മാലിന്യക്കുഴികളില്‍ ഒടുങ്ങുന്ന ജീവിതങ്ങള്‍
- ടി. സുരേഷ് ബാബു
മറ്റുള്ളവരുടെ ആരോഗ്യം കാക്കാനായി ഇരുണ്ട മാലിന്യക്കുഴികളില്‍ ജീവനൊടുക്കേണ്ടിവരുന്ന നിസ്സഹായ ജന്മങ്ങളുടെ യഥാര്‍ഥ അവസ്ഥയാണു ' കക്കൂസ് ' എന്ന തമിഴ് ഡോക്യുമെന്ററിയില്‍ ദിവ്യഭാരതി ഉയര്‍ത്തിക്കാട്ടുന്നത്
ഏതാണ്ട് ഏഴു വര്‍ഷമേ ആയിട്ടുള്ളു ദിവ്യഭാരതി എന്ന നിയമബിരുദധാരി ഡോക്യുമെന്ററി സിനിമയുടെ മേഖലയിലേക്കു കടന്നിട്ട്. ഇതിനിടയില്‍ അവര്‍ സംവിധാനം ചെയ്തത് രണ്ടു ഡോക്യുമെന്ററികള്‍. ആദ്യത്തേതു ' കക്കൂസ് '. 2017 ല്‍ റിലീസായി. രണ്ടാമത്തെ ചിത്രം 2018 ല്‍ റിലീസായ ' ഒരുത്തരും വരലേ ( ആരും വന്നില്ല ). രണ്ടു ഡോക്യുമെന്ററികളാണ് ഇപ്പോള്‍ ചെയ്യുന്നത്. നിലപാടിലെ ദൃഢതയും കാര്‍ക്കശ്യവും കാരണം അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടാണു ദിവ്യ. ഇറങ്ങിയ രണ്ടു ചിത്രങ്ങളും യൂട്യൂബ് റിലീസാണ്.
ദിവ്യയുടെ ആദ്യത്തെ ഡോക്യുമെന്ററിയായ ' കക്കൂസ് ' നമ്മളെ അസ്വസ്ഥരാക്കും. അതിലെ നിസ്സഹായരായ മനുഷ്യരുടെ വിധി നമ്മളെ വേദനിപ്പിക്കും. ' ദുര്‍ഗന്ധമുള്ള ' ഭാഷയും ദൃശ്യങ്ങളും നമ്മുടെ സൗന്ദര്യചിന്തകളുടെ വ്യര്‍ഥതയെക്കുറിച്ച് ഓര്‍മപ്പെടുത്തും. മാലിന്യക്കുഴിയില്‍ നിശ്ശബ്ദമാക്കപ്പെടുന്ന ദുര്‍ബലരുടെ ശബ്ദം നമുക്കീ ഡോക്യുമെന്ററിയില്‍ മുഴങ്ങിക്കേള്‍ക്കാം. പക്ഷേ, കേള്‍ക്കേണ്ട അധികൃതര്‍ അതൊന്നും കേള്‍ക്കുന്നില്ല എന്നതാണു പരിതാപകരം.
മനുഷ്യരുടെ വിസര്‍ജ്യവും
മറ്റു മാലിന്യങ്ങളും കൈകൊണ്ട് കോരി വൃത്തിയാക്കുന്നത് ( Manual Scavanging ) രാജ്യത്തു
2013 ല്‍ നിയമം മൂലം നിരോധിച്ചതാണ്. യന്ത്രങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചേ ഇത്തരം
ജോലി ചെയ്യാവൂ എന്നു നിയമം അനുശാസിക്കുന്നു. എന്നാല്‍, നിയമം പാലിക്കേണ്ടവര്‍തന്നെ
അതു ലംഘിക്കുന്നു എന്നും നിരാലംബരായ ആയിരക്കണക്കിനാളുകളെ മാനംകെട്ട തൊഴിലില്‍ തളച്ചിടുന്നു
എ
ന്നുമാണ് ഇരുപത്തിയൊമ്പതുകാരിയായ ദിവ്യ ' കക്കൂസി ' ലൂടെ ലോകത്തോട് പറയുന്നത്.
