The Court

ജീവിതം: കോടതിക്കകത്തും പുറത്തും

-ടി. സുരേഷ് ബാബു

 


 2014 ല്‍ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ്  നേടിയ ' കോര്‍ട്ട് ' എന്ന മറാത്തി സിനിമയെക്കുറിച്ച്

 ' Four step plan ' എന്ന ഡോക്യൂമെന്ററി , ' Grey Elephants in Denmark ' എന്ന  നാടകം ,  ' Six strands ' എന്ന  ഹ്രസ്വചിത്രം. ഇത്രയുമാണു ചൈതന്യ തമാനെ എന്ന ചെറുപ്പക്കാരന്റെ കലാജീവിതത്തിലെ ആദ്യകാല സംഭാവനകള്‍. ഇരുപത്തിയെട്ടാം വയസ്സില്‍ തമാനെ  ' കോര്‍ട്ട് ' എന്ന മറാത്തിസിനിമയെടുത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. 2014 ല്‍ മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ഈ ചിത്രം രാജ്യത്തിനു പുറത്തെ  ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നു നേടിയത്് ഇരുപതോളം പുരസ്‌കാരങ്ങള്‍. 2020 ല്‍ ചൈതന്യ തമാനെയുടെ രണ്ടാമത്തെ ഫീച്ചര്‍ സിനിമ ( ഡിസൈപ്പിള്‍ ) പുറത്തുവന്നു. വെനീസ് ചലച്ചിത്രോത്സവത്തില്‍ സിനിമാ നിരൂപകരുടെ ഫിപ്രസി അവാര്‍ഡ് നേടിയ ഈ സിനിമ ശരദ് നെരൂല്‍കര്‍ എന്ന സംഗീതജ്ഞന്റെ കഥ പറയുന്നു.

വാര്‍ത്തയില്‍ നിന്നു ജനിച്ച സിനിമ

രണ്ടു വാര്‍ത്തകളില്‍ നിന്നാണു ' കോര്‍ട്ട് '  എന്ന സിനിമക്കുള്ള ഇതിവൃത്തം സംവിധായകന്‍ തമാനെ രൂപപ്പെടുത്തിയത്. ഒന്ന്, വടക്കെ ഇന്ത്യയില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ജിതന്‍ മറാന്‍ഡി എന്ന പ്രതിഷേധഗായകന്റെ അനുഭവം. മറ്റൊന്ന്, മാന്‍ഹോള്‍ ജോലിക്കാരുടെ ദുരിതജീവിതത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത. ഇതു രണ്ടും കൂടിച്ചേര്‍ന്നപ്പോള്‍ ' കോര്‍ട്ട് ' എന്ന ചലച്ചിത്രം സൃഷ്ടിക്കപ്പെട്ടു. അറിയപ്പെടുന്ന അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ കുറവാണ്. എണ്‍പതു ശതമാനം പേരും ആദ്യമായാണു ക്യാമറക്കു മുന്നില്‍ വരുന്നത്. ജീവിതത്തെപ്പോലെ കോടതി നടപടികളെയും അതിന്റെ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പൊലിപ്പിച്ചെടുത്ത രംഗങ്ങളല്ലാതെ യഥാര്‍ഥത്തിലുള്ള കോടതിനടപടികള്‍  പൊതുവെ ഇന്ത്യന്‍ സിനിമയില്‍ കാണാറില്ല. '  കോര്‍ട്ട് ' ഇതിനൊരപവാദമാണ്. ഒരു നിയമവും അന്തിമമല്ലെന്നും അതു വ്യാഖ്യാനത്തിനു വിധേയമാണെന്നും തമാനെ പറയുന്നു. ആരാണ് ഈ വ്യാഖ്യാനം നടത്തേണ്ടത് എന്നതാണു പ്രധാനം. തങ്ങളുടേതായ പക്ഷപാതങ്ങള്‍, മൂല്യങ്ങള്‍, ധാര്‍മികബോധം എന്നിവ ഈ വ്യാഖ്യാനത്തില്‍ സ്വാധീനം ചെലുത്തില്ലേ എന്നതായിരുന്നു സംവിധായകന്റെ സന്ദേഹം. ആ സന്ദേഹങ്ങളാണു സിനിമയിലൂടെ കാണിക്കാന്‍ താന്‍ ശ്രമിച്ചതെന്നു തമാനെ പറയുന്നു. നിയമം സ്വീകരിക്കുന്ന ചില കര്‍ക്കശ നിലപാടുകളെ നമ്മുടെ മുന്നിലവതരിപ്പിക്കുന്നു എന്നല്ലാതെ കോടതിയെ വിമര്‍ശിക്കാനൊന്നും തമാനെ തുനിയുന്നില്ല. അതേസമയം, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയും അതിനു ബലിയാടുകളെ കണ്ടെത്തുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ കുടിലതകളെ തുറന്നുകാട്ടാന്‍ അദ്ദേഹം മടിക്കുന്നുമില്ല. സാംസ്‌കാരിക പ്രതിരോധ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ഹനിക്കാനുള്ള ഭരണകൂടത്തിന്റെ തത്രപ്പാടിനെയും അതിനു സ്വീകരിക്കുന്ന കുടില മാര്‍ഗങ്ങളെയും വിമര്‍ശിക്കുന്നു ഈ സിനിമ.

