Remember

 


ഓര്‍മകളുണ്ടാവണം

- ടി. സുരേഷ് ബാബു

രണ്ടാം  ലോകയുദ്ധകാലത്ത്  പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് തടങ്കല്‍പ്പാളയത്തില്‍ നടന്ന  കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലുള്ള ' റിമംബര്‍ ' എന്ന സിനിമ സ്വേച്ഛാധിപത്യത്തിനും സാമ്രാജ്യത്വ മോഹത്തിനുമെതിരെയുള്ള ഓര്‍മപ്പെടുത്തലാണ് 

നാസിഭീകരതയുടെ ഓര്‍മയുണര്‍ത്തുന്ന  സിനിമയാണ്  ' റിമംബര്‍ ' ( Remember ). കനേഡിയന്‍ എഴുത്തുകാരനും നിര്‍മാതാവും നടനുമായ ആറ്റം ഇഗോയനാണ് 2015 ല്‍ പുറത്തിറങ്ങിയ ഈ കനേഡിയന്‍ - ജര്‍മന്‍ സിനിമയുടെ സംവിധായകന്‍. പലരും മറക്കാന്‍ ശ്രമിക്കുന്ന ഒരു ഇരുണ്ട കാലത്തെ ' റിമംബര്‍ ' ഓര്‍മയിലേക്ക് കൊണ്ടുവരുന്നു. ഹിറ്റ്‌ലറുടെയും നാസിക്രൂരതയുടെയും തിരോധാനത്തിന് ഏഴരപ്പതിറ്റാണ്ട് പ്രായമായി. എങ്കിലും, ഇപ്പോഴും നമ്മള്‍ സിനിമയിലൂടെ ആ കാലത്തിലേക്കും ക്രൂരതകളിലേക്കും നോക്കിപ്പോകുന്നു. അപ്പോഴൊക്കെയും , ഏകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കരാളതയില്‍ നരകജീവിതവും ക്രൂരമരണവും ഏറ്റുവാങ്ങിയ ലക്ഷക്കണക്കിന് മനുഷ്യരുടെ ദൈന്യതയാണ് നമ്മള്‍ കാണുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് പോളണ്ടിലെ കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് തടങ്കല്‍പ്പാളയത്തില്‍ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്തതിന് വിചിത്രമായ രീതിയില്‍ പകരം വീട്ടുന്ന മാക്‌സ് എന്ന വയോധികന്റെ വിജയകഥയാണിത്. കൂട്ടക്കൊലക്ക് കാരണക്കാരനായ വ്യക്തിയെ ചാവേറാക്കി മാറ്റിയാണ് മാക്‌സ് പ്രതികാരം നിര്‍വഹിക്കുന്നത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ ഒരു ദൃശ്യം പോലും കാണിക്കാതെ അന്നത്തെ ഭീകരതയിലേക്ക് നമ്മെ കൊണ്ടുപോകുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. തുടക്കത്തില്‍ ചെറിയ സൂചനകളിലൂടെ നമ്മുടെ ആകാംക്ഷ നിലനിര്‍ത്തി , ക്രമേണ ആ സൂചനകള്‍ വികസിപ്പിച്ചെടുത്ത് സിനിമയുടെ അന്ത്യത്തില്‍ ഒരു പൊട്ടിത്തെറിയിലെത്തിക്കുന്നു സംവിധായകന്‍.

