Blindness




അന്ധതയുടെ നഗരം - ടി. സുരേഷ് ബാബു

എവിടെയും ഏതവസ്ഥയിലും, മഹാമാരിക്കിടയില്‍പ്പോലും, 

മനുഷ്യന്റെ അടിസ്ഥാന ചോദനകളും സ്വഭാവവും മാറുന്നില്ല എന്ന് അടിവരയിടുന്നു ബ്രസീലിയന്‍ സിനിമ ' ബ്ലൈന്‍ഡ്‌നെസ് '


' അസാധ്യതയുടെ സാധ്യതയും സ്വപ്‌നങ്ങളും മിഥ്യകളുമാണ് എന്റെ നോവലുകളുടെ വിഷയം ' എന്നു പ്രഖ്യാപിച്ച പോര്‍ച്ചുഗീസ് എഴുത്തുകാരനാണ് ഷൂസെ സാരമാഗോ. 1995 ല്‍ സാരമാഗോ പോര്‍ച്ചുഗീസ് ഭാഷയിലെഴുതിയ ' ബ്ലൈന്‍ഡ്‌നെസ് ' ( അന്ധത ) എന്ന നോവല്‍ വിചിത്രാനുഭവങ്ങളുടെ ലോകമാണ് തുറന്നിടുന്നത്. ഈ നോവല്‍ സിനിമയാക്കുന്നതിനോട് സാരമാഗോവിനു തീരെ സമ്മതമുണ്ടായിരുന്നില്ല. സിനിമ വഴങ്ങാത്ത ഏതെങ്കിലും സംവിധായകന്റെ കൈകളില്‍ എത്തിപ്പെട്ടാല്‍ നോവലിന്റെ ജീവന്‍ നഷ്ടപ്പെട്ടുപോകുമെന്ന് അദ്ദേഹം ഭയന്നിരുന്നു. ഒടുവില്‍, താന്‍ ഉന്നയിച്ച വ്യവസ്ഥകളെല്ലാം പാലിക്കുമെന്ന് ഉറപ്പു കിട്ടിയപ്പോഴാണ് സാരമാഗോ ബ്ലൈന്‍ഡ്‌നെസ്സിന്റെ ചലച്ചിത്ര ഭാഷ്യത്തിനു സമ്മതം മൂളിയത്.

ബ്ലൈന്‍ഡ്‌നെസ് സിനിമയാക്കാമെന്ന് ഏറ്റത് മറ്റാരുമല്ല, പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മീറെല്ലസ് ആണ്. പ്രേക്ഷകര്‍ മറക്കാനിടയില്ല ഈ സംവിധായകന്റെ പേര്. ' സിറ്റി ഓഫ് ഗോഡ് ' എന്ന ' തലതിരിഞ്ഞ ' ചിത്രമെടുത്ത് പ്രേക്ഷകരെയും നിരൂപകരെയും ഞെട്ടിച്ചയാളാണ് മീറെല്ലസ്. 

( 2002 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ' സിറ്റി ഓഫ് ഗോഡ് ' പോര്‍ച്ചുഗീസ് ഭാഷയിലുള്ള ചിത്രമാണ്. സിനിമയുടെ സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങളെ പാടെ നിരാകരിച്ച ഈ സിനിമ 1970 കളില്‍ ബ്രസീലിലെ റിയോ ഡി ജനീറോവില്‍ തഴച്ചുവളര്‍ന്നിരുന്ന ചേരികളിലെ കുടിപ്പകയുടെ കഥ പറയുന്നു. തെരുവില്‍ നിന്നു കണ്ടെടുത്ത അറുപതോളം യുവാക്കളായിരുന്നു ഇതിലെ അഭിനേതാക്കള്‍ ). 

സിനിമ പൂര്‍ത്തിയായപ്പോള്‍ മീറെല്ലസ് നോവലിസ്റ്റ് സാരമാഗോയെ കാണിച്ചു. സിനിമയില്‍ പൂര്‍ണ തൃപ്തനായിരുന്നു സാരമാഗോ. 2008 ല്‍ ലോകത്തിറങ്ങിയ സിനിമകളില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നായി നിരൂപകര്‍ ബ്ലൈന്‍ഡ്‌നെസ്സിനെ വാഴ്ത്തുകയുണ്ടായി.

