കോംഗോയുടെ മുന്‍ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ്
നേതാവുമായിരുന്ന, വധിക്കപ്പെട്ട പാട്രിക് ലുമുംബയുടെ ആകെയുള്ള ശേഷിപ്പായിരുന്ന സ്വര്‍ണപ്പല്ല് ഈ ജൂണ്‍ ഇരുപതിനു ബെല്‍ജിയം അധികൃതര്‍ കോംഗോയ്ക്കു
കൈമാറിയ പശ്ചാത്തലത്തില്‍ ലുമുംബയുടെ ജീവിതം ആധാരമാക്കിയെടുത്ത ആഫ്രിക്കന്‍ സിനിമയെക്കുറിച്ചോര്‍ക്കാം.
അമരനായ ലുമുംബ
- ടി. സുരേഷ് ബാബു
പത്രീസ് എമരി ലുമുംബ. ആഫ്രിക്കന്‍ വിമോചന സമരചരിത്രത്തിലെ ധീരനും അവിസ്മരണീയനുമായ ജനനേതാവാണു ലുമുംബ. ദീര്‍ഘകാലത്തെ പോരാട്ടത്തിനുശേഷം സ്വതന്ത്രമായ കോംഗോയുടെ ആദ്യത്തെ പ്രധാനമന്ത്രി. 36-ാം വയസ്സിലായിരുന്നു ഈ സ്ഥാനാരോഹണം. പക്ഷേ, 84 ദിവസമേ അദ്ദേഹത്തിനു അധികാരത്തില്‍ തുടരാനായുള്ളൂ. സാമ്രാജ്യത്വ ശക്തികളും ഉപജാപകരും ചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി, തുറങ്കിലടച്ചു. കുറ്റപത്രമില്ലാതെ, വിചാരണയില്ലാതെ, വിധിപറയാതെ വെടിവെച്ചുകൊന്നു.
സമരതീക്ഷ്ണ യൗവനം
ഹ്രസ്വമെങ്കിലും തീക്ഷ്ണമായിരുന്നു ലുമുംബയുടെ ജീവിതം. സമരമുഖങ്ങളിലും ജയിലറകളിലുമായിരുന്നു അദ്ദേഹത്തിന്റെ യൗവനം. ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച, കാതലുള്ള ധിക്കാരിയായിരുന്നു ലുമുംബ. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യമായ കോംഗോയെ മോചിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ധീരോജ്വലവും ത്യാഗപൂര്‍ണവുമായ ആ ജീവിതമാണു 2000 മെയ് 14 നു റിലീസായ ' ലുമുംബ' എന്ന ആഫ്രിക്കന്‍ സിനിമ അനാവരണം ചെയ്യുന്നത്.
ലുമുംബ എന്ന വ്യക്തിയിലൂടെ കോംഗോയുടെ സ്വാതന്ത്ര്യസമര ചരിത്രംകൂടിയാണു സംവിധായകന്‍ റോള്‍ പെക്ക് എഴുതുന്നത്. സമരനായകന്‍, വിശ്വാസങ്ങളോട് വിട്ടുവീഴ്ചക്കൊരുങ്ങാത്ത ജനതല്‍പ്പരനായ ഭരണാധികാരി, പ്രാദേശിക വാദങ്ങള്‍ക്കും ഗോത്രപ്പെരുമകള്‍ക്കുമപ്പുറത്തു രാജ്യത്തെ ഏകശിലയായി കാണാന്‍ ആഗ്രഹിച്ച ഭരണാധികാരി, സഹനശേഷിയോടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ വിപ്ലവകാരി എന്നീ നിലകളില്‍ ലുമുംബയുടെ മാതൃകാജീവിതം പകര്‍ത്തുകയാണു സംവിധായകന്‍. പത്തു വര്‍ഷം ലുമുംബയെക്കുറിച്ച് പഠിച്ചശേഷമാണു ഹെയ്തിക്കാരനായ പെക്ക് ഈ സിനിമ പാകപ്പെടുത്തിയത്. ലുമുംബയുടെ അവസാന നാളുകള്‍ പശ്ചാത്തലമാക്കി എടുത്ത ഈ ചിത്രത്തില്‍ ചരിത്രത്തിന് ഒടിവും ചതവുമൊന്നും പറ്റിയിട്ടില്ലെന്നു നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സ്വാതന്ത്ര്യം ഒറ്റുകൊടുത്തവരും കോളണിവാഴ്ചക്കാരും ചേര്‍ന്നു നിശ്ശബ്ദനാക്കിയ ലുമുംബ ഭാര്യയോട് സംസാരിക്കുന്ന രീതിയിലാണു കഥ പറയുന്നത്. 