ഈയിടെ അന്തരിച്ച തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ ഏതാനും സിനിമകളെ പരിചയപ്പെടുത്തുകയാണ്.
(മുമ്പ് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളാണിവ). വൈല്‍ഡ് ആനിമല്‍സ്,
പൂങ്‌സാന്‍, ദ നെറ്റ് എന്നീ ചിത്രങ്ങളെക്കുറിച്ചാണ് ആദ്യമെഴുതിയത്. 2004 ല്‍ ഇറങ്ങിയ
3- അയണ്‍ (3- Iron) എന്ന സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്.
ശൂന്യമായ വീടുകള്‍
- ടി. സുരേഷ് ബാബു
'ഉപേക്ഷിക്കപ്പെട്ട വീടുകളാണ് നാമെല്ലാം. ആരെങ്കിലുമൊരാള്‍ വന്ന് പൂട്ടു
തുറന്നു മോചിപ്പിക്കുന്നതും കാത്തിരിക്കുകയാണ് നമ്മള്‍ '- തെക്കന്‍ കൊറിയന്‍ സംവിധായകന്‍
കിം കി ഡുക്ക് പറയുന്നു. മനസ്സില്‍ എന്നോ കുറിച്ചിട്ടതാണ് ഈ വാക്കുകള്‍. പില്‍ക്കാലത്ത്
ഈ ആശയം വികസിപ്പിച്ചാണ് '3 - അയണ്‍' എന്ന ചിത്രത്തിനു കിം രൂപം കൊടുത്തത്. 'നമ്മള്‍
കാണുന്ന ഈ ലോകത്തേയ്ക്ക് , അത് യഥാര്‍ഥമോ ഭ്രമാത്മകമോ എന്നുറപ്പിക്കാനാവില്ല , ഞാനെന്റെ
ചിന്തകളും വിചാരങ്ങളും ചേര്‍ക്കുകയാണ് '- കിം പറയുന്നു.
2004 ലെ വെനീസ് ചലച്ചിത്ര മേളയില്‍ കിമ്മിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് 3 -അയണ്‍. അക്കൊല്ലം തന്നെ ടൊറന്റോ മേളയിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. വെനീസിനു പുറമേ ഒട്ടനവധി മേളകളിലും ഈ സിനിമ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്.
മാന്യനായ നുഴഞ്ഞുകേറ്റക്കാരന്‍
ഒരു ലക്ഷ്യവുമില്ലാതെ അലയുന്നവനാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. പേര്
ടോ-സുക്ക്. ഈ യുവാവിന് ഒരു ബൈക്കാണ് സ്വന്തമായുള്ളത്. ജോലിയില്ല, വീടില്ല. രാവിലെ ബൈക്കില്‍
സവാരിക്കിറങ്ങും. രാത്രി താമസിക്കാനൊരിടം വേണം. അതിനവന്‍ ഒരെളുപ്പവഴി കണ്ടുപിടിച്ചിട്ടുണ്ട്.
കുറെ വീടുകളുടെ വാതിലില്‍ അവന്‍ പരസ്യങ്ങളുടെ ലഘുലേഖകള്‍ തൂക്കിയിടും. കറങ്ങിത്തിരിഞ്ഞ്
പിന്നീട് അവിടെ തിരിച്ചെത്തും. ലഘുലേഖ നീക്കം ചെയ്യാത്ത ഏതെങ്കിലും വീട്ടിലായിരിക്കും
അന്നത്തെ അവന്റെ താമസം. വീട്ടുകാര്‍ പുറത്തു പോയതിനാലാണ് ലഘുലേഖ എടുത്തുമാറ്റാത്തതെന്നു
അവനറിയാം. ഏതു പൂട്ടും തുറക്കാനുള്ള ചില ഉപകരണങ്ങള്‍, ഒരു ഗോള്‍ഫ് പന്ത്, പന്തടിക്കാനുള്ള
ഉപകരണം - ഇത്രയുമാണവന്റെ കൈമുതല്‍. പതുക്കെ വാതില്‍ തുറന്ന് അന്നവിടെ കഴിയുന്നു. ടോ-സുക്ക്
ഒന്നും മോഷ്ടിക്കില്ല. മാന്യനായ നുഴഞ്ഞുകേറ്റക്കാരനാണവന്‍. നന്നായി കുളിച്ച്, അലമാരയിലുള്ള
വസ്ത്രങ്ങളും ധരിച്ച്, അവിടെയുള്ള ഭക്ഷണസാധനങ്ങളും കഴിച്ച്, ടെലിവിഷന്‍ കണ്ട് സുഖമായുറങ്ങുന്നു.
