ഹോളിവുഡ്ഡിനോടും യൂറോപ്യന്‍ സിനിമകളോടും അടുപ്പം കാണിക്കാതെ മൂന്നാം വഴിയിലൂടെ സഞ്ചരിക്കുകയാണ് ലാറ്റിനമേരിക്കന്‍ സിനിമ. കോളണിവാഴ്ചയില്‍ നിന്നു വിമോചിതരായ ലാറ്റിനമേരിക്കന്‍ ജനത സ്വന്തം ശൈലിയിലൂടെ തീര്‍ത്ത പ്രതിരോധ, രാഷ്ട്രീയ സിനിമകളുടെ ചരിത്രവും പ്രയാണവും.
മൂന്നാംവഴിയിലൂടെ ലാറ്റിനമേരിക്കന്‍ സിനിമ
- ടി. സുരേഷ് ബാബു
15 ാം നൂറ്റാണ്ടിന്റെ അവസാനകാലം മുതല്‍ 18 ാം നൂറ്റാണ്ടുവരെ കോളണി ഭരണത്തിലായിരുന്നു ലാറ്റിനമേരിക്കന്‍ നാടുകള്‍. സ്‌പെയിനും പോര്‍ച്ചുഗലും ഫ്രാന്‍സും ഇവിടുത്തെ ജനതയെ അടിമകളാക്കിവെച്ചു. 19 ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു ലാറ്റിനമേരിക്ക സ്വാതന്ത്ര്യത്തിലേക്കു കടന്നത്. 19 സ്വതന്ത്ര രാജ്യങ്ങള്‍ ഈ ഭൂഖണ്ഡത്തിലുണ്ട്. സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്.
സിനിമയുടെ കാര്യത്തില്‍ നിലവിലുള്ള ശക്തമായ രണ്ട് ധാരകളോടും ലാറ്റിനമേരിക്ക മുഖംതിരിച്ചു നില്‍ക്കുകയാണ്. ഹോളിവുഡ്ഡില്‍ നിന്നും യൂറോപ്യന്‍ സിനിമയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണു ലാറ്റിനമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ പുലര്‍ത്തിപ്പോരുന്നത്. രണ്ട് ധാരകളോടും അഭിനിവേശം കാണിക്കാത്ത ഒരു മൂന്നാംവഴിയിലൂടെയാണ് ഈ നാടുകളിലെ സിനിമ സഞ്ചരിക്കുന്നത്.
മൂന്നാം സിനിമ
1960 - 70 കളിലാണു ലാറ്റിനമേരിക്കയില്‍ ' മൂന്നാം സിനിമ ' പ്രസ്ഥാനം രൂപം കൊണ്ടത്. അര്‍ജന്റീനിയന്‍ സംവിധായകരായ ഫെര്‍ണാണ്ടോ സൊളാനസ്, ഒക്ടാവിയോ ഗെറ്റിനോ എന്നിവര്‍ ചേര്‍ന്നെഴുതിയ ' മൂന്നാം സിനിമയിലേക്ക് ' എന്ന സിനിമാ മാനിഫെസ്റ്റോ ആണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണം. നവ കൊളോണിയലിസം, മുതലാളിത്ത വ്യവസ്ഥ, പണം മാത്രം ലക്ഷ്യമാക്കി നിര്‍മിക്കുന്ന ഹോളിവുഡ് വിനോദ സിനിമ എന്നിവയെ മൂന്നാം സിനിമ എതിര്‍ത്തു. ബൂര്‍ഷ്വാ മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഹോളിവുഡ് സിനിമകളാണ് ' ഒന്നാം സിനിമ ' . ഹോളിവുഡ് സമ്പ്രദായങ്ങളെ നിഷേധിക്കുകയും എന്നാല്‍, സംവിധായകരുടെ വ്യക്തിഗത കാഴ്ചപ്പാടിനു പ്രാധാന്യം കൊടുക്കുന്നതുമായ യൂറോപ്യന്‍ കലാസിനിമകളാണ് ' രണ്ടാം സിനിമ '. ലോകസിനിമയിലെ ഈ രണ്ടു മുഖ്യധാരകളെയും ലാറ്റിനമേരിക്കയുടെ ' മൂന്നാം സിനിമ ' നിരാകരിക്കുന്നു. സംവിധായകന്‍ ഒറ്റയാനല്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും മൂന്നാം സിനിമയുടെ പ്രയോക്താക്കള്‍ വിശ്വസിക്കുന്നു. സാമൂഹികാവസ്ഥയുടെ മാറ്റത്തില്‍ ശ്രദ്ധയൂന്നുന്ന , പ്രതിബദ്ധതയുള്ള പ്രതിരോധ - രാഷ്ട്രീയ സിനിമകളാണു തങ്ങളുടേതെന്ന് അവര്‍ ഉദ്‌ഘോഷിച്ചു.
