Pather Panchali

നിന്നും കിതച്ചും മുടങ്ങിയും ഇഴഞ്ഞു നീങ്ങിയ 'പഥേര്‍ പാഞ്ചാലി ' യുടെ നാള്‍വഴികള്‍ സത്യജിത്‌റായ് ഓര്‍ത്തെടുത്തപ്പോള്‍

 തിരശ്ശീലയിലേക്കുള്ള ' പഥേര്‍ പാഞ്ചാലി ' യുടെ യാത്ര 

- ടി. സുരേഷ് ബാബു

സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ സത്യജിത് റായ് ചലച്ചിത്രാരാധകനായിരുന്നു. അക്കാലത്ത് നടീനടന്മാരായിരുന്നു ആരാധ്യര്‍. കോളേജ് ജീവിതം ആരംഭിച്ചതോടെ ആഗ്രഹങ്ങളുടെ കേന്ദ്രബിന്ദുവിന് സ്ഥാനചലനം സംഭവിച്ചു. മനസ്സില്‍ താരങ്ങള്‍ക്കു പകരം സംവിധായകര്‍ സ്ഥലം പിടിച്ചു. സിനിമയെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങളാണിതിനു കാരണമായത്. റഷ്യന്‍ സംവിധായകനായ പുഡോവ്കിനാണ് രണ്ടും എഴുതിയത്. ചലച്ചിത്രത്തിന്റെ താത്വിക വശങ്ങളെക്കുറിച്ചാണ് ഈ പുസ്തകങ്ങള്‍ സംസാരിച്ചത്.

ഇതേ കാലത്തുതന്നെ മറ്റൊരു വിഷയവും റായിയുടെ കാല്‍പ്പനിക ലോകത്തെ കീഴടക്കാന്‍ തുടങ്ങി. പാശ്ചാത്യ ശാസ്ത്രീയ സംഗീതമായിരുന്നു അത്. റായിയുടെ അമ്മയുടെ കുടുംബത്തില്‍ എല്ലാവരും പാടുമായിരുന്നു. മുത്തച്ഛനും അച്ഛനും എഴുതുമായിരുന്നു. അവര്‍ സംഗീതത്തില്‍ നിപുണരായിരുന്നു. ചിത്രകാരന്മാരുമായിരുന്നു. പെയിന്റിങ്ങും ഇല്ലസ്‌ട്രേഷനും അവര്‍ ചെയ്തിട്ടുണ്ട്. ചിത്രം വരയ്ക്കാനുള്ള കഴിവ് ജന്മനാ സത്യജിത്‌റായിക്ക് കിട്ടിയിരുന്നു.

കമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റാകാനായിരുന്നു ആദ്യകാലത്ത് മോഹം . 1940 ല്‍ ശാന്തിനികേതനിലെ കലാഭവനില്‍ ചേര്‍ന്നത് അങ്ങനെയാണ്. അഞ്ചു കൊല്ലത്തെ കോഴ്‌സായിരുന്നു. പൂര്‍ത്തിയാക്കിയാല്‍ ഡിപ്ലോമ കിട്ടും. അധ്യാപകനാകാന്‍ അതു മതി. പക്ഷേ, പഠിപ്പിക്കാന്‍ റായിക്കിഷ്ടമില്ലായിരുന്നു. രണ്ടരക്കൊല്ലത്തിനു ശേഷം ശാന്തിനികേതനോട് വിടപറഞ്ഞു. എങ്കിലും, ആ രണ്ടരക്കൊല്ലത്തെ അനുഭവം അമൂല്യമായിരുന്നു.

