Warehoused

 

കാത്തിരിപ്പ് വ്യര്‍ഥമാകുമ്പോള്‍

- ടി. സുരേഷ് ബാബു


നഗരത്തിന്റെ ബഹളത്തില്‍ നിന്നൊഴിഞ്ഞ് ഒരു വേര്‍ഹൗസ്. അതിനകത്ത് രണ്ടു മനുഷ്യര്‍. അവര്‍ രണ്ടു ലോകങ്ങളെ , രണ്ടു ജീവിത വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ജാക് സാഘ കബാബീ

സംവിധാനം ചെയ്ത ' വേര്‍ഹൗസ്ഡ് ' എന്ന മെക്‌സിക്കന്‍ സിനിമ വിരസവും നിരര്‍ഥകവുമായ കാത്തിരിപ്പിന്റെയും ജീവിതത്തിന്റെയും കഥ പറയുന്നു

 നഗരത്തില്‍ നിന്നകലെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വേര്‍ഹൗസ്. അതില്‍ രണ്ടു ജീവനക്കാര്‍. അവരുടെ വ്യത്യസ്തമായ ജീവിത പരിസരം, ജീവിത വീക്ഷണം. ശരിക്കും രണ്ടു ലോകത്താണവര്‍. ഒരാള്‍ വിരമിക്കാന്‍ പോകുന്നു. മറ്റേയാള്‍ ജോലിയിലേക്ക് പുതുതായി കടന്നുവരുന്നു. ഒരിക്കലും വരാത്ത ഗോദോയെക്കാത്തിരിക്കുമ്പോലെയാണവര്‍. അവരുടെ ലോകമായ ആ പാണ്ടികശാലയ്ക്കു പുറത്ത് മറ്റൊരു ലോകമുണ്ട്. ചടുലമായ, തിരക്കു പിടിച്ച, ബഹളം നിറഞ്ഞ ലോകം. ജാക് സാഘ കബാബീ എന്ന മെക്‌സിക്കന്‍ സംവിധായകന്റെ ' വേര്‍ഹൗസ്ഡ് ' ( Warehoused ) എന്ന സിനിമയിലാണ് രണ്ടു വിരുദ്ധ ലോകങ്ങള്‍ നമ്മള്‍ കാണുന്നത്.

2016 ലെ അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷരുടെ പ്രശംസ നേടിയ ചിത്രമാണിത്. രണ്ടു കഥാപാത്രങ്ങളിലൂടെ ഇടമുറിയാതെയാണ് ഇതിവൃത്തത്തിന്റെ സഞ്ചാരം. വിരസത എന്ന പ്രമേയത്തെ ഒട്ടും വിരസതയില്ലാതെ ആവിഷ്‌കരിച്ചു എന്നതിലാണ് സംവിധായകന്റെ വിജയം. സ്പാനിഷ് നാടകകൃത്ത് ഡേവിഡ് ദെസോലയുടെ ശക്തമായ തിരക്കഥയാണ് ഇതിന് സംവിധായകനെ സഹായിച്ചത്. സ്വന്തം നാടകം തന്നെയാണ് ദെസോല സിനിമയ്ക്ക് ആധാരമാക്കിയത്.

രണ്ടു കഥാപാത്രങ്ങളേ ഈ സിനിമയിലുള്ളു. മാറ്റമാഗ്രഹിക്കാത്ത, മാമൂലുകളെ മുറുകെപ്പിടിക്കുന്ന , അനുസരണ ശീലമുള്ള പഴയ കാലത്തിന്റെ പ്രതിനിധിയാണ് ഒരാള്‍. സമയത്തെ പിറകോട്ട് തിരിച്ചുവെക്കാനാണ് അയാളുടെ ശ്രമം. മറ്റേയാളാകട്ടെ മാറ്റത്തിന്റെ, വേഗമാര്‍ന്ന ജീവിതശൈലിയുടെ പ്രതിനിധിയാണ്. അസഹിഷ്ണുതയും അനുസരണക്കേടും ഒരുമിച്ചു ചേര്‍ന്ന ചെറുപ്പക്കാരന്‍. പരസ്പരം അറിയാത്ത ഈ മനുഷ്യര്‍ ഒരു ദശാസന്ധിയില്‍ ഒരിടത്ത് കണ്ടുമുട്ടുന്നു. സമരസപ്പെടാനാകാതെ പരസ്പരം ഏറ്റുമുട്ടുന്ന. ഏകാന്തതയും നിശ്ശബ്ദതയും വിരസതയും അവര്‍ക്ക് കൂട്ടായി മാറുന്നു. ഒടുവില്‍, യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് അവര്‍ ഒത്തുതീര്‍പ്പിലെത്തുന്നു. വാര്‍ധക്യം യൗവനത്തിന് വഴിമാറിക്കൊടുക്കുന്നു. ഒരാള്‍ വിരസതയില്‍ നിന്നു മോചിതനാവുന്നു. മറ്റേയാള്‍ നിത്യവിരസതയുടെ തടവില്‍ സ്വയം ബന്ധിക്കുന്നു.

