The Good Road



2013 ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു മത്സരിക്കാനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തി ചിത്രമായ ' ദ ഗുഡ് റോഡി ' നെപ്പറ്റി ഒരു കുറിപ്പ്

നല്ല പാതയിലെ ജീവിതം

- ടി, സുരേഷ് ബാബു


1957 മുതല്‍ ഇതുവരെ 57 സിനിമകളാണ് വിദേശചിത്രത്തിനായുള്ള ഓസ്‌കര്‍ അവാര്‍ഡിനുവേണ്ടി മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്നു എന്‍ട്രിയായി അയച്ചിട്ടുള്ളത്. ഇതില്‍ പക്ഷേ, മൂന്നെണ്ണം മാത്രമേ മത്സരവിഭാഗത്തിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളു. മെഹബൂബ്ഖാന്‍ സംവിധാനം ചെയ്തു മദര്‍ ഇന്ത്യ ( 1957 ), മീരാ നായരുടെ സലാം ബോംബെ ( 1988 ), അശുതോഷ് ഗോവാരിക്കറുടെ ലഗാന്‍ ( 2001 ) എന്നിവയാണീ ചിത്രങ്ങള്‍. ഇവയിലൊന്നിനും ഓസ്‌കര്‍ നേടാനുള്ള ഭാഗ്യമുണ്ടായില്ല. മലയാളത്തില്‍ നിന്നു മൂന്നു സിനിമകള്‍ എന്‍ട്രിയായി അയച്ചിട്ടുണ്ട്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ' ഗുരു ' ( 1997 ) ആണ് ഈ ഗണത്തില്‍പ്പെട്ട ആദ്യ സിനിമ. സലീം അഹമ്മദിന്റെ ' ആദാമിന്റെ മകന്‍ അബു ' ( 2011 ), ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് ( 2020 ) എന്നിവയാണു പിന്നീട് പോയ രണ്ടു ചിത്രങ്ങള്‍. ഇതുവരെയായി ഗുജറാത്തി ഭാഷയില്‍ നിന്നു ഒരൊറ്റ സിനിമയേ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളു. അതിന്റെ പേരാണ് ' ദ ഗുഡ് റോഡ് ' ( 2013 ). അക്കൊല്ലം മികച്ച ഗുജറാത്തി സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ഗ്യാന്‍ കൊറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിനായിരുന്നു.

അറിയപ്പെടാത്ത ഇന്ത്യ

അറിയപ്പെടാത്ത ഇന്ത്യയെ അനാവരണം ചെയ്യുന്ന ഈ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു എന്നാണു സെലക്ഷന്‍കമ്മിറ്റി ചെയര്‍മാനായിരുന്ന സംവിധായകന്‍ ഗൗതം ഘോഷ് അഭിപ്രായപ്പെട്ടത്. അന്നു 42 വയസ്സുണ്ടായിരുന്ന ഗ്യാന്‍ കൊറിയക്കു ഏതാനും പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത അറിവേ ഉണ്ടായിരുന്നുള്ളു.

മാതാപിതാക്കളോടൊപ്പം മുംബൈയില്‍ നിന്നു ഗുജറാത്തിലെ കച്ചിലേക്കു വിനോദയാത്ര പുറപ്പെട്ട ഒരു ഏഴു വയസ്സുകാരനെ കാണാതാവുന്നതും ഒരു ദിവസത്തിനുശേഷം കണ്ടെത്തുന്നതുമാണ് ' ദ ഗുഡ് റോഡി ' ന്റെ പ്രമേയം. കഥ മുന്നോട്ടു പോകുമ്പോള്‍ പയ്യന്റെ തിരോധാനത്തെ മറികടന്നു മറ്റു വഷയങ്ങളിലേക്കു കാമറയുടെ കണ്ണുകള്‍ തുറക്കുന്നു. നിറംകെട്ട കുറെ ജീവിതങ്ങളിലൂടെയാണു പിന്നീട് കാമറയുടെ സഞ്ചാരം. ഇന്ത്യന്‍ ജീവിതത്തിന്റെ ചെറിയൊരു പരിച്ഛേദം അവതരിപ്പിക്കുകയാണു സംവിധായകന്‍.

ഗുജറാത്തിലെ കച്ച് നാഷണല്‍ ഹൈവേയാണു സിനിമയുടെ കഥാപശ്ചാത്തലം. മാത്രമല്ല, നീണ്ടുകിടക്കുന്ന റോഡ് ഇതിലെ ഒരു കഥാപാത്രംകൂടിയാണ്. ട്രക്ക് ഡ്രൈവര്‍ പപ്പു, ക്ലീനര്‍ ഷൗക്കത്ത്, വിനോദയാത്രയ്ക്കിടെ കാണാതാവുന്ന ആദിത്യ എന്ന പയ്യന്‍, ഹൈവേയുടെ അടുത്തെവിടെയോ താമസിക്കുന്ന മുത്തശ്ശിയെ തേടിയെത്തുന്ന പതിനൊന്നു വയസ്സുകാരി പൂനം എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍. ഇവരെല്ലാം കൂടിച്ചേര്‍ന്ന മൂന്നു കഥകളാണു സംവിധായകന്‍ പറഞ്ഞുപോകുന്നത്.