ബ്രിട്ടീഷ് പരസ്യ സ്ഥാപനമായ ഡി.ജെ. കീമര്‍ ആന്റ് കമ്പനിയിലെ കലാവിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായി ചേര്‍ന്നപ്പോഴാണ് റായി ' പഥേര്‍ പാഞ്ചാലി ' ( ചെറുപാതയുടെ പാട്ട് ) എന്ന നോവല്‍  ആദ്യം വായിക്കുന്നത്. വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ എഴുതിയ ആ നോവലിന്റെ സംക്ഷിപ്ത പതിപ്പിലേക്ക് ചിത്രങ്ങള്‍ വരയ്‌ക്കേണ്ട ചുമതല റായിക്കായിരുന്നു. മുന്നൂറ് പേജുണ്ടായിരുന്നു നോവലിന്. അത് വായിച്ചതോടെ റായിയുടെ മനസ് വികസിച്ചു. യഥാര്‍ഥ സാഹിത്യകൃതി എന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ആദ്യസിനിമയെക്കുറിച്ചുള്ള മോഹം ഉദിക്കുന്നതും ഇതോടെയാണ്.

 ഫിലിം സൊസൈറ്റി 

നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനായി 1947 ല്‍ റായിയും കൂട്ടുകാരും കൊല്‍ക്കൊത്ത ഫിലിം സൊസൈറ്റിക്ക് രൂപം നല്‍കി. 25 പേരേ അന്ന് അതില്‍ അംഗങ്ങളായി ഉണ്ടായിരുന്നുള്ളു. സിനിമകള്‍ കണ്ട ശേഷം അംഗങ്ങള്‍ അവയെക്കുറിച്ച് ഗൗരവമായ ചര്‍്ചകളില്‍ ഏര്‍പ്പെടുമായിരുന്നു. അവര്‍ ആദ്യം കണ്ട സിനിമ ഐസന്‍സ്റ്റൈനിന്റെ ' ബാറ്റില്‍ ഷിപ്പ് പൊടെംകിന്‍ ' ആയിരുന്നു. ' ഇന്ത്യന്‍ സിനിമയുടെ തകരാറെന്ത് ' എന്ന വിഷയത്തില്‍ ആയിടെ റായ് ' സ്റ്റേറ്റ്്്്്‌സ്മാനി ' ല്‍ ഒരു ലേഖനമെഴുതി. ഹോളിവുഡ് സിനിമയെ നമ്മള്‍ മാതൃകയാക്കരുത് എന്നായിരുന്നു റായിയുടെ വാദം. ആര്‍ഭാടവും ശോഭകളുമല്ല കാല്‍പ്പനികതയും ആത്മാര്‍ഥതയുമാണ് ഇന്ത്യന്‍ സിനിമയില്‍ വേണ്ടതെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പില്‍ക്കാലത്ത് തന്റെ സിനിമകളിലൂടെ റായ് ഈ നിലപാടുകള്‍ ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഫ്രഞ്ച് സംവിധായകന്‍ ഴാങ് റെനെയെ കണ്ടുമുട്ടിയതാണ് സത്യജിത് റായിയുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ്. ' ദ റിവര്‍ ' എന്ന സിനിമയുടെ ലൊക്കേഷന്‍ നോക്കാനും അഭിനേതാക്കളെ തിരഞ്ഞടുക്കാനുമാണ് 1949 ല്‍ റെനെ കൊല്‍ക്കത്തയിലെത്തിയത്. റെനെചിത്രങ്ങളുടെ ആരാധകനായിരുന്നു റായ്. യഥാര്‍ഥ ലൊക്കേഷനില്‍ പോയി ചിത്രീകരിക്കുന്ന രീതിയായിരുന്നു റെനെയുടേത്. അത് റായിയെ ആകര്‍ഷിച്ചു. ' പഥേര്‍ പാഞ്ചാലി ' സിനിമയാക്കാന്‍ തനിക്ക് മോഹമുണ്ടെന്ന് റായ് ആദ്യം പറയുന്നത് റെനെയോടാണ്. ഹോളിവുഡ് സിനിമയുടെ അനുകരണമാകരുത് നമ്മളെടുക്കാനുദ്ദേശിക്കുന്ന സിനിമ എന്ന് റെനെ റായിയെ ഉപദേശിച്ചു. സമയം കിട്ടുമ്പോഴൊക്കെ റായ് ഷൂട്ടിങ് സ്ഥലത്തു പോയി റെനെയുടെ ചിത്രീകരണരീതി കണ്ടുപഠിക്കും.


