സസ്പെന്‍സ് ത്രില്ലറായ 'സൈക്കോ ' യുടെ നിര്‍മാണവേളയില്‍ സംവിധായകന്‍ ഹിച്ച്കോക്ക് കടന്നുപോയ മാനസിക സംഘര്‍ഷത്തിലേക്ക് എത്തിനോക്കുകയാണ് 'ഹിച്ച്കോക്ക് ' എന്ന ഇംഗ്ലീഷ് സിനിമ
'സൈക്കോ' യും ഹിച്ച്കോക്കും
സസ്പെന്‍സ് ത്രില്ലര്‍ ചിത്രങ്ങളുടെ മാസ്റ്ററായ ആല്‍ഫ്രഡ് ഹിച്ച്കോക്ക് നാല്‍പ്പത്തിയാറാമതു ചിത്രമായ 'നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റി'ന്റെ ആദ്യപ്രദര്‍ശനവേളയിലാണ് ഒരു പത്രപ്രവര്‍ത്തകനില്‍ നിന്ന് അപ്രതീക്ഷിതമായ ആ ചോദ്യം നേരിട്ടത്. 'അറുപതു വയസ്സായില്ലേ, ഇനി നിര്‍ത്തിക്കൂടേ സിനിമ? '. ഓരോ സിനിമയുടെയും നിര്‍മാണത്തില്‍ ഒപ്പം നില്‍ക്കുന്ന ഭാര്യയുണ്ട് തൊട്ടടുത്ത്. ചോദ്യത്തിനു മുന്നില്‍ ഹിച്ച് നിശ്ശബ്ദനാകുന്നു. പക്ഷേ, അറുപതിലും തന്റെ പ്രതിഭ വറ്റിയിട്ടില്ലെന്നു ഹിച്ച്കോക്ക് ഏതാനും മാസത്തിനകം വിമര്‍ശകര്‍ക്കു കാട്ടിക്കൊടുത്തു. ആ സിനിമയാണു 'സൈക്കോ'. ലോകത്തെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായാണ് ഇതിനെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്
വന്‍കിട നിര്‍മാണക്കമ്പനികളുടെ നിര്‍ദേശം തള്ളുന്നു
റോബര്‍ട്ട് ബ്ളോക്കിന്റെ 'സൈക്കോ' എന്ന നോവലാണു സിനിമയായി മാറിയത്. ജോസഫ് സ്റ്റെഫാനോ തിരക്കഥ രചിച്ചു. 1959 നവംബര്‍ 11 നു ചിത്രീകരണം തുടങ്ങി. 1960 ഫിബ്രവരി ഒന്നിന് അവസാനിച്ചു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രത്തിന്റെ ഭാഗം. വന്‍കിട നിര്‍മാണക്കമ്പനികള്‍ നിര്‍ദേശിച്ച സിനിമകള്‍ തള്ളിയാണു ഹിച്ച്കോക്ക് 'സൈക്കോ' എന്ന സ്വന്തം പ്രോജക്ടുമായി മുന്നോട്ടുപോയത്. 'നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ് ' മാതൃകയിലുള്ള ചാരക്കഥകള്‍ സിനിമയാക്കാനായിരുന്നു നിര്‍മാണക്കമ്പനികള്‍ക്കു താല്‍പ്പര്യം. ഹിച്ച് അതിനോടു യോജിച്ചില്ല. പ്രേക്ഷകര്‍ ഞെട്ടുന്ന ഒരു സിനിമ. വളരെ വ്യത്യസ്തമായ ഒന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കമ്പനികള്‍ പിന്മാറിയപ്പോള്‍ ചിത്രനിര്‍മാണം ഹിച്ച് തന്നെ ഏറ്റെടുത്തു. സിനിമയുടെ വിശദാംശങ്ങള്‍ ആരും അറിയാതിരിക്കാന്‍ ഹിച്ച് ശ്രദ്ധിച്ചു. സിനിമയുടെ സസ്പെന്‍സ് പൊളിയാതിരിക്കാന്‍ അദ്ദേഹം ആദ്യം ചെയ്തതു പുസ്തകശാലകളില്‍ നിന്നു 'സൈക്കോ' എന്ന നോവലിനെ നാടുകടത്തുകയായിരുന്നു. 'സൈക്കോ'യുടെ കോപ്പി എവിടെക്കണ്ടാലും അതു വാങ്ങിക്കൂട്ടാന്‍ അദ്ദേഹം സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. എട്ട് ലക്ഷം ഡോളറാണു സിനിമക്കു ചെലവ് പ്രതീക്ഷിച്ചത്. നീന്തല്‍ക്കുളമടക്കം എല്ലാ സൗകര്യങ്ങളുമുള്ള വീട് പണയപ്പെടുത്തിയാണു ഹിച്ച് ദമ്പതിമാര്‍ ' സൈക്കോ ' എന്ന സാഹസത്തിനു മുതിര്‍ന്നത്. വിതരണാവകാശം മാത്രം ഒരു നിര്‍മാണക്കമ്പനിക്കു കൊടുത്തു.