നാലു കഥാപാത്രങ്ങള്‍ 

' കോര്‍ട്ടി ' ല്‍ കഥാനായകനായി ഒരാളെ എടുത്തുകാണിക്കാനില്ല. കേസില്‍ പ്രതിയാക്കപ്പെടുന്ന അറുപത്തിയഞ്ചുകാരനായ ദളിത് ആക്ടിവിസ്റ്റും അദ്ദേഹത്തിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും ജഡ്ജിയും. ഇത്രയും പേരാണു പ്രധാന കഥാപാത്രങ്ങള്‍. കോടതിയിലും പുറത്തും ഇവരുടെ പെരുമാറ്റങ്ങളാണ് , ഇവരെടുക്കുന്ന നിലപാടുകളാണു സിനിമയില്‍ തമാനെ രേഖപ്പെടുത്തുന്നത്. നിയമത്തിന്റെ വ്യാഖ്യാതാക്കളും ആത്യന്തികമായി മനുഷ്യരാണെന്ന കാഴ്്ച്ചപ്പാടാണു സംവിധായകന്‍ പുലര്‍ത്തുന്നത്. കോടതിമുറിയില്‍ നിന്നിറങ്ങുന്ന അവരുടെ കുടുംബ , സാമൂഹിക ജീവിതങ്ങളെ സംവിധായകന്‍ പിന്തുടരുന്നു.

വാദമുഖങ്ങള്‍ കൊണ്ട് തിളച്ചുമറിയുന്ന കോടതിമുറിയല്ല ' കോര്‍ട്ടി ' ല്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കോടതിമുറി ശാന്തമാണ്. പലപ്പോഴും നിശ്ശബ്ദവുമാണ്. കൃത്യമായ തയാറെടുപ്പോടെ വന്നു തങ്ങളുടെ വാദങ്ങള്‍ ശാന്തമായി അവതരിപ്പിക്കുന്ന അഭിഭാഷകരുടെയും ഓരോ പോയന്റും കൃത്യമായി രേഖപ്പെടുത്തുന്ന ജഡ്ജിയുടെയും പ്രതിക്കൂട്ടില്‍ കയറേണ്ടിവരുന്ന മനുഷ്യരുടെയും പെരുമാറ്റം അതേപടി രേഖപ്പെടുത്തുകയാണു സംവിധായകന്‍. എന്നുകരുതി നിലപാടില്ലാത്തയാളാണു തമാനെ എന്നു ധരിക്കരുത്. സമൂഹനന്മക്കായി പോരാടുകയും മാനവികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന  മനുഷ്യരെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുടെ പക്ഷത്തല്ല താന്‍ എന്ന് അദ്ദേഹം വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട് ഈ സിനിമയില്‍. ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുന്നവരെ വീണ്ടും വീണ്ടും കെണികളൊരുക്കി പിടിക്കാനുള്ള നിയമപാലകരുടെ സാമര്‍ഥ്യത്തിലേക്കു സിനിമ കണ്ണോടിക്കുന്നു. സ്വന്തം വീഴ്ചകള്‍ക്കും കൃത്യവിലോപങ്ങള്‍ക്കും എങ്ങനെയാണു ഭരണകൂടം മറ്റുള്ളവരെ ബലിയാടാക്കുന്നത് എന്നു നമുക്കു കാണിച്ചുതരുന്നു.

