മഞ്ഞവരയ്ക്കുള്ളിലെ ജീവിതങ്ങള്‍
- ടി. സുരേഷ് ബാബു
ലാറ്റിനമേരിക്കയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍
രൂപമെടുത്ത ' ദ തിന്‍ യെലോ ലൈന്‍ ' എന്ന മെക്‌സിക്കന്‍ സിനിമ ജീവിതത്തിനും മരണത്തിനുമിടയിലെ
നേരിയ മഞ്ഞവരയ്ക്കുള്ളില്‍ ഓരോ നിമിഷവും തള്ളിനീക്കുന്ന അഞ്ചു മനുഷ്യരുടെ വര്‍ണപ്പകിട്ടില്ലാത്ത
കഥ പറയുന്നു
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരത്തിനു നടുവില്‍ നേരിയ മഞ്ഞവരയിടുന്ന അഞ്ചു തൊഴിലാളികളുടെ നിറമില്ലാത്ത ജീവിതമാണ് ' തിന്‍ യെലോ ലൈന്‍ ' എന്ന മെക്‌സിക്കന്‍ ചിത്രം വരച്ചിടുന്നത്. സെല്‍സോ ആര്‍. ഗാര്‍ഷ്യ എന്ന സംവിധായകന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. സ്പാനിഷ് ഭാഷയിലെടുത്ത 95 മിനിറ്റുള്ള ഈ സിനിമ യാഥാര്‍ഥ്യബോധം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സ്വയം തിരക്കഥയെഴുതി , തനിക്ക് പറയാനുള്ള ചെറിയൊരു കാര്യം തീരെ വളച്ചുകെട്ടില്ലാതെ നേര്‍വര പോലെ രേഖപ്പെടുത്തുകയാണ് ഗാര്‍ഷ്യ. 2015 ല്‍ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമ മോണ്‍ട്രിയല്‍ മേളയില്‍ മികച്ച ലാറ്റിനമേരിക്കന്‍ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജീവിതവും മരണവും
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് ഗാര്‍ഷ്യ ഈ സിനിമയുടെ ഇതിവൃത്തം രൂപപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി കിട്ടുന്നില്ല. ആത്മാര്‍ഥമായി ജോലി ചെയ്യുന്നവര്‍ക്കുപോലും രക്ഷയില്ല. ഏതു സമയവും ജോലിയില്‍ നിന്നു പിരിച്ചുവിട്ടേക്കാം. ജീവിതം പോലെ, നേര്‍രേഖകളും വളവുകളും കുഴികളുമുള്ള ഒരു കഥയാണ് താന്‍ പറയാനുദ്ദേശിച്ചതെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. ആ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചതായി നമുക്ക് ഉറപ്പിച്ചു പറയാനാകും. വളരെ ലളിതമാണ് കഥാഖ്യാനരീതി. കഥ എവിടെ തുടങ്ങണം, എങ്ങനെ കൊണ്ടുപോകണം , എവിടെ അവസാനിപ്പിക്കണം എന്ന കാര്യത്തിലൊന്നും സംവിധായകന് സന്ദേഹങ്ങളില്ല. എവിടെ നിന്നോ വന്നതുപോലെ എവിടേക്കോ കഥാപാത്രങ്ങള്‍ മടങ്ങിപ്പോകുന്നു. പക്ഷേ , അവരൊക്കെ പ്രേക്ഷക മനസ്സില്‍ ചലനമുണ്ടാക്കിയാണ് അപ്രത്യക്ഷരാകുന്നത്. ജീവിതവും മരണവും ആശയും നൈരാശ്യവും അടുപ്പവും അകല്‍ച്ചയുമെല്ലാം ഈ സിനിമയിലുണ്ട്. ഒപ്പം , മനുഷ്യത്വത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സംഘടിത ശക്തിയുടെയും വിജയവും ഈ ചിത്രം ഉദ്‌ഘോഷിക്കുന്നു.
