വിഷയത്തിന്റെ പുതുമ കൊണ്ടും അവതരണ രീതി കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് കിമ്മിന്റെ ആദ്യകാല സിനിമകളിലൊന്നായ റിയല്‍ ഫിക്ഷന്‍.

ചിത്രകാരനായ കിം കി ഡുക്കിന്റെ ആത്മാംശമുണ്ട് ഈ സിനിമയില്‍.

യാഥാര്‍ഥ്യബോധത്തോടെ തീര്‍ത്ത കെട്ടുകഥ

- ടി. സുരേഷ് ബാബു

നിന്ദിതനും പീഡിതനുമായ ഒരു ചിത്രകാരന്റെ മാനസ സഞ്ചാരമാണ് `റിയല്‍ ഫിക്ഷന്‍' എന്ന സിനിമയുടെ പ്രമേയം. ചിത്രകാരന്റെ രചനകളിലൂടെയല്ല, മുറിവേറ്റ അയാളുടെ അശാന്തമായ മനസ്സിലൂടെയാണ് ക്യാമറ നീങ്ങുന്നത്. പ്രതികാര നിര്‍വഹണത്തിന്റെ ചോര പുരണ്ട കുറെ ദൃശ്യങ്ങള്‍ നമ്മുടെ കണ്ണിലൂടെ കടന്നുപോകുന്നു. വര്‍ഷങ്ങളായി അടക്കിവെച്ച പ്രതികാര ചിന്തകള്‍ വാര്‍ന്നൊഴിയുമ്പോള്‍ അയാള്‍ ശാന്തനായി മാറുന്നു. വീണ്ടും ജീവിതത്തിന്റെ തെരുവോരത്തിലേക്ക് കാന്‍വാസും പെന്‍സിലുമായി തിരിച്ചുവരുന്നു.

കിം കി ഡുക്കിന്റെ ആദ്യകാല സിനിമകളിലൊന്നാണ് `റിയല്‍ ഫിക്ഷന്‍'. വിഷയംകൊണ്ടും അവതരണ രീതികൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം. ഒറ്റക്കാഴ്ചകൊണ്ട് ഈ ചിത്രത്തെ പൂര്‍ണമായി വിലയിരുത്താനാവില്ല. വീണ്ടും വീണ്ടും കാണുമ്പോള്‍ പുതിയ അര്‍ഥതലങ്ങളിലേക്ക് നമ്മള്‍ എത്തിച്ചേരും. സത്യവും മിഥ്യയും ഇടകലര്‍ന്ന സിനിമാലോകം തീര്‍ക്കാനാണ് കിമ്മിനിഷ്ടം. രണ്ടിനെയും വേര്‍തിരിച്ചെടുക്കാന്‍ നമ്മള്‍ വല്ലാതെ ബുദ്ധിമുട്ടും. ഒരു ചിത്രകാരന്റെ മനസ്സാണ് എപ്പോഴും കിമ്മിന്. കുറെയേറെ ഭാഗങ്ങള്‍ പ്രേക്ഷകനു പൂരിപ്പിക്കാനായി വിടുന്നു അദ്ദേഹം. നമുക്കിഷ്ടമുള്ള രീതിയിലത് വ്യാഖ്യാനിക്കാം. എല്ലാം കണ്ടും കേട്ടും കിം മാറിനില്‍ക്കും. ഈ സിനിമയുടെ ഇതിവൃത്തം കല്‍പ്പിത കഥയാണെന്നു ഉറപ്പിച്ചുപറയാനാകണം `റിയല്‍ ഫിക്ഷന്‍' ( യഥാര്‍ഥ കെട്ടുകഥ ) എന്ന ശീര്‍ഷകംതന്നെ ഉപയോഗിച്ചത്. ഒരു സങ്കല്‍പ്പ കഥ യാഥാര്‍ഥ്യബോധത്തോടെ താന്‍ ആവിഷ്‌കരിക്കുകയാണെന്നുമാവാം അദ്ദേഹം അര്‍ഥമാക്കുന്നത്.