ഒരു ദിവസത്തെ യാത്ര

ഒരു പകലില്‍ തുടങ്ങി അടുത്ത പകലില്‍ സിനിമ അവസാനിക്കുന്നു. കാഴ്ചയില്‍ പരുക്കനെങ്കിലും കുടുംബത്തോടും സഹജീവികളോടും സ്‌നേഹമുള്ളവനാണു ഡ്രൈവര്‍ പപ്പു. ആറു ടണ്‍ ഭാരം കയറ്റാവുന്ന തന്റെ ട്രക്കില്‍ പത്തു ടണ്‍ കയറ്റിയാണ് അപകടം പിടിച്ച വളവുകളിലൂടെയും കയറ്റങ്ങളിലൂടെയും അയാള്‍ വണ്ടിയോടിക്കുന്നത്. ജീവന്‍ പണയംവെച്ചു കിട്ടുന്ന പണം കൊണ്ട് കുടുംബത്തെ എങ്ങനെയെങ്കിലും കരകയറ്റാമെന്ന് ആ പാവം വിശ്വസിക്കുന്നു. ആ വിശ്വാസമാണ് അയാളെ അപകടങ്ങളെ വെല്ലുവിളിക്കാനും മുന്നോട്ടു പോകാനും പ്രേരിപ്പിക്കുന്നത്.

യാത്രയ്ക്കിടയിലെ വഴിത്താവളത്തില്‍വെച്ചാണു പപ്പുവിനും ക്ലീനര്‍ ഷൗക്കത്തിനും ആദിത്യ എന്ന ബാലനെ കൂട്ടായി കിട്ടുന്നത്. അച്ഛനമ്മമാരോടൊപ്പം ഉല്ലാസയാത്രയ്ക്കു പുറപ്പെട്ടതാണവന്‍. വഴിയ്ക്ക് അച്ഛന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ആരുമറിയാതെ ആദിത്യ പുറത്തിറങ്ങി. മകന്‍ കാറില്‍ത്തന്നെയുണ്ടെന്ന വിശ്വാസത്തില്‍ അച്ഛന്‍ വണ്ടിയെടുത്തു പോവുകയും ചെയ്തു. മറ്റൊരു വഴിത്താവളത്തില്‍ പയ്യനെ സുരക്ഷിതമായി എത്തിക്കാനുള്ള ചുമതല പപ്പു സസന്തോഷം ഏറ്റെടുക്കുന്നു. ഇതിനിടയില്‍ രണ്ട് അന്വേഷണയാത്രകള്‍ സംവിധായകന്‍ കരവിരുതോടെ ഇതിവൃത്തത്തില്‍ ചേര്‍ത്തുവെയ്ക്കുന്നു. ആദിത്യയെത്തേടി മാതാപിതാക്കളും പോലീസും നടത്തുന്ന യാത്രയാണ് ഒന്ന്. തന്റെ അമ്മൂമ്മയെത്തേടി പൂനം എന്ന പെണ്‍കുട്ടി നടത്തുന്ന ആത്മരക്ഷാ യാത്രയാണു മറ്റൊന്ന്.

മുരണ്ടും കിതച്ചും നീങ്ങുന്ന ആ ട്രക്കിനകത്തു മൂന്നു മനുഷ്യരും ആദിത്യയ്ക്കു വഴിവക്കില്‍ നിന്നു കിട്ടിയ നായക്കുട്ടിയും ചേര്‍ന്ന് ഒരു പ്രത്യേകലോകമാണു സൃഷ്ടിക്കുന്നത്. ഈ സാധാരണക്കാര്‍ക്കും ഒരു ജീവിതമുണ്ടെന്ന കാര്യത്തില്‍ സംവിധായകനു സന്ദേഹമേതുമില്ല. വണ്ടിയോടിക്കുക, തിന്നുക, ഉറങ്ങുക, വീണ്ടും വണ്ടിയോടിക്കുക. ഇതാണു തന്റെ ജീവിതമെന്നു പപ്പു പറയുന്നു. പ്രായമായ മാതാപിതാക്കളെയും സഹോദരിയെയും അവളുടെ മകളെയും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വന്തമായൊരു കുടുംബമുണ്ടാക്കാന്‍ അയാള്‍ക്കു കഴിഞ്ഞിട്ടില്ല. ഷൗക്കത്തിനു തുടക്കത്തില്‍ ആദിത്യയോടും നായക്കുട്ടിയോടും വൈരാഗ്യമായിരുന്നു. ക്രമേണ, അതിന്റെ കാഠിന്യം കുറഞ്ഞുവരുന്നതും ആദിത്യയും നായക്കുട്ടിയും അവന്റേകൂടി പ്രിയപ്പെട്ടവരാകുന്നതും അതുകണ്ട് പപ്പു നിഷ്‌കളങ്കമായി ചിരിക്കുന്നതുമൊക്കെ പതുക്കെ, ഒരു പൂവിരിയുംപോലെയാണു സംവിധായകന്‍ കാണിച്ചുതരുന്നത്.

