സൊഖുറോവ് : കലയും നിലപാടും
- ടി. സുരേഷ് ബാബു
2017 ലെ IFFK യുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയ റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സൊഖുറോവിന്റെ സിനിമകളെയും നിലപാടുകളെയും വിലയിരുത്തുന്നു
പ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്സാണ്ടര്‍ സൊഖുറോവിന്റെ ചലച്ചിത്രജീവിതത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, ഇരുളിന്റെ മറവിലേക്ക് അദ്ദേഹത്തെ അധികാരിവര്‍ഗം ഒതുക്കി നിര്‍ത്തിയ ആദ്യകാലം. രണ്ട്, ഇരുളില്‍ നിന്ന് പുറത്തു കടന്ന പ്രകാശമാനമായ കാലം. ഒരിക്കല്‍പ്പോലും കീഴടങ്ങാന്‍ , സൈനികോദ്യോഗസ്ഥരുടെ കുടുംബത്തില്‍ പിറന്ന ഈ സൈബീരിയക്കാരന്‍ ആഗ്രഹിച്ചില്ല. രോഷം ഉള്ളിലൊതുക്കി ക്ഷമയോടെ കാത്തു നിന്നു. കാലം അതിനുള്ള പ്രതിഫലം നല്‍കുകയും ചെയ്തു. ഇന്ന് , റഷ്യന്‍ സിനിമയിലെ ഏറ്റവും ശക്തരായ സംവിധായകരില്‍ ഒരാളാണ് സൊഖുറോവ്.
19 ഫീച്ചര്‍ സിനിമകളും ഒട്ടേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സൊഖുറോവ് സംവിധാനം ചെയ്തിട്ടുണ്ട്. കാന്‍ ചലച്ചിത്രമേളയില്‍ നാലു തവണ അദ്ദേഹത്തിന്റെ സിനിമകള്‍ കാണിച്ചിട്ടുണ്ട്. ഒട്ടേറെ മേളകളില്‍ സൊഖുറോവ്ചിത്രങ്ങള് അംഗീകാരം നേടിയിട്ടുമുണ്ട്. ഇതൊക്കെ 1987 നു ശേഷമുള്ള കാലത്തെ, ഗ്രഹണാനന്തര കാലത്തെ ചരിത്രമാണ്. 1978 ലാണ് റഷ്യന്‍ സിനിമയിലെ ഈ ഒറ്റയാന് ആദ്യത്തെ കഥാചിത്രം തയാറാക്കിയത്. പേര് ' ദ ലോണ്‍ലി വോയ്സ് ഓഫ് മാന്‍ '. ശീര്‍ഷകം പോലെ റഷ്യന്‍ സിനിമയിലെ ഒറ്റപ്പെട്ട ശബ്ദമാകേണ്ടതായിരുന്നു ഈ ചിത്രം. പക്ഷേ, സെന്‍സര്‍ കത്തി ആ സിനിമക്കുമേല്‍ വീണു. പിന്നീട് ഒമ്പതു വര്‍ഷം കഴിഞ്ഞു അത് വെളിച്ചം കാണാന്‍. ഗോര്‍ബച്ചേവിന്റെ ' തുറന്ന സമീപന ' ( ഗ്ലാസ്നസ്ത് ) ത്തിന്റെയും ' ഉടച്ചുവാര്ക്കലി ' ( പെരിസ്ട്രോയിക്ക ) ന്റെയും കാലം എത്തേണ്ടിവന്നു സൊഖുറോവിന്റെ സിനിമകള്‍ക്ക് മോചനം കിട്ടാന്‍. തുറന്ന സമീപനവുമായി ഗോര്‍ബച്ചേവ് വന്നതോടെ സോവിയറ്റ് ജനത രക്ഷപ്പെട്ടു എന്നാണ് സൊഖുറോവിന്റെ വാദം. ' ദൈവമാണ് അദ്ദേഹത്തെ അയച്ചത് ' എന്നാണ് ഒരഭിമുഖത്തില്‍ സൊഖുറോവ് പറഞ്ഞത്. തന്റെ കലാജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ സൂചിപ്പിക്കാനാവണം അദ്ദേഹം 1988 ലെ സിനിമക്ക് ' ഡെയ്സ് ഓഫ് എക്ലിപ്സ് ' ( ഗ്രഹണദിനങ്ങള് ) എന്നു പേരിട്ടത്. മൂന്നാമത്തെ ചിത്രമായ ' മോണ്‍ഫുള്‍ അണ്കണ്സേണ് ' നിര്മാണഘട്ടത്തില്ത്തന്നെയാണ് അധികാരികള്‍ തടഞ്ഞത്. ചിത്രത്തിനുള്ള സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ചാണ് അവര്‍ സൊഖുറോവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. പക്ഷേ, അദ്ദേഹം പിന്മാറിയില്ല. കുറച്ചുകാലം കഴിഞ്ഞ് വേറെ പണം കണ്ടെത്തി സിനിമ പൂര്‍ത്തിയാക്കി. ( 1987 ല്‍ ബര്‍ലിന്‍ മേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു ) . സോവിയറ്റ് യൂനിയന്റെ സെക്യൂരിറ്റി ഏജന്‍സിയായിരുന്ന കെ.ജി.ബി. യുടെ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട് സൊഖുറോവ്. സൈബീരിയയിലെ ഏതു തടവറയിലേക്കാകും ഭരണകൂടം തന്നെ ശിക്ഷിച്ചയക്കുക എന്നുപോലും ഒരു ഘട്ടത്തില്‍ താന്‍ ചിന്തിച്ചുപോയിട്ടുണ്ടെന്ന് സൊഖുറോവ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സേവ് ആന്‍ഡ് പ്രൊട്ടക്റ്റ്, ദ സെക്കന്‍ഡ് സര്‍ക്കിള്‍, സ്റ്റോണ്‍, വിസ്പറിങ് പേജസ് തുടങ്ങിയ സിനിമകളും 1994 വരെ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. പക്ഷേ, അവയൊന്നും ആഗോളതലത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
1997 ല്‍ പുറത്തുവന്ന ' മദര്‍ ആന്‍ഡ് സണ്‍ ' ആണ് ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ആദ്യ സൊഖുറോവ്ചിത്രം. മോസ്കോ ചലച്ചിത്രമേളയില്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ഈ ചിത്രം. ആസന്നമരണയായ ഒരമ്മയും മകനും തമ്മിലുള്ള ഗാഢ ബന്ധത്തിന്റെ സജീവ ചിത്രമാണ് സൊഖുറോവ് ഈ സിനിമയില്‍ കാണിച്ചത്. പ്രകൃതിയെ ഇതിവൃത്തത്തിന്റെ അവിഭാജ്യഘടകമാക്കി നിര്‍ത്തി അദ്ദേഹം. പെയിന്റിങ്ങിനു സമാനമായ ദൃശ്യങ്ങളും കുറഞ്ഞ സംഭാഷണവും നീണ്ട ടേക്കുകളും പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയൊരു തലത്തിലേക്ക് ആനയിച്ചു. 2002 ല്‍ പുറത്തുവന്ന ' റഷ്യന്‍ ആര്‍ക്ക് ' എന്ന സിനിമ സ്റ്റഡികാം ഉപയോഗിച്ച് എഡിറ്റിങ്ങില്ലാതെ ഒറ്റ ഷോട്ടിലാണ് ( 90 മിനിറ്റുള്ള സിനിമയാണിത് ) സൊഖുറോവ് ചിത്രീകരിച്ചത്. നൂറു കണക്കിന് കലാകാരന്മാരെ നിയന്ത്രിച്ചു നിര്‍ത്തിയാണ് അദ്ദേഹം ഇത്തരമൊരു സാഹസം നിര്‍വഹിച്ചത് എന്നോര്‍ക്കണം. എഴുപതുകാരിയായ ഒരു ഓപ്പറെ ഗായികയെയാണ് സൊഖുറോവ് ' അലക്സാന്‍ഡ്ര ' എന്ന സിനിമയില്‍ നായികയാക്കിയത്. അധികാരികളുടെ യുദ്ധഭ്രാന്തില്‍ യൗവനം ഹോമിക്കേണ്ടിവരുന്ന മക്കളുടെ കഠിനജീവിതം നേരിട്ടറിയുമ്പോള്‍ വിഷാദം കൊള്ളുന്ന റഷ്യന്‍ അമ്മമാരുടെ പ്രതിനിധിയാണ് ഇതിലെ മുത്തശ്ശി.