സിനിമയുടെ സാമൂഹിക, രാഷ്ട്രീയ, ലാവണ്യ വശങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാനാണു ലാറ്റിനമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ ശ്രദ്ധിച്ചത്. അക്കാലത്തെ വിപ്ലവ ചിന്തകളുമായി താദാത്മ്യപ്പെടുന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. സാമ്രാജ്യത്വവാദത്തിനെതിരായിരുന്നു ആ നിലപാട് . കൊളോണിയലിസം പുതുരൂപവും പുതുഭാവവും ആര്‍ജിക്കുന്നതിനു പിന്നിലെ അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതു രാഷ്ട്രനേതാക്കളുടെയെന്നപോലെ ചലച്ചിത്രകാരന്മാരുടെയും കടമയായി അവര്‍ കണ്ടു. കലാദര്‍ശനത്തിന്റെ മൗലികതക്കുവേണ്ടി വാദിക്കുന്നതിനേക്കാള്‍ സാമൂഹിക ചലനമുണ്ടാക്കാന്‍ സിനിമയെ ഉപയോഗപ്പെടുത്തുകയാണു വേണ്ടതെന്നു ലാറ്റിനമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ വാദിച്ചു. വിമോചിത ജനതയുടെ സാകല്യമായ വളര്‍ച്ചയാണ് അവര്‍ കാംക്ഷിച്ചത്.
1961 ജൂണ്‍ മുപ്പതിനു ബുദ്ധിജീവികളോടായി ഫിദല്‍ കാസ്‌ട്രോ നടത്തിയ പ്രസംഗത്തിനു നിര്‍ണായക പ്രാധാന്യമുണ്ട്. വിപ്ലവരാജ്യത്തോടുള്ള ബുദ്ധിജീവികളുടെ നിലപാട് എന്തായിരിക്കണം എന്ന് ഊന്നിപ്പറഞ്ഞ പ്രസംഗമായിരുന്നു അത്. ' വിപ്ലവത്തിനകത്ത് എല്ലാമുണ്ട്. വിപ്ലവത്തിനു പുറത്ത് ഒന്നുമില്ല ' എന്നാണ് അദ്ദേഹം ഓര്‍മപ്പെടുത്തിയത്. ബുദ്ധിജീവികളുടെ മാത്രമല്ല, കലാകാരന്മാരുടെയും ബാധ്യതയെന്തെന്ന്് ഓര്‍മപ്പെടുത്തുന്നതാണ് ഈ വാക്കുകള്‍.
