ഇറാനിയന്‍ സിനിമയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയവരില്‍ പ്രമുഖനായ അബ്ബാസ് കിയരോസ്തമിയുടെ
ജന്മദിനമാണ് ജൂണ്‍ 22. ഈ വേളയില്‍ അദ്ദേഹത്തിന്റെ സിനിമാവഴികളെയും യാത്രകളെയും
കുറിച്ച് ഒന്നോര്‍ക്കാം.
കിയരോസ്തമിയുടെ പാതകള്‍, യാത്രകള്‍
- ടി. സുരേഷ് ബാബു
ഇറാനിലെ നവതരംഗ സിനിമക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് 1969 ല്‍ തുടങ്ങി
79 ല്‍ അവസാനിച്ചു. പത്തു വര്‍ഷം നീണ്ട ആദ്യത്തെ നവതരംഗത്തിന് വിത്തിട്ടത് ഡാരിയസ്
മെഹ്‌റൂജി എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ ' ദ കൗ ' ആണ്
ഈ ഘട്ടത്തിലെ മികച്ച ചിത്രമായി കണക്കാക്കപ്പെടുന്നത്. നാസര്‍ തഖ്വായിയുടെ ' പീസ് ഇന്‍
ദ പ്രസന്‍സ് ഓഫ് അദേഴ്‌സ് , സൊറാബ് ഷാഹിദ് സലേസിന്റെ ' എ സിംപിള്‍ ഇവന്റ് , ' സ്റ്റില്‍ ലൈഫ് ' എന്നീ സിനിമകളും ഒന്നാം നവതരംഗകാലത്തെ മികച്ച സിനിമകളായി
പരിഗണിക്കപ്പെടുന്നു. ഷായുടെ ഭരണത്തിന് അന്ത്യം കുറിച്ച 1979 ലെ ഇസ്ലാമിക വിപഌവത്തിനു
ശേഷമാണ് രണ്ടാം ഘട്ടം തുടങ്ങിയത്. അബ്ബാസ് കിയരോസ്തമി, മൊഹ്‌സിന്‍ മഖ്മല്‍ ബഫ്, ബാമന്‍
ഗൊബാദി , മജീദ് മജീദി , ജാഫര്‍ പനാഹി , അസ്ഗര്‍
ഫര്‍ഹദി തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ ഇറാനിയന്‍ സിനിമയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയത്.
ഇവരില്‍ നായകസ്ഥാനം ഒരു സംശയവുമില്ലാതെ കിയരോസ്തമിക്കു നല്‍കാം. അദ്ദേഹം ജീവിതഗന്ധികളായ
സിനിമയെടുക്കുക മാത്രമല്ല , ജാഫര്‍ പനാഹിയെപ്പോലെ എല്ലുറപ്പുള്ള സംവിധായകരെ ഉയര്‍ത്തിക്കൊണ്ടുവരികയും
ചെയ്തു.
1970 ല്‍ ' ദ ബ്രെഡ് ആന്റ് ആലി
' ( The bread and alley ) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് കിയരോസ്തമി സംവിധായകനായത്.
ഹ്രസ്വചിത്രങ്ങള്‍ , പരസ്യചിത്രങ്ങള്‍ , ഡോക്യുമെന്ററി എന്നിവയുള്‍പ്പെടെ നാല്‍പ്പതിലധികം
സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതിവൃത്തം കൊണ്ടും ആവിഷ്‌കാര രീതികൊണ്ടും
എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. ഭക്ഷണം തേടുന്ന ഉറുമ്പുകള്‍ പുതുവഴികള്‍ കണ്ടെത്തി
സഞ്ചരിക്കുന്നതുപോലെ കിയരോസ്തമി തന്റെ സിനിമകളെ ആരും പോയിട്ടില്ലാത്ത വഴികളിലൂടെ കൊണ്ടുപോയി.
മലമ്പാതകളിലൂടെ, ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഗ്രാമങ്ങളിലൂടെ , കാറ്റ് പടരുന്ന ഒലിവു മരങ്ങള്‍ക്കിടയിലൂടെ
, നഗരത്തിരക്കിലൂടെ അദ്ദേഹം തന്റെ കഥാപാത്രങ്ങളുമൊത്ത് സഞ്ചരിച്ചു. കവി കൂടിയായ കിയരോസ്തമി
സിനിമയെ കവിതയോട് അടുപ്പിച്ചു നിര്‍ത്തി. സാധാരണക്കാരെ അഭിനേതാക്കളായി സിനിമയിലേക്ക്
കൊണ്ടുവന്നു. ഇറാനിലെ നഗര, ഗ്രാമ ജീവിതങ്ങളെ യഥാര്‍ഥ ലൊക്കേഷനുകളില്‍പ്പോയി അതേപടി
പകര്‍ത്തിയെടുത്ത് സിനിമയില്‍ പ്രതിഷ്ഠിച്ചു. ആദ്യത്തെ ഹ്രസ്വചിത്രമിറങ്ങി ഏഴു വര്‍ഷത്തിനുശേഷമാണ്
കിയരോസ്തമി മുഴുനീള കഥാചിത്രം സംവിധാനം ചെയ്തത്. പേര് ' ദ റിപ്പോര്‍ട്ട് '. 42 വര്‍ഷം ലോകസിനിമയില്‍ സജീവ
സാന്നിധ്യമായിരുന്നു അദ്ദേഹം. 2012 ലാണ് അവസാനത്തെ ഫീച്ചര്‍ സിനിമയെടുത്തത്. അത് ജപ്പാനില്‍
വെച്ചായിരുന്നു. ടോക്കിയോ നഗരജീവിതമാണിതിന്റെ പശ്ചാത്തലം. പേര് : ' ലൈക്ക് സംവണ്‍ ഇന്‍ ലവ് '. രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ. ഇതായിരുന്നു
അദ്ദേഹത്തിന്റെ രീതി. പക്ഷേ, 2012 നു ശേഷം 2016 ജൂലായില്‍ മരിക്കുന്നതുവരെ അദ്ദേഹം
എന്തുകൊണ്ടോ സിനിമയെക്കുറിച്ച് ആലോചിച്ചില്ല. ഒരു പക്ഷേ, രോഗമാവാം കാരണം.