കൊല്ലിയിലേക്കു വീണ് ട്രക്കും സാധനങ്ങളും നഷ്ടപ്പെട്ട് വിഷണ്ണരായി നില്‍ക്കുമ്പോഴും പപ്പുവിന്റെയും ഷൗക്കത്തിന്റെയും മുന്നില്‍ നാഷണല്‍ ഹൈവേ ഒരഭയകേന്ദ്രമായി നീണ്ടുകിടപ്പുണ്ടായിരുന്നു. '  ഈ വലിയ രാജ്യത്ത് എത്രയെത്ര ട്രക്കുകളും നാഷണല്‍ ഹൈവേകളുമുണ്ട് ' എന്ന പപ്പുവിന്റെ ചോദ്യം ജീവിതത്തോടും തൊഴിലിനോടുമുള്ള അവരുടെ മമതയെ സൂചിപ്പിക്കുന്നു.

സിനിമയുടെ നീണ്ട യാത്രക്കിടയില്‍ പ്രകൃതിയുടെ സമൃദ്ധമായ കാഴ്ചകളൊന്നുമില്ല. കടുത്ത ചൂടില്‍, തണല്‍മരങ്ങളില്ലാത്ത ഹൈവേയിലൂടെ ഒരേ റൂട്ടിലാണു കഥാപാത്രങ്ങളുടെ സഞ്ചാരം. വരണ്ട ഭൂമിയും ഉപ്പുപാടങ്ങളും മാത്രമാണവര്‍ കാണുന്നത്. ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരെയെല്ലാം കരുണയോടെ കാണാനാണു സംവിധായകനിഷ്ടം. കാര്‍ണിവെലിന്റെ മറവില്‍ ബാലികമാരെ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കുന്ന സൗമ്യനായ കൂട്ടിക്കൊടുപ്പുകാരനെപ്പോലും വെറുക്കരുതെന്നു സംവിധായകന്‍ ആഗ്രഹിക്കുന്നു. ' ഇതു നിനക്കു പറ്റിയ സ്ഥലമല്ല ' എന്നു പറഞ്ഞു പൂനത്തെ രക്ഷപ്പെടാന്‍ നിര്‍ബന്ധിക്കുന്നതും സഹായിക്കുന്നതും ആ കൂട്ടിക്കൊടുപ്പുകാരനാണ്. എങ്കിലും, ബാലവേശ്യാവൃത്തിയെ നിസ്സാരവല്‍ക്കരിക്കുന്ന സംവിധായകന്റെ നിലപാടിനോട് പ്രേക്ഷകര്‍ക്കു യോജിക്കാനാവില്ല.

കൃത്യമായ ഇടവേളകളില്‍ ഓരോ കഥയുടെയും ഭാഗങ്ങള്‍ അവതരിപ്പിക്കുന്നതുകൊണ്ട് ഇതിവൃത്തത്തിന്റെ തുടര്‍ച്ച ഇതില്‍ നഷ്ടപ്പെടുന്നില്ല. കഥാന്ത്യത്തില്‍ എല്ലാ കഥാപാത്രങ്ങളെയും ഒരിടത്തെത്തിക്കുന്ന സാമ്പ്രദായികരീതിയല്ല ഗ്യാന്‍ കൊറിയ പിന്തുടരുന്നത്. ഓരോരുത്തര്‍ക്കും ജീവിതത്തിന്റെ ഓരോ വഴി. അതിലൂടെയുള്ള ഒരു ഹ്രസ്വയാത്ര. അവനവന്റെ ഭാഗം അഭിനയിച്ച് അവരെല്ലാം തിരിച്ചുപോകുന്നു. ഡ്രൈവര്‍മാരുടെ കരുണയില്‍ ഓരോ ട്രക്കിലായി മാറിമാറി സഞ്ചരിക്കുന്ന പൂനം അവളുടെ ലക്ഷ്യസ്ഥാനത്തെത്തുമെന്നു സംവിധായകന്‍ ഉറപ്പിച്ചു പറയുന്നില്ല. എങ്കിലും, നോക്കെത്താദൂരം മുന്നില്‍ക്കിടക്കുന്നതു നന്മയുടെ പാതയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചിത്രത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നത് അതാണ്.

ജീവിതത്തിലെ ചെറിയ നന്മകളോടുപോലും സവിശേഷമായ ആഭിമുഖ്യം പുലര്‍ത്തുന്ന ലളിതസുന്ദരമായ ഇറാനിയന്‍ സിനിമകള്‍ കാണുമ്പോഴുള്ള സംതൃപ്തി നല്‍കുന്നുണ്ട് ' ദ ഗുഡ് റോഡ് '. വളരെ കൃത്യതയോടെ ശബ്ദമിശ്രണം നിര്‍വഹിച്ച റസൂല്‍ പൂക്കുട്ടിക്ക് ഈ സിനിമയുടെ വിജയത്തില്‍ നല്ലൊരു പങ്കുണ്ട്. 

(  2013 ഒക്ടോബര്‍ 27 ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം )

    Image courtesy:


 

 

 

 

 

 

 

 

 

Post a Comment

0 Comments