Kim Ki-duk




കിമ്മിന്റെ രാഷ്ട്രീയ ഭാഷണങ്ങള്‍

കൊറിയന്‍ മേഖല എന്നും സംഘര്‍ഷത്തിന്റെ മുനമ്പിലാണ്. കൊറിയന്‍ യുദ്ധത്തിനുശേഷം ജനിച്ച കിം കി ഡുക്ക് എന്ന തെക്കന്‍ കൊറിയന്‍ സംവിധായകന്‍ ഏകീകൃത കൊറിയ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെയാണ് കോവിഡിനു കീഴടങ്ങിയത്. വൈല്‍ഡ് ആനിമല്‍സ്, പൂങ്‌സാന്‍, ദ നെറ്റ് എന്നീ സിനിമകളില്‍ കൊറിയന്‍ പ്രശ്‌നം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയം സംസാരിക്കുന്ന ഈ സിനിമാത്രയത്തിലൂടെ ഒരു സഞ്ചാരം.

- ടി. സുരേഷ് ബാബു

പുതുതലമുറയ്ക്ക് അത്രയ്ക്ക് ഉത്ക്കടമല്ലെങ്കിലും ഇരു കൊറിയകളും തമ്മിലുള്ള ഏകീകരണം ആഗ്രഹിക്കുന്ന കൊറിയക്കാര്‍ ഏറെയുണ്ട്. അവരിലൊരാളായിരുന്നു അമ്പത്തിയൊമ്പതാം വയസ്സില്‍ വിട പറഞ്ഞുപോയ കിം കി ഡുക്ക്. രണ്ടാം ലോകയുദ്ധാനന്തരം വന്‍ശക്തികളുടെ ഗൂഢതന്ത്രങ്ങള്‍ക്കിരയായി രണ്ടു രാജ്യങ്ങളിലേക്ക് , രണ്ടു ലോകങ്ങളിലേക്ക് അകന്നുപോയവരാണ് കൊറിയന്‍ ജനത. അവരെ ഒരുമിച്ചു കാണാനുള്ള ആഗ്രഹം തന്റെ സിനിമകളിലൂടെ വെളിപ്പെടുത്താന്‍ കിമ്മിനു മടിയുണ്ടായിരുന്നില്ല.

കൊറിയന്‍ മുനമ്പില്‍ ശാന്തി ഇന്നും അകലെയാണ്. അമേരിക്കയുടെ മുന്നറിയിപ്പിനും ഭീഷണികള്‍ക്കും വഴങ്ങാതെ വടക്കന്‍ കൊറിയ ആണവായുധ, മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടു  പോകുന്നു. 1910 ലാണ് ഏകീകൃത കൊറിയയെ ജപ്പാന്‍ തങ്ങളുടെ കീഴിലാക്കിയത്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ തോറ്റതോടെ കൊറിയന്‍ മുനമ്പിന്റെ തെക്കു ഭാഗം അമേരിക്കയും വടക്കുഭാഗം സോവിയറ്റ് യൂനിയനും സ്വന്തമാക്കി. 1948 ല്‍ രണ്ടിടത്തും പുതിയ സര്‍ക്കാറുകള്‍ നിലവില്‍ വന്നു. സമാധാനകാംക്ഷികളായ ഏകീകരണവാദികളെ നിരാശപ്പെടുത്തിക്കൊണ്ട് 1950 കളില്‍ രണ്ടു കൊറിയകളും തമ്മിലടിച്ചു. 1950 ജൂണ്‍ 25 നു വടക്കന്‍ കൊറിയ തുടങ്ങിവെച്ച യുദ്ധം 1953 ജൂലായ് 27 നാണ് അവസാനിച്ചത്. 5.75 ലക്ഷം സൈനികരും 25 ലക്ഷം സാധാരണക്കാരും ഇരുപക്ഷത്തുമായി മരിച്ചുവീണു. 2011 ല്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് വടക്കന്‍ കൊറിയ പിന്മാറി. ഇതോടെ, രണ്ടു കൊറിയകളും സാങ്കേതികമായി ഇപ്പോഴും യുദ്ധാവസ്ഥയിലാണുള്ളത്. ഭിന്നതയും ശത്രുതയും അവസാനിപ്പിച്ച് കൊറിയകളുടെ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരു സര്‍ക്കാറുകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും ഈ വഴിക്കുണ്ടായിട്ടില്ല. 

കൊറിയകള്‍ക്കിടയിലെ വൈരാഗ്യത്തില്‍ വേദനിച്ചിരുന്നു തെക്കന്‍ കൊറിയക്കാരനായ കിം കി ഡുക്ക്. 1994 ല്‍ സിനിമാരംഗത്തേക്ക് വന്ന്,  ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടക്കാരനായി മാറിയ ചിത്രകാരനായ ഈ മുന്‍ സൈനികന്‍ തന്റെ ചില സിനിമകളിലൂടെ ഐക്യ കൊറിയക്കായി വാദിക്കുന്നുണ്ട്. ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. അതില്‍, തിരക്കഥയെഴുതി നിര്‍മിച്ച ഒരു ചിത്രത്തിലടക്കം മൂന്നു സിനിമകളില്‍ ( വൈല്‍ഡ് ആനിമല്‍സ്, പൂങ്‌സാന്‍, ദ നെറ്റ് ) കിം കൈകാര്യം ചെയ്യുന്നത് കൊറിയന്‍ പ്രശ്‌നങ്ങളാണ്.

ഹൃദയമിടിപ്പിന്റെ സിനിമ

മറ്റാരെയും അനുകരിക്കാതെ, മറ്റാര്‍ക്കും അനുകരിക്കാനാകാതെ സിനിമയില്‍ കിം കി ഡുക്ക് നിലയുറപ്പിച്ചിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. 1994 ല്‍ ' ക്രോക്കഡൈല്‍ ' സംവിധാനം ചെയ്തുകൊണ്ടാണ് കിം സിനിമാരംഗത്തേക്ക് കടന്നത്. സംവിധാനം ചെയ്ത സിനിമകളില്‍ മിക്കവയും ചലച്ചിത്രമേളകളില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ലൈംഗികതയും ക്രൂരതയും ഹിംസയും കിംസിനിമകളിലെ അവിഭാജ്യ ഘടകമാണ്. എങ്കിലും, ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ നമുക്ക് തള്ളിക്കളയാനാവില്ല.