സംവിധായകന്‍ മാത്രമായിരുന്നില്ല കിയരോസ്തമി. അദ്ദേഹം നല്ല ഫോട്ടോഗ്രാഫറായിരുന്നു.
മികച്ച തിരക്കഥാകൃത്തായിരുന്നു. കവിയും ഗ്രാഫിക് ഡിസൈനറും ഫിലിം എഡിറ്ററുമായിരുന്നു.
സിനിമാ നിര്‍മാണവുമുണ്ടായിരുന്നു ഈ ബഹുമുഖപ്രതിഭക്ക്. എല്ലാ കഴിവും ഒരാളില്‍ത്തന്നെ
കണ്ടെത്തിയതിനാലാവാം ' സത്യജിത് റായിക്ക് പകരം വെക്കാവുന്ന പ്രതിഭാശാലിയാണ് കിയരോസ്തമി
' എന്ന് സിനിമയുടെ തലതൊട്ടപ്പന്മാരില്‍ ഒരാളായ അകിരോ കുറസോവ വിശേഷിപ്പിച്ചത്.
ഇളകാത്ത വേരുകള്‍
ഇറാന്റെ മണ്ണിലാണ് തന്റെ വേരുകള്‍ എന്ന് കിയരോസ്തമി എപ്പോഴും അഭിമാനിക്കാറുണ്ടായിരുന്നു.
ഇറാനിയന്‍ സംസ്‌കാരത്തിന്റെ , പാരമ്പര്യത്തിന്റെ വെള്ളവും വളവും വലിച്ചെടുത്താണ് അദ്ദേഹം
വളര്‍ന്നത്. ഈ സംസ്‌കാരം പകര്‍ന്നു നല്‍കിയ ജീവിതമൂല്യങ്ങളാണ് അദ്ദേഹം മുറുകെപ്പിടിച്ചത്.
ഈ ജീവിതമൂല്യങ്ങളാണ് തന്റെ സിനിമകളിലൂടെ ലോകത്തിനു സമ്മാനിച്ചത്. ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍ സിനിമാസംബന്ധമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളും പ്രഭാഷണങ്ങളും ശ്രദ്ധിച്ചാലറിയാം
അവിടെയൊക്കെ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് സ്വന്തം പേര്‍ഷ്യന്‍ ഭാഷയാണ്. ഇംഗ്ലീഷ് അറിയാഞ്ഞിട്ടാവില്ല.
തന്റെ ആശയങ്ങള്‍ കൃത്യമായി വെളിപ്പെടുത്താന്‍ തന്റെതന്നെ ഭാഷവേണം എന്നദ്ദേഹം കരുതിയിട്ടുണ്ടാവാം.
സ്വന്തം മണ്ണില്‍ നിന്നു പറിച്ചുനട്ടാല്‍ ആ മരം പിന്നീട് കായ്ക്കില്ല എന്ന് കിയരോസ്തമി
ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇറാനിലെ വീര്‍പ്പുമുട്ടിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍
നിന്ന് ചില ചലച്ചിത്രകാരന്മാര്‍ രാജ്യത്തിനു പുറത്തു കടന്നെങ്കിലും കിയരോസ്തമി സ്വന്തം
മണ്ണില്‍ത്തന്നെ ഉറച്ചുനിന്നു. എങ്കിലും, അവസാനകാലത്തെ രണ്ടു സിനിമകളും അദ്ദേഹം എടുത്തത്
പുറത്തുവെച്ചാണ്. 2010 ല്‍ ' സര്‍ട്ടിഫൈഡ് കോപ്പി ' ഇറ്റലിയിലും 2012 ല്‍ ' ലൈക്ക്
സംവണ്‍ ഇന്‍ ലവ് ' ജപ്പാനിലുമാണ് ചിത്രീകരിച്ചത്. രണ്ടും അതതിടത്തെ ഭാഷകളില്‍. അഭിനേതാക്കളും
പുറത്തുള്ളവര്‍. ഇതിന്റെ പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമല്ല. ഒരുപക്ഷേ, തനിക്ക് ഏതു
ഭാഷയിലും സിനിമ ചെയ്യാനാവും എന്നു ലോകത്തെ കാണിച്ചുകൊടുത്തതാവാം അദ്ദേഹം.
