അപു എന്ന ഏകാകി
സത്യജിത്‌റായിയുടെ ' പഥേര്‍ പാഞ്ചാലി ' യില്‍ അപുവായി അഭിനയിച്ച സുബിര്‍ ബാനര്‍ജിയെ പതിറ്റാണ്ടുകള്‍ക്കുശേഷം കൗശിക് ഗാംഗുലി എന്ന സംവിധായകന്‍ കണ്ടെത്തിയപ്പോള്‍
- ടി. സുരേഷ് ബാബു
1952 ലെ ശരത്കാലത്തെ ഒരപരാഹ്നത്തില്‍ , നീണ്ടുവെളുത്ത കാശപ്പൂക്കള്‍ നിറഞ്ഞ ഒരു വയലിന്റെ നടുവിലാണ് സത്യജിത്ത് റായ് തന്റെ ആദ്യചിത്രമായ ' പഥേര്‍ പാഞ്ചാലി ' ( ചെറുപാതയുടെ പാട്ട് ) യുടെ ഷൂട്ടിങ് തുടങ്ങിയത്. സാമ്പത്തിക ഞെരുക്കം കാരണം ഷൂട്ടിങ് നീണ്ടുപോയി. ഒടുവില്‍, ബംഗാള്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെയാണ് ചിത്രം പൂര്‍ത്തിയായത്. 1955 ആഗസ്ത് 26 ന് സിനിമ റിലീസായി. ഷൂട്ടിങ് തുടങ്ങുംമുമ്പുതന്നെ തന്റെ സിനിമ എങ്ങനെയുള്ളതായിരിക്കണമെന്ന കാര്യത്തില്‍ റായിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നു. കഥാപാത്രമായി വരുന്നവര്‍ മുമ്പൊരിക്കലും സിനിമയില്‍ വരാത്തവരായിരിക്കണം. മേക്കപ്പ് എന്നതുണ്ടാവില്ല. ഷൂട്ടിങ് മുഴുവന്‍ സ്റ്റുഡിയോകള്‍ക്ക് പുറത്ത് ലൊക്കേഷനുകളിലായിരിക്കും. ലണ്ടനില്‍ വെച്ച് ഡിസീക്കയുടെ ഇറ്റാലിയന്‍ ചിത്രമായ ' ബൈസിക്കിള്‍ തീവ്‌സ് ' കണ്ടതോടെയാണ് തന്റെ സങ്കല്പത്തിലുള്ള സിനിമ എങ്ങനെയായിരിക്കണം എന്ന് റായ് അന്തിമമായി തീരുമാനിച്ചത്. ' അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍ ' എന്ന ഓര്‍മക്കുറിപ്പുകളില്‍ അതേപ്പറ്റി റായ് പറയുന്നതിങ്ങനെ : ' ഈ അദ്ഭുതകരമായ ചിത്രം ഞാന്‍ വളരെ ഉചിതമായ സമയത്താണ് കണ്ടത്. ഞാനെടുക്കുന്ന ചിത്രത്തില്‍ എന്തെല്ലാം ചെയ്യണമെന്നു വിചാരിച്ചുവോ അതെല്ലാം ഡിസീക്ക അദ്ദേഹത്തിന്റെ ചിത്രത്തില്‍ ചെയ്തു കാണിച്ചിരിക്കുന്നു ' .