തുടക്കം ക്യൂബയില്‍
ക്യൂബയില്‍ ഏകാധിപതിയായിരുന്ന ഫുല്‍ജന്‍ഷ്യോ ബാറ്റിസ്റ്റയെ സായുധ വിപ്ലവത്തിലൂടെ പുറത്താക്കി ഫിദല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയത് 1959 ജനവരി ഒന്നിനാണ്. ലാറ്റിനമേരിക്കന്‍ നാടുകളില്‍ ആദ്യമായി ഒരു സിനിമാ സംസ്‌കാരത്തിനു വിത്തിട്ടതു കാസ്‌ട്രോയാണ്. വിനോദോപാധികളില്‍ സംഗീതത്തിനായിരുന്നു ക്യൂബയില്‍ ഒന്നാം സ്ഥാനം. സിനിമ അതിനു പിറകിലേ വന്നിരുന്നുള്ളു. ക്യൂബന്‍ സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ വിപ്ലവ സര്‍ക്കാര്‍ ' ക്യൂബന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിനിമോട്ടോഗ്രാഫിക് ആര്‍ട്ട് ആന്‍ഡ് ഇന്റസ്ട്രി ' ( ICAIC ) എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. വിപ്ലവത്തിനു മുമ്പുവരെ ക്യൂബയില്‍ നിര്‍മിച്ചിരുന്ന സിനിമകളുടെ എണ്ണം വളരെ കുറവായിരുന്നു. അവയില്‍ത്തന്നെ മിക്കതും നിലവാരം കുറഞ്ഞ മെലോഡ്രാമകളായിരുന്നു. പുതിയ നയം പ്രഖ്യാപിച്ചതോടെ ക്യൂബന്‍ സിനിമ സുവര്‍ണ കാലഘട്ടത്തിലേക്കു കടന്നു. കലാ ആവിഷ്‌കാരങ്ങളില്‍ ഏറ്റവും കരുത്തും പ്രകോപനസാധ്യതയുമുള്ള മാധ്യമം സിനിമയാണെന്നും വിദ്യാഭ്യാസവും നവീനാശയങ്ങളും ജനങ്ങളിലെത്തിക്കാന്‍ ഇതിനേക്കാള്‍ ശക്തമായ മാര്‍ഗമില്ലെന്നും പുതിയ സിനിമാനയം ഊന്നിപ്പറഞ്ഞു. ദേശീയ സംസ്‌കാരം പോഷിപ്പിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സാംസ്‌കാരിക കോളണിവത്കരണത്തിന്റെയും സാമ്രാജ്യത്വ ആശയങ്ങളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിലും സിനിമക്കു കാര്യമായ പങ്ക് വഹിക്കാനാവുമെന്നും സിനിമാനയം പ്രത്യാശ പ്രകടിപ്പിച്ചു. ആദ്യകാലത്തു സിനിമാ നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നീ മേഖലകളെല്ലാം സര്‍ക്കാറിനു കീഴിലാക്കി. തുടക്കകാലത്തു ICAIC പ്രസിഡന്റായിരുന്ന ആല്‍ഫ്രെഡോ ഗുവേര സോഷ്യലിസ്റ്റ് റിയലിസത്തിന്റെ യാഥാസ്ഥിതിക തലങ്ങളില്‍ നിന്നു ബഹുസ്വരതയുടെയും കലാസ്വാതന്ത്ര്യത്തിന്റെയും പാതയിലേക്കു ക്യൂബന്‍ സിനിമയെ നയിച്ചു. ക്യൂബയിലെ മികച്ച സംവിധായകരായി എണ്ണപ്പെടുന്ന ഹംബര്‍ട്ടോ സൊളാസും തോമസ് ഗുറ്റിറെസ് അലിയയും ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലെ ക്യൂബന്‍ വനിതകളുടെ ജീവിതം ലൂസിയ എന്ന വനിതയുടെ കണ്ണിലൂടെ അനാവരണം ചെയ്യുന്ന ലൂസിയ ( 1969 ) യാണു സൊളാസിന്റെ ശ്രദ്ധേയചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ 13 അവാര്‍ഡുകള്‍ സൊളാസ് കരസ്ഥമാക്കിയിട്ടുണ്ട്. വിപ്ലവാനന്തര ക്യൂബയെ ആഴത്തില്‍ നിരീക്ഷിക്കുകയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയാവസ്ഥകളെ വിമര്‍ശനബുദ്ധ്യാ വിലയിരുത്തുകയും ചെയ്ത സംവിധായകനാണു തോമസ് ഗുറ്റിറെസ് അലിയ. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമാണു 1968 ലിറങ്ങിയ ' മെമ്മറീസ് ഓഫ് അണ്ടര്‍ ഡവലപ്‌മെന്റ് '. ലാറ്റിനമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ ചേര്‍ന്നു 1969 ല്‍ രൂപം കൊടുത്ത ' മിലിറ്റന്റ് സിനിമ ' യുടെ സമരോത്സുകമായ ചലച്ചിത്ര സമീപനവും മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടി.