കോക്കര്‍ ത്രയത്തില്‍പ്പെട്ട വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോം, ലൈഫ്് ആന്റ്് നത്തിങ് മോര്‍ , ത്രൂ ദ ഒലിവ് ട്രീസ് എന്നിവയും വിന്‍ഡ് വില്‍ കാരി
അസ്, ടെയ്സ്റ്റ് ഓഫ് ചെറി, പരീക്ഷണ ചിതങ്ങളായ ടെന്‍, ക്ലോസപ്പ്, ഷിറിന്‍ , വിദേശഭാഷകളിലെടുത്ത
സര്‍ട്ടിഫൈഡ് കോപ്പി, ലൈക്ക് സംവണ്‍ ഇന്‍ ലവ് എന്നിവയുമാണ് ലോകശ്രദ്ധ പതിഞ്ഞ പ്രധാനപ്പെട്ട
കിയരോസ്തമിചിത്രങ്ങള്‍.
മുതിര്‍ന്നവരെ തോല്‍പ്പിക്കുന്ന
കുട്ടികള്‍
മുതിര്‍ന്നവരേക്കാളും പ്രായോഗിക സമീപനവും സഹജീവികളോട് കാരുണ്യവും കാണിക്കുന്ന
കുട്ടികളെയാണ് ഇറാന്‍ സിനിമയില്‍ പലപ്പോഴും കാണാറുള്ളത്. കിയരോസ്തമിയുടെ ' അപ്പവും
ഇടവഴിയും ' എന്ന ആദ്യത്തെ ഹ്രസ്വചിത്രത്തില്‍ ഭയത്തെ മറികടക്കാന്‍ സ്വയം വഴി കണ്ടെത്തുന്ന
ബാലനെ നമുക്ക് കാണാം. വീട്ടിലേക്ക് അപ്പവും വാങ്ങി വരികയാണവന്‍. ചളുങ്ങിയ ഒരു പാത്രം
ചവിട്ടിത്തെറിപ്പിച്ചാണ് നടത്തം. വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ ഒരു നായ അവനെക്കണ്ട്
കുരയ്ക്കുന്നു. പേടിച്ച് തിരിച്ചോടുന്ന അവന്‍ കിതപ്പോടെ വഴിയില്‍ നില്‍ക്കുകയാണ്. അതിലെ
പോകുന്ന ആരും അവനെ സഹായിക്കുന്നില്ല. ഒരു വയോധികന്‍ അതുവഴി വരുന്നു. അയാളറിയാതെ പിറകെ
അവനും വെച്ചുപിടിക്കുന്നു. കുറച്ചു ചെന്നപ്പോള്‍ അയാള്‍ അവനെ ശ്രദ്ധിക്കാതെ വീട്ടിലേക്ക്
കയറിപ്പോയി. വിഷണ്ണനായി പയ്യന്‍ വീണ്ടും വഴിയരികില്‍ ഒറ്റയ്ക്കായി. മതില്‍ ചേര്‍ന്നു
നടന്ന് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ നായ വീണ്ടും കുരച്ചു. അപ്പോഴവന്‍ കൈയിലിരുന്ന
അപ്പത്തില്‍ നിന്ന് ഒരു കഷണം നായക്കിട്ടുകൊടുക്കുന്നു. അതു കഴിച്ചതും നായ വാലാട്ടി
സുഹൃത്തിനെപ്പോലെ അവന്റെ പിറകെ കൂടുന്നു. അവനെ സുരക്ഷിതമായി വീട്ടിലെത്തിച്ച് വെളിയില്‍
കാവല്‍ കിടക്കുന്നു. അതിലെ പോയ മറ്റൊരു പയ്യനുനേരെ നായ കുരയ്ക്കുന്നിടത്താണ് പത്തു
മിനിറ്റുള്ള സിനിമ അവസാനിക്കുന്നത്. ഭയത്തില്‍ നിന്നുള്ള മോചനം മാത്രമല്ല, ജീവികളോടുള്ള
കരുണയും കരുതലും ഈ ചിത്രത്തില്‍ തെളിയുന്നു.