ആര്‍ഭാടവും ശോഭകളും
വേണ്ട
ഹോളിവുഡ് സിനിമകളിലെ ആര്‍ഭാടവും ശോഭകളുമല്ല ഇന്ത്യന്‍ സിനിമയില്‍ വേണ്ടത്
എന്ന് റായ് ഉറപ്പിച്ചിരുന്നു. വേണ്ടത് കൂടുതല്‍ കാല്‍പനികതയും ആത്മാര്‍ഥതയുമാണ് എന്ന്
അദ്ദേഹം വ്യക്തമായും തിരിച്ചറിഞ്ഞിരുന്നു. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ പ്രശസ്ത നോവലായ
' പഥേര്‍ പാഞ്ചാലി ' യെ എന്തുകൊണ്ടാണ് തന്റെ ആദ്യസിനിമക്കുവേണ്ടി തിരഞ്ഞെടുത്തത് എന്നതിനെപ്പറ്റി
' നമ്മുടെ സിനിമ, അവരുടെ സിനിമ ' എന്ന പുസ്തകത്തില്‍ റായ് എഴുതുന്നു : ' പഥേര്‍ പാഞ്ചാലി
' യെ ഉത്കൃഷ്ട കൃതിയാക്കിത്തീര്‍ത്ത ചില ഉത്കൃഷ്ട ഗുണങ്ങളുണ്ട്. അതിലെ കരളലിയിക്കുന്ന
മനുഷ്യത്വം, കാവ്യാത്മകത, തികഞ്ഞ സത്യസന്ധത. ഈ ഗുണങ്ങളാണ് ആദ്യ ചലച്ചിത്രത്തിന് ആ കഥ
സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് '.
ഷൂട്ടിങ് തുടങ്ങാനുള്ള അത്യാവശ്യം പണം കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ റായിക്കും കൂട്ടുകാര്‍ക്കും
കഴിഞ്ഞു. പക്ഷേ, വലിയൊരു കീറാമുട്ടി കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തലായിരുന്നു.
പ്രത്യേകിച്ചും, ആറു വയസ്സുള്ള അപുവിനെ കണ്ടെത്താന്‍. പത്തു വയസ്സുള്ള ദുര്‍ഗയെ എളുപ്പം
കിട്ടി. എന്നാല്‍, അപു കുറച്ച് കഷ്ടപ്പെടുത്തിക്കളഞ്ഞു. അതേപ്പറ്റി റായ് ഓര്‍ക്കുന്നു
: ' അപുവിനെ കിട്ടാന്‍ പത്രത്തില്‍ പരസ്യം കൊടുത്തു. വന്നവരില്‍ ആരെയും ഇഷ്ടപ്പെട്ടില്ല.
ആറു വയസ്സുള്ള ആണ്‍കുട്ടിയെയാണ് വേണ്ടിയിരുന്നത്. ഒരു ദിവസം എന്റെ ഭാര്യയാണ് അപുവിനു
പറ്റിയ കുട്ടിയെ കണ്ടെത്തിയത്. അടുത്തുള്ള മൈതാനത്ത് അവന്‍ ചേട്ടന്റെയും കൂട്ടുകാരുടെയുമൊപ്പം
കളിക്കുകയായിരുന്നു. ഭാര്യ വിളിച്ച് കാണിച്ചുതന്നു. മുഖഭാവവും മുഖവും അപുവിനു ചേര്‍ന്നതുതന്നെ.
സുബീര്‍ ബന്ദോപാധ്യായ ( ബാനര്‍ജി ) എന്നാണവന്റെ പേര്. സ്‌കൂളില്‍ പോകുന്നുണ്ട്. സ്റ്റേജില്‍
അഭിനയിക്കാന്‍ ഇടവന്നിട്ടില്ല. സിനിമയില്‍ കഥാപാത്രമായി അഭിനയിക്കാന്‍ പറയുകയാണെങ്കില്‍
അതേപ്പറ്റി എന്തു വിചാരിക്കുന്നു ? സ്വയം അഭിപ്രായമില്ല. എന്തു പറയണമെന്നറിയാത്ത പോലെ.
അച്ഛനമ്മമാര്‍ ചെയ്യാനനുവദിച്ചാല്‍ ചെയ്യാം ' ( അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍
).