തെരുവിലെ ചിത്രകാരന്‍

നഗരത്തില്‍ തിരക്കു കുറഞ്ഞ തെരുവിലെ പാര്‍ക്കിലാണ് കഥ തുടങ്ങുന്നതും ഒടുങ്ങുന്നതും. കഥാനായകന്‍ ഒരാളുടെ ഛായാചിത്രം വരയ്ക്കുകയാണ്. മുന്നിലിരിക്കുന്ന പുരുഷനിലും അതു പകര്‍ത്തുന്ന കടലാസിലും മാത്രമാണയാളുടെ ശ്രദ്ധ. ചുറ്റുമുള്ള ലോകം അയാള്‍ മറക്കുന്നു. നിര്‍വികാരനും നിസ്സംഗനുമാണയാള്‍. പക്ഷേ, ക്ലോസപ്പ് ഷോട്ടുകളില്‍ അയാളുടെ മനസ്സു മുഴുവന്‍ നമുക്കാ മുഖത്തു കാണാം. ജനമധ്യത്തില്‍, പരസ്യമായി അന്നം തേടേണ്ടിവരുന്ന ഒരു കലാകാരനുണ്ടാവുന്ന ആത്മനിന്ദകൊണ്ട് കലുഷമാണ് ആ മുഖം. അയാള്‍ വരയ്ക്കുന്ന ചിത്രം നോക്കി പലരും അഭിപ്രായം പാസ്സാക്കുന്നുണ്ട്. ഭാര്യയുടെ ചിത്രം ശരിയായില്ലെന്നു കുറ്റപ്പെടുത്തുന്നു ഒരാള്‍. നേരത്തേ പറഞ്ഞുറപ്പിച്ചതിന്റെ പകുതി സംഖ്യയേ അയാള്‍ കൊടുക്കുന്നുള്ളൂ. ചിത്രം ഭാര്യയ്ക്ക് പിടിച്ചില്ലെങ്കില്‍ ബാക്കി പണം തരില്ലെന്നാണ് അയാളുടെ നിലപാട്.

ഇതിനിടെ രണ്ടുപേര്‍ വന്ന് ചിത്രകാരനോട് ഗുണ്ടാപ്പണം ആവശ്യപ്പെടുന്നു. മുന്നിലിരിക്കുന്നയാളുടെ പെന്‍സില്‍ സ്‌കെച്ച് പൂര്‍ത്തിയായിക്കഴിഞ്ഞു. ആ മനുഷ്യനു ചിത്രം തീരെ പിടിക്കുന്നില്ല. ചിത്രത്തില്‍നിന്ന് ഒരപരിചിതന്‍ തന്നെ തുറിച്ചുനോക്കുന്നതായാണ് അയാള്‍ക്കു തോന്നുന്നത്. ``ഇങ്ങനെ വൃത്തികെട്ട മൂക്കാണോ എനിക്കുള്ളത് എന്നു പുലമ്പിക്കൊണ്ട് അയാള്‍ പണം തിരിച്ചുചോദിക്കുന്നു. ചിത്രം അവിടെ ഉപേക്ഷിച്ചിട്ട് അയാള്‍ സ്ഥലംവിടുന്നു. പിന്നെ, ചിത്രം വരയ്ക്കാനെത്തുന്നത് വീഡിയോഗ്രാഫറായ യുവതിയാണ്. ഇവരാണ് കഥാനായകനെ മുന്നോട്ടു നയിക്കുന്നത്. തന്റെ ചിത്രം അവള്‍ക്കു് നന്നായി ബോധിച്ചു. പക്ഷേ, അവളുടെ കൈയില്‍ പണമില്ല. ' മറ്റേതെങ്കിലും വിധത്തില്‍ ഞാനാ പണം തിരിച്ചുനല്‍കാ ' മെന്നു പറഞ്ഞ് അവള്‍ ചിത്രകാരനെ കൂട്ടിക്കൊണ്ടു പോകുന്നു. മരത്തണലിലെ തന്റെ ചിത്രകലാ സാമ്രാജ്യം മറന്ന് അയാള്‍ അവള്‍ക്കു പിന്നാലെ നടന്നുനീങ്ങുന്നു.