'സൈക്കോ' യുടെ നിര്‍മാണവേളയില്‍ ഹിച്ച്കോക്ക് നേരിടേണ്ടിവന്ന സംഘര്‍ഷത്തിന്റെ കഥ പറയുന്ന സിനിമയാണു 2012 ന്റെ ഒടുവിലിറങ്ങിയ 'ഹിച്ച്കോക്ക്'. സിനിമക്കുള്ളില്‍ മറ്റൊരു സിനിമ. ബ്രിട്ടീഷ് വംശജനായ സംവിധായകന്‍ ഹിച്ച്കോക്കിന്റെ ആത്മകഥയുടെ ഒരു ഭാഗം എന്നുവേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം. സിനിമയുടെ സാക്ഷാത്കാരത്തില്‍ ഹിച്ച് സ്വീകരിക്കുന്ന രീതികള്‍, അഭിനേതാക്കളുമായുള്ള ബന്ധം, പ്രേക്ഷകതാത്പര്യങ്ങള്‍ക്ക് നല്‍കുന്ന ഊന്നല്‍, തെറ്റിദ്ധാരണയുടെ പേരില്‍ ഭാര്യയുമായുണ്ടായ ചെറിയൊരു അകല്‍ച്ച തുടങ്ങിയ കാര്യങ്ങളാണ് ഒന്നര മണിക്കൂര്‍ നീണ്ട 'ഹിച്ച്കോക്ക് ' എന്ന അമേരിക്കന്‍ ചിത്രം നമ്മുടെ മുന്നില്‍ അനാവരണം ചെയ്യുന്നത്. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ അലക്സാണ്ടര്‍ സച്ചാ സൈമണ്‍ ഗെര്‍വസിയാണ് ഇതിന്റെ സംവിധായകന്‍. സ്റ്റീഫന്‍ റെബല്ലോയുടെ 'ആല്‍ഫ്രഡ് ഹിച്ച്കോക്ക് ആന്‍ഡ് ദ മേക്കിങ് ഓഫ് സൈക്കോ' എന്ന ഗ്രന്ഥമാണു 'ഹിച്ച്കോക്ക് ' എന്ന സിനിമയ്ക്കാധാരം.