തമിഴ്‌നാട്ടിലെ വിരുദു നഗറില്‍ അറപ്പുക്കോട്ടൈക്കടുത്തുള്ള ഒരു ഗ്രാമത്തിലാണു ദിവ്യ എന്ന ആക്ടിവിസ്റ്റിന്റെ ജനനം. അച്ഛനുമമ്മയും മില്‍ത്തൊഴിലാളികള്‍. മധുരയിലെ കോളേജ് പഠനകാലത്തു കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടയായി. അച്ഛന്‍ ആദ്യമേ ദിവ്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ എതിര്‍ത്തു. മകള്‍ക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു ഇത്. സി.പി.ഐ. ( എം. എല്‍. ) പ്രവര്‍ത്തകയായ ദിവ്യ പക്ഷേ, ഈ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടു പോകുന്നു. കോളേജ് കാലത്ത് ഒരുപാട് സമരങ്ങളില്‍ ദിവ്യ പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തനങ്ങള്‍ക്കു തുണയായി ഭര്‍ത്താവുണ്ട് കൂടെ. ദിവ്യയും ഭര്‍ത്താവും ഒരു ക്യാമറാമാനുമാണു 105 മിനിറ്റുള്ള ' കക്കൂസ് ' എന്ന ഡോക്യുമെന്ററിക്കു പിന്നിലെ ശക്തി. ഒരു വര്‍ഷം കൊണ്ടാണു ചിത്രം പൂര്‍ത്തിയാക്കിയത്. 2015 അവസാനം തുടങ്ങി. 2016 ഡിസംബറില്‍ തീര്‍ന്നു. അധികൃതര്‍ നിഷേധിക്കുമെങ്കിലും , ഈ ചെറിയ കാലയളവില്‍ മാത്രം മാലിന്യക്കുഴിയില്‍ വീണുള്ള മരണം 27 ആണെന്നു ദിവ്യ വെളിപ്പെടുത്തുന്നു.
മഹാലക്ഷ്മിയുടെ കണ്ണുനീര്‍
2015 ഒക്ടോബറില്‍ മധുരയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടു തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ഇവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ച് മധുരയില്‍ നടന്ന പ്രക്ഷോഭത്തില്‍ ദിവ്യയും വീറോടെ പങ്കെടുത്തു. മരിച്ച യുവാക്കളിലൊരാളായ മുനിയാണ്ടിയുടെ ഭാര്യ മഹാലക്ഷ്മിയുടെ വിലാപം ദിവ്യയുടെ ഉള്ളുലച്ചു. അപകടകരമായ ശുചീകരണത്തൊഴിലിനെക്കുറിച്ച് പഠിക്കണമെന്ന് അവര്‍ നിശ്ചയിച്ചു. ഒരു തരത്തിലുള്ള രക്ഷാ ഉപകരണവുമില്ലാതെയാണു തൊഴിലാളികള്‍ മാലിന്യത്തിന്റെ മരണക്കുഴികളിലേക്ക് ഇറങ്ങുന്നത് എന്നു ദിവ്യക്കു മനസ്സിലായി. ശുചീകരണത്തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. ഏറിവന്നാല്‍ ഇവര്‍ക്കു കിട്ടുന്നത് ഒരു ദിവസം 226 രൂപയാണ്. ചിലയിടത്ത് ഇത് 150 രൂപയാണ്. രാത്രി 10 മുതല്‍ മൂന്നു മണിവരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു കൊടുക്കുന്നതു 150 രൂപ. ഇവരെ അപമാനിക്കാനുള്ള ശ്രമങ്ങളും നടക്കാറുണ്ട്.
44 ഉപകരണങ്ങള്‍ ശുചീകരണത്തൊഴിലാളികള്‍ക്കു
നല്‍കിയിരിക്കണം എന്നാണു വ്യവസ്ഥ. എന്നാല്‍, ഇടത്തട്ടുകാരായി നില്‍ക്കുന്ന കരാറുകാരും
മേസ്തിരിമാരും ഇതൊന്നും അനുസരിക്കുന്നില്ല. ഗ്ലൗസു പോലും തൊഴിലാളികള്‍ക്കു നല്‍കുന്നില്ല.
