The other side of hope

പ്രതീക്ഷിക്കാനുണ്ട് ഈ ലോകത്ത്

ടി. സുരേഷ് ബാബു

അഭയാര്‍ഥി ത്രയത്തില്‍ രണ്ടാമതായി പുറത്തുവന്ന ' ദ അദര്‍ സൈഡ് ഓഫ് ഹോപ്പ് ' എന്ന ചിത്രത്തെ ആധാരമാക്കി ഫിന്നിഷ് സംവിധായകന്‍ അകി കോരിസ്മാക്കിയുടെ സിനിമാലോകത്തിലൂടെ ഒരു സഞ്ചാരം

2011 ല്‍ ' ലേ ഹാവ്‌റേ ' എന്ന സിനിമയെടുത്ത ശേഷം കുറച്ചുകാലം നിശ്ശബ്ദനായിരുന്ന പ്രശസ്ത ഫിന്നിഷ് ചലച്ചിത്രകാരന്‍ അകി കോരിസ്മാക്കിയോട് മൂന്നു വര്‍ഷം മുമ്പ് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു : താങ്കളുടെ അടുത്ത സിനിമ ഏതായിരിക്കും ? ഒട്ടും സംശയിക്കാതെ അകിയുടെ മറുപടി വന്നു : മനുഷ്യരുടെ കണ്ണുകളിലെ സങ്കടത്തെപ്പറ്റിയായിരിക്കും.

താന്‍ പറയുന്നതെല്ലാം ഏതാണ്ട് ഒരേ കഥകളാണെന്ന് നല്ല ബോധ്യമുണ്ട് അറുപത്തിയൊന്നുകാരനായ അകി കോരിസ്മാക്കിക്ക്. ജനിച്ചുപോയതുകൊണ്ട് അതിജീവിക്കാന്‍ പാടുപെടുന്ന മനുഷ്യരാണ് തനിക്കു ചുറ്റും എന്ന് ഈ ചലച്ചിത്രകാരന്‍ ഓര്‍മപ്പെടുത്തുന്നു. ആ മനുഷ്യരുടെ കണ്ണുകളിലെ ദൈന്യതയും തിളക്കമില്ലാത്ത പ്രതീക്ഷയുമാണ് തന്റെ സിനിമകള്‍ക്കാധാരം. വെറും സാധാരണ മനുഷ്യരാണ് അകിയുടെ സിനിമകളിലെ നായകര്‍. നിറമില്ലാത്ത ലോകമാണ് അവരുടേത്. കുടുംബ ബന്ധങ്ങളുടെ നിര്‍മല കഥകള്‍ ഹൃദയസ്പര്‍ശിയായി നമുക്കു പറഞ്ഞുതന്ന ജാപ്പനീസ് ചലച്ചിത്രകാരന്‍ യജുസിറോ ഒസുവിന്റെ ' ടോക്കിയോ സ്റ്റോറി ' യാണ് താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമ എന്നു അകി പറയുമ്പോള്‍ അതില്‍ നൂറു ശതമാനം സത്യസന്ധതയുണ്ട്. ഒസുവിന്റെ അതേ പാതയില്‍ നീങ്ങുന്ന മാനുഷികതയുടെ ചലച്ചിത്രകാരനാണ് അകി കോരിസ്മാക്കി. ദുര്‍ഗ്രഹത തൊട്ടു തീണ്ടാത്ത, ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുന്ന , ആര്‍ദ്രത നിറഞ്ഞ സിനിമകളാണ് അകിയുടേത്.

ഒരേ വിഷയം ആസ്പദമാക്കി മൂന്നു സിനിമാത്രയം അകി കോരിസ്മാക്കി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നാലാമത്തേതില്‍ രണ്ടു സിനിമകള്‍ പുറത്തിറങ്ങി. 2011 ല്‍ ' ലേ ഹാവ്‌റേ ' യും 2017 ല്‍ ' ദ അദര്‍ സൈഡ് ഓഫ് ഹോപ്പും'. അതിര്‍ത്തികള്‍ കടന്ന് തുറമുഖനഗരങ്ങളില്‍ എത്തിപ്പെടുന്ന അഭയാര്‍ഥികളെക്കുറിച്ചാണ് അവസാനത്തെ രണ്ടു സിനിമകളും. ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ , ജന്മരാജ്യത്തെ ദുരിതങ്ങള്‍ക്കിടയില്‍ നിന്നു രക്ഷപ്പെടാന്‍ , ലക്ഷ്യമില്ലാതെ എവിടേക്കോ പുറപ്പെട്ടു പോകുന്ന നിസ്സഹായര്‍. ഇടയ്ക്കിടെ അവരുടെ യാത്രകള്‍ മുറിഞ്ഞുപോകുന്നു. എന്നിട്ടും എന്തോ പ്രതീക്ഷയില്‍ വീണ്ടും യാത്ര തുടരുന്നു. യാത്രയ്ക്കിടയില്‍ അവര്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍. ഓര്‍ത്തിരിക്കാത്ത സന്ദര്‍ഭങ്ങളില്‍ കിട്ടുന്ന സഹായങ്ങള്‍. വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അവസ്ഥ. ഇതൊക്കെയാണ് അഭയാര്‍ഥി ത്രയത്തില്‍ കോരിസ്മാക്കി പറയുന്നത്. അഭയാര്‍ഥികളും മനുഷ്യരാണെന്നു പരിഗണിക്കാത്ത യൂറോപ്യന്‍ ചിന്താഗതിയോട് അകി ഒട്ടും യോജിക്കുന്നില്ല. ' നമ്മള്‍ മനുഷ്യരാണ്. നമുക്കറിയില്ല ആരാണ് നാളെ അഭയാര്‍ഥിയായി മാറുക എന്ന് ' - ഒരഭിമുഖത്തില്‍ അകി പറയുന്നു.

കോരിസ്മാക്കി സഹോദരന്മാര്‍

യൂറോപ്പിലെ എട്ടാമത്തെ വലിയ രാജ്യമാണ് ഫിന്‍ലന്‍ഡ്. ലോകത്തെ സമ്പന്ന രാജ്യങ്ങളിലൊന്ന്. ജനസംഖ്യ അമ്പത്തിയഞ്ചര ലക്ഷം. വര്‍ഷത്തില്‍ നിര്‍മിക്കുന്ന സിനിമകളുടെ എണ്ണം പത്തോ ഇരുപതോ.