വിരസതയിലേക്കുള്ള യാത്ര

നാടകത്തിന്റെ ഘടനയാണ് ഈ സിനിമയ്ക്ക്. അഞ്ചു ദിവസമാണ് കഥ നടക്കുന്നത്. ആ കാലയളവിനെ അഞ്ചു രംഗമായി തിരിക്കാം. സംഭാഷണത്തിനും നിശ്ശബ്ദതയ്ക്കും ഈ സിനിമയില്‍ ഒരുപോലെ പ്രാധാന്യമുണ്ട്. രണ്ട് അപരിചിതരുടെ അനിവാര്യമായ കണ്ടുമുട്ടലില്‍ നിന്നാണ് ഇതിവൃത്തം വികസിക്കുന്നത്. തിരക്കേറിയ സബ്‌വേ സ്റ്റേഷനിലാണ് ചെറുപ്പക്കാരനെ നമ്മള്‍ ആദ്യം കാണുന്നത്. ഈ നഗരത്തിരക്കില്‍ നിന്നാണ് വിരസതയിലേക്കും ഏകാന്തതയിലേക്കുമുള്ള യാത്ര ആ ചെറുപ്പക്കാരന്‍ ( പേര് നിന്‍ - Nin ) ആരംഭിക്കുന്നത്. രണ്ടു വര്‍ഷമായി അവന്‍ ജോലിയന്വേഷിച്ച് അലയുകയാണ്. ഇപ്പോഴാണ് ശരിയായത്. തിരക്കിന്റെയും ബഹളത്തിന്റെയും ലോകത്തുനിന്ന് ലിനോ എന്നയാളുടെ അടുത്തേക്കാണ് പ്രേക്ഷകരെ സംവിധായകന്‍ കൊണ്ടുപോകുന്നത്. സാല്‍വലിയോണ്‍ വേര്‍ഹൗസിലെ സൂപ്പര്‍വൈസറാണ് ലിനോ. അടുത്താഴ്ച അയാള്‍ പിരിയുകയാണ്. 39 വര്‍ഷത്തെ , ഏതാന്തത നിറഞ്ഞ , ആത്മാര്‍ഥ സേവനത്തിന് അടുത്താഴ്ച അന്ത്യം. അയാളുടെ സ്ഥാനത്തേക്ക് ഡിപ്പോ അസിസ്റ്റന്റായി കടന്നുവരികയാണ് നിന്‍. അവന്റെ വരവ് അയാള്‍ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചു ദിവസം അവനെ പരിശീലിപ്പിച്ച ശേഷമേ പിരിയാവൂ എന്ന് ഉടമ സാല്‍വലിയോണ്‍ ലിനോയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള അഞ്ചു ദിവസമാണ് ഈ സിനിമയുടെ കാലം. ആ സമയത്തിനുള്ളില്‍ രണ്ടു കഥാപാത്രങ്ങളുടെ തളര്‍ച്ചയും വളര്‍ച്ചയും നമ്മള്‍ കാണുന്നു. തിങ്കളാഴ്ചയാണ് നിന്‍ വേര്‍ഹൗസിലേക്ക് വരുന്നത്. ലിനോ മാത്രമേ അവിടെയുള്ളു. അവിടത്തെ ഏകാധിപതിയാണയാള്‍. ആ പാണ്ടികശാലയില്‍ ഒരു കസേരയേയുള്ളു. പിന്നെ ഒരു മേശ, ആ മേശപ്പുറത്ത് ഒരു ഫോണ്‍, തടിച്ച മൂന്നു പുസ്തകങ്ങള്‍, ചുമരിലുറപ്പിച്ച ക്ലോക്ക്, മുറി വൃത്തിയാക്കാനുള്ള ചൂല്‍. തന്റെ സ്ഥാനത്തേക്ക് കടന്നിരിക്കാന്‍ എത്തുന്ന ചെറുപ്പക്കാരനോട് സ്വാഭാവികമായും ആ വൃദ്ധന് നീരസമുണ്ട്. അത് അയാളുടെ ഈര്‍ഷ്യ നിറഞ്ഞ ഓരോ ചോദ്യത്തിലും മറുപടിയിലും ചലനത്തിലും പ്രകടമാണ്. നിന്‍ എന്ന പേരുപോലും അയാള്‍ക്കത്ര പിടിക്കുന്നില്ല. ആരാണീ പേരിട്ടത് എന്നയാള്‍ അസ്വസ്ഥതയോടെ ചോദിക്കുന്നു. അച്ഛനാണ് പേരിട്ടതെന്നും പേരിട്ട് അധികം കഴിയുംമുമ്പേ അച്ഛന്‍ മരിച്ചെന്നും നിന്‍ പറയുന്നു.