പ്രതികാരത്തിനൊരുങ്ങുന്ന മനസ്സ്

ഇരുട്ടുള്ള മുറിയിലേക്കാണ് ചിത്രകാരന്‍ കടക്കുന്നത്. അവിടെ, ഒരു വൃത്തത്തില്‍ മാത്രം വെളിച്ചം വീഴുന്നു. നാടകസ്റ്റേജിലേതു പോലെ. ഒരാള്‍ അവിടെയിരുന്നു മദ്യപിക്കുകയാണ്. ``മനസ്സു നിറയെ വെറുപ്പും പകയുമായി വന്ന നിനക്ക് ഞാന്‍ സ്വാതന്ത്ര്യം തരാം'' എന്ന് ആ മദ്യപന്‍ പ്രഖ്യാപിക്കുന്നു. ചിത്രകാരന്റെ മനസ്സാക്ഷിയാണ് മദ്യപന്റെ റോളില്‍ വരുന്നത്. സൈനികന്‍, ചിത്രകാരന്‍, കാമുകന്‍ എന്നീ നിലകളിലെല്ലാം അയാള്‍ക്ക് നേരിടേണ്ടിവന്ന പീഡനങ്ങള്‍ മദ്യപന്‍ ഒന്നൊന്നായി എണ്ണിപ്പറയുന്നു. തോക്കെടുത്തു കൊടുത്ത് എല്ലാവരോടും പ്രതികാരം ചെയ്യാന്‍ പറയുന്നു. സൈന്യത്തില്‍ തന്റെ മേധാവിയായി നടിച്ച് ഇരുമ്പു പൈപ്പ് കൊണ്ടടിച്ച് മുറിവേല്പിച്ച സൈനികനോട്, തന്റെ കാമുകിയെ തട്ടിയെടുത്ത സുഹൃത്തിനോട്, വഞ്ചിച്ച കാമുകിയോട്, കബളിപ്പിച്ച സ്റ്റുഡിയോ ഉടമയോട്, കള്ളക്കേസെടുത്ത് പീഡിപ്പിച്ച ഡിറ്റക്ടീവിനോട് -എല്ലാവരോടും പ്രതികാരം ചെയ്യാന്‍ അയാളുടെ മനസ്സ് സജ്ജമാവുകയാണ്. ഇതുവരെ ഒന്നും മിണ്ടാതിരുന്ന നായകന്‍ ശബ്ദിച്ചുതുടങ്ങുന്നു. ``പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുറുനരികളാണെങ്ങും. അവയെ കൊന്നേ തീരൂ'' എന്നയാള്‍ പ്രഖ്യാപിക്കുന്നു. പ്രതികാര പാതയില്‍നിന്ന് ഇതുവരെ തന്നെ വിലക്കിക്കൊണ്ടിരുന്ന മനസ്സാക്ഷിയെ നിശ്ശബ്ദമാക്കാനാണ് അയാള്‍ ആദ്യം ശ്രമിക്കുന്നത്. മദ്യപനെ വെടിവെച്ചുകൊന്ന് ചിത്രകാരന്‍ ഇരുട്ടിന്റെ ഗുഹാമുഖത്തുനിന്നു പുറത്തുകടക്കുന്നു.