ഇതിനിടയില്‍, കേടുള്ള എന്തെങ്കിലും ഉപകരണം വീട്ടിലുണ്ടെങ്കില്‍ അവനത് നന്നാക്കിയിരിക്കും.
കുട്ടികളുടെ കളിത്തോക്ക് നന്നാക്കിവെക്കും. ഭാരം നോക്കുന്ന യന്ത്രത്തിന്റെ കേടുപാടു
തീര്‍ക്കും. ചത്ത ക്ലോക്കിനു ജീവന്‍ കൊടുക്കും. ചെടി നനയ്ക്കും. വീട്ടുകാര്‍ അഴിച്ചിട്ട
വസ്ത്രങ്ങള്‍ അലക്കിയിടും. ആകെപ്പാടെ വീടിനൊരു വൃത്തിയും വെടിപ്പും വരുത്തും. അഥവാ
കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വീട്ടുകാരെങ്ങാനും
എത്തിയാല്‍ ബൈക്കെടുത്ത് അവന്‍ പറപറക്കും, അടുത്ത അന്തിത്താവളം കണ്ടെത്താന്‍.
ഒരിക്കല്‍ അവന്‍ അതിക്രമിച്ചുകടന്നത് ആളുള്ള വീട്ടില്‍ത്തന്നെയാണ്. പ്രശസ്ത
മോഡലായ സണ്‍ഹ്വാ എന്ന യുവതിയുടേതാണ് ആ വീട്. ഭര്‍ത്താവായ ബിസിനസ്സുകാരന് അവളുടെ ശരീരം
മാത്രമേ വേണ്ടൂ. അന്നും വഴക്കിട്ടാണയാള്‍ പോയത്. തകര്‍ന്ന ആ ബന്ധത്തിലേക്കാണ് അനുവാദമില്ലാതെ
ടോ-സുക്ക് കടന്നുവരുന്നത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സണ്‍ഹ്വാ അവനോടൊപ്പം രാത്രിതന്നെ
രക്ഷപ്പെടുന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്നാണ് ഭവനഭേദനം നടത്തുന്നത്.
ഒരു ദിവസം താമസിക്കാന്‍ കയറിയ വീട്ടില്‍ ഒരു മരണം നടക്കുന്നു. ഒരു വൃദ്ധനാണ്
മരിക്കുന്നത്. അയാളുടെ മകന്‍ പരാതിപ്പെട്ടതനുസരിച്ച് കൊലക്കുറ്റം ചുമത്തി ടോ-സുക്കിനെ
ജയിലിലടയ്ക്കുന്നു. സണ്‍ഹ്വായെ ഭര്‍ത്താവ് വിളിച്ചുകൊണ്ടുപോകുന്നു. ജയിലില്‍നിന്ന്
അവന്‍ വരുന്നതും കാത്തിരിക്കുകയാണവള്‍. ഒടുവില്‍, അവന്‍ ജയില്‍മോചിതനാകുന്നു. അവര്‍
ഒരുമിച്ചുചേരുന്നു.