കാനിലെ ഉദ്ഘാടനചിത്രം

2008 ലാണ് ബ്ലൈന്‍ഡ്‌നെസ് സിനിമയായത്. അക്കൊല്ലം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടനചിത്രമായിരുന്നു ഇത്. ' സിറ്റി ഓഫ് ഗോഡ് ' പോലെ അപൂര്‍വാനുഭവമാണ് ബ്ലൈന്‍ഡ്‌നെസ്സും. ' അസാധ്യതയുടെ സാധ്യത ' യെ അക്ഷരങ്ങളില്‍ നിന്ന് ദൃശ്യഖണ്ഡങ്ങളായി വിജയകരമായി പകര്‍ത്തിയിരിക്കുകയാണ് മീറെല്ലസ്. പേരില്ലാത്ത ഏതോ രാജ്യത്തെ ഏതോ നഗരത്തിലാണ് ബ്ലൈന്‍ഡ്‌നെസ്സിലെ കഥ നടക്കുന്നത്. 

അന്ധത പകര്‍ച്ചവ്യാധിയായി അവിടെ പ്രത്യക്ഷപ്പെടുന്നു. പൊടുന്നനെയാണ് ആള്‍ക്കാരുടെ കാഴ്ച നഷ്ടപ്പെടുന്നത്. രോഗിയുമായി ബന്ധപ്പെടുന്നവരൊക്കെ അന്ധരായി മാറുന്നു. ഭീതിദമായ ഈ അദ്ഭുത പ്രതിഭാസത്തെ ശാസ്ത്രലോകത്തിനു വ്യാഖ്യാനിക്കാനാവുന്നില്ല. ആളുകള്‍ പെട്ടെന്നു അന്ധരാകുന്നതുമൂലം നിരത്തില്‍ വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു.

ആകാശത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നു. അപകടം പേടിച്ചാരും വാഹനങ്ങള്‍ നിരത്തിലിറക്കാതായി. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഭരണകൂടം ഉണരുന്നു. രോഗബാധിതരെയെല്ലാം മറ്റുള്ളവരില്‍ നിന്നകറ്റി പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവാകുന്നു. നഗരത്തിലെ ഡോക്ടറെയും രോഗം ബാധിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യ രോഗത്തില്‍ നിന്നു രക്ഷപ്പെടുന്നു. താനും അന്ധയാണെന്നു നുണ പറഞ്ഞ് അവരും ഡോക്ടറെ അനുഗമിക്കുന്നു. ക്വാറന്റൈനിലെത്തുന്ന രോഗികള്‍ക്ക് സഹായിയായി മാറുകയാണ് ആ വനിത. കാഴ്ചയില്ലാത്തവരുടെ ലോകത്തില്‍ എല്ലാ കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടിവരുന്നു അവര്‍ക്ക്. 

രോഗികള്‍ വര്‍ധിച്ചതോടെ സെല്ലുകളില്‍ അസ്വസ്ഥത പടരുന്നു. അരക്ഷിതാവസ്ഥ അവരെ വേട്ടയാടുന്നു. പക്ഷേ, അന്ധതയുടെ ലോകത്തും അവരുടെ അടിസ്ഥാന സ്വഭാവങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. സഹാനുഭൂതിയും സ്‌നേഹവും മാത്രമല്ല പകയും അധികാരത്തര്‍ക്കവും നിലനില്‍പ്പിനായുള്ള പോരാട്ടവും ലൈംഗിക ചൂഷണവും അവിടെ നമ്മള്‍ കാണുന്നു. പുറംലോകത്തിന്റെ നേര്‍പ്പതിപ്പായി മാറുന്നു അകംലോകവും.

മാറ്റമില്ലാത്ത മനുഷ്യര്‍
 
എവിടെയും ഏതവസ്ഥയിലും , മഹാമാരിക്കിടയില്‍പ്പോലും , മനുഷ്യന്റെ അടിസ്ഥാന ചോദനകളും സ്വഭാവങ്ങളും മാറുന്നില്ല എന്നു രേഖപ്പെടുത്തുകയാണ് സാരമാഗോ. നമ്മുടെയൊക്കെ സംസ്‌കാരം എത്ര ലോലമാണെന്നും എത്ര എളുപ്പത്തിലാണ് അതു തകര്‍ന്നു വീഴുന്നതെന്നുമുള്ള നോവലിസ്റ്റിന്റെ ദര്‍ശനമാണ് തന്നെ ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ മീറെല്ലസ് പറയുന്നു. ( ആത്മീയതയില്‍ നിന്നകന്നുപോയ ഒരു ജനതയ്ക്ക് സ്വാഭാവികമായി ഏല്‍ക്കേണ്ടിവന്ന ശിക്ഷയാണ് നോവലില്‍ പരാമര്‍ശിക്കുന്നതെന്നും വ്യാഖ്യാനിക്കാവുന്നതാണ്. )
കഥാപാത്രങ്ങളുടെ കാഴ്ച നഷ്ടപ്പെടുന്ന രീതി വിചിത്രമാണ്. 