വടക്കന്‍ ഇറാനിലെ കോക്കര്‍ എന്ന പ്രദേശത്തെ പശ്ചാത്തലമാക്കി ചെയ്ത ' കോക്കര്‍
ത്രയ ' ത്തിലെ ' വേര്‍ ഈസ് ദ ഫ്രണ്ട്‌സ് ഹോം
' എന്ന ആദ്യചിത്രത്തിലും ' ദ ബ്രഡ് ആന്റ് ആലി ' യിലേതുപോലെ കരുണയുള്ള അഹമ്മദ് എന്ന
എട്ടു വയസ്സുകാരനെ കാണാം. ക്ലാസില്‍ തൊട്ടടുത്തിരിക്കുന്ന
മുഹമ്മദ് റേസയാണ് അവന്റെ കൂട്ടുകാരന്‍. നോട്ടുബുക്കില്‍ ഗൃഹപാഠം ചെയ്തു കൊണ്ടുവരാത്തതിന്
അധ്യാപകന്‍ റേസയെ ശാസിക്കുന്നു. ഇനിയാവര്‍ത്തിച്ചാല്‍ ക്ലാസിനു പുറത്താക്കുമെന്ന് താക്കീതും
ചെയ്യുന്നു. അബദ്ധവശാല്‍ അന്ന് അഹമ്മദ് പുസ്തകങ്ങള്‍ ബാഗിലാക്കുമ്പോള്‍ റേസയുടെ നോട്ട്ബുക്കും
അതില്‍പ്പെട്ടുപോകുന്നു. വീട്ടിലെത്തിയപ്പോഴാണ് അവനതറിയുന്നത്. അതോടെ ബേജാറായി. അടുത്ത
ദിവസം ഗൃഹപാഠം നോട്ട്ബുക്കില്‍ ചെയ്തു കൊണ്ടുചെന്നില്ലെങ്കില്‍ തന്റെ കൂട്ടുകാരന്‍
പുറത്താകും. എങ്ങനെയെങ്കിലും അവന് ബുക്ക് എത്തിക്കണം. കുറച്ചു ദൂരെയുള്ള ഗ്രാമത്തിലാണ്
റേസ. അതുകൊണ്ടുതന്നെ അമ്മ പോകാന്‍ സമ്മതിക്കുന്നില്ല. മാത്രവുമല്ല, വീട്ടില്‍ തന്നെ
സഹായിക്കാന്‍ മറ്റാരുമില്ലെന്ന് അമ്മക്കറിയാം. എന്തു പറഞ്ഞാലും മുറുമുറുപ്പില്ലാതെ
അനുസരിക്കുന്നവനാണ് അഹമ്മദ്. അമ്മയുടെ കണ്ണു വെട്ടിച്ച് അഹമ്മദ് സുഹൃത്തിന്റെ വീടു
തേടി യാത്രയാകുന്നു. ഒലിവു മരങ്ങള്‍ക്കിടയിലൂടെ ശരവേഗത്തില്‍ ഓടി , കുന്നിന്‍ചെരിവും
അവിടത്തെ പൊളിഞ്ഞ കല്‍പ്പടവുകളും താണ്ടി അവന്‍ കൂട്ടുകാരനെത്തേടി അലയുന്നു. ആര്‍ക്കും
റേസയുടെ വീടറിയില്ല. നേരം ഇരുട്ടി. ഒടുവില്‍, ആ ഗ്രാമത്തിലെ മരപ്പണിക്കാരന്‍ അഹമ്മദിനെ സഹായിക്കാന്‍ തയാറാവുന്നു. അയാള്‍ക്ക്
ആ ഗ്രാമത്തിലെ ഓരോ വീടുമറിയാം. അവിടെയെല്ലാം വാതിലും ജനലും ഉണ്ടാക്കിക്കൊടുത്തത് അയാളാണ്.
40 വര്‍ഷമായി ഈ ജോലി തുടങ്ങിയിട്ട്്്. അയാള്‍ക്കിപ്പോള്‍ കാര്യമായി ജോലിയില്ല. ആള്‍ക്കാരെല്ലാം
പട്ടണത്തില്‍പ്പോയി ഇരുമ്പുവാതിലും ജനലും വാങ്ങിക്കൊണ്ടുവന്ന് വീട്ടില്‍ പിടിപ്പിക്കുകയാണ്.
അഹമ്മദിന് വഴി കാട്ടിക്കൊടുക്കാന്‍ പോകുംവഴി ആ മനുഷ്യന്‍ തന്റെ സങ്കടങ്ങള്‍ പങ്കുവെക്കുകയാണ്.
അയാള്‍ ദൂരെ നിന്ന് വീട് കാട്ടിക്കൊടുത്തിട്ടും റേസയെ കണ്ടെത്താനാവാതെ അഹമ്മദ് മടങ്ങുന്നു.
പിന്നീട് അവന്‍ കാണിക്കുന്ന പ്രായോഗികബുദ്ധി സുഹൃത്തിനെ രക്ഷിക്കുന്നു. പിറ്റേന്ന്
റേസയുടെ ഗൃഹപാഠവും കൂടി ചെയ്താണ് അഹമ്മദ് ക്ലാസിലെത്തുന്നത്. റേസയുടെ നോട്ടുപുസ്തകത്തില്‍
ഒപ്പ് ചാര്‍ത്തുന്നതിനൊപ്പം അധ്യാപകന്‍ അവനെ അഭിനന്ദിക്കുകയും ചെയ്യുന്നു. അപ്പോള്‍
ആ ബുക്കില്‍ ചെറിയൊരു പൂവ് കിടപ്പുണ്ടായിരുന്നു.