ഇതിവൃത്തത്തിന്റെ കേന്ദ്രസ്ഥാനത്തു വരുന്ന നാരായണ്‍ കാംബ്ലെ എന്ന ദളിത് ആക്ടിവിസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണു സിനിമയുടെ തുടക്കം. കുട്ടികള്‍ക്കു ട്യൂഷനെടുക്കുന്ന കാംബ്ലെയെയാണ് ആദ്യം നമ്മള്‍ കാണുന്നത്. ആ ക്ലാസില്‍ നിന്നു തിരക്കിട്ട് മടങ്ങുന്ന അയാള്‍ ചെന്നെത്തുന്നതു തെരുവിലെ ഒരു പ്രതിഷേധയോഗത്തിലേക്കാണ്. വഡ്ഗാവ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അവിടെ സാംസ്‌കാരിക പ്രതിരോധം നടക്കുകയാണ്. സ്റ്റേജില്‍ പ്രസംഗിക്കാനല്ല പാടാനാണു കാംബ്ലെ പോകുന്നത്. സഹഗായകരൊത്തു കാംബ്ലെ ഉറച്ച ശബ്ദത്തില്‍ ജനശത്രുക്കളെക്കുറിച്ച് പാടുന്നു. ' ദുരിതകാലമാണിത്. അന്ധതയുടെ ഈ കാലത്തു നല്ല മനുഷ്യര്‍ വിസ്മൃതിയിലേക്ക് ആണ്ടുപോകുന്നു. ഈ സമയത്തു ശത്രുക്കളാരെന്നു നമ്മള്‍ തിരിച്ചറിയണം. മാനവികത ഇവിടെ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെയും ജാതിയുടെയും ഇരുള്‍ക്കാടുകള്‍ നമ്മുടെ ബുദ്ധിയെ മരവിപ്പിക്കുന്നു. ഈ മരിച്ച രാത്രിയില്‍ ശത്രുവിനെ തിരിച്ചറിയാന്‍ സമയമായി'. കാംബ്ലെയുടെ ശബ്ദത്തിനു കരുത്തേറുകയാണ്. അതിനിടയില്‍ ഏതാനും പോലീസുകാര്‍ അവിടെയെത്തുന്നു.

ഉത്തരവാദിത്തങ്ങളില്‍ നിന്നു രക്ഷപ്പെടുന്ന തന്ത്രം

അടുത്ത രംഗം പോലീസ് സ്റ്റേഷനാണ്. കാംബ്ലെയെ അറസ്റ്റ്് ചെയ്തിരിക്കുന്നു. പാട്ടുപാടി കാംബ്ലെ ഒരാളെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്നതാണു കുറ്റം. നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന വാസുദേവ് പവാര്‍ എന്ന തൊഴിലാളിയാണ് ആത്മഹത്യ ചെയ്തത്. സിത്‌ലാദേവി ചേരിപ്രദേശത്ത് ഒരാഴ്ച മുമ്പു നടത്തിയ പ്രതിഷേധയോഗത്തിലാണു കാംബ്ലെ ആത്മഹത്യക്കുള്ള ആഹ്വാനം മുഴക്കിയത് എന്നാണു പോലീസിന്റെ കണ്ടെത്തല്‍. ' നിങ്ങളുടെ ജീവിതങ്ങള്‍ക്ക് അന്തസ്സുണ്ടാകണമെങ്കില്‍ ആത്മഹത്യ ചെയ്യൂ ' എന്നു കാംബ്ലെ മാന്‍ഹോള്‍ ( ആള്‍നൂഴി ) തൊഴിലാളികളോട് ആവശ്യപ്പെട്ടത്രെ. ഒരു രക്ഷാസംവിധാനവുമില്ലാതെ അഴുക്കുചാലിലിറങ്ങി വിഷവാതകം ഉള്ളിലേക്കു വലിച്ചെടുത്തു വാസുദേവ് ആത്മഹത്യ ചെയ്തു എന്നാണു പോലീസിന്റെ ഭാഷ്യം. പരിഹാസ്യമായ ഈയൊരു ആരോപണത്തിന്റെ പുറത്താണു ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു കാംബ്ലെക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒരു അധ:സ്ഥിതന്റെ മരണത്തിനു മറ്റൊരു അധ:സ്ഥിതനെത്തന്നെ ഉത്തരവാദിയായി സ്ഥാപിച്ചെടുത്തു സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നു രക്ഷപ്പെടുന്ന ഭരണകൂടതന്ത്രം. സ്വതന്ത്രനായ മനുഷ്യനെയാണ് ഏറ്റവും പേടിക്കേണ്ടതെന്ന്്് അധികാരികള്‍ക്ക്്് നന്നായറിയാം.