കിം കി ഡുക്കിന്റെ സിനിമകള്‍ കിം കി ഡുക്കിന്റേതു മാത്രമാണ്. ഓരോ ചിത്രത്തിലും കിമ്മിന്റെ കൈയൊപ്പ് വളരെ വ്യക്തമാണ്. കാണികളുടെയും വിപണിയുടെയും അഭിരുചികള്‍ക്കനുസരിച്ചല്ല അദ്ദേഹം സിനിമയെടുത്തിരുന്നത്. ജനകീയ നടന്മാരെയും കിം ആശ്രയിച്ചിരുന്നില്ല. വിട്ടുവീഴ്ച ചെയ്ത് സിനിമയെടുത്താല്‍ തന്റെ സത്യം ആ സിനിമയില്‍ നിന്ന് അകന്നുപോകും എന്നു കിം വിശ്വസിച്ചിരുന്നു. ' എന്റെ സിനിമകളില്‍ എന്റെ ഹൃദയമിടിപ്പാണ് ഞാന്‍ കേള്‍ക്കുന്നത് ' എന്നു കിം പറഞ്ഞിരുന്നത് ഇതിനാലാണ്.

യാഥാര്‍ഥ്യവും സ്വപ്‌നവും ഇടകലര്‍ന്ന ഒരു ലോകമാണ് കിമ്മിന്റെ മിക്ക സിനിമകളിലും നമുക്ക് കാണാനാവുക. തന്റേതായ ഒരു ലോകമാണ് അദ്ദേഹം സിനിമയില്‍ സൃഷ്ടിക്കുന്നത്. ' നമ്മള്‍ കാണുന്ന ഈ ലോകത്തേക്ക് ഞാനെന്റെ ചിന്തകളും വിചാരങ്ങളും വിളക്കിച്ചേര്‍ക്കുകയാണ്. അപ്പോള്‍ പിറക്കുന്നത് എന്റെ ലോകമാണ്; എന്റെ സിനിമയാണ ' - കിം പറയുന്നു. കിമ്മിന്റെ ചില സിനിമകളില്‍ പ്രധാന കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. ( ദ റിയല്‍ ഫിക്ഷന്‍ , ദ ബോ, 3 അയേണ്‍ , ബ്രത്ത്, പൂങ്‌സാന്‍ എന്നീ ചിത്രങ്ങള്‍ ഓര്‍ക്കുക ). ദൃശ്യങ്ങളെ മാത്രം ആശ്രയിച്ച് കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്ന ഒരുതരം മൂകഭാഷ സൃഷ്ടിക്കുന്നതില്‍ വിജയിച്ച കലാകാരനാണ് കിം. സ്വന്തം നാട്ടില്‍ കിമ്മിന് ആരാധകര്‍ കുറവായിരുന്നു. തങ്ങള്‍ക്ക് ഹിതമല്ലാത്ത ചില കാര്യങ്ങള്‍ കിമ്മിന്റെ സിനിമയിലുണ്ടെന്നു അവര്‍ കരുതിയിരുന്നു. കിംചിത്രങ്ങളിലെ രതിരംഗങ്ങളും സ്ത്രീവിരുദ്ധമെന്നു ആരോപിക്കപ്പെടുന്ന നിലപാടുകളും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

നാട്ടുകാരുടെ വിമര്‍ശനത്തിനു കിമ്മിനു മറുപടിയുണ്ടായിരുന്നു. ലോകമെങ്ങുമുള്ള മനുഷ്യാവസ്ഥയെക്കുറിച്ചാണ് താന്‍ പറയുന്നത്. തെക്കന്‍ കൊറിയക്കാരെ മാത്രമുദ്ദേശിച്ചല്ല താന്‍ സിനിമയെടുക്കുന്നത്. 2015 ല്‍ സംവിധാനം ചെയ്ത ' സ്റ്റോപ്പ് ' എന്ന സിനിമ ജപ്പാന്‍ ആണവനിലയത്തിലെ ചോര്‍ച്ച വിഷയമാക്കിയുള്ളതാണ്. കഥ നടക്കുന്നത് ജപ്പാനില്‍. താരങ്ങളും അവിടത്തുകാര്‍. തെക്കന്‍ കൊറിയക്കാര്‍ക്ക് തങ്ങള്‍ എല്ലാവരിലും മീതെയാണെന്നൊരു മിഥ്യാധാരണയുണ്ടെന്നു കിം വിമര്‍ശിക്കാറുണ്ട്. അഭിമാനികളാണ് ഇവര്‍. പക്ഷേ, ലോകം ചുറ്റി സഞ്ചരിച്ചാല്‍ മനസ്സിലാകും ഓരോ രാജ്യത്തിനും പ്രത്യേകതയും വ്യക്തിത്വവുമുണ്ടെന്ന് . അതാണ് തന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ കഥകളില്‍ സാര്‍വലൗകികത ഉള്ളതിനാലാണ് ലോകമെങ്ങും തന്റെ സിനിമകള്‍ ആസ്വദിക്കുന്നത് - കിം ആത്മവിശ്വാസത്തോടെ ഉറപ്പിച്ചു പറഞ്ഞിരുന്നു.

രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍

' വൈല്‍ഡ് ആനിമല്‍സ് ' ( 1996 ), ' പൂങ് സാന്‍ ' (2011 ) , ദ നെറ്റ് ( 2016 ) എന്നീ സിനിമകളിലാണ് കിം കി ഡുക്ക് പ്രത്യക്ഷത്തില്‍ത്തന്നെ കൊറിയന്‍ പ്രശ്‌നം ഉയര്‍ത്തിപ്പിടിക്കുന്നത്. യുദ്ധാനന്തര കൊറിയയില്‍ ജനിച്ച, അമ്പത്തിയൊമ്പതുകാരനായ കിമ്മിന്റെ മറ്റ് സൃഷ്ടികളില്‍ നിന്നു വ്യത്യസ്തമായി ഈ സിനിമകള്‍ രാഷ്ട്രീയം സംസാരിക്കുന്നു. ' കാട്ടുമൃഗങ്ങളി ' ല്‍  കൊറിയന്‍ പ്രശ്‌നം അത്ര ഗൗരവത്തിലൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പൂങ്‌സാനും  നെറ്റും അങ്ങനെയല്ല. കടുത്ത വിമര്‍ശനവും പരിഹാസവും ഈ ചിത്രങ്ങളിലുണ്ട്. പൂങ്‌സാനില്‍ ഏകീകരണത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന കിമ്മിനെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍, നെറ്റില്‍ എത്തുമ്പോള്‍ പ്രതീക്ഷയുടെ സ്ഥാനത്ത് നൈരാശ്യമാണു നിറഞ്ഞു നില്‍ക്കുന്നത്. അതത് കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പ്രതിഫലനമാണ് ഈ ചിത്രങ്ങളില്‍ കാണുന്നത്.