തൊണ്ണൂറുകാരന്റെ പ്രതികാരം

കഥാനായകനായ സേവ് ഗുട്ട്മാന്‍ എന്ന ജൂതനെയാണ് ആദ്യം നമ്മള്‍ പരിചയപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ഒരു നഴ്‌സിങ് ഹോമിലാണയാള്‍. വയസ് തൊണ്ണൂറ്. ഓര്‍മകള്‍ താളം തെറ്റിയിരിക്കുന്നു. ഡിമന്‍ഷ്യ ( ഓര്‍മനാശം ) ആണയാള്‍ക്ക് . ഭാര്യ റൂത്ത് ഒരാഴ്ച മുമ്പ് മരിച്ചു. പക്ഷേ, അയാള്‍ അതോര്‍ക്കുന്നില്ല. ഇടയ്ക്കിടെ ഞെട്ടിയുണരുമ്പോള്‍ അയാള്‍ റൂത്തിനെ വിളിക്കും. അമേരിക്കയിലാണയാള്‍ റൂത്തിനെ കണ്ടുമുട്ടിയത്. അവര്‍ക്കൊരു മകനുണ്ട്. പേര് ചാള്‍സ്. സുഹൃത്തായ വയോധികന്‍ സേവ് ഗുട്ട്മാന് മാക്‌സ് ഒരു കത്ത് നല്‍കുന്നു. ആരെയും കാണിക്കാതെ ഒറ്റയ്‌ക്കേ വായിക്കാവൂ എന്നു നിര്‍ദേശിച്ചാണ് കത്ത് നല്‍കുന്നത്. കത്തിലെ നിര്‍ദേശമനുസരിച്ചാണ് ഇനിയങ്ങോട്ട് സേവിന്റെ ചലനങ്ങളെല്ലാം . അയാള്‍ കാനഡയിലേക്ക് യാത്രയാകുന്നു. യാത്രയ്ക്കുള്ളതെല്ലാം മാക്‌സ് ഒരുക്കിക്കൊടുക്കുന്നുണ്ട്. എളുപ്പം കൈകാര്യം ചെയ്യാവുന്ന ഒരു തോക്ക് വാങ്ങുന്നു സേവ്. തുടര്‍ന്ന് , റൂഡി കുളാന്‍ഡര്‍ എന്ന വയോധികന്റെ വീട്ടിലെത്തുന്നു. 88 വയസ്സുള്ള റൂഡി വടിയൂന്നിയാണ് നടക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് അയാള്‍ ജര്‍മന്‍ സൈന്യത്തിലുണ്ടായിരുന്നു. പക്ഷേ, അയാള്‍ ഓഷ്‌വിറ്റ്‌സില്‍ ഉണ്ടായിരുന്നില്ല. തന്റെ സൈനികസേവനത്തില്‍ അയാള്‍ അഭിമാനിക്കുന്നു. ഹിറ്റ്‌ലറായിരുന്നു ശരി എന്നാണ് അയാളിപ്പോഴും വിശ്വസിക്കുന്നത്. ജൂതരെ അയാള്‍ വിലവെച്ചിരുന്നില്ല. എങ്കിലും, ഹിറ്റ്‌ലര്‍ ജൂതരോട് കാട്ടിയ കടുംകൈകളെ കുളാന്‍ഡര്‍ ന്യായീകരിക്കുന്നില്ല. തനിക്ക് ആള് മാറിപ്പോയെന്നു സേവ് ഗുട്ട്മാന് ബോധ്യമാകുന്നു. താന്‍ അന്വേഷിച്ചുവന്ന കൊലയാളി വേറെയാവാം. അയാള്‍ കത്ത് വീണ്ടും വായിക്കുന്നു. വധിക്കപ്പെട്ട ജൂതരുടെ പേര് സ്വീകരിച്ച് ഒരുപാട് നാസി യുദ്ധക്കുറ്റവാളികള്‍ ജര്‍മനിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്ന് മാക്‌സിന്റെ കത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ രക്ഷപ്പെട്ടവരില്‍ നാല് കുളാന്‍ഡര്‍മാരെങ്കിലുമുണ്ട്. തന്റെ കുടുംബത്തെ ഉന്മൂലനം ചെയ്ത കുറ്റവാളിയുടെ യഥാര്‍ഥ പേര് ഓട്ടോ വാലിഷ് എന്നാണെന്നു മാക്‌സ് സൂചിപ്പിക്കുന്നു.