ഇത്, ഇന്നും നമ്മുടെ ഓമനയായി ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന അപു എന്ന
ബാലന് യോജിച്ച നടനെ സത്യജിത് റായ് കണ്ടെടുത്ത
കഥ. എന്നാല്‍, ബംഗാളി സംവിധായകന്‍ കൗശിക്ക്
ഗാംഗുലി ' അപുര്‍ പാഞ്ചാലി ' ( അപുവിന്റെ പാട്ട്
) എന്ന ബംഗാളി സിനിമയില്‍ പറയുന്നത് അറുപത്തിയെട്ടുകാരനായ സുബിര്‍ ബാനര്‍ജിയെ കണ്ടെത്തിയ
കഥയാണ്. കൗമാരക്കാരനായ അപുവിന് ജീവന്‍ പകര്‍ന്ന അതേ സുബിറിനെ. 2013 ല്‍ ഗോവയില്‍ നടന്ന
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ഗാംഗുലിക്ക്
നേടിക്കൊടുത്ത ചിത്രമാണിത്. ഇരുപതിലധികം ഫീച്ചര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്
കൗശിക് ഗാംഗുലി. അവയില്‍ ശ്രദ്ധേയമായവ ' അപുര്‍ പാഞ്ചാലി ' യും ' ശബ്ദോ ' യുമാണ്. യഥാര്‍ഥ
കഥയെ ആസ്പദമാക്കി എടുത്തതിനാല്‍ ' അപുര്‍ പാഞ്ചാലി
' യെ ഡോക്യു - ഫിക്ഷന്‍ ( Docu-
fiction ) ആയാണ് ഗാംഗുലി പരിഗണിക്കുന്നത്.
ഏകാകിയായ അപു
കൊല്‍ക്കത്തയില്‍, ബഹളം കുറഞ്ഞ ഒരു തെരുവില്‍, ഒറ്റക്ക് ജീവിക്കുകയാണ് സുബിര്‍
ബാനര്‍ജി. അച്ഛന്‍ പക്ഷാഘാതത്താല്‍ തളര്‍ന്നു കിടപ്പായതോടെ യുവാവായിരിക്കെത്തന്നെ അഭിനയചിന്ത
അവനില്ലാതായി. പ്രിയങ്കരിയായ ഭാര്യ അഷിമയോടൊത്തുള്ള ദാമ്പത്യം രണ്ടു വര്‍ഷമേ നീണ്ടുള്ളു.
പ്രസവത്തില്‍ കുഞ്ഞു മരി്ച്ച സങ്കടം സഹിക്കാനാവാതെ അഷിമ ജീവനൊടുക്കി. അവളുടെ ഓര്‍മകളില്‍
ജീവിക്കവെ സുബിര്‍ സിനിമ കാണുന്നതുപോലും ഉപേക്ഷിച്ചു. പ്രിന്റിങ് പ്രസ് ജീവനക്കാരനായിരുന്നു
സുബിര്‍. വാടകക്കാരില്‍ നിന്നു കിട്ടുന്ന കുറഞ്ഞൊരു സംഖ്യയും പെന്‍ഷനും മാത്രമാണ് വരുമാനം.
ആരാലും തിരിച്ചറിയപ്പെടാതെ കഴിയുകയാണയാള്‍. സത്യജിത് റായിയുടെ രണ്ടാമത്തെ ചിത്രമായ
' അപരാജിതോ ' യില്‍ അപുവായി അഭിനയിക്കാന്‍ തനിക്ക് ക്ഷണം കിട്ടിയതാണെന്ന്് സുബിര്‍
വെളിപ്പെടുത്തുന്നു. എന്തുകൊണ്ടോ അത് നടന്നില്ല. പിനാകി സെന്‍ഗുപ്ത എന്ന പയ്യനാണ് ആ
ചിത്രത്തില്‍ അപുവിന്റെ കൗമാരക്കാലം അഭിനയിച്ചത്. കഥാപാത്രത്തോട് കൂടുതല്‍ അടുത്തുനിന്നത്
പിനാകി ആയതിനാലാവാം റായ് തന്നെ ഉപേക്ഷിച്ചത് എന്ന് സുബിര്‍ സമാധാനിക്കുന്നു. ഒരുപക്ഷേ,
ആ ചിത്രത്തിലും അഭിനയിച്ചിരുന്നെങ്കില്‍ സുബിറിന്റെ
തലവര മാറുമായിരുന്നു. ഇടയ്‌ക്കൊക്കെ അപുവിനെക്കുറിച്ചുള്ള ചിന്ത തന്നെ വേട്ടയാടാറുണ്ടെന്ന് സുബിര്‍ പറയുന്നു.