നല്‍കുന്നുണ്ടെങ്കില്‍ത്തന്നെ ഏറ്റവും വില കുറഞ്ഞവയായിരിക്കും. റബ്ബറിന്റെ വൃത്തികെട്ട
മണം ഓക്കാനമുണ്ടാക്കുന്നതിനാല്‍ ഗ്ലൗസുകള്‍ സ്ത്രീകള്‍ ഊരിയെറിയുകയാണ്. ചിലയിടത്ത്
സോപ്പ് നല്‍കിയിട്ടു 18 വര്‍ഷമായി. ബൂട്ട്‌സ് കൊടുത്തിട്ടു അഞ്ചു വര്‍ഷം. കരാറുകാരന്‍
കൊടുക്കുന്ന മാസ്‌ക് ധരിച്ചാല്‍ ശ്വാസം മുട്ടും.
നമ്മള്‍ പരിഷ്‌കൃതരോ ?
നഗരങ്ങളില്‍ കുന്നുകൂടുന്ന മനുഷ്യവിസര്‍ജ്യങ്ങള്‍ നീക്കാന്‍ അടിത്തട്ടില്‍ കഴിയുന്ന ഒരു കൂട്ടം മനുഷ്യരെ ചുമതലപ്പെടുത്തുന്ന നാഗരിക സമൂഹത്തോട് കടുത്ത ചോദ്യമുയര്‍ത്തിക്കൊണ്ടാണു ദിവ്യ ഡോക്യുമെന്ററി തുടങ്ങുന്നത്. ' സെപ്റ്റിക് ടാങ്കിലെ മരണങ്ങളെക്കുറിച്ച് നിങ്ങള്‍ പുലര്‍ത്തുന്ന നിശ്ശബ്ദതയുടെ ഗൂഢാലോചനയ്ക്ക് ' എന്നെഴുതിക്കാണിച്ച് സംവിധായിക വിഷയത്തിലേക്കു കടക്കുന്നു. ക്യാമറക്കണ്ണുകള്‍ അംബേദ്കറുടെ പ്രതിമയിലേക്ക് ഉയര്‍ത്തിവെച്ച് ' നമ്മള്‍ പരിഷ്‌കൃതരോ ' എന്ന് ഈ യുവതി ചോദിക്കുന്നു. തുടര്‍ന്നങ്ങോട്ട് നഗരമാലിന്യം കൈകൊണ്ടു തൂത്തുവാരുന്ന മനുഷ്യക്കൂട്ടങ്ങളെ ക്യാമറ ഒരു മറയുമില്ലാതെ കാണിച്ചുതരുന്നു. ഒരു നഗരത്തില്‍ മാത്രമല്ല ക്യാമറയുടെ സഞ്ചാരവഴികള്‍. തമിഴ്‌നാട്ടിലെ 32 ജില്ലകളില്‍ ഇരുപത്തിയഞ്ചിലെയും ഇരുണ്ട മാലിന്യക്കുഴികളിലേക്കു ക്യാമറ കണ്ണോടിക്കുന്നുണ്ട്. ചെന്നൈ , മധുര, ദിണ്ഡിഗല്‍, പുതുക്കോട്ടൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തിരുനല്‍വേലി, കാരൂര്‍, വില്ലുപുരം എന്നിവിടങ്ങളിലെ കാഴ്ചകളൊക്കെ നമുക്കു കാണാം. എല്ലായിടത്തും ഒരേ മാലിന്യക്കാഴ്ച. തൊഴിലാളികളുടെ പരിദേവനങ്ങള്‍ക്ക് ഒരേ ദീനസ്വരം. ജീവിതങ്ങള്‍ക്ക് ഒരേ നിറം. കെട്ട നിറം.
മനുഷ്യവിസര്‍ജ്യം നീക്കാന്‍ വിധിക്കപ്പെട്ട തൊഴിലാളികളുടെ കണക്കെടുത്ത് അവര്‍ക്ക് ' മറുവാഴ്്‌വ് ' ( പുനരധിവാസം ) നല്‍കണമെന്നാണു നിയമം പറയുന്നത്. ഇതിനായി അധികൃതര്‍ കണക്കെടുത്തപ്പോള്‍ തമിഴ്‌നാട്ടിലാകെ കണ്ടെത്തിയത് 462 മാന്വല്‍ സ്‌കാവഞ്ചര്‍മാരെ. അതായത്, ഒരു ജില്ലയില്‍ 14 പേര്‍ മാത്രം. ഈ കണക്കിനു സത്യവുമായി വിദൂരബന്ധംപോലുമില്ലെന്നു ദിവ്യ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ 21 പഞ്ചായത്തുകളില്‍ മാത്രം രണ്ടായിരത്തോളം മാലിന്യ ശുചീകരണത്തൊഴിലാളികളുണ്ടെന്നാണു ദിവ്യയുടെ കണ്ടെത്തല്‍. സ്‌കൂളുകളിലും പോലീസ് ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും പണിയെടുക്കുന്നവര്‍ വേറെ. വില്ലുപുരത്തു സ്‌കൂളുകളില്‍ പണിയെടുക്കുന്നവര്‍ക്കു കിട്ടുന്നതു മാസം 100 രൂപയാണത്രെ. പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ 300 രൂപ. മധുരയില്‍ കളക്ടര്‍ പ്രഖ്യാപിച്ച ദിവസവേതനം 226 രൂപയാണ്. അതുപോലും നല്‍കുന്നില്ല. ചിലയിടത്തു കിട്ടുന്നത് 150 രൂപയാണ്. കോയമ്പത്തൂരില്‍ 120 രൂപ.