1961 ജനവരി പതിനേഴിനു കോംഗോവിലെ കടാങ്ക പ്രവിശ്യയിലുള്ള കാടുകളില്‍ അരങ്ങേറിയ ഭീകര രാത്രിയുടെ ദൃശ്യങ്ങളോടെ സിനിമ തുടങ്ങുന്നു. ഇരുട്ടിനെ വകഞ്ഞുമാറ്റി തീക്കണ്ണുകളോടെ മൂന്നു കാറുകളും ഏതാനും സൈനിക വാഹനങ്ങളും. ലുമുംബയും അടുത്ത അനുയായികളും മന്ത്രിമാരുമായിരുന്ന മൊറീസ് പോളോയും തോമസ് ഒകീതോയും ആണ് ആ കാറുകളിലുള്ളത്. അടുത്ത നിമിഷം എന്താണു സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ മൊറീസും തോമസും മൃതാവസ്ഥയിലാണ്. എല്ലാമറിയാവുന്ന ആളായി, നിസ്സംഗനായി ലുമുംബ മാത്രമാണ് ഉണര്‍ന്നിരിക്കുന്നത്. മരണനിമിഷങ്ങള്‍ അദ്ദേഹം എണ്ണിത്തുടങ്ങിയിരിക്കുന്നു. അങ്ങകലെ, ഏതോ രാജ്യത്തേക്കു രക്ഷപ്പെട്ട പ്രിയ ഭാര്യയുടെ ഹൃദയത്തിലേക്കു ലുമുംബ തന്റെ മരണവൃത്താന്തം പകരുകയാണ്. '' കടാങ്കയിലെ ഈ രാത്രിയെപ്പറ്റി നീയൊരിക്കലും അറിയാനിടയില്ല. നീയെന്നല്ല, ആരും. എല്ലാ കാര്യങ്ങളും മക്കളോട് പറയരുത്. അവര്‍ക്കതു മനസ്സിലാവില്ല''- അദ്ദേഹം സംസാരിച്ചു തുടങ്ങുകയാണ്.
അടുത്ത രംഗത്തില്‍ ഒരു ട്രക്ക് വരുന്നു. അതില്‍ രണ്ടുപേരുണ്ട്. അവര്‍ ഇറങ്ങി വലിയൊരു കുഴി തോണ്ടുകയാണ്. ട്രക്കില്‍ നിന്നു മൃതദേഹങ്ങള്‍ ഒന്നൊന്നായി അവര്‍ വലിച്ചിടുന്നു. ഇരുട്ടില്‍ നമുക്കിപ്പോള്‍ ലുമുംബയുടെ മൃതദേഹം കാണാം. മൂന്നു മൃതദേഹങ്ങളും കൂട്ടിയിട്ട് കത്തിക്കാന്‍ പോവുകയാണ്. ഈ രംഗം പൂര്‍ത്തിയാക്കാതെ ക്യാമറ കഴിഞ്ഞ കാലത്തിലേക്കു നീങ്ങുന്നു. സമരദൃശ്യങ്ങള്‍ പകര്‍ത്തുകയാണാദ്യം. അവിടെ നിന്നു നീങ്ങുന്ന ക്യാമറ ആഫ്രിക്കന്‍ നേതാക്കളുടെ ഒരു യോഗത്തില്‍ ചെന്നു നിലയുറപ്പിക്കുന്നു. വ്യക്തമായ നിലപാടുകളുള്ള, ഊര്‍ജസ്വലനായ ലുമുംബയാണ് ആ യോഗത്തിലെ ശ്രദ്ധാകേന്ദ്രം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലൂന്നിയാണു മറ്റു നേതാക്കള്‍ സംസാരിക്കുന്നത്. വിവിധ താല്‍പ്പര്യങ്ങളുടെ സംരക്ഷകരാണവര്‍. അനോന്യമുള്ള ശത്രുതയും നീരസവുമെല്ലാം അവര്‍ യോഗത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ലുമുംബ മാത്രമാണ് ഐക്യത്തെപ്പറ്റി സംസാരിക്കുന്നത്. എണ്‍പത് വര്‍ഷത്തെ ബല്‍ജിയന്‍ അടിമത്തത്തില്‍ നിന്നു കോംഗോവിനു മോചനം കിട്ടാന്‍ പോവുകയാണ്. രാജ്യത്തിന്റെ ഘടന എങ്ങനെയാവണം എന്നുള്ള ചര്‍ച്ചയാണ് അവിടെ നടക്കുന്നത്. മൂവ്മെന്റ് നാഷണല്‍ കോംഗോളെയ്സ് (എം.എന്‍.സി ) എന്ന പാര്‍ട്ടിയെയാണു ലുമുംബ പ്രതിനിധാനം ചെയ്യുന്നത്. എങ്കിലും, ഏതെങ്കിലും പാര്‍ട്ടിയുടെയോ പ്രവിശ്യയുടെയോ ഗോത്രത്തിന്റെയോ നേതാവായി തന്നെ ഉയര്‍ത്തിക്കാട്ടരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. പ്രവിശ്യകളുടെ ഫെഡറേഷനല്ല, ഏകീകൃത കോംഗോ ആണ് അദ്ദേഹത്തിന്റെ സ്വപ്നം. ആ സ്വപ്നമാണു ചില നേതാക്കള്‍ ചവിട്ടിയരച്ചത്.
