ശബ്ദോപാസകന്‍
ടി. സുരേഷ് ബാബു
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് പ്രശസ്ത ബംഗാളി സംവിധായകന്‍ കൗശിക് ഗാംഗുലി ആദരപൂര്‍വം ഓര്‍ത്തത് സൗണ്ട് ഇഫക്ട്‌സ് കൈകാര്യം ചെയ്യുന്ന കലാകാരന്മാരെയാണ്. അവരുടെ ഓര്‍മക്കാണ് ' ശബ്ദോ ' എന്ന സിനിമ അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് പ്രശസ്ത ബംഗാളി സംവിധായകന്‍ കൗശിക് ഗാംഗുലി സ്മരണാഞ്ജലി അര്‍പ്പിച്ചത് വ്യത്യസ്ത രീതിയിലാണ്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കാന്‍ ഒരിക്കലും ഭാഗ്യം കിട്ടാത്ത സാങ്കേതിക വിദഗ്ദരെയാണ് അദ്ദേഹം ഓര്‍ത്തത്. അണിയറയില്‍ അവരുടെ കഠിനമായ പരിശ്രമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സിനിമ വെറും ശബ്ദ , ദൃശ്യങ്ങളുടെ ഒരഭ്യാസപ്രകടനം മാത്രമായേനെ എന്ന് ഗാംഗുലി വിശ്വസിക്കുന്നു. സിനിമയുടെ പശ്ചാത്തലത്തില്‍ ആവശ്യമായി വരുന്ന ശബ്ദങ്ങള്‍ക്ക് ജ•ം നല്‍കുന്ന സൗണ്ട് ഇഫക്ട്‌സ് കലാകാരന്മാരെ ( Foley Artists ) യാണ് അദ്ദേഹം ' ശബ്ദോ ' ( ശബ്ദം ) എന്ന സിനിമയിലൂടെ പ്രേക്ഷകലോകത്തിന് പരിചയപ്പെടുത്തുന്നത്. 2013 ല്‍ മികച്ച ബംഗാളി സിനിമക്കുള്ള ദേശീയ അവാര്‍ഡ് ' ശബ്ദോ ' വിനായിരുന്നു.
കലാകാരന്റെ അര്‍പ്പണ ബോധം
പൂര്‍ണതയിലെത്താനുള്ള ഒരു കലാകാരന്റെ അര്‍പ്പണബോധം മറ്റുള്ളവരില്‍ സൃഷ്ടിക്കുന്ന അലോസരമാണ് കൗശിക് ഗാംഗുലിയുടെ ഈ സിനിമ അനാവരണം ചെയ്യുന്നത്. കലാകാരന്റെ പ്രതിബദ്ധത കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍ക്കുവരെ കാരണമായിത്തീരുന്നു. പുറത്തുള്ളവരുടെ വ്യാഖ്യാനങ്ങള്‍ കലാകാരനെ മനോവിഭ്രാന്തിയിലേക്കുവരെ നയിച്ചേക്കാം. കുടുംബം പോലും അവനെ തള്ളിപ്പറയാന്‍ ശ്രമിച്ചേക്കാം എന്ന വിധിയും കലാകാരന്റെ ജീവിതത്തെ വെല്ലുവിളിക്കുന്നു.