പാളിപ്പോയ ആദ്യശ്രമം

മണിക് ബന്ദോപാധ്യായയുടെ ഒരു കഥ വായിച്ച സത്യജിത് റായ് അതിന്റെ തിരക്കഥ തയാറാക്കി. ഒരു അഭ്യുദയകാംക്ഷി ഒരു നിര്‍മാതാവിനെയും കണ്ടെത്തി. തിരക്കഥ വായിച്ചുകൊടുക്കവെ നിര്‍മാതാവിന്റെ ഒപ്പമുണ്ടായിരുന്ന അക്കാലത്തെ പ്രമുഖ സംവിധായകന്‍ ' ഈ തിരക്കഥയില്‍ എത്ര ക്ലൈമാക്‌സുണ്ട് ' എന്നാണ് ചോദിച്ചത്. താനത് എണ്ണിനോക്കിയിട്ടില്ല എന്നായിരുന്നു റായിയുടെ മറുപടി. ആ നീരസം സംവിധായകനത്ര പിടിച്ചില്ല. ഏതായാലും, ആ സംരംഭം തുടക്കത്തില്‍ത്തന്നെ പൊളിഞ്ഞു.

ഇതിനിടെ റായിയെ പരസ്യക്കമ്പനി അഞ്ചു മാസത്തേക്ക് ലണ്ടനില്‍ വിടാന്‍ തീരുമാനിക്കുന്നു. ലണ്ടനിലെ കമ്പനിയാപ്പീസില്‍ റായ് ജോലി ചെയ്യണം. മികച്ച ലോകസിനിമകള്‍ കാണാന്‍ ഇത് നല്ലൊരവസരമാക്കാന്‍ തന്നെ റായ് തീരുമാനിച്ചു. 1950 ഏപ്രിലില്‍ ഭാര്യ വിജയ് റായിയുമൊത്താണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ആറു മാസം അവര്‍ വിദേശത്ത് കഴിഞ്ഞു. ഇക്കാലത്ത് റായ് 99 സിനിമകള്‍ കണ്ടു. ഡിസീക്കയുടെ ' ബൈസിക്കിള്‍ തീവ്‌സ് ' എന്ന സിനിമ റായിയുടെ മനസ്സിന് ആഘാതമേല്‍പ്പിച്ചു. താന്‍ എടുക്കുന്ന ചിത്രത്തില്‍ എന്തെല്ലാം ചെയ്യണമെന്നു കരുതിയിരുന്നോ അതെല്ലാം ഡിസീക്ക ചെയ്തുകാണിച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ റായ് അതിശയിച്ചു. തന്റെ സിനിമാമാതൃക ഇതാണെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. തിരിച്ചുവരുമ്പോള്‍ കപ്പലില്‍വെച്ച് റായ് ' പഥേര്‍ പാഞ്ചാലി ' യുടെ തിരക്കഥയുടെ കരടുകോപ്പി പൂര്‍ത്തിയാക്കി.

റായ് കൊല്‍ക്കത്തയില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം നോവലിസ്റ്റ് വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ മരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്നാണ് പുസ്തകം സിനിമയാക്കാനുള്ള അനുവാദം റായ് വാങ്ങിയത്. ഓരോ ദൃശ്യത്തിനും സ്്‌കെച്ചുകള്‍ വരച്ചുചേര്‍ത്താണ് ' പഥേര്‍ പാഞ്ചാലി ' യുടെ തിരക്കഥ തയാറാക്കിയത്. ഇതിനിടെ വേറെയും രണ്ട് നിര്‍മാതാക്കള്‍ വന്നു. തിരക്കഥ കേട്ടു. പക്ഷേ, സിനിമയാക്കാന്‍ അവര്‍ മടിച്ചു.