ഫിന്നിഷ് സിനിമയില്‍ ചലനം സൃഷ്ടിച്ചവരാണ് കോരിസ്മാക്കി സഹോദരന്മാര്‍. മൂത്തയാള്‍ മിക കോരിസ്മാക്കി. ഇളയവന്‍ അകി കോരിസ്മാക്കി. 1980 ല്‍ മികയാണ് ആദ്യം സിനിമ സംവിധാനം ചെയ്തത്. പേര് ' ദ ലയര്‍ '. ഫിന്നിഷ് സിനിമയില്‍ ഒരു പുതുയുഗത്തിനു തുടക്കമിട്ട സിനിമയാണ് ഇതെന്ന് നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു. അന്നു ജര്‍ണലിസം വിദ്യാര്‍ഥിയായിരുന്ന അനുജന്‍ അകിയായിരുന്നു ' ദ ലയറി ' ലെ നായകന്‍. ചിത്രത്തിന് തിരക്കഥയെഴുതിയതും അകി. പില്‍ക്കാലത്ത് പ്രശസ്തിയില്‍ അനുജന്‍ ജ്യേഷ്ഠനെ വെല്ലുന്നതാണ് സിനിമാലോകം കണ്ടത്. 1983 ല്‍ അകിയുടെ ആദ്യ സിനിമ പിറന്നു. ദോസ്‌തോവ്‌സ്‌കിയുടെ ' ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് ' ആയിരുന്നു ആദ്യം സംവിധാനം ചെയ്തത്. 1987 ലെടുത്ത മികയുടെ ' ഹെല്‍സിങ്കി നാപ്പോളി : ഓള്‍ നൈറ്റ് ലോങ് ' എന്ന സിനിമയും 1988 ലെടുത്ത അകിയുടെ ' ഏരിയലും ' കോരിസ്മാക്കി സഹോദരന്മാരെ ലോകസിനിമയില്‍ ശ്രദ്ധേയരാക്കി.

ഫിന്നിഷ് സിനിമയുടെ പതിവു ദേശീയബോധത്തില്‍ നിന്നു വഴിമാറി നടന്നു ഈ സഹോദരന്മാര്‍. ദേശീയ സിനിമയിലെ സാംസ്‌കാരിക നിലപാടുകളെയും സാമൂഹിക- രാഷ്ട്രീയ നിലപാടുകളെയും ഇരുവരും ചോദ്യം ചെയ്തു.

ആഗോളവത്കരണമുണ്ടാക്കിയ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങള്‍ അടയാളപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു. ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെയോ ഫ്രഞ്ച് നവതരംഗത്തിന്റെയോ ശൈലികള്‍ അനുകരിച്ച് സിനിമകളുണ്ടാക്കാനാണ് 1960- 80 കാലഘട്ടത്തില്‍ ഫിന്നിഷ് സിനിമ ശ്രമിച്ചിരുന്നത്. തൊഴിലില്ലായ്മയും ഗ്രാമജീവിതത്തിന്റെ തകര്‍ച്ചയുമൊക്കെയായിരുന്നു ഇവയിലെ ഇതിവൃത്തം. ഒരര്‍ഥത്തില്‍ ഇവ രാഷ്ട്രീയ സിനിമകളായിരുന്നു. 1980 കളോടെ അവസ്ഥയില്‍ മാറ്റം വന്നു. മിക്കോ നിസ്‌കാനന്‍, ആന്‍സി മാന്ററി തുടങ്ങി കോരിസ്മാക്കിമാര്‍ വരെയുള്ള സംവിധായകര്‍ ദേശീയ സിനിമാബോധത്തില്‍ നിന്നു കുതറി മാറി സമകാലിക ലോകത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കും അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഫിന്നിഷ് സിനിമയിലേക്ക് ശക്തമായി കടന്നുവന്നു.

ഇന്ന് ഫിന്നിഷ് സിനിമ എന്നു പറയുമ്പോള്‍ പ്രേക്ഷകമനസ്സില്‍ ഉയരുന്ന ആദ്യപേരുകളിലൊന്ന് അകി കോരിസ്മാക്കിയുടേതാണ്. ലോകമെങ്ങും വലിയൊരു പ്രേക്ഷക സമൂഹം അകിയുടെ സിനിമകള്‍ക്കുണ്ട്. സ്വന്തമായ വഴിയിലൂടെയാണ് അകിസിനിമകള്‍ സഞ്ചരിക്കുന്നത്. എല്ലാ സിനിമകള്‍ക്കും ഒരേ ശൈലി. വിഷയങ്ങളും ആവര്‍ത്തിക്കുന്നു. എങ്കിലും, ഈ സിനിമകള്‍ നമ്മുടെ ഹൃദയത്തില്‍ പോറലുണ്ടാക്കുന്നുണ്ട്. മനുഷ്യനന്മയിലേക്ക് നേരിയ വെളിച്ചം പ്രസരിപ്പിക്കുന്നുണ്ട്.

2002 ല്‍ പുറത്തിറങ്ങിയ ' മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' എന്ന സിനിമയാണ് അകി കോരിസ്മാക്കിയെ ലോകസിനിമാ ഭൂപടത്തില്‍ രേഖപ്പെടുത്തിയത്. കവര്‍ച്ചക്കിടയില്‍ തലക്കടിയേറ്റ് ഭൂതകാലം മറന്നുപോകുന്ന ഒരു മധ്യവയസ്‌കനാണ് ഇതിലെ നായകന്‍. സ്വന്തമായി പേരില്ലാത്ത അയാള്‍ നേരിടുന്ന സ്വത്വ പ്രതിസന്ധിയാണ് സിനിമയുടെ ഇതിവൃത്തം.

അകി കോരിസ്മാക്കിക്ക് ചില വിശ്വാസങ്ങളുണ്ട്. മനുഷ്യരാശിയുടെ മോചനത്തിന് കടുത്ത വഴികള്‍ സ്വീകരിച്ചേ തീരൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലോകജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വര്‍ഗമാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണക്കാര്‍ എന്നു അകി വിശ്വസിക്കുന്നു. ഇവരെ ഉന്മൂലനം ചെയ്താലേ മനുഷ്യകുലം രക്ഷപ്പെടൂ എന്നാണ് അകിയുടെ വാദം. സമ്പന്നരെപ്പോലെ വെറുക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരും. സമ്പന്നരുടെ പാവകളാണവര്‍ എന്നദ്ദേഹം കുറ്റപ്പെടുത്തുന്നു.