മാലിന്യങ്ങള്‍ പുറത്തേക്കെടുക്കാന്‍ യന്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് അധികൃതഭാഷ്യം. അതൊന്നും തങ്ങള്‍ കണ്ടിട്ടില്ലെന്നാണു തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. യന്ത്രത്തിന് ഒരു ലക്ഷം രൂപയായതുകൊണ്ടു വാങ്ങാനാവില്ലെന്നാണു കരാറുകാരുടെ നിലപാട്. ഒരു തൊഴിലാളി അഴുക്കുചാലില്‍ ഇറങ്ങി മരിച്ചാല്‍ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ പണം ചെലവാക്കി യന്ത്രങ്ങള്‍ വാങ്ങി മനുഷ്യരെ രക്ഷിച്ചുകൂടേ എന്ന ചോദ്യത്തിനു പക്ഷേ, ആര്‍ക്കും ഉത്തരമില്ല.
ഒട്ടും മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത തോട്ടിപ്പണി ചെയ്യാന്‍ തമിഴ്‌നാട്ടില്‍ കുറഞ്ഞ കൂലിക്ക് ആള്‍ക്കാരെ കിട്ടുമെന്നു സര്‍ക്കാറിനറിയാമെന്നു ദിവ്യ പറയുന്നു. അപ്പോളെന്തിനു ലക്ഷങ്ങള്‍ മുടക്കി യന്ത്രങ്ങള്‍ സ്ഥാപിക്കണം എന്നാണു സര്‍ക്കാറിന്റെ ചിന്ത. മാത്രവുമല്ല, മാലിന്യത്തിലിറക്കുന്ന ഈ യന്ത്രങ്ങള്‍ കേടാവാനും എളുപ്പമാണ്. അതിനു വീണ്ടും ചെലവ്. ദളിതരുള്ളപ്പോള്‍ ഈ പൊല്ലാപ്പൊക്കെ ഒഴിവാക്കാം എന്നാണു ഭരണവര്‍ഗം സമാധാനിക്കുന്നത്. തുച്ഛമായ കൂലിക്കു പാവങ്ങള്‍ ഏതു മാലിന്യത്തിലും ഇറങ്ങിക്കോളുമല്ലോ ?
നേരിട്ടുള്ള കാഴ്ചകള്‍
ഓരോ നഗരത്തിലും തൊഴിലാളികളെ അവരുടെ ജോലിസ്ഥലത്തും പാര്‍പ്പിടങ്ങളിലും ചെന്നുകണ്ടാണു ദിവ്യ സത്യം പറയിക്കുന്നത്. ' ഞങ്ങള്‍ അഴുക്കില്‍ ഇറങ്ങുന്നതുകൊണ്ടാണു നിങ്ങളും നിങ്ങളുടെ മക്കളും ആരോഗ്യത്തോടെയിരിക്കുന്നത് ' എന്ന് ഒരു ചെറുപ്പക്കാരന്‍ രോഷത്തോടെ പറയുന്നു. എന്നിട്ടോ ? നഗരം വൃത്തിയാക്കുന്ന തങ്ങള്‍ക്കു കഴിയാന്‍ വൃത്തികെട്ട പാര്‍പ്പിടങ്ങള്‍. കുട്ടികള്‍ക്കു പഠിക്കാന്‍ സ്‌കൂളില്ല. അഴുക്കുവാരി രോഗം പിടിച്ച കൈകൊണ്ടാണു അവര്‍ ചോറുവാരിത്തിന്നുന്നത്. മക്കള്‍ക്കു ചോറുവാരിക്കൊടുക്കുന്നതും