സുമിത്ര ഭാവെയും സുനില്‍ സുഖ്ധങ്കറും ചേര്‍ന്നു
സംവിധാനം ചെയ്ത ' കാസവ് ' എന്ന മറാത്തി
ചിത്രത്തെക്കുറിച്ച്
കടലാമയുടെ കണ്ണുനീര്‍
കടലാമകളുടെ വംശനാശം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ജാനകി കുല്‍ക്കര്‍ണി
എന്ന മധ്യവയസ്‌കയുടെ ജീവിതത്തിന്റെ ചെറിയൊരു കാലമാണ് ' കാസവി ' ലൂടെ അനാവരണം ചെയ്യുന്നത്.
ജാനകി മൗനത്തിലൊളിച്ചുവെച്ച വേദനകളെക്കൂടി സിനിമ അവസാനം പുറത്തേക്കു കൊണ്ടുവരുന്നുണ്ട്. ജന്തുശാസ്ത്രമോ സമുദ്രശാസ്ത്രമോ പഠിച്ചിട്ടല്ല ജാനകി
പ്രകൃതി സ്‌നേഹികളായ ഒരു കൂട്ടം മനുഷ്യരോടൊപ്പം ആമകളുടെ സംരക്ഷണപ്രവര്‍ത്തനം നടത്തുന്നത്.
തന്റെ ചുറ്റിലുമുള്ള മനുഷ്യരോട് ജാനകി കാണിക്കുന്ന സഹജീവിസ്‌നേഹത്തിന്റെ ഭാഗമാണത്.
അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയിരിക്കുകയാണു ജാനകി കുല്‍ക്കര്‍ണി. ഒരു
കടലോരഗ്രാമത്തില്‍ വാടകവീട്ടിലാണു അവരുടെ താമസം. കൂട്ടിനു ഡ്രൈവര്‍ യദുവും വേലക്കാരന്‍
ബബ്ല്യയും . കടലാമകളെ സംരക്ഷിക്കുന്ന ദത്താഭാവുവും കൂട്ടരുമാണു ജാനകിയുടെ ജീവിതത്തെ
പ്രസന്നമാക്കുന്നത്. മുട്ടയിടാന്‍ കരയിലേക്കു കൂട്ടത്തോടെ വരുന്ന ആമകള്‍ക്കു ജാനകിയടക്കമുള്ള
പരിസ്ഥിതി പ്രവര്‍ത്തകര്‍ കടലോരത്തു വലകെട്ടി സൗകര്യമൊരുക്കുന്നു. മുട്ടകള്‍ വിരിയുംവരെ
അവര്‍ ജാഗ്രതയോടെ കാവലിരിക്കും.
ഏകാകിയുടെ വരവ്
ഇതിനിടെയാണു പനിപിടിച്ച് അവശനായി റോഡരികില്‍ക്കിടന്ന ഒരു യുവാവിനെ ജാനകി
തന്റെ വീട്ടിലെത്തിക്കുന്നത്.. നൈരാശ്യം ബാധിച്ച യുവാവ്. ജീവിതം ഉപേക്ഷിക്കാന്‍ ശ്രമിച്ചവന്‍.
ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാന്‍ നോക്കിയതാണവന്‍. ആരോ കണ്ടെടുത്ത് ആസ്പത്രിയിലാക്കി.
അവിടെ നിന്നു രക്ഷപ്പെട്ട് അവന്‍ അലക്ഷ്യയാത്ര തുടര്‍ന്നു. ഒടുവില്‍ റോഡരികില്‍ വീണു.
ജാനകിയുടെ സ്‌നേഹശുശ്രൂഷയില്‍ അസുഖം ഭേദമായിട്ടും അവന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല.
കൂട്ടിന് ആരും വേണ്ട എന്ന മട്ട്. ജാനകി തന്റെ രക്ഷാകര്‍ത്താവായി മാറുന്നത് അവനിഷ്ടപ്പെടുന്നില്ല.