ആദ്യം കമ്പനിയെപ്പറ്റിയാണ് ലിനോ പറഞ്ഞുകൊടുക്കുന്നത്. അലൂമിനിയം കൊണ്ടുള്ള പായ്മരവും ( പായ കെട്ടാനായി ജലയാനങ്ങളുടെ നടുവില്‍ നാട്ടുന്ന മരം ) കൊടി കെട്ടുന്നതിനുള്ള അലൂമിനിയം ദണ്ഡുമാണ് സാല്‍വലിയോണ്‍ കമ്പനി ഉണ്ടാക്കുന്നത്. ലോകത്ത് ഈ മേഖലയിലെ രണ്ടാമത്തെ വലിയ കമ്പനിയാണിത്. എംബസിയിലെ അമേരിക്കന്‍ പതാകപോലും പാറുന്നത് തങ്ങളുണ്ടാക്കുന്ന അലൂമിനിയം ദണ്ഡിലാണെന്ന് ലിനോ അഭിമാനത്തോടെ പറഞ്ഞുകൊടുക്കുന്നു. വേര്‍ഹൗസിലേക്ക് ഏതു സമയത്തും അലൂമിനിയം ദണ്ഡുകളുമായി ട്രക്കുകള്‍ വരാം. അവയെ കാത്തിരിക്കണം. എപ്പോഴും കടന്നുവരാവുന്ന ട്രക്കുകള്‍ക്കു വേണ്ടി ജാഗ്രതയോടെയുള്ള കാത്തിരിപ്പാണ് നമ്മുടെ ജോലി. ട്രക്കുകള്‍ വരുന്നോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്‌നം. അവയ്ക്കുവേണ്ടി കാത്തിരിക്കുക എന്നതാണ് ചുമതല. വേര്‍ഹൗസിലെ ഫോണ്‍ ഇങ്ങോട്ടുവരുന്ന കോളുകള്‍ മാത്രം സ്വീകരിക്കാനുള്ളതാണ്. പുറത്തേക്ക് വിളി പാടില്ല. സ്വന്തം കാര്യത്തിനായി ഒരിക്കലും ആ ഫോണ്‍ ഉപയോഗിക്കരുത്. വിരസതയില്‍ നിന്നു രക്ഷപ്പെടാന്‍ നിന്‍ സംസാരം നീട്ടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ലിനോ വഴങ്ങുന്നില്ല. അയാളുടെ മറുപടി പലപ്പോഴും തര്‍ക്കുത്തരത്തിന്റെ ഭാവമണിയുന്നു. 39 വര്‍ഷത്തെ കാത്തിരിപ്പിന്റെ ജീവിതം ഇതാ ഇവിടെ അവസാനിക്കുകയാണ് എന്നയാള്‍ക്കറിയാം. എങ്കിലും, പുതുതായി വരുന്ന ചെറുപ്പക്കാരനു മുന്നില്‍ താനെന്തിനു കീഴടങ്ങണം ? അഞ്ചു ദിവസമെങ്കില്‍ അഞ്ചു ദിവസം. പിടിച്ചുനില്‍ക്കണം. ജോലിയോടുള്ള അയാളുടെ പ്രതിബദ്ധത ചെറുപ്പക്കാരന് വെറും തമാശയായേ തോന്നുന്നുള്ളു. വിരസതയിലേക്കും ഏതാന്തതയിലേക്കുമാണ് തന്റെ ജീവിതം നീങ്ങാന്‍ പോകുന്നത് എന്നറിഞ്ഞിട്ടും അവന്‍ അയാളോട് മറുത്തൊന്നും പറയുന്നില്ല. പ്രായോഗിക ബുദ്ധിയുടെ പിന്‍ബലത്തില്‍ അയാളെ നിശ്ശബ്ദമായി മറികടക്കാനാണ് അവന്റെ ശ്രമം.