സിനിമയുടെ കെട്ടുറപ്പിനായി നോവലിലെ ചില കഥാപാത്രങ്ങളെ ഉപേക്ഷിക്കാന്‍ റായ് തീരുമാനിച്ചു. അത്യാവശ്യമുള്ള കഥാപാത്രങ്ങള്‍ മാത്രം മതി. പുരോഹിതന്‍ ഠാക്കൂര്‍ ഹരിഹരറായിയെയും  കുടുംബത്തെയും ( ഭാര്യ സര്‍വജയ, മകള്‍ ദുര്‍ഗ, മകന്‍ അപു, പിന്നെ അകന്ന ബന്ധത്തിലുള്ള വയോധിക ഇന്ദിരാ ഠാക്കൂരണ്‍ ) ചുറ്റിപ്പറ്റിയാണ് സിനിമ കൊണ്ടുപോകുന്നത്. ദുര്‍ഗയുടെ മരണശേഷം തലമുറകളായുള്ള തറവാട്ടുഭൂമി ഉപേക്ഷിച്ച് ഹരിഹരനും കുടുംബവും കാശിയിലേക്ക് പോകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

നോവലില്‍ നിന്ന് ചില മാറ്റങ്ങള്‍ റായ് വരുത്തി. വയോധികയായ അമ്മായിയുടെ മരണം കുറച്ച് നീട്ടിക്കൊണ്ടുപോയി. അപു ജനിച്ച് കുറച്ചുനാളിനകം അവര്‍ മരിക്കുന്നതായാണ് നോവലില്‍ പ്രതിപാദിച്ചിരുന്നത്. പക്ഷേ, റായ് അവരെ കുറച്ചുകാലം കൂടി ജീവിപ്പിച്ചു. നാടകീയ സംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നിടത്തുനിന്ന് പെട്ടെന്ന് അവരെ ഇല്ലാതാക്കുന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തും എന്ന തോന്നലാണിതിനു കാരണം. അതുപൊലെ ദുര്‍ഗയുടെ മരണത്തിലും മാറ്റം വരുത്തി. മഴയത്ത് നടക്കുമ്പോള്‍ അവള്‍ വീണു മരിക്കുന്നതായാണ് നോവലില്‍ എഴുതിയിരുന്നത്. മഴയില്‍ ആഹ്ലാദിച്ച് നൃത്തം ചെയ്തുനടന്ന ദുര്‍ഗ ന്യൂമോണിയ പിടിച്ചു മരിക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്. കാട്ടില്‍, കൊടുങ്കാറ്റിനു നടുവില്‍ എല്ലാം മറന്നുകൊണ്ടുള്ള മഴയത്തെ നൃത്തം ദുര്‍ഗയുടെ മരണത്തിനു കാരണമായെന്ന് എടുത്തുകാണിക്കുകയായിരുന്നു സത്യജിത്‌റായ്.