ജോസിയോണ്‍ എന്ന അതിര്‍ത്തിപ്പട്ടണത്തില്‍ താമസിക്കുന്ന നാം ചിയോള്‍ യു എന്ന വടക്കന്‍ കൊറിയക്കാരനായ മീന്‍പിടിത്തക്കാരന്റെ അവസ്ഥാന്തരങ്ങളാണ് ' നെറ്റി ' ല്‍ പ്രമേയമായി വരുന്നത്. കുടുംബം പുലര്‍ത്താന്‍ അതിരാവിലെ പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആ പാവം ചാരനായി മുദ്ര കുത്തപ്പെടുന്നതിലെ പരിഹാസ്യതയും ദൈന്യതയുമാണ് സംവിധായകന്‍ എടുത്തുകാട്ടുന്നത്. യുദ്ധാനന്തര കൊറിയയുടെ പ്രതിനിധിയാണ് ചിയോള്‍. വയസ് 47. ഭാര്യയും ഏഴു വയസ്സായ മകളുമടങ്ങുന്ന കുടുംബം. ചെക്കുപോസ്റ്റില്‍ പരിശോധന നടത്തിയ സൈനികന്‍ പുഴയിലെ അവസ്ഥയെക്കുറിച്ച് ചിയോളിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുഴയില്‍ നല്ല ഒഴുക്കുണ്ട്. പോരാത്തതിന് മഞ്ഞും. അധികം ദൂരേക്ക് പോകണ്ട എന്നു സൈനികന്‍ ഓര്‍മിപ്പിക്കുന്നു. മീന്‍ പിടിക്കുന്നതിനിടെ വല പങ്കായത്തില്‍ കുടുങ്ങി എന്‍ജിന്‍ നിലച്ചുപോകുന്നു. വെള്ളത്തിലെ അതിര്‍ത്തിയടയാളങ്ങള്‍ ചിയോളിനെ കബളിപ്പിച്ചു. നിയന്ത്രണം വിട്ട തോണി ഒഴുകിപ്പോയത് തെക്കന്‍ കൊറിയയിലേക്ക്. സൈനികര്‍ അയാളെ പിടികൂടി തെക്കന്‍ കൊറിയന്‍ തലസ്ഥാനമായ സോളിലേക്ക് കൊണ്ടുപോകുന്നു. എന്തിനാണ് തന്നെ പിടിച്ചുകൊണ്ടുപോകുന്നതെന്നു അയാള്‍ക്ക് മനസ്സിലാവുന്നില്ല. എത്തിപ്പെടുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നില്‍. വല പങ്കായത്തില്‍ കുടുങ്ങി എന്‍ജിന്‍ നിലച്ചുപോയതാണെന്ന വിശദീകരണം വിലപ്പോയില്ല. ഒന്നുകില്‍ വടക്കന്‍ കൊറിയയില്‍ നിന്നു രക്ഷ തേടി അഭയാര്‍ഥിയായി എത്തിയവന്‍. അല്ലെങ്കില്‍ ചാരന്‍. ഒറ്റനോട്ടത്തില്‍ത്തന്നെ ചിയോളില്‍ അവര്‍ ഒന്നാംതരം ചാരനെ മണത്തു. അയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ഊരിവാങ്ങി വലിച്ചെറിഞ്ഞു. പകരം, മുന്തിയ തരം വസ്ത്രങ്ങളും ഷൂസും സമ്മാനിച്ചു. തുടര്‍ന്ന് അയാളെ ' ഇടി മുറി ' യിലെത്തിച്ചു. ' അറിയാതെ അതിര്‍ത്തി കടന്നെത്തുന്നവരെ തങ്ങള്‍ വിട്ടയക്കാറുണ്ടെന്ന് ' ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ , ഈ കേസ് അങ്ങനെയല്ല. മീന്‍പിടിത്തക്കാരനായി അഭിനയിക്കുന്ന ഒന്നാംതരം ചാരനാണ് ചിയോള്‍ എന്ന നിഗമനത്തിലാണവര്‍ എത്തുന്നത്. ഇനി എല്ലാം തുറന്നുപറഞ്ഞ് കീഴടങ്ങുകയേ നിവൃത്തിയുള്ളു. തനിക്ക് വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് അയാള്‍ ആദ്യം യാചിക്കുന്നു. പിന്നെ അലമുറയിടുന്നു. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നു. കുറ്റസമ്മതം നടത്തി കീഴടങ്ങിയാല്‍ ഒരുപാട് ഗുണങ്ങളുണ്ടെന്ന് ഒരു വനിതാ ഓഫീസര്‍ പ്രലോഭിപ്പിക്കുന്നു. സര്‍ക്കാര്‍ വീട് തരും. നല്ല ജോലി വാങ്ങിത്തരും. വേണമെങ്കില്‍ വിവാഹം ചെയ്ത് പുതിയ കുടുംബത്തോടൊപ്പം കഴിയുകയുമാവാം.


വലക്കണ്ണികള്‍ മുറുകുന്നു

തന്റെ കഴുത്തിനു ചുറ്റും സംശയത്തിന്റെ വലക്കണ്ണികള്‍ മുറുകുന്നതായി ചിയോളിന് തോന്നിത്തുടങ്ങി. നിരപരാധിത്തം ബോധ്യപ്പെടുത്താന്‍  കണ്ണീര്‍ മാത്രം പോരെന്ന് അയാള്‍ക്കു മനസ്സിലായി. തെറ്റ് ഏറ്റുപറഞ്ഞ് കുറ്റസമ്മതമൊഴി നല്‍കാന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ബന്ധിക്കുന്നു. എല്ലാം വിശദമായി എഴുതിക്കൊടുക്കണം. സ്വേച്ഛാധിപതിയുടെ നാട്ടിലേക്ക് എങ്ങനെ ഇയാളെ തിരിച്ചയക്കും എന്ന ധാര്‍മിക ചിന്തയും തെക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥരെ അലട്ടുന്നു. അവരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് ചിയോളിനോട് അനുകമ്പ കാട്ടുന്നത്. സര്‍വീസില്‍ തുടക്കക്കാരനായ, രക്ഷാഭടനായ ജിന്‍ യു വിന് ആദ്യമേ തോന്നി ചിയോള്‍ നിരപരാധിയാണെന്ന്. പക്ഷേ, സഹപ്രവര്‍ത്തകര്‍ക്ക് അതിനോട് യോജിപ്പില്ല. ചോദ്യം ചെയ്യലും ഭേദ്യവുമൊക്കെ മുറപോലെ നടക്കുന്നു. അയാള്‍ എഴുതിക്കൊടുത്ത വിശദീകരണത്തില്‍ തൃപ്തരാകാത്ത അന്വേഷണോദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുന്നു. എന്നിട്ടും അവര്‍ക്ക് വടക്കന്‍ കൊറിയയുടെ തന്ത്രങ്ങളെക്കുറിച്ച് വിവരമൊന്നും കിട്ടുന്നില്ല.