അധികാരക്കസേര

സൂപ്പര്‍വൈസറുടെ അധികാരത്തെ സൂചിപ്പിക്കുന്നതാണ് വേര്‍ഹൗസിലെ ആ ഒറ്റക്കസേര. സീനിയറേ അതിലിരിക്കാന്‍ പാടുള്ളു. പന്ത്രണ്ടു കൊല്ലം താന്‍ കസേരയില്ലാതെ നിന്നാണ് ജോലി ചെയ്തതെന്നു പറഞ്ഞുകൊണ്ട് ലിനോ ചെറുപ്പക്കാരനെ അനുസരണയുടെയും പാരമ്പര്യത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പിറ്റേന്നാണ് തന്റെ ഉപദേശത്തിന്റെയും അധികാര പ്രകടനത്തിന്റെയും വ്യര്‍ഥത അയാള്‍ക്ക് ബോധ്യപ്പെടുന്നത്. ഇരിക്കാന്‍ സ്വന്തമായി ഒരു കസേരയുമായാണ് രണ്ടാം ദിവസം നിന്‍ വരുന്നത്. പന്ത്രണ്ടു വര്‍ഷം പോയിട്ട് ഒരു ദിവസംപോലും തനിക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന് അവന്‍ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ യുവാവില്‍ നിന്ന് ലിനോ ആദ്യത്തെ തോല്‍വി ഏറ്റുവാങ്ങുന്നു. ചെറുപ്പക്കാരന്‍ ഒട്ടും ഔചിത്യമില്ലാതെ ധാരാളം ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതായിരുന്നു അയാളുടെ പരാതി. ആദ്യദിവസം തുടങ്ങിവെച്ച സംഭാഷണത്തിന്റെ ബാക്കി പൂര്‍ത്തിയാക്കാന്‍ ലിനോ ശ്രമിക്കുന്നു. യുവാവിന്റെ അച്ഛന്‍ എങ്ങനെയാണ് മരിച്ചത് എന്നയാള്‍ക്കറിയണം. അച്ഛന്‍ മരിച്ചതല്ല, കുടുംബത്തെ ഉപേക്ഷിച്ച് നാടു വിട്ടതാണെന്ന് നിന്‍ മറുപടി പറയുന്നു. അപ്പോഴും, മകന് നിന്‍ എന്നു പേരിട്ട മനുഷ്യനോടുള്ള നീരസം ലിനോ മറച്ചുവെയ്ക്കുന്നില്ല. രണ്ടാം ദിവസവും രണ്ടുപേരും ഒരുമിച്ച് ജോലി തുടങ്ങുന്നു. എപ്പോഴോ വരാനിരിക്കുന്ന ട്രക്കുകള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ് എന്ന ജോലി. ചിലപ്പോള്‍ രണ്ടു ട്രക്കുകള്‍ ഒരുമിച്ചു വന്നേക്കാം എന്നു മുന്നറിയിപ്പു നല്‍കി ലിനോ ഉത്തരവാദിത്തത്തിന്റെ ഭാരം ചെറുപ്പക്കാരന്റെ തലയിലും കയറ്റിവെക്കുന്നു.

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ് ലിനോയോട് ഇടയ്ക്ക് നിന്‍ ചോദിക്കുന്നത്. വിരമിച്ച ശേഷം അടുത്താഴ്ച മുതല്‍ എന്തു ചെയ്യും എന്നവന്‍  ചോദിക്കുന്നു. അത്തരമൊരു ചോദ്യം ലിനോ പ്രതീക്ഷിച്ചിരുന്നില്ല. അടുത്താഴ്ചത്തെ ജീവിതത്തെപ്പറ്റി അയാള്‍ ഒന്നും ആലോചിച്ചിട്ടില്ല. ഇവിടെ നിന്നു പോകണം എന്നയാള്‍ക്ക് ബോധ്യമുണ്ട്. ജീവിതം ഇനിയെങ്ങോട്ടു നീങ്ങും എന്നറിയില്ല. വേര്‍ഹൗസിലെ പരിചിത വഴിയിലൂടെ വരിവരിയായി നീങ്ങുന്ന ഉറുമ്പുകളെപ്പോലെയാണ് താനെന്ന് അയാള്‍ക്ക് തോന്നുന്നു. 39 വര്‍ഷമായി ആ ഉറുമ്പുകളെ അയാള്‍ കാണുന്നു. അവ നിരന്തരം സഞ്ചരിക്കുകയാണ്. എന്നും ഒരേ ചാലിലൂടെ. ഒരു ഉറുമ്പിനെപ്പോലും അയാള്‍ നോവിച്ചിട്ടില്ല. കാരണം, അവ അയാളുടെ ചങ്ങാതിമാരായി മാറിക്കഴിഞ്ഞിരുന്നു. അയാളുടെ വിരസ ജീവിതത്തിന്റെ, വിരസമായ കാത്തിരിപ്പിന്റെ സാക്ഷികളാണവ. വിശ്രമിക്കാതെ ജോലി ചെയ്യുന്ന ഉറുമ്പുകളെ തനിക്കിഷ്ടമാണെന്ന് ലിനോ പറയുന്നു.

