Cinemawala

 


വെളിച്ചവും നിഴലും

- ടി. സുരേഷ് ബാബു 

ബംഗാളി സിനിമയുടെ ജനകീയതയില്‍ അഭിമാനിക്കുന്ന , സിനിമാ പ്രദര്‍ശകനായ ഒരച്ഛനും സിനിമയെ പണമുണ്ടാക്കാനുള്ള വെറും കച്ചവടച്ചരക്കായി മാത്രം കാണുന്ന ഒരു മകനും തമ്മിലുള്ള ആശയ സംഘര്‍ഷമാണ് കൗശിക് ഗാംഗുലിയുടെ ' സിനിമാവാല ' എന്ന ബംഗാളി ചലച്ചിത്രത്തിന്റെ പ്രമേയം.

സമകാലിക ബംഗാളി സിനിമയിലെ പ്രമുഖ സംവിധായകരിലൊരാളായ കൗശിക് ഗാംഗുലി 16 വര്‍ഷത്തിനിടയില്‍ സംവിധാനം ചെയ്തത് 25 സിനിമകള്‍. തന്റെ ഓരോ സിനിമയും പ്രമേയത്തിന്റെ കാര്യത്തില്‍ വേറിട്ടു നില്‍ക്കണമെന്നത്് കൗശിക്കിനു നിര്‍ബന്ധമാണ്. സിനിമ വിഷയമാക്കി ഏതാനും ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒന്നും മറ്റൊന്നിന്റെ നിഴല്‍ വീഴാത്തത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അഞ്ചു കൊല്ലത്തിനിടയില്‍ തുടര്‍ച്ചയായി മൂന്നു സിനിമകളില്‍ അദ്ദേഹം സിനിമാവിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. ആ സിനിമാത്രയത്തിലെ മൂന്നാമത്തെ ചിത്രമാണ് ' സിനിമാവാല '. 2016 ല്‍ ഗോവ ഫിലിം ഫെസ്റ്റിവെലില്‍ യുണെസ്‌കോ ഫെല്ലിനി അവാര്‍ഡിനര്‍ഹമായ ' സിനിമാവാല ' ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചുള്ള കൗശിക് ഗാംഗുലിയുടെ വേവലാതികള്‍ പങ്കുവെക്കുന്നു. ആ നിലപാടിനോട് പ്രേക്ഷകര്‍ക്കും യോജിക്കാതിരിക്കാനാവില്ല.

നിലപാടുകളില്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങാത്ത രണ്ടു തലമുറകളുടെ ആശയ സംഘട്ടനമായി ഇതിവൃത്തത്തെ വിശേഷിപ്പിക്കുമ്പോള്‍ത്തന്നെ അത് ഇന്നത്തെ സിനിമയുടെ അവസ്ഥയില്‍ ചെന്നുതൊടുന്നുണ്ട്. സിനിമ ഒരു വ്യവസായമെന്ന നിലയില്‍ നിലനില്‍ക്കാന്‍ ഓരോരുത്തരും തന്റേതായ പരിശ്രമം നടത്തണമെന്നുകൂടി ഉറപ്പിച്ചു പറയുകയാണ് സംവിധായകന്‍ കൗശിക് ഗാംഗുലി. എളുപ്പത്തില്‍ സമ്പന്നനാകാനുള്ള തത്രപ്പാടില്‍ പാരമ്പര്യ ബിസിനസ്സിനെപ്പോലും തള്ളിപ്പറഞ്ഞ് സിനിമാ രംഗത്തേക്ക് ചാടിവീഴുന്ന യുവതലമുറക്കുള്ള താക്കീതു കൂടിയാണ് ഈ സിനിമ. സിനിമയെന്ന കലാ മാധ്യമത്തിനു പിറകില്‍, സിനിമയെന്ന വ്യവസായത്തില്‍ , ഒട്ടേറെ ഘടകങ്ങളുടെ സംയോഗമുണ്ടെന്നു സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊരു വ്യവസായമാണെന്നും ഇതിനു പിന്നില്‍ വലിയൊരു സാമ്പത്തിക മുതല്‍മുടക്കു കൂടിയുണ്ടെന്നും നമ്മളോര്‍ക്കണം. പുതിയ സിനിമകള്‍ എളുപ്പം പകര്‍ത്തിയെടുത്ത് ഡി.വി.ഡി. യാക്കി വില്‍ക്കുമ്പോഴും അധികാരത്തിന്റെ തണലില്‍ അനധികൃതമായി പ്രദര്‍ശിപ്പിക്കുമ്പോഴും ഒരുപാടു പേര്‍ക്ക് ഒരുപാടു നഷ്ടങ്ങള്‍ ഏല്‍ക്കുന്നുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. വംഗദേശത്തിന്റെ ജനകീയമായ സിനിമാ പാരമ്പര്യം എന്തെന്നുകൂടി യുവതലമുറയെ ബോധ്യപ്പെടുത്താനും അദ്ദേഹം ' സിനിമാവാല ' യിലൂടെ ശ്രമിക്കുന്നുണ്ട്.