വനിതകള്‍ രംഗത്തേക്ക്
ആദ്യകാലത്ത്ു ലിംഗ അസമത്വം വലിയൊരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ ലാറ്റിനമേരിക്കന്‍ സിനിമ ഒട്ടും താല്‍പ്പര്യമെടുത്തിരുന്നില്ല. സംവിധാനരംഗത്തു വനിതകള്‍ ഉണ്ടായിരുന്നെങ്കിലും അവരെയൊക്കെ അവഗണിക്കുകയാണു ചെയ്തിരുന്നത്. എന്നാല്‍, പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ മനോഭാവത്തിനു മാറ്റം വന്നു. അര്‍ജന്റീനയില്‍ ലൂക്രേഷ്യ മാര്‍ട്ടെലിന്റെ കടന്നുവരവാണു കൂട്ടത്തില്‍ ശ്രദ്ധേയം. സംവിധായികയും തിരക്കഥാകൃത്തുമായാണു മാര്‍ട്ടെലിന്റെ രംഗപ്രവേശം. അര്‍ജന്റീനയിലെ മധ്യവര്‍ഗത്തിനിടയിലെ പുരുഷാധിപത്യത്തെയും വംശീയ അസമത്വത്തെയും തന്റെ സിനിമകളിലൂടെ വിമര്‍ശിക്കാന്‍ അവര്‍ ധൈര്യം കാട്ടി. 2001 ല്‍ പുറത്തിറങ്ങിയ ' ദ സ്വാംപ് ' എന്ന ആദ്യചിത്രം തന്നെ മാര്‍ട്ടെലിനെ ശ്രദ്ധേയയാക്കി. തുടര്‍ന്നു വന്ന ' ദ ഹോളി ഗേള്‍ ' ( 2004 ), ' ദ ഹെഡ്‌ലസ് വുമണ്‍ ' ( 2008 ) എന്നിവയും പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ' വണ്‍ വേ ഓര്‍ അനദര്‍ ' എന്ന സിനിമ സംവിധാനം ചെയ്ത ക്യൂബയുടെ സാറാ ഗോമസ് എന്ന കറുത്ത വര്‍ഗക്കാരിയെയും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ലാറ്റിനമേരിക്കന്‍ സിനിമയിലെ കറുത്ത വര്‍ഗക്കാരിയായ ആദ്യ സംവിധായിക എന്ന ബഹുമതി സാറാ ഗോമസിനാണ്.
ഉപ്പുപാടങ്ങളില്‍ പണിയെടുക്കുന്ന മനുഷ്യരുടെ കഥകള്‍ വിഷയമാക്കി ' അരയ ' എന്ന സിനിമയെടുത്ത മാര്‍ഗോട്ട് ബനെസറാഫ് ( വെനസ്വേല ), കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതങ്ങളിലേക്കു ക്യാമറ തുറന്നുവെച്ച മാര്‍ത്താ റോഡ്രിഗ്‌സ് ( കൊളംബിയ ) എന്നിവരും മരിയ ലൂയിസ ബംബര്‍ഗ് ( അര്‍ജന്റീന ), ലൂര്‍ദ് പോര്‍ട്ടിലോ ( മെക്‌സിക്കോ ), വലേറിയ സാര്‍മീന്റോ ( ചിലി ), സുസന്ന അമറാന്‍ ( ബ്രസീല്‍ ) എന്നിവരും സംവിധാനരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വനിതകളാണ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ക്യൂബക്കു പുറമേ അര്‍ജന്റീന, ബ്രസീല്‍, മെക്‌സിക്കോ, ചിലി, ബൊളീവിയ, വെനസ്വേല എന്നിവിടങ്ങളിലാണു സിനിമ സജീവമായിരുന്നത്. ക്യൂബന്‍ സിനിമയിലുണ്ടായ ഉണര്‍വ് ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളെയും സ്വാധീനിച്ചു. പ്രതിബദ്ധതയുള്ള പരീക്ഷണ സിനിമകള്‍ രൂപം കൊണ്ടു. മെക്‌സിക്കന്‍ സംവിധായകനായ പോള്‍ ലെഡക്കിന്റെ ഫ്രിഡ ( 1984 ), ഡോളര്‍ മാംബോ ( 1993 ) എന്നിവ ഉദാഹരണം. മെക്‌സിക്കന്‍ പെയിന്ററും രാഷ്ട്രീയത്തിലെ വിവാദ നായികയുമായിരുന്ന ഫ്രിഡ കഹ്‌ലോയുടെ കഥ പറഞ്ഞ ഫ്രിഡയും പനാമയിലെ അധിനിവേശ കാലത്തു യു.എസ്. സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട മാംബോ നര്‍ത്തകിയുടെ ജീവിതം പകര്‍ത്തിയ ഡോളര്‍ മാംബോയും വ്യത്യസ്ത ശൈലിയിലെടുത്ത ചിത്രങ്ങളാണ്. ഇറ്റാലിയന്‍ നിയോറിയലിസവും ലാറ്റിനമേരിക്കന്‍ സിനിമയില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്.