സാധാരണക്കാര്‍ നായകര്‍

സമ്പന്ന രാജ്യത്തെ വലിയവര്‍ അകി കോരിസ്മാക്കിയുടെ ഫ്രെയിമിലേക്ക് വരാറില്ല. സാധാരണക്കാരുടെ വേദനകളാണ്, ചെറിയ ചെറിയ സന്തോഷങ്ങളാണ് അകി ചിത്രങ്ങളിലെ വിഷയം. തെരുവിലെ ഷൂ പോളീഷുകാരനും അഭയാര്‍ഥിയും മാലിന്യം കയറ്റിപ്പോകുന്ന ട്രക്കിന്റെ ഡ്രൈവറും ഹോട്ടല്‍ തൊഴിലാളിയും ഇറച്ചിവെട്ടുകാരനും ഖനിത്തൊഴിലാളിയും തീപ്പെട്ടിക്കമ്പനി ജോലിക്കാരിയുമൊക്കെ അകിസിനിമകളില്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നു. ഇവരൊന്നും തങ്ങളുടെ ദുരിതങ്ങളോട് കലഹിക്കുകയോ ജീവിതത്തില്‍ നിന്നു ഒളിച്ചോടുകയോ ചെയ്യുന്നില്ല. എങ്ങനെയെങ്കിലും ഉയരങ്ങളില്‍ ചെന്നെത്താനും അവര്‍ മോഹിക്കുന്നില്ല. വഞ്ചനകള്‍ക്ക് അവര്‍ മിക്കപ്പോഴും കീഴടങ്ങിക്കൊടുക്കുന്നു. അപൂര്‍വം ചിലപ്പോള്‍ മാത്രം അവര്‍ പകരം വീട്ടാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, അപ്പോഴും അവര്‍ പരാജയപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്. ചെറിയൊരു ജീവിതം. അതില്‍നിന്നു കിട്ടുന്ന ചെറിയ സന്തോഷം. അതേ അവരാഗ്രഹിക്കുന്നുള്ളു. സമൂഹത്തിലെ ഉന്നതരില്‍ തനിക്കു തീരെ താല്‍പര്യമില്ലെന്ന് കോരിസ്മാക്കി തുറന്നു സമ്മതിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടി എങ്ങനെ സംഭാഷണമെഴുതണം എന്ന് തനിക്കറിയില്ല. അവരെങ്ങനെയാണ് സംസാരിക്കുന്നത് എന്നും തനിക്കറിഞ്ഞൂടാ. സാധാരണ മനുഷ്യരെയാണ് തനിക്കു പരിചയം. അവര്‍ക്കിടയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ഭാഷയേ തനിക്കറിയൂ. അവരുടെ വേദനയേ തന്നെ സ്്പര്‍ശിച്ചിട്ടുള്ളു. അതാണ് സിനിമയിലേക്കു പകര്‍ത്തുന്നത്.

ചെയിന്‍സ്‌മോക്കറായ അകിയെപ്പോലെ സ്ത്രീകളടക്കമുള്ള അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും പുകവലിക്കും . മദ്യപിക്കും . പാട്ട് ആസ്വദിക്കും. ഏതാണ്ട് എല്ലാ സിനിമകളിലും പാട്ടുണ്ടാവും. കഥാസന്ദര്‍ഭവുമായി യോജിച്ചുപോകുന്നവയാണീ പാട്ടുകള്‍. വിഷാദവും പ്രതീക്ഷയുമാണ് ഈ പാട്ടുകളിലെ ഭാവം. ' ഏരിയല്‍ ' എന്ന സിനിമയിലെ പാട്ടിലുള്ളതുപോലെ ' മഴവില്ലിനപ്പുറത്തെവിടെയോ, താരാട്ടുപാട്ടില്‍ ഒരിക്കല്‍മാത്രം കേട്ട നാടു തേടിയുള്ള ഏകാന്തയാത്രകളാണ് ' അകികഥാപാത്രങ്ങളുടെ ജീവിതം. മിക്ക സിനിമകളിലും കഥാപാത്രങ്ങളുടെ സന്തത സഹചാരിയായി അനുസരണയുള്ള ഒരു പട്ടിയുമുണ്ടാകും. അഭിനേതാക്കളുടെ കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്താനൊന്നും അകി ശ്രദ്ധിക്കാറില്ല. ഒരേ താരങ്ങളെത്തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ നമ്മള്‍ കണ്ടുമുട്ടുക.

സിനിമാത്രയം

സമാന വിഷയം ഇതിവൃത്തമാക്കി മൂന്നു സിനിമാത്രയം സംവിധാനം ചെയ്തിട്ടുണ്ട് അകി കോരിസ്മാക്കി. തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കിയെടുത്ത പ്രോലറ്റേറിയറ്റ് ട്രിലജിയാണ് ആദ്യത്തേത്. ഈ വിഭാഗത്തിലെ ആദ്യചിത്രമായ ' ഷാഡോസ് ഇന്‍ പാരഡൈസ് ' 1986 ല്‍ ഇറങ്ങി. ' ഏരിയല്‍ ' 88 ലും ' മാച്ച് ഫാക്ടറി ഗേള്‍ ' 90 ലും പുറത്തുവന്നു. ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ട്രിലജിയാണ് രണ്ടാമത്തേത്. ഒരു റഷ്യന്‍ റോക്ക് ബാന്‍ഡാണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. ദൈന്യത കലര്‍ന്ന കറുത്ത ഫലിതങ്ങളാല്‍ സമ്പുഷ്ടമാണീ സിനിമകള്‍. ' ലെനിന്‍ഗ്രാഡ് കൗബോയ്‌സ് ഗോ അമേരിക്ക ' യാണ് ഈ പരമ്പരയിലെ ആദ്യചിത്രം. ' ലെനിന്‍ഗ്രാഡ് കൗബോയ്‌സ് മീറ്റ് മോസസ് ', ' ടോട്ടല്‍ ബലാലേയ്ക്ക ഷോ ' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഫിന്‍ലന്‍ഡ് ട്രിലജിയാണ് മൂന്നാമത്തെ പരമ്പര. ' ഡ്രിഫ്റ്റിങ് ക്ലൗഡ്‌സ് ( 1996 ), മാന്‍ വിത്തൗട്ട് എ പാസ്റ്റ് ( 2002 ), ലൈറ്റ്‌സ് ഇന്‍ ദ ഡസ്‌ക് ( 2006 ) എന്നിവയാണ് ഈ വിഭാഗത്തിലെ സിനിമകള്‍. നാലാമത്തെ ചിത്രപരമ്പര ആദ്യം ഹാര്‍ബര്‍സിറ്റി ട്രിലജി ( തുറമുഖനഗര ത്രയം ) ആയാണ് ആസൂത്രണം ചെയ്തിരുന്നത്. അതിലെ ആദ്യസിനിമയായ ' ലേ ഹാവ്‌റെ ' ഈ ലേബലില്‍ത്തന്നെയാണ് ഇറങ്ങിയതും. അകി എന്ന ചലച്ചിത്രകാരനിലെ മാനവികതാവാദി ഫിന്‍ലന്‍ഡിന്റെ അതിരുകള്‍ ഭേദിച്ച്സാ ര്‍വലൗകികതയിലേക്കു നീങ്ങുന്നത് ' ലേ ഹാവ്‌റെ ' യിലാണ്. രണ്ടാമത്തെ ചിത്രമായ ' ദ അദര്‍ സൈഡ് ഓഫ് ഹോപ്പി ' ലെത്തുമ്പോള്‍ തുറമുഖനഗരം കേന്ദ്രീകരിച്ചുള്ള സിനിമ എന്ന ലേബല്‍ മാറ്റുന്നു. പകരം, താന്‍ അഭയാര്‍ഥിപ്രശ്‌നമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് അകി വെളിപ്പെടുത്തുന്നു. അഭയാര്‍ഥി പ്രശ്‌നത്തില്‍ അകി സ്വന്തം രാജ്യത്തെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യുകയാണ് രണ്ടാമത്തെ ചിത്രത്തില്‍. കാനില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ' ലേ ഹാവ്‌റെ ' 2012 ഡിസംബറില്‍ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കാണിച്ചിട്ടുണ്ട്. ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം 2017 ലാണ് രണ്ടാമത്തെ ചിത്രമായ ' ദ അദര്‍ സൈഡ് ഓഫ് ഹോപ്പ് ' വന്നത്. ഈ സിനിമയിലൂടെ അകി ബര്‍ലിന്‍ മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനര്‍ഹനായി. അഭയാര്‍ഥി പരമ്പരയിലെ മൂന്നാമത്തെ ചിത്രമെടുക്കാന്‍ പത്തു വര്‍ഷമെങ്കിലും ഒരുപക്ഷേ, എടുത്തേക്കാം എന്നാണ് അകി പറയുന്നത്. അതോടെ സിനിമയോട് വിടപറയാനും അദ്ദേഹം ഉദ്ദേശിക്കുന്നു.