സിനിമ ഡിജിറ്റലാകുന്നു

സിനിമ ഡിജിറ്റല്‍യുഗത്തിലേക്ക് കടക്കുംമുമ്പ് ബംഗാളില്‍ 700 സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളാണുണ്ടായിരുന്നത്. സിനിമ ഡിജിറ്റലായതോടെ ഇത്തരം തിയേറ്ററുകളുടെ കഷ്ടകാലം തുടങ്ങി. കാണികള്‍ അവിടേക്കു വരാതായി. പലയിടത്തും അനധികൃതമായി കെട്ടിയുയര്‍ത്തിയ താത്കാലിക കൂടാരങ്ങളില്‍ അധികൃതരുടെ ഒത്താശയോടെ സിനിമാ പ്രദര്‍ശനങ്ങള്‍ തുടങ്ങി. അതോടെ, പഴഞ്ചന്‍ തിയേറ്ററുകള്‍ ഒന്നൊന്നായി പൂട്ടാന്‍ തുടങ്ങി. ബംഗാളില്‍ ഇപ്പോള്‍ സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളുടെ എണ്ണം ഇരുനൂറ്റമ്പതിലേക്ക് ഒതുങ്ങി. ഈയൊരു അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിലാണ് ' സിനിമാവാല ' എന്ന ചിത്രം പ്രസക്തമാകുന്നത്. തലമുറകള്‍ തമ്മിലുള്ള അകല്‍ച്ചയിലേക്കു മാത്രമല്ല എന്തുകൊണ്ട് സിനിമാ വ്യവസായം തകരുന്നു എന്നതിലേക്കു കൂടിയാണ് കൗശിക് തന്റെ സിനിമയിലൂടെ കണ്ണോടിക്കുന്നത്.

സിനിമ പുതിയ സാങ്കേതികവിദ്യയിലേക്ക് പരിണമിക്കുന്നത് തൊട്ടറിഞ്ഞിട്ടുള്ള സംവിധായകനാണ് കൗശിക്. സ്‌കൂളധ്യാപകനായിരിക്കെ 2004 ല്‍ സംവിധാന രംഗത്തേക്കു കടന്നയാളാണ് നടനും തിരക്കഥാകൃത്തുമായ കൗശിക് ഗാംഗുലി. അന്നൊക്കെ സെല്ലുലോയിഡിലാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ആകെ സംവിധാനം ചെയ്ത 25 സിനിമകളില്‍ പത്തെണ്ണം സെല്ലുലോയിഡിലാണ് താനെടുത്തത് എന്നു ഓര്‍ത്തെടുക്കുന്നു കൗശിക്. അതുകൊണ്ടുതന്നെ, പില്‍ക്കാലത്ത് ഡിജിറ്റല്‍ സിനിമയിലേക്കു മാറിയിട്ടും സെല്ലുലോയ്ഡ് സിനിമകളോട് അദ്ദേഹത്തിന് വികാരപരമായ ഒരടുപ്പമുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ച സിനിമാ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്കും വഴിതെളിച്ചിട്ടുണ്ട് എന്നദ്ദേഹം വിശ്വസിക്കുന്നു. വലിയൊരു സംഘം സിനിമാപ്രവര്‍ത്തകരുടെ ഏറെക്കാലത്തെ അധ്വാനത്തിന്റെ ഫലമായി രൂപം കൊള്ളുന്ന കലാസൃഷ്ടി ആര്‍ക്കും എളുപ്പത്തില്‍ പകര്‍ത്തി സമ്പന്നരാകാം എന്ന അവസ്ഥ കൈവന്നിരിക്കുന്നു. 

