Ida


നമ്മുടെ ആസ്വാദനശീലത്തെ മാറ്റിമറിച്ച്, കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്ര കാവ്യമാണ് ' ഇഡ ' . രണ്ടാം ലോകയുദ്ധകാലത്തെ തീവ്രാനുഭവങ്ങളെ ഓര്‍മയിലേക്കു കൊണ്ടുവരുന്ന ഈ പോളിഷ് സിനിമ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

ദുരനുഭവങ്ങളിലൂടെ ഇഡയുടെ അപൂര്‍ണ യാത്ര

- ടി. സുരേഷ് ബാബു

വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യം. പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത ' ഇഡ ' ( Ida ) എന്ന പോളിഷ് സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് അതിശയോക്തിയാവില്ല. ഹതാശമായ മനുഷ്യജീവിതത്തെ ഇത്ര അനായാസമായി , ലളിതമായി, ഇതിലും കാവ്യാത്മകമായി അവതരിപ്പിക്കുന്നതെങ്ങനെ?

അസാധ്യമായത് നേടിയെടുക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ പറയുന്നു. ചരിത്രപരമെന്നു തോന്നാതെ ഒരു ചരിത്രസിനിമ എങ്ങനെയെടുക്കാം എന്നതായിരുന്നു സംവിധായകനു മുന്നിലെ വെല്ലുവിളി. കൃത്യമായ കാഴ്ചപ്പാടിന്റെ പിന്‍ബലത്തില്‍ പൗലികോവ്‌സ്‌കി ആ അസാധ്യദൗത്യം സാധിച്ചെടുക്കുക തന്നെ ചെയ്തു എന്നു പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തും. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ തുടങ്ങിയവക്കുള്ള യൂറോപ്യന്‍ ഫിലിം അവാര്‍ഡുകളടക്കം 60 അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ സിനിമ നേടിയിട്ടുണ്ട്. 2015 ല്‍ മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കറും ' ഇഡ ' ക്കായിരുന്നു. അക്കൊല്ലം ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ' ഇഡ ' പ്രദര്‍ശിപ്പിച്ചിരുന്നു.

രണ്ടു വ്യക്തികള്‍, ദുരനുഭവങ്ങള്‍

രണ്ടു വ്യക്തികളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിലൂടെ രണ്ടാം ലോകയുദ്ധകാലത്തെ കൊടുംപാതകങ്ങളെയാണ് സംവിധായകന്‍ ഓര്‍മയിലേക്ക് കൊണ്ടുവരുന്നത്. യുദ്ധകാലത്തെയും യുദ്ധാനന്തരകാലത്തെയും പോളണ്ടാണ് ' ഇഡ ' യുടെ പശ്ചാത്തലമാകുന്നത്. ഭിന്നസാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു വനിതകള്‍. അവര്‍ക്കിടയില്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തിന്റെ ക്രൂരമുദ്രകള്‍. ഇരുളും വെളിച്ചവും സംഭാഷണങ്ങള്‍ക്കിടയില്‍ കനത്തു നില്‍ക്കുന്ന മൗനത്തിന്റെ ശക്തിയും ചേര്‍ത്തുവെച്ചാണ് ചരിത്രത്തിലെ മാഞ്ഞുപോകാത്ത സത്യങ്ങളില്‍ പൗലികോവ്‌സ്‌കി വീണ്ടും തൊടുന്നത്. ഓരോ നിമിഷവും പ്രേക്ഷകനില്‍ ഉത്ക്കണ്ഠയുണര്‍ത്തിക്കൊണ്ട് , പശ്ചാത്തലസംഗീതത്തിന്റെ ബഹളമില്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകുന്നു സംവിധായകന്‍. ശക്തമായ ഒരു ബിംബത്തിലൂടെ ഓരോ ദൃശ്യവും പ്രേക്ഷകനിലെത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മിക്ക ദൃശ്യങ്ങളിലും കഥാപാത്രങ്ങളെ അദ്ദേഹം സ്‌ക്രീനിന്റെ മധ്യഭാഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നു. എന്നിട്ടവരെ ഫ്രെയിമിന്റെ ഇടത്തും വലത്തും താഴെയും മുകളിലുമായി പ്രതിഷ്ഠിക്കുന്നു. സമീപദൃശ്യങ്ങളില്‍പ്പോലും ഇൗ നിഷ്ഠ കാണാം. ഓരോ ഷോട്ടും ഭംഗിയുള്ളതാക്കാനല്ല കരുത്തുറ്റതാക്കാനായിരുന്നു സംവിധായകന്റെ ശ്രമം. ആ ഷോട്ടുകളില്‍ വികാരം വന്നുനിറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കൃത്യമായ പ്രകാശനിയന്ത്രണത്തിലൂടെ ഓരോ ദൃശ്യവും ഓരോ പെയിന്റിങ്ങായി മാറുകയാണ ഈ ചിത്രത്തില്‍്. അവയെല്ലാം ചേര്‍ത്തുവെച്ചാല്‍ നമുക്ക് കിട്ടുന്നത് ഒരു വികാരപ്രപഞ്ചം.