സേവ് ഗുട്ട്മാന്റെ അടുത്ത യാത്ര ഒരാസ്പത്രിയിലേക്കാണ്. അവിടെയുമുണ്ട് റൂഡി കുളാന്‍ഡര്‍ എന്നുപേരായ ഒരു രോഗി. താന്‍ ഓഷ്‌വിറ്റ്‌സ് പാളയത്തിലുണ്ടായിരുന്നുവെന്ന് അയാള്‍ സമ്മതിക്കുന്നു. പക്ഷേ, താന്‍ അവിടെ തടവുകാരനായിരുന്നു. സ്വവര്‍ഗാനുരാഗിയായതിന്റെ പേരിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അയാള്‍ പറയുന്നു. താനും ഓഷ്‌വിറ്റ്‌സിലുണ്ടായിരുന്നുവെന്നും തന്റെ കുടുംബത്തെ നാസികള്‍ കൊല ചെയ്‌തെന്നും അതിനു പകരം വീട്ടാനാണ് താന്‍ നടക്കുന്നതെന്നും സേവ് ഗുട്ട്മാന്‍ കുളാന്‍ഡറോട് പറയുന്നു. ആളു മാറിയതില്‍ ഹതാശനായ സേവ് അടുത്ത കുളാന്‍ഡറെ തേടിയിറങ്ങുന്നു. പോലീസുകാരനായ ജോണ്‍ കുളാന്‍ഡര്‍ എന്നൊരാളുടെ വീട്ടിലാണിപ്പോള്‍ സേവ്. ആ പോലീസുകാരന്റെ അച്ഛന്റെ പേര് റൂഡി കുളാന്‍ഡര്‍ എന്നുതന്നെ. പക്ഷേ, അയാള്‍ മൂന്നു മാസം മുമ്പ് മരിച്ചു. ജോണ്‍ രണ്ട് വിവാഹം കഴിച്ചെങ്കിലും ഭാര്യമാര്‍ പിണങ്ങിപ്പോയി. അയാളിപ്പോള്‍ തനിച്ചാണ്. ഈവ എന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ് ( ഹിറ്റ്‌ലറുടെ വെപ്പാട്ടിയായിരുന്ന ഈവ ബ്രൗണിനെ ഓര്‍ക്കുക ) കൂട്ടിനുള്ളത്. യുദ്ധം തുടങ്ങുമ്പോള്‍ തന്റെ അച്ഛന് പത്തു വയസ്സേ ഉണ്ടായിരുന്നുള്ളു എന്നു ജോണ്‍ അറിയിക്കുന്നു. ആളുമാറിയെന്നു പറഞ്ഞ് സേവ് പോകാനൊരുങ്ങുമ്പോഴാണ് അയാളുടെ കൈത്തണ്ടയില്‍ തടവുകാരന്റെ നമ്പര്‍ പച്ചകുത്തിയത് ജോണ്‍ കാണുന്നത്. ജൂതരോട് കടുത്ത വിരോധമായിരുന്നു ജോണിന്. അയാള്‍ നായയെ അഴിച്ചുവിടുന്നു. തന്നെ ആക്രമിക്കാന്‍ ചാടിവീണ നായയെയും ജോണിനെയും സേവ് വെടിവെച്ചുകൊല്ലുന്നു. അന്നുരാത്രി അവിടെ തങ്ങിയ സേവ് അടുത്ത ദിവസം വീണ്ടും അന്വേഷണം തുടരുന്നു. ് 

ഇതിനിടെ , റോഡില്‍ വീണു പരിക്കേറ്റ സേവ് ഗുട്ട്മാന്‍ ആസ്പത്രിയിലാകുന്നു. ഒന്നും പറയാതെ വീടുവിട്ടിറങ്ങിയ അച്ഛനെത്തേടി നടക്കുകയാണ് മകന്‍ ചാള്‍സ്. മാക്‌സ് സേവിനെ ഫോണില്‍ വിളിച്ച് വീണ്ടും ആവേശം കുത്തിവെക്കുന്നു. കുളാന്‍ഡര്‍ എന്നു പേരായ ഒരാള്‍ മാത്രമേ ഇനി ബാക്കിയുള്ളു എന്ന് മാക്‌സ് ഓര്‍മപ്പെടുത്തുന്നു. അവസാനത്തെയാളുടെ വീടും സേവ് കണ്ടെത്തുന്നു. അവിടെവെച്ചാണ് കഥയിലെ വഴിത്തിരിവ്. പ്രതികാര നിര്‍വഹണത്തിനിടയില്‍ യഥാര്‍ഥത്തില്‍ താനാരാണെന്ന് സേവ് തിരിച്ചറിയുകയാണ്.