ഒറ്റപ്പെട്ടവരുടെ
പ്രതീകം
ഗോള്‍ഫ് കളിയുമായി ബന്ധപ്പെട്ട വാക്കാണ് ചിത്രത്തിന്റെ ശീര്‍ഷകം. ഗോള്‍ഫ്
ബാഗില്‍ അധികം ആവശ്യമില്ലാതെ കിടക്കുന്ന ഉപകരണമാണ് പന്തടിക്കാനുപയോഗിക്കുന്ന 3 - അയണ്‍.
ഉപേക്ഷിക്കപ്പെട്ട, ഒറ്റയാക്കപ്പെട്ട മനുഷ്യന്റെയോ ആളൊഴിഞ്ഞ വീടിന്റെയോ പ്രതീകമാണ്
ഈ ഉപകരണമെന്നു സംവിധായകന്‍ കരുതുന്നു. കഥാനായകനും നായികയും ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണ്.
അവരുടെ അവസ്ഥ സൂചിപ്പിക്കാന്‍ ഈ പ്രതീകത്തിനു കഴിയുന്നു. മറ്റൊന്നു കൂടിയുണ്ട്. സണ്‍ഹ്വായുടെ
ഭര്‍ത്താവിനെയും തന്നെ ദ്രോഹിച്ച പോലീസുകാരനെയും ടോ- സുക്ക് ശിക്ഷിക്കുന്നത് ഗോള്‍ഫ്
പന്തുകൊണ്ടാണ്. നമുക്കു ഭാവന ചെയ്യാന്‍പോലും പറ്റാത്തത്ര ക്രൂരമായ , പുതുമയുള്ള , വളരെ
വിചിത്രമായ സ്വന്തം ശിക്ഷാവിധികള്‍ നടപ്പാക്കുന്നവരാണ് കിമ്മിന്റെ പല കഥാപാത്രങ്ങളും.
ഫ്രീസറില്‍ തണുത്തുറഞ്ഞു കിടക്കുന്ന മീന്‍കൊണ്ട് ആളെ കുത്തിക്കൊല്ലുന്നതും പാമ്പുകളെ
നിറച്ച ചാക്കിലേക്ക് എതിരാളിയുടെ തല പൂഴ്ത്തിവെച്ച് ക്രൂരമരണം ഉറപ്പാക്കുന്നതുമൊക്കെ
നമ്മള്‍ കിമ്മിന്റെ സിനിമകളില്‍ കണ്ടതാണ്.
ഒരു മാസം കൊണ്ടാണ് കിം ഈ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഷൂട്ടിങ്ങിനു
16 ദിവസമെടുത്തു. എഡിറ്റിങ്ങിനു പത്തു ദിവസവും. എല്ലാം രണ്ടു മാസം കൊണ്ടു കഴിഞ്ഞു.
' നാം ജീവിക്കുന്ന ലോകം യഥാര്‍ഥമാണോ സ്വപ്നമാണോ എന്നു പറയുക പ്രയാസം ' എന്നെഴുതിക്കാണിച്ചുകൊണ്ടാണ്
3- അയണ്‍ അവസാനിക്കുന്നത്. സംവിധായകന്റെ ഈ സന്ദേഹം പ്രേക്ഷകനും അനുഭവപ്പെടുന്നുണ്ട്.
യാഥാര്‍ഥ്യവും ഭ്രമാത്മകതയും നമുക്ക് എളുപ്പം വേര്‍തിരിച്ചെടുക്കാനാവില്ല. ലോലമായ അതിര്‍വരമ്പേ
ഇവയ്ക്കിടയിലുള്ളൂ.