ചിയോളിനെ വിട്ടയക്കുന്നതാണ് നല്ലതെന്നു രഹസ്യാന്വേഷണ വിഭാഗം മേധാവി ചിന്തിക്കുന്നു. അതിനു മുമ്പ് ചിയോളിനെ സോള്‍ നഗരം കാണിക്കാന്‍ കൊണ്ടുപോകുന്നു. ജിന്‍ യു എന്ന രക്ഷാഭടനാണ് ഒപ്പം പോകുന്നത്. അവരെ നിരീക്ഷിക്കാന്‍ മറ്റ് ഉദ്യോഗസ്ഥരും പിന്നാലെയുണ്ട്. ചിയോളിന് സോള്‍ നഗരത്തിന്റെ വലിപ്പം കണ്ട് അതിശയിക്കാനൊന്നും താല്‍പ്പര്യമില്ല. കണ്ണടച്ചു പിടിച്ചാണ് അയാള്‍ വാഹനത്തിലിരിക്കുന്നത്. റോഡിലിറക്കി വിട്ടിട്ടും നഗരക്കാഴ്ചകളിലേക്ക് അയാള്‍ കണ്ണു തുറക്കാന്‍ വിസമ്മതിക്കുന്നു. രാത്രി ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ  പകച്ചുനില്‍ക്കുകയാണയാള്‍. കണ്ണുകള്‍ തുറന്നുപിടിക്കേണ്ടതിന്റെ ആവശ്യകത ക്രമേണ അയാള്‍ക്ക് ബോധ്യമാകുന്നു. ദൂരെയെങ്ങോ അമ്മയോടൊപ്പം കഴിയുന്ന മകനെ പഠിപ്പിക്കാന്‍ നഗരത്തില്‍ തന്റെ ശരീരം വില്‍ക്കുന്ന ഒരു യുവതിയെ ചിയോള്‍ പരിചയപ്പെടുന്നു. ചില തെമ്മാടികളില്‍ നിന്നു കുതറിയോടി രക്ഷപ്പെട്ട അവളെ രക്ഷിക്കുന്നത് ചിയോളാണ്. തന്റെ കണ്‍മുന്നില്‍ ആത്മഹത്യ ചെയ്ത ചാരനായ വടക്കന്‍ കൊറിയക്കാരന്റെ മകളെ കാണാന്‍ ചിയോള്‍ ആഗ്രഹിക്കുന്നു. അവള്‍ ജോലിക്കു നില്‍ക്കുന്ന കഞ്ഞിക്കട കണ്ടുപിടിച്ച് അയാള്‍ അവളുടെ ആതിഥ്യം സ്വീകരിച്ച് മടങ്ങുന്നു. അയാള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേ അവള്‍ക്ക് മനസ്സിലായിരുന്നു അച്ഛന് അപകടമെന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

സോള്‍ നഗരത്തില്‍ നിന്ന് ജിന്‍ യു വിനോടൊപ്പം മടങ്ങിയ ചിയോളിനെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കുന്നു. കുറ്റസമ്മതം എഴുതിക്കൊടുത്താല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാം എന്നു വീണ്ടും വാഗ്ദാനം. ഒരുപാട് മീനുകളെ തന്റെ വലയില്‍ കുടുക്കിയിട്ടുണ്ടെന്ന് ചിയോള്‍ തന്നോട് അനുഭാവമുള്ള ജിന്‍ യു വിനോട് പറയുന്നു. ഇപ്പോഴിതാ തന്റെ ജീവിതവും വലയില്‍ കുടുങ്ങിയിരിക്കുന്നു. രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്ത വലക്കണ്ണികള്‍ തന്നെ വരിഞ്ഞുമുറുക്കുകയാണ്. അയാള്‍ക്ക് ആശയറ്റു. പക്ഷേ, ഓര്‍ക്കാപ്പുറത്ത് ചിയോളിന്റെ മോചനത്തിനു വഴി തെളിയുന്നു. വടക്കന്‍ കൊറിയ ആണവായുധങ്ങളും മിസൈലും തുടര്‍ച്ചയായി വികസിപ്പിക്കുകയാണെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ചിയോളിനെ ബോധ്യപ്പെടുത്തുന്നു. ലോകമാകെ ഈ നീക്കത്തില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. ഇത് വടക്കന്‍ കൊറിയയുടെ മാത്രം പ്രശ്‌നമല്ല. കൊറിയന്‍ മേഖലയുടെ വിധിയാണ് നിര്‍ണയിക്കപ്പെടാന്‍ പോകുന്നത്. തങ്ങള്‍ കാട്ടുന്ന സൗമനസ്യത്തിന് ചിയോളില്‍ നിന്ന് അവര്‍ പ്രത്യുപകാരം തേടുന്നു. തിരിച്ചുപോയാല്‍ ചിയോള്‍ തങ്ങള്‍ക്കുവേണ്ടി ചാരപ്പണി ചെയ്യണം. എന്നാല്‍, ചിയോള്‍ ഈ പ്രലോഭനത്തില്‍ വീഴുന്നില്ല. ഒടുവില്‍ ചിയോള്‍ സ്വതന്ത്രനാകുന്നു. തെക്കന്‍ കൊറിയന്‍ സൈനികര്‍ അയാള്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ വാങ്ങിവെച്ചിരുന്നു. അയാള്‍ അതൊന്നും സ്വീകരിക്കുന്നില്ല. അവരുടെ ചാരനാകാന്‍ അയാള്‍ തയാറല്ലെന്നര്‍ഥം. അയാള്‍ക്ക് സുഖിച്ചു ജീവിക്കേണ്ട. തന്റെ കൊച്ചു ജീവിതത്തിലേക്ക് തിരിച്ചുപോയാല്‍ മാത്രം മതി. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞാണ് ചിയോള്‍ മടങ്ങുന്നത്. അയാളുടെ തോണിയില്‍ത്തന്നെയാണ് മടക്കയാത്ര. തോണി സൈനികര്‍ നന്നാക്കിവെച്ചിരുന്നു. വടക്കന്‍ കൊറിയയിലെത്തിയതും അയാള്‍ പുതുവസ്ത്രങ്ങളെല്ലാം ഊരിയെറിയുന്നു. അടിവസ്ത്രം മാത്രം ബാക്കി. തെക്കന്‍ കൊറിയന്‍ സൈനികര്‍ അയാളെ കൊറിയന്‍ പതാക ഉടുപ്പിക്കുന്നു.