വിനയ് വോറ എന്ന ക്രിമിനല്‍ വക്കീലാണു കാംബ്ലെക്കു വേണ്ടി വാദിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ വനിതയാണ്. കാംബ്ലെയുടെ  ജാമ്യാപേക്ഷ കോടതി തള്ളുന്നു. 12 ദിവസത്തേക്കു കാംബ്ലെയെ ജുഡീഷ്യല്‍ കസറ്റഡിയില്‍ വിടുന്നു. ഈ രംഗം കഴിഞ്ഞ് ക്യാമറ തിരിയുന്നതു കോടതിക്കു പുറത്തുള്ള വിനയ് വോറക്കുനേരെയാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം. കരിനിയമങ്ങള്‍ക്കെതിരെ സെമിനാറില്‍ പ്രസംഗിക്കുന്ന വോറ കല്യാണ്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായി  മുദ്രകുത്തപ്പെട്ട മൊഹസിന്റെ കേസ് വാദിച്ച് ജയിച്ചതിനെപ്പറ്റി പറയുന്നു. ഈ പ്രസംഗത്തിനു സിനിമയില്‍ പ്രാധാന്യമുണ്ട്. തീവ്രവാദിയാക്കപ്പെടുന്ന ഒരാള്‍ക്കു പിന്നീടൊരിക്കലും പോലീസിന്റെ ചാരക്കണ്ണില്‍ നിന്നു മോചനമില്ലെന്നു മൊഹസിന്റെ അനുഭവം മുന്‍നിര്‍ത്തി വോറ സമര്‍ഥിക്കുന്നു. ആദ്യത്തെ കേസില്‍ വിട്ടയക്കപ്പെട്ട മൊഹസിനെ അന്നുതന്നെ വീണ്ടും പോലീസ് പിടികൂടുന്നു. വോറ അദ്ദേഹത്തെ ജാമ്യത്തിലെടുക്കുന്നു. പുറത്തുവന്ന മൊഹസിനെ പോലീസ് വീണ്ടും മറ്റൊരു കുറ്റം ചുമത്തി അറസ്റ്റ്് ചെയ്യുന്നു. ഇതൊരു അഴിയാക്കെണിയാണെന്നാണു വോറ പറയുന്നത്. ' കോര്‍ട്ടും ' ഈ സത്യത്തിന് അടിവരയിടുന്നു.

ഭരണകൂടത്തിന്റെ അസഹിഷ്ണുത

സാമൂഹിക മാലിന്യങ്ങള്‍ക്കെതിരെ സന്ധിയില്ലാസമരത്തിനിറങ്ങുന്ന സാംസ്്കാരിക പ്രതിരോധങ്ങളോടുള്ള സ്റ്റേറ്റിന്റെ അസഹിഷ്ണുതയാണു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദമുഖങ്ങളില്‍ തെളിയുന്നത്. സെഷന്‍സ് കോടതിയില്‍ ഈ വനിതാ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസിന്റെ നിഗമനങ്ങളെ അപ്പാടെ പിന്തുണയ്ക്കുകയാണ്. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു വാസുദേവ് പവാറിന്റെ മരണം. മാന്‍ഹോളിലെ വിഷവായു ശ്വസിച്ചാണു മരിച്ചത്. ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് അയാള്‍ ഓടയിലിറങ്ങിയത്. അതു അപകടമരണമല്ല, ആത്മഹത്യയാണ്. ആത്മഹത്യക്കു പ്രേരിപ്പിക്കുന്നയാള്‍ക്കു പത്തു വര്‍ഷം തടവും പിഴയും വിധിക്കാം. കാംബ്ലെയും സംഘവും പാടിയ പാട്ടാണു പവാറിന്റെ ആത്മഹത്യക്കു പ്രേരണയായത്. തെരുവുപരിപാടികളുടെ പേരില്‍ ഇതിനു മുമ്പും കാംബ്ലെയെ താക്കീതു ചെയ്തിട്ടുണ്ട്. ജാമ്യം കൊടുത്താല്‍ അയാള്‍ ഇതേ കുറ്റം ആവര്‍ത്തിക്കും - ഇങ്ങനെ പോകുന്നു വനിതാ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. ഈ വാദമുഖങ്ങളെ പ്രതിഭാഗം വക്കീല്‍ ഖണ്ഡിക്കുന്നു. ആത്മഹത്യക്കു വ്യക്തമായ ഒരു കാരണം വേണം. അതു തെളിയിക്കാനായിട്ടില്ല. ആത്മഹത്യാക്കുറിപ്പില്ല. സംഭവത്തിനു ദൃക്‌സാക്ഷികളുമില്ല. പക്ഷേ, ഈ വാദങ്ങള്‍ നിഷ്ഫലമാകുന്നു. കണിശക്കാരനായ സന്‍ജയ് സതവര്‍ത്തെയാണു ജഡ്ജി. അദ്ദേഹം കാംബ്ലെക്കു ജാമ്യം നിഷേധിക്കുന്നു. അടുത്ത വാദം മറ്റൊരു ദിവസത്തേക്കു മാറ്റിവെക്കുന്നു.

പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരമാണു പിന്നീട് നടക്കുന്നത്. പ്രതിക്കൂട്ടില്‍ നിന്നു ശാന്തനായി നാരായണ്‍ കാംബ്ലെ മറുപടി നല്‍കുന്നു. മില്ലില്‍ ജോലിക്കാരനായിരുന്നു താന്‍. മില്‍ പൂട്ടിയതോടെ ജോലി പോയി. ശില്‍പശാലകള്‍ നടത്തിയും കുട്ടികള്‍ക്കു ട്യൂഷനെടുത്തുമാണു ജീവിക്കുന്നത്. മാസികകളില്‍ എഴുതാറുണ്ട്. തെരുവിലും ചേരികളിലും പരിപാടികള്‍ നടത്താറുണ്ട്. താന്‍ പാടുന്ന പാട്ടുകളെല്ലാം സ്വയം എഴുതാറാണ്. ആത്മഹത്യ ചെയ്ത വാസുദേവ് പവാറിനെ അറിയില്ല. ആത്മഹത്യയെക്കുറിച്ച് പാട്ടുകളെഴുതിയിട്ടുണ്ട്. കേസിനാസ്പദമായ സംഭവത്തിന്റെ രണ്ടു നാള്‍ മുന്‍്പ് - അതായത് 2012 ആഗസ്റ്റ് 21 ന് -  ആത്മഹത്യാഗാനം പാടിയതായി തനിക്കോര്‍മയില്ല. ഈ ഘട്ടത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇടപെട്ട് പാട്ടിന്റെ വരികള്‍ ഉദ്ധരിക്കുന്നു. ' അഴുക്കുചാല്‍ തൊഴിലാളികളേ, നമുക്കെല്ലാം ആത്മഹത്യ ചെയ്യാം ' എന്നാണു കാംബ്ലെ പാട്ടിലൂടെ ആഹ്വാനം ചെയ്തത് എന്ന് അവര്‍ വാദിക്കുന്നു. കാംബ്ലെ ഇതു നിഷേധിക്കുന്നു. ഇത്തരമൊരു പാട്ട് താന്‍ എഴുതിയിട്ടില്ല എന്ന മൊഴിയില്‍ അയാള്‍ ഉറച്ചുനില്‍ക്കുന്നു.

സ്ഥിരം സാക്ഷി എന്ന പോലീസ് സാക്ഷി

സിനിമയില്‍ ഒരിക്കല്‍പോലും ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദുവായ ഇരുപത്തിയഞ്ചുകാരന്‍ വാസുദേവ് പവാറിനെ കാണിക്കുന്നില്ല. സാക്ഷിവിസ്താരങ്ങളിലൂടെയാണു പവാര്‍ എന്ന തൊഴിലാളിയുടെ രേഖാചിത്രം സംവിധായകന്‍ നല്‍കുന്നത്. തയ്യല്‍ത്തൊഴിലാളിയായ ശങ്കര്‍ ബോയറാണ് ഒരു സാക്ഷി. പവാറിന്റെ ഭാര്യയാണു മറ്റൊരു സാക്ഷി. കാംബ്ലെയുടെ പരിപാടിക്കു താന്‍ സാക്ഷിയാണെന്നാണു ശങ്കറിന്റെ വെളിപ്പെടുത്തല്‍. ' നമുക്ക് ഓടയില്‍ മുങ്ങിച്ചാകാം ' എന്നു കാംബ്ലെ പാടി എന്നാണ് അയാള്‍ ഉറപ്പിച്ചുപറയുന്നത്. പാട്ടു കേള്‍ക്കാന്‍ വാസുദേവും എത്തിയിരുന്നു എന്നും അയാള്‍ മൊഴി നല്‍കുന്നു. ഈ സാക്ഷിയെ  പിന്നീട് പ്രതിഭാഗം വക്കീല്‍ പൊളിച്ചടുക്കുന്നുണ്ട്്. ഇയാള്‍ പോലീസിന്റെ സ്ഥിരം സാക്ഷിയാണെന്ന്് അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ ശങ്കര്‍ നാലു കേസുകളില്‍ പോലീസിന്റെ സാക്ഷിയായി വന്നിട്ടുണ്ട്. കാംബ്ലെക്കെതിരായ കേസിന്റെ ചുമതലയുള്ള പോലീസുദ്യോഗസ്ഥനു വേണ്ടിയാണ് ഇയാള്‍ എപ്പോഴും സാക്ഷിയുടെ വേഷം കെട്ടുന്നത്.