അഹമ്മദിന് മരപ്പണിക്കാരന്‍ സമ്മാനിച്ചതായിരുന്നു ആ പൂവ്. അപ്പോഴും വാടാതെ കിടന്നിരുന്ന
പൂവ് ആ കൊച്ചുസുഹൃത്തുക്കളുടെ ഹൃദയനൈര്‍മല്യത്തിന്റെ പൂവാണെന്ന് കിയരോസ്തമി നമ്മളോട്
പറയുന്നു.
പ്രേക്ഷകന്റെ സിനിമ
സിനിമ പൂര്‍ത്തിയാവുന്നത് കാണികളുടെ മനസ്സിലാണെന്ന പക്ഷക്കാരനാണ് കിയരോസ്തമി.
പല ചിത്രങ്ങളിലും ചില കാര്യങ്ങള്‍ അദ്ദേഹം വിശദമാക്കാതെ വിടും. അത് പൂരിപ്പിക്കേണ്ടത്
പ്രേക്ഷകനാണ്. എല്ലാ വിവരങ്ങളും കൈമാറാന്‍ ബാധ്യസ്ഥനല്ല സംവിധായകന്‍ എന്നാണ് കിയരോസ്തമിയുടെ
നിലപാട്. പ്രേക്ഷകന് സ്വന്തം അനുഭവത്തിന്റെയും കാഴ്ചശീലത്തിന്റെയും സിനിമാ സംസ്‌കാരത്തിന്റെയും
അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം കരുതുന്നു.
ഒലിവു തോട്ടവും പാടവും കുന്നിന്‍ ചെരിവും താണ്ടി പിന്നാലെയെത്തുന്ന ഹുസൈന്‍ എന്ന കാമുകനോട്
താഹിരി എന്ന പെണ്‍കുട്ടി എന്താണ് മറുപടി പറയുന്നത് എന്ന് ഏറെ നേരം നീണ്ട അവസാനത്തെ
ആ വിദൂരദൃശ്യത്തില്‍ ( ചിത്രം : ത്രൂ ദ ഒലിവ് ട്രീസ് ) കിയരോസ്തമി വ്യക്തമാക്കുന്നില്ല.
മറുപടി ഊഹിക്കാനുള്ള അവകാശം പ്രേക്ഷകനു വിട്ടിരിക്കുകയാണ്. താഹിരിയുടെ അടുത്തുപോയി
ഹുസൈന്‍ പെട്ടെന്നു പിന്തിരിഞ്ഞോടുന്നതുവരെ
ഒറ്റ ഷോട്ടാണ്. സംഭാഷണം നമ്മള്‍ കേള്‍ക്കുന്നില്ല. അവന്റെ ഓട്ടത്തില്‍ നിന്ന് ഊഹിക്കണം
അവള്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചത് എന്ന്. രണ്ടായാലും സംവിധായകന് പ്രശ്‌നമൊന്നുമില്ല.
പ്രേക്ഷകന്റെ മനോധര്‍മത്തെ അദ്ദേഹം അംഗീകരിക്കും. ആത്മഹത്യ ചെയ്യാനുറച്ച തന്റെ കുഴിമാടത്തില്‍
മണ്ണ് കോരിയിടാന്‍ ഒരു സഹായിയെ തേടിയിറങ്ങിയ സമ്പന്നനും ( ടെയ്‌സ്റ്റ് ഓഫ് ചെറി )
, ഭാര്യാഭര്‍ത്താക്കന്മാരാണോ എന്നു സംശയമുണര്‍ത്തിക്കുന്ന കലാനിരൂപകനും ആര്‍ട്ട് ഗാലറിയുടമയും
( സര്‍ട്ടിഫൈഡ് കോപ്പി ) , മുത്തശ്ശനും പേരക്കുട്ടിയുമായി
മാറുന്ന റിട്ട. പ്രൊഫസറും കാള്‍ഗേളും ( ലൈക്ക്
സംവണ്‍ ഇന്‍ ലവ് ) , സംവിധായകന്‍ മഖ്മല്‍ ബഫായി ആള്‍മാറാട്ടം നടത്തുന്ന ചെറുപ്പക്കാരനും ( ക്ലോസപ്പ് ) നമ്മളെ സന്നിഗ്ദാവസ്ഥയിലെത്തിക്കുന്ന
കഥാപാത്രങ്ങളാണ്. സത്യമേത് മിഥ്യയേത് എന്നറിയാതെ പ്രേക്ഷകര്‍ പലപ്പോഴും കുഴങ്ങും. പക്ഷേ,
അതേപ്പറ്റിയുള്ള ആലോചന നമ്മളെ ആഹ്ലാദിപ്പിക്കുന്നു എന്ന കാര്യം മറന്നുകൂടാ.
ജീവിതം സ്‌നേഹിക്കാനുള്ളതാണ്
ഈ ഭൂമിയെയും ഇവിടത്തെ മനുഷ്യരെയും കവിതയെയും ഒരുപോലെ സ്‌നേഹിച്ചിരുന്നു കിയരോസ്തമി.