അഭിനേതാക്കളെ കണ്ടെത്തുന്നു

നിര്‍മാതാക്കളൊന്നും പിന്നീട് വന്നില്ലെങ്കിലും റായ് തന്റെ സിനിമാസ്വപ്‌നങ്ങളുമായി മുന്നോട്ടുപോയി. കഥാപാത്രങ്ങള്‍ക്കു യോജിച്ച നടീനടന്മാരെ കണ്ടെത്താനായി അടുത്ത ശ്രമം. അപുവായി അഭിനയിക്കാന്‍ ആറു വയസ്സുള്ള ആണ്‍കുട്ടിയെ വേണം. അതുപോലെ ദുര്‍ഗയുടെ വേഷത്തിന് പത്തുപന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെയും. അപുവിനു വേണ്ടി പത്രത്തില്‍ പരസ്യം കൊടുത്തു. ധാരാളം അപേക്ഷ വന്നെങ്കിലും ആരെയും റായിക്കിഷ്ടമായില്ല. ഒടുവില്‍ ഭാര്യയാണ് റായിക്ക് അപുവിനെ കാണിച്ചുകൊടുത്തത്. വീട്ടിനടുത്തുള്ള മൈതാനത്ത് കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു അവന്‍. പേര് സുബിര്‍ ബന്ദോപാധ്യായ. കുറെ അന്വേഷിച്ച ശേഷമാണ് ദുര്‍ഗയും റായിയുടെ അടുത്തെത്തിയത്. പെണ്‍കുട്ടികളുടെ സ്്കൂളിലെ അധ്യാപികയാണ് ഉമ ദാസ്ഗുപ്ത എന്ന ദുര്‍ഗയെ കണ്ടുപിടിച്ചത്. അമ്മായിയുടെ റോളിലേക്കുള്ള വയോധികയെ കണ്ടെത്താനും ഏറെ സമയമെടുത്തു. രണ്ട് സിനിമകളില്‍ നേരത്തേ അഭിനയിച്ചിട്ടുള്ള ചുന്നിബാല ദേവി എന്ന എണ്‍പതുകാരിയാണ് അമ്മായിയുടെ റോളില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമ റിലീസാകുംമുമ്പേ അവര്‍ മരിച്ചു.

തിരക്കഥ പൂര്‍ത്തിയാക്കി അഭിനേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞിട്ടും നിര്‍മാതാക്കളാരും മുന്നോട്ടു വന്നില്ല. ചിത്രത്തില്‍ വലിയ സ്റ്റാറില്ല, പാട്ടില്ല, സ്റ്റണ്ടില്ല. പിന്നെങ്ങനെ പണം മുടക്കും എന്നായിരുന്നു അവരുടെ ചോദ്യം. ഇനിയും എങ്ങനെ ചെലവു ചുരുക്കാം എന്നായിരുന്നു റായിയുടെ ആലോചന. ഷൂട്ടിങ് 16 എം.എമ്മിലാക്കാന്‍ തീരുമാനിച്ചു. ഹാളില്‍ കാണിക്കുമ്പോള്‍ 35 എം.എമ്മിലേക്ക് ബ്ലോ അപ്പ് ചെയ്യാം. അപ്പോള്‍ ചെലവ് പകുതി കുറയും. തുടക്കക്കാരനായ തന്റെ കഴിവിലുള്ള ആശങ്കയാണ് പലരെയും പിന്നോട്ടടിപ്പിക്കുന്നത് എന്ന് ക്രമേണ റായിക്ക് മനസ്സിലായി. എങ്ങനെയെങ്കിലും കുറച്ചുഭാഗം ചിത്രീകരിച്ച് അത് കാണിച്ചുകൊടുത്ത് നിര്‍മാതാക്കളെ  ബോധ്യപ്പെടുത്താനായി അടുത്ത ശ്രമം. ആദ്യം റായിയുടെ ഇന്‍ഷുറന്‍സ് പോളിസി പണയം വെച്ചു. ഏഴായിരം രൂപ അങ്ങനെ കിട്ടി. അത്രയും പണം കൊണ്ട് ക്യാമറ വാടകക്കെടുക്കാനും കുറച്ചു ഫിലിം വാങ്ങാനും തീരുമാനിച്ചു. സ്‌നേഹിതന്മാരെയും പണത്തിനായി സമീപിച്ചു. എല്ലാംകൂടി പതിനേഴായിരം രൂപ കിട്ടി. 