ഇവിടെ അന്ധത എന്നത് ഇരുട്ടല്ല. കടും വെളിച്ചമാണ്. വെളിച്ചത്തിന്റെ ഒരു സമുദ്രം അവരുടെ കണ്ണുകളിലേക്ക് കത്തിക്കയറുകയാണ്. മുന്നിലെ തീക്ഷ്ണപ്രകാശത്തില്‍ അവര്‍ക്ക് കാഴ്ച അസാധ്യമാകുന്നു.' വൈറ്റ് സിക്ക്‌നെസ് ' എന്നാണ് സര്‍ക്കാര്‍ വക്താവ് രോഗാവസ്ഥയെ വിശേഷിപ്പിക്കുന്നത്.

നഗരത്തിലെ തിരക്കേറിയ ജങ്ഷനില്‍ തന്റെ കാറില്‍ സിഗ്നല്‍ കാത്തുകിടക്കുന്ന ഒരു യുവാവിന്റെ കാഴ്ച നഷ്ടപ്പെടുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പിന്നെ, യുവാവിനെ പരിശോധിച്ച ഡോക്ടറുടെയും യുവാവിനെ സഹായിച്ച കാര്‍ മോഷ്ടാവിന്റെയും കാഴ്ച നഷ്ടമാകുന്നു. ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു ' അന്ധ കുടുംബം ' രൂപം കൊള്ളുകയാണ് അവസാന രംഗത്തില്‍. അപ്പോഴേക്കും ആദ്യം രോഗബാധിതനായ യുവാവിന് കാഴ്ച തിരിച്ചുകിട്ടുന്നു. അവിടെ ആഹ്ലാദത്തിന്റെയും പ്രതീക്ഷയുടെയും ആരവം. എല്ലാവര്‍ക്കും കാഴ്ച വീണ്ടുകിട്ടുമെന്ന് സൂചന നല്‍കിക്കൊണ്ടാണ് 115 മിനിറ്റ് നീണ്ട സിനിമ അവസാനിക്കുന്നത്. ( ബ്ലൈന്‍ഡ്‌നെസ്സിന് 2004 ല്‍ സാരമാഗോ തുടര്‍ച്ച എഴുതിയിട്ടുണ്ട്. സീയിങ് - കാഴ്ച - എന്നാണീ നോവലിന്റെ പേര് ).

പേരില്ലാത്തവര്‍

നോവലിലെപ്പോലെ സിനിമയിലും കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല. യുവാവ്, കറുത്ത കണ്ണട ധരിച്ച യുവതി, ഡോക്ടര്‍, ഡോക്ടറുടെ ഭാര്യ, കാര്‍മോഷ്ടാവ്, എന്‍ജിനിയര്‍, ഫാര്‍മസിസ്റ്റ്, വൃദ്ധന്‍, പയ്യന്‍ തുടങ്ങിയവരൊക്കെയാണ് കഥാപാത്രങ്ങള്‍. വിഷയത്തിനനുയോജ്യമായ രീതിയിലാണ് ഛായാഗ്രഹണം. പല രംഗങ്ങളും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലേതുപോലെയാണ്. വെളുപ്പിനാണ് പ്രാധാന്യം. ഇടയ്ക്കിടെ സ്‌ക്രീനില്‍ വെളുപ്പ് പടരുന്നു. അവ്യക്തമായ നിഴല്‍രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ഈ സിനിമ ഇറങ്ങിയ കാലത്ത് ചില വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അമേരിക്കയിലെ ' നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് ' എന്ന സംഘടനയാണ് പ്രതിഷേധസ്വരമുയര്‍ത്തിയത്. കാഴ്ചപരിമിതരായ സമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം. സംവിധായകന്‍ അതിനു കൃത്യമായ മറുപടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാദം ഇതായിരുന്നു : ' കാഴ്ചപരിമിതരായ മനുഷ്യരെക്കുറിച്ചുള്ള സിനിമയല്ലിത്. മനുഷ്യസ്വഭാവത്തെക്കുറിച്ചാണിതില്‍ പറയുന്നത് '.


Image courtesy:


Post a Comment

0 Comments