സിനിമാ പ്രദര്‍ശനം അന്തസ്സുള്ള തൊഴിലായിക്കരുതി ജീവിക്കുന്ന പ്രണവേന്ദു ദാസ് എന്ന വയോധികന്റെയും അയാളുടെ സഹായിയായ ഓപ്പറേറ്റര്‍ ഹരിയുടെയും തകര്‍ച്ചയുടെയും പരാജയത്തിന്റെയും കഥയാണ് കൗശിക് ' സിനിമാവാല യിലൂടെ പറയുന്നത്. സാങ്കേതികവിദ്യയുടെ കുതിപ്പില്‍ ഇരുവരും ഒരടിപോലും മുന്നോട്ടു പോകാനാവാതെ നിന്നു കിതയ്ക്കുന്നു. അപ്പുറത്ത് നില്‍ക്കുന്നത് പ്രണവേന്ദുവിന്റെ മകന്‍ പ്രകാഷ് തന്നെ. സിനിമയെ ഒരു കലയേക്കാളുപരി കച്ചവടമായി കാണുന്ന ചെറുപ്പക്കാരന്‍. കൊല്‍ക്കത്തയില്‍ നിന്ന് വ്യാജ ഡി.വി.ഡി. കള്‍ ഒളിച്ചുകടത്തുന്ന പ്രകാഷ് സിനിമാ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്നവരുടെ പ്രതിനിധിയായി മാറുന്നു. പതിവുപോലെ നന്മ - തിന്മ സംഘട്ടനത്തില്‍ തിന്മയ്ക്ക് താത്കാലിക വിജയം കൈവരുന്നതിന്റെ അസ്വസ്ഥത പ്രേക്ഷകരിലേക്ക് പകര്‍ന്നുകൊണ്ടാണ് സംവിധായകന്‍ സിനിമ അവസാനിപ്പിക്കുന്നത്.

 