'ചാരന്റെ' വിധി

സ്വതന്ത്രവായു ശ്വസിക്കാന്‍ ജന്മനാട്ടിലെത്തിയ ചിയോള്‍ പക്ഷേ, കൂടുതല്‍ പാരതന്ത്ര്യത്തിലേക്ക് പതിക്കുന്നതാണ് നമ്മള്‍ പിന്നീട് കാണുന്നത്. വീട്ടിലേക്കല്ല അയാളെ ആദ്യം കൊണ്ടുപോകുന്നത്. ചോദ്യം ചെയ്യാനാണ്. ഇവിടെയും ചോദ്യം ചെയ്യലിന് ഒട്ടും മയമില്ല. മറുപടി കിട്ടാന്‍ ഭേദ്യവും ഉപയോഗിക്കുന്നുണ്ട്. 'സഖാവേ, നീന്താനറിഞ്ഞൂടേ ? എന്തുകൊണ്ട് ഉപേക്ഷിക്കപ്പെട്ട തോണി തിരിച്ചുവന്നില്ല ? തകര്‍ന്ന തോണിയായിരുന്നോ നിനക്കു പ്രധാനം ?'  - ചോദ്യശരങ്ങള്‍ നീണ്ടു. ഇവിടെയും തെക്കന്‍ കൊറിയയില്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ എഴുതിക്കൊടുക്കേണ്ട അവസ്ഥ. ഒരിക്കല്‍ സംശയത്തിന്റെ മുള്‍മുനയില്‍ കോര്‍ക്കപ്പെട്ട മനുഷ്യന്റെ ഗതികേട്. അയാള്‍ പറയുന്നതൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖവിലക്കെടുക്കുന്നില്ല. താനൊരിക്കലും രാജ്യദ്രോഹം ചെയ്യില്ലെന്നും തെക്കന്‍ കൊറിയയില്‍ കുറ്റസമ്മതം എന്ന നിലയില്‍ എഴുതിക്കൊടുത്തതെല്ലാം തെറ്റായ വിവരങ്ങളാണെന്നും ചിയോള്‍ പറഞ്ഞിട്ടും സ്വന്തം നാട്ടിലെ ഉദ്യോഗസ്ഥനു വിശ്വാസം വരുന്നില്ല. മാനസികപീഡനവും  പരിഹാസവും മര്‍ദനവും ഇവിടെയും ചിയോളിനെ കാത്തിരിക്കുകയായിരുന്നു. രക്ഷാഭടനായ ജിന്‍ യു നല്‍കിയ കുറെ ഡോളര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് ചിയോള്‍ കൊണ്ടുവന്നിരുന്നു. അതുപോലും പുറത്തെടുപ്പിച്ച് പങ്കിട്ടെടുക്കുകയാണ് വടക്കന്‍ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ചെയ്തത്. മീന്‍പിടിക്കാനുള്ള ചിയോളിന്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കിയിരുന്നു. പുഴതീരത്തേക്ക് പോകാന്‍ പോലും അയാളെ വിടരുതെന്നാണ് സൈനികര്‍ക്ക് കിട്ടിയ നിര്‍ദേശം. വിലക്കുകള്‍ ലംഘിച്ച് മീന്‍പിടിക്കാന്‍ പുഴയിലിറങ്ങിയ ചിയോളിനുനേരെ സ്വന്തം സൈന്യത്തില്‍ നിന്നു വെടിയുതിര്‍ന്നു. പുഴയില്‍ ചോര കലര്‍ന്നു. അനാഥമായ തോണി ലക്ഷ്യമില്ലാതെ പുഴയില്‍ ഒഴുകിനീങ്ങി.

ചാരനും രക്ഷകനും

വടക്കന്‍ കൊറിയയില്‍ നിന്നു തെക്കന്‍ കൊറിയയിലേക്ക് കൂറുമാറി വന്ന ഒരു പ്രമുഖനും യുദ്ധത്തെത്തുടര്‍ന്ന്  രണ്ട് കൊറിയകള്‍ക്കിടയിലും ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പറന്നു നടക്കുന്ന അമാനുഷനായ ഒരു ചെറുപ്പക്കാരനുമാണ്' പൂങ്‌സാനി' ലെ പ്രധാന കഥാപാത്രങ്ങള്‍. 'നെറ്റി' ല്‍ ചാരനായി മുദ്രകുത്തപ്പെടുന്ന ചിയോളിന്റെ ആദ്യരൂപം 'പൂങ്‌സാനി' ല്‍ നമുക്ക് കാണാം. ഒരു യുദ്ധത്തിനുതന്നെ കാരണമായേക്കാവുന്ന രഹസ്യരേഖകളുമായാണ്  വടക്കന്‍ കൊറിയയില്‍ നിന്ന് പ്രമുഖന്‍ കൂറുമാറി വരുന്നത്. തന്റെ കൈവശമുള്ള രഹസ്യബോംബ് വെച്ച് അയാള്‍ തെക്കന്‍ കൊറിയയോട് വിലപേശുന്നു. കൈയിലുള്ള വിവരം മുഴുവന്‍ വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ തന്റെ വിധിയെന്താകും എന്ന കാര്യത്തില്‍ അയാള്‍ സംശയാലുവാണ്. അതുകൊണ്ടുതന്നെ എല്ലാം ഒറ്റയടിക്ക് പുറത്തുവിടാന്‍ അയാള്‍ തയാറാകുന്നില്ല. വടക്കന്‍ കൊറിയയില്‍ കുടുങ്ങിപ്പോയ തന്റെ കാമുകിയെ എത്തിക്കണമെന്ന ആവശ്യം നേടിയെടുക്കുകയാണ് അയാള്‍ ആദ്യം ചെയ്യുന്നത്. സദാ സമയവും തന്റെ മേലുള്ള രഹസ്യനിരീക്ഷണം അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. തെക്കന്‍ കൊറിയക്ക് കൈമാറാനുള്ള രഹസ്യറിപ്പോര്‍ട്ട് തയാറാക്കിക്കഴിഞ്ഞാല്‍ പ്ലാസ്റ്റിക് സര്‍ജറിവഴി രൂപമാറ്റം വരുത്താനാണ് കൂറുമാറ്റക്കാരന്‍ ആലോചിക്കുന്നത്. അതിനു മുമ്പ് അയാള്‍ക്ക് കാമുകിയെ അടുത്തു കിട്ടണം. രഹസ്യാന്വേഷണ വിഭാഗം കാമുകിയെ കൊണ്ടുവരാനുള്ള ദൗത്യമേല്‍പ്പിക്കുന്നത് ഒരു ചെറുപ്പക്കാരനെയാണ്. തീയില്‍ കുരുത്തവനാണവന്‍. 'പൂങ്‌സാനി ' ലെ നായകന്‍. വടക്കന്‍ കൊറിയയിലെ പ്യോങ്‌യാങ്ങില്‍ പോയി കാമുകിയെ കൊണ്ടുവരാന്‍ മൂന്നു മണിക്കൂറാണ് തെക്കന്‍ കൊറിയന്‍ സൈന്യം അവന് അനുവദിക്കുന്നത്.