അപുവുമായി വേര്‍പിരിയേണ്ടി വന്നതില്‍ അദ്ദേഹത്തിന്
സങ്കടമുണ്ട്. അപുത്രയത്തിന്റെ തിരക്കഥ സത്യജിത്
റായ് തനിക്കുവേണ്ടി എഴുതിയതാണെന്ന് സുബിര്‍ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു.
'അപരാജിതോ' യില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതിലെ നിരാശ സുബിറിന്റെ വാക്കുകളില്‍
പ്രകടമാണ്. എന്നാല്‍, സുബിറിന്റെ അവകാശവാദത്തിന് അടിസ്ഥാനമുണ്ടെന്നു തോന്നുന്നില്ല.
' അപരാജിതോ ' യുടെ നിര്‍മാണഘട്ടത്തില്‍ ഒരിക്കല്‍പ്പോലും സുബിറിന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടതായി
സൂചനയില്ല. വീണ്ടും അപുവായി തന്നെ റായ് പരിഗണിക്കുന്നു
എന്നത് സുബിറിന് കേട്ടറിവാകാം. ' പഥേര്‍ പാഞ്ചാലി ' യുടെ ചിത്രീകരണസമയത്ത് സുബിര്‍
തന്നെ ബുദ്ധിമുട്ടിച്ചതായി ' അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍ ' എന്ന പുസ്തകത്തില്‍
റായ് പറയുന്നുണ്ട്. പിനാകിയില്‍ തൃപ്തനായിരുന്നു
അദ്ദേഹം. റായ് എഴുതുന്നു : ' പത്തു വയസ്സുകാരനായി സുബിറിനെ ഇനി എടുക്കാനാവില്ല. അതിനൊരു
കാരണം കൂടിയുണ്ട്. ആദ്യചിത്രത്തില്‍ അവനെക്കൊണ്ട് ഓരോന്നു ചെയ്യിക്കാന്‍ വളരെ പാടുപെടേണ്ടിവന്നു.
അവന്‍ വളരെ ചെറിയവനായതിനാല്‍ പത്തു വയസ്സുള്ള അപുവായിച്ചേരാന്‍ പ്രയാസമാണ്. '. സുബിറിന്റെ
അവകാശവാദം അതേപടി രേഖപ്പെടുത്തുന്ന സംവിധായകന്‍ ഗാംഗുലി അതിന്റെ സത്യാവസ്ഥയെക്കുറിച്ച്
റായ് കുടുംബത്തോട് അന്വേഷിക്കേണ്ടതായിരുന്നു.
ബാല്യം, യൗവനം, വാര്‍ധക്യം
മൂന്നു തലങ്ങളാണ് ' അപുര്‍ പാഞ്ചാലി ' ക്കുള്ളത്. ഒന്ന് അപുവിന്റെ ബാല്യം.
രണ്ടാമത്തേത് , അപുവായി ആദ്യചിത്രത്തില്‍ അഭിനയിച്ച
നടന്‍ സുബിര്‍ ബാനര്‍ജിയുടെ യൗവനം. മൂന്നാമത്തേത്
സുബിറിന്റെ വാര്‍ധക്യം. ആദ്യതലത്തിലെ ഓര്‍മകള്‍ക്ക് സംവിധായകന്‍ പൂര്‍ണമായും
ആശ്രയിക്കുന്നത് കറുപ്പിലും വെളുപ്പിലും തീര്‍ത്ത
' പഥേര്‍ പാഞ്ചാലി ' യിലെ രംഗങ്ങളാണ്. സുബിര്‍ എന്ന നടന്റെ യൗവനം ചിത്രീകരിക്കുന്ന
രണ്ടാമത്തെ ഘട്ടത്തിലും സിനിമ കറുപ്പിലും വെളുപ്പിലുമാണ് കാണിക്കുന്നത്. അറുപത്തിയെട്ടുകാരനായ
സുബിറിലേക്കെത്തുമ്പോള്‍ മാത്രമാണ് സിനിമ കളറിലേക്ക് മാറുന്നത്. അപു എന്ന കഥാപാത്രത്തിന്റെയും സുബിര്‍ ബാനര്‍ജി
എന്ന നടന്റെയും ജീവിതങ്ങള്‍ക്ക് എവിടെയെല്ലാമോ സാദൃശ്യങ്ങളുണ്ട്്. ആ കഥ പറയുമ്പോള്‍
ഗാംഗുലി പ്രധാനമായും ആശ്രയിക്കുന്നത് സത്യജിത്
റായിയുടെ ' അപുത്രയ ' ത്തെയാണ്.