നഷ്ടപ്പെടുന്ന ലോകം

ബംഗാളിലെ ചെറിയൊരു പട്ടണമാണ് സിനിമയുടെ പശ്ചാത്തലമായി വരുന്നത്. അവിടെ സര്‍വരാലും ആദരിക്കപ്പെടുന്നയാളാണ് പഴയൊരു സിനിമാഹാളിന്റെ ഉടമയും മത്സ്യ വിതരണക്കാരനുമായ പ്രണവേന്ദു ദാസ്. നാട്ടിലെ ഈ സര്‍വസമ്മതന്‍ പതിവുപോലെ വീട്ടില്‍ അനഭിമതനാണ്. കമ്യൂണിസ്റ്റുകാരനായ ദാസ് നിലപാടുകളിലെ കാര്‍ക്കശ്യം മൂലം ഭാര്യയില്‍ നിന്നും മകനില്‍ നിന്നും ഏറെ അകലെയാണ്. വീട്ടുകാരെപ്പോലും തന്റെ പണിക്കാരായി കാണുന്നു എന്നതാണ് പ്രണവേന്ദുവിനെതിരെ മകനുയര്‍ത്തുന്ന പ്രധാന ആക്ഷേപം. ഭാര്യ പിണങ്ങിപ്പോയി. മകനും അവന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. രാവിലെ മാര്‍ക്കറ്റിലെ മീന്‍വ്യാപാരം മകന്‍ പ്രകാഷാണ് നോക്കുന്നത്. അത് മനസ്സുണ്ടായിട്ടല്ല. അച്ഛനെ ഭയന്നിട്ടാണ്. രാവിലത്തെ മീന്‍വ്യാപാരം കഴിഞ്ഞാല്‍ പ്രണവേന്ദു ഹരിയുമൊത്ത് നേരെ സിനിമാഹാളിലെത്തും. രാത്രി വളരെ വൈകിയേ ഇരുവരും മടങ്ങൂ. കമാലിനി എന്നു പേരായ ആ തിയേറ്റര്‍ ദാസിനും ഹരിയ്ക്കും പഴയകാല ഓര്‍മകളില്‍ ഒഴുകിനടക്കാനുള്ള സ്ഥലമാണ്. എന്നെങ്കിലും സിനിമയുടെ പഴയകാലം തിരിച്ചുവരുമെന്ന് ആ വയോധികര്‍ വൃഥാ സ്വപ്‌നം കാണുന്നു. ബംഗാളി സിനിമയിലെ ആദ്യകാല സൂപ്പര്‍സ്റ്റാര്‍ ഉത്തംകുമാറാണ് ദാസിന്റെ ആരാധ്യ താരം. ( ബംഗാളി സിനിമയുടെ സുവര്‍ണകാലത്തെ സൂപ്പര്‍താരമായിരുന്ന ഉത്തംകുമാറിനെപ്പോലെ മറ്റൊരു ഹീറോ ഇനിയുണ്ടാവില്ല എന്ന് മഹാനായ സത്യജിത്‌റായി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ). പ്രകാഷിന് അച്ഛന്റെ നിഴലില്‍ നിന്ന് മോചനം നേടി സ്വന്തം കാലില്‍ നില്‍ക്കാനാണ് ആഗ്രഹം. അതിനു പണമുണ്ടാക്കണം. സിനിമയുടെ വഴി തന്നെയാണ് അവനും തിരഞ്ഞെടുക്കുന്നത്. പക്ഷേ, അച്ഛനില്‍ നിന്നു വ്യത്യസ്തമാണെന്നു മാത്രം. പുതിയ സിനിമകളുടെ വ്യാജ ഡി.വി.ഡി. കളുടെ വില്‍പ്പനയിലേക്കു തിരിയുന്ന അവന്റെ തലതെറിച്ച പോക്കിനെ അംഗീകരിക്കാന്‍ ദാസിനാവുന്നില്ല. ജനങ്ങളെ പേടിയുണ്ട് ദാസിന്. തന്റെ സല്‍പ്പേരിനെ അയാള്‍ അത്രയ്ക്ക് വിലമതിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ചെയര്‍മാനാകണമെന്ന പ്രാദേശിക നേതാവിന്റെ അഭ്യര്‍ഥന അയാള്‍ തള്ളുന്നു. അനധികൃമായി സിനിമ കാണിച്ച് പണമുണ്ടാക്കുന്ന മകന്റെ വഴി ചൂണ്ടിക്കാട്ടി ജനം തന്നെ പരസ്യമായി ചോദ്യം ചെയ്യുന്നത് അയാള്‍ക്ക് സഹിക്കാനാവില്ല. മകനുമായുള്ള വിട്ടുവീഴ്ചയില്ലാത്ത ശീതസമരത്തിനൊടുവില്‍ പ്രണവേന്ദുവിനു തന്റെ പ്രൊജക്ടറുകള്‍ കൈയൊഴിയേണ്ടിവരുന്നു. 23 ാം വയസ്സില്‍ ആ പ്രൊജക്ഷന്‍ റൂമില്‍ ഓപ്പറേറ്ററായി വന്നുകയറിയതാണ് ഹരി. പ്രണവേന്ദുവിന്റെ തണലും പ്രൊജക്ഷന്‍ റൂമിലെ പ്രൊജക്ടറുകളും ഫിലിം റോളുകളുമായിരുന്നു അയാളുടെ ലോകം. പ്രൊജക്ടറുകള്‍ രണ്ടും പോയതോടെ അയാളുടെ അസ്തിത്വം നഷ്ടപ്പെട്ടു. തിരശ്ശീലയിലേക്ക് നിരന്തരം വെളിച്ചവും നിഴലും കടത്തിവിട്ട് ആള്‍ക്കാരെ കരയിക്കുകയും ചിന്തിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തിരുന്ന പ്രൊജക്ഷന്‍ റൂമിലെ ഏകാന്തതയില്‍ ഹരി തന്റെ ജീവിതത്തിന് അന്ത്യം കുറിയ്ക്കുന്നു. പ്രണവേന്ദുവിനും മറ്റു വഴികളുണ്ടായിരുന്നില്ല. പരാജയപ്പെട്ട ആ പടയാളിയും ഹരിയുടെ പാതതന്നെ തിരഞ്ഞെടുക്കുന്നു.

എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജീവിച്ച് സിനിമയെന്ന മാന്ത്രികതയെ ജീവന്‍ കൊടുത്ത് നിലനിര്‍ത്തിയ എക്‌സിബിറ്റര്‍മാര്‍ക്കും പ്രൊജക്ഷന്‍ റൂമിലെ അദൃശ്യരായ ആത്മാക്കള്‍ക്കും സമര്‍പ്പിച്ചുകൊണ്ടാണ് നൂറു മിനിറ്റുള്ള സിനിമ തുടങ്ങുന്നത്. പ്രഭയറ്റുപോയ ഒരു സിനിമാഹാളാണ് നമ്മള്‍ ആദ്യം പരിചയപ്പെടുന്നത്. പ്രകാശിക്കാന്‍ മടിച്ച് മിന്നിമിന്നിക്കത്തുന്ന, പ്രൊജക്ഷന്‍ റൂമിലെ ബള്‍ബില്‍ നിന്നാണ് സിനിമയുടെ സഞ്ചാരം തുടങ്ങുന്നത് . ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍. പൊടിപിടിച്ച ഫാന്‍. ചവറ്റുകുട്ടയില്‍ വെട്ടിയിട്ട ഫിലിം തുണ്ടുകള്‍. പ്രൊജക്ടറില്‍ ഫിലിം റീല്‍ ചുറ്റുന്ന കൈകള്‍. ഈ ദൃശ്യഖണ്ഡങ്ങള്‍ക്കുശേഷം തുരുമ്പിച്ച ഓര്‍മ പോലെ ഫിലിം റീല്‍ പതുക്കെ കറങ്ങിത്തുടങ്ങുന്നു. പെട്ടെന്നത് നിലയ്ക്കുന്നു. വീണ്ടും കറങ്ങിത്തുടങ്ങുന്നു. തിരശ്ശീലയിലേക്ക് വെളിച്ചം നാവു നീട്ടുന്നു. ഫിലിം ഓടുന്ന ശബ്ദത്തിനൊപ്പം നമ്മള്‍ കാണുന്നത് ആഹ്ലാദം നിറഞ്ഞ രണ്ടു വൃദ്ധമുഖങ്ങള്‍. പ്രണവേന്ദു ദാസും ഹരിയും.