കലാപവും അരക്ഷിതാവസ്ഥയും
കറവപ്പശുവായിരുന്ന കോംഗോയെ പൂര്‍ണമായും വിട്ടുകൊടുക്കാന്‍ ബല്‍ജിയത്തിനു മടിയായിരുന്നു. കോംഗോവിലെ വിലപിടിച്ച ധാതുസമ്പത്തിലായിരുന്നു അവരുടെ കണ്ണ്. ചില കോംഗോ നേതാക്കളോടൊപ്പം ചേര്‍ന്നു രാജ്യത്തു കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ബല്‍ജിയന്‍ ഭരണാധികള്‍ കുതന്ത്രങ്ങള്‍ നെയ്തു. അതു ഫലപ്രാപ്തിയിലെത്തിയപ്പോഴാണു ലുമുംബയ്ക്ക് അധികാരം നഷ്ടമായത്.
1960 ജൂണിലാണു കോംഗോ സ്വതന്ത്രമായത്. ആദ്യത്തെ പ്രധാനമന്ത്രിയായി ജൂണ്‍ 24 നു ലുമുംബ സ്ഥാനമേറ്റു. ജോസഫ് കാസാ വുബു ആയിരുന്നു പ്രസിഡന്റ്. എന്നും ലുമുംബയുടെ എതിര്‍പക്ഷത്തായിരുന്നു കടാങ്ക പ്രവിശ്യയിലെ നേതാവായ മൊയിസ് ഷോംബെ. അയാള്‍ക്കു ലുമുംബയുടെ ദേശീയവാദമൊന്നും ദഹിക്കുന്ന ആശയമായിരുന്നില്ല. ധാതുക്കളാല്‍ സമ്പുഷ്ടമായിരുന്നു കടാങ്ക പ്രവിശ്യ. ഈ സമ്പത്തിന്റെ ബലത്തിലാണു ഷോംബെ ബല്‍ജിയം അധികൃതരുമായി കൂട്ടുകൂടുന്നത്. ലുമുംബയെ അംഗീകരിക്കാന്‍ മടിക്കുന്ന ഷോംബെ തന്റെ പ്രവിശ്യക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. രാജ്യത്ത് അപ്പോഴും നിലയുറപ്പിച്ചിരുന്ന ബെല്‍ജിയം സൈനികരും ജനറല്‍ ജോസഫ് മൊബുട്ടുവിന്റെ കീഴിലുള്ള കോംഗോ സൈനികരും എങ്ങും കലാപത്തിനു തീകൊളുത്തി. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്കു നയിക്കുന്നു എന്നു കുറ്റുപ്പെടുത്തിക്കൊണ്ട് സെപ്റ്റംബര്‍ 14 നു ലുമുംബയെ പ്രസിഡന്റ് കാസാ വുബു പ്രധാനമന്ത്രിപദത്തില്‍ നിന്നു നീക്കി. ഏകാധിപതിയെന്നും കമ്യൂണിസ്റ്റെന്നും ശത്രുക്കള്‍ ലുമുംബയെ മുദ്രകുത്തി. പാര്‍ലമെന്റില്‍ച്ചെന്നു തന്റെ നിലപാടും സ്വപ്നവും എന്തെന്നു വെളിപ്പെടുത്തിയ ശേഷമാണു ലുമുംബ എതിരാളികള്‍ക്കു വഴങ്ങിയത്. കഴിഞ്ഞകാല ഭിന്നതകള്‍ മറന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിക്കുക എന്നാണദ്ദേഹം പാര്‍ലന്റെംഗങ്ങളോടും ജനങ്ങളോടും അഭ്യര്‍ഥിച്ചത്.