1946 ല്‍ കൊല്‍ക്കത്തയിലെവിടെയോ പിറന്ന സുബിര്‍ ബാനര്‍ജി എന്ന ആണ്‍കുട്ടിയെക്കുറിച്ചുള്ള
പരാമര്‍ശത്തോടെയാണ് സംവിധായകന്‍ കൗശിക് ഗാംഗുലി
തന്റെ സിനിമ തുടങ്ങുന്നത്. സത്യജിത്‌റായ് ' പഥേര്‍ പാഞ്ചാലി ' യിലൂടെ അവനെ അനശ്വരനാക്കി
എന്ന് വ്യക്തമാക്കിയശേഷം അപുവിന്റെ ജനനമാണ് കാണിക്കുന്നത്. മുത്തശ്ശിയും ദുര്‍ഗയും
അപുവിനെ കാണുന്ന രംഗം ഇവിടെ പുനര്‍ജനിക്കുന്നു. ഇല കൊണ്ട് മീശയുണ്ടാക്കി കണ്ണാടിയില്‍
നോക്കുന്ന അപുവാണ് അടുത്ത രംഗത്തില്‍. പിന്നെ, ആദ്യ ചിത്രത്തില്‍ ദുര്‍ഗയായി പ്രത്യക്ഷപ്പെട്ട
ഉമ സെന്നും സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന നിമായ് ഘോഷും നമ്മളോട് സുബിറിനെപ്പറ്റി
സംസാരിക്കുന്നു. വിസ്മരിക്കപ്പെട്ട ഒരു ബാലനടന്റെ യാത്ര ഇവിടെ തുടങ്ങുന്നു എന്ന് സംവിധായകന്‍
പ്രേക്ഷകരോട് പറയുന്നു.
അന്വേഷണം തുടങ്ങുന്നു
കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്ന
ആര്‍ക്ക എന്ന യുവാവ് സുബിര്‍ ബാനര്‍ജിയെ അന്വേഷിച്ച് വരുന്നിടത്താണ് 'അപുര്‍ പാഞ്ചാലി'
യുടെ ഇതിവൃത്തം സഞ്ചാരം തുടങ്ങുന്നത്. നാട്ടുകാര്‍ ആദ്യമേ അവന്് മുന്നറിയിപ്പ് നല്‍കുന്നുണ്ട്
സുബിര്‍ ഒരു മുരടനാണെന്ന്. ജര്‍മന്‍ സര്‍ക്കാറിന്റെ ഒരു കത്ത് സുബിറിനെ ഏല്‍പിക്കാനാണ് യുവാവ് വരുന്നത്.
അപു എന്ന ബാലനടനെ ആദരിക്കാന്‍ ജര്‍മനി ആഗ്രഹിക്കുന്നു. ഇതുവരെയുള്ള സിനിമകളില്‍ നിന്ന്
മികച്ച ബാലകഥാപാത്രമായി ജര്‍മന്‍ ജനത തിരഞ്ഞെടുത്തിരിക്കുന്നത് അപുവിനെയാണ്. ബൈസിക്കിള്‍
തീവ്‌സ്, ദ കിഡ് എന്നീ ചിത്രങ്ങളിലെ ബാലനടന്മാര്‍ക്കൊന്നും കിട്ടാത്ത ബഹുമതിയാണിത്.