ഭര്‍ത്താവിന്റെ മരണമുയര്‍ത്തിയ വിവാദങ്ങളില്‍ ഭയന്നു പവാറിന്റെ ഭാര്യയും മക്കളും സ്ഥലം വിട്ടതാണ്. എന്തോ ചെറിയ ജോലിയുണ്ടായിരുന്നു ആ സ്ത്രീക്ക്്. ആരോടും പറയാതെ പോയതിനാല്‍ ആ ജോലി നഷ്ടമായി. പവാറിന്റെ ഒരു കണ്ണ് നേരത്തേ നഷ്ടപ്പെട്ടതാണെന്നു ഭാര്യ കോടതിയില്‍ മൊഴി നല്‍കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലെ പണി കാരണം പഴുപ്പ് വന്നാണു കണ്ണു പോയത്. ജോലിക്കു പോകുമ്പോഴും അല്ലാത്തപ്പോഴും ഭര്‍ത്താവ് മദ്യപിക്കും. ഓടയിലെ കെട്ട മണം മറികടക്കാനാണു മദ്യപിക്കുന്നത് എന്നു ന്യായീകരിക്കും. കുടിച്ചുവന്നാല്‍ തന്നെയും മക്കളെയും പവാര്‍ തല്ലും. ഓടയിലെ ജോലിക്ക് ഒരു സുരക്ഷാ ഉപകരണവും അധികൃതര്‍ നല്‍കിയിരുന്നില്ല. വിഷവാതകം ശ്വസിക്കാതിരിക്കാനുള്ള മാസ്‌ക്ക് പോലും  കൊടുത്തിരുന്നില്ല. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് തന്നോടൊന്നും ഭര്‍ത്താവ് പറഞ്ഞിട്ടില്ല. ഏതെങ്കിലും പാട്ടിനെക്കുറിച്ചോ പാട്ടുകാരന്‍ നാരായണ്‍ കാംബ്ലെയെക്കുറിച്ചോ സംസാരിച്ചിട്ടില്ല. ചേരിയില്‍ നടന്ന പരിപാടിയെക്കുറിച്ച് താന്‍ ഓര്‍ക്കുന്നുമില്ല. ആ പാവം സ്ത്രീയുടെ മൊഴിയോടെ കേസ് ദുര്‍ബലമാവുകയാണെന്നു നമുക്കു മനസ്സിലാകും. ഈയവസ്ഥയില്‍ നിന്നു തടിയൂരാനാണു പോലീസിന്റെ അടുത്ത ശ്രമം. ജാമ്യം നേടി പുറത്തിറങ്ങിയ കാംബ്ലെക്കു നഗരം വിടാന്‍ അനുമതിയില്ല. ഓരോ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഈ വ്യവസ്ഥകള്‍ക്കിടയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നില്ല കാംബ്ലെ. പുതിയ കുറ്റങ്ങള്‍ ചുമത്തി ഒരു പുസ്തകപ്രസാധനശാലയില്‍വെച്ച് പോലീസ് വീണ്ടും കാംബ്ലെയെ അറസ്റ്റ് ചെയ്യുന്നു. യു.എ.പി.എ. ( നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം )  ചുമത്തിയതിനാല്‍ സെഷന്‍സ് കോടതിക്കു ജാമ്യം നല്‍കാനാവുന്നില്ല. ഈയാവശ്യത്തിനു ഹൈക്കോടതിയേ പിന്നെ ശരണമുള്ളു. വേനല്‍ക്കാലാവധിക്കു സെഷന്‍സ് കോടതി പിരിയുന്നതോടെ കോടതിനടപടികള്‍ സംവിധായകനും അവസാനിപ്പിക്കുന്നു. നാരായണ്‍ കാംബ്ലെയുടെ കഥയും ഇവിടെ  അപൂര്‍ണമായി നിര്‍ത്തുന്നു. അയാളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വേവലാതികള്‍ക്കു തല്‍ക്കാലത്തേക്കു വിട.

മരിച്ച വാസുദേവ് പവാറും ജീവിച്ചിരിക്കുന്ന നാരായണ്‍ കാംബ്ലെയും. ഈ രണ്ടു അധ:സ്ഥിതരുടെ നടപടികളെയും ജീവിതത്തെയും കുറിച്ചുള്ള വിലയിരുത്തലായി മാറുന്നു കോടതിയിലെ വാദങ്ങള്‍. പവാറിനെ മരണത്തിലേക്ക്് എത്തിച്ച അധികൃതരുടെ അനാസ്ഥ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു.