' ചെ ' സിനിമകള്‍
വിപ്ലവനായകന്‍ ഏണസ്റ്റോ ചെഗുവേര രക്തസാക്ഷിയായി 38 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ജീവിതം ആധാരമാക്കി ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു സിനിമ ( മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ) പുറത്തുവന്നത്. ( 1967 ഒക്ടോബര്‍ ഒന്‍പതിനു ബൊളീവിയയില്‍ വീരമൃത്യു വരിച്ച ചെഗുവേരയെക്കുറിച്ച് 68 ലും 69 ലും ഇറ്റാലിയന്‍ ഭാഷയിലും ഇംഗ്ലീഷിലും ഓരോ സിനിമ ഇറങ്ങിയിരുന്നു ). ബ്രസീലുകാരനായ വാള്‍ട്ടര്‍ സാലെസ് ആണു സ്പാനിഷ് ഭാഷയിലുള്ള ' മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ' സംവിധാനം ചെയ്തത്. ആല്‍ബര്‍ട്ടോ ഗ്രനാഡോ എന്ന സുഹൃത്തിനൊപ്പം ബൈക്കില്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ യാത്രയാണു ചിത്രത്തിന്റെ ഇതിവൃത്തം. 23 ാം വയസ്സില്‍ , മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു ചെയുടെ യാത്ര. സാമൂഹിക അനീതികള്‍ക്കെതിരെ പോരാടാന്‍ ചെയെ പ്രേരിപ്പിച്ചത് ഈ യാത്രയാണ്. ലോകമെങ്ങുമുള്ള ചെ ആരാധകരെ ഏറെ ആകര്‍ഷിച്ച സിനിമയാണു ' മോട്ടോര്‍ സൈക്കിള്‍ ഡയറീസ് '. തുടര്‍ന്ന്, സ്പാനിഷ് ഭാഷയില്‍ത്തന്നെ 2008 ല്‍ മറ്റൊരു ചെസിനിമ പുറത്തുവന്നു. പേര് ' ചെ ' എന്നുതന്നെ. അക്കൊല്ലം ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളിലൊന്നായാണു ' ചെ ' യെ നിരൂപകര്‍ വിലയിരുത്തിയത്. 39 -ാം വയസില്‍ രക്തസാക്ഷിത്വം വരിച്ച ചെയുടെ ജീവിതത്തിലെ അവസാനത്തെ മൂന്നു വര്‍ഷമാണ് ഈ സിനിമയില്‍ ഇതിവൃത്തമായി വരുന്നത്. ചെയുടെ ഗറില്ലാ ജീവിതത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ സിനിമക്കു രണ്ടു ഭാഗങ്ങളുണ്ട്. രണ്ടും കൂടി ഏതാണ്ടു നാലര മണിക്കൂര്‍ വരും. ഡോക്ടര്‍, എഴുത്തുകാരന്‍, ബുദ്ധിജീവി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ചെ. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു തിളക്കം കൂട്ടുന്ന ഈ സവിശേഷതകളും ചിത്രം പ്രത്യേകം എടുത്തുകാട്ടുന്നുണ്ട്.