കൊലപാതക പരമ്പര

ഇവിടെ നിന്നങ്ങോട്ട് കൊലപാതക പരമ്പരയാണ്. ഒറ്റ ദിവസംകൊണ്ടാണിതെല്ലാം ചെയ്യുന്നത്. തന്റെ ഹിറ്റ്ലിസ്റ്റിലുള്ളവരെയെല്ലാം ഒന്നൊന്നായി അയാള്‍ വകവരുത്തുന്നു. മദ്യപനെ കൊന്നശേഷം വീണ്ടും അയാള്‍ പാര്‍ക്കിലെത്തുകയാണ്. ചിത്രം വരപ്പിക്കാനായി ഒരു യുവതി കാത്തിരിപ്പുണ്ട്. അയാള്‍ പെന്‍സില്‍ കൊണ്ട് അവളുടെ രൂപം വരച്ചുനല്‍കുന്നു. പണംകൊടുത്ത് തിരിച്ചുപോകുന്ന അവള്‍ ആ ചിത്രം ചവറ്റുകുട്ടയില്‍ കീറിയിടുന്നു. അയാളത് കാണുന്നുണ്ട്. ഇപ്പോള്‍ ക്ലോസപ്പില്‍ മുന കൂര്‍ത്ത പെന്‍സിലും ചെറുകത്തിയും. പെന്‍സിലുമായി അയാള്‍ യുവതിയുടെ പിറകെ ഓടുന്നു. ബാത്ത്റൂമില്‍ കയറിയ അവളുടെ ദീനരോദനമാണ് പിന്നീട് നമ്മള്‍ കേള്‍ക്കുന്നത്. അതു നിലയ്ക്കുംവരെ അയാള്‍ പുറത്ത് കാത്തു നില്‍ക്കുന്നു.

അടുത്ത ഇര സ്റ്റുഡിയോ ഉടമയാണ്. ചിത്രകാരന്മാരെയും മോഡലുകളെയും ഒരുപോലെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുകയാണയാള്‍. അയാള്‍ക്കുവേണ്ടി പോര്‍ട്രെയ്റ്റുകള്‍ ചെയ്യുന്നുണ്ട് കഥാനായകന്‍. എന്നിട്ടും അയാളെ കാണുമ്പോള്‍ സ്റ്റുഡിയോ ഉടമയ്ക്ക് പുച്ഛമാണ്. തന്റെ അടിമയാണ് ചിത്രകാരന്‍ എന്ന ഭാവം.

അടുത്തതായി പ്രതികാരത്തിനിരയാവുന്നത് ചിത്രകാരന്റെ ഇപ്പോഴത്തെ കാമുകിയാണ്. ഒരു പൂക്കടയില്‍ വില്‍പ്പനക്കാരിയാണവള്‍. ഒരേസമയം രണ്ടു കാമുകരാണവള്‍ക്ക്. രണ്ടാമനുമായി കടയില്‍വെച്ചുതന്നെയാണവള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നത്. അവന്‍ തിരിച്ചുപോയതും ചിത്രകാരനെത്തുന്നു. ഒരു ഭാവഭേദവുമില്ലാതെ അയാളെയും അവള്‍ സ്വീകരിക്കുന്നു. മുറിയിലിപ്പോള്‍ ചുവപ്പിനാണ് പ്രാധാന്യം. ചുവന്ന പൂക്കള്‍, ചുവന്ന പൂപ്പാത്രം. അവിടെക്കണ്ട കത്രികയാണ് ചിത്രകാരന്‍ ആയുധമാക്കുന്നത്.