തന്നെക്കുറിച്ച് ആരോടും ഒന്നും പറയാനും അവന്‍
താല്‍പ്പര്യം കാട്ടുന്നില്ല. അവന്റെ ഡയറി പരിശോധിച്ചപ്പോഴാണ് ജാനകിക്ക് ഒരു നമ്പര്‍
കിട്ടിയത്. ആ നമ്പറില്‍ വിളിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് യുവാവിന്റെ രണ്ടാനമ്മ എത്തി.
മാനവേന്ദ്രന്‍ എന്ന ആ യുവാവിന്റെ അമ്മ നേരത്തേ മരിച്ചു. അച്ഛനോട് അവനു വലിയ അടുപ്പമില്ല.
അപ്പൂപ്പനും അമ്മൂമ്മയുമായിരുന്നു തുണ. അവര്‍ മരിച്ചതോടെ മാനവ് വീടു വിട്ടിറങ്ങിയതാണ്.
കൂട്ടുകാരെയും കാമുകിയെയുമെല്ലാം അവന്‍ ഉപേക്ഷിച്ചു. അലക്ഷ്യമായ യാത്രയായിരുന്നു പിന്നെ.
അതും മടുത്തപ്പോഴാണു മരണത്തില്‍ അഭയം തേടാന്‍ ആഗ്രഹിച്ചത്. തന്റെ ജീവിത രഹസ്യങ്ങള്‍
ജാനകി അറിഞ്ഞെന്നു മനസ്സിലാക്കിയ മാനവ് പൊട്ടിത്തെറിക്കുന്നു. പക്ഷേ, ജാനകിയുടെ ആര്‍ദ്രമായ
സമീപനം അവനെ ക്രമേണ ശാന്തനാക്കുന്നു. ആരുമില്ലെന്നു കരുതിയ തനിക്കു ചുറ്റിലും സ്‌നേഹമുള്ള
മനുഷ്യരുണ്ടെന്ന് അവനു ബോധ്യമായി. സമൂഹജീവിയാണ് താനെന്ന് അവനു ബോധ്യം വരുന്നു.
നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍
കഥാപാത്രങ്ങളുടെ ജീവിത പശ്ചാത്തലം ചുഴിഞ്ഞു നോക്കുന്നില്ല ഈ സിനിമ. വേണമെങ്കില്‍
മാനവിന്റെയും ജാനകിയുടെയും അനാഥ ബാലനായ പര്‍ശുവിന്റെയും ഭൂതകാലത്തേക്കു ക്യാമറക്കു
കടന്നുചെല്ലാമായിരുന്നു. അങ്ങനെ വ്യക്തിദു:ഖങ്ങളെ പൊലിപ്പിച്ചിരുന്നെങ്കില്‍ സിനിമയുടെ
ഇപ്പോഴത്തെ ഒതുക്കം നഷ്ടപ്പെടുമായിരുന്നു. ഓരോ മനുഷ്യനും ഓരോ കര്‍മമുണ്ടെന്നു ' കാസവി
' ന്റെ സംവിധായകര്‍ വിശ്വസിക്കുന്നു. ആ കര്‍മം അനുഷ്ഠിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്.
ഈ സിനിമയില്‍ നമ്മള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെല്ലാം നന്മ പ്രസരിപ്പിക്കുന്നവരാണ്.
സ്വന്തം നഷ്ടങ്ങളിലേക്കോ വേദനകളിലേക്കോ ഒതുങ്ങിക്കൂടി സമൂഹത്തില്‍ നിന്ന് അകന്നുനില്‍ക്കുകയല്ല
അവര്‍. പരപ്രേരണയില്ലാതെ എല്ലാവരും സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. ( അടുക്കളപ്പണിക്കാരനായ
ബബ്ല്യ പുറത്തെത്തിയാല്‍ നാടക സംവിധായകനാണ്. അയാളുടെ പ്രധാന കര്‍മമണ്ഡലം നാടകമാണ്
). മാനവ് മാത്രമാണ് സ്വന്തം തോടിനുള്ളിലേക്കു വലിയാന്‍ ശ്രമിക്കുന്നത്. പക്ഷേ, ഒടുവില്‍
അവനും തന്റെ വഴി തിരിച്ചറിയുന്നു.