സൗണ്ട് ഇഫക്ട്‌സ്്് കലാകാരന്‍ താരക് ദത്ത, ഭാര്യ രത്‌ന, സൗണ്ട്് റെക്കോഡിസ്റ്റ് ദിവ്യേന്ദു, സൈക്യാട്രിസ്റ്റ് ഡോ. സ്വാതി മുഖര്‍ജി, അവരുടെ പൊഫസര്‍ എന്നിവരാണ് ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍. താരക്കിന്റെ കുടുബവും സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോവും. കഥ നടക്കുന്നത് ഈ രണ്ടിടത്തായാണ്. ശബ്ദങ്ങളോടാണ് താരക്കിന് പ്രേമം. ഭാര്യ സംസാരിക്കുന്നതുപോലും താരക്ക് മുഴുവന്‍ കേള്‍ക്കാറില്ല. അയാളുടെ ശ്രദ്ധ എപ്പോഴും ചുറ്റുമുള്ള ശബ്ദങ്ങളിലാണ്. സ്റ്റുഡിയോവിനകത്ത് ആ ശബ്ദമെങ്ങനെ പുന:സൃഷ്ടിക്കാം എന്നതാണ് അയാളുടെ ആലോചന. ഈ ലോകം അയാള്‍ക്ക് അന്യമാണ്. അവിടെ നടക്കുന്നതൊന്നും അയാളെ ബാധിക്കുന്നില്ല. ഭാര്യക്കും കുടുംബത്തിനും അതാണ് പേടി. താരക്കിന്റെ മാനസികനില തകരാറായെന്ന് അവര്‍ ഭയക്കുന്നു. ശബ്ദം താരക്കിന് ഒഴിയാബാധയായിരിക്കുന്നു. ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാരിയാണ് ഭാര്യ. അവളുടെ തൊഴിലുടമയുടെ ഉപദേശപ്രകാരം ഡോ. സ്വാതി പ്രശ്‌നത്തിലിടപെടുന്നു. താരക്കിന് അസുഖമാണെന്നും അത് ചികിത്സിച്ചു മാറ്റണമെന്നും ഡോക്ടര്‍ നിര്‍ബന്ധിക്കുന്നു. താരക്കിന് ഡോക്ടറുടെ സാമീപ്യംതന്നെ ഇഷ്ടമല്ല. താന്‍ നോര്‍മലാണെന്നാണ് താരക്ക് ഡോക്ടറോടും പറയുന്നത്. രാത്രിയിലാണ് അയാള്‍ക്ക് ജോലി ചെയ്യാന്‍ താത്പര്യം. മറ്റു ശബ്ദങ്ങളുടെ അലോസരം തീരെയുണ്ടാവരുത്. ഒരു രംഗത്തിന്റെ പൂര്‍ണതക്കുവേണ്ടി അയാള്‍ എത്ര നേരമെങ്കിലും ജോലി ചെയ്യും. വസ്ത്രത്തിന്റെ നേരിയ ശബ്ദംപോലും സൗണ്ട് ട്രാക്കില്‍ പെടാതിരിക്കാന്‍ അടിവസ്ത്രം മാത്രം ധരിച്ചാണ് താരക്ക് സ്റ്റുഡിയോവില്‍ ജോലി ചെയ്യുക.
തന്റെ ഒമ്പതു ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്ന് താരക്ക് പറയുന്നു. അതിന്റെ പിന്നില്‍ താന്‍ കൊടുത്ത ശബ്ദങ്ങളുമുണ്ട്. എല്ലാ പ്രശസ്ത താരങ്ങളും തന്റെ ശബ്ദത്തിന്മേലാണ് ജോലി ചെയ്യുന്നതെന്ന് താരക്ക് അഭിമാനം കൊള്ളുന്നു. അവര്‍ നടക്കുന്നത്, ഓടുന്നത്, സംഘട്ടനത്തിലേര്‍പ്പെടുന്നത് എല്ലാം തന്റെ പിന്‍ബലത്തിലാണ്. എല്ലാ പ്രമുഖ സംവിധായകര്‍ക്കൊപ്പവും അയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഭാര്യക്കൊപ്പം സിനിമക്കു പോയാല്‍ അതിലെ സൗണ്ട് ഇഫക്ടിനെക്കുറിച്ചേ താരക്ക്് സംസാരിക്കൂ. അതിന്റെ കുറ്റങ്ങളും കുറവുകളും മാത്രമേ പറയാനുണ്ടാകൂ. ചിത്രത്തിന്റെ കഥയൊന്നും അയാള്‍ ശ്രദ്ധിക്കില്ല. അയാളുടെ ലോകത്ത് ശബ്ദം മാത്രമേയുള്ളു. നിരത്തിലൂടെ പോകുമ്പോള്‍ വാഹനങ്ങളുടെ ശബ്ദമാണ് താരക്ക് ആസ്വദിക്കുന്നത്. ലിഫ്റ്റില്‍ കയറിയാല്‍ അത് പ്രവര്‍ത്തിക്കുന്ന ശബ്ദം. പ്രകൃതിയില്‍ പക്ഷിമൃഗാദികളുടെ ശബ്ദം. അതിലേക്കയാള്‍ കാതു കൂര്‍പ്പിക്കുന്നു. കുറച്ചു വാക്കുകളേ താരക്ക് കേള്‍ക്കുന്നുള്ളു. വാക്കുകളെ മറികടന്ന് ശബ്ദങ്ങള്‍ അയാളെ കീഴ്‌പ്പെടുത്തുന്നു.