പുതിയ കാലം, പുതിയ ഇതിവൃത്തങ്ങള്‍
ആദ്യകാല സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്നു ലാറ്റിനമേരിക്കന്‍ സിനിമയും വഴിമാറി നടക്കുകയാണ്. വിപ്ലവാശയങ്ങള്‍ ഇതിവൃത്തമായുള്ള സിനിമകളും കോളണിവാഴ്ചക്കെതിരായ പ്രതിരോധ , രാഷ്ട്രീയ സിനിമകളും താരതമ്യേന കുറഞ്ഞു. സ്വത്വ പ്രതിസന്ധിയും പ്രണയവും പ്രതികൂല സാഹചര്യങ്ങളിലെ അതിജീവനത്വരയും തൊഴിലില്ലായ്മയും നഗരങ്ങളില്‍ പടര്‍ന്നുകയറുന്ന ചേരികളിലെ നരകജീവിതവും അവിടെനിന്നു രൂപം കൊണ്ടിട്ടുള്ള അക്രമലോകവും മയക്കുമരുന്നു മാഫിയയുമൊക്കെ പുതിയ സിനിമകളില്‍ ഇതിവൃത്തമായി വരുന്നു. കാലം സിനിമയില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് കൊളംബിയന്‍ സംവിധായകന്‍ സെര്‍ജിയോ കബ്രേര പറയുന്നത് ഇങ്ങനെയാണ് : ' ജനങ്ങള്‍ തിയേറ്ററില്‍ പോകുന്നതു കഥ കേള്‍ക്കാനാണ്. അല്ലാതെ, സിനിമയില്‍ നിന്ന് എന്തെങ്കിലും പാഠം പഠിക്കാനല്ല ' .
സിനിമയുടെ ലാവണ്യ സങ്കല്‍പ്പങ്ങളെ പരിഹസിച്ച് ചിത്രമെടുക്കാന്‍ പുതിയ സംവിധായകര്‍ തയാറാവുന്നു. 2002 ല്‍ പുറത്തുവന്ന ' സിറ്റി ഓഫ് ഗോഡ് ' എന്ന ബ്രസീലിയന്‍ സിനിമ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ സ്തബ്ധരാക്കി. അനുസരണയില്ലാത്ത ക്യാമറയും ചേരികളില്‍ നിന്നു നേരെ ക്യാമറക്കു മുന്നില്‍ വന്നുനിന്ന അഭിനേതാക്കളും കൃത്രിമത്വമില്ലാത്ത അവരുടെ പെരുമാറ്റവും സിനിമാ വ്യാകരണങ്ങളെ കാറ്റില്‍ പറത്തിയ എഡിറ്റിങ് രീതിയും ' ദൈവത്തിന്റെ നഗരത്ത ' ത്തെ വ്യത്യസ്താനുഭവമാക്കി. 2007 ല്‍ ഇതേ മാതൃകയില്‍ മറ്റൊരു ബ്രസിലിയന്‍ സിനിമ വന്നു. പേര് ' സിറ്റി ഓഫ് മെന്‍ '. അനാഥത്വത്തിന്റെ വേദനയും വിഷാദവും രോഷവുമാണ് അധോലോകം പശ്ചാത്തലമായി വരുന്ന ഈ സിനിമയുടെ പ്രമേയം.