നിര്‍ണായകമായ കത്ത്  

ആഖ്യാനശൈലി നോക്കിയാല്‍ ഈ സിനിമ ഒരു ക്രൈം ത്രില്ലറാണ്. അപ്പോഴും, ഉള്ളടക്കത്തിന്റെ സാമൂഹിക പ്രസക്തി  ചോര്‍ന്നുപോകാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.  തിരക്കഥയുടെ അന്യൂനമായ ഘടനയാണിതിന് സഹായകമായത്. മാക്‌സിന്റെ ആ കത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമ്പോള്‍ / വായിക്കപ്പെടുമ്പോള്‍ ചിത്രത്തിന്റെ ഗതിതന്നെ മാറിപ്പോകുന്നു. സേവില്‍ ആവേശം കുത്തിനിറയ്ക്കാനും ദൗത്യനിര്‍വഹണത്തിന്റെ ലക്ഷ്യം പാളിപ്പോകാതിരിക്കാനും ഈ കത്ത് വഹിക്കുന്ന പങ്ക് വളരെ നിര്‍ണായകമാണ്. സമര്‍ഥനായ മാക്‌സിന്റെ ജീവിതം ചക്രക്കസേരയിലാണ്. അതുകൊണ്ടാണ് മറ്റൊരാളെ അയാള്‍ ചാവേറാക്കിയത്. പഴുതടച്ച സംഘാടനമാണ് മാക്‌സിന്റേത്. തന്റെ കുടുംബത്തെ ഒന്നടങ്കം ഗ്യാസ് ചേംബറിലിട്ടു കൊന്ന കൊലയാളികളോട് മാക്‌സിന് പൊറുക്കാനാവുമായിരുന്നില്ല. മറവിയുടെ കടുത്ത തോട് പൊട്ടിച്ച് സേവ് ഗുട്ട്മാനില്‍ ഓര്‍മകള്‍ പതുക്കെയുണര്‍ന്നെഴുന്നേല്‍ക്കുന്നത് കൂട്ടക്കൊലയെ അതിജീവിച്ച മാക്‌സിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. കുനിബര്‍ട്ട് സ്റ്റോം എന്ന റൂഡി കുളാന്‍ഡറോടൊപ്പം കുറ്റവാളിയായ സേവ്് ഗുട്ട്മാന്‍ എന്ന ഓട്ടോ വാലിഷിനെയും മാക്‌സ് ഈ ലോകത്തുനിന്ന് പറഞ്ഞയക്കുന്നു.

ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ ഈ സിനിമ ഒരു ഓര്‍മപ്പെടുത്തലാണ്. ഭീദിതമായ , ദയാരഹിതമായ ഒരു കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍. മരണമുഖത്തേക്ക് കൂട്ടത്തോടെ ആട്ടിത്തെളിക്കപ്പെട്ട നിസ്സഹായരായ ലക്ഷക്കണക്കിനു മനുഷ്യരെ നമ്മള്‍ ഓര്‍ത്തുപോകുന്നു. അവരെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടേയിരിക്കുകയെന്നതാണ് സ്വേച്ഛാധിപത്യത്തെയും സാമ്രാജ്യത്വമോഹങ്ങളെയും എതിര്‍ത്തുതോല്‍പ്പിക്കാനുള്ള വഴി എന്നു സംവിധായകന്‍ അതിശക്തമായ ദൃശ്യഭാഷയിലൂടെ പറഞ്ഞുവെക്കുന്നു. മറവിയിലേക്ക് പൂര്‍ണമായും കൂപ്പുകുത്തുംമുമ്പേ സേവ് ഗുട്ട്മാനെക്കൊണ്ട് പ്രതികാരം ചെയ്യിക്കാനാണ് മാക്‌സ് ശ്രമിക്കുന്നത്. അതിനയാള്‍ ചെയ്യുന്നത് തനിക്കാവശ്യമായ ഓര്‍മകള്‍ മാത്രം സേവിലേക്ക് ഫീഡ് ചെയ്യുക എന്നതാണ്. താന്‍ തിരഞ്ഞുനടക്കുന്ന കൊലയാളികളിലൊരാളാണ് സേവ് ഗുട്ട്മാന്‍ എന്ന കള്ളപ്പേരില്‍ ജൂതനായി മാറി തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നു മാക്‌സിന് കൃത്യമായി അറിയാം. പക്ഷേ, അയാള്‍ക്ക് അതുമാത്രം പോരായിരുന്നു. തന്റെ കുടുംബത്തെ നാമാവശേഷമാക്കിയ രണ്ടുപേരുടെയും അന്ത്യമായിരുന്നു മാക്‌സിന്റെ ലക്ഷ്യം. ' തനിക്കു വേണ്ടതെല്ലാം ഞാന്‍ ആസൂത്രണം ചെയ്തുവെച്ചിട്ടുണ്ട്. അവ കൃത്യമായി പാലിച്ചാല്‍ മതി ' എന്നു മാക്‌സിന്റെ കത്തില്‍ എഴുതുന്നുണ്ട്. ആ വാക്കുകള്‍ ധ്വനിപ്പിക്കുന്നത് സേവിന്റെ അന്ത്യം കൂടിയാണ്.