പ്രായത്തെ വെല്ലുവിളിക്കുന്നു
1959 ജൂലായ് എട്ടിന് ഷിക്കാഗോവിലാണു ' ഹിച്ച്‌കോക്ക് ' എന്ന സിനിമ തുടങ്ങുന്നത്. 'നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റി' ന്റെ അവിശ്വസനീയമായ വിജയത്തില്‍ ആഹ്ലാദിക്കുകയായിരുന്ന ഹിച്ച്കോക്കിന് അപ്രതീക്ഷിതമായാണു ' പ്രായമായില്ലേ , ഇനി സിനിമയെടുക്കുന്നതു നിര്‍ത്തിക്കൂടേ ' എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യം നേരിടേണ്ടിവന്നത്. ഹിച്ചിന്റെയും ഭാര്യ അല്‍മയുടെയും മുഖം മാറിമാറിക്കാട്ടുന്ന ക്യാമറ തുടര്‍ന്ന് അവരുടെ വീട്ടിലേക്കാണു നീങ്ങുന്നത്. അവിടെ വെച്ചാണു ഹിച്ച് പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനു സ്വയം മറുപടി തേടുന്നത്. തനിക്കു പ്രായമായോ എന്ന ചോദ്യത്തിനു ഭാര്യ നല്‍കുന്ന സ്നേഹം കലര്‍ന്ന പരിഹാസം ഹിച്ചിന്റെ ആത്മവിശ്വാസത്തിന് ഒട്ടും പോറലേല്‍പ്പിക്കുന്നില്ല. 'സൈക്കോ' വായനയില്‍ മുഴുകിയ ഹിച്ച് തന്റെ അടുത്ത സിനിമ ഏതെന്ന് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അക്കാലത്തെ പ്രമുഖ സിനിമാ നിര്‍മാണക്കമ്പനിയെ സമീപിച്ചപ്പോള്‍ അവര്‍ക്കു തന്നില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നു ഹിച്ചിന് ബോധ്യമായി. സിനിമ നിര്‍മിക്കാന്‍ എട്ടു ലക്ഷം ഡോളര്‍ വേണം. വീട് പണയപ്പെടുത്തുകയേ വഴിയുള്ളു. ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങിയവരാണു തങ്ങള്‍ എന്നു ഹിച്ച് ഭാര്യയെ ഓര്‍മപ്പെടുത്തുന്നു. സിനിമയുടെ പല പുതുവഴികളും പരീക്ഷിച്ചു. ചിലതില്‍ തോറ്റു. ചിലതില്‍ വിജയിച്ചു. ആദ്യകാലത്തു നല്‍കിയിരുന്ന അതേ സ്വാതന്ത്ര്യം 'സൈക്കോ ' യുടെ കാര്യത്തിലും തനിക്കു നല്‍കണമെന്ന് അദ്ദേഹം ഭാര്യയോട് ആവശ്യപ്പെട്ടു. സിനിമയുടെ ഇതിവൃത്തത്തോട് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ലെങ്കിലും ഹിച്ച് എന്ന പ്രതിഭയില്‍ അല്‍മക്കു സംശയമേയുണ്ടായിരുന്നില്ല. ചെലവു ചുരുക്കി നമുക്കു ജീവിക്കാമെന്ന് അവര്‍ പറയുന്നു.
ഷൂട്ടിങ് തുടങ്ങുംമുമ്പ് ഹിച്ച്കോക്ക് താരങ്ങളെയും സാങ്കേതികവിദഗ്ധരെയുംകൈാണ്ട് സത്യപ്രതിജ്ഞയെടുപ്പിക്കുന്നു. സിനിമയുടെ ഇതിവൃത്തമോ അതിലെ നിഗൂഢതകളോ ആരോടും വെളിപ്പെടുത്തില്ല എന്നതായിരുന്നു പ്രതിജ്ഞ. അന്നത്തെ യു.എസ്. പ്രസിഡന്റ് ഐസനോവറോടുപോലും സിനിമയെപ്പറ്റി ഒന്നും മിണ്ടരുതെന്നായിരുന്നു ഹിച്ചിന്റെ ആജ്ഞ. ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കാണണമെന്ന വിതരണക്കാരന്റെ ആവശ്യം നിഷ്‌കരുണം തള്ളാന്‍പോലും അദ്ദേഹം ധൈര്യം കാണിച്ചു. സിനിമ പൂര്‍ത്തിയായപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്കും കിട്ടി ഹിച്ചിന്റെ ഉഗ്രശാസന: ' സിനിമ തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ ഒറ്റയാളെപ്പോലും തിയേറ്ററില്‍ കയറ്റരുത് ' . തുടക്കത്തില്‍, കുളിമുറിയിലെ കൊലപാതകരംഗം കാണാന്‍ കഴിയാത്ത പ്രേക്ഷകര്‍ക്കു തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി തോന്നും എന്നായിരുന്നു ഇതിനു ഹിച്ച് കണ്ടെത്തിയ ന്യായം. ആദ്യപ്രദര്‍ശനത്തിനു ഭാര്യയോടൊപ്പം ഹിച്ച് തിയേറ്ററിലെത്തുന്നു. ആദ്യം അദ്ദേഹം പോകുന്നതു പ്രൊജക്ഷന്‍ റൂമിലേക്കാണ്. പിന്നീട് പുറത്തുവന്നു കാണികളുടെ പ്രതികരണമറിയാന്‍ കാതോര്‍ക്കുന്നു. ഭയം കൊണ്ട് ആളുകള്‍ ആര്‍ത്തുവിളിക്കുമ്പോള്‍ ഹിച്ച്കോക്കിന്റെ മുഖം ആഹ്ലാദത്താല്‍ തെളിയുന്നു.