കൊളംബിയയിലെ അരക്ഷിതമായ ജീവിതാവസ്ഥയെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ രേഖപ്പെടുത്തുന്ന ' ദ കളേഴ്‌സ് ഓഫ് മൗണ്ടന്‍ ' എന്ന കൊളംബിയന്‍ സിനിമയും പുതിയൊരു കാഴ്ചാനുഭവമാണു നല്‍കുന്നത്. 27 ാം വയസില്‍ കളിക്കളത്തോടും ജീവിതത്തോടും വിട പറയേണ്ടിവന്ന ആന്ദ്രെ എസ്‌കോബാര്‍ എന്ന ഫുട്ബാളറുടെ കഥയിലൂടെ കൊളംബിയയിലെ അധോലോകത്തെ തുറന്നുകാണിച്ച ' ദ ടൂ എസ്‌കോബാര്‍സ് ' എന്ന ഡോക്യുമെന്ററിയും തീവ്രമായ ഒരനുഭവമാണ്. രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ അഞ്ച് നിരത്തുപണിക്കാരുടെ ജീവിതാനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ' ദ തിന്‍ യെല്ലോ ലൈന്‍ ' , നഗരത്തിനു പുറത്തെ ഒരു വേര്‍ഹൗസില്‍ ഒരിക്കലും വരാത്ത ചരക്കുവണ്ടികളെ കാത്തിരിക്കുന്ന വൃദ്ധന്റെയും ചെറുപ്പക്കാരന്റേയും മാനസികവ്യാപാരങ്ങള്‍ അടയാളപ്പെടുത്തിയ ' ദ വേര്‍ഹൗസ്ഡ് ' എന്നീ മെക്‌സിക്കന്‍ ചിത്രങ്ങളും അഗ്നിപര്‍വതച്ചെരുവിലെ ഗ്രാമത്തില്‍ അതിജീവനത്തിനായി പൊരുതുന്ന കാപ്പിക്കൃഷിക്കാരുടെ വേദന പകര്‍ത്തിയ ' ഇക്‌സ്‌കാനുള്‍ ' എന്ന ഗ്വാട്ടിമാല ചിത്രവും സ്വന്തം പാപക്കറകള്‍ കഴുകാനായി ചിലിയിലെ കടല്‍ത്തീരത്ത് ഒത്തുകൂടുന്ന വിരമിച്ച നാല് കത്തോലിക്ക പുരോഹിതരുടെ ജീവിതത്തിലേക്കു കടന്നുചെല്ലുന്ന ' ദ ക്ലബ് ' , ചിലിയിലെ സ്വേച്ഛാധിപതി അഗസ്റ്റോ പിനോഷെയെ ഹിതപരിശോധനയില്‍ വീഴ്ത്താന്‍ പ്രചാരണത്തിലെ പുതുതന്ത്രങ്ങളെ കൂട്ടുപിടിക്കുന്ന പരസ്യ എക്‌സിക്യുട്ടീവിന്റെ കഥ പറയുന്ന ' നോ ' എന്നീ ചിലിയന്‍ സിനിമകളും കാന്‍സര്‍ ബാധിതനായി മരണനാളുകള്‍ എണ്ണിക്കഴിയുന്ന ഒരു സിനിമാസംവിധായകന് ഒരു ഹിന്ദു ബാലനോട് തോന്നുന്ന അടുപ്പം ചിത്രീകരിക്കുന്ന ' മൈ ഹിന്ദു ഫ്രണ്ട് ' എന്ന ബ്രസീലിയല്‍ സിനിമയും കാണികളെ ആസ്വാദനത്തിന്റെ പുതിയൊരു തലത്തിലെത്തിക്കുന്നു. എംബ്രെയ്‌സ് ഓഫ് ദ സര്‍പ്പെന്റ് ( കൊളംബിയ ), സണ്‍ ഓഫ് ദ ബ്രൈഡ് , ദ ക്ലാന്‍ , XXY ( അര്‍ജന്റീന ), സൈലന്റ് ലൈറ്റ് ( മെക്‌സിക്കോ ), ദ മെയ്ഡ് ( ചിലി ), സാന്റ് ഡോളേഴ്‌സ് ( ഡൊമിനിക്ക) തുടങ്ങിയവയും കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ ലാറ്റിനമേരിക്കയില്‍ നിന്നു നമുക്കു കിട്ടിയ പ്രധാന സിനിമകളാണ്.