മെക്‌സിക്കന്‍ സ്റ്റേറ്റ് ഹൈവേയിലെ 200 കിലോമീറ്റര്‍ ദൂരം മഞ്ഞച്ചായമടിക്കാനാണ് അഞ്ചുപേര്‍ എത്തുന്നത്. രണ്ടു പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന മലമ്പാതയാണിത്. കടുത്ത വെയില്‍ സഹിച്ച് 15 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണം. ഇത്രയും ദിവസത്തിനുള്ളില്‍ നടക്കുന്ന ചില സാധാരണ സംഭവങ്ങളിലൂടെയാണ് ഗാര്‍ഷ്യയുടെ ക്യാമറ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായി ഒന്നും നടക്കുന്നില്ല. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കി പണിക്കാര്‍ അവനവന്റെ വഴികളിലേക്ക് ഇറങ്ങിപ്പോകുന്നു.
ഈ തിരിച്ചുപോക്കിനിടയില്‍ അവര്‍ അനിശ്ചിതത്വത്തിലേക്കും പ്രതിസന്ധികളിലേക്കും പ്രണയത്തിലേക്കും അറിയാതെ സഞ്ചരിക്കുന്നുണ്ട്. ഇതും കൂടി ചേര്‍ന്നതാണ് ജീവിതം എന്ന് അവര്‍ തിരിച്ചറിയുന്നുമുണ്ട്.
തുരുമ്പെടുത്ത വാഹനങ്ങള്‍
മെക്‌സിക്കോവില്‍ വാഹനങ്ങള്‍ അധികം സഞ്ചരിക്കാത്ത പാതയിലാണ് കഥ നടക്കുന്നത്. യാത്രക്കാര്‍ എന്നോ ഉപേക്ഷിച്ച പാതയാണിത്. എങ്കിലും, അതിലൂടെ സഞ്ചരിക്കുന്ന വിരലിലെണ്ണാവുന്ന യാത്രക്കാര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. 30 വര്‍ഷം നിരത്തുനിര്‍മാണ രംഗത്ത് പ്രവര്‍ത്തിച്ച് ഉന്നതരുടെ പ്രീതി നേടിയ ഫോര്‍മാന്‍ അന്റോണിയോ മാര്‍ക്വേസ് ആണ് സിനിമയിലെ നായകന്‍. പ്രായം എഴുപതിലെത്തുന്നു. ഒരു റോഡുപണിക്കിടെയുണ്ടായ മലയിടിച്ചിലില്‍ തന്റെ അഞ്ചു സഹപ്രവര്‍ത്തകര്‍ നഷ്ടപ്പെട്ടതിന്റെ വേദന അയാളെ വിട്ടുപിരിയുന്നില്ല. കപ്പിത്താന്‍ ഒന്നുകില്‍ യാത്രക്കാരുടെ രക്ഷകനാകണം. അല്ലെങ്കില്‍, യാത്രക്കാരോടൊപ്പം മുങ്ങിത്താഴണം. തനിക്കിത് രണ്ടും ചെയ്യാനായില്ലെന്ന് അയാള്‍ ജാള്യത്തോടെയും കുറ്റബോധത്തോടെയും ഓര്‍ക്കുന്നു. അന്ന് അവരോടൊപ്പം മരിക്കാന്‍ താനും തയ്യാറായിരുന്നു എന്നാണ് എന്‍ജിനിയറോട് അയാള്‍ പറയുന്നത്. താന്‍ പേരെടുത്ത ആ തൊഴില്‍മേഖല പിന്നീട് അന്റോണിയോ ഉപേക്ഷിക്കുന്നു. വിഭാര്യനാണയാള്‍. ഒരു മകന്‍ 15 വര്‍ഷം മുമ്പ് അയാളെ ഉപേക്ഷിച്ച് എങ്ങോ പോയി. പഴയൊരു ട്രക്കാണ് ഇപ്പോള്‍ അയാളുടെ കൂട്ട്. കാലാവധി കഴിഞ്ഞതും അപകടത്തില്‍പ്പെട്ടതുമായ വാഹനങ്ങള്‍ കൊണ്ടുപോയിത്തള്ളുന്ന ശവപ്പറമ്പില്‍ കാവലാണ് ഇപ്പോഴത്തെ ജോലി. കൂലിയൊന്നും കൃത്യമായി കിട്ടാറില്ല. പഴകി തുരുമ്പിച്ച വാഹനങ്ങള്‍പോലെ തന്റെ ജീവിതവും അസ്തമിക്കാറായി എന്നയാള്‍ കണക്കുകൂട്ടുന്നു. സാമ്പത്തികമാന്ദ്യം എല്ലാ തൊഴില്‍ മേഖലയെയും ബാധിക്കുന്നുണ്ട്. അന്റോണിയോവിനോടും ഒരു ദിവസം പൊയ്‌ക്കൊള്ളാന്‍ ഉടമ പറയുന്നു. പകരം ഒരു പട്ടിയെയാണ് വണ്ടികളുടെ ആ ശ്മശാനത്തില്‍ ഉടമ കാവല്‍ നിര്‍ത്തുന്നത്. തിരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയോ തനിക്കുള്ള അവകാശങ്ങളെപ്പറ്റി വാചാലനാവുകയോ ചെയ്യാത്ത മിണ്ടാപ്രാണിയാണ് കാവലിനു കൂടുതല്‍ യോജിക്കുക എന്നു ഉടമ കരുതിയിട്ടുണ്ടാവണം. അവിടെനിന്ന് കുടിയിറങ്ങുന്ന അന്റോണിയോ ഒരു പെട്രോള്‍ പമ്പില്‍ ജോലിക്കു കയറുന്നു. അവിടെയും തുച്ഛമായ വേതനമേയുള്ളു. അവിടെവെച്ചാണ് തന്റെ മേലധികാരിയായിരുന്ന പഴയ എന്‍ജിനിയറെ അയാള്‍ കണ്ടുമുട്ടുന്നത്. അന്റോണിയോവിലുള്ള വിശ്വാസം കൊണ്ട് എന്‍ജിനിയര്‍ ഒരു പ്രധാനദൗത്യം അയാളെ ഏല്‍പ്പിക്കുന്നു. മഴ കനത്തു പെയ്യുംമുമ്പ് റോഡില്‍ വിഭജനരേഖ വരയ്ക്കണം. പണ്ടത്തെപ്പോലെ കൈകൊണ്ട് ചെയ്യേണ്ട. കൃത്യമായി ചായം വീഴ്ത്തുന്ന യന്ത്രമുണ്ട്. നാലു പണിക്കാരെയും അയാള്‍ക്ക് കൊടുത്തു.
നാലു വഴികളില്‍ നിന്ന് നാലു പേര്‍
നാലു വഴികളില്‍ നിന്നാണ് അവര്‍ നാലു പേരും വരുന്നത്. ആര്‍ക്കും തമ്മില്‍ അറിയില്ല. ഒരാള്‍് ചെറുപ്പക്കാരന്‍. പേര് പാബ്ലോ. ബാക്കിയെല്ലാവരും മധ്യവയസ്‌കര്‍. തടിയന്‍ അതായ്‌ദേ സര്‍ക്കസിലായിരുന്നു. മറ്റൊരാള്‍ മരിയോ. മോഷണത്തിന് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തുവന്നതേയുള്ളു. ഗബ്രിയേലാണ് മൂന്നാമന്‍. വലിയ ട്രെയിലറുകള്‍ ഓടിച്ചിരുന്നു അയാള്‍. ഇപ്പോള്‍ കാഴ്ച കുറഞ്ഞതിനാല്‍ ആ ജോലി നിര്‍ത്തി. ആരുടെയും പശ്ചാത്തലം അന്റോണിയോവിനറിയില്ല. അയാള്‍ക്കതിന്റെ ആവശ്യവുമില്ല. നിശ്ചയിച്ച ദിവസങ്ങള്‍ക്കുള്ളില്‍ ജോലി തീര്‍ക്കണം എന്നേയുള്ളു. പെട്രോള്‍പ്പമ്പില്‍ കിട്ടിയിരുന്നതിന്റെ പത്തിരട്ടി കൂലിയാണ് എന്‍ജിനിയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്‍ജിനിയര്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തെപ്പറ്റി