സൈക്കോയുടെ ഓര്‍മകള്‍
'സൈക്കോ' യിലെ അവിസ്മരണീയമായ ചില രംഗങ്ങള്‍ 'ഹിച്ച്കോക്കി'ല്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. മോട്ടലിലെ കുളിമുറിയില്‍ നടന്ന ആദ്യത്തെ കൊലപാതകമാണ് ഇതില്‍ പ്രധാനം. ഭീതിദമായ ആ രംഗവും അപ്പോഴുപയോഗിച്ച പശ്ചാത്തലസംഗീതത്തിന്റെ ആവര്‍ത്തനവും നമ്മളെ ' സൈക്കോ'യുടെ ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടുപോകും.
സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ മാത്രമല്ല എഴുത്തുകാരി കൂടിയായ അല്‍മ റിവെലിന്റെ ഭര്‍ത്താവ് എന്ന നിലയിലും ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ വ്യക്തിത്വം വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ' ഹിച്ച്‌കോക്ക് ' എന്ന സിനിമ. മൂന്നു പതിറ്റാണ്ട് എല്ലാ സിനിമകളിലും സഹകരിച്ച് , താഴ്ചയിലും ഉയര്‍ച്ചയിലും ഹിച്ചിന്റെ കൂടെ നിന്നവളാണ് അല്‍മ. എന്നിട്ടും, തിരക്കഥാകൃത്തായ വിറ്റ്ഫീല്‍ഡുമായുള്ള അല്‍മയുടെ സൗഹൃദത്തില്‍ ഹിച്ച് സംശയാലുവാകുന്നു. 'സൈക്കോ ' ഉയര്‍ത്തിയ വെല്ലുവിളി ഹിച്ച് നേരിടുന്നുണ്ട്. പക്ഷേ, അല്‍മയുടെ ചെറിയൊരു അടുപ്പക്കുറവുപോലും അദ്ദേഹത്തിനു താങ്ങാനാവുന്നില്ല. എല്ലാ തെറ്റിദ്ധാരണയും അകലുമ്പോള്‍ ഹിച്ച് കൂടുതല്‍ ഉന്മേഷവാനാകുന്നു. ആറ് സിനിമകള്‍ കൂടി ഹിച്ച്കോക്ക് പിന്നീട് സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷേ, 'സൈക്കോ' നേടിയ വിജയത്തിനടുത്തൊന്നും എത്തിയില്ല ഈ ചിത്രങ്ങള്‍.