സൈനികമേധാവിയായ ജനറല്‍ ജോസഫ് മൊബുട്ടു ഇതിനിടെ അധികാരകേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു. സി.ഐ.എ. പിന്തുണയോടെ അദ്ദേഹം പ്രസിഡന്റിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ലുമുംബയെയും മന്ത്രിമാരായ ജോസഫിനെയും മൊറീസിനെയും അറസ്റ്റുചെയ്തു.
ധീരന്റെ ആത്മഭാഷണം
ഫ്‌ളാഷ് ബാക്കില്‍ നിന്നു ക്യാമറ ആദ്യരംഗത്തിലേക്കു തിരിച്ചെത്തുന്നു. തുടക്കത്തില്‍ കണ്ട കാറുകളും സൈനിക വാഹനങ്ങളും. കൊലക്കളത്തിലേക്കു നീങ്ങുകയാണവ. ഈ ദൃശ്യം പെട്ടെന്നു മുറിക്കുന്നു. അടുത്ത രംഗത്തില്‍ ജനറല്‍ ജോസഫിന്റെ ഔദ്യോഗിക വസതിയാണു നമ്മള്‍ കാണുന്നത്. ജനറല്‍ ജോസഫ് സിംഹാസനത്തിലിരിക്കുന്നു. പാട്ടും നൃത്തവും നടക്കുന്നു. പത്രീസ് ലുമുംബയെ ദേശീയ നായകനായി പ്രഖ്യാപിക്കുകയാണു ജനറല്‍ ജോസഫ്. ഉടനെ, കാട്ടിലെ ദൃശ്യം വീണ്ടും പ്രത്യക്ഷപ്പെടുന്നു. കാറിലിരിക്കുന്ന ലുമുംബയുടെ വിലങ്ങിട്ട കൈകള്‍ നമുക്കു കാണാം. ഒരാള്‍ വന്ന് ആ വിലങ്ങഴിക്കുന്നു. ``വേണമെങ്കില്‍ പ്രാര്‍ഥിക്കാം''- അയാള്‍ ലുമുംബയോട് പറയുന്നു. ലുമുംബയുടെ മുഖം മുഴുവന്‍ മര്‍ദനത്തിന്റെ അടയാളങ്ങളാണ്. അദ്ദേഹത്തിന്റെ മുറിഞ്ഞുപോയ ആത്മഗതം ഇവിടെ തുടരുന്നു. തോമസിനെയും മൊറീസിനെയും കാറില്‍ നിന്നിറക്കിക്കൊണ്ടുപോയി ഒരു മരത്തില്‍ക്കെട്ടി വെടിവെച്ചു കൊല്ലുന്നു. ഇനി നിമിഷങ്ങളേയുള്ളു. ലുമുംബ ആത്മഭാഷണം അവസാനിപ്പിക്കുകയാണ്. ``എന്റെ മനസ്സിലുള്ളതു നീ വായിച്ചുകഴിയുമ്പോഴേക്കും ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല. മക്കളോട് പറയണം, കോംഗോവിനു മഹത്തായ ഭാവിയുണ്ട്. അവരാണിനി രാജ്യത്തിന്റെ മഹത്വം പണിതുയര്‍ത്തേണ്ടത്. സഹപ്രവര്‍ത്തകരും ഞാനും ജീവന്‍ കൊടുത്ത സമരത്തിന്റെ അന്തിമ വിജയത്തെപ്പറ്റി ഞാനൊരിക്കലും സംശയാലുവായിരുന്നില്ല എന്നു നീ അവരോട് പറയണം.'' വാക്കുകള്‍ ഇവിടെ നിലയ്ക്കുന്നു. ലുമുംബയെ രണ്ടുപേര്‍ ചേര്‍ന്നു മരത്തിനടുത്തേക്കു കൊണ്ടുപോവുകയാണ്. മരത്തിന്റെ ക്ലോസപ്പ്. വെടിയുണ്ട തുളഞ്ഞ പാടുകള്‍. ഉണങ്ങാത്ത ചോരച്ചാലുകള്‍. മരത്തില്‍ ചാരി, നെഞ്ചുവിരിച്ച് നില്‍ക്കുന്ന ലുമുംബ. അദ്ദേഹം സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങളിലേക്ക് ഒന്നു നോക്കുന്നു. അടുത്ത നിമിഷത്തില്‍ വെടിയുണ്ടകള്‍ ചീറിപ്പായുന്നു. ലുമുംബ വീഴുന്നു. അടുത്ത ഷോട്ടില്‍ വീണ്ടും ഏകാധിപതി ജോസഫിന്റെ മുഖം. അവിടെ വിജയിയുടെ ആഹ്ലാദം കാണാനില്ല. കുറ്റബോധമുണ്ടെങ്കിലും നിര്‍വികാരമാണ് ആ മുഖം. ഔദ്യോഗിക ചടങ്ങ് അവസാനിക്കുകയാണ്. അയാള്‍ നന്ദി പറയുമ്പോള്‍ ജനക്കൂട്ടം (അധികവും വെള്ളക്കാര്‍) കൈയടിക്കുന്നു. ക്യാമറ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ ഒരു യുവതിയിലേക്കും സൈനികനിലേക്കും ഫോക്കസ് ചെയ്യുന്നു. അവര്‍ രണ്ടും കൈയടിക്കുന്നില്ല. ആ കണ്ണുകളില്‍ വിഷാദമുണ്ട്, പകയുണ്ട്, ഇനിയും പോരാടാനുള്ള വീര്യവുമുണ്ട്.
വീണ്ടും കൊലക്കളം, രണ്ടുപേര്‍ മൃതദേഹങ്ങള്‍ കത്തിക്കുകയാണ്. ഒരടയാളവും ബാക്കി വെക്കുന്നില്ല. വസ്ത്രങ്ങള്‍ വരെ തീയിടുന്നു. ലുമുംബയുടെ ശബ്ദം മുഴങ്ങുന്നു: ``കരയരുത്, പ്രിയമുള്ളവളെ. ചരിത്രം ഒരുനാള്‍ അക്കാര്യം വെളിപ്പെടുത്തും. ബ്രസ്സല്‍സിലോ പാരീസിലോ വാഷിങ്ടണിലോ അവര്‍ പഠിപ്പിക്കുന്ന ചരിത്രത്തിലല്ല. നമ്മുടെ ചരിത്രത്തില്‍. പുതിയ ആഫ്രിക്കയുടെ ചരിത്രം.'' തീ ആളിക്കത്തുന്നു. പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ ഗീതം. തീ സ്‌ക്രീനില്‍ നിറയുന്നു. സ്വാതന്ത്ര്യദാഹത്തിന്റെ അനിവാര്യമായ ആളിപ്പടരല്‍ സൂചിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.
ദീര്‍ഘമായ അവസാനരംഗം രണ്ടായി മുറിച്ച് അതിനിടെ ലുമുംബയുടെ ജീവിതകഥ പറയുന്ന രീതിയാണു സംവിധായകന്‍ അവലംബിക്കുന്നത്. നമ്മുടെ ആകാംക്ഷ നിലനിര്‍ത്താന്‍ ഈ ടെക്നിക്ക് സഹായിക്കുന്നുണ്ട്. രക്തസാക്ഷിത്വത്തിന്റെ വിശദാംശങ്ങള്‍ ബാക്കിവെച്ച് ഏറ്റുവുമൊടുവിലാണതു പൂരിപ്പിക്കുന്നത്.
ജനാധിപത്യത്തിന്റെ അന്ത്യത്തില്‍ നിന്ന് ഏകാധിപതികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണു `ലുമുംബ'യില്‍ നമ്മള്‍ കാണുന്നത്. പത്രപ്രവര്‍ത്തകനായി ജീവിതം തുടങ്ങി സൈനികനായി മാറിയ ജനറല്‍ ജോസഫ് മൊബുട്ടു ബാഹ്യശക്തികളുടെ ഇച്ഛക്കൊത്തു രാജ്യത്ത് ഏകാധിപത്യം നടപ്പാക്കുകയാണ്. തുടക്കത്തില്‍, ലുമുംബയുടെ തണല്‍ പറ്റിയാണ് ഇയാള്‍ വളരുന്നത്. കൗശലക്കാരനായ അയാള്‍ ക്രമേണ രക്ഷകനെത്തന്നെ വിഴുങ്ങുന്നു. (അട്ടിമറിയെ `സമാധാനപരമായ വിപ്ലവം' എന്നു വിശേഷിപ്പിച്ച ജനറല്‍ ജോസഫ് മൊബുട്ടു 1997 വരെ കോംഗോ ഭരിച്ചു).