സിനിമയിലെ ചരിത്ര പുരുഷന്മാര്

ഇരുപതാം നൂറ്റാണ്ടിലെ മൂന്നു ചരിത്രനായകര്‍ സൊഖുറോവിന്റെ സിനിമകളില്‍ മുഖ്യ കഥാപാത്രങ്ങളായിട്ടുണ്ട്. സാഹിത്യം ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ചരിത്ര പുരുഷന്മാരുടെ ഉള്ളിലേക്കാണ് ക്യാമറ തിരിച്ചുവെക്കുന്നത്. അവിടെ , ആ വെളിച്ചത്തില്‍ അദ്ദേഹം കണ്ടത് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും എല്ലാ പൂടയും പറിഞ്ഞുപോയ നിസ്സഹായരായ മനുഷ്യരെയാണ്. ഹിറ്റ്ലറെയും (മൊളോഖ് ) ലെനിനെയും ( റ്റോറസ് ) ഹിരോഹിതോ ചക്രവര്‍ത്തിയെയും ( ദ സണ്‍ ) സഹതാപാര്‍ഹമായ ചുറ്റുപാടുകളിലാണ് സൊഖുറോവ് ഈ സിനിമകളില്‍ അവതരിപ്പിക്കുന്നത്.
ചരിത്ര പുരുഷന്മാരെ സിനിമയിലേക്കു കൊണ്ടുവരുമ്പോള്‍ സത്യത്തോട് നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് സൊഖുറോവ്. അതുകൊണ്ടുതന്നെ അത്തരം സിനിമകള്‍ ചിലപ്പോള്‍ ഡോക്യുമെന്ററിയോട് അടുത്തുപോയിട്ടുണ്ട്. ജപ്പാനിലെ ഹിരോഹിതോ ചക്രവര്‍ത്തി നായകനായി വരുന്ന ' ദ സണ്‍ ' എന്ന സിനിമയെടുക്കാന്‍ പത്തു വര്‍ഷമാണ് അദ്ദേഹം ഗവേഷണം നടത്തിയത്. ഹിറ്റ്ലറും നെപ്പോളിയനുമൊക്കെ കഥാപാത്രങ്ങളായി വരുന്ന ' ഫ്രാങ്കോഫോണിയ ' എടുക്കാനും നല്ല പഠനം നടത്തേണ്ടി വന്നു. ബോറിസ് യെത്സിന് റഷ്യന്‍ പ്രസിഡണ്ടാകുംമുമ്പേ അദ്ദേഹത്തെക്കുറിച്ച് രണ്ട് ഡോക്യുമെന്ററികള്‍ എടുത്തിട്ടുണ്ട് സൊഖുറോവ്. പക്ഷേ, ' ഫൗസ്റ്റ് ' എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ ഉപാധികളില്ലാതെ ധനസഹായം നല്കിയ ഇപ്പോഴത്തെ പ്രസിഡന്റ് വഌഡിമിര്‍ പുടിനെക്കുറിച്ച് അദ്ദേഹം സിനിമയോ ഡോക്യുമെന്ററിയോ ചെയ്തിട്ടില്ല. പുടിന്റെ പാര്‍ട്ടിയോട് താന്‍ ഒരിക്കല്‍പോലും കൂറ് കാണിച്ചിട്ടില്ലെന്ന് സൊഖുറോവ് തുറന്നുപറഞ്ഞിട്ടുണ്ട്. . ഒരുപക്ഷേ, ജര്‍മന്‍ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് വ്യക്തമായ ധാരണകളുള്ളതിനാലാവാം പുടിന് തന്റെ ചിത്രത്തെ സഹായിച്ചത് എന്നാണ് സൊഖുറോവ് സ്വയം ഉത്തരം കണ്ടെത്തുന്നത്.