കറുത്ത ഭൂതകാലത്തിന്റെ ഓര്‍മകള്‍

വീല്‍ച്ചെയറിലിരുന്ന് സേവിന്റെ നീക്കങ്ങളെ മാക്‌സ് കൃത്യമായി പിന്തുടരുന്നുണ്ട്. വേണ്ട നിര്‍ദേശങ്ങളും അപ്പപ്പോള്‍ നല്‍കുന്നു. ഒരു പാവയെപ്പോലെയാണ് സേവിന്റെ ചലനങ്ങള്‍. സംശയം വരുമ്പോള്‍ അയാള്‍ കത്ത് വായിച്ചുനോക്കുന്നു. ചിലപ്പോള്‍ മാക്‌സിന്റെ ഉപദേശം തേടുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെടുമ്പോള്‍ മാക്‌സ് നിരാശനാകുന്നില്ല. പുതിയൊരു വിവരം അയാള്‍ സേവിനു കൈമാറുന്നു. 1940 കളില്‍ ജര്‍മനിയില്‍ നിന്നു പുറത്തുകടന്ന ഒരു ബ്‌ളോക്ക്് ഫ്യൂറര്‍ റൂഡി കുളാന്‍ഡര്‍ എന്ന കള്ളപ്പേരില്‍ എവിടെയോ കഴിയുന്നുണ്ട് എന്നതായിരുന്നു ആ വിവരം. ( കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ചുമതലയുണ്ടായിരുന്ന നോണ്‍ കമ്മീഷന്‍ഡ് റാങ്കിലുള്ള ഓഫീസര്‍മാരാണ് ബ്‌ളോക്ക് ഫൂ്യറര്‍മാര്‍. ഷൂറ്റ്‌സ് സ്റ്റഫെല്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ടവരാണിവര്‍. എസ്.എസ്. എന്നാണിവര്‍ അറിയപ്പെട്ടിരുന്നത് . തടവുകാരെ ഗ്യാസ് ചേംബറിലേക്ക് ആട്ടിത്തെളിച്ച്  വിഷവാതകം കടത്തിവിട്ട് കൊന്നിരുന്നത് ബ്‌ളോക്ക് ഫ്യൂറര്‍മാരാണ് . പത്തു ലക്ഷം ജൂതരെ ഓഷ്‌വിറ്റ്‌സില്‍ മാത്രം കൊന്നൊടുക്കിയിട്ടുണ്ട്.  ) ഇതേ പേരില്‍ നാലുപേരെങ്കിലും ഉള്ളതായി വിവരമുണ്ടെന്നും രക്ഷപ്പെട്ട ബ്‌ളോക്ക് ഫ്യൂററുടെ പേര് ഓട്ടോ വാലിഷ് എന്നാണെന്നും അയാള്‍ പറയുന്നു. ഇത് സ്വന്തം പേരാണെന്ന് സേവ് ഗുട്ട്മാന്‍ തിരിച്ചറിയുന്നത് അവസാന രംഗത്താണ്. തന്റെ യഥാര്‍ഥ പേരിലേക്കും കറുത്ത ഭൂതകാലത്തിലേക്കും താന്‍ ചെയ്ത ക്രൂരകൃത്യങ്ങളിലേക്കും അയാളുടെ ഓര്‍മകളുണരുന്നത് ആ നിമിഷത്തിലാണ്. തന്റെ സഹചാരിയായിരുന്ന കുനിബര്‍ട്ട് സ്റ്റോം എന്ന ബ്‌ളോക്ക് ഫ്യൂററെ കൊന്ന തോക്ക് സ്വന്തം തലക്കുനേരെ ഉയര്‍ത്തുമ്പോള്‍ സേവ് ഉച്ചരിക്കുന്ന അവസാനവാക്കുകള്‍ ' ഐ റിമംബര്‍ ' എന്നാണ്. അതിലെല്ലാം അടങ്ങിയിട്ടുണ്ട്. താന്‍ മറന്നത് ലോകം ഓര്‍ത്തിരിക്കുന്നു എന്നയാള്‍ക്ക് മനസ്സിലാകുന്നു.