![]() |
പ്രതീക്ഷയുടെ ലോകത്ത്
മാനവിന്റെ ജീവിതകഥ പോലെ നിഗൂഢമാണു ജാനകി കുല്‍ക്കര്‍ണിയുടെയും പശ്ചാത്തലം.
സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമേ നമ്മള്‍ അവരെ അറിയുന്നുള്ളു. കരയില്‍ വന്നു
മുട്ടകളിട്ട് അവ വിരിയാന്‍ കാത്തിരിക്കാതെ തിരിച്ചുപോകുന്ന കടലാമയുടെ കണ്ണില്‍ എപ്പോഴും
ഒരു തുള്ളി കണ്ണീര്‍ വറ്റാതെ കിടക്കുമെന്നു ജാനകി ഒരിക്കല്‍ പറയുന്നുണ്ട്. സ്വന്തം
മക്കളെ തിരിച്ചറിയാനാവാതെ പോകുന്ന ഒരമ്മയുടെ കണ്ണുനീരാണത്. കടലില്‍ കാണുന്ന ഓരോ കുഞ്ഞും
തന്റേതാണെന്നു തള്ളയാമ കരുതുന്നു. വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന തന്റെ
ജീവിതത്തോടാണു കടലാമയുടെ കണ്ണീരിനെ ജാനകി താരതമ്യപ്പെടുത്തുന്നത്. പതിനാറുകാരനായ മകന്റെ
അസാന്നിധ്യം ജാനകിയുടെ മനസ്സിലെ വറ്റാത്ത വേദനയാണ്. അകല്‍ച്ച കാട്ടുന്ന ഭര്‍ത്താവുമൊത്തുള്ള
അമേരിക്കയിലെ ജീവിതം ജാനകിക്കു മടുത്തിരുന്നു. ഡല്‍ഹിക്കു തിരിച്ചുപോന്ന താന്‍ ആത്മഹത്യക്കു
ശ്രമിച്ചിട്ടുണ്ടെന്നു മാനവിനോട് ജാനകി ഏറ്റുപറയുന്നു. ഒരു സൈക്യാട്രിസ്റ്റാണ് തന്നെ
രക്ഷിച്ചത്. ' നിങ്ങളുടെ പുറത്തൊരു ലോകമുണ്ട്, അവിടേക്ക് ശ്രദ്ധിക്കൂ ' എന്നു ജാനകിയെ
ഉപദേശിച്ചത് സൈക്യാട്രിസ്റ്റാണ്. ആ ഉപദേശം ജാനകിയെ പ്രതീക്ഷയുടെ ലോകത്തെത്തിച്ചു. ദത്താഭാവു
എന്ന വയോധികനുമൊത്ത് ജാനകി ആമസംരക്ഷണത്തിനിറങ്ങുന്നത് അങ്ങനെയാണ്. ജാനകി പുതിയൊരു ലോകത്ത്
എത്തുകയായിരുന്നു. ഏതെങ്കിലും ആശയത്തോട് , മനുഷ്യരോട് ഇഷ്ടം തോന്നിയാല്‍ ജീവിതം നിങ്ങള്‍
തിരിച്ചുപിടിച്ചു എന്നാണു ജാനകി കുല്‍ക്കര്‍ണിയിലൂടെ , മാനവിലൂടെ , ദത്താഭാവുവിലൂടെ
സംവിധായകര്‍ പറയാന്‍ ശ്രമിക്കുന്നത്.