അധികാരക്കൈമാറ്റം

മൂന്നാം ദിവസമായ ബുധനാഴ്ച. പതിവിനു വിപരീതമായി ലിനോ അന്നു സന്തോഷവാനാണ്. കാരണം, അന്നാദ്യമായി അയാള്‍ കമ്പനിയുടമയെ കാണാന്‍ പോവുകയാണ്. മുതലാളിക്ക് ക്രിസ്മസ് ആശംസ നേരണം. തന്റെ വിടപറയല്‍ നേരിട്ട് അറിയിക്കണം. ഇടയ്ക്ക് ലിനോ ചെറുപ്പക്കാരനോട് പഴയ സംശയം ആവര്‍ത്തിക്കുന്നു. എന്തിനാണ് നിനക്ക് ഇങ്ങനെയൊരു പേരിട്ടത് എന്നു അത്ഭുതം കൂറുന്നു. അവനതൊന്നും അറിഞ്ഞൂടാ. പേരിട്ട ശേഷം അച്ഛന്‍ അപ്രത്യക്ഷനായി എന്നു മാത്രമറിയാം. പിന്നീട് ഒരു വിവരവും കിട്ടിയിട്ടില്ല. മുകളിലെ പൊട്ടിയ ചില്ലിലൂടെ പാണ്ടികശാലയിലേക്ക് വെളിച്ചം അരിച്ചിറങ്ങുന്നു. അതിനിടെ ഒരു ട്രക്കിന്റെ ശബ്ദം. വഴി തെറ്റി വന്നതാണ് ആ ട്രക്ക്. മറ്റേതോ പാണ്ടികശാലയിലേക്കുള്ള ചരക്കാണതില്‍. കമ്പനിയുടമയെ കാണാന്‍ പോകുന്ന സമയത്ത് ഇനി അഥവാ ട്രക്ക് വന്നാല്‍ താന്‍ വന്നിട്ടേ അതിലെ ചരക്കിറക്കാവൂ എന്നു ലിനോ ചെറുപ്പക്കാരനോട് പറയുന്നു. താനാണ് ആ വേര്‍ഹൗസിന്റെ അധികാരി എന്നുറപ്പിക്കുകയായിരുന്നു അയാള്‍. ലിനോ സ്ഥലം വിടുന്നതോടെ ചെറുപ്പക്കാരന്റെ അധികാരപ്രയോഗമാണ് നമ്മള്‍ കാണുന്നത്. അവന്‍ ലിനോയുടെ കസേരയില്‍ കയറിയിരിക്കുന്നു. കൈയില്‍ കരുതിയ ഇയര്‍ഫോണിലൂടെ പാട്ടു കേള്‍ക്കുന്നു. മേശപ്പുറത്തെ പുസ്തകങ്ങള്‍ തുറന്നുനോക്കുന്നു. അവയില്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ല. ലിനോയുടെ വിലക്ക് മറികടന്ന് നിന്‍ ഫോണെടുത്ത് കറക്കുന്നു. സൈക്യാട്രിസ്റ്റാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അവന്‍ കമ്പനിയുടമയെ വിളിക്കുന്നത്. മൂന്നു വര്‍ഷമായി ലിനോ തന്റെ ചികിത്സയിലുള്ള മനോരോഗിയാണെന്നു അവന്‍ അറിയിക്കുന്നു. വിടപറയാന്‍ വരുന്ന ലിനോയെ മാന്യമായി വരവേല്‍ക്കണമെന്ന് അവന്‍ നിര്‍ദേശിക്കുന്നു. കണ്ടയുടനെ അയാളെ കെട്ടിപ്പിടിക്കണം. എന്നിട്ട് കുടിക്കാന്‍ വിസ്‌കി ഓഫര്‍ ചെയ്യണം. അതോടെ, അയാള്‍ തൃപ്തനാകും. 39 കൊല്ലത്തെ തന്റെ സേവനം വൃഥാവിലായില്ലല്ലോ എന്നയാള്‍ സമാധാനിക്കും. ഓരോ ദിവസവും ലിനോ സമയസൂചി ഏഴു മിനിറ്റ് പിറകോട്ട് തിരിച്ചുവെച്ചാണ് ജോലി തുടങ്ങിയിരുന്നത് എന്ന കാര്യവും നിന്‍ വെളിപ്പെടുത്തുന്നു. ഇപ്രകാരം തന്റെ സര്‍വീസിനിടയില്‍ എത്ര കാലം ലിനോ അധികം ജോലി ചെയ്തിട്ടുണ്ടാകും എന്നവന്‍ കണക്കു കൂട്ടിപ്പറയുന്നു.