തന്റെ ചില നായികമാരോട് ഹിച്ച് പ്രത്യേക അടുപ്പം കാണിച്ചിരുന്നതായി ചെറിയൊരു സൂചന നല്‍കുന്നുണ്ട് 'ഹിച്ച്കോക്ക് ' എന്ന സിനിമ. അല്‍മ തന്നെ ഒരു ഘട്ടത്തില്‍ ഇക്കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്. എങ്കിലും, അതിന്റെ വിശദാംശങ്ങളിലേക്കു പോകാന്‍ 'ഹിച്ച്കോക്കി'ന്റെ സംവിധായകന്‍ താല്‍പ്പര്യം കാട്ടുന്നില്ല. അതേസമയം, 2012 ല്‍ത്തന്നെ നിര്‍മിച്ച 'ദ ഗേള്‍' എന്ന ബ്രിട്ടീഷ് ടി.വി. സിനിമ ഹിച്ച്കോക്കിനെ പെണ്‍വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യംചെയ്യുന്നു.
ഡൊണാള്‍ഡ് സ്പോട്ടോയുടെ 'സ്പെല്‍ബൗണ്ട് ബ്യൂട്ടി: ആല്‍ഫ്രെഡ് ഹിച്ച്കോക്ക് ആന്‍ഡ് ഹിസ് ലീഡിങ് ലേഡീസ് ' എന്ന പുസ്തകം ആസ്പദമാക്കി ജൂലിയന്‍ ജറോള്‍ഡ് സംവിധാനം ചെയ്ത സിനിമയാണ് 'ദ ഗേള്‍'. ഹിച്ചിന്റെ 'ദ ബേഡ്സ് ' എന്ന ചിത്രത്തിലെ നായികയായിരുന്ന ടിപ്പി ഹെഡ്രന്‍ എന്ന അമേരിക്കന്‍ നടിയുമായുള്ള അതിരുവിട്ട ബന്ധമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഹിച്ചിന്റെ ആഗ്രഹങ്ങള്‍ക്ക് എതിരുനിന്നതിനാല്‍ തന്റെ സിനിമാജീവിതം അദ്ദേഹം തകര്‍ത്തതായി ഹെഡ്രന്‍ ആരോപിക്കുന്നു. ഹിച്ച് തന്നെ ഭ്രാന്താലയത്തില്‍ തള്ളി എന്നാണു ഹെഡ്രന്‍ കുറ്റപ്പെടുത്തുന്നത്. പക്ഷേ, കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമ്പോഴും ഹിച്ച് എന്ന സംവിധായകനോടുള്ള ബഹുമാനം അവര്‍ മറച്ചുവെച്ചിരുന്നില്ല.
'ദ ഗേളി'ല്‍ വസ്തുതകളെല്ലാം വളച്ചൊടിച്ചതാണെന്നാണു ഹിച്ചിന്റെ ആരാധകരും സഹപ്രവര്‍ത്തകരും ചില നായികമാരും കുറ്റപ്പെടുത്തിയിരുന്നത്. എന്നാല്‍, നടി ഹെഡ്രന്‍ തന്റെ ആരോപണത്തില്‍ ഉറച്ചുനിന്നു. 2018 ല്‍ പുറത്തുവന്ന ചില അഭിമുഖങ്ങളിലും ഹെഡ്രന്‍ തന്റെ ആരോപണം ആവര്‍ത്തിക്കുകയുണ്ടായി.
Image courtesy:
- [Alfred Hitchcock]. Retrieved from https://www.imdb.com/title/tt0056869/mediaviewer/rm3611833088
- [Still from 1963 Hollywood movie The Birds]. Retrieved from https://www.imdb.com/title/tt0056869/mediaviewer/rm478659328
- [Still from 1963 Hollywood movie The Birds]. Retrieved from https://www.imdb.com/title/tt0056869/mediaviewer/rm1574428161
- [Still from 1960 Hollywood movie Psycho]. Retrieved from https://www.imdb.com/title/tt0054215/mediaviewer/rm2386099712
- [Still from 1960 Hollywood movie Psycho]. Retrieved from https://www.imdb.com/title/tt0054215/mediaviewer/rm2999647745
- [Still from 2012 Hollywood movie Hitchcock]. Retrieved from https://www.imdb.com/title/tt0975645/mediaviewer/rm1677042433
- [Still from 2012 Hollywood movie Hitchcock]. Retrieved from https://www.imdb.com/title/tt0975645/mediaviewer/rm2839523072
0 Comments