സ്വപ്‌നങ്ങളില്ലാത്തവര്‍

സ്വപ്‌നം കാണാന്‍ ഒരു ജീവിതമില്ലാത്ത, ഈ ഭൂമിയുടെ തടവുകാരായ ഏതാനും കഥാപാത്രങ്ങളാണ് ആദ്യത്തെ പ്രോലറ്റേറിയറ്റ് ട്രിലജിയില്‍ പ്രത്യക്ഷപ്പെടുന്നത്. നഗരവാസികളുടെ മാലിന്യങ്ങള്‍ കൊണ്ടുപോയി തള്ളുന്ന ട്രക്ക് ഡ്രൈവര്‍ നികന്ദറും സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്‌ഗേള്‍ ഇലോനയും തമ്മിലുള്ള നിറപ്പകിട്ടില്ലാത്ത പ്രണയമാണ് ' ഷാഡോസ് ഇന്‍ പാരഡൈസി ' ല്‍ പറയുന്നത്. കേടായ പല്ലും വയറും കരളുമുള്ള ഒരാള്‍ എന്നാണ് നികന്ദര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ശുദ്ധമായ പ്രണയത്തിലാണ് അയാള്‍ക്ക് താത്പര്യം. ഏക സഹോദരി മാനസികാരോഗ്യ കേന്ദ്രത്തിലാണ്. സംഗീത തത്പരനാണ് നികന്ദര്‍. അയാള്‍ക്ക് പിന്നീട് ഒരു കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ വെച്ചാണ്. പ്രതിസന്ധികള്‍ മറികടന്ന് നികന്ദര്‍ -ഇലോന ബന്ധം ശുഭമായി കലാശിക്കുന്നു. രണ്ടാമത്തെ ചിത്രമായ ' ഏരിയലി ' ല്‍ കസൂരിനെന്‍ എന്ന ഖനിത്തൊഴിലാളിയാണ് നായകന്‍. ഖനി പൂട്ടിയതോടെ അയാളും അച്ഛനും തൊഴില്‍രഹിതരാകുന്നു. തന്റെ ആകെയുള്ള സമ്പാദ്യമായ പഴയ കാര്‍ മകനു കൈമാറി അച്ഛന്‍ ആത്മഹത്യ ചെയ്യുന്നു. പുതിയൊരു തൊഴില്‍ തേടി അലയുകയാണ് കസൂരിനെന്‍. ഇറച്ചിവെട്ടുകാരിയായും രാത്രി കാവല്‍ക്കാരിയായും ജോലി ചെയ്യുന്ന ഒരു വിവാഹമോചിതയാണ് കസൂരിനെനിന്റെ ജീവിതത്തിലേക്ക് പ്രകാശമായി കയറിവരുന്നത്. ഇയാള്‍ക്കും കൂട്ടുകാരനെ കിട്ടുന്നത് ജയിലില്‍ നിന്നാണ്. കൂട്ടുകാരന്റെ സഹായത്തോടെ കസൂരിനെനും കാമുകിയും ഒടുവില്‍ കള്ളവഴിയിലൂടെ പാസ്‌പോര്‍ട്ട് നേടി മെക്‌സിക്കോവിലേക്ക് ' ഏരിയല്‍ ' എന്ന കപ്പലില്‍ രക്ഷപ്പെടുകയാണ്. നമ്മുടെ മുന്‍ധാരണകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്ന സിനിമയാണ് പരമ്പരയിലെ അവസാനത്തേതായ ' മാച്ച് ഫാക്ടറി ഗേള്‍ '. അമ്മയുടെയും രണ്ടാനച്ഛന്റെയും കറവപ്പശുവായി മാറിയ ഐറിസ് എന്ന പെണ്‍കുട്ടിയാണ് ഇതിലെ നായിക. തീപ്പെട്ടിക്കമ്പനിയിലാണ് അവള്‍ക്ക് ജോലി. കൂട്ടുകാരികളൊന്നുമില്ല. ഒരു കൂട്ട് കൊതിച്ച് ഡാന്‍സ് ഹാളില്‍ പോയാലും അവള്‍ക്ക് ഒറ്റപ്പെടാനാണ് വിധി. ഒരിക്കല്‍ അവളെയും തേടിവന്നു ഒരു ചെറുപ്പക്കാരന്‍. അയാള്‍ക്ക് പക്ഷേ, അവളുടെ ശരീരമേ വേണ്ടിയിരുന്നുള്ളു. ഗര്‍ഭിണിയായ അവളെ അയാള്‍ ഉപേക്ഷിക്കുന്നു. പിന്നീട്, തന്റേടത്തോടെ അയാളുടെ ഔദാര്യങ്ങള്‍ തള്ളിക്കളയുന്നു അവള്‍. ഉറ്റവരുടെ തിരസ്‌കാരങ്ങളോട് അവള്‍ പകരം വീട്ടുന്നു. സംഗീതം ആസ്വദിക്കുന്ന, പുസ്തകവായന ഇഷ്ടപ്പെടുന്ന ആ പെണ്‍കുട്ടിയുടെ ഉള്ളില്‍ അഗ്നിനാളങ്ങള്‍ കെടാതെയുണ്ടായിരുന്നു എന്നു നമുക്ക് മനസ്സിലാവുന്നു.