വഴിമാറുന്ന ഉറുമ്പുകള്‍

വ്യാഴാഴ്്ച ലിനോ പതിവുതെറ്റി വൈകിയാണ് വരുന്നത്. അയാള്‍ അവശനായിരുന്നു. കമ്പനിയുടമയുടെ സ്്്‌നേഹസല്‍ക്കാരം വയറിനെ ബാധിച്ചു. മരുന്നുമായാണ് അയാള്‍ എത്തിയത്. പ്രാതലിന്റെ സമയമായിട്ടും അയാള്‍ ഒന്നും കഴിക്കുന്നില്ല. ആല്‍ക്കഹോള്‍ തന്റെ ശരീരത്തിന് പിടിക്കില്ലെന്ന് അയാള്‍ വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് വിസ്‌കി. അതിനിടെ, ചാലിട്ട് സഞ്ചരിക്കുന്ന ഉറുമ്പുകളെ ലിനോ ശ്രദ്ധിക്കുന്നു. പുതിയൊരാളുടെ സാന്നിധ്യം ഉറുമ്പുകളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് അയാള്‍ കുറ്റപ്പെടുത്തുന്നു. അവ ആദ്യമായി വഴി മാറി സഞ്ചരിക്കുകയാണ്. പെട്ടെന്ന് , വേര്‍ഹൗസിലേക്ക് ഒരു കോള്‍ വരുന്നു. ഫോണെടുത്തപ്പോള്‍ അപ്പുറത്ത് ചെറുപ്പക്കാരന്റെ പിതാവാണെന്ന് ലിനോ മനസ്സിലാക്കുന്നു. താന്‍ നമ്പര്‍ കൊടുത്തതാണെന്ന് ചെറുപ്പക്കാരന്‍. അവന്റെ നാട്യങ്ങളെല്ലാം ഓരോന്നായി പൊളിഞ്ഞു വീഴുകയാണ്. പക്ഷേ, ഇപ്പോള്‍ അയാള്‍ക്ക് അവനോട് കാലുഷ്യമില്ല. തന്റെ കാലം കഴിയാന്‍ ഇതാ ഇനി ഒരു ദിവസമേ ബാക്കിയുള്ളു. കമ്പനി മുതലാളിയുടെ സത്ക്കാരം അയാളെ ശാരീരികമായി തളര്‍ത്തിയിട്ടുണ്ട്. അധികാര ചിഹ്നമായ താക്കോല്‍ മേശപ്പുറത്ത് വെച്ച് ലിനോ അന്നു നേരത്തേ പോകുന്നു.