പാമ്പുകള്‍ക്കിടയിലെ ജീവിതം

ആദ്യകാമുകിയുടെ ഭര്‍ത്താവിനെയാണ് ചിത്രകാരന്‍ ഇനി പിന്തുടരുന്നത്. ചിത്രകാരന്റെ സുഹൃത്തായിരുന്നു അയാള്‍. അവര്‍ വിവാഹിതരായെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. അവര്‍ സംതൃപ്തിയോടെ ജീവിക്കുന്നതു കാണാനായിരുന്നു അയാള്‍ക്കാഗ്രഹം. പാമ്പുകളെ വില്‍ക്കുന്ന കടയിലാണ് സുഹൃത്തിനു ജോലി. ചൈനയില്‍ നിന്നാണ് പാമ്പുകളെ കൊണ്ടുവരുന്നത്. ജോലിയില്‍ ഉഴപ്പനാണയാള്‍. ഉടമയില്‍നിന്നു എന്നും ശകാരം കിട്ടും അയാള്‍ക്ക്. പാമ്പുകളെ കൈകാര്യം ചെയ്ത് അയാളിലും വിഷം കയറിയിട്ടുണ്ട്. ചിത്രകാരനെക്കണ്ടതും തന്റെ ജീവിത പരാജയങ്ങളുടെ കഥ കെട്ടഴിക്കുകയാണയാള്‍. പാമ്പുകള്‍ക്കിടയിലെ ഈ ജീവിതം തനിക്കു മടുത്തെന്നു അയാള്‍ പറയുന്നു. ``എന്റെ ഭാര്യയ്ക്ക് പണം മാത്രമേ വേണ്ടിയിരുന്നുള്ളൂ. നീ അവളെ കെട്ടാഞ്ഞത് ഭാഗ്യമായി'' എന്നു പറഞ്ഞ് ചിത്രകാരനെ സുഖിപ്പിക്കാന്‍ ശ്രമിക്കുകയാണയാള്‍. ആ ന്യായവാദങ്ങളിലൊന്നും ചിത്രകാരന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ``നിനക്കൊരു പാമ്പിനെ ഞാന്‍ ഫ്രീയായി തരാം'' എന്നു പറഞ്ഞ് പാമ്പുകളുള്ള സഞ്ചിയിലേക്ക് തലയിട്ടുനോക്കുകയാണ് സുഹൃത്ത്. ഉടനെ ചിത്രകാരന്‍ അയാളുടെ തല പിടിച്ച് സഞ്ചിയിലേക്ക് താഴ്ത്തി കയര്‍കൊണ്ട് കഴുത്ത് വരിഞ്ഞുകെട്ടുന്നു. വഞ്ചനയ്ക്ക് ക്രൂരമായ മരണമാണ് ഇവിടെ വിധിക്കുന്നത്.

സൈന്യത്തിലായിരുന്നപ്പോള്‍ തന്നെ പീഡിപ്പിച്ച മനുഷ്യനെയാണ് അടുത്തതായി ചിത്രകാരന്‍ തേടിയെത്തുന്നത്. കഴുത്തിന്റെ ഇടതുഭാഗത്തെ ആഴത്തിലുള്ള മുറിവിന്റെ അടയാളം സമ്മാനിച്ചവനാണ് സൈനികന്‍. സൈന്യത്തില്‍നിന്നു പിരിഞ്ഞ് ഭാര്യയുമൊത്ത് ഇറച്ചിക്കട നടത്തുകയാണയാള്‍. തഞ്ചം നോക്കി ചിത്രകാരന്‍ ആ കടയില്‍ കയറുന്നു. അന്നത്തെ പീഡനത്തില്‍ തനിക്കു പങ്കൊന്നുമില്ലെന്നു പറഞ്ഞ് ചിത്രകാരനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണയാള്‍. പെട്ടെന്ന്, അയാളെ ഫ്രിഡ്ജിനകത്തേക്ക് തള്ളി ചിത്രകാരന്‍ അതിന്റെ വാതിലടയ്ക്കുന്നു. `വാതില്‍ തുറക്കൂ' എന്ന നിലവിളി അവസാനിക്കുംവരെ ചിത്രകാരന്‍ അവിടെത്തന്നെ നില്‍ക്കുന്നു.

പൂക്കടയില്‍ കൊല്ലപ്പെട്ട യുവതിയുടെ ജഡം പരിശോധിക്കുകയാണ് രണ്ടു ഡിറ്റക്ടീവുകള്‍. അവളുടെ ദേഹമാകെ ചുവന്ന പൂക്കള്‍ ചിതറിക്കിടക്കുന്നു. അവിടെക്കണ്ട ഡിറ്റക്ടീവുകളിലൊരാളാണ് ചിത്രകാരനെ കള്ളക്കേസില്‍പ്പെടുത്തി, നഗ്നനനാക്കി പീഡിപ്പിച്ചത്. ബാത്ത്റൂമിലേക്ക് കയറി ഡിറ്റക്ടീവിനെ അഗ്നിശമന ഉപകരണംകൊണ്ട് തലയ്ക്കടിച്ചാണ് വകവരുത്തുന്നത്. ഏറ്റവുമൊടുവില്‍, തന്റെയൊപ്പം നിഴലായി പിന്തുടര്‍ന്ന് എല്ലാ സംഭവങ്ങളും വീഡിയോവില്‍ പകര്‍ത്തുന്ന യുവതിയെയും ചിത്രകാരന്‍ കാലപുരിക്കയയ്ക്കുന്നു. എല്ലാം രേഖപ്പെടുത്തിവെക്കുന്ന ഉപബോധമനസ്സിന്റെ പ്രതീകമാണീ യുവതി.