90 മിനിറ്റുള്ള ഈ സിനിമയിലെ  സംഭവങ്ങള്‍ നടക്കുന്നത്  ഒരാഴ്ചക്കുള്ളിലാണ്. ന്യൂയോര്‍ക്കിലും കാനഡയിലുമായി കഥ അരങ്ങേറുന്നു. ഭാര്യ മരിച്ച് ഒരാഴ്ചക്കുശേഷമാണ് സേവ് ഗുട്ട്മാന്‍ കൊലയാളിയെ തിരഞ്ഞിറങ്ങുന്നത്. നാലാമത്തവനെ കണ്ടുപിടിക്കുമ്പോഴേക്കും ഒരാഴ്ച പിന്നിടുന്നു. മാക്‌സിന്റെ ശബ്ദവും കത്തുമാണ് സേവിനു വഴികാട്ടിയാവുന്നത്. തുടക്കത്തില്‍ കത്തിലെ ഉള്ളടക്കം പൂര്‍ണമായും പ്രേക്ഷകനെ അറിയിക്കുന്നില്ല. ആവശ്യമുള്ളപ്പോള്‍ അല്‍പ്പാല്‍പ്പമായി വിവരങ്ങള്‍ പുറത്തുവിടുകയാണ്. ' നമ്മുടെ കുടുംബങ്ങളെ കൊന്നയാള്‍ ' എന്നാണ് ആദ്യം മാക്‌സ് കത്തില്‍ പരാമര്‍ശിക്കുന്നത്. സേവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയും അയാളില്‍ പ്രതികാരജ്വാല ഉയര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു മാക്‌സിന്റെ ലക്ഷ്യം. രണ്ടു പേരുടെയും കുടുംബം എന്ന അവസ്ഥയില്‍നിന്നു ക്രമേണ അത് മാക്‌സിന്റെ കുടുംബം മാത്രമായി ചുരുങ്ങിവരുന്നു. സേവിനും കൂട്ടക്കൊലയിലെ തന്റെ പങ്കാളിത്തം ഒളിച്ചുവെക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അവസാനത്തെ റൂഡി കുളാന്‍ഡറുടെ ( ശരിയായ പേര് കുനിബര്‍ട്ട് സ്റ്റോം ) വെളിപ്പെടുത്തല്‍ സേവിനെപ്പോലെ നമ്മളെയും ഞെട്ടിക്കുന്നു. ജോണിന്റെ വീട്ടില്‍വെച്ച് നാസി പതാക കണ്ടപ്പോഴും എസ്.എസ്സിന്റെ സൈനിക യൂണിഫോം തൊട്ടപ്പോഴും സേവ് ഗുട്ട്മാനിലുണ്ടായ ഓര്‍മത്തിരയിളക്കം അപ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിവരും. അതുപോലെ, റിച്ചാര്‍ഡ് വാഗ്‌നറുടെ സംഗീതത്തോടുള്ള സേവിന്റെ അടുപ്പവും ഓര്‍ക്കേണ്ട കാര്യമാണ്. ( ജൂതവിരുദ്ധ ആശയങ്ങളുടെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് വാഗ്‌നര്‍ എന്ന ജര്‍മന്‍ സംഗീതജ്ഞന്‍. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വാഗ്‌നറുടെ സംഗീതം അലയടിച്ചിരുന്നു ) . കൂട്ടക്കൊലയില്‍ നിന്നു രക്ഷപ്പെട്ടവരാരും വാഗ്‌നറുടെ സംഗീതം ഇഷ്ടപ്പെടില്ലെന്ന കുനിബര്‍ട്ട് സ്റ്റോമിന്റെ പരാമര്‍ശവും ഇവിടെ ശ്രദ്ധിക്കണം. ഒറ്റനോട്ടത്തില്‍ത്തന്നെ കുനിബര്‍ട്ട് സ്റ്റോം എന്ന റൂഡി കുളാന്‍ഡര്‍ ഓട്ടോ വാലിഷിനെ തിരിച്ചറിഞ്ഞിരുന്നു. തടങ്കല്‍പ്പാളയത്തിലെ എല്ലാ കൂട്ടക്കുരുതിയും അവരൊരുമിച്ചാണ് നടത്തിയിരുന്നത്. യുദ്ധത്തിനുശേഷം രക്ഷപ്പെടാന്‍ വേണ്ടി രണ്ടു പേരും തടവുകാരെപ്പോലെ കൈത്തണ്ടയില്‍ അന്യോന്യം നമ്പര്‍ പച്ച കുത്തി. അതും അടുത്തടുത്ത നമ്പര്‍. ഓട്ടോ വാലിഷ് സേവ് ഗുട്ട്മാന്‍ എന്നും കുനിബര്‍ട്ട് സ്റ്റോം റൂഡി കുളാന്‍ഡര്‍ എന്നും പേരു മാറ്റി. ( സേവ് എന്നാല്‍ ഹീബ്രുവില്‍ ചെന്നായ എന്നാണര്‍ഥം. ) രണ്ടും ജൂതപ്പേരുകള്‍. യുദ്ധാനന്തരമുള്ള കുറ്റവിചാരണയില്‍ നിന്നും ജനരോഷത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു ഇവരുടെ ലക്ഷ്യം. എങ്കിലും, എന്നെങ്കിലും ഓട്ടോ വാലിഷ് തന്നെത്തേടി വരുമെന്ന് കുളാന്‍ഡര്‍ വിശ്വസിച്ചിരുന്നു. പഴയ കാലത്തെപ്പറ്റി കുളാന്‍ഡര്‍ ആരോടും പറയാറുണ്ടായിരുന്നില്ല. സ്വന്തം കുടുംബത്തോടുപോലും. ഒപ്പം താമസിക്കുന്ന മകളും കൊച്ചുമകളും കുളാന്‍ഡറുടെ യാഥാര്‍ഥമുഖം കാണുന്നതോടെ ഞെട്ടിത്തരിക്കുന്നു. അച്ഛന്‍ ഒരുപാട് മനുഷ്യരെ കൊന്നൊടുക്കിയ നരാധമനാണെന്ന് ആ മകള്‍ക്ക് വിശ്വസിക്കാനാവുന്നില്ല.