കോരിസ്മാക്കിയുടെ ചിത്രങ്ങള്‍ക്ക് സാധാരണ 90 മിനിറ്റാണ് നീളം. ആദ്യ സിനിമാത്രയത്തിലെ മൂന്നു ചിത്രങ്ങളും 70 മിനിറ്റിലാണ് വെട്ടിയൊരുക്കിയിരിക്കുന്നത്. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളെക്കുറിച്ച് കുറച്ചേ പറയാനുള്ളു . പക്ഷേ, പറയാനുള്ളത് ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട് അദ്ദേഹം. തന്റെ ചിത്രങ്ങളില്‍ കലാപരമായ കൃത്രിമങ്ങള്‍ക്ക് അകി മുതിരാറില്ല. ചെത്തിമിനുക്കിയെടുത്ത ദൃശ്യങ്ങളും പ്രകൃതിഭംഗിയും നമുക്ക് കാണാനാവില്ല. വളരെ പെട്ടെന്ന് കണ്‍മുന്നില്‍ നിന്ന് മായും അദ്ദേഹം ഒരുക്കുന്ന ദൃശ്യങ്ങള്‍. ചെറിയ രംഗങ്ങളിലാണ് അകിക്ക് താല്‍പര്യം. അധികം വിശദീകരണങ്ങള്‍ നല്‍കില്ല. അകിയുടെ മുന്നില്‍ നടീനട•ാര്‍ അഭിനയം മറക്കും. ആരോടും അദ്ദേഹം അഭിനയം ആവശ്യപ്പെടാറില്ല. എത്ര ഭീകരമായ അനുഭവമുണ്ടായാലും അകിയുടെ കഥാപാത്രങ്ങള്‍ ആര്‍ത്തലച്ചു കരയാറില്ല. നിശ്ശബ്ദമായി കരയാനറിയാം അവര്‍ക്ക്. എങ്കിലും, അവരുടെ ഹൃദയതാപം നമ്മെ പൊള്ളിക്കും.

ചരക്കുകളോടൊപ്പം മനുഷ്യരും

ചരക്കുകള്‍ കയറ്റിവരുന്ന കപ്പലുകളില്‍ കയറിപ്പറ്റി എവിടെയെല്ലാമോ പിന്തള്ളപ്പെടുന്ന അഭയാര്‍ഥികളാണ് അവസാനത്തെ രണ്ടു ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ' ലേ ഹാവ്‌റേ ' യില്‍ കഥ നടക്കുന്നത് ഫ്രാന്‍സിലാണ്. ഫ്രാന്‍സിലെ മുഖ്യ തുറമുഖ നഗരമായ ലേ ഹാവ്‌റെയില്‍ വഴിതെറ്റി വന്നിറങ്ങുന്ന ഒരഭയാര്‍ഥിയിലൂടെയാണ് പലായനം ചെയ്യുന്ന നിരാലംബരെക്കുറിച്ച് അകി കോരിസ്മാക്കി പറയുന്നത്. ലണ്ടനിലേക്ക് പോകാന്‍ കപ്പലില്‍ ഒളിച്ചുകടക്കുന്ന ഇദ്രിസ എന്ന ആഫ്രിക്കന്‍ ബാലനും അവന് അഭയമരുളുന്ന മാര്‍സല്‍ മാക്‌സ് എന്ന ഷൂ പോളിഷുകാരനുമാണ് പ്രധാന കഥാപാത്രങ്ങള്‍. തുറമുഖത്തടുത്ത ഒരു കണ്ടയ്‌നര്‍ സംശയം തോന്നി തുറന്നപ്പോള്‍ അതിനകത്ത് കുറെ ആഫ്രിക്കന്‍ വംശജര്‍. അല്‍ ഖ്വെയ്ദ ബന്ധമുള്ളവരാണിവര്‍ എന്നാണ് പോലീസിന്റെ പക്ഷം. കൂട്ടത്തിലുള്ള ഇദ്രിസ തഞ്ചത്തില്‍ ഓടി രക്ഷപ്പെടുന്നു. കര്‍ക്കശക്കാരനെന്നു തോന്നിക്കുന്ന ഇന്‍സ്‌പെക്ടര്‍ ഹെന്‍ട്രി മോണെറ്റ് ബാലനെ വെടിവെക്കാനുള്ള നീക്കം തടയുന്നു. മാര്‍സല്‍ മാക്‌സിന്റെ മുന്നിലാണ് പിന്നീട് പയ്യനെ നമ്മള്‍ കാണുന്നത്. അവന്‍ ലണ്ടനിലുള്ള അമ്മയുടെ അടുത്തേക്കാണ് പുറപ്പെട്ടത്. പക്ഷേ, എത്തിയത് ഫ്രാന്‍സിലും. അവന്റെ അമ്മ ഒരു വര്‍ഷമായി ലണ്ടനിലാണ്. അവര്‍ക്ക് റസിഡന്റ് പെര്‍മിറ്റില്ല. എങ്കിലും , അവര്‍ ഒരു ചൈനീസ് ലോണ്ട്‌റിയില്‍ ജോലി ചെയ്യുന്നുണ്ട്. തന്റെ ഭാര്യ രോഗിയായി ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുമ്പോഴും ഇദ്രിസിന്റെ പ്രശ്‌നം മാര്‍സലിനെ അലട്ടുന്നു. ചാടിപ്പോയ പയ്യന്‍ മാര്‍സലിന്റെ സംരക്ഷണത്തില്‍ എവിടെയോ കഴിയുകയാണെന്നാണ് അവനെ പിടിക്കാന്‍ നിരന്തരം അന്വേഷണം നടത്തുന്ന ഇന്‍സ്‌പെക്ടര്‍ മോണെറ്റിന്റെ ധാരണ. അയാള്‍ മാര്‍സെലിന്റെ നീക്കങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. 3000 യൂറോ കൊടുത്താല്‍ ഇദ്രിസിനെ ബോട്ടില്‍ ലണ്ടനിലേക്ക് കടത്താമെന്ന് ഒരാള്‍ മാര്‍സലിന് ഉറപ്പു നല്‍കുന്നു. എങ്ങനെയും പണമുണ്ടാക്കി ഇദ്രിസിനെ അമ്മയുടെ അടുത്തെത്തിക്കാനാണ് മാര്‍സലിന്റെ ശ്രമം. ഇതിനായി മാര്‍സലും വിയറ്റ്‌നാമില്‍ നിന്ന് അഭയാര്‍ഥിയായി 12 വര്‍ഷം മുമ്പ് എത്തിയ ചാങ് എന്ന ഷൂ പോളീഷുകാരനും ചേര്‍ന്ന് ഒരു സംഗീതക്കച്ചേരി സംഘടിപ്പിക്കുന്നു. അത് വന്‍വിജയമായി. കാര്യങ്ങള്‍ മണത്തറിഞ്ഞ് പിറ്റേന്നു പോലീസ് മാര്‍സലിന്റെ വീടു പരിശോധിക്കുന്നു. അപ്പോഴേക്കും ഇദ്രിസിനെ മാര്‍സല്‍ രക്ഷപ്പെടുത്തിയിരുന്നു. ബോട്ടിലെ രഹസ്യ അറയില്‍ ഒളിച്ചിരിക്കുന്ന ഇദ്രിസിനെ ഇന്‍സ്‌പെക്ടര്‍ കണ്ടുപിടിക്കുന്നു. അവന്റെ നിഷ്‌കളങ്കമുഖം ഇന്‍സ്‌പെക്ടറെ സ്പര്‍ശിച്ചു. പിന്നെ അവനെ പോലീസിന്റെ തിരച്ചിലില്‍ നിന്നും രക്ഷിക്കുന്നത് ഇന്‍സ്‌പെക്ടറാണ്. ( നിരപരാധികളുടെ കണ്ണീരു കാണാന്‍ താനിഷ്ടപ്പെടുന്നില്ലെന്നു ഒരിക്കല്‍ അയാള്‍ മാര്‍സലിനോട് പറയുന്നുണ്ട്്് ).