യാഥാര്‍ഥ്യത്തിലേക്കുള്ള തിരിച്ചുവരവ്

ചിത്രകാരനെ പിന്നീട് നമ്മള്‍ കാണുന്നത് ഒരു സ്റ്റുഡിയോവിലാണ്. ഒരു യുവതിയാണവിടത്തെ ചിത്രകാരി. മുറിയുടെ മൂലയില്‍ പതുങ്ങിയിരിക്കുന്ന അയാളെ അവള്‍ വരച്ചുതുടങ്ങുന്നു. അത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. അയാള്‍ വീണ്ടും പാര്‍ക്കിലെ മരത്തണലില്‍ തന്റെ ഓപ്പണ്‍ സ്റ്റുഡിയോവില്‍ എത്തുന്നു. തന്റെ മുന്നിലിരിക്കുന്ന യുവതിയുടെ കണ്ണുകള്‍ അയാള്‍ വരച്ചുതുടങ്ങുന്നു. അപ്പോള്‍, തൊട്ടടുത്തുള്ള പാവ വില്‍പ്പനക്കാരനെ ഗുണ്ടകള്‍ മര്‍ദിക്കുന്നതു കാണാം. ഗത്യന്തരമില്ലാതെ പാവ വില്‍പ്പനക്കാരന്‍ ഗുണ്ടകളിലൊരാളെ തിരിച്ചാക്രമിക്കുന്നു. പെട്ടെന്നു സംവിധായകന്റെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാം: `കട്ട്'. ഷൂട്ടിങ് തീര്‍ന്നു. സംവിധായകനും സഹായികളും ഓടിയെത്തുന്നു. നമ്മളും യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവരികയാണ്. ഒരു സിനിമയുടെ ഷൂട്ടിങ്ങാണ് നമ്മുടെ മുന്നില്‍ നടന്നത്.

എഡിറ്റിങ് ടേബിളിലല്ല, പ്രേക്ഷകന്റെ സംവേദന മണ്ഡലത്തിലാണ് കിം കി ഡുക്കിന്റെ സിനിമകള്‍ പൂര്‍ത്തിയാകുന്നത്. `റിയല്‍ ഫിക്ഷനി'ലും ഈ പതിവ് തെറ്റുന്നില്ല. കാണികള്‍ക്ക് കുറെയേറെ പൂരിപ്പിക്കാനുണ്ടിതില്‍. കിം സമ്മാനിക്കുന്ന ദൃശ്യഖണ്ഡങ്ങള്‍ നമുക്ക് യുക്തിക്കനുസരിച്ച് ചേര്‍ത്തുവെക്കാം. പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാം. അതുമല്ലെങ്കില്‍ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയുമാവാം. കൊലപാതകങ്ങളെല്ലാം നടക്കുന്നത് ചിത്രകാരന്റെ ഭാവനയില്‍ മാത്രമാണെന്നു വിശ്വസിക്കാനാവും മിക്ക പ്രേക്ഷകര്‍ക്കുമിഷ്ടം.