നന്മയുടെ പക്ഷത്തു നില്‍ക്കുന്നയാളാണ് സംവിധായകന്‍. ഭവനഭേദനക്കാരനാണെങ്കിലും
ടോ-സുക്കിനെ നന്മമാത്രം കൈമുതലായുള്ള രക്ഷകനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ( പില്‍ക്കാലത്ത്,
കിം കി ഡുക് തിരക്കഥയെഴുതി നിര്‍മിച്ച ' പൂങ്‌സാന്‍ ' എന്ന ചിത്രത്തിലും നന്മയുടെ പ്രതീകമായ
ഒരു ചെറുപ്പക്കാരന്‍ നായകനായി പ്രത്യക്ഷപ്പെടുന്നത് നമ്മള്‍ കണ്ടു. കൊറിയന്‍ യുദ്ധാനന്തരം
ഇരു കൊറിയകളിലുമായി കുടുങ്ങിപ്പോയ കുടുംബങ്ങളെ പരസ്പരം ബന്ധപ്പെടാന്‍ അവസരമൊരുക്കുന്നത്
സമാധാനദൂതനായ ഈ യുവാവാണ് ).
ആറു വീടുകള്‍, ആറു
ലോകം
സിനിമയുടെ ഇതിവൃത്തത്തില്‍ ആറു വീടുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആറിലും കഥാനായകന്‍
നുഴഞ്ഞുകയറുകയാണ്. തുടക്കത്തില്‍ ആ വീടുകളില്‍ ആരെയും നമുക്കു കാണാനാവില്ല. പക്ഷേ,
എല്ലാവരുടെയും ഫോട്ടോകളുണ്ടവിടെ. അവിടെ റെക്കോഡ് ചെയ്തുവെച്ച സന്ദേശങ്ങളും അവിടേക്കു
വരുന്ന ഫോണ്‍വിളികളും നമ്മെ കേള്‍പ്പിക്കുന്നുണ്ട്. ഇത്രയും കൊണ്ടുതന്നെ ആ കുടുംബങ്ങളെക്കുറിച്ചുള്ള
ചില സൂചനകള്‍ നല്‍കാന്‍ സംവിധായകനു കഴിയുന്നുണ്ട്.
ഇതിലെ ഓരോ വീടും ഓരോ ലോകമാണ്. അസംതൃപ്തരുടെ ലോകം. അവിടെ ആരും വാതിലുകള്‍
തുറന്നിടുന്നില്ല. കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്കു കടന്നിരുന്ന് മനസ്സിന്റെ വാതിലുകള്‍
കൊട്ടിയടയ്ക്കുകയാണ്, അപരിചിതരുടെ കടന്നുവരവ് ഒഴിവാക്കാന്‍. എന്നാല്‍, ഓരോ വീടിനും
ഓരോ ചൈതന്യമുണ്ടെന്നു സംവിധായകന്‍ വിശ്വസിക്കുന്നു. വീട് ഒരിക്കലും മനുഷ്യരുടെ ശബ്ദമില്ലാതെ,
ചൂരില്ലാതെ ശൂന്യമായിക്കിടക്കരുത്. ആ ശൂന്യത നികത്താനാണ്, അവിടെ ചൈതന്യം നിറയ്ക്കാനാണ്
ടോ-സുക്ക് എത്തുന്നത്. വീട്ടുകാരുടെ അസാന്നിധ്യത്തിലും അവിടെ അവന്‍ ജീവന്‍ പകരുന്നു.
സ്ഥാനം മാറിക്കിടക്കുന്ന വസ്തുക്കള്‍ യഥാസ്ഥാനത്ത് വെയ്ക്കുന്നു. കേടായ ഉപകരണങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നു. ഓരോ വീട്ടിലും തന്റെ സാന്നിധ്യത്തിനുള്ള തെളിവായി തന്റെ ചിത്രം
ക്യാമറയില്‍ പകര്‍ത്തുന്നു.