സദാ ബോധവാനാണ് അന്റോണിയോ. നമ്മള്‍ കേവലമൊരു മഞ്ഞവരയല്ല ഇടുന്നതെന്ന് അയാള്‍ സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു. ' ഇത് റോഡിലെ വഴികാട്ടിയാണ്. ഒരു വഴികാട്ടി എപ്പോഴും ഉണ്ടായേ തീരൂ ' - അയാള്‍ പറയുന്നു. ഇരച്ചുവരുന്ന വാഹനങ്ങള്‍ക്ക് റോഡുപണിയുടെ സൂചന നല്‍കാന്‍ ചുവന്ന കൊടിയുമായി നില്‍ക്കുന്ന തൊഴിലാളിയോട് അന്റോണിയോ പറയുന്നത് ' നിന്റെ കൊടി നമ്മുടെ ജീവിതമാണ് ' എന്നാണ്. മനുഷ്യപ്പറ്റുള്ളവനാണ് ചെറുപ്പക്കാരന്‍ പാബ്‌ളോ. നാടുവിട്ടുപോയ തന്റെ മകനെയാണ് അന്റോണിയോ പാബ്‌ളോയില്‍ കാണുന്നത്. പക്ഷേ, അത്തരത്തിലുള്ള അടുപ്പമൊന്നും അയാള്‍ അവനോട് കാണിക്കുന്നില്ല.
ജീവിതാഭിമുഖ്യമുണര്‍ത്തുന്ന ഒരു ഇതിവൃത്തത്തിന്റെ പരിചരണരീതിയാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. അഞ്ചു നിരത്തുപണിക്കാര്‍ 15 ദിവസം കൊണ്ട് 200 കി.മീ. നീളത്തില്‍ മഞ്ഞവരയിടുന്നു. ഇതാണ് വിഷയം. ആവശ്യപ്പെട്ട ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പണി തീരുന്നു. അപ്പോള്‍ അവര്‍ നാലു പേരേയുള്ളു. പാബ്ലോയെ ഒരു വാഹനം മരണത്തിലേക്കു കൊണ്ടുപോയി. പണി പൂര്‍ത്തിയായ ദിവസം എല്ലാവരും കെട്ടിപ്പിടിച്ച് പിരിയുന്നു. ഒരുപക്ഷേ, വേറെയേതെങ്കിലും പാതയില്‍ അവര്‍ വീണ്ടും ഒരുമിച്ചേക്കാം. സിനിമ അത്തരം സൂചനകളിലേക്കൊന്നും കടക്കുന്നില്ല. അന്റോണിയോ ഒഴികെ മറ്റൊരു കഥാപാത്രത്തെയും പൂര്‍ണതോതില്‍ വികസിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. വിശ്രമത്തിന്റെ ഇടവേളകളില്‍ കഥാപാത്രങ്ങള്‍ തങ്ങള്‍ കടന്നുവന്ന വഴികളെക്കുറിച്ച് ചിലതൊക്കെ പറയും. ഇവ കൂട്ടിത്തുന്നിയാണ് നമ്മള്‍ അവരുടെ സ്വഭാവചിത്രം രൂപപ്പെടുത്തുന്നത്. അവരെല്ലാം ഉപേക്ഷിക്കപ്പെട്ടവരാണ്. ഒറ്റപ്പെട്ടവരാണ്. ഓര്‍മകളില്‍് അവര്‍ മഞ്ഞവരകളൊന്നും സൂക്ഷിച്ചുവെച്ചിട്ടില്ല. മാഞ്ഞുപോയ, വര്‍ണങ്ങളില്ലാത്ത വരകളേ അവര്‍ക്ക് ജീവിതം നല്‍കിയിട്ടുള്ളു. എന്നിട്ടും, അവര്‍ സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ആഹഌദിക്കാന്‍ ശ്രമിക്കുന്നു. ജീവിതത്തെ അതിന്റെ വഴിക്ക് വിട്ടുകൊടുക്കുകയാണവര്‍. റോഡിലെ വളവും തിരിവും കുഴിയുമെല്ലാം അവര്‍ക്കൊരുപോലെ.