യാത്രക്കിടയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ പച്ചപ്പുള്ള പ്രകൃതിയെ മാത്രമല്ല കണ്ടത്.
നിസ്വരായ ഗ്രാമീണ ജനതയെയും അവരുടെ ദീനമായ ജീവിത പശ്ചാത്തലത്തെയും വേദനയോടെ അവര്‍ നോക്കിക്കണ്ടു.
ഈ ഭൂമിയിലെ ജീവിതം തന്നെയാണ് സുന്ദരം എന്നു കരുതിയവരാണ് കിയരോസ്തമിയുടെ കഥാപാത്രങ്ങള്‍.
' വിന്‍ഡ് വില്‍ കാരി അസ് ' എന്ന ചിത്രത്തില്‍
മലമ്പാതയിലൂടെ കാറില്‍ പോകുമ്പോള്‍ പ്രകൃതിഭംഗി കണ്ട് ഒരാള്‍ പറയുന്നത് ' ദൈവത്തിന്റെ
സ്വപ്‌നങ്ങളേക്കാള്‍ ഹരിതാഭം ' എന്നാണ് . ഇതേ ചിത്രത്തില്‍ത്തന്നെ ഒരു ഡോക്ടറുണ്ട്.
രോഗികള്‍ അധികമൊന്നും വരാതായപ്പോള്‍ താന്‍ പ്രകൃതിയെ നിരീക്ഷണത്തിനിറങ്ങി എന്നാണ് അയാള്‍
പറയുന്നത്.
ഈ ഭൂമിക്കപ്പുറം ഒരു ലോകമുണ്ടെന്ന് കിയരോസ്തമി വിശ്വസിച്ചിരുന്നില്ല. ജീവിതം
ആഘോഷിക്കാനുള്ള ഒരവസരമായിട്ടാണ് തന്റെ സിനിമകളില്‍ മരണം കാണിച്ചിട്ടുള്ളതെന്ന് അദ്ദേഹം
വ്യക്തമാക്കിയിട്ടുണ്ട്. മരണത്തിനപ്പുറമുള്ള മറ്റേ ലോകം കൂടുതല്‍ സുന്ദരമാണെന്ന് അവര്‍
പറയുന്നുണ്ടല്ലോ എന്ന് ' വിന്‍ഡ് വില്‍ കാരി അസ്സി ' ലെ എന്‍ജിനിയര്‍ ചോദിക്കുമ്പോള്‍ ' അതിന് അവിടെ പോയവരാരെങ്കിലും തിരിച്ചുവന്നിട്ടുണ്ടോ
' എന്നായിരുന്നു ഡോക്ടറുടെ മറുചോദ്യം.
നിത്യജീവിതത്തിലെ സാധാരണ അവസ്ഥകളില്‍ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍
കഴിയുന്നതാവണം സിനിമ എന്ന് കിയരോസ്തമി ഉറച്ചു വിശ്വസിച്ചിരുന്നു. ജീവിതം നമ്മുടെ മേല്‍
അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണെന്ന് കരുതരുത്. ജീവിക്കാനുള്ള സാധ്യതകളാണ് നമ്മള്‍
അന്വേഷിക്കേണ്ടത്. ഈ സാധ്യതയെക്കുറിച്ചാണ് ' ടെയ്സ്റ്റ് ഓഫ് ചെറി ' പറയുന്നത്. സ്വന്തം
കുഴിമാടം കുത്തി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന ബദീ എന്ന സമ്പന്നനെയാണ് ഈ സിനിമയില്‍
നമ്മള്‍ കാണുന്നത്. ഉറക്കുഗുളികകള്‍ കഴിച്ചശേഷം കുഴിമാടത്തില്‍ വന്നുകിടക്കുന്ന തന്റെ
മേല്‍ മണ്ണു കോരിയിടാന്‍ ഒരാളെത്തേടി നടക്കുകയാണയാള്‍. കാറിനകത്ത് വെച്ചിരിക്കുന്ന
വലിയൊരു തുക അയാള്‍ കൂലിയായി നല്‍കും. സമ്പന്നന്‍ ആദ്യം സമീപിക്കുന്നത് ഒരു കുര്‍ദിഷ്
സൈനികനെയാണ്. സൈനികന്‍ അയാളെ സഹായിക്കാന്‍ തയാറാവുന്നില്ല. മതപഠനം നടത്തുന്ന ഒരു അഫ്ഗാന്‍
യുവാവിനെയാണ് രണ്ടാമത് സമീപിക്കുന്നത്. ആത്മഹത്യ മതശാസനക്കു വിപരീതമാണെന്നു ചൂണ്ടിക്കാട്ടി
അവനും സഹായിക്കാന്‍ മടിയ്ക്കുന്നു. അവസാനം ഒരാള്‍ വന്നു. പ്രകൃതിശാസ്ത്ര മ്യൂസിയത്തിലെ
ഒരു ജീവനക്കാരന്‍. അയാള്‍ സഹായിക്കാമെന്നേല്‍ക്കുന്നു. അതും മനസ്സില്ലാമനസ്സോടെ. കാരണം,
ജീവിതം സ്വയം അവസാനിപ്പിക്കാനുള്ളതല്ല എന്നയാള്‍ വിശ്വസിക്കുന്നു. പണക്കാരനെ പിന്തിരിപ്പിക്കാന്‍
അയാള്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. കാര്‍യാത്രക്കിടയില്‍ അയാള്‍ തന്റെ അനുഭവം ആ സമ്പന്നനോട്
പറയുന്നു. ( ഫഌഷ്ബാക്കിലൂടെ ദൃശ്യങ്ങളൊന്നും കാട്ടാതെ വെറും വാക്കുകളിലൂടെയാണ് കിയരോസ്തമി
ഈ രംഗം അവതരിപ്പിക്കുന്നത് ). 35 വര്‍ഷമായി മരൂഭൂമിയുടെ തടവുകാരനാണയാള്‍. ഒരിക്കല്‍
ആത്മഹത്യക്കൊരുങ്ങിയ താന്‍ എങ്ങനെയാണ് ജീവിതം തിരിച്ചുപിടിച്ചതെന്ന് അയാള്‍ വിവരിക്കുന്നു.