ദാമ്പത്യത്തിലെ സംശയം, പിണക്കങ്ങള്‍, അതൃപ്തി, അധീശത്വ മനോഭാവം, ബന്ധങ്ങള്‍
ഏല്‍പ്പിക്കുന്ന മുറിവുകള്‍ എന്നിവയെക്കുറിച്ചും പിതൃ-പുത്ര ബന്ധത്തിലെ സ്നേഹശൂന്യമായ
യാന്ത്രികതയെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നു. എല്ലാറ്റിനും സാക്ഷിയായി ഒരാളുണ്ട്-
ടോ-സുക്ക്. ആര്‍ദ്ര മനസ്സോടെ അവന്‍ സ്നേഹശൂന്യതയുടെ വിടവടയ്ക്കാനാണ് ശ്രമിക്കുന്നത്.
ശ്വാസകോശാര്‍ബുദ രോഗിയായ പിതാവിനെ പട്ടിക്കുഞ്ഞിനൊപ്പം വീട്ടില്‍ ഏകനായി വിട്ടിട്ടാണ്
മകനും ഭാര്യയും ടൂറിനു പോകുന്നത്. ടോ-സുക്കും സണ്‍ഹ്വായും അവിടെയെത്തുമ്പോള്‍ രക്തം
ഛര്‍ദ്ദിച്ച് വൃദ്ധന്‍ മരിച്ചുകിടക്കുകയായിരുന്നു. ഈയൊരവസ്ഥയില്‍ അവിടെനിന്നു രക്ഷപ്പെടാനല്ല
അവന്‍ ശ്രമിക്കുന്നത്. അവിടെക്കണ്ട ഒരു നമ്പറില്‍ മകനെ വിളിക്കുന്നു. മൂന്നു ദിവസം
കഴിഞ്ഞേ തങ്ങളെ ബന്ധപ്പെടാനാവൂ എന്ന റെക്കോഡ് ചെയ്തുവെച്ച മറുപടിയാണ് അവനു കിട്ടുന്നത്.
ഒരച്ഛനു നല്‍കേണ്ട എല്ലാ ആദരവും നല്‍കി ടോ-സുക്ക് വൃദ്ധന്റെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കുന്നു.
മൃതദേഹം പൊതിഞ്ഞുകെട്ടുമ്പോള്‍ മകന്‍ വിളിക്കുന്നുണ്ട്. 'അച്ഛന്‍ വിളിച്ചിരുന്നോ, സുഖം
തന്നെയല്ലേ 'എന്നാണയാള്‍ ചോദിക്കുന്നത്.
സ്‌നേഹത്തിന്റെ ഭാഷ
തന്റെ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും സംവിധായകന്‍ കിമ്മിന് വ്യക്തമായ
ധാരണയുണ്ട്. വികാരപ്രകടനത്തിന് ഭാഷ നിര്‍ബന്ധമില്ലെന്നു ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു.
90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ ടോ-സുക്കും സണ്‍ഹ്വായും തമ്മില്‍ ഒരക്ഷരം
പോലും മിണ്ടുന്നില്ല. ടോ-സുക്ക് ചിത്രത്തിലുടനീളം നിശ്ശബ്ദനാണ്. സണ്‍ഹ്വാ ആകട്ടെ രണ്ടു
തവണ മാത്രമാണ് സംസാരിക്കുന്നത്. അതും ചിത്രത്തിനൊടുവില്‍. രണ്ടു വാചകം മാത്രം. സ്‌നേഹത്തിന്റെ
ഭാഷ നിശ്ശബ്ദതയാണെന്നു പറഞ്ഞുവെക്കുകയാണ് സംവിധായകന്‍. അതേസമയം, നീച കഥാപാത്രങ്ങളുടെ
സംഭാഷണത്തിനു സംവിധായകന്‍ തടയിടുന്നില്ല. സണ്‍ഹ്വായുടെ ഭര്‍ത്താവ്, ടോ-സുക്കിനെ പിടിക്കുന്ന
പോലീസുദ്യോഗസ്ഥന്‍, ജയിലര്‍, ബോക്സര്‍, അച്ഛനെ മരണത്തിനു വിട്ട് ഉല്ലാസയാത്രയ്ക്കു
പോകുന്ന മകന്‍ എന്നിവരൊക്കെ ആവുന്നത്ര സംസാരിക്കുന്നുണ്ട്. ആത്മാര്‍ഥതയില്ലാത്ത വ്യര്‍ഥ
വാചകങ്ങള്‍.