തമസ്‌കരിക്കപ്പെട്ട സത്യങ്ങള്‍
കോംഗോയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ആകൃഷ്ടനാണെങ്കിലും അമിതാവേശം കാട്ടുന്നില്ല സംവിധായകന്‍. ഇതിവൃത്തത്തിനു കൃത്യമായ ഒരു കാലയളവ് ആദ്യമേതന്നെ നിശ്ചയിച്ചു. അതില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട സംഭവങ്ങള്‍ മാത്രമേ അദ്ദേഹം നമുക്കു കാട്ടിത്തരുന്നുള്ളു. സ്വാതന്ത്ര്യപ്രഖ്യാപനം തൊട്ട് ലുമുംബയുടെ മരണം വരെ കുറഞ്ഞൊരു കാലം. എങ്കിലും, ആ സംഭവവികാസങ്ങളില്‍ നിന്നു ശക്തമായ തിരക്കഥ രൂപപ്പെടുത്താന്‍ സംവിധായകനു കഴിഞ്ഞു. ലോകം അറിയേണ്ട ചില സത്യങ്ങള്‍ തമസ്‌കരിക്കപ്പെട്ടുപോയെന്ന് ഈ സിനിമ സധൈര്യം വിളിച്ചുപറയുന്നു.
ലുമുംബയുടെ വധത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണു 2001 വരെയും ബല്‍ജിയം പറഞ്ഞുകൊണ്ടിരുന്നത്. ബല്‍ജിയന്‍ സോഷ്യോളജിസ്റ്റായ ലുഡോ ഡെ വിറ്റ് ആണ് ഈ നുണ പൊളിച്ചത്. ഡെവിറ്റ് 1999 ല്‍ പ്രസിദ്ധീകരിച്ച `ദ മര്‍ഡര്‍ ഓഫ് ലുമുംബ' എന്ന ഗ്രന്ഥത്തില്‍ ലുമുംബയുടെ വധത്തില്‍ ബല്‍ജിയം സര്‍ക്കാറിനും ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നു വെളിപ്പെടുത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് 2001 ല്‍ `ലുമുംബ വധ' ത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2002 ല്‍ ബല്‍ജിയം കോംഗോ ജനതയോട് മാപ്പു പറഞ്ഞു.
1961 ല്‍ വിഘടനവാദികളും ബെല്‍ജിയന്‍ കൂലിപ്പട്ടാളവും ചേര്‍ന്നു കൊലപ്പെടുത്തിയ ലുമുംബയുടെ ശരീരം വെട്ടിനുറുക്കി ആസിഡില്‍ ലയിപ്പിച്ചപ്പോള്‍ ഒരു സ്വര്‍ണപ്പല്ലു മാത്രമാണ് അവശേഷിച്ചത്. ഇക്കാര്യം ബെല്‍ജിയന്‍ പോലീസ് കമ്മീഷണറായിരുന്ന ജെറാര്‍ദ് സൊറ്റെയാണു രണ്ടു പതിറ്റാണ്ടു മുമ്പ് വെളിപ്പെടുത്തിയത്. ലുംമുംബയുടെ പല്ല് തെളിവായി അദ്ദേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സ്വര്‍ണപ്പല്ല് പിന്നീട് സൊറ്റെയുടെ മകളുടെ കൈവശമായി. ഇതാണിപ്പോള്‍ ബെല്‍ജിയന്‍ അധികൃതര്‍ ഏറ്റെടുത്തു കോംഗോയ്ക്കു കൈമാറിയത്.
(2008 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇപ്പോഴത്തെ വിവരങ്ങള്‍ ചേര്‍ത്തു പുതുക്കിയിട്ടുണ്ട് )
- [Poster from 2000 English movie Lumumba]. Retrieved from https://www.imdb.com/title/tt0246765/mediaviewer/rm3660641792/
- [Still from 2000 English movie Lumumba]. Retrieved from https://www.imdb.com/title/tt0246765/mediaviewer/rm3996575489/
- [Still from 2000 English movie Lumumba]. Retrieved from https://www.imdb.com/title/tt0246765/mediaviewer/rm3862357761/
- [Still from 2000 English movie Lumumba]. Retrieved from https://www.imdb.com/title/tt0246765/mediaviewer/rm2570512129/
0 Comments