2011 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ' ലേ ഹാവ്‌റെ ' നേടി. അക്കൊല്ലം മ്യൂണിച്ച്, ചിക്കാഗോ മേളകളിലും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിനു ഈ സിനിമയെ നാമനിര്‍ദേശം ചെയ്തു. ( 2002 ല്‍ ' മാന്‍ വിത്തൗട്ട് എ പാസ്റ്റ് ' എന്ന സിനിമയും ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു ).

കത്തുന്ന സിറിയയില്‍ നിന്ന്

ആഭ്യന്തര കലാപത്താല്‍ കലുഷിതമായ സിറിയയില്‍ നിന്നുള്ള ഖാലിദ് എന്ന യുവാവിനെയാണ് രണ്ടാമത്തെ അഭയാര്‍ഥിച്ചിത്രമായ ' ദ അദര്‍ സൈഡ് ഓഫ് ഹോപ്പി ' ല്‍ അകി കോരിസ്മാക്കി പ്രധാന കഥാപാത്രമാക്കിയത്. സിനിമയുടെ പശ്ചാത്തലം ഫിന്‍ലന്‍ഡ് തന്നെ. ' എല്ലാവരും സമ•ാരായ, നല്ലവരുടെ രാജ്യമായ, യുദ്ധമില്ലാത്ത രാജ്യമായ ' ഫിന്‍ലന്‍ഡിലാണ് ഖാലിദ് വന്നെത്തുന്നത്. സിറിയയിലെ ആലെപ്പോവില്‍ നിന്നാണവന്‍ വരുന്നത്. സര്‍ക്കാര്‍ സൈനികരും വിമതരായ കലാപകാരികളും ഏറ്റുമുട്ടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ആലപ്പോ. മെക്കാനിക്കാണ് ഖാലിദ്. അവന്‍ ജോലിസ്ഥലത്തും സഹോദരി മിറിയം ഭക്ഷണം വാങ്ങാന്‍ പുറത്തും ഉള്ള സമയത്താണ് ഒരു മിസൈല്‍ അവരുടെ വീട്ടിനു മുകളില്‍ പതിച്ചത്. പണിസ്ഥലത്തുനിന്നു മടങ്ങിയപ്പോള്‍ കണ്ടത് തവിടുപൊടിയായിക്കിടക്കുന്ന വീടാണ്. മാതാപിതാക്കളും കൊച്ചു സഹോദരനും അമ്മാവനും അയാളുടെ ഭാര്യയും അവരുടെ മക്കളുമെല്ലാം ഉണ്ടായിരുന്നു ആ വീട്ടില്‍. മിസൈല്‍ പതിക്കുമ്പോള്‍ എല്ലാവരും ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. ആരും രക്ഷപ്പെട്ടില്ല. ആരുടെ മിസൈലാണ് തന്നെയും സഹോദരിയെയും അനാഥരാക്കിയതെന്ന് ഖാലിദിനറിയില്ല. പിറ്റേന്ന് ശവസംസ്‌കാരം കഴിഞ്ഞ് ' ദൈവവിശ്വാസത്തെ കുടുംബത്തോടൊപ്പം കുഴിച്ചുമൂടി ' അനിയത്തി മിറിയത്തെയും കൂട്ടി ഖാലിദ് പലായനമാരംഭിച്ചു. കസിന്‍ ഒരു വാനില്‍ അവരെ തുര്‍ക്കി അതിര്‍ത്തിയിലെത്തിച്ചു. ഇരുവരും നടന്ന് അതിര്‍ത്തി കടന്നു. രണ്ടാഴ്ച കഴിഞ്ഞ് ഒരു കള്ളക്കടത്തുകാരന് 3000 ഡോളര്‍ കൊടുത്ത് ബോട്ടില്‍ ഗ്രീസിലെത്തി. അവിടെ നിന്ന് മാസിഡോണിയ വഴി സെര്‍ബിയയില്‍ കടന്നു. പിന്നീട് ഹംഗേറിയന്‍ അതിര്‍ത്തിയിലെത്തി. അവിടെ ആകെ കൂട്ടക്കുഴപ്പമായിരുന്നു. എങ്ങനെയോ മിറിയത്തെ കാണാതായി. പോലീസ് പിടിച്ച് ഖാലിദിനെ ജയിലിലടച്ചു.