അസ്വതന്ത്രരായ അധികാരികള്‍
ബോറിസ് യെത്സിനെ താന്‍ വളരെക്കാലം അടുത്തു നിന്ന് നിരീക്ഷിച്ചിട്ടുണ്ടെന്ന് സൊഖുറോവ് പറയുന്നു. ഹിറ്റ്ലര്‍, ലെനിന്, ഹിരോഹിതോ എന്നിവരെപ്പറ്റി ഒരുപാട് പഠിച്ചിട്ടുമുണ്ട്. ഇതില്‍നിന്നും സൊഖുറോവിനു മനസ്സിലായത് ലോകത്തെ ജനങ്ങളില്‍ ഏറ്റവും അസ്വതന്ത്രരായ മനുഷ്യര്‍ ഈ ചരിത്രപുരുഷന്മാരാണ് എന്നാണ്. അവര്‍ക്ക് സ്വാതന്ത്ര്യമേയില്ല. അവര്‍ ഒരുപക്ഷേ, നമ്മളെക്കാള്‍ മനുഷ്യപ്പറ്റുള്ളവരാകാം. പക്ഷേ, സ്വതന്ത്രരല്ല. അധികാരത്തിലിരിക്കുന്നവരെല്ലാം അകാരണവും യുക്തിരഹിതവുമായ ഭയത്തിനടിമകളാണ്. നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറത്തുള്ള ഏറ്റവും ഭീകരമായ ഭീതിയാണത്. നാളെ എന്തു സംഭവിക്കും എന്നതായിരിക്കും അവരുടെ വേവലാതി. ഈ പേടിസ്വപ്നവുമായാണ് അവര്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്. എഴുന്നേല്ക്കുന്നതും ഇതേ ഭീതിയോടെത്തന്നെ.
അധികാരം സര്‍വവ്യാപിയാണെന്ന് സൊഖുറോവ് അഭിപ്രായപ്പെടുന്നു. ' നിങ്ങള്‍ ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അധികാരം ആ പദ്ധതിയുടെ ഭാഗമാണെന്നറിയുക. അധികാരം എല്ലായിടവും ഭരിക്കുന്നു. മഹത്തായ കലാസൃഷ്ടിക്കേ ഭൂതകാലത്തെ ഭാവിയോടും വര്‍ത്തമാനകാലത്തോടും ബന്ധിക്കാനാവൂ. ഭരണകൂടത്തിന്റെ, സമൂഹത്തിന്റെ , ജനതയുടെ മനോഭാവത്തില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ല. അത് പഴയതുപോലെത്തന്നെ നടക്കും. അതാണ് വേദനിപ്പിക്കുന്ന കാര്യം. സിനിമക്ക് ഒന്നേ ചെയ്യാനാവൂ. നിങ്ങളുടെ ഹൃദയത്തോട്, ആത്മാവിനോട് അഭ്യര്‍ഥിക്കാന്‍ മാത്രം. ആത്മാവിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ' - സൊഖുറോവ് പറയുന്നു.