സിനിമാവാലയായി അറിയപ്പെടുന്ന പ്രണവേന്ദുവിന്റെയും മകന്‍ പ്രകാഷിന്റെയും പ്രധാന കര്‍മരംഗങ്ങളുടെ സൂചനയാണ് ആദ്യം കാണികള്‍ക്ക് നല്‍കുന്നത്. പ്രൊജക്ഷന്‍ റൂമില്‍ ഫിലിം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആഹ്ലാദിക്കുന്ന പ്രണവേന്ദുവിന്റെയും ഹരിയുടെയും മുഖങ്ങളില്‍ നിന്ന് രംഗം കട്ടു ചെയ്യുന്നത് ആള്‍ക്കൂട്ടത്തിന്റെ ബഹളത്തില്‍ മുങ്ങിയ മീന്‍ചന്തയിലേക്കും പ്രകാഷിലേക്കുമാണ്. ഇരുവരുടെയും സ്വഭാവവിശേഷങ്ങളിലേക്കും ഒന്നോ രണ്ടോ സൂചനകള്‍ നല്‍കുന്നു സംവിധായകന്‍. സൈക്കിള്‍ റിക്ഷയില്‍ ഇഴഞ്ഞിഴഞ്ഞുപോകുന്ന പ്രണവേന്ദുവിനെ മറികടന്ന് ബൈക്കില്‍ കുതിയ്ക്കുന്ന പ്രകാഷിന്റെ ചിത്രമാണ് ഒന്ന്. തങ്ങള്‍ രണ്ടും അപ്പൂപ്പന്മാരാകാന്‍ പോകുന്നു എന്ന വിവരമറിയിക്കുന്ന പ്രകാഷിന്റെ ഭാര്യാപിതാവിനോട് പ്രണവേന്ദു പറയുന്ന മറുപടിയാണ് മറ്റൊന്ന്. താന്‍ അപ്പൂപ്പനാകാന്‍ പോകുന്നു എന്നതല്ല വിശേഷം എന്ന് പ്രണവേന്ദു തിരുത്തുന്നു. മകന്‍ ഒരച്ഛനാകാന്‍ പോകുന്നു എന്നതാണ് വിശേഷം എന്നദ്ദേഹം പറയുന്നു. ജീവിതമെന്തെന്നു മകന്‍ പഠിയ്ക്കാന്‍ തുടങ്ങുകയാണ് എന്നതിലാണ് ആ അച്ഛന്‍ പ്രാധാന്യം കാണുന്നത്. ഇതുപോലെ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ മൂര്‍ച്ചയേറിയ ചെറിയ സംഭാഷണങ്ങളിലൂടെയും മൂളലുകളിലൂടെയും സംവിധായകന്‍ തന്റെ സിനിമയെ ചടുലമായ ഒരനുഭവമാക്കി മാറ്റുന്നു. സന്ദര്‍ഭത്തിനൊത്ത ജീവനുള്ള വാക്കുകളും മൗനവും ദൃശ്യഖണ്ഡങ്ങളോട് ചേരുമ്പോഴാണ് ഒരു സിനിമയ്ക്ക് ഊര്‍ജം കൈവരുന്നത് എന്നു നമ്മളെ ബോധ്യപ്പെടുത്താന്‍ കൗശിക്കിനു കഴിയുന്നു. 