അതുകൊണ്ട് ഈ ആദരം ഏറ്റുവാങ്ങണമെന്ന് ആര്‍ക്ക സുബിറിനെ നിര്‍ബന്ധിക്കുന്നു. തനിക്ക്
സത്യജിത് റായിയുമായോ സിനിമയുമായോ ഒരു ബന്ധവുമില്ലെന്നും ജര്‍മനിക്ക് പോകാന്‍ താത്പര്യമില്ലെന്നും
പറഞ്ഞ് സുബിര്‍ വാതില്‍ കൊട്ടിയടയ്ക്കുന്നു. ആര്‍ക്ക പക്ഷേ, നിരാശനാകുന്നില്ല. സുബിര്‍
പോകുന്നിടത്തെല്ലാം അവനും ഒപ്പം കൂടുന്നു. അവന്റെ ഹൃദ്യമായ പെരുമാറ്റം സുബിറിനെ ആകര്‍ഷിക്കുന്നു.
തന്നെ അവഗണിച്ച സിനിമാലോകത്തോടുള്ള സുബിറിന്റെ
വെറുപ്പ് മാറ്റിയെടുക്കാനാണ് ആര്‍ക്ക ശ്രമിക്കുന്നത്. ക്രമേണ അവര്‍ക്കിടയില്‍
സൗഹൃദം ഉടലെടുക്കുന്നു. വിദേശയാത്ര എന്ന മോഹം ഉള്ളിലൊതുക്കി മരണത്തിലേക്ക് നടന്നുപോയ
തന്റെ അച്ഛന്റെ സ്ഥാനമാണ് ആര്‍ക്ക സുബിറിന് നല്‍കുന്നത്. സിനിമാനാളുകളും അതിനുശേഷമുള്ള
ജീവിതവും ഓര്‍ത്തെടുത്ത് സുബിര്‍ ആര്‍ക്കയെ മകനെപ്പോലെ ചേര്‍ത്തുപിടിക്കുന്നു. സുബിറിനൊപ്പം
ആര്‍ക്കയും ജര്‍മനിക്ക് പോകുന്നിടത്താണ് സിനിമ തീരുന്നത്.
അപുവിനുള്ള ആദരം
പതിറ്റാണ്ടുകള്‍ക്കുശേഷവും നമ്മുടെ മനസ്സില്‍ ജീവിക്കുന്ന അപു എന്ന ബാലന്
കൗശിക് ഗാംഗുലി നല്‍കുന്ന ആദരവാണീ സിനിമ. 'അപുത്രയം ' ( പഥേര്‍ പാഞ്ചാലി -
1955, അപരാജിതോ- 1956, അപുര്‍ സന്‍സാര്‍-
1959 ) കണ്ടിട്ടില്ലാത്തവര്‍ക്ക് ' അപുര്‍ പാഞ്ചാലിയു ' യുടെ ആസ്വാദനം കല്ലുകടിയുണ്ടാക്കാം. കാരണം, റായിയുടെ
മൂന്നു ചിത്രങ്ങളില്‍ നിന്നുമുള്ള രംഗങ്ങള്‍ കൗശിക് തന്റെ സിനിമയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
റായ് സൃഷ്ടിച്ച രംഗങ്ങള്‍ വളരെ ശ്രദ്ധിച്ച്, ഉചിതമായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് കൗശിക്
പ്രയോജനപ്പെടുത്തുന്നത്. വര്‍ത്തമാനകാലത്തെ കഥ പറയുന്നതിനൊപ്പം പഴയ കാലത്തേക്കും സംവിധായകന്‍ ഇടയ്ക്കിടെ കടന്നുചെല്ലുന്നു. അപ്പോഴൊക്കെ റായിയുടെ
കൈയൊപ്പ് പതിഞ്ഞ രംഗങ്ങളിലേക്കാണ് കൗശിക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. സുബിര്‍
ബാനര്‍ജിയുടെ അച്ഛന്റെ മരണം സൂചിപ്പിക്കുമ്പോള്‍ അപുവിന്റെ അച്ഛന്‍ ഹരിഹറിന്റെ മരണത്തിലേക്കാണ്
സംവിധായകന്‍ രംഗം കട്ട് ചെയ്യുന്നത്. ഗംഗാനദിയുടെ സ്‌നാനഘട്ടിലെ കെട്ടിടങ്ങള്‍ക്കു
മുകളിലൂടെ പ്രാവുകള്‍ കൂട്ടത്തോടെ പറന്നുപോകുന്ന
' അപരാജിതോ ' വിലെ ആ ദൃശ്യം ഇവിടെ ആവര്‍ത്തിക്കുന്നു.