ഇതേ കൈകൊണ്ടുതന്നെ. ജോലി കഴിഞ്ഞുവന്നാല്‍ മക്കള്‍ പറയും അമ്മയെ / അച്ഛനെ നാറുന്നു. തങ്ങളുടെ നല്ലൊരു കാലത്തിനുവേണ്ടിയാണു രക്ഷിതാക്കള്‍ ഈ നാറ്റം പേറുന്നത് എന്നു ആ മക്കള്‍ അറിയുന്നില്ല. അതേ മക്കള്‍ സ്‌കൂളില്‍ച്ചെന്നാല്‍ ' നിന്നെ നാറുന്നു ' എന്നു പറഞ്ഞു സഹപാഠികള്‍ മാറ്റിനിര്‍ത്തുന്നു. എന്തൊരു വിധിയാണു തങ്ങളുടേത് എന്ന് ഈ മനുഷ്യര്‍ വിലപിക്കുന്നു. എല്ലായിടത്തും ഇവര്‍ അയിത്തം അനുഭവിക്കുന്നുണ്ട്. ചായക്കടയില്‍, പൊതുപൈപ്പില്‍നിന്ന് വെള്ളമെടുക്കാന്‍ ചെല്ലുമ്പോള്‍ , പൊതുവാഹനങ്ങളില്‍, വിദ്യാലയങ്ങളില്‍ എല്ലാം.
ഭരിക്കാന്‍ നിങ്ങളും മരിക്കാന്‍ ഞങ്ങളും
ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്ന
ചെറുപ്പക്കാരനായ ഇശൈയരശ് എന്ന ആക്ടിവിസ്റ്റ് പാടുന്നു :
' ചെന്നൈയിലേ വസിക്ക
നമുക്ക് ഇടമില്ലൈ
സിങ്കാര
ചെന്നൈയാര്‍ക്ക്
തെരിയലേ ' . ഈ വേദന ചിത്രാവസാനത്തിലെത്തുമ്പോഴേക്കും കനപ്പിച്ച ചോദ്യമായി ഉയരുന്നതു നമ്മള്‍ തിരിച്ചറിയുന്നു. ' ഭരിക്കാന്‍ നിങ്ങളും മരിക്കാന്‍ ഞങ്ങളുമോ ? പറയെടാ ' എന്നാണു ക്രോധത്തോടെ അവര്‍ പാടുന്നത്. തങ്ങളെ എന്നും അടിയാളരായി നിര്‍ത്തുന്ന ഈ വിധി അടിച്ചേല്‍പ്പിച്ച ' മനു ' വിനെ കീറി പൃഷ്ഠം തുടയ്ക്കും എന്ന് അവര്‍ പാടുമ്പോള്‍ പുതിയൊരു ഉണര്‍വിന്റെ കാഹളമാണു ദിവ്യഭാരതി അടയാളപ്പെടുത്തുന്നത്.
ഇന്ത്യയെ ' വെളിയിട വിസര്‍ജനമുക്ത രാജ്യ ' മാക്കാനുള്ള പ്രധാനമന്ത്രിയുടെ ' സ്വച്ഛ ഭാരത് ' പദ്ധതിയുടെ പ്രായോഗികതയെ സന്ദേഹത്തോടെയാണു ദിവ്യ കാണുന്നത്. ദളിതരെ ചൂഷണം ചെയ്യുന്ന ദളിത് നേതാക്കളെയും ദിവ്യഭാരതി തുറന്നുകാട്ടുന്നുണ്ട്. തൊഴിലാളി കുടുംബങ്ങള്‍ക്കു കിട്ടുന്ന നഷ്ടപരിഹാരത്തുകയില്‍ നിന്ന് ഇവര്‍ കമ്മീഷനടിക്കുന്നു. പത്തു ലക്ഷം കിട്ടിയാല്‍ ഒന്നര ലക്ഷം ഈ കഴുകന്മാര്‍ കൊണ്ടുപോകും.