അധികാരത്തിന്റെ വഴി

പ്രായമേറെയായിട്ടും സിനിമയോടുള്ള ആഭിമുഖ്യം പ്രണവേന്ദുവിനെ വിട്ടുമാറുന്നില്ല. ബഹളം നിലച്ചുപോയ സിനിമാഹാളിലാണ് അധികസമയവും. ഇപ്പോഴും എല്ലാ വെള്ളിയാഴ്ചകളിലും അയാള്‍ പത്രം വാങ്ങും. അതിലെ സിനിമാപ്പേജ് മാത്രമേ പ്രണവേന്ദുവിനു വേണ്ടൂ. വെള്ളിയാഴ്ച റിലീസാകുന്ന പുതിയ സിനിമകളെക്കുറിച്ചാണ് അയാള്‍ക്കറിയേണ്ടത്. ഹരി ആ പേജ് മാത്രം വായിച്ചുകൊടുക്കും. ആദ്യം ബംഗാളി സിനിമകളെക്കുറിച്ചറിയണം. പിന്നെ ഹിന്ദി സിനിമകളെയും. ഇങ്ങനെ സിനിമയുടെ ഭൂതകാല സൗരഭ്യത്തില്‍ ആഹ്ലാദിക്കുന്ന ഒരാള്‍ക്കെങ്ങനെ അതിന്റെ പാരമ്പര്യത്തെ മലീമസമാക്കുന്ന കച്ചവടത്തോട് സമരസപ്പെടാനാവും ? രാജ്യത്തു നടക്കുന്ന അതിക്രമങ്ങളില്‍ അസ്വസ്ഥനാണ് ആ വയോധികന്‍. ജനങ്ങളാകെ ആശയക്കുഴപ്പത്തിലാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഒരു വിമോചകന്‍ വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സിനിമയിലെ സ്വപ്‌നനായകനെപ്പോലെ ഒരാള്‍. അതുകൊണ്ടാണ് നമ്മളെല്ലാം സിനിമയെ സ്‌നേഹിക്കുന്നതെന്ന് പ്രണവേന്ദു വിശ്വസിക്കുന്നു. വ്യാജ ഡി.വി.ഡി. വില്‍പ്പനയെ ബിസിനസ്സാണെന്നു മകന്‍ ന്യായീകരിക്കുന്നതിനെ അയാള്‍ വിമര്‍ശിക്കുന്നു. അവന്‍ സമൂഹവിരുദ്ധനാണെന്ന് അയാള്‍ തുറന്നുപറയുന്നു. എത്ര സിനിമാഹാളുകള്‍ ഇത്തരക്കാര്‍ കാരണം പൂട്ടിപ്പോയി ? ഇവന്റേത് എന്റെ രക്തമല്ല എന്നുപോലും ഒരു ഘട്ടത്തില്‍ പ്രണവേന്ദു തള്ളിപ്പറയുന്നു. മകനുള്ള വീട്ടിലേക്ക് പോകാന്‍പോലും അയാള്‍ മടിയ്ക്കുന്നു. വ്യാജ ഡി.വി.ഡി. ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം നടത്തി കാശുണ്ടാക്കാനുള്ള മകന്റെ ശ്രമത്തെപ്പറ്റി പ്രണവേന്ദു പറയുന്നതിങ്ങനെയാണ് : ' ഇന്നുവരെ അവന്‍ മോഷ്ടിച്ചതേയുള്ളു. നാളെ മുതല്‍ നാട്ടുകാരെ പട്ടാപ്പകല്‍ കൊള്ളയടിക്കാന്‍ പോവുകയാണവന്‍ '. എങ്കിലും, മറ്റൊരര്‍ഥത്തില്‍ പ്രണവേന്ദു മകനെ അംഗീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അനധികൃതമാണെങ്കിലും അവനും തിരഞ്ഞെടുത്തത് തന്നെപ്പോലെ സിനിമയുടെ വഴി തന്നെയാണല്ലോ എന്നു ഒരു സന്ദര്‍ഭത്തില്‍ ചെറുതായി ആശ്വാസം കൊള്ളുന്നുണ്ടയാള്‍.

ആദര്‍ശശുദ്ധിയുള്ള കമ്യൂണിസ്റ്റുകാരന്‍കൂടിയാണ് പ്രണവേന്ദു. സ്ഥാനമാനങ്ങള്‍ അയാളെ ലഹരി പിടിപ്പിക്കുന്നില്ല. ധാര്‍മികത രാഷ്ട്രീയത്തിലും വേണമെന്ന നിര്‍ബന്ധബുദ്ധിക്കാരനാണ്. മകന്റെ നിയമവിരുദ്ധമായ ഡി.വി.ഡി. വില്‍പ്പനയെയും സിനിമാ പ്രദര്‍ശനത്തെയും നിയമത്തിന്റെയും ധാര്‍മികതയുടെയും കണ്ണിലൂടെ വിലയിരുത്തുന്ന പ്രണവേന്ദുവിനെ ഞെട്ടിച്ചുകൊണ്ടാണ് പാര്‍ട്ടിനേതാവ് പ്രതികരിക്കുന്നത്. ' മകന്റെ മേല്‍ നിയമത്തിന്റെ പിടി വീഴാതെ ഞങ്ങള്‍ നോക്കിക്കോളാം ' എന്ന മറുപടി പ്രണവേന്ദു ഒട്ടും പ്രതീക്ഷിച്ചതല്ല. പുതുതലമുറയുടെ രാഷ്ട്രീയ സമീപനവും അധികാരം സ്വയം ദുഷിക്കുന്ന വഴികളും അയാള്‍ക്ക് ആ ഒറ്റ മറുപടിയില്‍നിന്ന് തെളിഞ്ഞുകിട്ടുന്നു. 