 അപുവും ദുര്‍ഗയും ആദ്യം തീവണ്ടി കാണുന്ന ദൃശ്യമാവട്ടെ തുടക്കത്തില്‍ത്തന്നെ എന്ന് റായ് തീരുമാനിച്ചു. വെളുത്ത കാശപ്പൂക്കള്‍ നിറഞ്ഞുകിടക്കുന്ന സ്ഥലവും റെയില്‍പ്പാളവും കണ്ടെത്തണം. അന്വേഷണത്തില്‍ അത്തരമൊരു സ്ഥലം കിട്ടി. കൊല്‍ക്കത്തയില്‍ നിന്ന് 65 നാഴിക അകലെ. തീവണ്ടിപ്പാളത്തിനു തൊട്ട് കാശപ്പൂക്കള്‍ നിറഞ്ഞ വയലുകളും മൈതാനവുമുണ്ട്. രണ്ട് കുട്ടികള്‍ക്കും കൊടുക്കാനുള്ള പണവും കൈയിലുണ്ട്. ഷൂട്ടിങ് തുടങ്ങാം. 1952 ഒക്ടോബര്‍ 27 ന്, റായിയുടെ ഭാര്യയുടെ പിറന്നാളിന് , ' പഥേര്‍ പാഞ്ചാലി ' യുടെ ചിത്രീകരണം ആരംഭിച്ചു. ' അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍ ' എന്ന ഓര്‍മപ്പുസ്തകം സ്ത്യജിത് റായ് തുടങ്ങുന്നതിങ്ങനെയാണ് : ' 1952- ലെ ശരത്കാലത്തെ ഒരു അപരാഹ്നത്തില്‍, നീണ്ടു വെളുത്ത കാശപ്പൂക്കള്‍ നിറഞ്ഞ ഒരു വയലിന്റെ നടുവില്‍ വെച്ച്, ഞാന്‍ പഥേര്‍ പാഞ്ചാലി യുടെ ഷൂട്ടിങ് ആരംഭിച്ചു. ' 

നിന്നും കിതച്ചും മുടങ്ങിയും മുന്നോട്ടുപോയ സിനിമ പൂര്‍ത്തിയാക്കാന്‍ ഒടുവില്‍ ബംഗാള്‍ സര്‍ക്കാറിന്റെ ധനസഹായം വേണ്ടിവന്നു. ഡോ. ബി. സി. റോയ് ആയിരുന്നു അന്ന് മുഖ്യമന്ത്രി. സിനിമയുടെ കഥ കേട്ടപ്പോള്‍ അതിന്റെ അന്ത്യം മുഖ്യമന്ത്രിക്ക് അത്ര പിടിച്ചില്ല. നമ്മള്‍ എല്ലാവരുടെയും നന്മയും ഉയര്‍ച്ചയും കാണാനാഗ്രഹിക്കുമ്പോള്‍ ഹരിഹറിന്റെ കുടുംബം ആശയറ്റ് എന്തിനു നാടുവിട്ട് കാശിക്കു പോകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദോഷമായ ചോദ്യം. അന്ത്യരംഗം മാറ്റിയാല്‍ വായനക്കാരില്‍ നിന്നും നോവലിസ്റ്റിന്റെ വീട്ടുകാരില്‍ നിന്നും എതിര്‍പ്പുണ്ടാകും എന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിന്നെ ഒന്നും പറഞ്ഞില്ല. അക്കാലത്ത് ഫീച്ചര്‍ ഫിലിമിന് സര്‍ക്കാര്‍ ധനസഹായം കൊടുക്കാറില്ല. സാമൂഹിക വികസന പദ്ധതിയുടെ പേരിലാണ് പിന്നീട് ധനസഹായം അനുവദിച്ചത്. ' പഥേര്‍ പാഞ്ചാലി ' റിലീസായത് 1955 ആഗസ്ത് 26 നാണ്. അവിടെ നിന്ന് ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടം ആരംഭിക്കുകയായിരുന്നു.

( ' ദൃശ്യതാള ' ത്തിന്റെ സത്യജിത് റായ് സ്മരണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. അവലംബം : അപുവിനോടൊത്തുള്ള

എന്റെ ദിനങ്ങള്‍- സത്യജിത് റായ്. ഗ്രീന്‍ ബുക്‌സ്. പരിഭാഷ : ലീലാ സര്‍ക്കാര്‍ )

 Image courtesy:

Post a Comment

0 Comments