നടപ്പുരീയില്‍ നിന്നുള്ള മാറ്റം

പ്രധാന കഥാപാത്രങ്ങളുടെ കോടതിക്കു പുറത്തുള്ള ജീവിതത്തെയും തമാനെയുടെ ക്യാമറ പലപ്പോഴായി പിന്തുടരുന്നുണ്ട്്്. ഇവരില്‍ കാംബ്ലെക്കു മാത്രമേ കുടുംബജീവിതത്തിന്റെ പ്രശ്‌നങ്ങളില്ലാതുള്ളു. അയാളുടെ ചിന്തകളില്‍ കുടുംബമില്ല, സമൂഹമേയുള്ളു. മറ്റു കഥാപാത്രങ്ങളെപ്പോലെ അയാള്‍ക്കു സ്വാതന്ത്ര്യവുമില്ല. അയാളുടെ ചലനങ്ങള്‍ക്കുമാത്രം അധികാരികള്‍ വിലങ്ങിടുന്നു. അയാളുടെ ചിന്തകള്‍ അവരെ ഭയപ്പെടുത്തുന്നു. ഒരു സാധാരണ വീട്ടമ്മയുടെ റോളിലേക്കാണു കോടതിയില്‍ നിന്നിറങ്ങുന്നതോടെ പബ്ലിക് പ്രോസിക്യൂട്ടര്‍ മാറുന്നത്. എന്നും ട്രെയിനിലാണു വീട്ടിലേക്കുള്ള അവരുടെ മടക്കം. ട്രെയിനിറങ്ങി അവര്‍ നേരെ പോകുന്നതു മകന്റെ സ്‌കൂളിലേക്കാണ്. അവനെയും കൂട്ടി വീട്ടിലെത്തിയതും അവര്‍ അടുക്കളയിലേക്കു ചുരുങ്ങുന്നു. പ്രമേഹരോഗിയായ ഭര്‍ത്താവും രണ്ടു ചെറിയ മക്കളും. അവര്‍ക്കു ഭക്ഷണമൊക്കെ ഉണ്ടാക്കിക്കൊടുത്തശേഷം ആ സ്ത്രീ അടുത്ത ദിവസത്തേക്കുള്ള വാദത്തിനു തയാറെടുക്കുകയാണ്. കേസിനെക്കുറിച്ചോ ജോലി നിര്‍വഹിക്കുന്നതില്‍ താനനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചോ ഒന്നും അവര്‍ വീട്ടുകാരോടോ ട്രെയിനിലെ കൂട്ടുകാരിയോടോ പറയുന്നില്ല. അതേപ്പറ്റി ആരുമൊന്നും ചോദിക്കുന്നുമില്ല. ഇവിടെ സംവിധായകന്‍ കുടുംബ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും രണ്ടു തട്ടില്‍ വേര്‍തിരിച്ചുനിര്‍ത്തി സിനിമയുടെ നടപ്പുരീതികളെ തിരസ്‌കരിക്കുന്നു.

പ്രതിഭാഗം വക്കീലും ജഡ്ജിയും ഇതേപോലെ പുറത്തെ വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്്്. പ്രായമായ അച്ഛനുമമ്മയും തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനോട്്് വക്കീല്‍ വിനയ് വോറ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്്്്്. വിവാഹത്തോട്്് അയാള്‍ക്കത്ര താല്‍പര്യമില്ല. സ്വതന്ത്രജീവിതം ആഗ്രഹിക്കുന്നു അയാള്‍. കോടതിയില്‍ ഒരു പ്രത്യേക വിഭാഗത്തെപ്പറ്റി നടത്തിയ പരാമര്‍ശത്തിന് അയാള്‍ വില കൊടുക്കേണ്ടി വരുന്നതു സംവിധായകന്‍ നമുക്കു കാണിച്ചുതരുന്നു. ഹോട്ടലില്‍ നിന്നു കുടുംബസമേതം പുറത്തിറങ്ങിയപ്പോഴാണു വിമര്‍ശനത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് രണ്ടു പേര്‍ വോറയെ കൈയേറ്റം ചെയ്യുന്നത്. അവര്‍ അയാളുടെ മുഖത്തു കരിഓയില്‍ ഒഴിക്കുകയാണെന്നു സംഭാഷണത്തില്‍ നിന്നു മനസ്സിലാക്കാം. കോടതിയില്‍ വളരെ ഗൗരവക്കാരനായ ജഡ്ജിക്കാവട്ടെ പുറത്തു മറ്റൊരു മുഖമാണ്. മറ്റുള്ളവരോടൊപ്പം ആടിപ്പാടി അദ്ദേഹം അവധിയാഘോഷത്തില്‍ സജീവമായി പങ്കെടുക്കുന്നു. ഏഴോ എട്ടോ വയസ്സായിട്ടും സംസാരിക്കാത്ത കുട്ടിയുടെ പേരു മാറ്റാനും നല്ലൊരു സംഖ്യാജ്യോതിഷിയെ ( ന്യൂമറോളജിസ്റ്റ് ) കാണിക്കാനും ഒരു സുഹൃത്തിനെ അദ്ദേഹം ഉപദേശിക്കുന്നു. ഐ.ടി. മേഖലയിലെ ശമ്പളവര്‍ധനവില്‍ അയാള്‍ ആശ്ചര്യം കൊള്ളുന്നു. ഒറ്റക്കിരിക്കുകയായിരുന്ന തന്നെ കളിയാക്കിയ കുട്ടികളോട്്് ജഡ്ജി തട്ടിക്കയറുന്നതും അവരിലൊരാളെ തല്ലുന്നതും പിന്നീട് നമ്മള്‍ കാണുന്നു. 110 മിനിറ്റുള്ള സിനിമ ഇവിടെയാണു സംവിധായകന്‍ അവസാനിപ്പിക്കുന്നത്. മനുഷ്യന്റെ പൊള്ളത്തരങ്ങളെ നിസ്സംഗനായി നോക്കിനില്‍ക്കുന്ന ദൃക്‌സാക്ഷിയുടെ പരിവേഷമാണിവിടെ സംവിധായകന്.