ശബ്ദോയും അപുര്‍ പാഞ്ചാലിയും  

2012 മുതല്‍ 2016 വരെയുള്ള കാലത്ത് മൂന്നു ചിത്രങ്ങളിലാണ് കൗശിക് ഗാംഗുലി സിനിമാ വിഷയങ്ങള്‍ കൈകാര്യം ചെയ്തത്. 2012 ല്‍ ശബ്ദോ, 2013 ല്‍ അപുര്‍ പാഞ്ചാലി, 2016 ല്‍ സിനിമാവാല എന്നിവയില്‍. 2013 ല്‍ മികച്ച ബംഗാളി സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രമാണ് ശബ്ദം എന്നര്‍ഥം വരുന്ന ശബ്ദോ. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് കൗശിക്കിന്റെ സ്മരണാഞ്ജലി കൂടിയായിരുന്നു ഈ ചിത്രം. സിനിമയുടെ പശ്ചാത്തലത്തില്‍ ആവശ്യമായിവരുന്ന ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന സൗണ്ട് ഇഫക്ട്‌സ് കലാകാരന്മാരെ ( Foley Artists ) യാണ് കൗശിക് ഇതില്‍ പരിചയപ്പെടുത്തിയത്. സൗണ്ട് ഇഫക്ട്‌സ് കലാകാരനായ താരക് ദത്തയുടെ കലാജീവിതവും കുടുംബജീവിതവുമാണ് ഇതില്‍ അനാവൃതമാവുന്നത്. കലാകാരന്റെ പ്രതിബദ്ധത എത്രത്തോളമാവാം എന്ന കാര്യവും ഈ സിനിമ പരോക്ഷമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

സത്യജിത്‌റായിയുടെ ആദ്യചിത്രമായ ' പഥേര്‍ പാഞ്ചാലി ' യിലൂടെ ഇന്നും നമ്മുടെ ഓമനയായി ഓര്‍മകളില്‍ മരിയ്ക്കാത്ത പയ്യനാണ് അപു. ആ അപുവായി അഭിനയിച്ച സുബിര്‍ ബാനര്‍ജി എന്ന അറുപത്തിയെട്ടുകാരനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ കഥയാണ് അപുര്‍ പാഞ്ചാലി ( അപുവിന്റെ പാട്ട് ). 2013 ല്‍ ഗോവ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം കൗശിക് ഗാംഗുലിക്ക് നേടിക്കൊടുത്ത സിനിമയാണിത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് ജീവിതത്തിന്റെ വിഷാദപൂര്‍ണമായ അവസ്ഥയില്‍ എത്തിപ്പെട്ട സുബിര്‍ ബാനര്‍ജിയെയാണ് കൗശിക് പരിചയപ്പെടുത്തുന്നത്. സുബിറിനെക്കുറിച്ചുള്ള അന്വേഷണം കൊല്‍ക്കത്തയിലെ ബഹളം കുറഞ്ഞ ഒരു തെരുവിലാണ് ചെന്നവസാനിക്കുന്നത്. അവിടെ ഒറ്റയ്ക്കു കഴിയുകയാണ് സുബിര്‍. പഥേര്‍ പാഞ്ചാലിക്കു ശേഷം മറ്റൊരു സിനിമയിലും അദ്ദേഹത്തിന് അവസരം കിട്ടിയില്ല. അവസരം ചോദിച്ചു ആരുടെയും അടുത്തു പോയില്ല എന്നതാണ് വാസ്തവം. പ്രസവത്തില്‍ കുഞ്ഞു മരിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തതോടെ സുബിര്‍ ഏകാകിയായി. സിനിമ കാണുന്നതുപോലും നിര്‍ത്തി. തന്റെ ജീവിതകഥ സിനിമയായിട്ടും അപുര്‍ പാഞ്ചാലിയില്‍ മുഖം കാണിക്കാതെ സുബിര്‍ മാറിനിന്നു.

 Image courtesy:

Post a Comment

0 Comments