'പൂങ്‌സാനി' ലെ നായകനെ സംവിധായകന്‍ കിം കി ഡുക്കിന്റെ പ്രതിരൂപമായി കാണുന്നതില്‍ തെറ്റില്ല. രണ്ട് കൊറിയകള്‍ക്കിടയില്‍ സമാധാനത്തിന്റെ അംബാസഡറായി പ്രവര്‍ത്തിക്കുകയാണ് ഈ നായകന്‍. രാജ്യാതിര്‍ത്തിയില്‍, സൈനികരഹിത മേഖലയിലെ വൈദ്യുതി കടത്തിവിട്ട മുള്‍വേലിയൊന്നും അവന്റെ ദൗത്യത്തെ തടസ്സപ്പെടുത്തുന്നില്ല. 1950- 53 ലെ യുദ്ധകാലത്ത് ഒരുപാട് കുടുംബങ്ങള്‍ രണ്ടു കൊറിയകളിലുമായി കുടുങ്ങിപ്പോയിട്ടുണ്ട്. തിരിച്ചുവരാനോ പരസ്പരം കാണാനോ അവര്‍ക്ക് അവസരമില്ല. ഇത്തരം കുടുംബാംഗങ്ങളെ വിഡിയോയില്‍ പകര്‍ത്തി പരസ്പരം കാണിച്ചുകൊടുക്കുന്ന ദൗത്യമാണ്  കരുത്തനായ നായകന്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ ഏല്‍പ്പിക്കുന്ന കത്തുകളും ഓര്‍മക്കായി നല്‍കുന്ന സമ്മാനങ്ങളും അവന്‍ കൈമാറും. ശത്രുരാജ്യത്ത് അകപ്പെട്ടുപോയ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഒന്നുകാണാന്‍, അവരുടെ ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ നഗരത്തിലെ ഒരു പ്രത്യേകയിടത്ത് തങ്ങളുടെ അപേക്ഷ എഴുതിത്തൂക്കും. അവിടെ നിന്നാണ് കഥാനായകന്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നത്. അവനു പേരില്ല. കിമ്മിന്റെ ചില സിനിമകളിലെ നായകരെപ്പോലെ അവന്‍ ഒരു വാക്കു പോലും സംസാരിക്കുന്നുമില്ല. തെക്കന്‍ കൊറിയയിലെ രഹസ്യാന്വേഷണവിഭാഗം അവനു നല്‍കിയിരിക്കുന്ന രഹസ്യപ്പേരാണ് പൂങ്‌സാന്‍ എന്നത്. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ കെല്‍പ്പുള്ള വേട്ടപ്പട്ടിയാണ് പൂങ്‌സാന്‍. ശൗര്യം കൂടും. യുവാവ് വലിക്കുന്ന സിഗരറ്റിന്റെ പുറംകൂടില്‍ ഈ വേട്ടപ്പട്ടിയുടെ ചിത്രമാണുള്ളത്. ബുദ്ധിയും കൂറുമുള്ള പൂങ്‌സാന്‍ വേട്ടപ്പട്ടികള്‍ മലമ്പ്രദേശങ്ങളിലെ ഏതു കാലാവസ്ഥയെയും അതിജീവിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ യുവാവ് കൂറുമാറ്റക്കാരന്റെ കാമുകിയെ പൊക്കിക്കൊണ്ടുവരുന്നു.

നിങ്ങള്‍ ആരുടെ ഭാഗത്ത് ?

കാമുകിയെ കിട്ടിയതോടെ കൂറുമാറ്റക്കാരനെ കലശലായ സംശയരോഗം പിടികൂടുന്നു. കാമുകിയും യുവാവുമായി അവിഹിതബന്ധമുണ്ടായതായി അയാള്‍ സംശയിക്കുന്നു. യുവാവിനെ ഇതിന്റെ പേരില്‍ പീഡിപ്പിക്കുകയും ഒരു സന്ദര്‍ഭത്തില്‍ മര്‍ദിക്കുകയും ചെയ്യുന്നു അയാള്‍. മര്‍ദിക്കുമ്പോള്‍ അയാള്‍ ഇങ്ങനെ പറയുന്നു : 'ഞാനാരാണെന്നറിയാമോ? ഞാനൊരു വാക്കു പറഞ്ഞാല്‍ മതി യുദ്ധം പൊട്ടിപ്പുറപ്പെടാന്‍. നീയാരുടെ ഭാഗത്താണ് ? വടക്കോ, തെക്കോ ?' . എന്നിട്ട് , തന്റെ അവസ്ഥയെ ന്യായീകരിക്കാന്‍ അയാള്‍ ശ്രമിക്കുന്നത് താന്‍  ആരുടെയും ഭാഗത്തല്ലാത്തതിനാലാണ് ഈ അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും സഹിക്കേണ്ടിവന്നത് എന്നാണ്. ഇവിടെ കിം കി ഡുക്ക് ആരുടെയും പക്ഷത്തു ചേരാന്‍ ശ്രമിക്കുന്നില്ല. ഒന്നായിരുന്ന ഒരു രാജ്യത്തിനു വന്നുപെട്ട ദുരന്തത്തിലേക്കാണ് അദ്ദേഹം ദയനീയമായി നോക്കുന്നത്. ഒന്നിച്ചുനിന്നിരുന്നുവെങ്കില്‍ വലിയൊരു ശക്തിയാവേണ്ട രാജ്യം. അതിന്റെ ഇന്നത്തെ അവസ്ഥ കിമ്മിനെ വേദനിപ്പിക്കുന്നു.