സംവിധായകന്‍ ചൈതന്യ തമാനെ സാഹിത്യത്തില്‍ ബിരുദധാരിയാണ്. മുംബൈയിലാണു ജനിച്ചതും വളര്‍ന്നതും. ബോളിവുഡ് സിനിമകളോട് അത്ര പ്രതിപത്തിയില്ലായിരുന്നു. പതിനെട്ടാം വയസ്സില്‍ ബ്രസീലിയന്‍ ചിത്രമായ ' സിറ്റി ഓഫ് ഗോഡ് ' കണ്ടതോടെ ലോകസിനിമകളുടെ ആരാധകനായി. രണ്ടു കൂട്ടുകാരോടൊത്തു ചേര്‍ന്നാണ് അദ്ദേഹം ' ഫോര്‍ സ്റ്റെപ്പ് പ്ലാന്‍ ' എന്ന 60 മിനിറ്റ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. മൂന്നു മാസം കൊണ്ട് ഇവര്‍ മുന്നൂറോളം ബോളിവുഡ് ചിത്രങ്ങള്‍ കണ്ടു. എന്നിട്ട്്  ഇവയോരോന്നും ഏതേതു വിദേശചിത്രങ്ങളുടെ തനിപ്പകര്‍പ്പാണെന്നു കണ്ടുപിടിച്ചു. അതാണു ഡോക്യൂമെന്ററിയില്‍ രേഖപ്പെടുത്തിയത്. ഇരുപത്തിയൊന്നാം വയസ്സിലാണു തമാനെ ' േ്രഗ എലിഫെന്റ്‌സ് ഇന്‍ ഡെന്മാര്‍ക്ക് ' എന്ന നാടകം എഴുതി സംവിധാനം ചെയ്തത്. ഇതിലെ പ്രധാന നടനായിരുന്നു വിവേക് ഗോംബര്‍. വിവേകാണു ' കോര്‍ട്ട് ' നിര്‍മിച്ചതും വക്കീല്‍ വിനയ് വോറയായി അഭിനയിച്ചതും.

പ്രതിഷേധ ഗായകനായ നാരായണ്‍ കാംബ്ലെയായി വേഷമിട്ട വീര സത്തിദര്‍ എന്ന നടന്‍ 2021 ഏപ്രില്‍ പന്ത്രണ്ടിനു കോവിഡ് ബാധിച്ചു മരിച്ചു. അറുപത്തിയൊന്നുകാരനായ സത്തിദര്‍ യഥാര്‍ഥ ജീവിതത്തിലും ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച എഴുത്തുകാരനും നാടന്‍പാട്ടുകാരനുമായിരുന്നു. അംബേദ്കറൈറ്റ് ആക്ടിവിസ്റ്റും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ കണ്‍വീനറുമായിരുന്നു. സിനിമയില്‍ അദ്ദേഹം നാരായണ്‍ കാംബ്ലെ എന്ന കഥാപാത്രമായി ശരിക്കും ജീവിക്കുകയായിരുന്നു.

( 2015 ല്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പുതിയ വിവരങ്ങള്‍ കൂടി ചേര്‍ത്തു പുതുക്കിയത് )

  Image courtesy:

 

 


Post a Comment

0 Comments