താരക്കിന്റെ കേള്‍വിക്ക് പ്രശ്‌നമുണ്ടോ എന്നതായിരുന്നു ആദ്യത്തെ സംശയം. ആ സംശയം ഡോ. സ്വാതി ദൂരീകരിക്കുന്നു. കേള്‍വിയിലല്ല, കേള്‍ക്കുന്ന രീതിക്കാണ് പ്രശ്‌നം എന്നവര്‍ മനസ്സിലാക്കുന്നു. സൗണ്ട് ഇഫക്ട്‌സ് താരക്കിന്റെ ചിന്താശേഷിയെ കെണിയിലാക്കിയിരിക്കുകയാണെന്നാണ് ഡോക്ടറുടെയും അവരുടെ പ്രൊഫസറുടെയും നിഗമനം. ഇതിനു ചികിത്സ കൂടിയേ തീരൂ. പക്ഷേ, താന്‍ രോഗിയാണെന്നു സമ്മതിക്കാന്‍ താരക്ക് തയ്യാറാവുന്നില്ല. ഈയൊരു താത്പര്യ സംഘട്ടനമാണ് ഇതിവൃത്തത്തിന്റെ കാതല്‍. ശബ്ദത്തിന്റെ മാന്ത്രികതയെപ്പറ്റി ഭാര്യയെ ബോധ്യപ്പെടുത്താന്‍ താരക്കിനു ഒരളവോളം കഴിയുന്നുണ്ട്. തന്റേത് മഹത്തായ കലയാണെന്ന് താരക്ക് വിശ്വസിക്കുന്നു. ശബ്ദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിനിമയില്ല. ശബ്ദമാണ് സിനിമയുടെ ഹൃദയമെന്ന് അയാള്‍ ഭാര്യയോട് പറയുന്നുണ്ട്. ഓരോ ശബ്ദത്തിലൂടെ സിനിമ പതുക്കെ ജീവിതത്തിലേക്ക് കടക്കുകയാണ്. ഇതാണ് താന്‍ ചെയ്യുന്നത്. അതത്ര എളുപ്പമല്ല. എളുപ്പമായിരുന്നെങ്കില്‍ ആയിരക്കണക്കിന് താരക്ക് ദത്തമാര്‍ ഉണ്ടാകുമായിരുന്നു എന്നയാള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കവി കവിതയെക്കുറിച്ചും പാട്ടുകാരന്‍ രാഗത്തെക്കുറിച്ചും ചിത്രകാരന്‍ നിറങ്ങളെക്കുറിച്ചുമാണ് എപ്പോഴും ആലോചിക്കുക. താന്‍ ശബ്ദത്തെക്കുറിച്ചാലോചിച്ചാല്‍ മനോരോഗിയായി. സമനില തെറ്റി മൈക്രോഫോണ്‍ തകര്‍ക്കുന്നതോടെ അയാള്‍ ജോലിയില്‍ നിന്ന് പുറത്താവുന്നു. ആ നിലയിലേക്ക് സമൂഹത്തിന്റെ ഇടപെടല്‍ അയാളെ എത്തിക്കുകയായിരുന്നു. അതോടെ താരക്ക് മനോരോഗിയുടെ അവസ്ഥയിലേക്കെത്തുന്നു.
പ്രതിബദ്ധത എത്രത്തോളം ?