കള്ളം പറയാത്ത ദൃശ്യങ്ങളിലൂടെ ദിവ്യഭാരതി പുറത്തുവിട്ട ഈ അടയാളപ്പെടുത്തല്‍ തമിഴ്‌നാട് പൂര്‍ണ മനസ്സോടെ സ്വീകരിച്ചിട്ടില്ല. പ്രതിഷേധം കാരണം ' കക്കൂസ് ' സ്വന്തം നാട്ടില്‍ പൊതുവേദികളില്‍ അധികം പ്രദര്‍ശിപ്പിക്കാന്‍ ദിവ്യക്കു കഴിഞ്ഞിട്ടില്ല. തങ്ങളുടെ സമുദായത്തെ തോട്ടിപ്പണിക്കാരായി ചിത്രീകരിച്ചു എന്നാരോപിച്ച് ചില പട്ടികജാതി സംഘടനകള്‍ ദിവ്യക്കെതിരെ തിരിഞ്ഞു. ചിലര്‍ കേസുകള്‍ ഫയല്‍ ചെയ്തു. കേസുകള്‍ക്കു പിന്നാലെയുള്ള ദിവ്യയുടെ ഓട്ടം. കേസ് നടത്തിപ്പിനുള്ള ചെലവ്. തീര്‍ത്തും ദുസ്സഹമായ ജീവിതം. ഒടുവില്‍ എല്ലാ കേസുകളും കോടതികള്‍ തള്ളി.
തന്റെ ഡോക്യുമെന്ററിയുമായി 2017 ല്‍ കേരളത്തില്‍ വന്നിരുന്നു ദിവ്യഭാരതി. കോഴിക്കോട്ടെ ' ജനാധിപത്യോത്സവ ' ത്തില്‍ അവര്‍ ചിത്രം കാണിക്കുകയും തന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തു. യൂട്യൂബില്‍ റിലീസായ ' കക്കൂസ് ' ലക്ഷക്കണക്കിനാളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. മനുഷ്യമലം മനുഷ്യന്‍തന്നെ കൈകാര്യം ചെയ്യേണ്ടിവരുന്നത് ഒരു തൊഴിലായി കാണാനാവില്ലെന്ന് ഈ ഡോക്യുമെന്ററി നമ്മളോടു പറയുന്നു. ഈ ദു:സ്ഥിതി മനുഷ്യകുലത്തിനാകെ അപമാനമാണ്. ' ഈ മാലിന്യങ്ങള്‍ക്കു നമ്മള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്ന് ഓരോരുത്തര്‍ക്കും തോന്നണം. അതിലൂടെ നമ്മളില്‍ കുറ്റബോധമുണരണം. ' കക്കൂസി ' ലൂടെ താന്‍ ലക്ഷ്യംവെച്ചത് ഇതാണ് ' - ദിവ്യ പറയുന്നു.
മാലിന്യ നിര്‍മാര്‍ജനത്തൊഴിലാളികള്‍ കുറയുന്നു
കൈകൊണ്ടു മാലിന്യം നീക്കുന്നതു
രാജ്യത്തു നിയമം മൂലം നിരോധിക്കും മുമ്പ് ഈ തൊഴിലിലുണ്ടായിരുന്നത് എട്ടു ലക്ഷം പേരാണ്.
2003 ലെ കണക്കാണിത്. നിയമം മൂലം നിരോധിച്ച 2013 ല്‍ ഇവരുടെ എണ്ണം 13,000 ആയി. എന്നാല്‍,
2018 ല്‍ ഈ സംഖ്യ വര്‍ധിച്ച് 42,000 ത്തിലെത്തിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
2016 നും 2019 നുമിടയില്‍ ഓടകളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ 282 പേര്‍
മരിച്ചതായി രാജ്യസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതു
തമിഴ്‌നാട്ടിലാണ് - 40 പേര്‍. ഹരിയാനയില്‍ 31. ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍
30 വീതം. അതേസമയം, ഈ കണക്കിനെ സഫായി കര്‍മചാരി ആന്ദോളന്‍ എന്ന സംഘടന ഖണ്ഡിക്കുന്നു.
മാന്വല്‍ സ്‌കാവഞ്ചിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ കണക്കനുസരിച്ച് ഈ കാലയളവില്‍
1760 തൊഴിലാളികള്‍
മാലിന്യ നിര്‍മാര്‍ജന ജോലിക്കിടയില്‍ മരിച്ചിട്ടുണ്ട്.