വിവാഹം കഴിഞ്ഞയുടനെയാണ്. പ്രാരാബ്ധം കാരണം അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
കയറുമെടുത്ത് കാറില്‍ പുറപ്പെട്ടു. നേരം പുലരുംമുമ്പേ മള്‍ബറിത്തോട്ടത്തിലെത്തി. കയര്‍
മരക്കൊമ്പിലേക്കെറിഞ്ഞു. അതവിടെ കുടുങ്ങുന്നില്ല. അയാള്‍ മരത്തില്‍ക്കയറി കയര്‍ കെട്ടി.
അപ്പോള്‍ കൈയിലേന്തോ മൃദുവായി തടഞ്ഞു. പാകമായ മള്‍ബറിപ്പഴങ്ങള്‍. അയാള്‍ മധുരമുള്ള
ആ മള്‍ബറിപ്പഴങ്ങളിലൊന്ന് കഴിച്ചു. വീണ്ടും ഒന്ന്. പിന്നെയും ഒന്ന്. അതോടെ അയാള്‍ ജീവിതത്തിലേക്ക്
തിരിച്ചുവരികയായിരുന്നു. അപ്പോഴേക്കും മലമുകളില്‍ സൂര്യനുദിച്ചു. എന്തൊരു ഭംഗി അന്നത്തെ
സൂര്യന്. ചുറ്റും എന്തൊരു പച്ചപ്പ്. കുട്ടികള്‍ സ്‌കൂളിലേക്കു പോകുന്ന കലപില ശബ്ദം
കേട്ടു. അയാളെക്കണ്ട് അവര്‍ നിന്നു. അവര്‍ മരം കുലുക്കാന്‍ പറഞ്ഞു. കുലുക്കിയപ്പോള്‍
മള്‍ബറിപ്പഴങ്ങള്‍ തുരുതുരാ വീണു. കുട്ടികള്‍ അത് തിന്നുന്നതു കണ്ട് അയാള്‍ സന്തോഷിച്ചു.
കുറച്ചെണ്ണം അയാള്‍ വീട്ടില്‍ കൊണ്ടുപോയി. ഭാര്യ ഉറക്കത്തിലാണ്. ഉണര്‍ന്നപ്പോള്‍ അവളും
മള്‍ബറി കഴിച്ചു. മള്‍ബറിയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് അയാള്‍ പറയുന്നു. അതോടെ
തന്റെ ചിന്താഗതി തന്നെ മാറിപ്പോയി. ' ചെറിപ്പഴത്തിന്റെ രുചി താങ്കള്‍ക്കെങ്ങനെ പാടെ
മറക്കാനാവും ' എന്നു ചോദിച്ച് സമ്പന്നനെ ആത്മഹത്യാചിന്തയില്‍ നിന്ന് പിന്തിരിപ്പിക്കാനാണ്
അയാള്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ ശുഭാപ്തിവിശ്വാസിയാകണം എന്നയാള്‍ പറയുമ്പോള്‍
കിയരോസ്തമി കാണിച്ചുതരുന്നത് വഴിനീളെ പൂത്തുനില്‍ക്കുന്ന മരങ്ങളെയാണ്.