നാലു ദിവസത്തിനുശേഷം ഖാലിദിനെ ജയിലില്‍ നിന്നു വിട്ടു. സഹോദരിയെ എങ്ങും തിരഞ്ഞു. കണ്ടില്ല. എല്ലാ അഭയാര്‍ഥി ക്യാമ്പുകളിലും അന്വേഷിച്ചു. ഫലമുണ്ടായില്ല. രണ്ടു മാസം ഹംഗറി, ഓസ്ട്രിയ, സ്ലോവേനിയ, ജര്‍മനി എന്നിവിടങ്ങളില്‍ സഹോദരിയെത്തേടി കറങ്ങി. എവിടെയും അവന്‍ അഭയം തേടാന്‍ മുതിര്‍ന്നില്ല. സഹോദരിയെ കണ്ടെത്താന്‍ ഏതു രാജ്യത്തും പോകേണ്ടിവരാം എന്നതുകൊണ്ടാണ് അഭയം തേടാന്‍ മടിച്ചത്. പോളണ്ടിലെ ഗഡാന്‍സ്‌കില്‍ തുറമുഖത്തിനു വെളിയില്‍ നവനാസികള്‍ ഖാലിദിനെ ആക്രമിച്ചു. അവന്‍ ഓടി രക്ഷപ്പെട്ട് ഒരു ചരക്കു കപ്പലില്‍ കേറി. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. കല്‍ക്കരിക്കൂമ്പാരത്തിനുള്ളില്‍ നിന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ ഒരു നല്ല മനുഷ്യന്‍ അവനെക്കണ്ടു. അയാള്‍ അക്കാര്യം രഹസ്യമാക്കിവെച്ചു. അയാള്‍ അവനു ഭക്ഷണം കൊടുത്തു. കപ്പല്‍ ഫിന്‍ലന്‍ഡിലേക്കാണെന്നു പറഞ്ഞു. നല്ലവരുടെ നല്ല രാജ്യമാണ് ഫിന്‍ലന്‍ഡ് എന്നയാള്‍ പറഞ്ഞു. യുദ്ധമില്ലാത്ത ആ രാജ്യത്ത് താമസിച്ച് തന്റെ സഹോദരിയെ കണ്ടെത്തണമെന്ന് ഖാലിദ് തീര്‍ച്ചയാക്കുന്നു. ഹെല്‍സിങ്കിയില്‍ കപ്പലിറങ്ങി അവന്‍ നേരെ പോലീസിനു മുന്നില്‍ ഹാജരാവുന്നു. നിയമാനുസൃതം റെസിഡന്റ് പെര്‍മിറ്റ് നേടാനായിരുന്നു അവനാഗ്രഹം. ഇവിടത്തെ ഭാഷ പഠിച്ച് ഒരു ജോലി നേടണം. സഹോദരിയെ കണ്ടെത്തി ഇങ്ങോട്ടു കൊണ്ടുവരണം. അവളുടെ ഭാവിയാണ് അവനു പ്രധാനം. പക്ഷേ, അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ട് ഖാലിദിനെതിരായിരുന്നു. ആലപ്പോയില്‍ സംഘര്‍ഷത്തിന് അയവു വന്നെന്നും അഭയാര്‍ഥിയെ എത്രയുംവേഗം സിറിയയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ നിലപാടെടുത്തു. നാടു കടത്താനായി പിറ്റേന്നു പോലീസെത്തുംമുമ്പേ ഖാലിദ് മുങ്ങി.

ഫിന്‍ലന്‍ഡ് വിമോചനപ്പട എന്ന ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിനിരയാകുന്ന ഖാലിദിനെ നാട്ടുകാര്‍ രക്ഷിക്കുന്നു. പിന്നീട് നമ്മള്‍ അവനെ കാണുന്നത് ഒരു ഇടത്തരം റെസ്റ്റോറന്റിലാണ്. മുന്‍ സെയില്‍സ്മാനായിരുന്ന ഒരാളാണ് റെസ്റ്റോറന്റ് ഉടമ. ഖാലിദിന് ഹോട്ടലില്‍ സംരക്ഷണം നല്‍കുന്നു. റെസ്റ്റോറന്റ് ഉടമതന്നെ മുന്‍കൈയെടുത്ത് ഖാലിദിന് വ്യാജരേഖയുണ്ടാക്കിക്കൊടുക്കുന്നു. റെസ്റ്റോറന്റില്‍ ജോലി ചെയ്തുകൊണ്ട് അവന്‍ സഹോദരിയെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ പരിചയപ്പെട്ട മസ്ദാക് എന്ന ഇറാഖിയാണ് സഹോദരി മിറിയം ജീവിച്ചിരിപ്പുണ്ടെന്ന് ഖാലിദിനെ അറിയിക്കുന്നത്. ഒരു അഫ്ഘാന്‍ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്നു അവള്‍. അവളെ കപ്പലില്‍ ഒളിച്ചുകടത്തി ഹെല്‍സിങ്കിയിലെത്തിക്കാനും റെസ്റ്റോറന്റ് ഉടമ സഹായിച്ചു. വ്യാജരേഖയുണ്ടാക്കി ഫിന്‍ലന്‍ഡില്‍ ജീവിക്കാമെന്ന ഖാലിദിന്റെ നിര്‍ദേശം സഹോദരിക്ക് സ്വീകാര്യമാവുന്നില്ല. സ്വന്തം പേരുപേക്ഷിച്ച് കള്ളപ്പേരില്‍ കഴിയാന്‍ താനില്ലെന്ന് അവള്‍ തറപ്പിച്ചു പറയുമ്പോള്‍ ഖാലിദിന് സമ്മതിക്കാതെ നിവൃത്തിയില്ലാതായി. അഭയം തേടി പോലീസ് സ്റ്റേഷനിലേക്കു പോകുന്ന അനിയത്തിയെ മരത്തണലില്‍ കാത്തിരിക്കുന്ന ഖാലിദിന്റെ പ്രതീക്ഷാനിര്‍ഭരമായ മുഖം കാണിച്ചുകൊണ്ട് അകി കോറിസ്മാക്കി രണ്ടാമത്തെ അഭയാര്‍ഥിച്ചിത്രം അവസാനിപ്പിക്കുന്നു.