ആരും തിരിച്ചുവന്നില്ല, സഹായിക്കാനും ആരും വന്നില്ല
2017 നവംബര്‍ 29, 30 തീയതികളില്‍ കേരള, തമിഴ്‌നാട് തീരങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരും കാണാതായവരുമായ കുടുംബങ്ങളുടെ ദയനീയ മുഖങ്ങളാണ് ' ഒരുത്തരും വരലേ ' എന്ന ഡോക്യുമെന്ററി. 100 മിനിറ്റ് നീണ്ട ഈ ചിത്രത്തില്‍ തമിഴ്‌നാട്ടിലെ കടലോരഗ്രാമമായ തൂത്തൂരിന്റെ പരിദേവനങ്ങളാണു വന്നുനിറയുന്നത്. സ്രാവു പിടിത്തക്കാരുടെ ഗ്രാമമാണിത്. കടലില്‍ പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണിവര്‍ തിരിച്ചെത്തുന്നത്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങളെയും ഓഖിയില്‍ ജീവന്‍ തിരിച്ചുകിട്ടി മടങ്ങിയെത്തിയവരെയും കണ്ടു നടത്തിയ അഭിമുഖങ്ങളാണ് ദിവ്യഭാരതി ഈ ഡോക്യുമെന്ററിക്കായി ഉപയോഗപ്പെടുത്തിയത്. രണ്ടു സംസ്ഥാനങ്ങളിലുമായി ( തമിഴ്‌നാട് , കേരളം ) അഞ്ഞൂറോളം പേരുടെ മരണത്തിനിടയാക്കിയ ഓഖി ദുരന്തത്തിനു കാരണക്കാര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളും ജനങ്ങളുമാണെന്നു ദിവ്യ കുറ്റപ്പെടുത്തുന്നു. ചുഴലിക്കാറ്റിനെപ്പറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു എന്ന വാദത്തെ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും പൊൡടുക്കുന്നു. മിക്കവരും മീന്‍പിടിക്കാന്‍ തീരം വിട്ടതു നവംബര്‍ 28 നും 29 നും രാത്രികളിലാണ്. ആദ്യത്തെ ദുരന്ത മുന്നറിയിപ്പു വന്നതു നവംബര്‍ 30 നും - കുടുംബാംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായുള്ള പദ്ധതികളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന ദിവ്യഭാരതി അക്കാലത്തു ടി.വി. ചാനലുകള്‍ കൈക്കൊണ്ട നിരുത്തരവാദിത്ത സമീപനത്തെയും വിമര്‍ശിക്കുന്നുണ്ട്. ഓഖിയുണ്ടായ സമയത്തു ചെന്നൈ നഗരത്തിലെ ഒരു അസംബ്ലി മണ്ഡലത്തില്‍ ഇപതിരഞ്ഞെടുപ്പു നടക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു പ്രാധാന്യം കൊടുത്ത മാധ്യമങ്ങള്‍ ഓഖിയെ മറന്നു എന്നാണു ദിവ്യയുടെ വിമര്‍ശനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പരാതികള്‍ ചാനലുകള്‍ എഡിറ്റു ചെയ്തുകളഞ്ഞെന്നു ജനങ്ങളും ആരോപിക്കുന്നു. ചെന്നൈയിലെ പ്രളയകാലത്തു രക്ഷയ്ക്കായി ഓടിവന്ന മത്സ്യത്തൊഴിലാളികളെ സംസ്ഥാന ഭരണകൂടം മറന്നുപോയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ദിവ്യ ഭാരതി ഇപ്പോള്‍ രണ്ടു ഡോക്യുമെന്ററികളാണു ചെയ്യുന്നത്. ' ചാട്‌ല ' എന്ന ചിത്രം ട്രാന്‍സ്ജന്‍ഡര്‍മാരുടെ ജീവിതം , പ്രത്യേകിച്ച് സെക്‌സ് വര്‍ക്കിനു പോകുന്നവരുടെ ജീവിതവും പ്രശ്‌നങ്ങളും , അനാവരണം ചെയ്യുന്നു. തമിഴ്‌നാട്ടിലെ നാടോടി കലാകാരന്മാരെക്കുറിച്ചുള്ളതാണു രണ്ടാമത്തേത്.
( 2017 ല്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തു പുതുക്കിയത് )
Image courtesy:
- [Movie poster from 2017 Indian movie Kakkoos]. Retrieved from https://www.imdb.com/title/tt7186362/mediaviewer/rm1807953152/
- [Divya Bharathi - Director of 2017 Indian movie Kakkoos]. Retrieved from https://www.thehindu.com/entertainment/movies/getting-caste-out-of-the-closet/article19377388.ece
0 Comments