അഞ്ചു മനുഷ്യര്‍ മാത്രമല്ല ഈ മഞ്ഞവരകളെ ആശ്ലേഷിച്ച് കടന്നുപോകുന്നത്. ഒരു പട്ടിയുമുണ്ട് കഥാപാത്രമായിട്ട്. റോഡരികില്‍ വെള്ളം വില്‍ക്കുന്ന ചെറിയ കടക്കരികില്‍ അത്് തന്റെ യജമാനനെ കാത്തുനില്‍ക്കുകയായിരുന്നു. കാറില്‍ വന്ന ഏതോ കുടുംബം ഉപേക്ഷിച്ചുപോയതാണ് ആ പട്ടിയെ. പാബ്ലോ അതിനെ തൊട്ടുതലോടി. അതോടെ , അത് അവന്റെ പിന്നാലെ കൂടി. അന്റോണിയോവിന് പട്ടികളെ ഇഷ്ടമല്ല. കണ്ടാല്‍ അവയെ ഓടിക്കും. ഇപ്പോള്‍ പട്ടികളെ വെറുക്കാന്‍ അയാള്‍ക്ക് ഒരു കാരണം കൂടിയുണ്ട്. വാഹനങ്ങളുടെ ജങ്ക് യാര്‍ഡില്‍ തന്റെ ജോലി തട്ടിയെടുത്തത് ഒരു പട്ടിയാണ്. അയാളുടെ എതിര്‍പ്പ് പക്ഷേ, പാബ്ലോ വകവെച്ചില്ല. ആരെയും പിണക്കാനാവാത്തതിനാല്‍ അന്റോണിയോ മൗനം പൂണ്ടു. മഞ്ഞവരയിടുന്നയിടത്തെല്ലാം അവര്‍ക്കൊപ്പം കൂട്ടുകാരനെപ്പോലെ പട്ടിയും സഞ്ചരിച്ചു. അവരോടൊപ്പം പന്തു കളിച്ചു. അവരോടൊപ്പം ജലാശയത്തിലിറങ്ങി കുളിക്കുകയും നീന്തിക്കളിക്കുകയും ചെയ്തു. പാബ്ലോയുടെ അഭാവത്തില്‍ അവനെങ്ങോട്ടുപോകും എന്നതാവും നമ്മുടെ ചിന്ത. അവസാനരംഗത്തില്‍ അതിനുള്ള ഉത്തരമുണ്ട്. അന്റോണിയോ തിരിച്ചുപോകുമ്പോള്‍ ട്രക്കില്‍ മുന്‍സീറ്റില്‍ നാവും നീട്ടിയിരിക്കുന്ന പട്ടിയുടെ ആഹ്ലാദചിത്രമാണ് നമ്മള്‍ കാണുന്നത്.
ഉപേക്ഷിക്കപ്പെട്ട നിരത്തും മനുഷ്യരും
ഇതിലെ നിരത്തു പോലെ കഥാപാത്രങ്ങളും പട്ടിയും ഉപേക്ഷിക്കപ്പെട്ടവരാണ്. സ്വന്തം കുടുംബത്തിനാല്‍, നാട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടവരാണവര്‍. ആ റോഡും യാത്രക്കാര്‍ ഉപേക്ഷിച്ചതാണ്. അധികമാരും കടന്നുവരാത്ത പാതയില്‍ ജോലി ചെയ്യുമ്പോഴും അവരുടെ മനസ്സ് സ്വന്തക്കാരെ തേടുകയാണ്. ചിലരെ സ്വന്തമാക്കാനും അവരാഗ്രഹിക്കുന്നു. ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള യാത്രയില്‍ വാഹനം കേടായി എല്ലാവരും ഒരു രാത്രി വഴിയോരത്തെ ഒരു വീട്ടില്‍ തങ്ങുന്നു. ഒരമ്മയും മകളും മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. ആ പെണ്‍കുട്ടിയെ പാബ്ലോ ഇഷ്ടപ്പെടുന്നു. പെണ്‍കുട്ടി തിരിച്ചും. പക്ഷേ, ആ ബന്ധം ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്ന് അന്റോണിയോവിനറിയാമായിരുന്നു. വേദനിപ്പിക്കാതെതന്നെ അയാള്‍ പാബ്ലോയെ ആശ്വസിപ്പിക്കുന്നത് ' സുന്ദരികളായ പെണ്‍കുട്ടികള്‍ ഇവിടെ ധാരാളമുണ്ട് ' എന്നു പറഞ്ഞാണ്.