അധികാരം ദുഷിപ്പിക്കുമ്പോള്‍
ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം നിയന്ത്രിച്ച മൂന്നു ചരിത്ര പുരുഷന്മാരാണ് മൊളോഖിലും റ്റോറസിലും ദ സണ്ണിലും പ്രത്യക്ഷപ്പെടുന്നത്. 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചതുര്‍ച്ചിത്ര പരമ്പരയിലെ മൂന്നു ചിത്രങ്ങളാണിവ. നാലാമത്തേത് ' ഫൗസ്റ്റ് '. നാലു സിനിമകളും വ്യക്തികേന്ദ്രിതമാണ്. അധികാരമോഹത്തിന്റെ ഇരകളാണ് ഹിറ്റ്ലറും ലെനിനും ഹിരോഹിതോയുമെന്ന് സൊഖുറോവ് കുറ്റപ്പെടുത്തുന്നു. ഏറ്റവും നിസ്സഹായമായ അവസ്ഥയിലാണ് മൂന്നു പേരെയും സൊഖുറോവ് പ്രേക്ഷകന് കാണിച്ചു തരുന്നത്. കുറ്റിയില്‍ തളച്ചിടപ്പെട്ട മൂന്നു ഭരണാധികാരികള്‍. മരണഭീതി കാരണം ഹിറ്റ്ലര്‍ ബര്ലിനപ്പുറം പോകുന്നില്ല. പക്ഷപാതം പിടിപെട്ട് അവശനായ ലെനിന് ചക്രക്കസേരയിലും ഇരുണ്ട മുറിയിലുമിരുന്ന് അന്ത്യനിമിഷങ്ങളെണ്ണുന്നു. യുദ്ധം തകര്‍ത്തു കളഞ്ഞ ടോക്കിയോ എന്ന മൃതഭൂമി നോക്കി നെടുവീര്‍പ്പിടുകയാണ് ഹിരോഹിതോ.
തന്റെ വെപ്പാട്ടിയായ ഈവാ ബ്രൗണിന്റെ രോഷപ്രകടനത്തിനു മുന്നില്‍ ചൂളിപ്പോകുന്ന ഹിറ്റ്ലറെയാണ് ' മൊളോഖി ' ല്‍ നമുക്ക് കാണാനാവുക. ഹതാശനും കുപിതനുമാണയാള്. പലപ്പോഴും അയാള്‍ വിഡ്ഢിവേഷവും കെട്ടുന്നു. ' സ്തുതിപാഠകരാല്‍ ഊതി വീര്പ്പിക്കപ്പെട്ട വ്യക്തിത്വമാണ് നിങ്ങളുടേതെന്ന് ' ഹിറ്റ്ലറോട് തുറന്നടിക്കുന്നുണ്ട് ഈവ. സഖ്യസേനക്കു മുന്നില്‍ കീഴടങ്ങല്‍ പ്രഖ്യാപനം നടത്തുന്ന ദിവസത്തെ ജപ്പാന് ചക്രവര്‍ത്തിയെയാണ് ' ദ സണ്ണി ' ല്‍ സൊഖുറോവ് പിന്തുടരുന്നത്. സൂര്യദേവതയുടെ പിന്‍ഗാമിയായാണ് ജപ്പാന് ജനത ഹിരോഹിതോയെ കണ്ടിരുന്നത്. എന്നാല്‍, യുദ്ധത്തിലെ തോല്‍വിയോടെ തന്റെ ദിവ്യ പരിവേഷം അദ്ദേഹം സ്വയം നിരാകരിക്കുന്നു. മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യനാണ് താനെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കേട്ട് ജനം ഞെട്ടുകയാണ്. അധികാരത്തിന്റെ എല്ലാ അഹന്തയും വറ്റിപ്പോയ ഒരു കേവല മനുഷ്യനായി ചക്രവര്‍ത്തി കീഴോട്ട് വരുന്നു. ദൈവികതയില്‍ നിന്ന് മാനവികതയിലേക്കാണ് അദ്ദേഹം മാറുന്നത്. യുദ്ധം വിനാശകാരിയാണെന്ന് വൈകിയ ഘട്ടത്തിലെങ്കിലും അദ്ദേഹത്തിന് ബോധ്യമാവുന്നു. ആത്മഗതങ്ങളും പരിഭവങ്ങളുമായി നാളുകള്‍ തള്ളിനീക്കുകയാണ് ' റ്റോറസി ' ലെ ലെനിന്. കുട്ടിക്കാലത്തേക്കും അമ്മയുടെ ഓര്‍മകളിലേക്കും ഇടയ്ക്കൊക്കെ തിരിച്ചുപോകുമ്പോഴാണ് അദ്ദേഹം ആശ്വാസം കൊള്ളുന്നത്. മരണത്തിന്റെ സൂചന നല്കി അവസാനഭാഗത്ത് അമ്മ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലോടലും അമ്മയുടെ മണവും ലെനിനു വീണ്ടും ആസ്വദിക്കാനാവുന്നു. ' ഫൗസ്റ്റി ' ലെ നായകന് സാങ്കല്പിക കഥാപാത്രമാണ്. 19 ാം നൂറ്റാണ്ടാണ് ഈ സിനിമയുടെ പശ്ചാത്തലം.
കല , ചരിത്രം , അധികാരം
2015 ലാണ് സൊഖുറോവിന്റെ അവസാനചിത്രം ( ഫ്രാങ്കോഫോണിയ ) പുറത്തുവന്നത്. അക്കൊല്ലത്തെ ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാരീസിലെ ലൂവ്റ് മ്യൂസിയത്തിന്റെ ചരിത്രവും അതിജീവനവുമാണ് ' ഫ്രാങ്കോഫോണിയ ' അനാവരണം ചെയ്യുന്നത്. നാസി അധിനിവേശകാലത്തെ ചരിത്രവും കലയും അധികാരവുമാണ് ഇതിലെ ചര്‍ച്ചാവിഷയങ്ങള്‍. കലാചരിത്രകാരനായി മാറിയ നാസി സൈനികോദ്യോഗസ്ഥന് ഫ്രാന്‍സ് വോന്‍ വൂള്‍ഫ് മെറ്റേണിക്, ലൂവ്റിന്റെ ഡയരക്ടറായ ഫ്രഞ്ചുകാരന് ഷാക് ഷൊഷാര്‍ എന്നിവരോടുള്ള ആദരസൂചകം കൂടിയാണ് ഈ സിനിമ. ഷൊഷാറിന്റെ ശ്രമമില്ലായിരുന്നെങ്കില്‍ ലൂവ്റിലെ ആയിരക്കണക്കിനു കലാസൃഷ്ടികള്‍ എന്നന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഹിറ്റ്ലറുടെ നഗരപ്രവേശനത്തിന്റെ ഭയാനക മുന്കൂട്ടിക്കാണാന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഹിറ്റ്ലര്‍ പാരീസിലെത്തുന്നതിനു മുമ്പേ കലാസൃഷ്ടികളെല്ലാം ഷൊഷാര്‍ നാടുകടത്തിയിരുന്നു. കാര്യങ്ങളറിഞ്ഞിട്ടും കലാസൃഷ്ടികള്‍ വീണ്ടെടുക്കാന്‍ ഒരു ശ്രമവും നടത്തിയില്ല എന്നതാണ് മെറ്റേണിക്കിന്റെ മഹത്വം. അതുകൊണ്ടാണ് മെറ്റേണിക്കിനെയും ഷൊഷാറെയും സൊഖുറോവ് ഒരുപോലെ ശ്ലാഘിക്കുന്നത്. കലാസൃഷ്ടികള്‍ കൊള്ളയടിച്ച് സ്വന്തം മ്യൂസിയം തീര്‍ക്കാന്‍ കൊതിച്ചിരുന്ന ഹിറ്റ്ലറെ പരാജയപ്പെടുത്തിയവരാണിവര്.