കുഴിയിലാണ്ട കണ്ണുകളുമായി സ്‌ക്രീനില്‍ വന്നുനിറയുന്ന ഒരു വൃദ്ധന്റെ ദീനമുഖം സമീപദൃശ്യത്തില്‍ കാണിച്ചാണ് ' പൂങ്‌സാന്‍ ' തുടങ്ങുന്നത്. തെക്കന്‍ കൊറിയയിലാണിപ്പോളയാള്‍. 60 വര്‍ഷം മുമ്പ് വേര്‍പെട്ടുപോയ ഭാര്യയും മക്കളും പേരക്കുട്ടികളും അയാളെ ആദ്യമായി വിഡിയോവഴി കാണാന്‍ പോവുകയാണ്. അവരെല്ലാം വടക്കന്‍ കൊറിയയിലാണ്. അയാള്‍ക്കു പറയാനുള്ളതെല്ലാം റെക്കോഡ് ചെയ്ത് കുടുംബാംഗങ്ങളെ കാണിക്കും. തിരിച്ച് അവര്‍ക്കു പറയാനുള്ളതു രേഖപ്പെടുത്തി ഇവിടെയെത്തിക്കും. വടക്കന്‍ കൊറിയയിലേക്ക് പോകണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. എന്തുകൊണ്ടോ സാധിച്ചില്ല. ഭാര്യയെ കണ്‍മുന്നില്‍ സങ്കല്‍പ്പിച്ച് അയാള്‍ മനസ്സ് തുറക്കുന്നു. അവള്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് അയാള്‍ ആഹ്ലാദം കൊള്ളുന്നു. തന്നോട് പൊറുക്കുക എന്നു പറഞ്ഞ് പൊട്ടിക്കരയുന്നു. ഈ വിഡിയോ കണ്ട് മകനും പൊട്ടിക്കരയുന്നു. ' അച്ഛനോട് എെന്തങ്കിലും പറയൂ . ഇതെല്ലാം അദ്ദേഹം നാളെ കാണും' എന്നു മകന്‍ അമ്മയോട് പറയുന്നു. അവര്‍ക്ക് പക്ഷേ, വാക്കുകള്‍ പുറത്തുവരുന്നില്ല. ആ ദാമ്പത്യത്തിലെ 60 വര്‍ഷത്തെ അസാന്നിധ്യവും മൗനവും അവിടെ കനത്തുനിന്നു. ഇതെല്ലാം കണ്ട് നിസ്സംഗനായി ആ കുടുംബത്തിനരികിലുണ്ട് ഒരു യുവാവ് . ഈ അപൂര്‍വ സംഗമത്തിന് വഴിയൊരുക്കിയവന്‍. 'പൂങ്‌സാനി' ലെ നായകന്‍.

നിസ്സംഗത, അത്മവിമര്‍ശം

തെക്കന്‍, വടക്കന്‍ കൊറിയകളുടെ സൈനികര്‍ മദ്യലഹരിയില്‍ നടത്തുന്ന അവകാശവാദങ്ങളെ നിസ്സംഗനായി മാറി നിന്നുകൊണ്ട് 'പൂങ്‌സാനി' ല്‍ കിം രേഖപ്പെടുത്തുന്നുണ്ട്. 'തെക്കന്‍ കൊറിയയിലെ തിരമാലകളും മലകളും അപ്രത്യക്ഷമാകുന്ന കാലം വരെ ദൈവം ഞങ്ങളെ സംരക്ഷിക്കാനുണ്ട്' എന്നാണ് തെക്കന്‍ കൊറിയക്കാരന്‍ പാടുന്നത്. വടക്കന്‍ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദം മറ്റൊന്നാണ്. 'ഞങ്ങള്‍ക്കിപ്പോള്‍ എല്ലാമുണ്ട്. അമേരിക്കന്‍ മുതലാളിത്തം ഞങ്ങള്‍ക്കു വേണ്ട '. അപ്പോള്‍ തെക്കന്‍ കൊറിയക്കാരന്‍ പറയുന്നു : 'പട്ടിണി കിടന്നു മരിക്കുന്ന ജനങ്ങളെപ്പറ്റി ഓര്‍ക്കണം. യുദ്ധത്തിനുള്ള സമയം കഴിഞ്ഞു. സ്വയം ഒറ്റപ്പെടുംമുമ്പ് നിങ്ങള്‍ ഉണരണം'. അതിനുള്ള വടക്കന്‍ കൊറിയക്കാരന്റെ മറുപടിയില്‍ പശ്ചാത്താപത്തിന്റെ നനവുണ്ട്. 'കൊറിയന്‍ ഉപദ്വീപില്ലാതെ ഈ ലോകം ഒന്നുമല്ല. പക്ഷേ, രണ്ടു ഭാഗവും തമ്മില്‍ത്തല്ലുകയാണ്.'

 

കൊറിയകളുടെ ദുരവസ്ഥയില്‍ ആത്മവിമര്‍ശനത്തിനും കിം കി ഡുക്ക് മടിക്കുന്നില്ല. സോളിന്റെ അഭിവൃദ്ധിക്കുനേരെ കണ്ണടച്ചുനില്‍ക്കുന്ന, 'നെറ്റി 'ലെ കഥാനായകനായ വടക്കന്‍ കൊറിയക്കാരന്‍ തെരുവു തെമ്മാടികളില്‍ നിന്നു താന്‍ യുവതിയെ രക്ഷിച്ച കാര്യം തനിക്കൊപ്പം കൂട്ടുവന്ന രക്ഷാഭടനോട്  പറയുന്നുണ്ട്. എന്നിട്ട് ചോദിക്കുന്നു : 'രാജ്യം ഇത്ര പുരോഗമിച്ചിട്ടും എന്തുകൊണ്ടാണവള്‍ക്ക് വേശ്യാവൃത്തി ചെയ്യേണ്ടിവരുന്നത് ?'. അതിനു സൈനികന്റെ മറുപടി ' സ്വാതന്ത്ര്യം സന്തോഷം ഉറപ്പു നല്‍കുന്നില്ല' എന്നായിരുന്നു. അതുപോലെ, ചാരനെന്നു കരുതപ്പെടുന്നവന്റെ വിധി എല്ലായിടത്തും ഒന്നുതന്നെ എന്നും കിം സാക്ഷ്യപ്പെടുത്തുന്നു. 'പൂങ്‌സാനി' ലെ കൂറുമാറുന്ന പ്രമാണി ഒടുവില്‍ രണ്ട് രാജ്യങ്ങളിലും അനഭിമതനാക്കപ്പെടുകയാണ്. ' നെറ്റി' ലെ മീന്‍പിടിത്തക്കാരന്റെ അനുഭവവും മറിച്ചല്ല.