ക്യാമറയുടെ തിരക്കിട്ട സഞ്ചാരം ഈ സിനിമയില്‍ കുറവാണ്. ക്യാമറ പലപ്പോഴും കഥാപാത്രങ്ങളുടെ മനസ്സിലേക്ക് നോട്ടമെറിഞ്ഞ് അനങ്ങാനാവാതെ അവരോടൊപ്പം അവിടെത്തന്നെ നിലയുറപ്പിച്ച് നില്‍ക്കുകയാണ്. പല രംഗങ്ങളും നിശ്ചലമാക്കി നിര്‍ത്തിയാണ് കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധിയും നിസ്സഹായതയും മനുഷ്യജന്മത്തിന്റെ നിസ്സാരതയുമൊക്കെ സംവിധായകന്‍ നമ്മളിലേക്ക് പകരുന്നത്.

മാതാപിതാക്കളുടെ കുഴിമാടം തേടി

1960 കളിലെ പോളണ്ടിലാണ് കഥ നടക്കുന്നത്. കന്യാസ്ത്രീയാകാന്‍ തയാറെടുക്കുന്ന അന്ന എന്ന അനാഥയായ കത്തോലിക്കായുവതി തന്റെ ഏക ബന്ധുവിനെക്കാണാന്‍ യാത്ര പുറപ്പെടുന്നിടത്താണ് സിനിമ തുടങ്ങുന്നത്. മാതൃസഹോദരി വാന്‍ഡ ഗ്രൂസിനെക്കാണാനാണ് അവള്‍ പോകുന്നത്. തന്നിഷ്ടക്കാരിയാണ് വാന്‍ഡ. പുകവലിക്കും. മദ്യപിക്കും. ആണുങ്ങളെ വേട്ടയാടും. 1950 കളുടെ തുടക്കത്തില്‍ പോളണ്ടില്‍ ജഡ്ജിയായിരുന്നു അവര്‍. കമ്യൂണിസ്റ്റുകാരിയായിരുന്ന അവര്‍ ' ജനശത്രു ' ക്കളായ ചിലരെ ഭരണകൂടത്തിനുവേണ്ടി തൂക്കുമരത്തിലേക്കയച്ചിട്ടുണ്ട്. താന്‍ ജൂതയാണെന്ന സത്യം വാന്‍ഡയില്‍ നിന്നാണ് അന്ന അറിയുന്നത്. ഇഡ ലെബന്‍സ്റ്റീന്‍ എന്നായിരുന്നു അവളുടെ പഴയ പേര്. തന്റെ മാതാപിതാക്കളെ അവര്‍ക്ക് അഭയം നല്‍കിയ ഏതോ ക്രൈസ്തവകുടുംബം കൊന്നതാണ്. ആ ഹതഭാഗ്യരുടെ കുഴിമാടമെങ്കിലും കണ്ടെത്തണം എന്ന ഉദ്ദേശ്യത്തോടെ വാന്‍ഡയും ഇഡയും അന്വേഷണം തുടരുന്നു. ഇഡയുടെ മാതാപിതാക്കള്‍ താമസിച്ചിരുന്ന വീട് ഒരു നാട്ടുകാരന്‍ കൈയടക്കിയിരുന്നു. താനാണ് ഇഡയുടെ മാതാപിതാക്കളെ കൊന്നതെന്ന് വീട്ടുകാരനായ വൃദ്ധന്റെ മകന്‍ ഏറ്റുപറയുന്നു. ചെറിയ കുഞ്ഞായിരുന്നതിനാല്‍ ഇഡയെ ഒന്നും ചെയ്തില്ല. അവളെ ഒരു പുരോഹിതന് കൈമാറി. വാന്‍ഡ അക്കാലത്ത് തന്റെ മകനെ സഹോദരിയെ ഏല്പിച്ചിരുന്നു. അവനെയും അവര്‍ കൊന്നു. മാതാപിതാക്കളെ കുഴിച്ചിട്ടയിടത്തുനിന്ന് അവശിഷ്ടങ്ങള്‍ മാന്തിയെടുത്ത് കുടുംബക്കല്ലറയില്‍ അടക്കിയശേഷം ഇഡ കോണ്‍വെന്റിലേക്ക് മടങ്ങുന്നു. ആശയക്കുഴപ്പത്തിലായ അവള്‍ കന്യാസ്ത്രീപ്പട്ടം സ്വീകരിക്കുന്നില്ല. മാതൃസഹോദരിയുടെ ആത്മഹത്യയോടെ ഇഡ വീണ്ടും അനാഥയാവുന്നു. ഹോട്ടലിലെ സാക്‌സഫോണ്‍ വാദകനായ ചെറുപ്പക്കാരനിലാണ് അവള്‍ അഭയം കണ്ടെത്തുന്നത്. അവള്‍ പുകവലിക്കുന്നു. മദ്യപിക്കുന്നു. ആത്മീയതയില്‍ നിന്ന് അകലുന്ന ഇഡ തന്നോടൊപ്പം വിവാഹജീവിതം സ്വപ്‌നം കാണുന്ന ചെറുപ്പക്കാരനുമൊത്ത് രമിക്കുന്നു. പക്ഷേ, പിറ്റേന്നു രാവിലെ അവള്‍ക്ക് വീണ്ടും ദൈവവിളിയുണ്ടാകുന്നു. വീണ്ടും സഭാവസ്ത്രമണിഞ്ഞ്്, ചെറുപ്പക്കാരനോട് യാത്രപോലും പറയാതെ മഠത്തിലേക്ക് മടങ്ങുകയാണവള്‍. 

 
സങ്കീര്‍ണ വ്യക്തിത്വങ്ങള്‍

ഇഡ, വാന്‍ഡ എന്നീ സങ്കീര്‍ണ വ്യക്തിത്വങ്ങളെ അപഗ്രഥിക്കാന്‍ സംവിധായകന്‍ പൗലികോവ്‌സ്‌കി എടുക്കുന്നത് 80 മിനിട്ട് മാത്രമാണ്. ഒരു ദൃശ്യവും അദ്ദേഹം അനാവശ്യമായി നീട്ടുന്നില്ല. ആത്മീയതക്കും ഭൗതിക ജീവിതത്തിനുമിടക്ക് ഏതുവഴി സ്വീകരിക്കണമെന്നറിയാതെ ഉഴലുന്ന ഇഡയാണിതിലെ കേന്ദ്ര കഥാപാത്രം. സിനിമയിലെ വെളിച്ചവും ഇരുളും രണ്ടു വഴികളെ സൂചിപ്പിക്കുന്നു. അനാഥാലയത്തിന്റെ ഇരുണ്ട ലോകത്തിനു പുറത്തു കടക്കുന്ന ഇഡ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ പുതിയ കാര്യങ്ങളാണ്. അവളുടെ ചിന്തക്കപ്പുറത്താണ് അവള്‍ നേരിടുന്ന അനുഭവങ്ങള്‍. വെളിച്ചം അവളെ അലോസരപ്പെടുത്തുന്നുണ്ട്. ഏതു മതവിശ്വാസത്തിലേക്കു പോകണം എന്നതും അവള്‍ക്കൊരു പ്രശ്‌നമാകുന്നു. തന്റെ മുന്നില്‍ അനാവൃതമാകുന്ന പുതിയ ലോകത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പരുങ്ങുകയാണവള്‍. ഫ്രെയിമുകളില്‍ അവളെ അരികിലേക്ക് സംവിധായകന്‍ മാറ്റിനിര്‍ത്തുന്നത് ബോധപൂര്‍വമാണ്. ഇഡയെ ആശയക്കുഴപ്പത്തിലാക്കുന്നത് മാതൃസഹോദരി വാന്‍ഡയാണ്. പാപചിന്തകളില്ലാത്ത ഒരു കന്യാസ്ത്രീയുടെ പരിത്യാഗത്തിന് എന്തര്‍ഥം എന്നാണവര്‍ തമാശരൂപേണ ഇഡയോട് ചോദിക്കുന്നത്. ലോകപരിചയമില്ലാത്ത ഇഡ ഈ ചോദ്യത്തില്‍ കുടുങ്ങിപ്പോയി എന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.