ജീവിതത്തിനും മരണത്തിനുമിടയിലാണ് അവര്‍ മഞ്ഞവരയിടുന്നത്. ഓരോ റോഡു നിര്‍മാണത്തിലും രക്തസാക്ഷികളുണ്ടാകാറുണ്ട്. അന്റോണിയോ തന്റെ ജീവിതത്തില്‍ നിന്ന് അതാണ് പഠിച്ചത്. 30 വര്‍ഷം മുമ്പ് തനിക്ക് അഞ്ചു സഹപ്രവര്‍ത്തകരെയാണ് മലയിടിച്ചിലില്‍ നഷ്ടമായത്. ഇവിടെ , മകനു തുല്യം താന്‍ കണ്ട പാബ്ലാവിനെയും നഷ്ടപ്പെടുന്നു. തിരക്കില്ലാത്ത നിരത്തിലൂടെ അശ്രദ്ധമായി ആരോ ഓടിച്ച വാഹനമാണ് പാബ്‌ളോയുടെ ജീവനെടുത്തത്. ആസ്പത്രിയിലേക്ക് അവനെ കൊണ്ടുപോകുമ്പോള്‍ റോഡില്‍ മഞ്ഞച്ചായം വീഴുന്നതുപോലെ ചോരത്തുള്ളികള്‍ വരിയിട്ടുപോകുന്ന ദൃശ്യം സംവിധായകന്‍ കാണിച്ചുതരുന്നു. ജീവിതം ഇവിടെ മരണത്തിലേക്ക് കടന്നുപോകുന്നു. തന്റെ സഹോദരന്‍ ജീവിതവൃത്തി തേടിപ്പോയ ചിക്കാഗോവിലേക്ക് പോകാനാഗ്രഹിച്ചിരുന്നു പാബ്ലോ. അതിനുള്ള പണമുണ്ടാക്കാനാണ് അവന്‍ നിരത്തുപണിക്കെത്തിയത്.
ജീവിതം വില പിടിച്ചത്
ചെറിയ ചെറിയ കാര്യങ്ങളേ സംവിധായകന്‍ ഇതില്‍ പറയുന്നുള്ളു. അത് വളരെ സ്വാഭാവികമായി പറയുകയും ചെയ്യുന്നു. മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതമാണ് പാബ്ലോയുടേത്. രണ്ടു സന്ദര്‍ഭങ്ങളിലൂടെ ഈ കഥാപാത്രത്തെ വളരെ കൃത്യമായി സംവിധായകന്‍ നമ്മെ പരിചയപ്പെടുത്തുന്നു. ബോണറ്റില്‍ വെള്ളമില്ലാതെ ഓട്ടം നിലച്ചുപോയ ഒരു കാറുകാരന് വെള്ളം കൊടുക്കുന്നത് പാബ്ലോയാണ്. കുടിക്കാനുള്ള വെള്ളമാണ്. അത് കാറുകാരന് കൊടുക്കുന്നതില്‍ അന്റോണിയോ അപ്രിയം കാട്ടുന്നു. ' എന്റെ കുടിവെള്ളത്തിന്റെ പങ്കില്‍ നിന്ന് അതെടുത്തോളൂ ' എന്നു പറഞ്ഞ് അവന്‍ അയാളുടെ അപ്രിയത്തെ മറികടക്കുന്നു. വഴിയരികില്‍ കണ്ട പട്ടിയെ ഒപ്പം കൂട്ടുമ്പോഴും പാബ്ലോയിലെ സഹജീവിസ്‌നേഹമാണ് സംവിധായകന്‍ കാട്ടിത്തരുന്നത്. മറ്റൊരിക്കല്‍ മരിയോ മരണത്തെ മുഖാമുഖം കണ്ടതാണ്. വഴിയരികില്‍ ഉറങ്ങിക്കിടക്കവെ ഒരു പാമ്പ് അയാളുടെ ദേഹത്തൂടെ ഇഴയുന്നു. നമ്മുടെ സിനിമയുടെ രീതിയനുസരിച്ച് ഇവിടെ പട്ടിക്ക് ഹീറോയിസം കാട്ടാനുള്ള