തന്നെ രക്ഷിക്കുകയും സഹായിക്കുകയും കലവറയില്ലാതെ സ്‌നേഹിക്കുകയും ചെയ്യുന്ന സ്ത്രീയെ ഒരനുകൂല സാഹചര്യം കിട്ടിയാല്‍ കിടപ്പറയിലേക്കു ക്ഷണിക്കുക എന്നതാണ് ഇന്ത്യന്‍ സിനിമയിലെ പുരുഷന്റെ സ്ഥിരം രീതി. അവിടെയും ഈ സിനിമ വ്യത്യസ്തമാകുന്നു. മാനവിനോടുള്ള ജാനകിയുടെ സ്‌നേഹം ഒരമ്മയുടേതാണെന്നു വളരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സംവിധായകര്‍ക്കു കഴിയുന്നു. മാനവിനും ആ തിരിച്ചറിവുണ്ട്. തുടക്കത്തില്‍, ഇരുവരും തമ്മിലുണ്ടാകുന്ന വഴക്കും പിണക്കവും ഒതുക്കത്തോടെയാണു സംവിധായകര്‍ കാണിക്കുന്നത്. അഭിനയത്തിലെയും അവതരണത്തിലെയും സ്വാഭാവികത കൊണ്ടാണ് ഈ ഒതുക്കം കൈവരുന്നത്. ശാസിച്ചോ കുറ്റപ്പെടുത്തിയോ മാനവിനെ തന്റെ വഴിക്കു കൊണ്ടുവരാന്‍ ജാനകി ശ്രമിക്കുന്നതേയില്ല. വിഷാദരോഗത്തെ മറികടന്ന ജാനകിക്ക് അതേ അവസ്ഥയിലുള്ള മാനവിനെ മനസ്സിലാക്കാനാവും. അതുകൊണ്ടാണ് അവര്‍ മാനവിനെ അവന്റെ എല്ലാ പെരുമാറ്റദൂഷ്യങ്ങളോടെയും അംഗീകരിച്ച് അവന്റേതായ വഴിക്കു വിടാന്‍ നോക്കുന്നത്. മക്കളെയോര്‍ത്തു കണ്ണീര്‍ തൂവുന്ന സ്‌നേഹമയിയായ കടലാമയുടെ ജന്മമാണു ജാനകിയുടേതും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ആമക്കുഞ്ഞുങ്ങള്‍ ശങ്കയില്ലാതെ കടലിന്റെ ആഴങ്ങളിലേക്ക് തുഴഞ്ഞുപോകുന്ന ദൃശ്യത്തിലാണു സിനിമ അവസാനിക്കുന്നത്. ആ കാഴ്ച നോക്കി ആഹ്ലാദിക്കുകയാണ് മാനവേന്ദ്രനും പര്‍ശുവും.
കടല്‍, കടലാമ എന്നീ പ്രതീകങ്ങളെ കഥാപാത്രങ്ങളുമായും അവരുടെ മാനസിക വ്യാപാരങ്ങളുമായും കൂട്ടിയിണക്കുന്നതില്‍ സംവിധായകര്‍ കാട്ടുന്ന മിടുക്ക് ശ്ലാഘനീയമാണ്. കടല്‍ ഈ സിനിമയില്‍ ഒരു കഥാപാത്രം പോലെ സജീവ സാന്നിധ്യമാണ്. നൈരാശ്യത്തിന്റെ ലോകത്തുനിന്ന് പ്രതീക്ഷയുടെ ശാന്തമായ അവസ്ഥയിലേക്കുള്ള മാനവിന്റെ പരിണാമത്തിനു കടലാണ് സാക്ഷിയാകുന്നത്. സുമിത്ര - സുനില്‍ കൂട്ടുകെട്ടിന്റെ മറ്റു സിനിമകളിലെപ്പോലെ സമൂഹത്തെ ചലിപ്പിക്കുന്ന ഒരു സന്ദേശം ' കാസവി ' ലും നമുക്കു വായിച്ചെടുക്കാനാവും.
Feature:
മാനവികതയുടെ ചലച്ചിത്രകാരി - ടി. സുരേഷ് ബാബു
Read More
- [Movie poster from 2017India movie Kaasav]. Retrieved from https://www.imdb.com/title/tt6272504/mediaviewer/rm136732928
- [Still from 2017India movie Kaasav]. Retrieved from https://www.imdb.com/title/tt6272504/mediaviewer/rm187064576/
- [Still from 2017India movie Kaasav]. Retrieved from https://www.imdb.com/title/tt6272504/mediaviewer/rm136732928
0 Comments