പാരീസിലേക്കുള്ള ഹിറ്റ്ലറുടെ പ്രവേശനം ചൂണ്ടിക്കാട്ടുമ്പോള്‍ സൊഖുറോവിന്റെ ഓര്‍മകള്‍ കടന്നുചെല്ലുന്നത് മറ്റൊരു സംഭവത്തിലേക്കാണ്. 1941-44 ല്‍ 872 ദിവസം തുടര്‍ച്ചയായി നാസി സൈന്യം ലെനിന്‍ഗ്രാഡ് നഗരത്തില്‍ നടത്തിയ ഭീകരമായ ഉപരോധമാണ് സൊഖുറോവിന്റെ ഹൃദയത്തെ മഥിച്ചത്. നഗരജനതയുടെ എട്ടിലൊന്നു ഭാഗമാണ് - ഏതാണ്ട് എട്ടു ലക്ഷം പേര് - ഉപരോധകാലത്ത് പട്ടിണി കിടന്നു മരിച്ചത്. സിനിമ സാംസ്കാരിക പ്രവര്‍ത്തനം മാത്രമല്ലെന്നാണ് സൊഖുറോവ് ഇവിടെ നമ്മളെ ബോധ്യപ്പെടുത്തുന്നത്. സിനിമ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. കടന്നുവന്ന പോരാട്ടത്തിന്റെ വഴികളിലേക്ക് നമ്മള് തിരിഞ്ഞുനോക്കിയേ തീരൂ എന്ന് ഈ ചലച്ചിത്രകാരന് ഉറപ്പിച്ചു പറയുന്നു. ഇല്ലെങ്കില്‍, ഭാവിയിലെ അപകടങ്ങള്‍ തിരിച്ചറിയാനും അതിനെ നേരിടാനും നമുക്ക് കഴിയാതെ വരും.
കലാകാരന്റെ ബാധ്യത
കലാകാരന് പരസ്യമായി രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കുന്നതിനോട് സൊഖുറോവിന് യോജിപ്പില്ല. കലയിലൂടെയാണ് കലാകാരന് പ്രതികരിക്കേണ്ടത്. ആക്ഷേപാര്‍ഹമായ ഒരു കാര്യത്തെ തള്ളിപ്പറയേണ്ടത് കലാസൃഷ്ടിയിലൂടെയാണ്. കലാകാരന് രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ അതിലെ കളിനിയമങ്ങളെക്കുറിച്ച് , അണിയറയിലെ സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം വേണം. രാഷ്ട്രീയക്കാര്‍ ഒരു പ്രത്യേക ഘട്ടത്തില്‍ എങ്ങനെ പെരുമാറുമെന്നോ അവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്നോ നമുക്ക് എളുപ്പം മനസ്സിലാവില്ല. കലാകാരന്മാര് ആത്മാര്‍ഥതയുള്ളവരാണ്. ലളിതജീവിതം ആഗ്രഹിക്കുന്നവരാണ്. തുറന്ന മന:സ്ഥിതിക്കാരാണ്. അവര്‍ ആരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരല്ല. മാനുഷികമൂല്യങ്ങളിലാണ് അവര്‍ക്ക് താല്‍പ്പര്യം. ആ ദിശയില്‍ ലോകം മുന്നേറുന്നതാണ് നല്ലതെന്നു വിശ്വസിക്കുന്നവരാണ്- സൊഖുറോവ് അടിവരയിടുന്നു.
( FFSI യുടെ മാസികയായ ' ദൃശ്യതാള ' ത്തില്‍ പ്രസിദ്ധീകരിച്ചത് )
Image courtesy:
- [Alexander Sokurov in Fajr International Film Festival]. Retrieved from https://upload.wikimedia.org/wikipedia/commons/a/a5/Alexander_Sokurov_in_Fajr_International_Film_Festival_01.jpg
0 Comments