വിമര്‍ശിച്ചോളൂ, അവഗണിക്കരുത്

കിമ്മിന്റെ ആത്മാംശം ലയിച്ചു കിടപ്പുണ്ട് 85 മിനിറ്റ് നീണ്ട ഈ സിനിമയില്‍. അദ്ദേഹം മുന്‍ സൈനികനാണ്. ചിത്രകാരനുമാണ്. കിം രണ്ടു വര്‍ഷം പാരീസിലെ തെരുവുകളില്‍ തന്റെ പെയിന്റിങ്ങുകള്‍ വിറ്റുനടന്നിട്ടുണ്ട്. ഒട്ടേറെ അവഹേളനം അന്നദ്ദേഹം നേരിട്ടിട്ടുണ്ടാകണം. അതിന്റെ ഓര്‍മകള്‍ `റിയല്‍ ഫിക്ഷനി'ല്‍ കാണാം. കലാകാരന്റെ സൃഷ്ടികളെ ആര്‍ക്കും വിമര്‍ശിക്കാം. അവയെ കണ്ടില്ലെന്നും നടിക്കാം. പക്ഷേ, കലാസൃഷ്ടികളെ ഒരിക്കലും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യരുത് - ഈ സത്യവും കൂടി പറയാനാഗ്രഹിക്കുന്നുണ്ട് കിം.

ചിത്രകലാരംഗത്തെ കള്ളനാണയങ്ങളെ തുറന്നുകാണിക്കാനാണ് സ്റ്റുഡിയോ ഉടമയെ കിം സൃഷ്ടിച്ചത്. പോര്‍ട്രെയിറ്റ് ചെയ്യാനുള്ള ശ്രമത്തില്‍ സ്റ്റുഡിയോക്കാരന്‍ പരാജയപ്പെടുകയാണ്. പക്ഷേ, അതയാള്‍ മറച്ചുവെക്കുന്നു. കഥാനായകനെക്കൊണ്ട് ചിത്രം വരപ്പിച്ചാണ് അയാള്‍ കേമത്തം നടിക്കുന്നത്. സ്ത്രീ ശരീരങ്ങളുടെ ഫോട്ടോയെടുത്ത് വിറ്റ് അയാള്‍ നന്നായി സമ്പാദിക്കുന്നുണ്ട്. എങ്കിലും, മോഡലുകള്‍ക്ക് പ്രതിഫലം നല്‍കാന്‍ മടിയാണ്. അവരെ എല്ലാവിധത്തിലും അയാള്‍ ചൂഷണം ചെയ്യുന്നുമുണ്ട്.

ഒരു ക്രൈം ത്രില്ലറിന്റെ തീവ്രതയോടെയാണ് ചില മരണങ്ങള്‍ കിം ചിത്രീകരിക്കുന്നത്. മറ്റുചിലതാകട്ടെ സൗമ്യതയോടെയും. ആദ്യ കാമുകിയുടെ ഭര്‍ത്താവിനു ക്രൂരമായ മരണമാണയാള്‍ വിധിച്ചത്. എന്നാല്‍, കാമുകിയെ കൊന്നോ വെറുതെവിട്ടോ എന്ന സന്ദേഹത്തിലാണ് നമ്മള്‍. ഒറ്റപ്പെട്ട ജീവിതം മടുത്തെന്നും തന്നെ രക്ഷിക്കണമെന്നും അവള്‍ അഭ്യര്‍ഥിക്കുന്നുണ്ട്. കൂട്ടിലിട്ട ഒരു തത്തയെ കാണിച്ച് ഈ രംഗത്തുനിന്ന് ധൃതിയില്‍ മാറിനില്‍ക്കുകയാണ് സംവിധായകന്‍.

കിം കി ഡുക്കിന്റെ മറ്റു ചിത്രങ്ങളെപ്പോലെ ( ബാഡ് ഗൈ, ദ ബോ, 3 അയേണ്‍, കോസ്റ്റ്ഗാര്‍ഡ്, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ്, സമരിറ്റന്‍ ഗേള്‍ തുടങ്ങിയവ ) തീവ്രമായ ദൃശ്യാനുഭവം നല്‍കുന്നില്ല `റിയല്‍ ഫിക്ഷന്‍'. ആശയങ്ങളുടെ പ്രതീകങ്ങളായി മാറുന്നു പല കഥാപാത്രങ്ങളും. അവര്‍ക്ക് ജീവനൂതിക്കൊടുക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായി വിജയിക്കുന്നില്ല.

  Image courtesy:

 

Post a Comment

0 Comments