വെള്ളിയാഴ്ച. ലിനോയുടെ ഔദ്യോഗിക ജീവിതം അവസാനിക്കുന്ന ദിവസം. അന്നും അവശനായാണ് അയാള്‍ വരുന്നത്. യൂണിഫോം അണിഞ്ഞിട്ടില്ല. അന്നാദ്യമായി വേര്‍ഹൗസിലേക്ക് ഒരു അലൂമിനിയം ദണ്ഡ് വന്നു. പക്ഷേ, ലിനോ എത്തുന്നതിനും മുമ്പായിരുന്നു അത്. താന്‍തന്നെ അത് ഇറക്കിയെന്ന് നിന്‍ പറയുന്നു. സാല്‍വലിയോണ്‍ കമ്പനി കൊടി കെട്ടാനുപയോഗിക്കുന്ന അലൂമിനിയം ദണ്ഡുകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളു എന്ന ബിസിനസ് രഹസ്യം നിന്‍ ലിനോയെ അറിയിക്കുന്നു. ജലയാനങ്ങളില്‍ ഉപയോഗിക്കുന്ന വലിയ പായ്മരം കമ്പനി ഉണ്ടാക്കുന്നേയില്ല എന്നു സെയില്‍സ് വിഭാഗത്തിലെ ആള്‍ക്കാരില്‍ നിന്നു നിന്‍ അറിഞ്ഞുവെച്ചിരുന്നു. ഒരൊറ്റ ട്രക്കും ഇവിടേക്ക് വരില്ലെന്നും അവന്‍ ലിനോയോട് വെട്ടിത്തുറന്നു പറയുന്നു. സാല്‍വലിയോണ്‍ കമ്പനിയെക്കുറിച്ചുള്ള ലിനോയുടെ ധാരണകള്‍ മുഴുവന്‍ പൊളിച്ചടുക്കുകയായിരുന്നു നിന്‍. ലിനോ പുറത്തുപോയി തിരിച്ചുവരുമ്പോള്‍ നിന്‍ അയാളുടെ കസേരയില്‍ ഇരിപ്പുറപ്പിച്ചിരുന്നു. അവസാനത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കാന്‍ ലിനോ ആഗ്രഹിക്കുന്നു. ഒരവകാശവാദത്തിനും മുതിരാതെ ശാന്തനായി അയാള്‍ നിന്‍ കൊണ്ടുവന്ന കസേരയില്‍ ഇരിക്കുന്നു.

 90 മിനിറ്റുള്ള ഈ സിനിമയില്‍ ഏതാനും നിമിഷം മാത്രം മൂന്നാമതൊരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റെവിടെയോ ഇറക്കാനുള്ള ലോഡുമായി വഴിതെറ്റി എത്തുന്ന ഒരു ട്രക്ക് ഡ്രൈവറാണീ കഥാപാത്രം. എണ്‍പത്തിയൊന്നുകാരനായ ജോസ് കാര്‍ലോസ് റൂയിസ് എന്ന നടനാണ് ലിനോയുടെ വേഷത്തില്‍ വരുന്നത്. അസാമാന്യമായ ഭാവപ്രകടനത്തിലൂടെ ജോസ് കാര്‍ലോസ് നമ്മുടെ പ്രിയങ്കരനായി മാറുന്നു.

അസംബന്ധ നാടകഛായ

അസംബന്ധ നാടകങ്ങളുടെ ഛായയുണ്ട് ' വേര്‍ഹൗസ്ഡ് ' എന്ന സിനിമയ്ക്ക്. അദൃശ്യമായ ബാഹ്യശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന മനുഷ്യരും അര്‍ഥരഹിതമെന്നു തോന്നിപ്പിക്കുന്ന സംഭാഷണങ്ങളും ഇത്തരം നാടകങ്ങളുടെ സ്വഭാവമാണ്. സാമുവല്‍ ബക്കറ്റിന്റെ ' ഗോദോയെക്കാത്ത് '  എന്ന നാടകത്തില്‍ ഒരിക്കലും വരാത്തയാളെയാണ് രണ്ടു കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ കാത്തിരിക്കുന്നത് ഒരിക്കലും വരാത്ത ട്രക്കുകളെയാണ്. അലൂമിയം ദണ്ഡുകള്‍ കയറ്റിയ ട്രക്കുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഏതു സമയത്തും തന്നെ തേടിവന്നേക്കാം എന്ന വിശ്വാസത്തിലാണ് ഇത്രനാളും ലിനോ ജോലി ചെയ്തത്. 39 വര്‍ഷവും നിഷ്‌ക്രിയനായി, ആരും കൂട്ടില്ലാതെ അയാള്‍ ട്രക്കുകള്‍ കാത്തിരിക്കുകയായിരുന്നു. അയാള്‍ ഒട്ടും അക്ഷമനായിരുന്നില്ല. ' എന്തേ ട്രക്കുകള്‍ വരാത്തത് ' എന്ന് ഒരിക്കല്‍പ്പോലും കമ്പനിയോട് സംശയം ചോദിച്ചിട്ടില്ല. എന്നാല്‍, പുതു തലമുറ വ്യത്യസ്തമാണ്. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് ഒരുദ്ദേശ്യമുണ്ടോ എന്നവര്‍ക്കറിയണം. ജോലിയില്‍ക്കയറി രണ്ടു മൂന്നു നാള്‍ക്കകം തന്നെ കമ്പനിയുടെ ബിസിനസ്സിനെപ്പറ്റി നിന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഫലിക്കുന്നില്ലെങ്കിലും ലിനോയുടെ അബദ്ധ ധാരണകള്‍ തിരുത്താന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, പ്രതീക്ഷയുടെ വാഹനം എപ്പോഴെങ്കിലും എത്തുമെന്നതില്‍ ലിനോവിന് സന്ദേഹമേയില്ല.