പരീക്ഷണ ചിത്രങ്ങള്‍
ഓരോ സ്ത്രീയുടെ മനസ്സിലും ഒരു പ്രണയനഷ്ടമുണ്ടെന്ന ചിന്തയില്‍ നിന്നാണ് കിയരോസ്തമി
' ഷിറിന്‍ ' എന്ന സിനിമയെടുത്തത്. തിയേറ്ററില്‍ പഴയൊരു പേര്‍ഷ്യന്‍ പ്രണയകഥ കാണുന്ന
110 സ്ത്രീകളാണ് ഇതിലെ കഥാപാത്രങ്ങള്‍. അവര്‍ ഒന്നും സംസാരിക്കുന്നില്ല. അവരുടെ മുഖഭാവങ്ങള്‍
മാത്രമേ പ്രേക്ഷകന്‍ കാണുന്നുള്ളു. സിനിമയില്‍ ലയിച്ചിരിക്കുന്ന അവര്‍ ചിലപ്പോള്‍ ചെറുതായി
ചിരിക്കുന്നു. നെടുവീര്‍പ്പിടുന്നു. സങ്കടപ്പെടുന്നു. കരയുന്നു. ആധുനിക ഇറാനിലെ സ്ത്രീജീവിതമാണ്
' ടെന്‍ ' എന്ന ചിത്രത്തില്‍ വരച്ചിടുന്നത്. വിവാഹമോചിതയായ ഒരു യുവതി ടെഹ്‌റാന്‍ നഗരത്തിലൂടെ
കാറോടിച്ചുപോവുകയാണ്. അവരുടെ മകനുണ്ട് കൂടെ. ആ കാറില്‍ ഓരോ സ്ഥലത്തുവെച്ച് ഓരോ സ്ത്രീ
വീതം കയറുന്നു. അവരുമായുള്ള സംഭാഷണത്തിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. കാറിനു
പുറത്തേക്കു ക്യാമറ കണ്ണു തുറക്കുന്നേയില്ല. ' ഷിറിന്‍ ' പോലെത്തന്നെ ഈ പരീക്ഷണചിത്രവും
ലോകമെങ്ങുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.
പാതകളെയും യാത്രകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു കിയരോസ്തമി. ഒരിക്കല്‍ അദ്ദേഹം
പറഞ്ഞു : ' എനിക്കറിയാവുന്ന ഏകവഴി മടക്കത്തിന്റെ വഴിയാണ്. ഈ പാതയില്‍ എന്റെയൊപ്പം ആരുമില്ല.
ആരും വരാനുമില്ല. എനിക്കറിയാം ഒരു നാള്‍ ഞാനിതിലൂടെ കടന്നുപോകും ' . ആദ്യകാലത്ത് '
യാത്രികന്‍ ' ( The Traveller ) എന്നൊരു സിനിമയെടുത്തിട്ടുണ്ട് അദ്ദേഹം. ഫുട്ബാള്‍
കമ്പക്കാരനായ ഒരു ബാലന്‍ തന്റെ ഗ്രാമത്തില്‍ നിന്ന് ടെഹ്‌റാന്‍ നഗരത്തിലെ അന്താരാഷ്ട്ര
ഫുട്ബാള്‍ മത്സരം കാണാന്‍ ഇറങ്ങിപ്പുറപ്പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം. പില്‍ക്കാലത്ത്
എടുത്തിട്ടുള്ള മിക്ക സിനിമകളിലും കാര്‍യാത്ര ഒരു പ്രധാന ഘടകമാണ്്്്് ( ത്രൂ ദ ഒലിവ്
ട്രീസ്, വിന്‍ഡ് വില്‍ കാരി അസ് , ടെയ്സ്റ്റ് ഓഫ് ചെറി, ക്ലോസപ്പ്, ടെന്‍, സര്‍ട്ടിഫൈഡ്
കോപ്പി, ലൈക്ക് സംവണ്‍ ഇന്‍ ലവ് തുടങ്ങിയ സിനിമകള്‍ ഓര്‍ക്കുക ).
'കാറ്റിനൊപ്പം നടന്ന് ' ( വാക്കിങ് വിത്ത് ദ വിന്‍ഡ് ) എന്ന കവിതാസമാഹാരം
പുറത്തിറക്കിയിട്ടുള്ള കിയരോസ്തമിയുടെ മിക്ക സിനിമകളിലും കവിത ചൊല്ലുന്ന ഒരു കഥാപാത്രമെങ്കിലുമുണ്ടാകും.
കവിതയ്ക്കായി കൃത്രിമ അന്തരീക്ഷമൊന്നും അദ്ദേഹം സൃഷ്ടിക്കാറില്ല. ഉചിതസന്ദര്‍ഭങ്ങളില്‍
ആ കവിത താനേ വന്നോളും.
'കൂട്ടുകവലയില്‍ ശങ്കിച്ചു ശങ്കിച്ച് ഞാന്‍ നില്‍ക്കുന്നു. എനിക്കറിയുന്ന
ഒറ്റ വഴി തിരികെപ്പോകാനുള്ളതു മാത്രം '
( കിയരോസ്തമിയുടെ ' പതിയിരിക്കുന്ന ചെന്നായ ' എന്ന കവിതയില്‍ നിന്ന്. പരിഭാഷ
: സി.എസ്. വെങ്കിടേശ്വരന്‍. )
( 24 ഫ്രെയിംസ് മാസികയില്‍ പ്രസിദ്ധീകരിച്ചത് )
- [Abbas Kirayosthami]. Retrieved from https://www.imdb.com/name/nm0452102/mediaviewer/rm1573651200
- [Movie poster 2008 movie Shirin] https://www.imdb.com/title/tt1284587/mediaviewer/rm4177813504
- [Movie poster 1997 movie Taste of Cherry] https://www.imdb.com/title/tt0120265/mediaviewer/rm3385761280
0 Comments