മറന്നുപോകുന്ന സ്വന്തം പേര്

ചെയ്തുപോയ കുറ്റങ്ങളില്‍ ജീവിതത്തിന്റെ അവസാനകാലത്ത് റൂഡി കുളാന്‍ഡര്‍ പശ്ചാത്തപിക്കുന്നതായി ചിത്രത്തില്‍ സൂചനയുണ്ട്. ചിലപ്പോള്‍ താന്‍ വീടിനു പുറത്തുവന്ന്  മറന്നുപോയ പഴയ പേരുച്ചരിക്കാറുണ്ടെന്ന് അയാള്‍ സേവ് ഗുട്ട്മാനോട് രഹസ്യമായി പറയുന്നു. താന്‍ സ്വയം സംസാരിക്കും. താനാരാണെന്ന് സ്വയം ഓര്‍മപ്പെടുത്തും. ഒളിവുജീവിതത്തിന്റെ 70 വര്‍ഷവും താന്‍ സത്യം പറഞ്ഞിട്ടില്ലെന്ന് അയാള്‍ കുടുംബത്തോടും സേവിനോടും തുറന്നുപറയുന്നു.

ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ക്രിസ്റ്റഫര്‍ പ്ലമ്മര്‍ എന്ന നടനാണ് ' റിമംബറി ' ലെ നായകനായ സേവ് ഗുട്ട്മാനെ / ഓട്ടോ വാലിഷിനെ അവതരിപ്പിച്ചത്. ' സൗണ്ട് ഓഫ് മ്യൂസിക്കി ' ലൂടെ ശ്രദ്ധേയനായ ക്രിസ്റ്റഫര്‍ സേവ് ഗുട്ട്മാനെ അവതരിപ്പിച്ചത് എണ്‍പത്തിയാറാം വയസ്സിലാണ്. 2015 ല്‍ വെനീസ്, ടൊറോന്റോ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ' റിമംബര്‍ '.

 Image courtesy:

Post a Comment

0 Comments