തന്റെ ബാല്യകാലം ചെലവിട്ട പോളണ്ടിലേക്കുള്ള ഒരു മടക്കയാത്ര കൂടിയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ നടത്തുന്നത്. പതിന്നാലാം വയസ്സിലാണ് കുടുംബത്തോടൊപ്പം അദ്ദേഹം ബ്രിട്ടനിലേക്ക് പോയത്. അമ്മയുടെ കുടുംബം കത്തോലിക്കാ വിശ്വാസികളാണ്. അച്ഛന്റെ അമ്മ ജൂതയായിരുന്നു. ഓഷ്‌വിറ്റ്‌സിലെ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു അവരുടെ അന്ത്യം. നാസിഭീകരതയുടെ അടയാളമായ ഓഷ്‌വിറ്റ്‌സ് പൗലികോവ്‌സ്‌കി രണ്ടു തവണ സന്ദര്‍ശിച്ചിട്ടുണ്ട്.

മികച്ച വിദേശ സിനിമക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ പോളിഷ് സിനിമ എന്ന ബഹുമതി ' ഇഡ ' യ്ക്കാണ്. അവാര്‍ഡിനുള്ള അന്തിമപ്പട്ടികയില്‍ ' ലെവിയാതന്‍ ' എന്ന റഷ്യന്‍ ചിത്രവുമുണ്ടായിരുന്നു. ലെവിയാതനാണ് ലിഡയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ലോകത്തെ വിവിധഭാഷകളില്‍ ( ഇംഗ്ലീഷൊഴികെ ) നിന്നുള്ള 91 ചിത്രങ്ങളാണ് ഈയിനത്തില്‍ നോമിനേഷന്‍ തേടിയത്. ഇതില്‍ ഇഡയും ലെവിയാതനുമടക്കം അഞ്ചു ചിത്രങ്ങള്‍ അവസാനപ്പട്ടികയില്‍ ഇടം നേടി. ഗീതു മോഹന്‍ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ' ലയേഴ്‌സ് ഡൈസ് ' ( Liar's dice ) എന്ന ഹിന്ദി സിനിമയായിരുന്നു ഇന്ത്യയുടെ എന്‍ട്രി. പക്ഷേ, നോമിനേഷന്‍ കിട്ടിയില്ല.

2016 ല്‍ ലോകത്തെ 177 സിനിമാ നിരൂപകര്‍ ചേര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച അമ്പത്തിയഞ്ചാമത്തെ സിനിമയായി ' ഇഡ ' യെ തിരഞ്ഞെടുത്തിരുന്നു.

( മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )

Image courtesy:

Post a Comment

2 Comments

  1. കാച്ചിക്കുറുക്കിയ വാക്കുകൾ...IDA എന്ന പടം ആവശ്യപ്പെടുന്ന അതീവ ശ്രദ്ധ ആസ്വാദനത്തിലും കൊണ്ടുവന്നതിൽ hats off to TSB...സംവിധായകനെ കുറിച്ച് ഒന്ന് വിശദമായി എഴുതാമായിരുന്നു.

    ReplyDelete