‍ത്തികളിലൊരാളായി സെന്‍ വാണു, പതിറ്റാണ്ടുകളോളം.

( അവലംബം : The Maverick Maestro Mrinal Sen ( Biography ) - Deepankar Mukhopadhyay )

( ' ദൃശ്യതാള ' ത്തിന്റെ സെന്‍ അനുസ്മരണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ) 

Post a Comment

1 Comments

  1. ഇത്തരത്തിലുള്ള സിനിമ പരിചയപ്പെടുത്തിയ സുരേഷേട്ടന് നന്ദി...എന്നാൽ എന്റെ മനസ്സിൽ തോന്നുന്ന ആരാധന ആ നിർമ്മാതാവിനോടാണ് .കാരണം ആദ്യ സിനിമ വിജയിക്കാതെ പോയതിനു ശേഷം വീണ്ടും ഒരു സിനിമ അദ്ദേഹത്തെ ഏൽപ്പിക്കാൻ ധൈര്യം കാണിച്ച നിർമാതാവ്. സത്യത്തിൽ ഇത്തരം സിനിമകൾ തേടിപ്പിടിച്ചു വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന കുറിപ്പുകൾക്കു നന്ദി.....

    ReplyDelete