സമയത്തിന്റെ വില

സമയമാണ് ഏറ്റവും വിലപിടിച്ച വസ്തുവെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് സംവിധായകന്‍ കബാബീ പറയുന്നു. നമ്മുടെയൊക്കെ ജീവിതം എത്ര വിലപ്പെട്ടതാണ് എന്നു നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് ദു:ഖകരം. കര്‍മം ചെയ്യാനാണ് താനീ സിനിമയിലൂടെ ആവശ്യപ്പെടുന്നത് എന്നദ്ദേഹം പറയുന്നു. സദാ കര്‍മനിരതരാകേണ്ട യുവത്വത്തെ നിഷ്‌ക്രിയരാക്കി തളച്ചിടുകയാണ് നമ്മള്‍. യുവത്വത്തെ മാനിക്കുന്നില്ല. അവരുടെ കഴിവും ശക്തിയും പ്രയോജനപ്പെടുത്തുന്നില്ല. എത്ര കഴിവുള്ള ചെറുപ്പക്കാരാണ് ഉപയോഗ ശൂന്യമായ തൊഴിലുകളില്‍ എത്തിപ്പെട്ട് ഉദാസീനരായി നശിച്ചുപോകുന്നത് എന്നദ്ദേഹം ആകുലപ്പെടുന്നു. ഏതു രാജ്യത്തും ഇതൊരു ദുരന്തം തന്നെയാണ് എന്നാണ് കബാബീയുടെ അഭിപ്രായം. പ്രത്യക്ഷത്തില്‍ ഈ ആശയത്തിനാണ് സംവിധായകന്‍ സിനിമയില്‍ ഊന്നല്‍ നല്‍കുന്നത്. എങ്കിലും, നിഗൂഢാര്‍ഥങ്ങള്‍ തേടിപ്പോകുമ്പോഴേ പ്രേക്ഷകന് സിനിമ കൂടുതല്‍ ആസ്വാദ്യകരമായി മാറുകയുള്ളു. ലിനോയുടെ പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പ് ഒരുപക്ഷേ, ഒരു രക്ഷകനെ തേടിയാവാം എന്നു സങ്കല്‍പ്പിക്കാന്‍ പ്രേക്ഷകന് സ്വാതന്ത്ര്യമുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോവിലെ തൊഴിലില്ലാപ്പടയുടെ പ്രതിനിധിയാവാം ആ ചെറുപ്പക്കാരന്‍. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത, മുഷിപ്പിക്കുന്ന, മടുപ്പിക്കുന്ന ജോലിപോലും ഏറ്റെടുക്കാന്‍ ചെറുപ്പക്കാര്‍ തയാറാവുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കും സംവിധായകന്‍ ഇവിടെ വിരല്‍ ചൂണ്ടുന്നുണ്ട്. തൊഴിലില്‍ നിന്നുള്ള സംതൃപ്തിയോ അഗീകാരമോ അല്ല അവരുടെ ലക്ഷ്യം. ഒരു തൊഴില്‍ നേടിയെടുക്കുക എന്നതു മാത്രമാണ്.

കബാബിയുടെ മൂന്നാമത്തെ സിനിമയാണിത്. ഗുഡ്‌ബൈ ക്രുവല്‍ വേള്‍ഡ് ( 2010 ), വണ്‍ ഫോര്‍ ദ വേള്‍ഡ് ( 2014 ) എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. 2016 ല്‍ മൊറേലിയ ( മെക്‌സിക്കോ ) ഫിലിം ഫെസ്റ്റിവെലില്‍ ഓഡിയന്‍സ് അവാര്‍ഡ് വേര്‍ഹൗസ്ഡിനായിരുന്നു. 2016 ഡിസംബറില്‍ തിരുവനന്തപുരം IFFK യില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  


Image courtesy:

 

 

 

Post a Comment

0 Comments