കിം കി ഡുക്കിന്റെ സിനിമകളോട് പൊതുവേ ആഭിമുഖ്യം പുലര്‍ത്താത്ത തെക്കന്‍ കൊറിയന്‍ ജനത 'പൂങ്‌സാനെ' രണ്ടു കൈയും നീട്ടി സ്വീകരിക്കുകയുണ്ടായി. ഈ ചിത്രം തിരക്കഥയെഴുതി നിര്‍മിച്ചത് കിമ്മാണ്. എന്നാല്‍, സംവിധാനം തന്റെ അസോസിയേറ്റ് ഡയരക്ടറായ ജൂന്‍ ജയ് ഹോയെ ഏല്‍പ്പിച്ചു. തെക്കന്‍ കൊറിയയില്‍ ഇരുനൂറോളം തിയേറ്ററുകളിലാണ് ഈ സിനിമ ഒരേ സമയം റിലീസായത്. ഏകീകൃത കൊറിയ എന്ന തങ്ങളുടെ ഹൃദയാഭിലാഷത്തെ ശക്തമായി പിന്തുണച്ചതിനാലാവണം തെക്കന്‍ കൊറിയന്‍ ജനത ഈ സിനിമയെ ആഹ്ലാദത്തോടെ വരവേറ്റത്.

പൊലിയുന്ന പ്രതീക്ഷ

1996 ലാണ് 'വൈല്‍ഡ് ആനിമല്‍സ്' ഇറങ്ങിയത്. തെക്കന്‍ കൊറിയയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ വടക്കന്‍ കൊറിയ അവസാനിപ്പിച്ചത് ഇതേ വര്‍ഷമാണ്. കൊറിയന്‍ ഐക്യത്തെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത കാലമായിരുന്നു ഇത്. 'വൈല്‍ഡ് ആനിമല്‍സി'ല്‍ ഐക്യ കൊറിയയെക്കുറിച്ച് ഏതാനും പരാമര്‍ശങ്ങള്‍ മാത്രമേ കിം നടത്തുന്നുള്ളു. പാരീസില്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ കണ്ടുമുട്ടി സുഹൃത്തുക്കളായി മാറിയ മൂന്നു കൊറിയക്കാരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സൈന്യത്തില്‍ സേവനമനുഷ്ഠിക്കവെ ഒളിച്ചോടി പാരീസിലെത്തുന്നയാളാണ് വടക്കന്‍ കൊറിയക്കാരനായ ഹോങ് ഷാന്‍. കിങ്ഹായി എന്ന ചിത്രകാരന്‍ തെക്കന്‍ കൊറിയക്കാരനാണ്. മടിയനായ അയാള്‍ പാരീസിലെ കൊറിയന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ മോഷ്ടിച്ചു വിറ്റും ദേഹമാസകലം വെള്ളി നിറത്തില്‍ ചായമടിച്ച് നിശ്ചല പ്രതിമയായി നിന്ന് വരുമാനമുണ്ടാക്കുന്ന യുവതിയോടൊപ്പം പറ്റിക്കൂടിയുമാണ് ജീവിക്കുന്നത്. പാരീസിലെ ക്ലബില്‍ നഗ്നനൃത്തം ചെയ്യാന്‍ നിര്‍ബന്ധിതയാകുന്ന വടക്കന്‍ കൊറിയക്കാരിയായ റോള എന്ന യുവതിയാണ് മറ്റൊരു കഥാപാത്രം. 'നിന്നെപ്പോലുള്ളവരുള്ള കാലത്തോളം കൊറിയ എങ്ങനെ ഒന്നാകും' എന്നു തെരുവു തെമ്മാടി കൂടിയായ കിങ്ഹായി ഹോങ്ഷാനോട് ഒരിക്കല്‍ ചോദിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയും ക്വട്ടേഷന്‍ ഏറ്റെടുത്തും ജീവിക്കുന്ന കിങ്ഹായിയെയും ഹോങ്ഷാനെയും റോള വെടിവെച്ചു കൊല്ലുന്നതോടെയാണ് 'വൈല്‍ഡ് ആനിമല്‍സ്' അവസാനിക്കുന്നത്. 'ഐക്യകൊറിയ' എന്ന സ്വപ്നമാണിവിടെ പൊലിഞ്ഞുപോയത് എന്നാണ് നിരൂപകര്‍ അഭിപ്രായപ്പെടുന്നത്. 

'പൂങ്‌സാന്‍' നിര്‍മിച്ച 2011 പ്രതീക്ഷയുടെ കാലമായിരുന്നു. അതിന്റെ പ്രതിഫലനമായാണ് സമാധാനദൂതനായ ഒരു കഥാപാത്രത്തെ കിം സൃഷ്ടിച്ചത്. എന്നാല്‍, 2016 ല്‍ എത്തിയതോടെ കിമ്മില്‍ പ്രതീക്ഷക്കു പകരം ആശങ്ക സ്ഥാനം പിടിച്ചു. സംഘര്‍ഷം നാള്‍ക്കുനാള്‍ മുറുകിവന്ന കാലം. വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബും പരീക്ഷിച്ചു കഴിഞ്ഞിരുന്നു. ഇനിയും വ്യര്‍ഥസ്വപ്‌നങ്ങള്‍ കാണുന്നതിലെന്തര്‍ഥം എന്ന നിഗമനത്തില്‍ കിം എത്തിയതായാണ് 'ദ നെറ്റ്' സൂചിപ്പിക്കുന്നത്. 'പൂങ്‌സാ' ന്റെ അവസാനഭാഗത്ത്, പുതിയൊരു ദൗത്യവുമായി സൈനികരഹിത മേഖല ചാടിക്കടക്കാന്‍ ശ്രമിക്കവെ നായകനു വെടിയേല്‍ക്കുകയാണ്. അവന്റെ അവസാന കാഴ്ചയില്‍ പ്രത്യക്ഷപ്പെടുന്നത് തെളിഞ്ഞ ആകാശമാണ്. അവിടെ പക്ഷികള്‍ സ്വതന്ത്രരായി പാറിപ്പറക്കുന്നതു കാണാം. 'നെറ്റി' ല്‍ സൈനികരുടെ വെടിയേറ്റു മരിക്കുന്ന ചിയോളിന്റെ വീട്ടിലേക്കാണ് ക്യാമറ അവസാനം കടന്നുചെല്ലുന്നത്. തല കുമ്പിട്ടിരുന്നു ഭാര്യ തേങ്ങിക്കരയുന്നു. ചിയോളിന്റെ മകള്‍ അപ്പോഴും കളിക്കുകയാണ്. തന്റെ അരുമയായ പാവക്കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച് നിഷ്‌കളങ്കമായി ചിരിക്കുന്ന അവളുടെ മുഖത്താണ് ക്യാമറ നിശ്ചലമാകുന്നത്. ആ പെണ്‍കുട്ടിയെ കാത്തിരിക്കുന്ന ആശങ്കാകുലമായ ഭാവിയെക്കുറിച്ചോര്‍ത്ത് ഹതാശനാവുകയാണ് കിം .

 Image courtesy:

 

   

 

 

 

Post a Comment

0 Comments