ഒരു ചിത്രകാരന്റെ സാന്നിധ്യം സിനിമയിലെങ്ങും കാണാം. ഓരോ ഫ്രെയിമും ഓരോ പെയിന്റിങ്ങാണ്.
ചിത്രകാരന്‍ കൂടിയായ സംവിധായകന്‍ നിഴലും വെളിച്ചവും നിറങ്ങളും സന്ദര്‍ഭത്തിനു അനുയോജ്യമാംവിധം
ചേര്‍ത്ത് തയാറാക്കിയതാണ് ഓരോ ദൃശ്യവും. അധികപ്പറ്റായി ഒരു ദൃശ്യം പോലുമില്ല. എല്ലാം
പരസ്പര ബന്ധിതം. പശ്ചാത്തലത്തില്‍ സ്വാഭാവിക ശബ്ദങ്ങളേയുള്ളൂ. സംഗീതമില്ല. ടോ-സുക്കും
സണ്‍ഹ്വായും തമ്മിലുള്ള ഗാഢനിമിഷങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് സംഗീതം ഉപയോഗിക്കുന്നത്.
അതും ഒരേ പാട്ട്. പല തവണ ഇതാവര്‍ത്തിക്കുന്നുണ്ട്. ചിത്രാവസാനത്തില്‍ ഏറെനേരം ഈ സംഗീതം
കേള്‍ക്കാം.
വെയിങ് മെഷീനില്‍ കയറി മുഖാമുഖം നില്‍ക്കുന്ന ടോ-സുക്കിന്റെയും സണ്‍ഹ്വായുടെയും
പാദങ്ങളുടെ ദൃശ്യം ഫ്രീസ് ചെയ്താണ് ചിത്രം അവസാനിക്കുന്നത്. ഈ ദൃശ്യത്തെ വെറും സ്വപ്നമായും
നമുക്ക് വ്യാഖ്യാനിക്കാം. കാരണം, സണ്‍ഹ്വായുടെ പ്രതീക്ഷകള്‍ക്കാണ് അവസാന ഭാഗങ്ങളില്‍
പ്രാധാന്യം നല്‍കിയിരിക്കുന്നത്. ജയിലില്‍ കഴിയുന്ന ടോ-സുക്കിനെ അവള്‍ കാത്തിരിക്കുകയാണ്.
അവന്‍ ഒരുനാള്‍ വരുമെന്ന് അവള്‍ക്കറിയാം. മറ്റാര്‍ക്കും കാണാനാകാതെ, ഒരു നിഴല്‍ പോലെയാണ്
അവനെത്തുന്നത്. അതോടെ അവള്‍ ആഹ്ലാദവതിയാകുന്നു. എവിടെയോ മറന്നുവെച്ച സംസാരശേഷി അവള്‍
വീണ്ടെടുക്കുന്നു. ഒരുമിച്ച്, ഒരു മനസ്സായി, ഭാരമില്ലാത്ത ഒരു ലോകത്തേയ്ക്ക് അവര്‍
ലയിച്ചുചേരുകയാണ്.
Image courtesy:
- [Movie poster from 2004 South Korean movie 3 Iron]. Retrieved from https://www.imdb.com/title/tt0423866/mediaviewer/rm2826544129
- [Director Kim Ki-Duk]. Retrieved from https://www.imdb.com/title/tt0423866/mediaviewer/rm2334556929
- [Movie still from 2004 South Korean movie 3 Iron]. Retrieved from https://www.imdb.com/title/tt0423866/mediaviewer/rm2776212481
- [Movie still from 2004 South Korean movie 3 Iron]. Retrieved from https://www.imdb.com/title/tt0423866/mediaviewer/rm987207936/
0 Comments