അവരെയും ഉള്‍ക്കൊള്ളുക

മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് നിരാലംബരായി എത്തുന്നവരെ അന്വേഷണ പ്രഹസനത്തിലൂടെ നിഷ്‌കരുണം തിരസ്‌കരിക്കാനുള്ള അധികാരികളുടെ വ്യഗ്രതയെ ആവുന്നത്ര ശക്തിയില്‍ വിമര്‍ശിക്കുന്നുണ്ട് അകി. പീഡനത്തിനിരയായോ പട്ടിണി കിടന്നോ ജീവിക്കാന്‍ അവസരം തേടിയോ വന്നണയുന്ന നിസ്സഹായരായ അഭയാര്‍ഥികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്ന തന്റെ രാജ്യത്തിന്റെ മനോഭാവത്തെ, അതുവഴി യൂറോപ്പിന്റെ ചിന്താഗതിയെ, ഒരു മറയുമില്ലാതെ എതിര്‍ക്കാനാണ് അവസാനത്തെ രണ്ടു ചിത്രങ്ങളിലും അകി കോറിസ്മാക്കി ശ്രമിക്കുന്നത്. സമകാലിക ലോകം നേരിടുന്ന അഭയാര്‍ഥിപ്രവാഹത്തിനു നേരെ മുഖം തിരിക്കുകയല്ല, അതിനെ മാനുഷികമായി കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്ന് സംവിധായകന്‍ ആവശ്യപ്പെടുന്നു. ഇരുപതിനായിരത്തോളം ഇറാഖി അഭയാര്‍ഥികള്‍ രാജ്യത്തെത്തിയപ്പോള്‍ യുദ്ധം പോലെ അതൊരു ആക്രമണമായാണ് ഫിന്നിഷ് ജനത കണ്ടതെന്ന് അകി ഓര്‍മിക്കുന്നു. ആ പ്രതികരണത്തില്‍ അസ്വസ്ഥനായാണ് അഭയാര്‍ഥിപ്രശ്‌നം കൈകാര്യം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചത്. സിനിമ കൊണ്ട് ലോകത്തെ മാറ്റിയെടുക്കാനാവില്ലെന്ന് അകിക്കറിയാം. എന്നാലും, തന്റെ നാട്ടുകാരിലെങ്കിലും സഹാനുഭൂതിയുണര്‍ത്താനായെങ്കില്‍ തന്റെ സിനിമ വിജയിച്ചു എന്നാണ് അകി കരുതുന്നത്. അഭയാര്‍ഥികളെ തിരസ്‌കരിക്കാനല്ല ഉള്‍ക്കൊള്ളാനാണ് അകി ലോകസമൂഹത്തോട് അഭ്യര്‍ഥിക്കുന്നത്. ' ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ആരെയും സ്വീകരിക്കുന്നില്ല. ഈ ചിന്താഗതി ലജ്ജാകരമാണ് ' - അദ്ദേഹം ഒരഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

തുറമുഖത്തടുത്ത കപ്പലിലെ കല്‍ക്കരിക്കൂമ്പാരത്തില്‍ നിന്നു പുറത്തുവരുന്ന ചെറുപ്പക്കാരനെ കാണിച്ചുകൊണ്ടാണ് ' ദ അദര്‍ സൈഡ് ഓഫ് ഹോപ്പ് ' തുടങ്ങുന്നത്. ഇരുട്ടില്‍ നിന്ന് അവന്‍ നോക്കുമ്പോള്‍ നഗരത്തിലെ ദീപങ്ങള്‍ നിറഞ്ഞു കത്തുന്നു. പ്രകാശമാര്‍ന്ന ഈ പ്രത്യാശയാണ് നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് പിന്നീട് ഇരുണ്ടുപോകുന്നത്. എന്നിട്ടും അവന്‍ പിടിച്ചു നിന്നു. ' ലേ ഹാവ്‌റെ ' യിലേതുപോലെ ഈ ചിത്രത്തിലും മറ്റൊരു അഭയാര്‍ഥിയെക്കൂടി അകി പ്രധാന കഥാപാത്രമാക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഓടിപ്പോന്ന മസ്ദാക് എന്ന മെയില്‍ നഴ്‌സാണ് ഒരു വര്‍ഷമായി ഫിന്‍ലന്‍ഡില്‍ ഉറച്ചൊരു ജോലിക്കുവേണ്ടി അലഞ്ഞുനടക്കുന്നത്. പട്ടാളക്കാര്‍ വീട് റെയ്ഡ് ചെയ്തതിന്റെ പിറ്റേന്ന് കുടുംബത്തെ ഇറാഖിലുപേക്ഷിച്ച് ഓടിപ്പോന്നതാണവന്‍. കുടുംബത്തെ കൊണ്ടുവരണമെങ്കില്‍ പാര്‍ട്ട് ടൈമായി തനിക്ക് മൂന്നു ജോലിയെങ്കിലും വേണ്ടിവരുമെന്നാണവന്‍ ഖാലിദിനോട് പറയുന്നത്. എന്നിട്ടും തന്റെ വേദനകള്‍ക്കും യാതനകള്‍ക്കുമിടയിലും മസ്ദാക് ഖാലിദിന്റെ അനിയത്തിയെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. രക്തം രക്തത്തെ തിരിച്ചറിയുന്ന ഈ മനോഭാവം തന്നെയാണ് ' ലേ ഹാവ്‌റെ ' യിലെ ചാങ് എന്ന വിയറ്റ്‌നാംകാരനുമുള്ളത്. പന്ത്രണ്ട് വര്‍ഷം മുമ്പാണ് ഏതോ ട്രെയിനിന്റെ മുകളില്‍ കയറിയിരുന്ന് ചാങ് ഫ്രാന്‍സിലെത്തിയത്. പാത്തും പതുങ്ങിയും എട്ടു വര്‍ഷം ചെലവിട്ടപ്പോഴാണ് പിടിച്ചുനില്‍ക്കാന്‍ ഒരു തിരിച്ചറിയല്‍ രേഖ കിട്ടിയത്. ചാങ് എന്നു തന്റെ പേരു മാറ്റിയതില്‍ ഒട്ടും പരിഭവമില്ല അവന്. അഭയാര്‍ഥിക്ക് പേരല്ല ജീവിതമാണ് വലുത്. ഇദ്രിസയെ ലണ്ടനിലേക്കയയ്ക്കാനുള്ള ശ്രമത്തില്‍ മാര്‍സലിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ചാങ്ങാണ്.

അകി കോരിസ്മാക്കി എന്നും അശരണരുടെയും നിരാലംബരുടെയും കൂടെയാണ് . തിരസ്‌കാരത്തിന്റെ ലോകത്തും അവര്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതുണ്ട് എന്നു പറയാനാണ് അകിക്കിഷ്ടം.

( സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത് )

Image courtesy:

[Movie poster for 2017 Finnish movie The other side of hope]. Retrieved from https://www.imdb.com/title/tt5222918/mediaviewer/rm1200968192
[Still from 2017 Finnish movie The other side of hope]. Retrieved from https://www.imdb.com/title/tt5222918/mediaviewer/rm3427940096
[Still from 2017 Finnish movie The other side of hope]. Retrieved from https://www.imdb.com/title/tt5222918/mediaviewer/rm3443734272





Post a Comment

0 Comments