മിക്ക അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഇന്നു ലാറ്റിനമേരിക്കന്‍ സിനിമകള്‍ സജീവ സാന്നിധ്യമാണ്. പുതുമയുള്ള ഇതിവൃത്തത്തിന്റെയും കലാമൂല്യത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ നിറഞ്ഞ ആഹ്ലാദത്തോടെയാണു ലാറ്റിനമേരിക്കന്‍ സിനിമകളെ സ്വീകരിക്കുന്നത്. അതേസമയം, സ്വന്തം നാടുകളിലെ സിനിമാശാലകളില്‍ ഇത്തരം ചിത്രങ്ങള്‍ക്കു കാണികള്‍ കുറഞ്ഞുവരികയാണ്. ഹോളിവുഡ്ഡില്‍ നിന്നുള്ള കാഴ്ചപ്പണ്ടങ്ങളിലാണു ജനങ്ങള്‍ക്കു കൂടുതല്‍ താല്‍പ്പര്യമെന്നു സംവിധായകര്‍ വ്യസനിക്കുന്നു. ബര്‍ലിന്‍ മേളയില്‍ ശ്ലാഘിക്കപ്പെട്ട ' 600 മൈല്‍സ് ' എന്ന ചിത്രം നാട്ടുകാരെ ഒട്ടും ആകര്‍ഷിച്ചില്ല. മെക്‌സിക്കോവിലെ മയക്കുമരുന്നു വ്യാപാരം എന്ന ഗൗരവപ്രശ്‌നത്തെ സമീപിക്കുന്ന ചിത്രമാണിത്. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണു നാട്ടുകാര്‍ക്കിഷ്ടം എന്നു ' 600 മൈല്‍സി ' ന്റെ സംവിധായകന്‍ ഗബ്രിയേല്‍ റിപ്സ്റ്റീന്‍ കുറ്റപ്പെടുത്തുന്നു. ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയ ' ദ ക്ലബ് ' ( സംവിധാനം പാബ്ലോ ലാറെയ്ന്‍ ) എന്ന സിനിമക്കു ചിലിയിലുണ്ടായ അനുഭവവും മറിച്ചല്ല.
ഹോളിവുഡ്ഡിലെ പ്രതിഭകള്‍
മെക്‌സിക്കന്‍ സിനിമ മൂന്നു സംവിധായക പ്രതിഭകളെ ഹോളിവുഡ്ഡിനു സംഭാവന ചെയ്തിട്ടുണ്ട്. അലജാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തുവാണ് ഇവരില്‍ പ്രമുഖന്‍. ബേഡ്മാന്‍, ദ റവനന്റ് എന്നീ സിനിമകളിലൂടെ മികച്ച സംവിധായകനുള്ള ഒാസ്‌കര്‍ നേടിയിട്ടുണ്ട് ഇനാരിത്തു. ' മരണത്രയം ' എന്നറിയപ്പെടുന്ന അമോറസ് പെറോസ്, 21 ഗ്രാംസ്, ബാബേല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഇനാരിത്തു സിനിമയിലെ സൂപ്പര്‍ഹീറോ സങ്കല്‍പ്പത്തെ പാടെ തള്ളിക്കളയുന്നു. അല്‍ഫോണ്‍സോ ക്വറോണ്‍ ഒറോസ്‌കോ, ഗില്ലര്‍മോ ഡെല്‍ ടോറോ എന്നിവരാണ് ഹോളിവുഡ്ഡിനു കിട്ടിയ മറ്റു രണ്ടു മെക്‌സിക്കന്‍ സംവിധായകര്‍. ' Three Amigos ' ( മൂന്നു സുഹൃത്തുക്കള്‍ ) എന്നാണിവര്‍ അറിയപ്പെടുന്നത്.
( 2018 ല്‍ ദൃശ്യതാളം മാസികയില്‍ പ്രസിദ്ധീകരിച്ചത് )
Image courtesy:
- [Movie poster from 2002 Brazilian movie The City of God]. Retrieved from https://www.imdb.com/title/tt0317248/mediaviewer/rm2881552896/
- [Movie poster from 2004 Latin American movie The Motorcycle Diaries]. Retrieved from https://www.imdb.com/title/tt0318462/mediaviewer/rm4155241217/
- [Still from 2002 Brazilian movie The City of God]. Retrieved from https://www.imdb.com/title/tt0317248/mediaviewer/rm1156035072/
- [Still from 2004 Latin American movie The Motorcycle Diaries]. Retrieved from https://www.imdb.com/title/tt0318462/mediaviewer/rm3937137409/
0 Comments