അവസരം ഉറപ്പ്. പട്ടി ചാടിവീണ് പാമ്പുമായി എതിരിട്ട് രക്ഷകനാവും. അല്ലെങ്കില്‍ ധീര രക്തസാക്ഷിയാകും. ഈ സിനിമയില്‍ അതൊന്നുമല്ല നമ്മള്‍ കാണുന്നത്. കൂട്ടത്തിലൊരാള്‍ മരിയോയോട് പേടിക്കാതെ , അനങ്ങാതെ കിടക്കാന്‍ പറയുന്നു. എന്നിട്ട്്, പതുക്കെ, സൂക്ഷ്മതയോടെ, സ്‌നേഹത്തോടെ ആ പാമ്പിനെ പിടിച്ച് റോഡരികിലെ പൊന്തയില്‍ കൊണ്ടുപോയി വിടുന്നു. വര്‍ണപ്പകിട്ടൊന്നുമില്ലെങ്കിലും ജീവിതം എത്ര വിലപിടിച്ചതാണ് എന്ന് മരിയോയുടെ വിളറിയ മുഖം കണ്ടാലറിയാം.
നാല്‍പ്പത്തിനാലുകാരനായ സെല്‍സോ
ഗാര്‍ഷ്യയുടെ ' ദ തിന്‍ യെലോ ലൈന്‍ ' ചിക്കാഗോ , സിംഗപ്പൂര്‍ , സ്റ്റോക്ക് ഹോം
, സാവോ പോളോ ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹ്രസ്വചിത്രങ്ങളിലൂടെയാണ് ഗാര്‍ഷ്യ തുടക്കത്തില്‍ പേരെടുത്തത്. ലിറ്റില്‍ റേഡിയോ ,
എഗ് ഹെഡ്്, ഷൂ, ദ മില്‍ക്ക് ആന്റ് ദ വാട്ടര്‍ , കോക്ക് ഫീറ്റ് എന്നിവയാണ് പ്രധാന ഹ്രസ്വസിനിമകള്‍. ഇതില്‍ ' ദ മില്‍ക്ക് ആന്റ് ദ വാട്ടര്‍ ' ഇരുപതോളം അന്താരാഷ്ട്ര
ബഹുമതികള്‍ നേടിയ ചിത്രമാണ്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ നിസ്സഹായയായ
ഒരു വയോധികയും അവരുടെ ജീവിതോപാധിയായ പശുവുമാണിതിലെ കഥാപാത്രങ്ങള്‍. ഇവര്‍ തമ്മിലുള്ള
ഹൃദയബന്ധമാണ് 12 മിനിറ്റുള്ള ഈ സിനിമയുടെ ഇതിവൃത്തം.
( 2016 ല്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത് )
Image courtesy:
- [Movie poster from 2015 Hollywood movie The thin yellow line]. Retrieved from https://www.imdb.com/title/tt3422094/mediaviewer/rm558494720
- [Movie still from 2015 Hollywood movie The thin yellow line]. Retrieved from https://www.imdb.com/title/tt3422094/mediaviewer/rm725692928
- [Movie still from 2015 Hollywood movie The thin yellow line]. Retrieved from https://www.imdb.com/title/tt3422094/mediaviewer/rm977351168
0 Comments