സുബിര്‍ ബാനര്‍ജിയുടെ ഓര്‍മകളില്‍ അപു മാത്രമല്ല കാക്കാബാബു ( സത്യജിത് റായ്
) വും ഉയിര്‍ത്തെഴുനേല്‍ക്കുന്നുണ്ട്. സിനിമയോടുള്ള റായിയുടെ പ്രതിബദ്ധത സുബിറിന്റെ
വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചെറുതായൊന്ന്
പരാമര്‍ശിക്കുന്നുണ്ട് സംവിധായകന്‍. വിദ്യാര്‍ഥിയായിരിക്കവെ സുബിര്‍ ' അരക്കമ്യൂണിസ്റ്റ്
' ആയിരുന്നുവെന്ന് സിനിമയില്‍ സൂചനയുണ്ട്. വിപ്ലവകാരികളായിരുന്ന ചിലരെപ്പറ്റി പിന്നീടദ്ദേഹം
സംസാരിക്കുന്നത് മതിപ്പ് നഷ്ടപ്പെട്ട മട്ടിലാണ്. വിപ്ലവം അവരെയൊന്നും മാറ്റിയെടുത്തില്ലെന്ന്
സുബിര്‍ രോഷം കൊള്ളുന്നു. പലരും വിദേശത്ത് നല്ല ജോലി നേടിയെടുത്തു. തടിച്ച ശമ്പളം വാങ്ങി
കൊഴുത്തു. 1960 കളിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഉദയവും ബംഗാളിലെ ആദ്യത്തെ ഇടതുപക്ഷ
സര്‍ക്കാറിന്റെ സ്ഥാനാരോഹണവും സംവിധായകന്‍
പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്.
കൊല്‍ക്കത്തയില്‍ ആരുമറിയാതെ ഒതുങ്ങിക്കൂടിയിരുന്ന സുബിര്‍ ബാനര്‍ജിയെ കണ്ടെത്തിയത്
' അപുര്‍ പാഞ്ചാലി ' യുടെ ക്യാമറാമാനാണ്. കേന്ദ്രസര്‍വീസില്‍ ക്ലര്‍ക്കായിരുന്നു സുബിര്‍.
സര്‍വീസ് പൂര്‍ത്തിയാകംുമുമ്പേ സ്വയം വിരമിച്ചു. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള അമ്മയോടൊത്താണ്
കഴിയുന്നത്. വളരെ നിര്‍ബന്ധിച്ച ശേഷമാണ് തന്റെ ജീവിതകഥ സിനിമയാക്കാന്‍ സുബിര്‍ സമ്മതിച്ചത്.
പക്ഷേ, സിനിമയില്‍ വീണ്ടും മുഖം കാണിക്കാന്‍ അദ്ദേഹം ഒട്ടും താത്പര്യപ്പെട്ടില്ല. ആ
തീരുമാനം നന്നായി എന്നു പറയണം. സുബിര്‍ തന്നെയാണ് നായകവേഷത്തില്‍ വന്നിരുന്നതെങ്കില്‍
സിനിമ ഡോക്യുമെന്ററിയുടെ തലത്തിലേക്ക് പോകുമായിരുന്നു. യുവാവായ സുബിറിനെ പരബ്രത ചാറ്റര്‍ജിയും
വയോധികനായ സുബിറിനെ അര്‍ധേന്ദു ബാനര്‍ജിയുമാണ് അവിസ്മരണീയമാക്കിയത്.
Image courtesy:
- [Movie poster from 2013 Indian movie Apur Panchali]. Retrieved from https://www.imdb.com/title/tt3438252/mediaviewer/rm1166440704
- [Movie still from 2013 Indian movie Apur Panchali]. Retrieved from https://images.news18.com/ibnlive/uploads/2014/04/apur-panchali-apr12.jpg
- [Movie still from 2013 Indian movie Apur Panchali]. Retrieved from https://images.outlookindia.com/public/uploads/articles/2014/6/16/apur_panchali_20140616.jpg
0 Comments