കലാകാരന് പ്രതിബദ്ധത എത്രത്തോളമാകാം എന്നതാണ് സിനിമ പരോക്ഷമായി ചര്‍ച്ച ചെയ്യുന്നത്. ആ പ്രതിബദ്ധതയുടെ ആഴമളക്കുന്നത് മറ്റുള്ളവരാണ്. ദാമ്പത്യത്തെ , കുടുംബബന്ധങ്ങളെ താരക്ക് അവഗണിക്കുന്നതായാണ് ഭാര്യയുടെ പരാതി. അതൊന്നും ശരിയല്ലെന്ന് താരക്ക് വിനോദയാത്രക്കിടയില്‍ അവളെ ബോധ്യപ്പെടുത്തുന്നുണ്ട്. അസമിലെ സിലിഗുഡിയിലാണ് ദമ്പതിമാര്‍ നിര്‍ബന്ധിത വിനോദയാത്രക്കു പോകുന്നത്. അതോടെ, അവര്‍ക്കിടയിലും പകലും രാത്രിയും നിറമുള്ളതായി മാറുന്നു. രാവിലെ ഉറക്കമുണരുന്ന ഭാര്യ ആദ്യം കാണുന്നത് റിസോര്‍ട്ടിന്റെ മുറ്റത്ത് ഊഞ്ഞാലാടുന്ന കൊച്ചു പെണ്‍കുട്ടിയെയാണ്. അന്തരീക്ഷ മാറ്റത്തെ സൂചിപ്പിക്കാന്‍ അതിസൂക്ഷ്മമായാണ് കൗശിക് ഗാംഗുലി ഈ രംഗമൊരുക്കുന്നത്.
താരക്കിന്റെ ഓരോ ചലനവും പിന്തുടരുന്ന ഡോ. സ്വാതിയും ഒരു ഘട്ടത്തില്‍ അയാളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാധാരണാവസ്ഥയിലുള്ളയാളെയും വിലക്ഷണസ്വഭാവമുള്ളയാളെയും തിരിച്ചറിയാനുള്ള മാനദണ്ഡമെന്ത് എന്ന കാര്യത്തില്‍ ഡോ. സ്വാതി ആശയക്കുഴപ്പത്തിലാവുന്നു. താരക്ക് ചെയ്യുന്നതല്ലേ ശരി എന്നുവരെ ചിന്തിക്കുന്നു അവര്‍. നമുക്കാവശ്യമില്ലാത്ത സംസാരങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും നമ്മളെന്തിനു ചെവി കൊടുക്കണം എന്നതാണവരുടെ ചോദ്യം. താരക്കിന്റെ ഉള്‍വലിയലിന് ഒരു താത്വികതലം കണ്ടെത്തുകയാണിവിടെ സംവിധായകന്‍.
താരക്കിലെ കലാകാരനെ തിരിച്ചറിയുന്നത് സഹപ്രവര്‍ത്തകനും സൗണ്ട് റെക്കോഡിസ്റ്റുമായ ദിവ്യേന്ദു മാത്രമാണ്. താരക്കിനെപ്പോലുള്ള ഒരവസ്ഥ കടന്നുവന്നതിനാലാണ് ദിവ്യേന്ദുവിന് ആ തിരിച്ചറിവുണ്ടാകുന്നത്. താരക്കിനെപ്പോലെ ഉള്‍വലിയുന്ന സ്വഭാവക്കാരനായിരുന്നു ദിവ്യേന്ദുവും. വലിയൊരു രഹസ്യം കാത്തുസൂക്ഷിക്കുന്നവനാണ് ദിവ്യേന്ദു എന്ന് ചിത്രാവസാനത്തിലാണ് നമ്മളറിയുന്നത്. തീരെ അപ്രധാനം എന്ന മട്ടില്‍ തുടങ്ങുന്ന ദിവ്യേന്ദുവിന്റെ സാന്നിധ്യം ഏറ്റവുമൊടുവില്‍ ഒരദ്ഭുതത്തിനുവേണ്ടി സംവിധായകന്‍ കരുതിവെച്ചതായിരുന്നു. ഒരു ചലച്ചിത്രകാരന്റെ അപാരമായ കൈയടക്കമാണിത് സൂചിപ്പിക്കുന്നത്.
സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോവിനകത്തെ ഒരു സിനിമാദൃശ്യത്തില്‍ നിന്നാണ് ' ശബ്ദോ ' തുടങ്ങുന്നത്. ശബ്ദമില്ലാതെ ഒരു രംഗം സ്‌ക്രീനില്‍ തെളിയുന്നു. മദ്യപനായ ഭര്‍ത്താവ് വീട്ടിലേക്ക് വരികയാണ്. വാതിലില്‍ ഇടിക്കുന്നതും ഭാര്യ വാതില്‍ തുറക്കുന്നതും അവളെ ചീത്ത വിളിച്ച് എടുത്തിട്ടിടിക്കുന്നതും നമ്മള്‍ കാണുന്നു. ഓരോ സന്ദര്‍ഭത്തിനും യോജിച്ച ശബ്ദം നല്‍കുകയാണ് താരക്ക് ദത്ത. അത് ദിവ്യേന്ദു രേഖപ്പെടുത്തുന്നു. കാലിയായ ഒരു കപ്പും ചായ നിറച്ച കപ്പും മേശപ്പുറത്ത് വെക്കുമ്പോഴുള്ള ശബ്ദവ്യത്യാസം പോലും താരക്ക് സൂക്ഷ്്മമായി പിടിച്ചെടുക്കുന്നണ്ട്്. ആത്മസമര്‍പ്പണത്തിന്റെ ഈ ശബ്ദലോകം വിടേണ്ടിവരുന്നു പിന്നീട് താരക്കിന്. ആകെ തകര്‍ന്ന്, നിരാശനായി ഒരു പുനരധിവാസകേന്ദ്രത്തിലേക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ പോകുന്ന താരക്കിനെയാണ് അവസാനദൃശ്യത്തില്‍ നമ്മള്‍ കാണുന്നത്. 468 ദിവസമെടുത്തു താരക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ .
ഏതാനും ദിവസങ്ങള്‍ക്കകം താരക്ക് തന്റെ ജോലിയില്‍ തിരികെ പ്രവേശിച്ചേക്കും എന്നു പ്രത്യാശിച്ചുകൊണ്ടാണ് കൗശിക് സിനിമ അവസാനിപ്പിക്കുന്നത്. തന്റെ പില്‍ക്കാല ചിത്രങ്ങളായ ' അപൂര്‍ പാഞ്ചാലി ' യിലും ' ഛോട്ടോദര്‍ ഛോബി ' യിലും അവസാനരംഗത്ത് കാണിച്ച അതേ പ്രസന്നഭാവങ്ങള്‍ ' ശബ്ദോ ' വിലും കാണാം. ശുഭാപ്തിവിശ്വാസിയാണ് കൗശിക് ഗാംഗുലി. 2014 ല്‍ മികച്ച സാമൂഹിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കൗശിക്കിന്റെ ' ഛോട്ടോദര്‍ ഛോബി ' ക്കായിരുന്നു. അക്കൊല്ലം മികച്ച ബംഗാളി സിനിമക്കുള്ള ദേശീയ അവാര്‍ഡ് കൗശിക്കിന്റെ ഭാര്യയും നടിയുമായ ചുര്‍ണി കൗശിക്ക് കരസ്ഥമാക്കി. ചിത്രം ' നിര്‍ബഷിതോ '. ' ശബ്ദോ ' വില്‍ സൈക്യാട്രിസ്റ്റായി അഭിനയിച്ചത് ചുര്‍ണിയാണ്.
( ' മാതൃഭൂമി ഓണ്‍ലൈനി ' ല്‍ പ്രസിദ്ധീകരിച്ചത് )
Image courtesy:
- [Movie poster for 2012 Indian movie Shabdo]. Retrieved from https://www.imdb.com/title/tt3028362/mediaviewer/rm666363392
0 Comments